26.6 C
Kollam
Thursday 25th December, 2025 | 05:55:02 PM
Home Blog Page 2640

എയിംസ് കോഴിക്കോട് സ്ഥാപിക്കണമെന്ന എം കെ രാഘവൻ്റെ പ്രതികരണം രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ, സുരേഷ് ഗോപി

കോഴിക്കോട്. എയിംസ് കേരളത്തിൽ എത്തിക്കുന്നതിനെ ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നു. എയിംസ് കോഴിക്കോട് സ്ഥാപിക്കണമെന്ന എം കെ രാഘവൻ്റെ പ്രതികരണം രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയെന്ന് പെട്രോളിയം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. എയിംസ് വേണമെന്ന് ആഗ്രഹിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം കേരളത്തിൽ എത്തിയ സുരേഷ് ഗോപിയുടെ പര്യടനം കോഴിക്കോട് , കണ്ണൂർ ജില്ലകളിൽ പുരോഗമിക്കുകയാണ്.


എയിംസ് കേരളത്തിൽ എത്തിക്കാൻ മുന്നിൽ നിന്ന് പോരാടും എന്നായിരുന്നു കേന്ദ്രമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള സുരേഷ് ഗോപിയുടെ പ്രതികരണം. ഇതിനോടുള്ള എം കെ രാഘവൻ എംപിയുടെ പ്രതികരണം ഇങ്ങനെ.

ഇന്ന് കോഴിക്കോട് എത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയോട് മാധ്യമങ്ങൾ വീണ്ടും വിഷയം ആരാഞ്ഞു. വ്യക്തമായി പ്രതികരിച്ചില്ലെങ്കിലും എം കെ രാഘവന്റെ ആവശ്യം രാഷ്ട്രീയ ദുരുദ്ദേശത്തോടെയെന്ന് മറുപടി.

കോഴിക്കോട് കിനാലൂരിലാണ് സംസ്ഥാന സർക്കാർ എയിംസിനായി ഭൂമി കണ്ടെത്തിയിട്ടുള്ളത്. കിൻഫ്രയുടെ കൈവശം ഉണ്ടായിരുന്ന 160 ഏക്കർ ഭൂമി ഏറ്റെടുത്ത് കൈമാറുകയും 100 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയും ആണ്.

ലോക കേരള സഭയിൽ പങ്കെടുക്കാത്തതിന് ന്യായീകരണവുമായി ഗവർണർ

തിരുവനന്തപുരം .ലോക കേരള സഭയിൽ പങ്കെടുക്കാത്തതിന് ന്യായീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ലോക കേരള സഭയിൽ പങ്കെടുക്കാത്തതിൽ ഗവർണർ. സർക്കാരുമായി സഹകരിക്കാൻ കഴിയില്ല എന്ന് ആവർത്തിച്ച് ഗവർണർ. ലോക കേരള സഭയുടെ ഒരുക്കങ്ങൾ നേരത്തെ തുടങ്ങി. തന്നെ ക്ഷണിച്ചത് കഴിഞ്ഞ ദിവസം മാത്രം. ഭരണഘടനാ സ്ഥാപനത്തെ ഇകഴ്ത്തിക്കാണിക്കാനാണ് സർക്കാർ ശ്രമം. ആരിഫ് മുഹമ്മദ്‌ ഖാൻ അത്രമാത്രം പ്രാധാന്യമില്ലാത്ത ആളാണോ. തന്റെ വാഹനത്തിന് നേർക്ക് ആക്രമണം ഉണ്ടായി. കണ്ണൂരിലെ ജനങ്ങളെ അഭിനന്ദിക്കുന്നു. ബോംബ് നിർമാതാക്കളെ ജനങ്ങൾ തിരസ്കരിച്ചു. അക്രമരാഷ്ട്രീയത്തെ ജനങ്ങൾ തിരസ്കരിച്ചു. ലോക കേരളസഭയ്ക്കുള്ള ക്ഷണം, ഒരുകാരണവശാലും
സ്വീകരിക്കില്ല. മൂന്നുവർഷം മുമ്പ് കണ്ണൂരിൽ നിന്ന് തുടങ്ങിയ അക്രമമാണ്. കണ്ണൂരിലെ ചരിത്ര കോൺഗ്രസിൽ വെച്ച് തന്നെ കായികമായി തടയാൻ ശ്രമിച്ചു. കെ കെ രാഗേഷ് ആണ് അതിന് പിന്നിൽ. ഇന്ന് അദ്ദേഹം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാണ്. അക്രമം പ്രോത്സാഹിപ്പിക്കാനാണ് ഈ സർക്കാർ നിരന്തരം ശ്രമിച്ചത്. അതുകൊണ്ട് ക്ഷണം സ്വീകരിക്കാൻ കഴിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

മലപ്പുറത്ത് വജ്രാഭരണങ്ങൾ തട്ടിയെടുത്ത പ്രതികളെ കൊല്ലം പൊലീസ് ലോഡ്ജ് വളഞ്ഞു പിടികൂടി

മലപ്പുറം.വജ്രാഭരണങ്ങൾ തട്ടിയെടുത്ത പ്രതികളെ പൊലീസ് ലോഡ്ജ് വളഞ്ഞു പിടികൂടി.മലപ്പുറം എടപ്പാളിൽ നിന്ന് അഞ്ചു പ്രതികളെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.തൃശൂർ സ്വദേശിയായ ഡയമണ്ട് വ്യാപാരിയെ ഡയമണ്ട് വാങ്ങാനെന്ന വ്യാജേന കൊല്ലത്തേക്ക് വിളിച്ചു വരുത്തി ആക്രമിച്ചാണ് വജ്രവും സ്വർണവും തട്ടി എടുത്തത്

എടപ്പാൾ പട്ടാമ്പി റോഡിലെ സ്വാകാര്യ ലോഡ്ജിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.കൊല്ലം പള്ളിത്തോട്ടം സ്വദശികളായ ഫൈസൽ ,അഫ്സൽ ,നിജാദ് ,സെയ്ദാലി ,അജിത്ത് എന്നിവരാണ് അറസ്റ്റിലായത് .ഇവരിൽ നിന്ന് കോടികൾ വിലമതിക്കുന്ന വജ്രവും സ്വർണവും കണ്ടെടുത്തു.
പൊലീസിനെ കണ്ടതോടെ സംഘത്തിൽ ഉണ്ടായിരുന്ന ഒരാൾ ഓടിരക്ഷപ്പെട്ടു.കൊല്ലം ഈസ്റ്റ്‌ പോലീസും ചങ്ങരംകുളം പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
തൃശൂർ സ്വദേശിയായ ഡയമണ്ട് വ്യാപാരി സുരേഷ് കുമാറിനെ കൊല്ലത്തേക്ക് ഡയമണ്ട് വാങ്ങാൻ എന്ന വ്യാജനെ വിളിച്ചു വരുത്തി ആക്രമിച്ചു ,സുരേഷ് കുമാറിന്റെ കൈയിൽ ഉണ്ടായിരുന്ന രണ്ട് വജ്രങ്ങളും സ്വർണവും പ്രതികൾ തട്ടിയെടുത്തു കടന്നു കളയുകയായിരുന്നു.

ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രം ആക്കാൻ ഗൂഢാലോചന, പിഎഫ്ഐ പ്രവർത്തകർക്ക് ജാമ്യം നിഷേധിച്ചു

മുംബൈ. ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രം ആക്കാൻ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി PFI പ്രവർത്തകർക്ക് ബോംബെ ഹൈക്കോടതി ജാമ്യം നിഷേധിച്ചു. പി എഫ് ഐ യുടെ മൂന്ന് പ്രവർത്തകരുടെ ജാമ്യം ആണ് കോടതി തള്ളിയത്.2047 ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യം ആക്കാനുള്ള ഗൂഢാലോചനയിൽ പ്രതികൾ പങ്കാളികൾ എന്ന് തെളിവുണ്ടെന്ന് കോടതി .പ്രതികൾ ആശയ പ്രചാരണം മാത്രമല്ല നടത്തിയത്; ഇസ്ലാമിക രാജമാക്കാനുള്ള നേരിട്ടുള്ള ഇടപെടൽ നടത്തിയെന്നും കോടതി വിലയിരുത്തി.

സമൂഹ മാധ്യമങ്ങളിൽ ഇടതുപക്ഷം എന്ന് തോന്നുന്ന പല ഗ്രൂപ്പുകളും വിലക്കെടുക്കപ്പെട്ടെന്ന് എംവി ജയരാജൻ

കണ്ണൂർ:സമൂഹ മാധ്യമങ്ങളിൽ ഒറ്റനോട്ടത്തിൽ ഇടതുപക്ഷം എന്ന് തോന്നുന്ന പല ഗ്രൂപ്പുകളും വിലയ്ക്ക് എടുക്കപ്പെട്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ചെങ്കോട്ട, ചെങ്കതിർ, പോരാളി ഷാജി എന്നിവയെ ആശ്രയിക്കുന്നവർ ഇക്കാര്യം ഓർക്കണം.

സോഷ്യൽ മീഡിയ മാത്രം നോക്കി നിൽക്കുന്ന ശീലം ചെറുപ്പക്കാരിൽ വ്യാപകമാകുന്നു. അതിന്റെ ദുരന്തം ഈ തെരഞ്ഞെടുപ്പിൽ ഇടതിനെതിരെ ചിന്തിക്കാൻ ഇടയാക്കിയിട്ടുണ്ട്. പാർട്ടി പ്രവർത്തകരും പ്രസ്ഥാനത്തോട് കൂറുള്ളവരും ഒരു കാര്യം മനസ്സിലാക്കണം. ഇടതുപക്ഷമെന്ന് നമ്മൾ കരുതുന്ന പല ഗ്രൂപ്പുകളെയും വിലയ്ക്ക് വാങ്ങുകയാണ്.

ഇത്തരം ഗ്രൂപ്പുകളുടെ അഡ്മിൻമാരെ വിലക്ക് വാങ്ങുകയാണ്. വിലക്ക് വാങ്ങിക്കഴിഞ്ഞാൽ നേരത്തെ നടത്തിയ പോലുള്ള കാര്യമല്ല വരുന്നത്. ഇടതുപക്ഷ വിരുദ്ധ, സിപിഎം വിരുദ്ധ പോസ്റ്റുകളാണ് പിന്നെ വരുന്നത്. ഇത് പുതിയ കാലത്തെ വെല്ലുവിളിയാണെന്നും ജയരാജൻ പറഞ്ഞു

വാർത്താ നോട്ടം

2024 ജൂൺ 12 ബുധൻ

BREAKING NEWS

?മോശം കാലാവസ്ഥയെ തുടർന്ന് രാവിലെ 7.10 നു ള്ള മസ്ക്കറ്-കരിപ്പൂർ വിമാനം കൊച്ചിയിലക്ക് വഴി തിരിച്ചുവിട്ടു.

?വൈപ്പിനിൽ വനിതാ ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഘത്തെ കുറിച്ച് സൂചന ലഭിച്ചുയെന്ന് പോലീസ്

?ഷോളയൂർ പെൻസ്റ്റോക്കിന് സമീപം കാട്ടാന ലോറി ആക്രമിച്ചു. ഡ്രൈവർ ഇറങ്ങി ഓടി.

?അട്ടപ്പാടിയിൽ അവശനിലയിൽ കണ്ടെത്തിയ പുളളിപ്പുലി ഉഷാറാകുന്നു. കൂട്ടിൽ നടക്കുന്നു.

? അഗളിയിൽ മാനിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മാനിന് ചികിത്സ നൽകുന്നു.

? കെ.മുരളീധരന് വേണ്ടി തലസ്ഥാനത്തും പോസ്റ്റർ. നയിക്കാൻ നായകൻ വരട്ടെയെന്ന് എന്ന് പോസ്റ്റർ .

?തൃശൂരിലെ സുരേഷ് ഗോപിയുടെ ജയം പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

?കേരളീയം?

? പത്തനംതിട്ട കൊടുമണ്ണില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. അശാസ്ത്രീയ റോഡ് നിര്‍മ്മാണമെന്ന് ആരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഏഴംകുളം – കൈപ്പട്ടൂര്‍ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോര്‍ജ്ജിന്റെ ഭര്‍ത്താവ് ജോര്‍ജ്ജ് ജോസഫ് ഇടപെട്ട് ഓവുചാലിന്റെ അലൈന്‍മെന്റില്‍ മാറ്റം വരുത്തുന്നുവെന്നാണ് കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റ് ആരോപിക്കുന്നത്.

? പാലക്കാട് നിയോജക മണ്ഡലം എംഎല്‍എ സ്ഥാനം ഷാഫി പറമ്പില്‍ രാജിവച്ചു. പാര്‍ലമെന്റിലേക്ക് പോകുമ്പോള്‍ നിയമസഭയിലെ അനുഭവം കരുത്താകുമെന്ന് സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ ഓഫീസില്‍ നേരിട്ടെത്തി രാജി സമര്‍പ്പിച്ച ശേഷം ഷാഫി പറമ്പില്‍ പ്രതികരിച്ചു.

? കെഎസ്ആര്‍ടിസി ബസുകളില്‍ ഡെസ്റ്റിനേഷന്‍ നമ്പറിംഗ് സിസ്റ്റം നടപ്പാക്കുമെന്ന് കെഎസ്ആര്‍ടിസി. ഭാഷാ തടസങ്ങള്‍ ഒഴിവാക്കുന്നതിനും സ്ഥലനാമങ്ങളുമായി ബന്ധപ്പെട്ട സംവേദനക്ഷമത കുറയ്ക്കുന്നതിനുമായി അക്കങ്ങള്‍ ഉള്‍പ്പെടുത്തിയ സ്ഥലനാമ ബോര്‍ഡുകള്‍ തയ്യാറാക്കുകയാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

? തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ രാജി ചോദിച്ചുവരേണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിങ്ങള്‍ ജയിച്ചതിലൊന്നും വേവലാതിയില്ലെന്നും വേവലാതിയുള്ളത് ബിജെപി എങ്ങനെ ഒരു മണ്ഡലത്തില്‍ ജയിച്ചു എന്നുള്ളതിലാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

? സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം സംബന്ധിച്ച് എക്സൈസ് മന്ത്രി എംബി രാജേഷിന്റെ നേതൃത്വത്തില്‍ ചര്‍ച്ച തുടങ്ങി. ഇന്നലെ കള്ള് ഷാപ്പ് ലൈസന്‍സികളുമായും ട്രേഡ് യൂണിയന്‍ ഭാരവാഹികളുമായും മന്ത്രി ചര്‍ച്ച നടത്തി. ഇന്ന് സംസ്ഥാനത്തെ ബാറുടമകള്‍, ഡിസ്ലറി ഉടമകളുമായും മന്ത്രി ചര്‍ച്ച നടത്തുമെന്നാണ് വിവരം.

? പാലാ നഗരസഭാ കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടത്തിനെ സിപിഎം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ നിലപാടുകളുടെ പേരിലാണ് പുറത്താക്കിയത്.

? തൃശ്ശൂരിലെ തോല്‍വിയില്‍ മേയര്‍ എം.കെ. വര്‍ഗീസ് സിപിഎം ജില്ലാ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയ സംഭവത്തിലാണ് സിപിഐ അതൃപ്തി അറിയിച്ചത്.

?? ദേശീയം ??

? ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നേതാവായ മോഹന്‍ ചരണ്‍ മാജിയെ ഒഡീഷ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. ഭുവനേശ്വറില്‍ ചേര്‍ന്ന ബിജെപി നിയമസഭാകക്ഷി യോഗത്തില്‍ രാജ്നാഥ് സിംഗാണ് പ്രഖ്യാപനം നടത്തിയത്. മോഹന്‍ ചരണ്‍ മാജി നാല് തവണ എംപിയായിരുന്നു.

? ദില്ലിയില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷം. 1,500 മെഗാവാട്ട് വൈദ്യുതി വിതരണം ചെയ്യുന്ന യുപിയിലെ മണ്ടോളയിലെ പവര്‍ ഗ്രിഡിന് തീപിടിച്ചതിനെത്തുടര്‍ന്നാണ് തലസ്ഥാന നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങിയതെന്ന് ദില്ലി വൈദ്യുതി മന്ത്രി അതിഷി പറഞ്ഞു. ഇന്നലെ ദില്ലിയില്‍ താപനില 42 ഡിഗ്രി കടന്നിരുന്നു.

? മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരില്‍ കുടുംബാധിപത്യമാണെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി. തലമുറകളുടെ സമരത്തിന്റേയും സേവനത്തിന്റേയും ത്യാഗത്തിന്റേയും പാരമ്പര്യത്തെ കുടുംബാധിപത്യമെന്ന് വിശേഷിപ്പിച്ചവര്‍ ഇപ്പോള്‍ അധികാരം ‘സര്‍ക്കാര്‍ കുടുംബ’ത്തിന് വിതരണം ചെയ്തുവെന്ന് രാഹുല്‍ പറഞ്ഞു.

? തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളില്‍ പേരിനൊപ്പം ചേര്‍ത്ത ‘മോദി കാ പരിവാര്‍’ ടാഗ് നീക്കം ചെയ്യണമെന്ന് നരേന്ദ്ര മോദി. ബി.ജെ.പി. നേതാക്കളോടും പ്രവര്‍ത്തകരോടുമാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

? ലഫ്.ജനറല്‍ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേന മേധാവി. മുപ്പതിന് ഉപേന്ദ്ര ദ്വിവേദി സ്ഥാനമേല്‍ക്കും. നിലവിലെ മേധാവി ജനറല്‍ മനോജ് പാണ്ഡെയുടെ കാലാവധി ഈ മാസം 30ന് അവസാനിക്കും.

?? അന്തർദേശീയം ??

? അനധികൃതമായി തോക്ക് കൈവശം വെച്ച കേസില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡന്‍ കുറ്റക്കാരന്‍. ഡെലവേറിലേ ഫെഡറല്‍ കോടതിയിലെ ജൂറിയാണ് മൂന്ന് ചാര്‍ജുകളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2018ല്‍ തോക്ക് വാങ്ങുന്ന സമയത്ത് തെറ്റായ വിവരങ്ങള്‍ നല്‍കി, ലഹരി ഉപയോഗം മറച്ചുവെച്ചു, ലഹരി പദാര്‍ത്ഥം ഉപയോഗിച്ചിരുന്ന സമയത്ത് തോക്ക് കൈവശം വെച്ചു എന്നിവയാണ് കുറ്റങ്ങള്‍. 25 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നത്.

കായികം ?

? വിവാദ ഗോളിന്റെ ബലത്തില്‍ ഇന്ത്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഖത്തര്‍. ഇതോടെ ഇന്ത്യ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നിന്ന് പുറത്തായി.

?ഇന്ത്യ ഒരു ഗോളിന് മുന്നിട്ട് നില്‍ക്കുമ്പോള്‍ ഗോള്‍ലൈന്‍ കടന്ന് പുറത്തുപോയ പന്ത് തിരിച്ചെടുത്ത് ഖത്തറിന്റെ ഡിഫന്‍ഡര്‍ വലയിലാക്കിയ ഗോളാണ് ഇന്ത്യയുടെ ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിലേക്കുള്ള പ്രതീക്ഷകളെ തകിടം മറിച്ചത്.

?ചതിയിലൂടെ നേടിയ ആ ഗോള്‍ റഫറിയിങ്ങിലെ വലിയൊരു പിഴവിലൂടെ അനുവദിക്കപ്പെട്ടതോടെ ഇന്ത്യന്‍ താരങ്ങള്‍ മാനസികമായി തകര്‍ന്നു. 85-ാം മിനിറ്റില്‍ ഒരു ഗോള്‍കൂടി വഴങ്ങി ഇന്ത്യ ആ കൊടും ചതിക്കൊപ്പം തളര്‍ന്നുവീഴുകയായിരുന്നു.

? ടി20 ലോകകപ്പ് മത്സരത്തില്‍ ദുര്‍ബലരായ കാനഡയെ ഏഴു വിക്കറ്റിന് തകര്‍ത്ത പാകിസ്താന് ലോകകപ്പിലെ ആദ്യ ജയം. ആദ്യം ബാറ്റ് ചെയ്ത കാനഡയെ 106 ന് 7 എന്ന എറിഞ്ഞൊതുക്കിയ പാകിസ്താന്‍ 17.3 ഓവറില്‍ മൂന്നു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി

കത്രികയ്ക്ക് കുത്തേറ്റ് യുവാവിന്റെ മരണം, കൊലപാതകം,ഭാര്യ അറസ്റ്റിൽ

പറവൂര്‍. കത്രികയ്ക്ക് കുത്തേറ്റ് യുവാവിന്റെ മരണം, കൊലപാതകമെന്ന് ഭാര്യ അറസ്റ്റിൽ.ഈ മാസം രണ്ടാം തീയതിയാണ് പറവൂർ കുഞ്ഞിത്തൈയിലെ വീട്ടിൽ വച്ച് സിബിന് വയറ്റിൽ കത്രിക കുത്ത് ഏൽക്കുന്നത്.തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് സിബിൻ മരിക്കുന്നത്. വീട്ടു വഴക്കിനിടെ ഭാര്യ രമണി കത്രികയ്ക്ക് കുത്തിയതാണ് മരണകാരണം.സ്വയം പ്രതിരോധിക്കാൻ കുത്തിയതെന്ന് ഭാര്യയുടെ മൊഴി. വടക്കേക്കര പോലീസ് രമണിയെ അറസ്റ്റ് ചെയ്തു

വീണയ്ക്കുവേണ്ടി വഴി വളഞ്ഞു, ഇന്ന് കൊടുമണില്‍ ഹര്‍ത്താല്‍

പത്തനംതിട്ട.ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഭർത്താവിൻറെ പേരിലുള്ള കൊടുമണിലെ കെട്ടിടത്തിനായി പുതിയ സംസ്ഥാനപാത നിർമ്മാണത്തിന്റെ അലൈൻമെന്റ് മാറ്റിയതായി ആരോപണം . വീണ ജോർജിനായി ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു നേരിട്ട് എത്തി അലൈൻമെന്റ് മാറ്റി ഓട നിർമ്മാണം നടത്തിയെന്ന് കോൺഗ്രസ് .സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശ്രീധരൻ തടഞ്ഞ ഓട നിർമാണമാണ് ജില്ലാ സെക്രട്ടറി നേരിട്ട് നടത്തിയതെന്ന് ആരോപണം .ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് മന്ത്രിവീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫ് പറഞ്ഞു. ‘കോൺഗ്രസിന്റെ കയ്യേറ്റ ഭൂമിയിലെ കെട്ടിടം സംരക്ഷിക്കാനുള്ള നീക്കം എന്ന ആരോപണം -കൊടുമൺ പഞ്ചായത്ത് പ്രസിഡണ്ടിന് മന്ത്രിയാകാൻ കഴിയാത്തതിനുള്ള വിഷമമെന്ന് വിമർശനം .പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നടപടിയിൽ ഇന്ന് കൊടുമൺ പഞ്ചായത്തിൽ കോൺഗ്രസ് ഹർത്താൽ

ജമ്മു കശ്മീരിലെ കത്വയിൽ ഭീകരാക്രമണം,ഒരാൾ മരിച്ചു

ജമ്മു കശ്മീരിലെ കത്വയിൽ ഭീകരാക്രമണം. ഹിരാ നഗറിലാണ് ഭീകരാക്രമണം ഉണ്ടായത്. ഏഴ് പേർ അടങ്ങുന്ന ഭീകരസംഘം, നാട്ടുകാർക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. ആക്രമണത്തിൽ ഒരാൾ മരിച്ചു, രണ്ടു പേർക്ക് പരിക്കേറ്റു. വീട് ആക്രമിച്ച് ഒരാളെ തട്ടിക്കൊണ്ടു പോകാൻ ഭീകരവാദികൾ ശ്രമിച്ചതായും വിവരമുണ്ട്. സമീപത്തെ വനമേഖലയിലേക്ക് രക്ഷപ്പെട്ട ഭീകരർക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചു.സുരക്ഷാസേന പ്രദേശം വളഞ്ഞിരിക്കുകയാണ്. രണ്ടു ദിവസത്തിനിടെ ജമ്മുകശ്മീരിൽ ഉണ്ടാകുന്ന രണ്ടാമത്തെ ഭീകരാക്രമം ആണ് ഇത്. റിയാസിയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ്സിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ പത്ത് പേർ മരിക്കുകയും, 33 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

ശബരിമലയിൽ ദർശനത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പത്ത് വയസ്സുകാരി സമര്‍പ്പിച്ച ഹർജി ഹൈക്കോടതി തള്ളി

ശബരിമലയിൽ ദർശനത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പത്ത് വയസ്സുകാരി സമര്‍പ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ശബരിമല സ്ത്രീപ്രവേശനം സുപ്രീം കോടതി വിശാല ബെഞ്ചിന്‍റെ പരിഗണയിലാണെന്നത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ നിലപാട്. പത്ത് വയസ്സാണ് പ്രായമെന്നും ആദ്യ ആർത്തവം ഉണ്ടാകാത്തതിനാൽ പ്രായപരിധി പരിഗണിക്കാതെ മലകയറാൻ അനുവദിക്കണം എന്നായിരുന്നു കർണാടക സ്വദേശിയായ പെൺകുട്ടിയുടെ ആവശ്യം.

പത്ത് വയസ്സിന് മുൻപ് കൊവിഡ് കാലത്ത് ശബമലയിലെത്താൻ ആഗ്രഹിച്ചതാണെന്നും അച്ഛന്‍റെ ആരോഗ്യ പ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും കാരണം നടന്നില്ലെന്നും പെൺകുട്ടി ഹര്‍ജിയിൽ പറഞ്ഞു. ഇത്തവണ തന്നെ മലകയറാൻ അനുവദിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വത്തോട് കോടതി നിർദ്ദേശം നൽകണമെന്നാണ് പെൺകുട്ടിയുടെ ആവശ്യപ്പെട്ടത്. തിരുവിതാംകൂര്‍ ദേവസ്വം ഇക്കാര്യത്തിൽ തീരുമാനം എടുത്തിരുന്നില്ല. ഇതോടെയാണ് പെൺകുട്ടി കോടതിയെ സമീപിച്ചത്. 

ആചാരങ്ങൾ പാലിച്ച് മലകയറാൻ കഴിയുമെന്നും പത്ത് വയസ്സെന്ന പ്രായപരിധി സാങ്കേതികമെന്നും പെൺകുട്ടി കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ 10 മുതൽ 50 വയസ്സ് വരെ സ്ത്രീകൾക്ക് പ്രവേശനമില്ലെന്ന തിരുവിതാംകൂര്‍ ദേവസ്വം നിലപാടിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വിഷയം സുപ്രീം കോടതിയുടെ വിശാല ബെഞ്ചിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്.