മലപ്പുറം വളാഞ്ചേരിയിൽ ക്വാറി ഉടമയെ ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവം ;എസ്എച്ഒ ഒളിവിൽ തന്നെ
കേസ് എടുത്തു ഒരാഴ്ച പിന്നിട്ടിട്ടും വളാഞ്ചേരി സ്റ്റേഷനിലെ എസ് എച്ച് ഓ സുനിൽദാസിനെ പിടികൂടാനാവാതെ അന്വേഷണ സംഘം.
സുനിൽ ദാസ് സംസ്ഥാനം വിട്ടു എന്നാണ് വിവരം
ഇയാള്‍ക്കായി തമിഴ്നാട്ടിലുള്‍പ്പെടെ തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്.
സംഭവത്തില്‍ വളാഞ്ചേരി എസ് ഐയും ഇടനിലക്കാരനും നേരത്തെ അറസ്റ്റിലായിരുന്നു
22 ലക്ഷം രൂപയാണ് പൊലീസുകാർ ചേർന്ന് തട്ടി എടുത്തത്
ക്വാറി ഉടമയെ ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ എസ്എച്ഒ ഒളിവിൽ തന്നെ
സ്‌കൂട്ടറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
പന്തളം. മാവേലിക്കര റോഡിൽ
തുമ്പ മണ്ണ് ജംഗ്ഷനിൽ സ്‌കൂട്ടറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
സ്‌കൂട്ടർ ഓടിച്ച തുമ്പമണ്ണ് വേലന്റെ കിഴക്കെത്തിൽ വീട്ടിൽ അരുൺ (36) ആണ് .മരിച്ചത്
ബൈക്ക് ഓടിച്ച തുമ്പമണ്ണ് സ്വദേശി രതീഷിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
ശനിയാഴ്ച രാത്രി 11മണിയോടെ ആണ് അപകടം നടന്നത്
പന്തളം ഭാഗത്തു നിന്നും പോയ അരുണിന്റെ സ്‌കൂട്ടറിൽ എതിർ ദിശയിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു
ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടം ഇഗ സ്യാംതെക്കിന്
ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടം ഇഗ സ്യാംതെക്കിന്. ഫൈനലില്‍ ഇറ്റലിയുടെ ജാസ്മിന്‍ പവോലീനിയെ തോല്‍പിച്ചു, സ്‌കോര്‍ 62, 61. ഇഗയുടെ നാലാം ഫ്രഞ്ച് ഓപ്പണ്‍ കിരീട നേട്ടം. തുടര്‍ച്ചയായ മൂന്നാം കിരീടം. ടൂര്‍ണമെന്റില്‍ ഇഗ കൈവിട്ടത് ഒരു സെറ്റ് മാത്രം.
ഫാ.ഗീവർഗീസ് ബ്ലാഹേത്ത് നിര്യാതനായി
അടൂർ: മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി ഇടവക പള്ളിയുടെ മുൻ വികാരിയും സീനിയർ വൈദികനും പരിസ്ഥിതി പ്രവർത്തകനുമായ അടൂർ കോട്ടമുകൾ കണ്ണംകോട് ബ്ലാഹേത്ത് കോയിപ്പുറത്ത് ഫാ.ഗീവർഗീസ് ബ്ലാഹേത്ത്(70) അന്തരിച്ചു. അടൂർ പകലോമറ്റം തോണ്ടലിൽ കുടുംബാംഗമാണ്.ശനിയാഴ്ച വൈകീട്ട് 4.30-ന് വീട്ടിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വൈ.എം.സി.എ,സ്വാന്തനം ഫൗണ്ടേഷൻ, ഗ്രന്ഥശാല പ്രവർത്തനം, കാരുണ്യ വികലാംഗ അസോസിയേഷൻ ഉപദേശക സമിതിയംഗം, മദ്യനിരോധന സമിതി ജില്ലാ ചെയർമാൻ, പൗരാവകാശ സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റ്, പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന ചെയർമാൻ തുടങ്ങി നിരവധി മുപ്പതോളം സംഘനടകളുടെ ചുമതലകൾ വഹിച്ചിരുന്നു.
ഭാര്യ: ആനിയമ്മ ജോർജ്(റിട്ട. പ്രൊഫ. സെയിൻ്റ് സിറിൾസ് കോളേജ് കിളിവയൽ,അടൂർ)
മക്കൾ:വിപിൻ( ഇംഗ്ലണ്ട്),
വിനീത്(കാനഡ). സംസ്കാരം പിന്നീട്
തൃശ്ശൂർ പോലീസ് അക്കാദമിയിൽ എസ് ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
തൃശ്ശൂർ : രാമവർമപുരം പോലീസ് അക്കാദമിയിൽ എസ്‌ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോലീസ് അക്കാദമിയിൽ ട്രെയിനറായിരുന്ന ജിമ്മി ജോർജാണ്(36) മരിച്ചത്
ക്വാർട്ടേഴ്‌സിലാണ് എസ്‌ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കിയെന്നാണ് സൂചന.
നിലവിളക്ക് കത്തിക്കുന്നതിന് മുടക്കം വന്നാല്‍ ദോഷമുണ്ടോ?
വീടുകളില്‍ സന്ധ്യാസമയത്ത് നിലവിളക്ക് തെളിയിച്ച് പ്രാര്‍ത്ഥിക്കുക എന്നത് ഹൈന്ദവാചാരപ്രകാരമുള്ള കാര്യമാണ്. ഐശ്വര്യത്തിന്റെ പ്രതീകമായ നിലവിളക്കിന്റെ ചുവടുഭാഗം ബ്രഹ്മാവിനെയും തണ്ട് വിഷ്ണുവിനെയും മുകള്‍ ഭാഗം ശിവനെയും നാളം ലക്ഷ്മിയെയും പ്രകാശം സരസ്വതിയെയും നാളത്തിലെ ചൂട് പാര്‍വതിയെയും സൂചിപ്പിക്കുന്നു.
എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും നിലവിളക്ക് സ്ഥിരമായി കത്തിക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ അത് ദോഷമുണ്ടാക്കും എന്ന് വിശ്വസിക്കുന്നവരാണ് നിരവധിപേര്‍. എന്നാല്‍ സാഹചര്യം നിമിത്തം വിളക്ക് കൊളുത്തുന്നത് മുടങ്ങിയാല്‍ ഈശ്വരകോപമോ ദോഷമോ വരില്ല. കൂടാതെ വിളക്ക് തെളിക്കുന്നത് മുടങ്ങിയശേഷം പിന്നീട് തിരി തെളിക്കുമ്പോള്‍ ക്ഷമാപണമന്ത്രം ചൊല്ലിയാല്‍ മതിയാകും എന്നാണ് ആചാര്യന്മാര്‍ പറയുന്നത്
”ഓം കരചരണകൃതം വാ കായജം കര്‍മജം വാ
ശ്രവണനയനജം വാ മാനസം വാപരാധം
വിഹിതമവിഹിതം വാ സര്‍വമേതത് ക്ഷമസ്വ
ശിവശിവ കരുണാബ്ധേ ശ്രീമഹാദേവ ശംഭോ”
തന്റെ കൈകള്‍, കര്‍മം, ചെവി, കണ്ണുകള്‍, മനസ് എന്നിങ്ങനെയുള്ള അവയവങ്ങള്‍ കൊണ്ട് അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ തെറ്റുകള്‍ ക്ഷമിക്കണം എന്നാണ് മേല്‍പ്പറഞ്ഞ ക്ഷമാപണ മന്ത്രം കൊണ്ട് അര്‍ത്ഥമാക്കുന്നത്. നിലവിളക്ക് കത്തിക്കുന്നതില്‍ വന്ന തടസത്തിന് പുറമേ, അന്നേ ദിവസം ചെയ്ത എല്ലാവിധ തെറ്റുകളും ക്ഷമിക്കുക എന്ന അര്‍ത്ഥത്തിലായാണ് ഈ മന്ത്രം ചൊല്ലുന്നത്.
നിസാരക്കാരല്ല അടയ്ക്കാ കുരുവികള്‍… വായുവിലെ ചെറിയ മര്‍ദ വ്യത്യാസങ്ങള്‍ പോലും തിരിച്ചറിയുന്നുവെന്ന് പഠനം
വാഷിങ്ടണ്‍: നീണ്ടുകൂര്‍ത്ത ചുണ്ടുകള്‍കൊണ്ട് തേന്‍ നുകര്‍ന്ന്, ഒരു പൂവില്‍ നിന്ന് മറ്റൊന്നിലേക്ക് ഞൊടിയിടയില്‍ പാറിക്കളിക്കുന്ന അടയ്ക്കാ കുരുവികള്‍… കാഴ്ചയില്‍ കുഞ്ഞരെങ്കിലും അത്ര നിസാരക്കാരല്ല എന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. തേന്‍ കിനിയുന്ന പൂക്കളുടെ സാന്നിധ്യമറിയുന്നതുപോലും ഇവയ്ക്ക് സിദ്ധിച്ച അസാധാരണ സ്പര്‍ശന ശേഷിയിലൂടെ.
വായുവിലുണ്ടാകുന്ന ചെറിയ മര്‍ദ വ്യത്യാസങ്ങള്‍ പോലും പുതുതലമുറയ്ക്ക് ഹമ്മിങ്‌ബേര്‍ഡ് എന്ന പേരില്‍ പരിചിതമായ ഈ കുഞ്ഞന്‍ കുരുവികള്‍ക്ക് തിരിച്ചറിയാന്‍ കഴിയും. കറന്റ് ബയോളജി എന്ന ദ്വൈവാര ശാസ്ത്ര ജേര്‍ണലിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അടയ്ക്കാ കുരുവികളില്‍ നടത്തിയ പഠനം അവ എങ്ങനെ പൂക്കള്‍ക്കു ചുറ്റും ചുറ്റിത്തിരിയുന്നുവെന്നത് കൂടാതെ മൃഗ പരിപാലനത്തെയും ഭാവിയില്‍ മനുഷ്യര്‍ക്കായുള്ള സ്പര്‍ശന സാങ്കേതിക വിദ്യക്കും സഹായമാകുമെന്നും ജേണലില്‍ പറയുന്നു.
അടയ്ക്കാ കുരുവികളുടെ കാഴ്ചയെക്കുറിച്ച് നേരത്തെ തന്നെ വിവിധ പഠനങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ അവയുടെ സ്പര്‍ശന ശേഷിയെപ്പറ്റിയുള്ള പഠനം ഇതാദ്യമാണ്. അടയ്ക്കാ കുരുവികളുടെ പറക്കലില്‍ പോലും അവയുടെ സ്പര്‍ശന ശേഷി വളരെയധികം പ്രധാനപ്പെട്ടതാണെന്ന്, കാലിഫോര്‍ണിയ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഡകാന്‍ ലെയ്ച് പറഞ്ഞു. മുറിവേറ്റ പക്ഷിയെ പിടിക്കുമ്പോള്‍ നമ്മളുടെ സ്പര്‍ശനം അവരെ എത്രമാത്രം വേദനിപ്പിക്കുന്നുവെന്നറിയാന്‍ നമുക്കാവില്ല. എന്നാല്‍, ചെറിയ രീതിയിലുള്ള സ്പര്‍ശനത്തോടുപോലും അടയ്ക്കാ കുരുവികള്‍ പ്രതികരിക്കുന്നതായി പഠനത്തിലൂടെ കണ്ടെത്താനായതായി ജീവശാസ്ത്ര ഗവേഷക വിദ്യാര്‍ത്ഥി പെ-ഹ്‌സുവാന്‍ പറഞ്ഞു.
നാല് അടയ്ക്കാ കുരുവികളെയാണ് പഠനത്തിനുപയോഗിച്ചത്. ഇവയുടെ നേര്‍ക്ക് വായു കടത്തിവിട്ടു, ചിറകുകള്‍ കോട്ടന്‍ തുണികള്‍ കൊണ്ട് മൃദുവായി തടവി ഇങ്ങനെ വിവിധ പരീക്ഷണങ്ങള്‍ നടത്തി. ഇവയോടെല്ലാം അടയ്ക്കാ കുരുവികള്‍ പല രീതിയില്‍ പ്രതികരിച്ചു. ഈ സാഹചര്യങ്ങളില്‍ ന്യൂറോണുകളുടെ ഉദ്ദീപനത്താല്‍ ഇവയുടെ തലച്ചോറ് ഒരു ഓറഞ്ച് പോലെയാകുന്നുവെന്നും പഠനം വിശദീകരിക്കുന്നു. കാലക്രമേണ മസ്തിഷ്‌കാഘാതം സംഭവിച്ച ഒരാളുടെ തലച്ചോറിന്റെ ടച്ച് സര്‍ക്യൂട്ടുകള്‍ കണ്ടെത്താനുള്ള സാങ്കേതിക വിദ്യയിലേക്ക് ഈ പഠനം നയിച്ചേക്കാമെന്ന് ലെയ്ച് കൂട്ടിച്ചേര്‍ത്തു.
ഒന്നര വയസുകാരന്‍ തോട്ടില്‍ വീണ് മരിച്ചു
ആലപ്പുഴ: വണ്ടാനത്ത് ഒന്നര വയസുകാരന്‍ തോട്ടില്‍ വീണ് മരിച്ചു. വണ്ടാനം മൂക്കയില്‍ നൂറ്റിപ്പത്തില്‍ചിറയില്‍ വിനോയ്-നിഷ ദമ്പതികളുടെ മകന്‍ ഏയ്ഡന്‍ വിനോയ് ആണ് മരിച്ചത്. വീടിനു മുന്നിലുള്ള തോട്ടില്‍ കുട്ടി വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരന്‍: ആല്‍ബിന്‍.
ഷിഗല്ല – പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്
പാലത്തറ കലയ്ക്കോട് എന്നീ സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിൽ വരുന്ന, തൃക്കോവിൽവട്ടം, മയ്യനാട്, ആദിച്ചനല്ലൂർ പഞ്ചായത്തുകളുടെ കൊട്ടിയം പ്രദേശത്ത് ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൊല്ലം ജില്ലാ സർവയ്‌ലൻസ് ഓഫീസർ ഡോ. വീണ സരോജി എച്ച്, കലയ്ക്കോട് സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ അനൂപ് പി എസ് , ജില്ലാ എപ്പിഡെമോളജിസ്റ്റ് ഡോ. അഖിൽ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ പാകം ചെയ്യുന്ന ഭക്ഷണത്തിലൂടെയും മലിനമായ ജലത്തിന്റെ ഉപയോഗവും വഴിയാണ് രോഗം പിടിപെട്ടിരിക്കുന്നത് എന്ന് യോഗം വിലയിരുത്തി.
കൊട്ടിയം പ്രദേശത്തുള്ള ബേക്കറികൾ, ഹോട്ടലുകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ രാത്രികാല പരിശോധന നടത്തുവാനും ആവശ്യമെങ്കിൽ കേരള പൊതുജന ആരോഗ്യ നിയമ പ്രകാരം ഉള്ള നടപടികൾ സ്വീകരിക്കാനും കലയ്ക്കോട് സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറെ യോഗം ചുമതലപ്പെടുത്തി.
ഈ പ്രദേശത്തുള്ള തട്ടുകടകൾ, ബേക്കറി കൾ, ഫാസ്റ്റ് ഫുഡ് , ഹോട്ടലുകൾ എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ വ്യാഴാഴ്ച വൈകുന്നേരം ആറ് മണി മുതൽ മിന്നൽ പരിശോധന നടത്തി. 35 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ഹെൽത്ത് കാർഡ് ഇല്ലാതെ ജോലി ചെയ്യുന്ന 38 പേരെ കണ്ടെത്തി.
ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന 15 സ്ഥാപങ്ങൾ കണ്ടെത്തി
വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന 13 സ്ഥാപനങ്ങൾക്ക് പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നോട്ടീസ് നൽകി. 1 സ്ഥാപനത്തിൽ നിന്നും പിഴ ഈടാക്കി. 9 കടകളിൽ നിന്നും കുടിവെള്ളം പരിശോധനയ്ക്കായി ശേഖരിച്ചു. ഷിഗല്ല പരിശോധനയ്ക്കായി ഒരു സ്ഥാപനത്തിൽ നിന്നും ജലം ശേഖരിച്ചു.
പരിശോധനയിൽ ജില്ല ടെക്കനിക്കൽ അസിസ്റ്റന്റ് ജോസ്, പാലത്തറ ബ്ലോക്ക് ഹെൽത്ത് സൂപ്പർ വൈസർ ഗോപൻ കലയ്ക്കോട് ചാത്തന്നൂർ ഫുഡ് സേഫ്റ്റി ഓഫീസർ ആതിര ,ഇരവിപുരം ഫുഡ് സേഫ്റ്റി ഓഫീസർ സംഗീത്, കലക്കോട് ഹെൽത്ത് ഇൻസ്‌പെക്ടർ സിനോജ്, ആദിച്ചനലൂർ ഹെൽത്ത് ഇൻസ്‌പെക്ടർ സുജാ റാണി , മയ്യനാട് ഹെൽത്ത് ഇൻസ്‌പെക്ടർ നിഷോ , തൃക്കോവിൽവട്ടം ഹെൽത്ത് ഇൻസ്‌പെക്ടർ ഉമേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ശ്രീജു, നിഷ, സായൂജ്യ ആര്യ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
എന്താണ് ഷിഗല്ല?
ഷിഗല്ല വിഭാഗത്തിൽപെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് (shigellosis) രോഗാണുബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. എന്നാൽ ഇത് സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാണ്.
മലിനമായ ജലം , കേടായ ഭക്ഷണം എന്നിവ ഉപയോഗിക്കുക, പഴങ്ങൾ പച്ചക്കറികൾ എന്നിവ കഴുകാതെ ഉപയോഗിക്കുക, ഷിഗല്ല അണുബാധിതരുമായി അടുത്ത് ഇടപഴകുക,രോഗ ബാധിതരായവർ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക തുടങ്ങിയവയിലൂടെയാണ് ഷിഗല്ലോസിസ് പകരുന്നത്. രോഗ ലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മരണ സാധ്യത കൂടുതലാണ്.
രോഗ ലക്ഷണങ്ങൾ
വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തംകലര്‍ന്ന മലം എന്നിവയാണ് ഷിഗല്ലരോഗ ലക്ഷണങ്ങള്‍. ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നുവെന്നതിനാൽ വയറിളക്കമുണ്ടാവുമ്പോൾ രക്തവും പുറംതള്ളപ്പെടാം.
രണ്ട് മുതല്‍ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നു. ചിലകേസുകളില്‍ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. ചിലരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുകയും ചെയ്യും.
മുൻകരുതലുകൾ
പനി, രക്തം കലര്‍ന്ന മലവിസര്‍ജ്ജനം, നിര്‍ജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണം.
പ്രതിരോധ മാർഗങ്ങൾ
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം.
ഭക്ഷണത്തിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകാം.
വ്യക്തിശുചിത്വം പാലിക്കുക.
തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക.
രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആഹാരം പാകംചെയ്യാതിരിക്കുക.
പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക.
ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടിവെക്കുക.
ഭക്ഷണ പാകം ചെയ്യുന്ന സ്ഥലങ്ങളിൽ ഈച്ച ശല്യം ഒഴിവാക്കുക
ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങൾ വൃത്തിയും വെടിപ്പും ഉള്ളതായിരിക്കണം
ഭക്ഷണം പാകം ചെയ്ത് പലതവണ ചൂടാക്കി കഴിക്കുന്ന രീതി ഉപേക്ഷിക്കുക.
വയറിളക്കമുള്ള ചെറിയ കുട്ടികളുടെ മലം ശരിയായ രീതിയിൽ നിർമാർജ്ജനം ചെയ്യുക.
പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
രോഗ ലക്ഷണമുള്ളവര്‍ ഒ.ആര്‍.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം എന്നിവ കുടിക്കുക. യഥാസമയം ചികിത്സ തേടുക.
കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുക യും വേണമെന്ന് ഡി. എം.ഒ അറിയിച്ചു
മാന്നാറിൽ പിഞ്ചുകുഞ്ഞിനെ അമ്മ ക്രൂരമായി മർദ്ദിച്ചു, ദൃശ്യങ്ങൾ പിതാവിന് അയച്ചു നൽകി
ആലപ്പുഴ. മാന്നാറിൽ പിഞ്ചുകുഞ്ഞിനെ അമ്മ ക്രൂരമായി മർദ്ദിച്ചു. ഒരു വയസ്സുകാരനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പിതാവിന് അയച്ചു നൽകി.
മാന്നാർ സ്വദേശിനി അനീഷയാണ് സ്വന്തം കുഞ്ഞിനെ മർദ്ദിച്ചത്.
വിവാഹ വാഗ്ദാനം നൽകിയ വ്യക്തി തന്നെയും കുഞ്ഞിനെയും സംരക്ഷിക്കാത്തതിൻ്റെ വൈരാഗ്യത്തിലാണ് കുഞ്ഞിനെ മർദ്ദിച്ചതെന്ന് അനീഷ പൊലീസിന് മൊഴി നൽകി. കുഞ്ഞിന് മർദ്ദനമേറ്റ സംഭവത്തിൽ ബാലവകാശ കമ്മീഷൻ കേസെടുത്തു. മാന്നാർ പോലീസ് അനീഷയെ അറസ്റ്റ് ചെയ്തു.
കുഞ്ഞിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മാന്നാർ സ്വദേശി അനീഷയാണ് ഒരു വയസുകാരനായ മകനെ മർദ്ദിച്ചതെന്ന് കണ്ടെത്തി. തുടർന്ന് മാന്നാർ പോലീസ് അനീഷയെ കസ്റ്റഡിയിലെടുത്തു. വിവാഹ വാഗ്ദാനം നൽകിയ ഒപ്പം താമസിച്ചരുന്ന തിരുവനന്തപുരം സ്വദേശിയായ നുജീബ് തന്നെയും കുഞ്ഞിനെയും നോക്കുന്നില്ലെന്നും തങ്ങൾക്ക് കവിക്കാൻ മാർഗ്ഗമില്ലെന്നും അനീഷ പൊലീസിനോട് പറഞ്ഞു.
ഇതിന്റെ വൈരാഗ്യത്തിലാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്നും ദൃശ്യങ്ങൾ നുജീബിന് അയച്ചതെന്നും യുവതി മൊഴി നൽകി.
സംഭവത്തിൽ ബാലാവകാശ കമീഷൻ കേസ് എടുത്തു .ജില്ലാ പൊലീസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരോട് അന്വോഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയോട് ക്രൂരത കാട്ടുന്ന മാതാവിന് എതിരെ നിയമനടപടി സ്വീകരിക്കാനും കമ്മീഷൻ നിർദ്ദേശം നൽകി.
കുഞ്ഞിന്റെ പിതാവ് നുജീബ് വിവാഹ തട്ടിപ്പുകാരാണെന്നും
ഇയാൾ നാലു വിവാഹങ്ങൾ കഴിച്ചതായും പൊലീസ് പറഞ്ഞു. അനീഷ ഗർഭിണിയായതോടെയാണ് നുജീബ് മുങ്ങിയത്.
നാലാമത്തെ വിവാഹത്തിനുശേഷം മുജീബ് കഴിഞ്ഞ മാസം ദുബായിലേക്ക് കടന്നു കളഞ്ഞതായും മാന്നാർ പൊലീസ് പറയുന്നു.
രണ്ടു കുട്ടികളാണ് അനീഷയ്ക്കുള്ളത്. ഈ രണ്ടു കുട്ടികളെയും ശിശുക്ഷേമ സമിതിക്ക് കൈമാറാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ചെലവിന് ലഭിക്കാത്തതിനെ തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടാണ് മർദ്ദനത്തിനിടയാക്കിയത് എന്നാണ് കുട്ടിയുടെ അമ്മ പോലീസിനോട് പറഞ്ഞത്. സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷണം നടത്താൻ ജില്ല പോലീസ് മേധാവിയുടെ ആവശ്യപ്പെട്ടിരിക്കുകയാണ് ബാലാവകാശ കമ്മീഷൻ.




































