കുവൈത്ത്: കുവൈത്തിലെ അഹമ്മദി ഗവര്‍ണറേറ്റിലെ മംഗഫ് ബ്ലോക്കിലെ ആറ് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരിൽ 11 പേർ മലയാളികളാണെന്ന് പുതിയ വിവരം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.ആകെ 49 പേർ മരിച്ചു.21 പേരെ തിരിച്ചറിഞ്ഞു. കൊല്ലം സ്വദേശി ഷമീര്‍ (33) മരിച്ചതായി വിവരം ലഭിച്ചിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് തീ കെട്ടിടത്തില്‍ ആളിപ്പടര്‍ന്നത്. പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ജീവനക്കാര്‍ താമസിക്കുന്ന മംഗഫിലെ (ബ്ലോക്ക്-4) ആറ് നില കെട്ടിടത്തിലാണ് സംഭവം.ഇന്ത്യ സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി.കേന്ദ്ര സർക്കാർ വിഷയത്തിൽ ഇടപെട്ടു.പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.
സത്യപ്രതിജ്ഞാ വേദിയിൽ വെച്ച് തമിഴിസൈ സൗന്ദർരാജനെ പരസ്യമായി ശാസിച്ച് അമിത് ഷാ
ആന്ധ്രപ്രദേശ്: മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞ നടക്കുന്നതിനിടെ വേദിയിൽ വെച്ച് തെലങ്കാന മുൻ ഗവർണറും തമിഴ്‌നാട്ടിൽ നിന്നുള്ള ബിജെപി നേതാവുമായ തമിഴിസൈ സൗന്ദർരാജനെ പരസ്യമായി ശാസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതിന്റെ ദൃശ്യങ്ങളിൽ സമൂഹ മാധ്യമങ്ങളിലടക്കം വൈറലായി.
തമിഴിസൈയെ വേദിയിലേക്ക് വിളിച്ചുവരുത്തി വിരൽ ചൂണ്ടി അമിത് ഷാ സംസാരിക്കുന്നത് കാണാം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ബിജെപിക്കേറ്റ പരാജയത്തിന് പിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈക്കെതിരെ തമിഴിസൈ പരസ്യ വിമർശനം ഉന്നയിച്ചിരുന്നു. ഈ വിഷയത്തിലാണ് ശാസനയെന്നാണ് സൂചന
തമിഴ്‌നാട്ടിൽ ബിജെപിക്ക് കൃത്യമായ പദ്ധതികളുണ്ടായിരുന്നില്ലെന്നും അണ്ണാമലൈ കാര്യമായി പ്രവർത്തിച്ചില്ലെന്നും തമിഴിസൈ ആരോപിച്ചിരുന്നു.
കുവൈറ്റ് തീപിടിത്തം; മരിച്ചവരില്‍ കൊല്ലം സ്വദേശി
കുവൈത്തിലെ അഹമ്മദി ഗവര്‍ണറേറ്റിലെ മംഗഫ് ബ്ലോക്കിലെ ആറ് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ ഒരു മലയാളിയെ തിരിച്ചറിഞ്ഞു. കൊല്ലം ശൂരനാട് സ്വദേശിയും, ശൂരനാട്, ആനയടി വയ്യാങ്കര തുണ്ടുവിള വീട്ടിൽ ഉമ്മറുദീന്റെയും , സബീനയുടെയും മകൻ ഷമീര്‍ (33) ആണ് മരിച്ചത്. അഞ്ച് മലയാളികള്‍ അടക്കം 10 ഇന്ത്യക്കാര്‍ അപകടത്തില്‍ മരിച്ചു എന്നാണ് വിവരം. ആകെ 40 ലധികം പേര്‍ക്ക് ജീവഹാനിയുണ്ടായിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് തീ കെട്ടിടത്തില്‍ ആളിപ്പടര്‍ന്നത്. പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ജീവനക്കാര്‍ താമസിക്കുന്ന മംഗഫിലെ (ബ്ലോക്ക്-4) ആറ് നില കെട്ടിടത്തിലാണ് സംഭവം.
കെട്ടിട ഉടമ കസ്റ്റഡിയില്‍
തീപിടിത്തത്തില്‍ കര്‍ശന നടപടിയുമായി കുവൈത്ത്. കെട്ടിട ഉടമയെയും കെട്ടിടത്തിന്റെ കാവല്‍ക്കാരനെയും കസ്റ്റഡിയിലെടുത്തു. കുവൈത്ത് ആഭ്യന്തരമന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കെട്ടിടത്തില്‍ ഇത്രയും പേരെ താമസിപ്പിച്ചത് എന്നാണ് കണ്ടെത്തല്‍.
പരിക്കേറ്റവര്‍ ഇവിടെ
പരിക്കേറ്റവരിലും നിരവധി മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരെ അദാന്‍, ഫര്‍വാനിയ, അമീരി, മുബാറക്ക്, ജാബിര്‍ എന്നീ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റവരുടെ ചികിത്സക്കായി ആരോഗ്യമന്ത്രാലയം പ്രത്യേക മെഡിക്കല്‍ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട് എന്നാണ് വിവരം.
ബിഎസ്എഫില്‍ ഓഫീസറാകാന്‍ അവസരം… അവസാന തീയതി ജൂലൈ 8
കേന്ദ്ര സേനകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് ഇപ്പോള്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍, വാറന്റ് ഓഫീസര്‍, ഹെഡ് കോണ്‍സ്റ്റബിള്‍, ഹവില്‍ദാര്‍ പോസ്റ്റുകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ് ടു യോഗ്യതയുള്ളവരാണ് നിങ്ങളെങ്കില്‍ ആകെയുള്ള 1526 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂലൈ 8.
തസ്തിക& ഒഴിവ്
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (BSF) ലേക്ക് നേരിട്ടുള്ള റിക്രൂട്ട്‌മെന്റ്. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍, വാറന്റ് ഓഫീസര്‍, ഹെഡ് കോണ്‍സ്റ്റബിള്‍, ഹവില്‍ദാര്‍ പോസ്റ്റുകളിലായി ആകെ 1526 ഒഴിവുകള്‍.
അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍, വാറന്റ് ഓഫീസര്‍ = 243
ഹെഡ് കോണ്‍സ്റ്റബിള്‍, ഹവില്‍ദാര്‍ = 1283
പ്രായപരിധി
18 മുതല്‍ 25 വയസ് വരെ.
വിദ്യാഭ്യാസ യോഗ്യത
പ്ലസ് ടു പാസ്, അല്ലെങ്കില്‍ തത്തുല്യം.
ശമ്പളം
25,500 രൂപ മുതല്‍ 92,300 രൂപ വരെ.
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, വിമുക്തഭടന്‍മാര്‍, വനിതകള്‍ = അപേക്ഷ ഫീസില്ല.
മറ്റുള്ളവര്‍ = 100
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് ബി.എസ്.എഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന ഔദ്യേഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
അപേക്ഷ: https://rectt.bsf.gov.in/
വിജ്ഞാപനം: https://rectt.bsf.gov.in/static/bsf/pdf/234fb396-0d25-11ef-ba98-0a050616f7db.pdf?rel=2024060301
ചില പൊടികൈകള്‍ ഉപയോഗിച്ച് ഇറച്ചി പെട്ടെന്ന് വേവിച്ചെടുക്കാം… ഗ്യാസും സമയവും ലാഭം
അടുക്കളകളില്‍ കറിവയ്ക്കുമ്പോള്‍ മട്ടനും ബീഫുമൊക്കെ വേവാന്‍ കുറെ സമയം എടുക്കാറുണ്ട്. ഇത് നമ്മുടെ സമയവും കൂടാതെ ഗ്യാസും പാഴായിപ്പോകാന്‍ കാരണമാകുന്നു. ചില പൊടികൈകള്‍ ഉപയോഗിച്ച് നമുക്ക് ഇറച്ചി പെട്ടെന്ന് വേവിച്ചെടുക്കാം
ചെറിയ കഷ്ണങ്ങളാക്കുക
ഇറച്ചിക്കറി വയ്ക്കാനായി ഇറച്ചി ചെറിയ കഷ്ണങ്ങളാക്കി നുറുക്കിയാല്‍ എളുപ്പത്തില്‍ വേവിച്ചെടുക്കാം.
ശരിയായി മാരിനേറ്റ് ചെയ്യുക
ശരിയായ രീതിയില്‍ ഇറച്ചി മാരിനേറ്റ് ചെയ്യുന്നത് പാചക സമയം കുറയ്ക്കും. നിങ്ങള്‍ എത്രനേരം മാരിനേറ്റ് ചെയ്യുന്നുവോ അത്രയും നിങ്ങളുടെ മാംസം രുചികരമാകുകയും പെട്ടന്ന് വെന്ത് കിട്ടുകയും ചെയ്യും. മാത്രമല്ല, ചേരുവകള്‍ ഇറച്ചില്‍ നല്ലപോലെ ചേര്‍ന്നുകിട്ടുകയും ചെയ്യും.
നാരങ്ങ / വിനാഗിരി / തൈര് ഉപയോഗിക്കുക
ശരിയായ ചേരുവകള്‍ ഉപയോഗിച്ച് മാംസം മാരിനേറ്റ് ചെയ്യുന്നത് മാംസം ടെന്‍ഡര്‍ ആക്കാന്‍ സഹായിക്കും, ഇത് പാചക സമയം കുറയ്ക്കുന്നു. വാസ്തവത്തില്‍, നാരങ്ങ, വിനാഗിരി, തൈര് എന്നിവയുടെ അസിഡിറ്റി സ്വാഭാവികമായും മാംസം മൃദുവും കൂടുതല്‍ രുചികരവുമാക്കാന്‍ സഹായിക്കുന്നു.
ഉയര്‍ന്ന ചൂടില്‍ വേവിക്കുക
മാംസം വേഗത്തില്‍ വേവിക്കാന്‍ ഉയര്‍ന്ന ചൂട് ഉപയോഗിക്കുക. ഉയര്‍ന്ന ഊഷ്മാവില്‍ വറുക്കുകയോ പാചകം ചെയ്യുകയോ ചെയ്യുക.
പ്രഷര്‍ കുക്കര്‍
പ്രഷര്‍ കുക്കര്‍
ഇറച്ചി വിഭവങ്ങള്‍ പ്രഷര്‍ കുക്കറില്‍ വേവിക്കുന്നത് ഇറച്ചി വേഗത്തില്‍ തന്നെ വെന്ത് കിട്ടുന്നതിന് സഹായിക്കുന്നു. കൂടാതെ, ഇറച്ചി നല്ലപോലെ സോഫ്റ്റാകാനും ഇത് സഹായിക്കും.
മൈക്രോവേവ്
മാംസം അടുപ്പിലേക്കോ സ്റ്റൗടോപ്പിലേക്കോ മാറ്റുന്നതിന് മുമ്പ് മൈക്രോവേവ് ഉപയോഗിക്കുന്നത്. പാചക പ്രക്രിയയെ വേഗത്തിലാക്കുന്നു.
പാകം ചെയ്യുന്ന സമയം കുറയ്ക്കാനുള്ള മറ്റൊരു എളുപ്പമാര്‍ഗ്ഗം, മാംസം കുറച്ച് ഉപ്പ് ചേര്‍ത്ത് തിളപ്പിച്ച് വായു കടക്കാത്ത പാത്രങ്ങളില്‍ സൂക്ഷിക്കുക എന്നതാണ്. പെട്ടെന്ന് ഭക്ഷണം പാകം ചെയ്യേണ്ട സമയത്ത് അവ ഉപയോഗിക്കാം.
പപ്പായ പേസ്റ്റ്
ഇറച്ചി നല്ല സോഫ്റ്റാകുന്നതിനും വേഗത്തില്‍ വെന്ത് കിട്ടാനും കറിയ്ക്ക് നല്ല സ്വാദ് ലഭിക്കുന്നതിനുമുള്ള മറ്റൊരു മാര്‍ഗ്ഗമാണ് പപ്പായ പേയ്സ്റ്റ്. ഈ പപ്പായ പേയ്സ്റ്റ് ഇറച്ചിയില്‍ നല്ലപോലെ തേച്ച് പിടിപ്പിച്ച് കുറച്ച് നേരം വെക്കുക. അതിന് ശേഷം വേവിക്കുന്നത് ഇറച്ചി നല്ലപോലെ സോഫ്റ്റായി ഇരിക്കുന്നതിനും ഇറച്ചി നല്ലപോലെ വെന്ത് നല്ല സ്വാദ് വര്‍ദ്ധിക്കാനും ഇത് സഹായിക്കും.
ഹജ്ജ് തീര്‍ഥാടനത്തിനായി സാനിയ മിര്‍സ മക്കയിലേക്ക്
ഹജ്ജ് തീര്‍ഥാടനത്തിനായി മക്കയിലേക്ക് യാത്ര തിരിക്കുന്ന വിവരം പങ്കുവെച്ച് മുന്‍ ടെന്നീസ് താരം സാനിയ മിര്‍സ. പുതിയ മനുഷ്യനായി തിരിച്ചെത്താനുള്ള യാത്രയിലാണെന്നും ആരോടെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പൊറുത്തു തരണമെന്നും സാനിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
”പ്രിയ സുഹൃത്തുക്കളെ, വിശുദ്ധ ഹജ്ജ് യാത്രക്കുള്ള അവിശ്വസനീയമായ അവസരം ലഭിച്ചിരിക്കുന്നു. ഈ മഹായാത്രക്ക് തയാറെടുക്കുന്ന അവസരത്തില്‍ തെറ്റുകള്‍ക്കും പോരായ്മകള്‍ക്കും ഞാന്‍ വിനയത്തോടെ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. പാപമോചനവും ആത്മീയ നവീകരണവും തേടിയുള്ള ഈ യാത്രയില്‍ എന്റെ ഹൃദയം നന്ദിയാല്‍ നിറഞ്ഞുകവിയുകയാണ്. അല്ലാഹു എന്റെ പ്രാര്‍ഥന സ്വീകരിച്ച് അനുഗ്രഹീതമായ പാതയില്‍ എന്നെ നയിക്കട്ടെ. ഞാന്‍ അങ്ങേയറ്റം ഭാഗ്യവതിയാണ്. അതോടൊപ്പം അങ്ങേയറ്റം നന്ദിയുള്ളവളും. നിങ്ങളുടെ പ്രാര്‍ഥനകളില്‍ എന്നെയും ഉള്‍പ്പെടുത്തുക. എളിമയുള്ള ഹൃദയവും കരുത്തുറ്റ ഈമാനുമുള്ള മനുഷ്യനായി തിരിച്ചുവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.”-എന്നാണ് സാനിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
നടി ആശാ ശരത്തിനെതിരെ കൊട്ടാരക്കര പോലീസ് എടുത്ത കേസില്‍ സ്റ്റേ
നിക്ഷേപ തട്ടിപ്പ് കേസില്‍ നടി ആശാ ശരത്തിനെതിരായ കേസിലെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. കൊട്ടാരക്കര പോലീസ് എടുത്ത വഞ്ചന കേസിലെ നടപടികള്‍ ആണ് സ്റ്റേ ചെയ്തത്.
പ്രാണ ഇന്‍സൈറ്റിന്റെ പേരില്‍ നിക്ഷേപ തട്ടിപ്പ് നടത്തി എന്നായിരുന്നു പരാതി. നടി കോടികളുടെ തട്ടിപ്പ് നടത്തി രാജ്യംവിട്ടു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ആശാ ശരത്തിന് ഓഹരിയുള്ള കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് എസ്പിസിയന്നും ഈ കമ്പനിയുമായി ചേര്‍ന്ന് ഓണ്‍ലൈനിലൂടെ വന്‍തുക തട്ടിപ്പ് നടത്തി എന്ന തരത്തിലായിരുന്നു കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ പ്രചരിച്ച വ്യാജ വാര്‍ത്ത.
എന്നാല്‍ താനുമായി ഒരുബന്ധവുമില്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത് എന്ന് കാണിച്ച് പിന്നീട് ആശാ ശരത്ത് രംഗത്തുവന്നു. ആശാ ശരത്ത് നേതൃത്വം നല്‍കുന്ന പ്രാണ ഡാന്‍സ് ആപ്പും തട്ടിപ്പിന്റെ ഭാഗമാണെന്നായിരുന്നു ആരോപണം.
16 വര്‍ഷത്തിനു ശേഷം ഞാന്‍ സമാധാനത്തില്‍ ജീവിക്കുന്നു… അതിന്റെ അര്‍ത്ഥം ഞാന്‍ എന്റെ ഭൂതകാലത്തെ മറക്കുന്നു എന്നാണ്… മുറപ്പെണ്ണിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ബാല
സിനിമ താരം ബാല പങ്കുവെച്ച പുതിയ വീഡിയോ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. മുറപ്പെണ്ണ് കോകിലയ്‌ക്കൊപ്പമുള്ള ചിത്രം ഉള്‍പ്പെടുത്തിക്കൊണ്ടാണ് വിഡിയോ.
കോകിലയെ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന ബാലയെ ആണ് ഫോട്ടോയില്‍ കാണുന്നത്. എന്റെ ത്യാഗങ്ങള്‍ ഒന്നും ഭീരുത്വമല്ല, അത് എന്റെ കൃതജ്ഞതായി പരിഗണിക്കുക, 16 വര്‍ഷത്തിനു ശേഷം ഞാന്‍ സമാധാനത്തിലും ദൈവസ്‌നേഹത്തിലും ജീവിക്കുന്നു .അതിന്റെ അര്‍ത്ഥം ഞാന്‍ എന്റെ ഭൂതകാലത്തെ മറക്കുന്നു എന്നാണ്.- എന്ന അടിക്കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്.
പിന്നാലെ നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. എലിസബത്ത് എവിടെ എന്നാണ് എല്ലാവരും ചോദിക്കുന്നത്. കൂടാതെ കോകിലയുമായി വിവാഹനിശ്ചയം കഴിഞ്ഞോ എന്നും ചോദിക്കുന്നവരുണ്ട്. എന്നാല്‍ ഇതിനൊന്നും താരം മറുപടി നല്‍കിയില്ല. കഴിഞ്ഞ ദിവസം കോകിലയ്ക്ക് ബിരിയാണി വാരിക്കൊടുക്കുന്നതിന്റെ വിഡിയോ ബാല പോസ്റ്റ് ചെയ്തിരുന്നു.
കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ തൊഴിലാളി ക്യാമ്പില്‍ വന്‍ തീപിടിത്തം
കുവൈത്തില്‍ സ്വകാര്യ തൊഴില്‍ സ്ഥാപനത്തിന്റെ തൊഴിലാളി ക്യാമ്പില്‍ വന്‍ തീപിടിത്തം. 30 മുതല്‍ 35 പേര്‍ വരെ തീപിടിത്തത്തില്‍ മരണപ്പെട്ടതായി കുവൈത്ത് മാധ്യമങ്ങളെ ഉദ്ധരിച്ചു മറ്റ് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരിച്ചവരില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മലയാളിയുടെ ഉടമസ്ഥതയിലുള്ള മാംഗെഫില്‍ എന്‍ബിടിസി കമ്പനിയിലെ ജീവനക്കാര്‍ താമസിച്ച ഫ്‌ലാറ്റിലാണ് പുലര്‍ച്ചെ നാലിന് തീപിടിത്തമുണ്ടായത്. പുക ശ്വസിച്ചും പൊള്ളലേറ്റും പരിക്കേറ്റ നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സകളിലാണ്.
തീ ഉയര്‍ന്നതോടെ പലരും ജനല്‍ വഴിയും മറ്റും രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇങ്ങനെയും ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. പ്രവാസി മലയാളി വ്യവസായിയുടെ കീഴിലുള്ള സ്ഥാപനത്തില്‍ നിരവധി മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. അഗ്‌നിശമന സേന തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരുന്നു
ട്രോളിങ് നിരോധനം ആരംഭിച്ചതോടെ, സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരുന്നു. സാധാരണക്കാരന്റെ മത്സ്യം എന്നറിയപ്പെടുന്ന മത്തിക്ക് പോലും നിലവില്‍ നിരോധനം വന്നതോടെ തീവിലയാണ്്. കിലോയ്ക്ക് 200 രൂപയ്ക്ക് വിറ്റിരുന്ന മത്തിക്ക് നിലവില്‍ 350 രൂപയായി.
ചൂര ഒരു കിലോയുടെ വില 350 രൂപയാണ്. കണമ്പ് 260, വങ്കട 150ല്‍ നിന്ന് 250ല്‍ എത്തി.
നല്ല ചെമ്മീന്‍ കഴിക്കണമെങ്കില്‍ 400 രൂപയാണ് വില. തിരണ്ടിക്ക് കിലോ 300. അയക്കൂറയും ആവോലിയും കിട്ടാനില്ല. കര്‍ണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് മത്സ്യം കൂടുതല്‍ ജില്ലയിലെത്തുന്നത്.
ഇവിടങ്ങളില്‍ നിന്നെത്തിക്കാനുള്ള വാഹനചാര്‍ജ് കൂടിയത് വിലവര്‍ധനയ്ക്കിടയാക്കി. ട്രോളിങ് നിരോധനത്തോടെയുണ്ടായ താല്‍ക്കാലിക ക്ഷാമം കായല്‍ മത്സ്യത്തിന്റെ വില വര്‍ധനയ്ക്കും ഇടയാക്കിയിട്ടുണ്ട്. കരിമീനിനും ചെമ്പല്ലിക്കും കഴിഞ്ഞ ദിവസത്തേക്കാള്‍ 50 മുതല്‍ 60 രൂപവരെ കൂടി.
മത്സ്യലഭ്യതയിലെ കുറവും ട്രോളിങ് നിരോധനവുമാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. വരും ദിവസങ്ങളില്‍ ഇനിയും വില ഉയരുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. 52 ദിവസം നീണ്ടു നില്‍ക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 ന് അവസാനിക്കും. ട്രോളിംഗ് നിരോധന കാലയളവില്‍ ഇളവ് വേണമെന്നാണ് മത്സ്യബന്ധന മേഖലയുടെ ആവശ്യം.
രണ്ട് മാസത്തോളം നീളുന്ന ട്രോളിംഗ് നിരോധന കാലത്ത് പരമ്പരാഗത വള്ളങ്ങള്‍ക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി. ട്രോളിംഗ് നിരോധനത്തിന്റെ അവസാന 15 ദിവസം ഇളവ് നല്‍കണമെന്നാണ് ബോട്ടുകാരുടെ ആവശ്യം.ട്രോളിംഗ് നിരോധ സമയത്ത് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷന്‍ കാലതാമസമില്ലാതെ ലഭ്യമാക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.





































