27.4 C
Kollam
Thursday 25th December, 2025 | 04:11:46 PM
Home Blog Page 2641

അയല്‍വാസികളായ വീട്ടമ്മമാര്‍ സംസാരിക്കുന്നതിനിടെ വീടിനുള്ളില്‍ കടന്ന മോഷ്ടാവ് 5 പവന്റെ സ്വർണ്ണ മാല കവർന്നു

കാസറഗോഡ്. പള്ളിക്കരയിൽ പട്ടാപ്പകൽ വീട്ടിൽ കയറിയ മോഷ്ടാവ് 5 പവന്റെ സ്വർണ്ണ മാല കവർന്നു. പള്ളിക്കര എ യു പി സ്കൂളിന് സമീപം സുകുമാരന്റെ വീട്ടിലാണ് ഉച്ചയ്ക്ക് 1.45 ന് മോഷ്ടാവ് കയറിയത്.
സുകുമാരൻ്റെ ഭാര്യ ഉച്ചയ്ക്ക് കടയിലേക്ക് ഭർത്താവിനുള്ള ഭക്ഷണം കൊണ്ടുപോയി തിരിച്ചെത്തിയ ശേഷം അയൽപക്കത്തെ വീട്ടമ്മയുമായി സംസാരിച്ചിരിക്കേ അടുക്കള ഭാഗത്തെ ഗ്രിൽസിൻ്റെ വാതിൽ തുറന്ന് തൊട്ടടുത്ത പറമ്പിൻ്റെ മതിൽ ചാടി കള്ളൻ ഓടിപ്പോകയായിരുന്നു. ഉച്ച സമയമായതിനാൽ അയൽക്കാരെല്ലാവരും ഭക്ഷണം കഴിക്കുന്ന സമയമായിരുന്നു. നീലേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചാത്തിനാംകുളത്ത് നിന്ന് നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി… രണ്ടുപേർ അറസ്റ്റിൽ

ചാത്തിനാംകുളത്തുനിന്നും നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി. സംഭവമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചാത്തിനാംകുളം കുറ്റിവിള ജംഗ്ഷൻ സ്വദേശികളായ ഹാരിസ്,ഷാജിറ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രദേശത്ത് ലഹരിപദാർത്ഥങ്ങളുടെ വിൽപ്പന നടക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടപടികളുമായി ചത്തിനാംകുളം മുസ്ലിം ജമാഅത്ത് രംഗത്ത് എത്തിയിരുന്നു. രണ്ടുദിവസം മുമ്പ് ജമാഅത്ത് അംഗങ്ങൾ സംഘടിക്കുകയും സ്ഥാപനങ്ങളിൽ എത്തി മുന്നറിയിപ്പ് നൽകുകയും നോട്ടീസ് പതിക്കുകയും ചെയ്തിരുന്നു. ലഹരിപദാർത്ഥങ്ങളുടെ വിൽപ്പനയിൽ ഏർപ്പെടുന്നവരുടെയും കുടുംബത്തിന്റെയും മതപരമായ ഒരാവശ്യങ്ങൾക്കും ജമാഅത്ത് സഹകരിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു ശേഷവും ഷാജിറയുടെ കടയിൽ നിരോധിത പുകയിലെ ഉൽപ്പന്നങ്ങൾ വിൽപ്പന തുടർന്നതോടെ ഇത് വാങ്ങിക്കാൻ എത്തിയ വിദ്യാർത്ഥികളെ ചൊവ്വാഴ്ച നാട്ടുകാർ സംഘടിച്ച് തടഞ്ഞു വെക്കുകയായിരുന്നു. പോലീസിലും വിവരം അറിയിച്ചു. പോലീസ് എത്തി നടത്തിയ പരിശോധനയിൽ കടയിൽ നിന്നും ഹാരിസിന്റെ വീട്ടിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

മെഡിസിന് സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

കൊച്ചി.മെഡിസിന് സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ.ആറ്റിങ്ങൽ ചിറയംകീഴ് പുളിയൻമൂട് ഭാഗം സ്വദേശി ഷൈൻ (44) നെയാണ് നോർത്ത് പറവൂർ പോലീസ് അറസ്റ്റ് ചെയ്തത്.കൈതാരം സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്

മൽദോവയിൽ എം.ബി.ബി.എസിന് സീറ്റ് തരപ്പടുത്തി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്.പലതവണകളായി 305800 രൂപയാണ് ഷൈൻ കൈപ്പറ്റിയത്

കഴക്കൂട്ടം സബ് ട്രഷറിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് എന്ന് പരാതി

തിരുവനന്തപുരം. കഴക്കൂട്ടം സബ് ട്രഷറിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് എന്ന് പരാതി. ശ്രീകാര്യം സ്വദേശി മോഹനകുമാരിയുടെ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചത് രണ്ടര ലക്ഷം രൂപ. രണ്ടു തവണയായാണ് പണം പിൻവലിച്ചത്. ഈ മാസം മൂന്നിന് രണ്ടു ലക്ഷം രൂപയും നാലിന് 50000 രൂപയും പിൻവലിച്ചു. ട്രഷറി അധികൃതർ നടത്തിയ പരിശോധനയിൽ മോഹനകുമാരിയുടെ പേരിലുള്ള വ്യാജ ചെക്ക് ഉപയോഗിച്ചാണ് പണം പിൻവലിച്ചതെന്നു കണ്ടെത്തി. കഴിഞ്ഞ മാസം മോഹനകുമാരിക്ക് പുതിയ ചെക്ക് അനുവദിച്ചിരുന്നു എന്നും അത് ഉപയോഗിച്ചാണ് പണം പിൻവലിച്ചതെന്നും ആണ് ട്രഷറി അധികൃതരുടെ മറുപടി. എന്നാൽ ചെക്ക് ബുക്കിനു അഭ്യർഥിച്ചിരുന്നില്ല എന്നും പുതിയ ചേക്കിലെ ഒപ്പ് വ്യാജമാണെന്നും മോഹനകുമാരി പറഞ്ഞു.

നരേന്ദ്ര മോദി മന്ത്രിസഭയിൽ കുടുംബവാഴ്ച; പട്ടിക പങ്കുവെച്ച് രാഹുൽ ഗാന്ധി

ന്യൂ ഡെൽഹി :
നരേന്ദ്രമോദി മന്ത്രിസഭയിൽ കുടുംബവാഴ്ചയെന്ന് രാഹുൽ ഗാന്ധി. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് രാഹുലിന്റെ പരിഹാസം. മോദി മന്ത്രിസഭയിലെ അംഗങ്ങൾ ഏതൊക്കെ നേതാക്കളുടെ ബന്ധുക്കളാണെന്ന പട്ടികയും രാഹുൽ എക്‌സിൽ പങ്കുവെച്ചു.

പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും തലമുറകളെ കുടുംബവാഴ്ചയെന്ന് വിളിച്ചവർ സർക്കാർ കുടുംബങ്ങളിലേക്ക് അധികാരം കൈമാറുന്നതാണ് കാണുന്നത്. വാക്കിലും പ്രവൃത്തിയിലുമുള്ള ഈ വ്യത്യാസത്തെയാണ് നരേന്ദ്രമോദി എന്ന് വിളിക്കുന്നതെന്നും രാഹുൽ പറഞ്ഞു.

മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ മകൻ എച്ച് ഡി കുമാരസ്വാമി, മാധവറാവു സിന്ധ്യയുടെ മകൻ ജ്യോതിരാദിത്യ സിന്ധ്യ, റിൻചിൻ ഖാരുവിന്റെ മകൻ കിരൺ റിജിജു, എക്‌നാഥ് ഷിൻഡെയുടെ മകൾ രക്ഷാ ഖഡ്‌സെ, ചൗധരി ചരൺ സിംഗിന്റെ ചെറുമകൻ ജയന്ത് ചൗധരി, റാം വിലാസ് പാസ്വാന്റെ മകൻ ചിരാഗ് പാസ്വാൻ, ജയശ്രീ ബാനർജിയുടെ മരുമകൻ ജെപി നഡ്ഡ, ഓം പ്രകാശ് പാസ്വാന്റെ മകൻ കമലേഷ് പാസ്വാൻ തുടങ്ങി മോദി മന്ത്രിസഭയിലെ 20 നേതാക്കളുടെ പട്ടികയാണ് രാഹുൽ പങ്കുവെച്ചത്.

പ്ലസ് വണ്‍ പ്രവേശനം; രണ്ടാമത്തെ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. നാളെ രാവിലെ 10 മുതല്‍ 13 വൈകിട്ട് അഞ്ച് മണി വരെ പ്രവേശനം നടക്കും. അലോട്ട്‌മെന്റ് വിവരങ്ങള്‍ അഡ്മിഷന്‍ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWSലെ Second Allot Results ലിങ്കിലൂടെ ലഭിക്കും.
അലോട്ട്‌മെന്റ് ലഭിച്ചവര്‍ സ്‌കൂളില്‍ രക്ഷകര്‍ത്താവിനോടൊപ്പം പ്രവേശനത്തിനായി ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം എത്തണം. പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റര്‍ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷന്‍ സമയത്ത് നല്‍കും. ഒന്നാം അലോട്ട്‌മെന്റില്‍ താല്‍ക്കാലിക പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഈ അലോട്ട്‌മെന്റില്‍ ഉയര്‍ന്ന ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടില്ലെങ്കില്‍ പുതിയ അലോട്ട്മെന്റ് ലെറ്റര്‍ ആവശ്യമില്ല.
മെറിറ്റ് ക്വാട്ടയില്‍ ഒന്നാം ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്‌മെന്റ് ലെറ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമെ അടക്കേണ്ടതുള്ളൂ. താഴ്ന്ന ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് താല്‍ക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാവുന്നതാണ്.
അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ അപേക്ഷിച്ച ഓരോ സ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികളെല്ലാം രക്ഷകര്‍ത്താക്കളോടൊപ്പം ജൂണ്‍ 13ന് വൈകീട്ട് അഞ്ചിന് മുമ്പായി തന്നെ സ്‌കൂളുകളില്‍ പ്രവേശനത്തിന് ഹാജരാകണം.

വീട്ടമ്മയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍: വീട്ടമ്മയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പരിയാരം പാറയ്ക്ക വീട്ടില്‍ ഷൈജുവിന്റെ ഭാര്യ സുജയ(50)നെയാണ് മരിച്ചത്. ചാലക്കുടിപ്പുഴയുടെ അന്നനാട് പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
വീട്ടമ്മയെ കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്നു. ഇതേതുടര്‍ന്ന് കുടുംബം പൊലീസില്‍ പൊലീസില്‍ പരാതി നല്കിയിരുന്നു. അന്വേഷണത്തില്‍ ഇവരുടെ ചെരിപ്പ് പരിയാരം മൂഴിക്കകടവില്‍ നിന്നും കണ്ടെത്തിയിരുന്നു. പിന്നാലെയാണ് അന്നമനട പാലത്തിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്.

എടിഎമ്മില്‍ നിന്ന് പണം ലഭിച്ചില്ല: ഉപഭോക്താവിന് പണവും നഷ്ടപരിഹാരവും

കൊല്ലം: എടിഎമ്മില്‍ നിന്ന് ലഭിക്കാത്ത 10,000 രൂപയും നഷ്ടപരിഹാരമായി 25,000 രൂപയും ചെലവിനത്തില്‍ 5000 രൂപയും ഉള്‍പ്പെടെ 40,000 രൂപ ഉപഭോക്താവിന് നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധി.
കൊല്ലം പോലീസ് വനിതാ സെല്ലിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ വി. സുപ്രഭ 2019 ഏപ്രില്‍ 12-ന് ഇരവിപുരം കാനറാ ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് 20,000 രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ 10,000 രൂപ മാത്രമാണ് ലഭിച്ചത്.
ഇവരുടെ കൊല്ലം സ്റ്റേറ്റ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് 20,000 രൂപ കുറവ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ബാങ്കിലും ബാങ്കിംഗ് ഓംബുഡ്‌സ്മാനും പരാതി നല്‍കിയെങ്കിലും അവ തള്ളുകയുണ്ടായി.
തുടര്‍ന്നാണ് സുപ്രഭ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. പരാതിയില്‍ വിചാരണ നടത്തിയ ശേഷമാണ് നഷ്ടപരിഹാരം ഉള്‍പ്പെടെ നല്‍കാന്‍ കമ്മീഷന്‍ ഉത്തരവായത്. പരാതിക്കാരിക്ക് വേണ്ടി അഡ്വ. സി. പദ്മകുമാരന്‍ നായര്‍ കമ്മീഷനില്‍ ഹാജരായി.

ഒ.പി ടിക്കറ്റെടുത്ത് ഡോക്ടറെ കാണണമെങ്കിൽ ‘പാട് ‘പെടണം;ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ വലഞ്ഞ് രോഗികൾ

ശാസ്താംകോട്ട:ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ അപ്രഖ്യാപിത മാറ്റങ്ങളും പരിഷ്കാരങ്ങളും രോഗികളെ വലയ്ക്കുന്നു.ഒ.പി ടിക്കറ്റ്
കൊടുക്കുന്ന കൗണ്ടറിൽ ഏത് വഴി എത്തണമെന്നോ ടിക്കറ്റ് എടുത്ത ശേഷം ഡോക്ടറുടെ അടുത്തേക്ക് ഏത് വഴി പോകണമെന്നോ രോഗികൾക്ക് യാതൊരു നിശ്ചയവുമില്ല.കൗണ്ടറിന്റെ ഇടതു ഭാഗത്തെ മതിലിനു സമീപമുള്ള ചെറിയ നടവഴിയിലൂടെ പ്രയാസപ്പെട്ടാൽ മാത്രമേ ഡോക്ടറുടെ അടുത്തേക്ക് എത്താൻ സാധിക്കൂ.മതിലിന്റെ നടുവിൽ വളവിലായി തലയിൽ മുട്ടുംവിധം ഇലക്ട്രിക് കേബുകളടക്കം കടന്നു പോകുന്നു.പ്രായമായതും അവശരായവരുമടക്കമുള്ളവർ ഈ ഭാഗത്തുകൂടി കടന്നു പോകണമെങ്കിൽ തല കൂനിച്ച് നുഴഞ്ഞ് കയറണം.തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രം കൂടിയാണ് ഇടുങ്ങിയ ഈ വഴി.ഇതിനാൽ ഭയപ്പാടോടെയാണ്
രോഗികൾ അടക്കമുളളവർ യാത്ര ചെയ്യുന്നത്.ആശുപത്രിയുടെ പ്രധാന കവാടത്തോട് ചേർന്നാണ് ഒ.പി കൗണ്ടർ പ്രവർത്തിക്കുന്നത്.ഇവിടെ നിന്നും ടിക്കറ്റ് എടുത്ത ശേഷം ഡോക്ടറെ കാണുന്നതിന് വലതു ഭാഗത്ത് നിർമ്മാണം നടക്കുന്ന മാതൃ -ശിശു ബ്ലോക്കിന് സമീപത്തു കൂടിയുള്ള നടവഴിയിലൂടെയാണ് നാളുകളായി രോഗികൾ സഞ്ചരിച്ചിരുന്നത്.എന്നാൽ മഴ ശക്തമായതോടെ ഇടിഞ്ഞു താഴാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്ന് ഈ വഴി അടയ്ക്കുകയായിരുന്നു.എന്നാൽ മറ്റൊരു വഴി സാധ്യമാക്കാനോ,വഴി അടച്ച വിവരവും ഏത് വഴി പോകണമെന്ന് അറിയിക്കാനുള്ള സംവിധാനം അധികൃതർ ഒരുക്കാത്തതാണ് വിനയായത്.തിരക്കേറിയ തിങ്കളാഴ്ച എണ്ണൂറോളം രോഗികളാണ് ഒ.പി യിൽ മാത്രമെത്തിയത്.കൂടെ എത്തിയവരും അത്രത്തോളം വരും.എന്നാൽ വഴി അറിയാതെ,ദിക്കറിയാതെ രോഗികൾ വലഞ്ഞിട്ടും അധികൃതർക്ക് കുലുക്കമില്ലെന്ന് ആക്ഷേപമുണ്ട്.

ശാസ്താംകോട്ട കോളേജിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

ശാസ്താംകോട്ട:കെ.എസ്.എം.ഡി.ബി കോളേജിൽ ഇക്കണോമിക്സ്, സംസ്കൃതം (വേദാന്തം),മലയാളം, ഗണിത ശാസ്ത്രം.ബോട്ടണി, കൊമേഴ്‌സ് എന്നീ വിഷയങ്ങളിൽ അതിഥി അദ്ധ്യാപക ഒഴിവുണ്ട്.
യുജിസി,സർവ്വകലാശാല യോഗ്യതയുള്ളവർക്ക് മുൻഗണന. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറുടെ കാര്യാലയത്തിൽ ഗസ്റ്റ് പാനൽ രജിസ്റ്റർ ചെയ്‌ത ഉദ്യോഗാർത്ഥികൾ ജൂൺ 25ന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകളും,രേഖകളുമായി കോളേജ് ഓഫീസിൽ അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്.ഫോൺ:0476-2830323,9497440754.