22.8 C
Kollam
Thursday 25th December, 2025 | 08:23:00 AM
Home Blog Page 2645

വളയം ആയോട് മലയിൽ കാട്ടാനയെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തി

കോഴിക്കോട്. വളയം ആയോട് മലയിൽ കാട്ടാനയെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തി.സ്വകാര്യ വ്യക്തിയുടെ ആൾ താമസമില്ലാത്ത പറമ്പിലെ കിണറിലാണ് ജഡം കണ്ടെത്തിയത്. പ്രദേശത്ത് അസഹ്യമായ ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് പ്രദേശവാസികൾ തിരച്ചിൽ നടത്തുകയായിരുന്നു. കണ്ണവം വനത്തിൽ നിന്നിറങ്ങിയ ആന കിണറിൽ വീണതാകാമെന്ന് ഫോറസ്റ്റ് അധികൃതർ പറയുന്നു

ഓട്ടോകൾ കൂട്ടിയിടിച്ചുള്ള അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം. വർക്കലയിൽ ഓട്ടോകൾ കൂട്ടിയിടിച്ചുള്ള അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ഓട്ടോകളിലുണ്ടായിരുന്ന ഏഴു പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരം.തീരദേശ പാതയിൽ വെട്ടുതുറ കോൺവെൻ്റ് ജംഗ്ഷനിൽ നടന്ന അപകടത്തിൽ ശ്രീനിവാസപുരം സ്വദേശിനി നാസില മരിച്ചു.എതിർദിശയിൽ വന്ന ഓട്ടോകൾ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടു ഓട്ടോകളും തകർന്നു. മരിച്ച നാസിലയും കുടുംബവുമാണ് ഓട്ടോയിൽ സഞ്ചരിച്ചിരുന്നത്. എതിർ ദിശയിലുണ്ടായിരുന്ന ഓട്ടോയിൽ അഞ്ചു തെങ്ങ് സ്വദേശികളായ മൂന്നു പേരാണുണ്ടായിരുന്നത്.പരിക്കേറ്റവരെ നാട്ടുകാരും കഠിനംകുളം പോലീസും ചേർന്നാണ് മെഡി.കോളേജിലെത്തിച്ചത്. സംഭവത്തിൽ കഠിനംകുളം പോലീസ് കേസെടുത്തു.

പോരുവഴി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക ഒഴിവ്

ശാസ്താംകോട്ട:പോരുവഴി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ യു.പി വിഭാഗത്തിൽ ഹിന്ദി (2 ഒഴിവ്),യുപിഎസ്ടി (1),എൽപിഎസ്ടി (1),എഫ്ടിഎം(1)
താത്ക്കാലിക അധ്യാപക ഒഴിവുണ്ട്.താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 13ന് രാവിലെ 11ന് ഇന്റർവ്യൂവിന് എത്തേണ്ടതാണ്.

പുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക ഒഴിവ്

പുത്തൂർ:പുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ
ഹൈ സ്കൂൾ വിഭാഗത്തിൽ മലയാളം,യു.പി വിഭാഗത്തിൽ ഹിന്ദി എന്നീ വിഷയങ്ങളിൽ താത്ക്കാലിക അധ്യാപക ഒഴിവുണ്ട്.താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ബുധൻ രാവിലെ 11ന് ഇന്റർവ്യൂവിന് എത്തേണ്ടതാണ്

പ്രിയദർശിനി ഗ്രന്ഥശാല പ്രതിഭാ സംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും

ശാസ്താംകോട്ട:പടിഞ്ഞാറെ കല്ലട പ്രിയദർശിനി ഗ്രന്ഥശാല സംഘടിപ്പിച്ച
പ്രതിഭാ സംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ നിർവഹിച്ചു.ഗ്രന്ഥശാലാ പ്രസിഡന്റ്‌
അഡ്വ.ബി.ത്രിദീപ് കുമാർ അധ്യക്ഷത വഹിച്ചു.ചന്ദ്രൻ പിള്ള,സുധീർ,ഓമനക്കുട്ടൻ പിള്ള, കലാധരൻ പിള്ള,റിയാസ് പറമ്പിൽ,
ശങ്കരപ്പിള്ള,ഫിലിപ്പ്,സുരേഷ് ചന്ദ്രൻ,ഷൈലജ,കിരൺ,റ്റിറ്റൊ,
ബാബുക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.സംസ്ഥാന പൊലീസ് സേനയിൽ നിന്നും വിരമിച്ച കലാധരൻ പിള്ളയെ അനുമോദിച്ചു.എസ്എസ്എൽസി,പ്ലസ് ടു വിജയികൾക്കുള്ള പുരസ്‌കാരങ്ങളും സമ്മേളനത്തിൽ
വിതരണം ചെയ്തു.

സിന്ധുവിന്റെ വേർപാടിൽ അനുശോചിച്ചു

ശാസ്താംകോട്ട:പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്ത് നടുവിലക്കര എട്ടാം വാർഡ് മെമ്പർ സിന്ധുവിന്റെ നിര്യാണത്തിൽ കോൺഗ്രസ് പടിഞ്ഞാറെ കല്ലട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവകക്ഷി അനുസ്മരണ സമ്മേളനം നടത്തി.നടുവിലക്കര പാൽ സൊസൈറ്റി ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കടപുഴ മാധവൻ പിള്ള അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറിമാരായ കാരുവള്ളി ശശി,വൈ.ഷാജഹാൻ,തൃദീപ് കുമാർ, കല്ലട ഗിരീഷ്,കെ.സുധീർ,
ജി.ശശികുമാർ,എൻ. ശിവാനന്ദൻ, റെജില,സുരേഷ് ചന്ദ്രൻ,കോട്ടാങ്ങൽ രാമചന്ദ്രൻ പിള്ള,കിഷോർ,ഗീവർഗീസ്, ശിവരാമൻ,ശ്രീധരൻ, ഉണ്ണികൃഷ്ണൻ, ജയലക്ഷ്മി, ചന്ദ്രിക എന്നിവർ പ്രസംഗിച്ചു.

വീണ്ടും താരമായി കണ്ടക്ടർ ബിലാൽ

ശാസ്താംകോട്ട:ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്നും ഡോർ തുറന്ന് തെറിച്ചു വീഴാനൊരുങ്ങിയ യാത്രക്കാരനെ ഒറ്റകൈ കൊണ്ട് അത്ഭുതകരമായി രക്ഷപ്പെടുത്തിയ സ്വകാര്യ ബസ് കണ്ടക്ടർ ബിജിത് ലാലെന്ന ബിലാൽ വീണ്ടും വാർത്തകളിൽ നിറയുന്നു.ദൈവത്തിന്റെ കരങ്ങളാണ് ദിവസങ്ങൾക്ക് മുമ്പ് യാത്രക്കാരനെ രക്ഷപ്പെടുത്തിയതെങ്കിൽ ഇപ്പോൾ അതേ കരങ്ങൾ സത്യസന്ധതയുടെ പ്രതിരൂപമായി മാറിയിരിക്കയാണ്.

ചവറ – പന്തളം റൂട്ടിൽ സർവ്വീസ് നടത്തുന്ന സുനിൽ എന്ന സ്വകാര്യ ബസിലെ കണ്ടക്ടർ ബിലാലിന് കഴിഞ്ഞ ദിവസമാണ് പണവും മൊബൈൽ ഫോണും എടിഎം കാർഡും മറ്റുമടങ്ങിയ പഴ്സ് ലഭിച്ചത്.ബസ് പടപ്പനാൽ വിട്ടു കഴിഞ്ഞപ്പോഴാണ് ഒരു യാത്രക്കാരി സീറ്റിൽ കിടന്ന് കിട്ടിയതെന്ന് പറഞ്ഞ് ബിലാലിന് പഴ്സ് കൈമാറിയത്.അന്ന് വൈകിട്ടാണ് ഇത് തുറന്നു നോക്കിയത്.എന്നാൽ ആളെ കണ്ടെത്താൻ യാതൊരു മാർഗവുമില്ലായിരുന്നു.


ആളെത്തുമെന്ന പ്രതീക്ഷയിൽ പഴ്സ് സൂക്ഷിച്ചു വച്ചു.അടുത്ത ദിവസം കൊട്ടാരക്കര – കരുനാഗപ്പള്ളി റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറെ ബന്ധപ്പെട്ട് പഴ്സ് നഷ്ടപ്പെട്ട യാത്രക്കാരി ബിലാലിന്റെ ഫോൺ നമ്പർ വാങ്ങി ബന്ധപ്പെടുകയായിരുന്നു.തുടർന്ന് പടപ്പനാലിൽ എത്തി യാത്രക്കാരി പഴ്സ് ഏറ്റുവാങ്ങി.ബിലാലിന്റെ നിർബന്ധപ്രകാരം പഴ്സിൽ ഉണ്ടായിരുന്ന പണമടക്കം എണ്ണിതിട്ടപ്പെടുത്തിയാണ് സന്തോഷ ചിരിയോടെ അവർ മടങ്ങിയത്.അതിനിടെ താൻ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ അജ്ഞാതനായ യാത്രക്കാരൻ തന്റെ സഹപാഠിയായ പടിഞ്ഞാറെ കല്ലട ഐത്തോട്ടുവ സ്വദേശി ജയകൃഷ്ണൻ ആണെന്ന് പിന്നീടാണ് ബിലാൽ തിരിച്ചറിഞ്ഞത്.പടിഞ്ഞാറെ കല്ലട നെൽപ്പരക്കുന്ന് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായിരുന്നു ഇരുവരും.ഏതായാലും സദ്പ്രവൃത്തികൾ കൊണ്ട് സ്വകാര്യ ബസ് ജീവനക്കാർക്ക് മാതൃകയായി മാറിയ ബിലാൽ സോഷ്യൽ മീഡിയ കയ്യടക്കിയിരിക്കയാണ്.

ചിന്നക്കടയില്‍ കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ തട്ടി സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം

കൊല്ലം: കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ തട്ടിയുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം. പട്ടത്താനം മൈത്രി നഗര്‍ എട്ടില്‍ വിജയമന്ദിരത്തില്‍ സ്മിത (41) ആണ് മരിച്ചത്. കെഎസ്എഫ്ഇ വടയാറ്റുകോട്ട ബ്രാഞ്ചിലെ ക്യാഷറാണ് സ്മിത.
ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. മടത്തറയില്‍ നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് ചിന്നക്കട മേല്‍പ്പാലത്തില്‍ വച്ച് സ്മിത സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് സ്മിത തെറിച്ച് ബസിന്റെ പിന്‍ചക്രങ്ങള്‍ക്കിടയിലേക്ക് വീഴുകയും സ്മിതയുടെ തലയിലൂടെ ചക്രം കയറിയിറങ്ങി തത്ക്ഷണം മരിക്കുകയുമായിരുന്നു. ഭര്‍ത്താവ്: പരേതനായ മുരളീകൃഷ്ണന്‍. മകന്‍: ശ്രീഹരി.

ഒന്‍പതുവയസുകാരിക്കുനേരെ ലൈംഗികാതിക്രമം, പോരുവഴി സ്വദേശിക്ക് 11വര്‍ഷം കഠിന തടവ്

കരുനാഗപ്പള്ളി. ഒന്‍പതുവയസുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍പ്രതിക്ക് 11വര്‍ഷം കഠിന തടവും പിഴയും. പോരുവഴി പള്ളിമുറി തറയില്‍ വടക്കതില്‍ മാഹിനെയാണ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എഫ് മിനിമോള്‍ ശിക്ഷിച്ചത്. 40,000 രൂപയാണ് പിഴ. അത് ഒടുക്കാത്ത പക്ഷം എട്ടുമാസം കൂടി അധിക തടവ് അനുഭവിക്കണം
2023 ജൂലൈയിലാണ് സംഭവം. ചൂണ്ടയിട്ടുകൊണ്ടുനിന്ന അതിജീവിതയെ റംബുട്ടാന്‍ പറിച്ചുനല്‍കാമെന്ന പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി അതിക്രമം കാട്ടുകയായിരുന്നു. പോക്‌സോ നിയമപ്രകാരം ആണ് കേസ്ശൂരനാട് എസ്‌ഐ ആയിരുന്ന ദീപുപിള്ള അന്വേഷിച്ച കേസില്‍ പബ്‌ളിക് പ്രോസിക്യാട്ടറായി അഡ്വ.എന്‍സി പ്രേംചന്ദ്രന്‍ ഹാജരായി. എസ് സിപിഒ മേരി ഹെലന്‍ പ്രോസിക്യൂഷന്‍ സഹായി ആയി. 12സാക്ഷികളെ വിസ്തരിക്കുകയും 12പ്രമാണങ്ങള്‍ ഹാജരാക്കുകയും ചെയ്തു.

സുരേഷ് ഗോപിക്ക് രണ്ട് വകുപ്പുകൾ

ന്യൂ ഡെൽഹി : ഇന്നലെ അധികാരമേറ്റ മൂന്നാം മോദി മന്ത്രിസഭയിൽ കേരളത്തിൻ്റെ പ്രതിനിധിയായ സുരേഷ് ഗോപിക്ക് ടൂറിസം, സാംസ്ക്കാരികം എന്നീ വകുപ്പുകളുടെ സഹമന്ത്രി സ്ഥാനം ലഭിച്ചു. ഇന്ന് ചേർന്ന പ്രധാനമന്ത്രിയുടെ വസതിയിൽ വൈകിട്ട് നടന്ന ആദ്യ മന്ത്രിസഭ യോഗത്തിന് ശേഷമാണ് വകുപ്പുകൾ പ്രഖ്യാപിച്ചത്.