Home Blog Page 2661

വാർത്താനോട്ടം

2024 ജൂൺ 06 വ്യാഴം

BREAKING NEWS

? മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച നടന്നേക്കും

? നരേന്ദ്ര മോദി ഇന്ന് രാഷട്രപതിയെ കാണും.

?മന്ത്രിമാരെ കുറിച്ച് ചർ ച്ച ആരംഭിച്ച് ബിജെപി, ആഭ്യന്തര മന്ത്രിയായി രാജ്നാഥ് സിങ്ങ് വന്നേക്കും.

?പ്രതിപക്ഷ നേതാവാകാൻ രാഹുൽ ഗാന്ധിയുടെ മേൽ സമ്മർദ്ദം

? എൻ ഡി എ സർക്കാരിന് പൊതു മിനിമം പരിപാടി വേണമെന്ന് ജെഡിയു

? രാഹുൽ ഒഴിഞ്ഞാൽ വയനാട്ടിൽ കെ. മുരളിധരൻ മത്സരിച്ചേക്കും കെ.സു സുധാകരൻ ഇന്ന് മുരളീധരനെ കാണും.

?ചന്ദ്രബാബു നായിഡുവിൻ്റെ സത്യപ്രതിജ്ഞ അമരാവതിയിൽ ജൂൺ 12ന് നടക്കും.

? രാജ്യസഭാ സീറ്റ്: വിട്ട് വീഴ്ചയ്ക്കില്ലെന്ന് കേരളാ കോൺഗ്രസ് എം, ഭരണ പരിഷ്ക്കാര കമ്മീഷൻ സ്ഥാനം വേണ്ട.

?കേരള തീരത്ത് ഉയർന്ന തിരമാലക്ക് സാധ്യത

? കേരളീയം ?

?കഴിഞ്ഞ മാസം അവസാനം കൊച്ചി നഗരത്തെ വെള്ളത്തില്‍ മുക്കിയ കനത്തമഴ മേഘവിസ്ഫോടനം തന്നെയെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കളമശ്ശേരിയിലെ മഴ മാപിനിയില്‍ അന്ന് ഒരു മണിക്കൂറില്‍ രേഖപ്പെടുത്തിയത് 100 മി.മീ മഴയായിരുന്നു. 28നായിരുന്നു കൊച്ചി നഗരത്തില്‍ ശക്തമായ മഴയും വെള്ളക്കെട്ടും രൂപപ്പെട്ടത്. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ മേഘവിസ്ഫോടനമാണിത്.

? തിരഞ്ഞെടുപ്പ് പരാജയം വിശദമായി വിലയിരുത്താന്‍ സി.പി.എം അഞ്ചുദിവസത്തെ സംസ്ഥാന നേതൃയോഗങ്ങള്‍ വിളിച്ചു. ഇടതുമുന്നണിയുടെ അടിത്തറ ഭദ്രമെന്നും യു.ഡി.എഫിന്റെ വോട്ടാണ് കൂടുതല്‍ പോയതെന്നും എം.വി.ഗോവിന്ദന്‍ ന്യായീകരിച്ചു.

? കാറഡുക്ക സൊസെറ്റി തട്ടിപ്പില്‍ മുഖ്യ പ്രതി കെ രതീശന്‍, ഇയാളുടെ റിയല്‍ എസ്റ്റേറ്റ് പങ്കാളി മഞ്ഞക്കണ്ടി ജബ്ബാര്‍ എന്നിവര്‍ പിടിയിലായി. തമിഴ്നാട്ടിലെ നാമക്കല്ലില്‍ നിന്നാണ് ഇരുവരും പിടിയിലായതെന്നാണ് വിവരം.

? പത്തനംതിട്ട സിപിഎമ്മില്‍ പരസ്യ പ്രതിഷേധം. സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്ന സൂചന നല്‍കി ഏരിയ കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് . സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാമിന്റെ ചിത്രം വെച്ചാണ് ഏരിയ കമ്മിറ്റി അംഗമായ അന്‍സാരി അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ട് എന്തിന് നാട്ടില്‍ തേടി നടപ്പൂ’- എന്നായിരുന്നു പോസ്റ്റ്.

? കെഎസ്ആര്‍ടിസി സ്റ്റുഡന്‍സ് കണ്‍സഷന്‍ ആപ്പ് ഇനി ഗൂഗിള്‍ പ്ലേ സ്റ്റോറിലും, ആപ്പിള്‍ സ്റ്റോറിലും. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി പ്രസിദ്ധീകരിച്ചിരുന്നു. വിദ്യാര്‍ത്ഥി കണ്‍സഷന്‍ ഓണ്‍ലൈനാക്കുന്നതിന്റെ ഭാഗമായാണ് ഇത്. സ്ഥാപനങ്ങളുടെ ലോഗിന്‍ ക്രിയേറ്റ് ചെയ്ത പട്ടിക പ്രസിദ്ധീകരിച്ചെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

?? ദേശീയം ??

? ബിജെപി നേതാവ് നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ എന്‍ ഡി എ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ രൂപികരിക്കുന്നതിനെ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പിന്തുണച്ചു. ജെ ഡി യുവും ടി ഡി പിയും പിന്തുണ കത്ത് നല്‍കുകയും ചെയ്തു.

? പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നല്‍കി. രാഷ്ട്രപതി പ്രധാനമന്ത്രിയുടെ രാജി സ്വീകരിച്ചു. തുടര്‍ന്ന് കാവല്‍ മന്ത്രിസഭ തുടരാന്‍ രാഷ്ട്രപതി നിര്‍ദ്ദേശം നല്‍കി. രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി തന്റെ ഔദ്യോഗിക വസതിയിലേക്ക് മടങ്ങി.

? മൂന്നാം മോദി സര്‍ക്കാരിനെതിരെ ശക്തമായ പ്രതിപക്ഷമാകാന്‍ തീരുമാനിച്ച് ഇന്ത്യ സഖ്യം. ദില്ലിയില്‍ ചേര്‍ന്ന സഖ്യ കക്ഷികളുടെ യോഗം സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ വേണ്ടെന്നു വെക്കുകയായിരുന്നു. കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ തല്‍ക്കാലം ശ്രമിക്കേണ്ടെന്നും ഉചിതമായ സമയത്ത് ഉചിതമായ നടപടി സ്വീകരിക്കാനും ഇന്ത്യാ സഖ്യം തീരുമാനിച്ചു.

? ഡല്‍ഹിയില്‍ചേര്‍ന്ന എന്‍.ഡി.എ. യോഗത്തില്‍ ഘടകകക്ഷികള്‍ ആവശ്യപ്പെട്ടത് സ്പീക്കര്‍ സ്ഥാനം മുതല്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ വരെയെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭാ അധ്യക്ഷസ്ഥാനത്തിന് പുറമേ ടി.ഡി.പി. അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടത് എട്ട് ക്യാബിനറ്റ് മന്ത്രിസ്ഥാനവും ഒരു സഹമന്ത്രിസ്ഥാനവും. സ്പീക്കര്‍ സ്ഥാനവും മൂന്ന് ക്യാബിനറ്റ് പദവികളുമാണ് ജെ.ഡി.യു. ആവശ്യപ്പെട്ടതെന്നാണ് സൂചന.

? തമിഴ്നാട്ടില്‍ ഒരു സീറ്റ് പോലും നേടാനാവാതെയുണ്ടായ തിരിച്ചടി ബിജെപിയുടെ പരാജയമായി കാണുന്നില്ലെന്നും ഇപ്പോള്‍ ആത്മവിശ്വാസം വര്‍ദ്ധിച്ചെന്നും കെ അണ്ണാമലൈ. ഒഡിഷയില്‍ നേടിയ ജയം തമിഴ്നാട്ടിലും ബിജെപി ആവര്‍ത്തിക്കുമെന്നും എന്റെ അച്ഛന്‍ കരുണാനിധി ആയിരുന്നെങ്കില്‍ ഞാനും ജയിച്ചേനെയെന്നും അണ്ണാമലൈ പറഞ്ഞു.

?മഹാരാഷ്ട്രയിലെ ലോക് സഭ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ സഖ്യത്തിനേറ്റ തിരിച്ചടിയില്‍ അമ്പരിപ്പിക്കുന്ന പ്രഖ്യാപനവുമായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് താന്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നാണ് ഫഡ്നാവിസ് പ്രഖ്യാപിച്ചത്.

?അസമിലെ ദുബ്രി ലോക്സഭ മണ്ഡലത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഖിബുള്‍ ഹുസൈന് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും ഉയര്‍ന്ന ജയം . എഐയുഡിഎഫ് നേതാവ് ബദ്ദാറുദ്ദീന്‍ അജ്മലിനെ 10,12,476 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെടുത്തിയത്. ബദ്ദാറുദ്ദീന്‍ അജ്മലിന് 4,59,409 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഖിബുള്‍ ഹുസൈന് 14,71,885 വോട്ടുകളാണ് ലഭിച്ചത്.

? ജനാധിപത്യത്തേയും ഭരണഘടനയേയും അപകടത്തിലാക്കുന്നവരെ പിന്തുണയ്ക്കാന്‍ ടി.ഡി.പി. നേതാവ് എന്‍. ചന്ദ്രബാബു നായിഡുവും ജെ.ഡി.യു. നേതാവ് നിതീഷ് കുമാറും തയ്യാറാവുമെന്ന് കരുതുന്നില്ലെന്ന് ശിവസേന വക്താവ് സഞ്ജയ് റാവുത്ത്.

? ഇടക്കാല ജാമ്യം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി റൗസ് അവന്യൂ കോടതി തള്ളി. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഏഴുദിവസത്തേക്ക് ജാമ്യം നീട്ടണമെന്നായിരുന്നു കെജ്രിവാളിന്റെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാഞ്ഞ കോടതി, കെജ്രിവാളിന് വൈദ്യപരിശോധന നടത്താന്‍ അധികൃതരോട് നിര്‍ദേശിക്കുകയും ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ജൂണ്‍ 19 വരെ നീട്ടുകയും ചെയ്തു.

? കായികം ?

? ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡിനെ 16 ഓവറില്‍ 96 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 12.2 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 37 പന്തില്‍ 52 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രകടനമാണ് ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്.

കെ. മുരളീധരനെ അനുനയിപ്പിക്കാൻ കെ.സുധാകരൻ ഇന്ന് കോഴിക്കോട്ട്, രാഹുൽ സ്ഥാനമൊഴിഞ്ഞാൽ വയനാട്ടിൽ പരിഗണിച്ചേക്കും

കോഴിക്കോട്:
തൃശ്ശൂരിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് പിന്നാലെ പാർട്ടി നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന കെ മുരളീധരനെ ഏതുവിധേനയും അനുനയിപ്പിക്കാനൊരുങ്ങി കോൺഗ്രസ് നേതൃത്വം.കെ പി സി സി പ്രസിഡൻ്റ് കെ.സുധാകരൻ ഇന്ന് ഉച്ചയ്ക്ക് ശേഷം കോഴിക്കോട്ടെത്തി കെ.മുരളീധരനെ കാണും. രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞാൽ വയനാട്ടിൽ കെ മുരളീധരനെ പരിഗണിക്കുമെന്നാണ് വിവരം. തൃശ്ശൂരിലെ തോൽവിയിൽ മുരളീധരനുണ്ടായ വിഷമം മാറ്റുകയാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ലക്ഷ്യം.
പാലക്കാട് നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കാനും സാധ്യതയുണ്ട്. ചേലക്കര ഉപതെരഞ്ഞെടുപ്പിൽ ആലത്തൂരിൽ തോറ്റ രമ്യ ഹരിദാസിനെ മത്സരിപ്പിക്കാനും ആലോചനയുണ്ട്.

തൃശ്ശൂരിലെ തോൽവി കെ മുരളീധരൻ ഒട്ടും പ്രതീക്ഷിച്ചിരുന്നതല്ല. ഇനി പൊതുരംഗത്തേക്കില്ലെന്ന പ്രഖ്യാപനത്തോടെയാണ് മുരളീധരൻ തൃശ്ശൂരിൽ നിന്നും മടങ്ങിയത്. റായ്ബറേലി മണ്ഡലമാകും രാഹുൽ ഗാന്ധി നിലനിർത്താൻ കൂടുതൽ സാധ്യതയുള്ളത്. അങ്ങനെ വന്നാൽ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വരും. ഇവിടെ മുരളീധരൻ മത്സരിക്കട്ടെയെന്നാണ് നിർദേശം.

ആശാനും ഗ്രൗണ്ടില്‍ വേണം, ഡ്രൈവിംഗ് ടെസ്റ്റുകൾ വീണ്ടും പ്രതിസന്ധിയിൽ

തിരുവനന്തപുരം. സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ വീണ്ടും പ്രതിസന്ധിയിൽ ആയേക്കും. ടെസ്റ്റ് പരിഷ്കരണത്തിൽ ഇനി ഒരു മാറ്റവും ഉണ്ടാകില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് വകുപ്പ് മന്ത്രിയായ കെ ബി ഗണേഷ്‌കുമാർ. അതെ സമയം ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർ ടെസ്റ്റ് ഗ്രൗണ്ടിൽ എത്തണം എന്ന പുതിയ തീരുമാനത്തിൽ പ്രതിഷേധം ഉയരുന്നുണ്ട്. ഇതടക്കമുള്ള വിഷയങ്ങൾ ഉയർത്തി ഈ മാസം പത്ത് മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ വീണ്ടും സമരത്തിന് ഒരുങ്ങുകയാണ് സിഐടിയു.

ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർ ടെസ്റ്റ് ഗ്രൗണ്ടിൽ ഹാജരാകണം എന്ന് പുതിയ പരിഷ്കരണത്തിൽ പറയുന്നുണ്ട്. ഉദ്യോഗസ്ഥർ ഇത് നടപ്പാക്കാൻ തുടങ്ങിയതോടെ ഒരു വിഭാഗം ഡ്രൈവിംഗ് സ്‌കൂൾ അധികൃതർ വീണ്ടും പ്രതിഷേധം ഉയർത്തുന്നുണ്ട്. സിഐടിയു സംഘടനായ ഓൾ കേരള ഡ്രൈവിംഗ് സ്‌കൂൾ വർക്കേഴ്സ് യൂണിയനും ഇക്കാര്യത്തിൽ കടുത്ത അതൃപ്ത്തിയിലാണ്. പരിഷ്കരണത്തിൽ വീണ്ടും മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 10 മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല ധർണ്ണ നടത്തുമെന്ന് സിഐടിയു അറിയിച്ചു. അതേസമയം ഇൻസ്‌ട്രക്ടർമാർ ഗ്രൗണ്ടിൽ വേണം എന്നത് കേന്ദ്ര നിയമം ആണെന്നും ആദ്യം തീരുമാനം അംഗീകരിച്ചവർ ഇപ്പോൾ എന്തിനാണ് വീണ്ടും സമരത്തിന് ഇറങ്ങുന്നതെന്നും മന്ത്രി കെബി ഗണേഷ്‌കുമാർ.

പല സ്‌കൂളുകളിലും ലൈസൻസ് ലഭിച്ച ഇൻസ്‌ട്രക്ടർമാർ അല്ല ഡ്രൈവിംഗ് പഠിപ്പിക്കുന്നത് എന്ന് ഗതാഗത വകുപ്പിൻ്റെ കണ്ടെത്തലുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണു ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർ ടെസ്റ്റ് ഗ്രൗണ്ടിൽ ഹാജരാകണം എന്നത് നിർബന്ധമാക്കിയത്. ഡ്രൈവിംഗ് സ്‌കൂളുകൾ വീണ്ടും പ്രതിഷേധം കടുപ്പിച്ചാൽ ടെസ്റ്റുകൾ വീണ്ടും പ്രതിസന്ധിയിൽ ആകും. ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ആഴ്ചകൾ നീണ്ട ബഹിഷ്കരണ സമരം ഗതാഗത മന്ത്രിയുമായി ഡ്രൈവിംഗ് സ്‌കൂൾ സംഘടനകൾ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പിൻവലിച്ചത്.

വണ്ടാനം മെഡിക്കൽ കോളജിൽ നവജാത ശിശു മരിച്ച സംഭവം: പോസ്റ്റ്മാർട്ടം ഇന്ന്; പോലീസ് കേസ്സെടുത്തു

ആലപ്പുഴ:
വണ്ടാനം മെഡിക്കൽ കോളജിൽ നവജാത ശിശു മരിച്ചതിൽ പ്രതിഷേധവുമായി ബന്ധുക്കൾ അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.ഇന്നലെ രാത്രി കുഞ്ഞിൻ്റെ മൃതദേഹവുമായി ആശുപതിയിൽ പ്രതിഷേ ധിച്ചു.ഇന്ന് പോസ്റ്റ് മാർട്ടം നടത്തി കാരണം കണ്ടെത്താമെന്ന സൂപ്രണ്ടിൻ്റെ ഉറപ്പിൻമേൽ രാത്രി ഒരു മണിക്ക് പ്രതിഷേധം അവസാനിപ്പിക്കുകയായിന്ന്. പ്രസവ വേദന വന്നിട്ടും യുവതിയെ ലേബര്‍ റൂമിലേക്ക് മാറ്റിയില്ലെന്നും യുവതി വാര്‍ഡില്‍ കിടന്ന് പ്രസവിച്ചെന്നുമാണ് ആരോപണം .വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. രാത്രി 12.30 യോടെയാണ് കുഞ്ഞ് മരിച്ചത്.

കെ മുരളീധരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു

തിരുവനന്തപുരം.തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ കെ മുരളീധരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കോൺഗ്രസ്. നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലെ സീറ്റ് വാഗ്ദാനത്തിൽ മുരളിയുടെ നിലപാട് നിർണായകമാകും. ഈ മാസം 12ന് ചേരുന്ന യുഡിഎഫ് യോഗത്തിൽ തൃശ്ശൂരിലെയും ആലത്തൂരിലെയും തോൽവി ചർച്ചയാകും

പൊതുരംഗത്ത് നിന്ന് താൽക്കാലികമായി മാറി നിൽക്കുന്നുവെന്ന കെ മുരളീധരന്റെ പ്രഖ്യാപനമാണ് നേതൃത്വത്തിന് തിരിച്ചടിയായത്. പാർട്ടിക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്തിട്ടും തൃശ്ശൂരിൽ പരാജയപ്പെട്ടതിന് ജില്ലാ നേതാക്കളെയാണ് മുരളി കുറ്റപ്പെടുത്തുന്നത്. വയനാട് സീറ്റ് രാഹുൽ ഒഴിഞ്ഞേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ അവിടെ മുരളിയെ മത്സരിപ്പിക്കാൻ ആലോചനയുണ്ട്. മറ്റൊരു സാധ്യത ലോക്സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട കെ. സുധാകരന് പകരം കെ.പി.സി അധ്യക്ഷ സ്ഥാനം നൽകുക എന്നതാണ്. സംസ്ഥാന അധ്യക്ഷസ്ഥാനം കൊടുക്കുന്നത് സംബന്ധിച്ച് തീരുമാനം എഐസിസിയുടേതാണ്. അക്കാര്യത്തിൽ മറ്റ് ഗ്രൂപ്പുകളെയും വിശ്വാസത്തിലെടുക്കേണ്ടി വരും. പകരം യുഡിഎഫ് കൺവീനർ സ്ഥാനം നൽകുന്നതും ആലോചിക്കുന്നുണ്ട്. നേതൃത്വത്തിനെതിരായ പരസ്യപ്രസ്താവന വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയാകും എന്നിരിക്കെ പ്രശ്നപരിഹാരത്തിന് തിരക്കിട്ട നീക്കങ്ങളാണ് കോൺഗ്രസിൽ നടക്കുന്നത്. ഈ മാസം 12ന് ചേരുന്ന യുഡിഎഫ് യോഗത്തിൽ മുരളീധരന്റെ തോൽവി ചർച്ചയാകും

രക്ഷിതാക്കള്‍ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ കുളത്തില്‍ മുങ്ങി ഗുരുതരവാസ്ഥയിലായ നാലു വയസുകാരന്‍ മരിച്ചു

മലപ്പുറം: നീന്തല്‍ പഠിക്കുന്നതിനിടെ കുളത്തില്‍ മുങ്ങി ഗുരുതരവാസ്ഥയിലായ നാലു വയസുകാരന്‍ മരിച്ചു. മലപ്പുറം കോട്ടക്കല്‍ സ്വദേശി ധ്യാന്‍ നാരായണനാണ് മരിച്ചത്. രക്ഷിതാക്കള്‍ കുട്ടിയെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ ആയിരുന്നു സംഭവം.

കഴിഞ്ഞ വെള്ളിയാഴ്ച വീടിനടുത്തുള്ള കുളത്തില്‍ വെച്ചാണ് അപകടമുണ്ടായത്. രക്ഷിതാക്കള്‍ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ കുട്ടി മുങ്ങിപ്പോവുകയായിരുന്നു.

ബോധരഹിതനായ കുട്ടിയെ ഉടന്‍ പുറത്തെടുത്ത് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.

പ്രതിപക്ഷ നിരയിൽ ഇരിക്കാം, നേതാവാരെന്നത് ഇനി ചോദ്യം, കെസി?

ന്യൂഡെല്‍ഹി.പ്രതിപക്ഷ നിരയിൽ ഇരിക്കാമെന്ന് ഇന്ത്യാ സഖ്യത്തിൽ ധാരണയായതോടെ ലോക്സഭാ കക്ഷി നേതാവ് ആരാകുമെന്ന് ചർച്ചകളിലേക്ക് കടന്ന് കോൺഗ്രസ്. പദവി ഏറ്റെടുക്കാൻ രാഹുൽഗാന്ധി സമ്മതം മൂളിയില്ലെങ്കിൽ കെ സി വേണുഗോപാലിന് നറുക്ക് വീഴാനാണ് സാധ്യത

പാർലമെൻറിൽ പ്രതിപക്ഷ ഇരിപ്പിടത്തേക്ക് ശക്തമായ സാന്നിധ്യ അറിയിക്കാൻ ഇന്ത്യസഖ്യം ധാരണയിൽ എത്തിയതോടെയാണ് പ്രതിപക്ഷ നേതാവ് ചർച്ചകളിലേക്ക് കോൺഗ്രസ് കടന്നത്.52 ൽ നിന്ന് 99 സീറ്റുകളിലേക്ക് കോൺഗ്രസ് എത്തിയതോടെ പ്രതിപക്ഷനേതാവ് പദവിയിലേക്ക് രാഹുൽ ഗാന്ധിയുടെ പേരിനാണ് മുൻതൂക്കം.2019 ൽ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പദവികളിൽ നിന്ന് വിട്ടുനിന്ന രാഹുൽ ഗാന്ധി ഇക്കുറി ,കോൺഗ്രസ് നേതൃത്വത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയേക്കും. മോദി സർക്കാരിനെതിരായ ശക്തമായ നിലപാടും , രാഹുലിൻ്റെ ഭാരത് ജോഡോ യാത്രയും പാർട്ടിയുടെ മടങ്ങിവരവിന് വഴിയൊരുക്കി എന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.കഴിഞ്ഞ മോദി സർക്കാരിന്റെ കാലത്ത് ലോക്സഭാ കക്ഷി നേതാവായിരുന്ന അധിർ രഞ്ജൻ ചൗധരി ഇക്കുറി പരാജയപ്പെട്ടിരുന്നു. പദവി ഏറ്റെടുക്കാൻ രാഹുൽ വിസമ്മതിച്ചാൽ മാത്രമേ മറ്റ് പേരുകളിലേക്ക് ചർച്ച നീങ്ങുകയുള്ളൂ.അങ്ങനെയെങ്കിൽ കെ സി വേണുഗോപാലിന്റെ പേരിനാണ് മുൻതൂക്കം.സംഘടനാ ജനറൽ സെക്രട്ടറി ചുമതലയും,പാർലമെൻ്റെറിയൻ എന്ന നിലയിലെ അനുഭവപരിചിയവുമാണ് കെ സി വേണുഗോപാലിന് അനുകൂല ഘടകം.മുതിർന്ന പാർലമെൻ്ററിയൻ എന്ന നിലയിൽ കൊടിക്കുന്നിൽ സുരേഷിന്റെ പേരും പരിഗണനയിൽ വന്നേക്കാം.ഗൗരവ് ഗോഗോയുടെ പേരും കോൺഗ്രസ് വൃത്തങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.ഉടൻ ചേരാൻ ഇരിക്കുന്ന പ്രവർത്തകസമിതിയിൽ ആയിരിക്കും അന്തിമ തീരുമാനമെടുക്കുക.

അഞ്ച് ദിവസം കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ

സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.വരുന്ന അഞ്ച് ദിവസം കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്.ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. എല്ലാ ജില്ലകളിലും ഇടിയോടും കാറ്റോടും കൂടിയ മഴ ലഭിക്കും. കേരളാ തീരത്ത് ഉയർന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും തമിഴ്‌നാടിനും സമീപ പ്രദേശത്തായി ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. തെക്കൻ ആന്ധ്രാ തീരത്തിനും വടക്കൻ തമിഴ് നാട്നും സമീപത്തായി ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനഫലമായാണ് മഴ ശക്തി പ്രാപിക്കുന്നതെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

ആലത്തൂരിലെ പരാജയം ഡിസിസി പ്രസിഡൻ്റിനെതിരെ പോസ്റ്റർ

പാലക്കാട്. ആലത്തൂരിലെ പരാജയം ഡിസിസി പ്രസിഡൻ്റിനെതിരെ പോസ്റ്റർ. ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാഹരിദാസിന്‍റെ തോൽവിയിൽ പാലക്കാട് ഡിസിസി പ്രസിഡൻ്റിനെതിരെ പോസ്റ്റർ. ആലത്തൂരിലെ തോൽവിയുടെ ഉത്തരവാദിത്വം ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ ഏറ്റെടുക്കണമെന്ന് പോസ്റ്റർ. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ രാജി വെക്കണമെന്നും പോസ്റ്ററിൽ

ഡിസിസി ഓഫീസിൻ്റെ ചുവരിലും, ആലത്തൂർ മണ്ഡലത്തിലെ വിവിധയിടങങ്ങളിലുമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

ശ്രദ്ധിക്കേണ്ടേ അമ്പാനേ,പൾസർ സുനിക്ക് 25,000 രൂപ പിഴ

കൊച്ചി. നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പൾസർ സുനിക്ക് 25,000 രൂപ പിഴ വിധിച്ചു ഹൈക്കോടതി. മൂന്ന് ദിവസത്തിനകം അടുത്ത ജാമ്യാപേക്ഷ നൽകിയതിനാണ് പിഴ. പത്താമത്തെ ജാമ്യാപേക്ഷയും തള്ളിയാണ് സിംഗിൾ ബഞ്ചിൻ്റെ ഉത്തരവ്. തുടർച്ചയായി ജാമ്യാപേക്ഷ നൽകാൻ പൾസർ സുനിക്ക് സാമ്പത്തിക സ്ഥിതിയുണ്ട്. അല്ലെങ്കിൽ മറ്റാരോ ജാമ്യാപേക്ഷ നൽകാൻ സഹായിക്കുന്നു. മൂന്ന് ദിവസത്തിനകം ജാമ്യാപേക്ഷ നൽകുന്ന പ്രതിക്ക് പിഴ അടയ്ക്കാൻ സാമ്പത്തിക ശേഷി ഉണ്ടെന്നും ഹൈക്കോടതി.