സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേക്കും. എറണാകുളം ഇടുക്കി തൃശ്ശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഇന്ന് യല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡു ജില്ലകളിൽ നാളെ യല്ലോ മുന്നറിയിപ്പ് നൽകി.മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.മണിക്കൂറിൽ പരമാവധി 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്ക്.
കേരള – തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ
കോസ്മെറ്റിക്ക് സർജറിക്ക് വിധേയരായ പ്രവാസികള്‍ ശ്രദ്ധിക്കണേ
ദുബായ്. കോസ്മെറ്റിക്ക് സർജറിക്ക് വിധേയരായവർ പാസ്പോർട്ട് ഫോട്ടോ അപ്ഡേറ്റ് ചെയ്യണമെന്ന് നിർദേശം .
ദുബായ് താമസ കുടിയേറ്റകാര്യ വകുപ്പാണ് നിർദേശം നൽകിയത് . സൗന്ദര്യ ശസ്ത്രക്രിയ നടത്തിവരെ പരിശോധന
നടത്തി സ്ഥിരീകരിക്കുന്നതിന് സമയമെടുക്കുന്നത് കാരണം യാത്ര വൈകുന്നത് ഒഴിവാക്കാൻആണ് നിർദേശം
സൗന്ദര്യ ശസ്ത്രക്രിയക്ക് വിധേയരാവുകയും മുഖ രൂപത്തിൽ മാറ്റം വരുത്തുകയും ചെയ്ത യാത്രക്കാരുടെ തിരിച്ചറിയൽ രേഖകൾ വിമാനത്താവളങ്ങളിൽ പരിശോധന നടത്തി സ്ഥിരീകരിക്കുന്നതിന് സമയമെടുക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് ജിഡിആർഎഫ്എ പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. പാസ്പോർട്ട് ലഭിച്ചതിന്ശേഷം മൂക്ക്, കവിൾ, താടി എന്നിവയുടെ ആകൃതിയിലുള്ള അടിസ്ഥാന മാറ്റങ്ങൾ വരുത്തുന്നവർ അതനുസരിച്ച് രേഖകളിലും മാറ്റം വരുത്തണം എന്നാണുന്നിർദേശം . ഇത്തരക്കാർ തങ്ങളുടെ ഏറ്റവും പുതിയ ഫോട്ടോകൾ ഉടൻ തന്നെ പാസ്പോർട്ടിൽ പതിപ്പിക്കണമെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ആവശ്യപ്പെട്ടു. മുഖത്ത് സംഭവിക്കുന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തിലുളള ഫോട്ടോയാണ് നൽകേണ്ടത്. .നേരത്തെ എമിഗ്രേഷൻ സിസ്റ്റത്തിൽ വിവരങ്ങൾ കൃത്യമായി ലഭിക്കുന്നത് വരെ ഇത്തരത്തിൽ സൗന്ദര്യ ശസ്ത്രക്രിയ നടത്തിവരെ പരിശോധനക്കായി മാറ്റിനിർത്തേണ്ടി വന്നതിനാൽ പലരുടെയും യാത്ര മുടങ്ങുകയും ചെയ്തിരുന്നു . ഒഴിവാക്കാൻ വേണ്ടിയാണ് ജി ഡി ആർ എഫ് എ യുടെ ഭാഗത്തിൽ നിന്ന് ഇത്തരമൊരു അറിയിപ്പ്.കൃത്രിമ യാത്രാരേഖകളുമായി ദുബായിലെത്തുന്നവരെ പിടികൂടാനും പുതിയ തീരുമാനം ഉപകാരപ്പെടുമെന്നും അധികൃതർ വ്യക്തമക്കി. .ഈ വർഷത്തെ ആദ്യ മൂന്നുമാസത്തിനുള്ളിൽ 366 കൃത്രിമ യാത്രാ രേഖകളാണ് പിടികൂടിയതെന്ന് വകുപ്പ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
ശൂരനാട് വടക്ക് വഞ്ചിമുക്ക് കുടിവെള്ള പദ്ധതി ഇല്ലാതായിട്ട് ഒരു മാസം
ശൂരനാട് വടക്ക് മൂന്നാം വാർഡ് വഞ്ചിമുക്ക് കുടിവെള്ള പദ്ധതി ഇല്ലാതായിട്ട് ഒരു മാസം തികയുന്നു. കൊടും മഴയത്തും കുടിവെള്ളത്തിനായി മൂന്നാം വാർഡിലെ കിണറില്ലാത്തവർ കുടിവെള്ള പദ്ധതിയെ മാത്രം ആശ്രയിച്ച് കഴിയുന്ന ജനങ്ങൾ വലയുന്നു. വിളിച്ച് അന്വേഷിച്ചാൽ അധികാരികളുടെ സമീപനം വളരെ മോശമായിട്ടാണ്. പണം കൃത്യമായി അവർ വാങ്ങുന്നുണ്ട്. എന്നാൽ കുടിവെള്ളമില്ല . അധികാരികളുടെ കണ്ണ് തുറപ്പിക്കാന്‍ സമരപ്രക്ഷോഭങ്ങള്‍ക്ക് ഒരുങ്ങുകയാണ് നാട്ടുകാര്‍.
തൃശൂര്‍ താമര വിരിഞ്ഞത് ഡിസിസി ഓഫീസിന് മുന്നിലുള്ള ടാങ്കിലെ ചെളിക്കുണ്ടില്‍ നിന്നെന്ന് പി ബാലചന്ദ്രൻ; കെ.മുരളീധരൻ ഡൽഹിക്ക്
തിരുവനന്തപുരം:തൃശൂരില്‍ ഡിസിസി ഓഫീസിന് മുന്നിലെ ടാങ്കിലെ ചെളിക്കുണ്ടില്‍ നിന്നാണ് താമര വിരിഞ്ഞതെന്ന് പി ബാലചന്ദ്രന്‍ എംഎല്‍എ.
തോല്‍വിയില്‍ നിന്ന് എല്‍ഡിഎഫും യുഡിഎഫും പാഠങ്ങള്‍ ഉള്‍ക്കൊള്ളണം. കണക്ക് നിരത്തി പടവെട്ടാനില്ലെന്നും തൃശൂരില്‍ ഡിസിസി ഓഫീസിന് മുന്നിലെ ടാങ്കിലെ ചെളിക്കുണ്ടില്‍ നിന്നാണ് താമര വിരിഞ്ഞതെന്നും പി ബാലചന്ദ്രന്‍ എംഎല്‍എ നിയമ സഭയില്‍ പറഞ്ഞു.
കൂറിലോസിനെതിരായ വിമര്‍ശനത്തിലും പി ബാലചന്ദ്രന്‍ എംഎല്‍എ പ്രതികരിച്ചു. പുരോഹിതന്‍മാരുടെ പരിലാളന ഏറ്റുവളര്‍ന്ന മുന്നണിയല്ല ഇടതുമുന്നണി. സമുദായ രാവണ കോട്ടകളിലെ വര്‍ഗീയവാദികളെ എന്നും എതിര്‍ത്തിട്ടുള്ള പ്രസ്ഥാനമാണ് ഇടതുപക്ഷം. അതുകൊണ്ടുതന്നെ നേതാക്കള്‍ക്ക് വര്‍ഗീയതയെ താലോലിക്കുന്നവരെ വിമര്‍ശിക്കേണ്ടിവരും. അതിനെ മത പൗരോഹിത്യ വിമര്‍ശനമായി പരിഗണിക്കേണ്ടതില്ല. ഇത്തരം പാളിച്ചകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് തന്നെയാണ് ഇടതുപക്ഷം മുന്നോട്ടു വന്നിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം കെ.മുരളീധരൻ നാളെ ഡൽഹിക്ക് പോകും. ഉയർന്ന പാർട്ടി നേതാക്കളുമായി മുരളീധരരൻ ചർച്ച നടത്തും. രണ്ട് ദിവസത്തെ പര്യടനത്തിൽ ചില സുപ്രധാന രാഷ്ട്രീയ തീരുമാനങ്ങൾ രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിലെ ക്യാബിനറ്റ് മന്ത്രിമാര്‍ ചുമതലയേറ്റു
ന്യൂഡെല്‍ഹി.മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിലെ ക്യാബിനറ്റ് മന്ത്രിമാര്‍ ചുമതലയേറ്റു.കൃത്യനിർവഹണത്തിനിടെ ജീവൻ നഷ്ടപ്പെട്ട പോലീസുകാർക്ക് ആദരമറപ്പിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചുമതലയേറ്റത്.റെയിൽവേ മന്ത്രിയായി അശ്വിനി വൈഷ്ണവും വിദേശകാര്യ മന്ത്രിയായി എസ് ജയശങ്കറും ഇന്ന് ചുമതലയേറ്റു
ദേശീയ പൊലീസ് സ്മാരകത്തിലെത്തി പുഷ്പചക്രം സമര്‍പ്പിച്ചാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ചുമതലയേല്‍ക്കാന്‍ പുറപ്പെട്ടത്.ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് വ്യക്തമാക്കിയാണ് രണ്ടാം തവണയും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചുമതലേറ്റത്ത്
ന്യൂനപക്ഷ ക്ഷേമ മന്ത്രിയായി കിരൺ റിജിജു, റെയില്‍വെ മന്ത്രി കൂടിയായ അശ്വനി വൈഷ്ണവ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിലെത്തി ചുമതലയേറ്റു. സഹമന്ത്രി എല്‍.മുരുഗനും ഒപ്പമുണ്ടായിരുന്നു .പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിങ്പുരിയും വൈദ്യുതിമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും ടെക്സ്റ്റൈല്‍ മന്ത്രി ഗിരിരാജ് സിങും തുറമുഖ ,ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാളും ചുമതലയേറ്റു.
തൃശ്ശൂരിന്റെ എംപി ആകാൻ സുരേഷ് ഗോപി ഫിറ്റാ,മേയര്‍ എം കെ വർഗീസിന്‍റെ വാക്ക് സിപിഐക്ക് പൊള്ളുന്നു
തൃശൂര്‍.എൽഡിഎഫിന്റെ തൃശൂർ മേയർ എം കെ വർഗീസിനെതിരെ തുറന്ന പോരിന് സിപിഐ. മേയർ സുരേഷ് ഗോപി ബന്ധത്തിൽ സിപിഐക്ക് അതൃപ്തി. എൽഡിഎഫ് യോഗത്തിൽ മേയർ മാറ്റണമെന്ന ആവശ്യം സിപിഐ ഉന്നയിക്കും. തന്നെ സിപിഐ അല്ല സിപിഐഎമ്മാണ് മേയർ ആക്കിയതെന്ന് തിരിച്ചടിച്ച് എം കെ വർഗീസ്.
തൃശ്ശൂരിന്റെ എംപി ആകാൻ സുരേഷ് ഗോപി ഫിറ്റാണെന്ന് തെരഞ്ഞെടുപ്പ് കാലത്തെ എം കെ വർഗീസിനെ പ്രതികരണമാണ് മേയർ പുറത്താക്കണമെന്ന സിപിഐ ആവശ്യത്തിനു പിന്നിൽ. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം മേയറും സുരേഷ് ഗോപിയും ഭാരത് ഹോട്ടലിൽ കൂടിക്കാഴ്ച നടത്തിയതിലും അതൃപ്തിയുണ്ട്. മേയറെ പുറത്താക്കണമെന്ന് വി എസ് സുനിൽകുമാർ ചില മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു. 17, 18 തീയതികളിൽ ചേരുന്ന സിപിഐ ജില്ലാ നേതൃയോഗങ്ങൾ മേയർക്കെതിരായ നിലപാട് ചർച്ച ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനടക്കം തന്നിൽ വിശ്വാസമുണ്ടെന്നും രാജിവെക്കേണ്ട സാഹചര്യമില്ലെന്നും മേയർ എം കെ വർഗീസ്.
എന്നാൽ സിപിഐയുടെ പരാതി പരിശോധിക്കാനുള്ള നീക്കത്തിലാണ് സിപിഐഎം.തുടർച്ചയായി മുന്നണിയെ വെട്ടിലാക്കുന്ന മേയറുടെ നടപടിയി എൽഡിഎഫിലെ മറ്റു ഘടകകക്ഷികൾക്കും കടുത്ത അതൃപ്തിത്തിയാണുള്ളത്.
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ രണ്ട് മലയാളി യുവതികൾ കടലിൽ വീണുമരിച്ചു
സിഡ്നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ രണ്ട് മലയാളി യുവതികൾ കടലിൽ വീണുമരിച്ചു. നടാൽ നാറാണത്ത് പാലത്തിന് സമീപം ഹിബയിൽ മർവ ഹാഷിം(35), കൊളത്തറ നീർഷ ഹാരിസ്(38) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നീർഷയുടെ സഹോദരി റോഷ്‌ന പരുക്കുകളോടെ രക്ഷപ്പെട്ടു.
ഇന്നലെ പ്രാദേശിക സമയം 4.30നായിരുന്നു അപകടം. സിഡ്‌നി സതർലാൻഡ് ഷെയറിലെ കുർണെലിൽ അവധിയാഘോഷത്തിന് എത്തിയതായിരുന്നു ഇവർ. പാറക്കെട്ടിലിരുന്നപ്പോൾ തിരമാലകൾ വന്നിടിച്ചതിന് പിന്നാലെ മൂന്ന് പേരും കടലിൽ വീഴുകയായിരുന്നു
രാജ്യസഭ,പി പി സുനീറിന് അവസരം കൊടുത്തതിൽ സിപിഐയിൽ പടലപ്പിണക്കം
തിരുവനന്തപുരം. സിപിഐ സംസ്ഥാന നിർവാഹക സമിതി യോഗത്തിലെ തർക്കത്തിന് പിന്നാലെ രാജ്യസഭ സീറ്റിലേക്ക് പി.പി സുനീറിന് അവസരം കൊടുത്തതിൽ സിപിഐയിൽ പടലപ്പിണക്കം.പ്രകാശ് ബാബുവിന് വേണ്ടി ഒരു വിഭാഗം വാദിച്ചെങ്കിലും പി പി സുനീറിന്റെ പേര് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തന്നെ നിർദ്ദേശിക്കുകയായിരുന്നു. സിപിഐയിൽ വീണ്ടും വിഭാഗീയത തല പൊക്കുന്നുവെന്നാണ് പൊതുവിലയിരുത്തൽ.
സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ മുല്ലക്കര രത്നാകരനാണ് പാർട്ടി മുൻ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ്
ബാബുവിന് അവസരം നൽകണമെന്ന നിർദ്ദേശം വെച്ചത്.മന്ത്രി ജി ആർ അനിലും ഇ.ചന്ദ്രശേഖരനും അടക്കമുള്ളവർ
പിന്തുണയ്ക്കുകയും ചെയ്യും.
എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതു വരെ പാർലമെന്റിൽ അവസരം കിട്ടാത്ത ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള
പി പി സുനീർ രാജ്യസഭയിലേക്ക് പോകുന്നതാകും ഉചിതമെന്നു ബിനോയ്
വിശ്വം വാദിച്ചു.ഇതോടെ തർക്കങ്ങൾക്കൊടുവിൽ സുനീറിന്റെ പേര് ഉറപ്പിക്കുകയായിരുന്നു.മുൻ സംസ്ഥാന
സെക്രട്ടറി കാനം രാജേന്ദ്രന്റെ അടുത്ത അനുയായിയായിരുന്നു പി പി സുനീർ.
കാനത്തിന്റെ തന്നെ താല്പര്യ പ്രകാരം സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വം
രാജ്യസഭ സീറ്റിൽ അവരുടെ താല്പര്യം സംരക്ഷിക്കുകയായിരുന്നുവെന്നു എതിർപക്ഷത്തിനു വിമർശനമുണ്ട്.
കഴിഞ്ഞ തവണ പി സന്തോഷ്‌കുമാറിന്റെ പേര് തീരുമാനിച്ചപ്പോഴും അവസാനം വരെ പരിഗണനയിൽ ഉണ്ടായിരുന്ന പ്രകാശ്
ബാബുവിനെ തഴഞ്ഞിരുന്നു.
കുണ്ടറയില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
കൊല്ലം: 5.18 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറലിന്റെ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിവരുന്ന പരിശോധനയുടെ ഭാഗമായി കുണ്ടറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആലുംമൂട് നെടുംകുറ്റിവിള വീട്ടില്‍ ഹരികൃഷ്ണനെ (27)യാണ് എംഡിഎംഎയുമായി കൊല്ലം റൂറല്‍ ഡാന്‍സാഫ് ടീമും കുണ്ടറ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
പാന്റ്‌സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെടുത്തത്. മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട് ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. ഡാന്‍സാഫ് എസ്‌ഐ ബിജു ഹക്ക്, ഉമേഷ്, സിപിഒമാരായ സജുമോന്‍, അഭിലാഷ്, ദിലീപ് തുടങ്ങിയവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കണ്ടക്ടർ ഹീറോയെ ആദരിച്ചു തേവലക്കര ഗേൾസ് ഹൈസ്കൂൾ
തേവലക്കര. ബസിൽ യാത്ര ചെയ്ത യാത്രക്കാരനെ അവിശ്വസനീയമാം വിധം അപകടത്തിൽ നിന്നും രക്ഷിച്ച കണ്ടക്ടറിനെ തേവലക്കര ഗേൾസ് ഹൈസ്കൂൾ ആദരിച്ചു. സ്കൂളിലെ വിദ്യാർത്ഥിനി അനാമികയുടെ പിതാവ് കൂടിയായ ബിജിത്ത് ലാലിനെയാണ് സ്കൂൾ പി റ്റി എയുടെ നേതൃത്വത്തിൽ ആദരിച്ചത്.
ഹെഡ്മാസ്റ്റർ അഹമ്മദ് നിസാറുദീൻ ഉദ്ഘാടനം ചെയ്തു. പി റ്റി എ വൈസ് പ്രസിഡന്റ് ജി പ്രമോദ് അധ്യക്ഷത വഹിച്ചു. പി റ്റി എ പ്രസിഡന്റ് എ സാബു ഉപഹാരം സമ്മാനിച്ചു. എം പി റ്റി എ പ്രതിനിധികളായ ദീപ സജു, ഷിജി, പ്രീത, സ്കൂൾ ലീഡർ പൂജ സജു എന്നിവരും ബിജിത്തിനെ ആദരിച്ചു. സംഭവത്തെ അധികരിച്ചു സ്കൂൾ വിദ്യാർത്ഥിനി ആയിഷ വരച്ച ചിത്രം ചടങ്ങിൽ പ്രകാശിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ഇ അനീസ് സ്വാഗതവും സീനിയർ അസിസ്റ്റന്റ് രാജലക്ഷ്മി പിള്ള നന്ദിയും പറഞ്ഞു. ചവറ – അടൂർ റൂട്ടിലോടുന്ന സുനിൽ ബസിലെ ഡ്രൈവറായ ബിജിത്ത് വാതിലിനു സമീപം യാത്ര ചെയ്ത യാത്രക്കാരൻ റോഡിലേക്ക് വീഴാൻ പോയപ്പോൾ പിടിച്ചു നിർത്തിയ ദൃശ്യങ്ങൾ വാർത്തകളിലും സാമൂഹ്യമാധ്യമങ്ങളിലും നിറഞ്ഞിരുന്നു . ഇതിനു പുറമെ ബസിൽ മറന്നു വെച്ച മൊബൈലും പൈസയും അടങ്ങിയ പഴ്സ് തിരിച്ചു കൊടുത്തും കണ്ടക്ടർ ബിജിത്ത് ശ്രദ്ധ നേടി. ദൈവത്തിന്റെ കൈ എന്ന തലവാചകത്തോടെ നിരവധി പേരാണ് ബിജിത്തിനെ അഭിനന്ദിച്ചത് സാമൂഹ്യ മാധ്യമങ്ങളിൽ രംഗത്തുവന്നത്.


































