28.1 C
Kollam
Wednesday 24th December, 2025 | 02:19:32 PM
Home Blog Page 2654

വയനാട്ടില്‍ വിദ്യാര്‍ഥിക്ക് നേരെ സഹപാഠികളുടെ ആക്രമണം,അഞ്ച് പേര്‍ക്ക് സസ്പെന്‍ഷന്‍

വയനാട്. മൂലങ്കാവ് ഗവണ്‍മെന്‍റ് സ്കൂളില്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്ക് സസ്പെന്‍ഷന്‍.

സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥനെയാണ് കത്രികകൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. കുട്ടിയെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറുടെ ഭാഗത്ത് നിന്ന് സമ്മര്‍ദമുണ്ടായതായി ശബരിനാഥന്‍റെ ബന്ധുക്കള്‍ ആരോപിച്ചു

ഇന്നലെ ഉച്ചയോടെയാണ് ശബരിനാഥനെ ക്ലാസില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി മര്‍ദിച്ചത്. മര്‍ദനത്തിനിടെ കത്രികകൊണ്ട് കുത്തി. നെഞ്ചിലും മുഖത്തുമാണ് പരിക്ക്. ഒരു ചെവിയില്‍ കമ്മല്‍ ധരിച്ചിരുന്നു. ഇടിയുടെ ആഘാതത്തില്‍ തുളഞ്ഞുകയറിയ കമ്മല്‍ ആശുപത്രിയില്‍ എത്തിയാണ് പുറത്തെടുത്തത്. വിദ്യാര്‍ത്ഥിയെ ആദ്യം നായ്ക്കട്ടിയിലെ ആശുപത്രിയിലേക്ക് എത്തിച്ചത് അധ്യാപകരാണ്. ബന്ധുക്കളെത്തി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

അതേസമയം രാത്രിയില്‍ വന്ന ഡ്യൂട്ടി ഡോക്ടര്‍ മതിയായ ചികിത്സ നല്‍കാന്‍ തയാറായില്ലെന്നും പരിക്ക് ഗുരുതരമായിട്ടും ഡിസ്ചാര്‍ജ് ചെയ്യാന്‍ സമ്മര്‍ദ്ദപ്പെടുത്തിയെന്നും ബന്ധുക്കള്‍ ആരോപിച്ചു

കുട്ടിയെ പിന്നീട് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം സ്കൂളില്‍ അച്ചടക്ക സമിതി ചേര്‍ന്ന് അഞ്ച് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. പൊലീസ് ഇന്നലെ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് വിവരങ്ങള്‍ തേടി. ഇന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുന്ന നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അമ്പലവയല്‍ എംജി റോഡില്‍ ലക്ഷ്മി വിഹാറിലെ ബിനേഷ് കുമാര്‍ – സ്മിത ദമ്പതികളുടെ മകനായ ശബരിനാഥന്‍ ഈ വര്‍ഷമാണ് മൂലങ്കാവ് സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ന്നത്

കോണ്‍ഗ്രസ് ഇന്ന് രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചേക്കും

ന്യൂഡെല്‍ഹി. കോൺഗ്രസിൻറെ പാർലമെൻററി പാർട്ടിയോഗം ഇന്ന് രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചേക്കും .തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനായി കോൺഗ്രസ് പ്രവർത്തകസമിതി യോഗവും ഇന്ന് ചേരും

വൈകിട്ട് അഞ്ചരയ്ക്ക് പാർലമെൻറ് സെൻട്രൽ ഹാളിൽ ചേരുന്ന പാർലമെൻററി പാർട്ടി മീറ്റിങ്ങിലാകും രാഹുൽഗാന്ധിയെ ലോക്സഭ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കുക.പാർലമെൻററി പാർട്ടി ചെയർപേഴ്സൺ ആയി സോണിയ ഗാന്ധി തന്നെ തുടരാനാണ് സാധ്യത.പത്തുവർഷത്തിനുശേഷമാണ് ലോക്സഭയിൽ പ്രതിപക്ഷ നേതാവ് നേതൃസ്ഥാനത്തേക്ക് കോൺഗ്രസ് വീണ്ടും എത്തുന്നത്.ഒരു പാർട്ടിക്കും 10% സീറ്റുകൾ നേടാനാകാത്തതിനാൽ 2014 മുതൽ ലോക്സഭയിൽ പ്രതിപക്ഷ നേതാവ് പദം ഒഴിഞ്ഞുകിടക്കുകയായിരുന്നു.52 ൽ നിന്ന് 101 സീറ്റുകളിലേക്ക് കോൺഗ്രസ് എത്തിയതോടെ പ്രതിപക്ഷനേതാവ് പദവിയിലേക്ക് രാഹുൽ ഗാന്ധിയുടെ പേരിനാണ് മുൻതൂക്കം.

2019 ൽ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പദവികളിൽ നിന്ന് വിട്ടുനിന്ന രാഹുൽ ഗാന്ധി ഇക്കുറി ,കോൺഗ്രസ് നേതൃത്വത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയേക്കും.തെരഞ്ഞെടുപ്പ് ഫലം രാഹുലിന്‍റെ സ്വീകാര്യത കൂട്ടിയതും സമ്മർദ്ദത്തിന് കാരണമാകും.രാഹുലിനെ പ്രതിപക്ഷ നേതാവാക്കുന്നതിൽ ഇന്ത്യ സഖ്യത്തിനും എതിർപ്പില്ല.ഗുജറാത്ത്, ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടും ബംഗാളിലും മധ്യപ്രദേശിലുമേറ്റ തിരിച്ചടി ഇന്നത്തെ പ്രവർത്തകസമിതി യോഗത്തിൽ ചർച്ചയാകും

ഈ നാട് ഗ്രൂപ്പ് എംഡി റാമോജി റാവു അന്തരിച്ചു

ഹൈദരാബാദ്: പ്രശസ്തമായ രാമോജി ഫിലിം സിറ്റി സ്ഥാപകനും നിര്‍മാതാവും മാധ്യമ അതികായനുമായ രാമോജി റാവു അന്തരിച്ചു. 87 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടവരേയാണ് അന്ത്യം.

രാമോജി റാവു എന്നറിയപ്പെടുന്ന ചെറുകുരി രാമോജി റാവു നിര്‍മ്മാതാവ്, വിദ്യാഭ്യാസ, പത്രപ്രവര്‍ത്തകന്‍, മാധ്യമ സംരംഭകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. രാമോജി ഫിലിം സിറ്റി, ഈനാട് പത്രം, ടിവി ചാനലുകളുടെ ഇടിവി നെറ്റ്വര്‍ക്ക്, ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ഉഷാ കിരണ്‍ മൂവീസ്, മാര്‍ഗദര്‍ശി ചിറ്റ് ഫണ്ട്, ഡോള്‍ഫിന്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, കലാഞ്ജലി ഷോപ്പിംഗ് മാള്‍, പ്രിയ അച്ചാറുകള്‍, മയൂരി ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് എന്നിവ അദ്ദേഹത്തിന്റെ ബിസിനസ് സംരംഭങ്ങളാണ്.

തെലുങ്ക് സിനിമയില്‍ നാല് ഫിലിംഫെയര്‍ അവാര്‍ഡുകളും ദേശീയ ചലച്ചിത്ര അവാര്‍ഡും നേടിയിട്ടുണ്ട്. പത്രപ്രവര്‍ത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നിവയില്‍ നല്‍കിയ സംഭാവനകള്‍ക്ക് 2016 ല്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
ചെറുകുരി രാമോജി റാവു 1936 നവംബര്‍ 16 ന് ഇന്ത്യയിലെ ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപുടിയില്‍ ഒരു കാര്‍ഷിക കുടുംബത്തിലാണ് ജനിച്ചത് .കൃഷിയെയും കര്‍ഷകരെയും അടിസ്ഥാനമാക്കിയുള്ള ഒരു മാസികയിലൂടെയാണ് രാമോജി റാവു തന്റെ കരിയര്‍ ആരംഭിച്ചത്. 1983ലാണ് അദ്ദേഹം ചലച്ചിത്ര നിര്‍മാണ കമ്പനിയായ ഉഷാകിരന്‍ മൂവീസ് സ്ഥാപിക്കുന്നത്. സിനിമാ മേഖലയുടെ ഭാഗമായി, അതുല്യമായ സിനിമകള്‍ നിര്‍മ്മിക്കുന്നതില്‍ രാമോജി റാവു ശ്രദ്ധിച്ചിരുന്നു.ഭാര്യ-രമാ ദേവി മക്കള്‍- ചെറുകുരി സുമന്‍, കിരണ്‍ പ്രഭാകര്‍

അങ്കമാലി പറക്കുളത്ത് വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു

അങ്കമാലി: പറക്കുളത്ത് വീട്ടിലെ ഒരു മുറിക്ക് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേർ വെന്ത് മരിച്ചു. ബിനേഷ്, ഭാര്യ അനു, മക്കളായ ജെസ്മിൻ, ജ്യോസ്ന എന്നിവരാണ് മരിച്ചത്. വീടിൻ്റെ മുകൾ നിലയിൽ ഉറങ്ങിക്കിടന്നവരാണിവർ.പുലർച്ചെ 5 മണിയോടെ നടക്കാനിറങ്ങിയവരാണ് സംഭവം കണ്ടത്. അങ്കമാലി ടൗണിലെ വ്യാപാരിയാണ് ബിനേഷ്, ഭാര്യ അനു അധ്യാപികയാണ്. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി.ഷോര്‍ട് സര്‍ക്യൂട്ടല്ല അപകടകാരണമെന്ന് ആദ്യഘട്ട പരിശോധനയില്‍ കണ്ടെത്തി. വിശദാംശങ്ങൾ ലഭ്യമായി വരുന്നതേയുള്ളു.

വയനാട്ടിൽ റാഗിങ്ങിൻ്റെ പേരിൽ 10-ാം ക്ലാസ്സുകാരന് ക്രൂര മർദ്ദനം;പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ

വയനാട്: റാഗിങ്ങിൻ്റെ പേരിൽ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം.മൂലങ്കാവ് ഗവ: സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥി ശബരിനാഥ് (15)നാണ് പരിക്കേറ്റത്.താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അമ്പലവയൽ സ്വദേശിയായ ശബരിനാഥ് ഈ വർഷമാണ് മൂലങ്കാവ് സ്ക്കുളിൽ എത്തിയത്. ഇന്ന് ഉച്ചഭക്ഷണത്തിന് ശേഷം ചില വിദ്യാർത്ഥികൾ ശബരിനാഥിനെ വിളിച്ചു കൊണ്ട് പോകയായിരുന്നു. കത്രിക കൊണ്ട് മുഖത്ത് വരഞ്ഞതിൻ്റെ പാടുകളുണ്ട്. കാതിലുണ്ടായിരുന്ന കമ്മൽ ഇടിയേറ്റ് ചെവിയ്ക്ക് ഉള്ളിൽ പോയി.ഓപ്പറേഷനിലൂടെയാണ് ഇത് എടുത്തത്. ആറംഗ സംഘമാണ് മർദ്ദനത്തിന് പിന്നിലെന്നാണ് അറിയുന്നത്. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് രാത്രി 10 മണിയോടെ ആശുപത്രിയിലെത്തി. കുട്ടിയുടെ ആരോഗ്യനില മൊഴിയെടുപ്പിന് അനുകൂലമല്ലാത്തതിനാൽ പോലീസ് മടങ്ങി. ഇതിനിടെ കുട്ടിയെ തിടുക്കപ്പെട്ട് ഡിസ്ചാർജ് ചെയ്യാൻ ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് ശ്രമം നടന്നതായും പരാതി ഉയർന്നു.ഉച്ചയ്ക്ക് നടന്ന സംഭവം രാത്രി 11 മണിയോടെയാണ് പുറം ലോകമറിഞ്ഞത്.

കരുനാഗപ്പള്ളിയിലും മുരളീധര പക്ഷ ബോർഡ് എത്തി

കരുനാഗപ്പള്ളി . കരുനാഗപ്പള്ളിയിലും മുരളീധര പക്ഷ ബോർഡ് എത്തി. ലാലാജി ജംക്ഷനിലാണ് കൂറ്റൻ ബോർഡ്’ എഴുതിയത് ഇങ്ങനെ

അന്ന് വടകരയിൽ… പിന്നെ നേമത്ത്…ഇന്ന് തൃശ്ശൂരിൽ…



അങ്ങ് പോരാട്ടത്തിനിറങ്ങിയത് ഈ പ്രസ്ഥാനത്തിൻ്റേയും, പ്രവർത്തകരുടേയും അഭിമാനം സംരക്ഷിക്കാനാണ് മതേതരത്വത്തിനായി അചഞ്ചലമായി നിലകൊണ്ടതിന്റെ പേരിലാണ് ഇന്ന് നിങ്ങൾ പോരാട്ട ഭൂമിയിൽ വെട്ടേറ്റ് വീണത്

നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല…

ഒരിക്കൽ കൂടി പറയുന്നു പ്രിയപ്പെട്ട കെ.എം നിങ്ങൾ മതേതര കേരളത്തിൻ്റെ ഹൃദയമാണ്

ഭരണാധികാരി ഏകാധിപതി ആകരുത്; വിമർശനങ്ങൾ ഉൾക്കൊണ്ട് തെറ്റുകൾ തിരുത്തണം: കേരളാ കൗൺസിൽ ഓഫ് ചർച്ചസ്

തിരുവല്ല: ഭരണാധികാരി ഏകാധിപതി ആകുന്നത് അപകടകരമാണെന്നും വിമർശനങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകാത്തത് ഏകാധിപതികളുടെ പ്രത്യേകതയാണെന്നും കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി.തോമസ് പ്രസ്താവിച്ചു. ചക്രവർത്തി നഗ്‌നനാണെങ്കിൽ അത് വിളിച്ചു പറയുക സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. അത് ഉൾക്കൊണ്ട് തിരുത്തുന്നതിന് പകരം വിമർശിക്കുന്നവരെ അധിക്ഷേപിക്കുന്നത് പക്വത ഇല്ലായ്മയാണ്. സാധാരണക്കാരന് ജീവിക്കുവാൻ കഴിയാത്ത അവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത്.

സർക്കാർ ആശുപത്രികളിൽ ആവശ്യത്തിനുള്ള ക്രമീകരണങ്ങളില്ല. ആരോഗ്യ ഇൻഷുറൻസ് കാർഡുമായി സർക്കാർ ആശുപത്രികളിൽ എത്തുന്ന സാധാരണക്കാരായ രോഗികൾക്ക് ചികിത്സ ലഭിക്കണമെങ്കിൽ പുറത്തുനിന്നും വലിയ വില കൊടുത്ത് മരുന്നും ആശുപത്രി ഉപകരണങ്ങളും വാങ്ങേണ്ടുന്ന ദുരവസ്ഥയാണ്. സ്വകാര്യ ആശുപത്രികൾക്ക് ചികിത്സാ ചെലവ് തിരികെ നല്കാത്തതിനാൽ സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് കാർഡുകൾ അവർ സ്വീകരിക്കില്ല. വന്യമൃഗങ്ങളുടെ ശല്യത്താൽ പ്രയാസപ്പെടുന്നവരുടെ പ്രശ്‌നം പരിഹരിക്കുവാൻ വകുപ്പുതല നടപടികൾ ഉണ്ടാകുന്നില്ല. സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന സ്‌ക്കൂളുകളിൽ ശരിയായ നിലയിൽ ഉച്ചക്കഞ്ഞി നല്കുവാനാവശ്യമായ ഫണ്ട് പോലും കൃത്യമായി ലഭിക്കുന്നില്ല. സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പകുതി പിടിക്കുവാനുള്ള ശ്രമങ്ങൾ നടക്കുന്നു. നാടുമുഴുവൻ ബാറുകളാക്കി മദ്യപാനികളുടെ സഹായത്താൽ ഭരണം നടത്താൻ ശ്രമിച്ചിട്ടും സർക്കാരിന്റെ ധൂർത്ത് കാരണം നടക്കുന്നില്ല.

സാധാരണ ജോലിക്കാരന്റെ ശമ്പള ഇൻക്രിമെന്റുകൾ തടയുന്ന സർക്കാർ ഉന്നത ഉദ്യോഗസ്ഥർക്ക് ആനുകൂല്യങ്ങൾ വാരിക്കോരി നൽകുന്നു. പി എസ് സി അംഗങ്ങളുടെ ശമ്പളം ഇരട്ടിയാക്കുന്നു. ഭരിക്കുന്നവരുടെയും അവർക്ക് വേണ്ടപ്പെട്ടവരുടെയും ആഡംബര ജീവിതത്തിനായി സാധാരണക്കാരെ ക്ലേശിപ്പിക്കുന്ന സർക്കാർ നടപടി തിരുത്തണം. വെള്ളപ്പൊക്ക സമയത്ത് സഭകളും സംഘടനകളും മറ്റ് പ്രസ്ഥാനങ്ങളും ലോകം മുഴുവനുമുള്ള മലയാളികളും ആത്മാർത്ഥമായി സഹായിച്ചിട്ടുണ്ട്. അതൊക്കെ യഥാർത്ഥത്തിൽ പ്രശ്‌നം അനുഭവിച്ചവരിൽ എത്തിക്കുന്നതിന് സർക്കാരിന് കഴിഞ്ഞോ എന്ന് ചിന്തിക്കണം. പണ്ട് നികൃഷ്ട ജീവി എന്ന് ഒരു പുരോഹിതനെ വിളിച്ചയാൾ ഇന്ന് വിവരദോഷി എന്ന മറ്റൊരു പുരോഹിതനെ വിളിക്കുമ്പോൾ വിളിക്കുന്നയാളുടെ സ്വഭാവം മാറിയിട്ടില്ല എന്ന് മനസ്സിലാക്കാം. ക്രൈസ്തവ സമൂഹത്തോട് സർക്കാർ കാട്ടുന്ന വിവേചനപരമായ ഇടപെടലുകളും തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായിട്ടുണ്ട്. ക്രൈസ്തവ സമൂഹത്തിന്റെ പ്രശ്‌നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിച്ച് ഒരു വർഷം കഴിഞ്ഞിട്ടും ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിന്മേൽ നടപടിയായിട്ടില്ല. അതിനാൽ തെറ്റ് തിരുത്തുവാൻ സർക്കാർ തയ്യാറാകണമെന്നും പ്രസ്താവനയിൽ പറഞ്ഞു.

കളമശേരിയിൽ യുവതിയെ തട്ടികൊണ്ട് പോകാൻ ശ്രമം

കൊച്ചി. കളമശേരിയിൽ യുവതിയെ തട്ടികൊണ്ട് പോകാൻ ശ്രമം.5 പേർ പോലീസ് കസ്റ്റഡിയിൽ എന്ന് വിവരം. കാറിലെത്തിയ സംഘമാണ് യുവതിയെ തട്ടികൊണ്ട്പോകാൻ ശ്രമിച്ചത്. ജോലി കഴിഞ്ഞ് റോഡിലൂടെ നടന്ന് പോകുമ്പോഴാണ് തട്ടികൊണ്ട് പോകാൻ ശ്രമിച്ചത്

കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കിളിക്കൊല്ലൂര്‍ പുന്തലത്താഴം പെരുംകുളം നഗര്‍-37ല്‍ ജെ.കെ ഭവനില്‍ അമല്‍ദേവി(32)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി 7.30ഓടെയായിരുന്നു അമല്‍ തിരയില്‍പ്പെട്ടത്. തുടര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിനായിരുന്നില്ല. ഇന്നലെ കൊല്ലം പോര്‍ട്ടിന് സമീപത്ത് നിന്നാണ് മൃതദേഹം കിട്ടിയത്.

കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരിക്കവേ ഇരിപ്പിടം തകര്‍ന്ന് ഓടയിലേക്ക് വീണ് മുസ്ലിം യൂത്ത് ലീഗ് നേതാവ് മരിച്ചു

ശാസ്താംകോട്ട: കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരിക്കവേ ഇരിപ്പിടം തകര്‍ന്നു ഓടയിലേക്ക് വീണ് മുസ്ലിം യൂത്ത് ലീഗ് നേതാവ് മരിച്ചു. കുന്നത്തൂര്‍ ശൂരനാട് വടക്ക് തെക്കേമുറി റംസാന്‍ നിവാസില്‍ റംസാന്‍ അലി (34) ആണ് മരിച്ചത്. ഇന്നലെ രാവിലെ ചങ്ങനാശ്ശേരി റെയില്‍വേ മേല്‍ പാലത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞദിവസം വീട്ടില്‍ നിന്നും ബിസിനസ് ആവശ്യാര്‍ത്ഥം ബാംഗ്ലൂരിലേക്ക് പോകാനുള്ള യാത്ര മധ്യേ ചങ്ങനാശ്ശേരി റെയില്‍വേ മേല്‍പ്പാലത്തിന് സമീപമുള്ള കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരിക്കവേ ഇരിപ്പിടം തകര്‍ന്ന് ഓടയിലേക്ക് വീണാണ് മരണം സംഭവിച്ചതെന്നാണ് പോലീസ് നിഗമനം.
കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടതിനുശേഷം ശൂരനാട് വടക്ക് മുസ്ലിം ജമാഅത്ത് പള്ളിയില്‍ സംസ്‌കരിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം, മുസ്ലിംലീഗ് ശൂരനാട് വടക്ക് പഞ്ചായത്ത് കമ്മിറ്റി ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സമീറ (ആലുവ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് അസിസ്റ്റന്റ് മാനേജര്‍).