Home Blog Page 2629

രാഹുൽ റായ്ബറേലി നിലനിർത്തണമെന്ന് നേതാക്കളുടെ ആവശ്യം

ന്യൂഡെല്‍ഹി. ഏതു മണ്ഡലം നിലനിർത്തണമെന്നതിൽ രാഹുൽഗാന്ധിയുടെ തീരുമാനം ഉടൻ ഉണ്ടാകും.ദേശീയ രാഷ്ട്രീയ സാഹചര്യവും,പാർട്ടിയിലെ പൊതു വികാരവും കണക്കിലെടുത്ത് രാഹുൽ വയനാട് ഉപേക്ഷിച്ച് റായ്ബറേലി നിലനിർത്താനാണ് സാധ്യത.രാഹുലിന്റെ ഒഴിവിൽ പ്രിയങ്ക മത്സരിക്കണമെന്ന് ആവശ്യവും ശക്തമാണ്

പാർട്ടിയുടെ തിരിച്ചുവരവിനും സഖ്യത്തിന്റെ മുന്നേറ്റത്തിനും രാഹുൽ റായ്ബറേലി നിലനിർത്തണമെന്നാണ് നേതാക്കളുടെ ആവശ്യം.ബിജെപിയോട് പോരാടാന്‍ വടക്കേ ഇന്ത്യയില്‍ തന്നെ രാഹുൽ തുടരണമെന്ന ആവശ്യമാണ് പാര്‍ട്ടിയില്‍ ശക്തമായി ഉയരുന്നത്. യുഡിഎഫിന്റെ ഉറച്ച മണ്ഡലമായ വയനാട് നിലനിർത്തുന്നതിന് കൊണ്ട് പാര്‍ട്ടിക്ക് വലിയ ഗുണവുമില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.അന്തിമ തീരുമാനം രാഹുലിന് വിട്ടിരിക്കുകയാണ്.17 നകം രാഹുൽ നിലപാട് പ്രഖ്യാപിക്കും എന്നാണ് കോൺഗ്രസ് അറിയിച്ചിരിക്കുന്നത്.പ്രതിസന്ധിഘട്ടത്തിൽ ഒപ്പം നിന്നും മണ്ഡലമായ വയനാട്ടിനോട് രാഹുലിന് വൈകാരികമായ അടുപ്പമുണ്ട്.
രാഹുൽ ഗാന്ധി ഒഴിയുന്ന മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയുടെ പേരാണ് സജീവ പരിഗണനയിൽ.അതേസമയം,രാഹുൽ വയനാടാണ് ഒഴിയുന്നതെങ്കിൽ ഉപതെരഞ്ഞെടുപ്പിൽ , കേരളത്തിലെ നേതാക്കളെ തന്നെ മത്സരിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുമുണ്ട്.മത്സരിക്കാനില്ലെന്ന മുന്‍ നിലപാടില്‍ നിന്ന് പ്രിയങ്ക പിന്നോട്ട് പോയിട്ടില്ലെന്നാണ് പ്രിയങ്കയുടെ അടുത്ത് വൃത്തങ്ങൾ നൽകുന്ന വിവരം.പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പം ഒഴിവാക്കാൻ ഉടൻ തീരുമാനമുണ്ടാക്കും

കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ യൂത്ത് ലീഗ് നേതാവ് മുഹമ്മദ് കാസിം കുറ്റക്കാരനല്ലെന്ന പൊലിസ് റിപ്പോർട്ട് ആയുധമാക്കി യുഡിഎഫ്

കോഴിക്കോട് . കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ യൂത്ത് ലീഗ് നേതാവ് മുഹമ്മദ് കാസിം കുറ്റക്കാരനല്ലെന്ന പൊലിസ് റിപ്പോർട്ട് ആയുധമാക്കി യുഡിഎഫ്. കെ.കെ ലതിക ഉൾപ്പടെ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച വരെ അറസ്റ്റ് ചെയ്യണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡൻ് കെ പ്രവീൺ കുമാർ ആവശ്യപ്പെട്ടു

ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ കൊട്ടിക്കലാശദിവസമാണ് കാഫിർ സ്ക്രീൻ ഷോട്ട് മുഹമ്മദ് കാസിമിൻ്റെ പേരിൽ പ്രചരിച്ചത് അന്നുമുതൽ തന്നെ ഇതിൽ പങ്കില്ലെന്നും സ്ക്രീൻ ഷോട്ടിൻ്റെ ഉറവിടം കണ്ടെത്തണമെന്നും കാസിമും യുഡിഎഫ് ഉം ആവശ്യപ്പെട്ടിരുന്നു പൊലിസ് കേസെടുത്തു. കെ.കെ ലതിക ഉൾപ്പടെ 12 പേരുടെ മൊഴി രേഖപ്പെടുത്തി പൊലിസ് അന്വേഷണം എങ്ങും എത്താതായതോടെ കാസിം ഹൈക്കോടതിയെ സമീപിച്ചു. ഇതിനെ തുടർന്ന് പൊലിസ് നൽകിയ റിപ്പോർട്ടിലാണ് കാസിം പ്രഥമദൃഷ്ട്യാ കുറ്റക്കാരനല്ലെന്ന് പറയുന്നത് ഈ സാഹചര്യത്തിലാണ് ഈ വിഷയം ഒന്നുകൂടി സജീവമാക്കാൻ തീരുമാനിച്ചത്

പൊലിസ് അന്വേഷണം ഇനിയും നിഷ്ക്രിയമായാൽ മറ്റ് ഏതെങ്കിലും ഒരു ഏജൻസി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്

എ ആർ നഗർ ബാങ്ക് തട്ടിപ്പിൽ മുസ്ലിം ലീഗ് നേതാക്കൾക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

മലപ്പുറം. എ ആർ നഗർ ബാങ്ക് തട്ടിപ്പിൽ മുസ്ലിം ലീഗ് നേതാക്കൾക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലീഗ് നേതാവും മുൻ മന്ത്രിയുമായ പികെകെ ബാവ ഉൾപ്പെടെ 16 പേർക്കാണ് നോട്ടീസ് അയച്ചത്. കണക്ക് ഹാജരാക്കിയില്ലെങ്കിൽ സ്വത്തുക്കൾ പിടിച്ചെടുക്കുമെന്ന് നോട്ടീസിൽ പറയുന്നു.

മരിച്ച് പോയ രണ്ട് നേതാക്കൾക്ക് ഉൾപ്പെടെ 16 പേർക്കാണ് ആദായ നികുതി വകുപ്പ് കോഴിക്കോട് സെൻട്രൽ സർക്കിളിൽ നിന്ന് നോട്ടീസ് അയച്ചത്. എആർ നഗർ ബാങ്കിലെ ഇവരുടെ അക്കൗണ്ടിലേക്ക് 2016 മുതൽ എത്തിയ നിക്ഷേപത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്തണം എന്നാണ് ആവശ്യം. ലീഗ് നേതാവ് പികെകെ ബാവ 1.18 കോടിയുടേയും ലീഗ് വയനാട് ജില്ലാ മുൻ പ്രസിഡന്റ് പിപിഎ കരീം 1.35 കോടിയുടേയും കണക്ക് വ്യക്തമാക്കണമെന്ന് നോട്ടീസിൽ പറയുന്നു. 7 ദിവസത്തെ സമയമാണ് ഇതിനായി നൽകിയത്. ഇതിനോടകം കണക്ക് നൽകിയില്ലെങ്കിൽ സ്വത്ത് ജപ്തി ചെയ്യുമെന്നും നോട്ടീസിലുണ്ട്. അക്കൗണ്ട് വഴിയുള്ള പണമിടപാട് വിവരങ്ങൾ തേടി നേരത്തെ നേതാക്കൾക്ക് നോട്ടീസ് നൽകിയിരിന്നു. ഇതിന് മറുപടി നൽകാതിരുന്നതോടെയാണ് ആദായ നികുതി വകുപ്പ് റിക്കവറി നോട്ടീസ് നൽകിയത്. മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിലുള്ള എ ആർ നഗർ ബാങ്കിൽ ഉടമകളറിയാതെ കോടികളുടെ നിക്ഷേപം നടന്നെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു സംസ്ഥാന സഹകരണ വകുപ്പിന്റേയും ആദായ നികുതി വകുപ്പിന്റേയും അന്വേഷണം.

സൂര്യനെല്ലി കേസിലെ അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തി, മുൻ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുത്തു

.തിരുവനന്തപുരം. സൂര്യനെല്ലി കേസിലെ അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിന് മുൻ ഡി.ജി.പി സിബി മാത്യൂസിനെതിരെ കേസെടുത്തു.ഹൈകോടതി നിർദ്ദേശത്തിന് പിന്നാലെ തിരുവനന്തപുരം മണ്ണന്തല പൊലീസാണ് കേസെടുത്തത്.
സിബി മാത്യൂസിന്റെ ‘നിർഭയം,ഒരു ഐപിഎസ് ഓഫീസറുടെ അനുഭവക്കുറിപ്പുകൾ’ എന്ന പുസ്തകത്തിലാണ് സൂര്യനെല്ലി കേസിലെ അതിജീവിതയെ കുറിച്ചുള്ള വിവരങ്ങൾ പരാമർശിച്ചിട്ടുള്ളത്.അതിജീവിതയുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അതിജീവിത താമസിക്കുന്ന സ്ഥലവും മാതാപിതാക്കളുടെ പേരും പഠിച്ച സ്കൂളിനെ കുറിച്ചും എല്ലാം
പുസ്തകത്തിൽ പറഞ്ഞിരുന്നു.ഈ വിവരങ്ങളിലൂടെ അതിജീവിത ആരാണെന്ന് വ്യക്തമാകുമെന്ന് ഹൈകോടതി
കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുക്കാൻ ഉത്തരവിട്ടത്.

ഐ.പി സി 228 എ പ്രകാരമാണ് സിബി
മാത്യുസിനെതിരെ മണ്ണന്തല പോലീസ് കേസെടുത്തത്

വാർത്താനോട്ടം

2024 ജൂൺ 15 ശനി

BREAKING NEWS

?തൃശൂർ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്.

?കുന്നംകുളം, വേലൂർ, മുണ്ടൂർ ഭാഗങ്ങളിൽ വലിയ ശബദത്തോടെയാണ് മൂന്ന് മുതൽ നാല് വരെ സെക്കൻ്റ് സമയം നീണ്ടു നിൽക്കുന്ന പ്രകമ്പനമാണ് അനുഭവപ്പെട്ടത്.

?രാവിലെ 8.15നായിരുന്നു സംഭവം. ജില്ലാ ഭരണകുടം അന്വേഷണം തുടങ്ങി.

?അട്ടപ്പാടി പുതൂരിൽ ജനവാസ മേഖലയിൽ പുലിയിറങ്ങി;എട്ട് ആടുകളെ കടിച്ചു കൊന്നു.

?സിൽവർ ലൈൻ കേരളത്തിനാവശ്യമില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

?കരുണാകരൻ്റെ സ്മൃതി മണ്ഡപം സന്ദർശിച്ചതിൽ രാഷ്ട്രീയമില്ലന്ന് സുരേഷ് ഗോപി

?പാലക്കാട് പിടികൂടിയ പുലിയെ വിദഗ്ധ ചികിത്സയ്ക്കായി ധോണിയിലെത്തിച്ചു.

?കേരളീയം?

?ലോക കേരളസഭ നാലാം സമ്മളനം ഇന്ന് സമാപിക്കും. മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തും.
സ്പീക്കർ എ എൻ ഷംസീർ സമാപന പ്രസംഗം നടത്തും

?മഞ്ഞുമ്മൽ ബോയ്‌സ് കേസ്: സൗബിൻ ഷാഹിറിനെ ഇ ഡി ചോദ്യം ചെയ്തു

?കുവൈത്ത് തീപിടിത്തം: ചികിത്സയിൽ കഴിയുന്ന 14 മലയാളികളും അപകടനില തരണം ചെയ്തു

?ഇടുക്കി സുവർണഗിരിയിൽ ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസിയായ മധ്യവയസ്‌കൻ വെട്ടിക്കൊന്നു. കക്കാട്ടുകട കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസിസാണ്(35) കൊല്ലപ്പെട്ടത്. പ്രതി സുവർണഗിരി വെൺമാന്തറ ബാബുവിനെ(58) പോലീസ് പിടികൂടി

?? അന്തർ ദേശീയം ??

?ഇറ്റലിയിൽ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും കൂടിക്കാഴ്ച നടത്തി.

? ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം മുമ്പെങ്ങുമില്ലാത്ത വിധം വഷളായി സാഹചര്യത്തിലാണ് ഇരുപ്രധാനമന്ത്രിമാരും കൂടിക്കാഴ്ച നടത്തിയത്.

?യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും മോദി കൂടിക്കാഴ്ച നടത്തി. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായും നയതന്ത്ര തല ചർച്ച നടത്തി. ജി 7 ഉച്ചകോടിക്കിടെ ഫ്രാൻസിസ് മാർപാപ്പയുമായും മോദി കൂടിക്കാഴ്ച നടത്തി. മാർപാപ്പയെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു.

? കായികം ?

?യൂറോ കപ്പിൽ ഇന്നു രാത്രി സ്പെയിൻ ക്രൊയേഷ്യ മത്സരം 9.30 ന്

?അയർലണ്ടിനെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചതിനാൽ യു എസ് എ ടി20 ലോകകപ്പിൻ്റെ സൂപ്പർ എട്ടിൽ കടന്നു.ഇതോടെ പാകിസ്ഥാൻ പുറത്തായി

താമരശ്ശേരി ചുരത്തില്‍ മരം കയറ്റി വന്ന ലോറി മറിഞ്ഞു

താമരശ്ശേരി. ചുരം എട്ടാം വളവിൽ വയനാട്ടിൽ നിന്നു മരം കയറ്റി വന്ന ലോറി മറിഞ്ഞു. പുലർച്ചെ മൂന്ന് മണിക്കായിരുന്നു അപകടം. എതിരെ വന്ന കാറിനെ രക്ഷപ്പെടുത്താനായി വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ക്ലീനർ കൂടത്തായി പൂവോട്ടിൽ സലീമിന് ചെറിയ പരുക്കേറ്റു ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തി. ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടി ആരംഭിച്ചു

ഏകീകൃതകുർബാന വിവാദം, പള്ളികളിൽ നാളെ സർക്കുലർ കത്തിക്കും

കൊച്ചി. സീറോ മലബാർ സഭ ഏകീകൃതകുർബാന വിവാദം. പള്ളികളിൽ നാളെ സർക്കുലർ കത്തിക്കും. വിമത വിഭാഗമാണ് സർക്കുലർ കത്തിക്കുന്നത്. ജൂലൈ 3 ന് മുൻപ് ഏകീകൃത കുർബാന നിർബന്ധമാക്കണമെന്ന മേജർ ആർച്ച് ബിഷപ്പിൻ്റെ സർക്കുലറാണ് കത്തിക്കുന്നത്. അതേ സമയം ഏകീകൃത കുർബാന ചർച്ച ചെയ്യാൻ ചേർന്ന സിനഡ് തീരുമാനമാകാതെ ബുധനാഴ്ച്ച വരെ നീട്ടി

സഹകരണ നിയമ ഭേദഗതി, സർക്കാരും സഹകരണ കമ്മീഷനും സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം

കൊച്ചി.സഹകരണ നിയമ ഭേദഗതിക്ക് സ്റ്റേയില്ല. സർക്കാരും സഹകരണ കമ്മീഷനും സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം. ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നാല് ബാങ്ക് ഭരണ സമതികളാണ് കോടതിയെ സമീപിച്ചത്. മൂന്ന് തവണയിലധികം സമിതിയിലേക്ക് മത്സരിക്കാൻ അയോഗ്യത കൽപ്പിക്കുന്നതടക്കമാണ് ഭേദഗതി. കുമരകം, വിജയപുരം, നെടുങ്കുന്നം, പുതുപ്പള്ളി ബാങ്ക് പ്രസിഡൻറുമാരാണ് ഹര്‍ജി നൽകിയത്. നിയമസഭ ഐക്യകണ്ഠേന പാസാക്കിയ നിയമമെന്ന് സർക്കാർ .. സഹകരണ മേഖലക്ക് യോജിക്കാത്ത പ്രവണതകളെ തുടർന്നാണ് ഭേദഗതി കൊണ്ടുവന്നതെന്നും സർക്കാർ

പന്നിയങ്കര ടോൾ പ്ലാസ്സയിൽ പ്രദേശവാസികളിൽ നിന്നും ടോൾ ഈടാക്കാൻ തീരുമാനം

പാലക്കാട്. പന്നിയങ്കര ടോൾ പ്ലാസ്സയിൽ ജൂലൈ 1 മുതൽ പ്രദേശവാസികളിൽ നിന്നും ടോൾ ഈടാക്കാൻ തീരുമാനം. ഇത് സംബന്ധിച്ച മുന്നറിയിപ്പ് ബോർഡുകൾ ടോൾ പ്ലാസ്സയിലെ വിവിധ സ്ഥലങ്ങളിൽ പതിച്ചു. 2022 മാർച്ച് 9 ന് ടോൾ പിരിവ് ആരഭിച്ചത് മുതൽ പ്രദേശത്തെ ആറ് പഞ്ചായത്തുകളിലുള്ളവരുടെ സ്വകാര്യ വാഹനങ്ങൾ സൗജന്യമായാണ് സർവ്വീസ് നടത്തിവരുന്നത്.

ടോൾ പിരിവ് ആരംഭിക്കുമ്പോൾ തന്നെ പ്രദേശവാസികളിൽ നിന്നും ടോൾ ഈടാക്കാനുള്ള നീക്കം നടന്നെങ്കിലും ശക്തമായ പ്രതിഷേധമുയർന്നിരുന്നു.

പിന്നീട് ജനപ്രതിനിധികൾ വിളിച്ചു ചേർത്ത യോഗത്തിൽ വച്ച് പ്രദേശവാസികളിൽ നിന്നും തല്ക്കാലം ടോൾ പിരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയിരുന്നു.

നിലവിൽ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട് പഞ്ചായത്തുകളിലുള്ളവർക്കും, തൃശൂർ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തിലുള്ളവർക്കുമാണ് തിരിച്ചറിയൽ രേഖ കാണിച്ചാൽ ടോൾ നല്കാതെ കടന്ന് പോകാനുള്ള സൗകര്യമുള്ളത്.

ആദ്യം വ്യക്തികളുടെ തിരിച്ചറിയൽ രേഖയാണ് കാണിച്ചിരുന്നതെങ്കിൽ സമീപകാലത്ത് വാഹനത്തിൻ്റെ ആർ സി ബുക്ക് വേണമെന്ന തീരുമാനം വന്നിരുന്നു.

എന്നാൽ പ്രദേശവാസികൾക്ക് സൗജന്യ യാത്ര അനുവദിക്കില്ലെന്നും അവർ പ്രതിമാസം 340 രൂപ അടച്ച് മാസപാസ് എടുക്കണമെന്നാണ് ടോൾ കമ്പനി അധികൃതരുടെ നിലപാട്.

പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരാനാണ് സാധ്യത.

കഴിഞ്ഞ ദിവസം സ്കൂൾ വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കാനുള്ള നീക്കം പ്രതിഷേധത്തെ തുടർന്ന് വേണ്ടെന്ന് വച്ചിരുന്നു

കൂടാരകഥകളുടെ കുലപതി വിടവാങ്ങി

കണ്ണൂര്‍. സർക്കസ് കഥകളുടെ കുലപതിയെന്നറിയപ്പെടുന്ന പ്രശസ്ത സാഹിത്യകാരൻ ശ്രീധരൻ ചമ്പാട് അന്തരിച്ചു. 86, വയസ്സായിരുന്നു. കണ്ണൂർ, പാട്യം, പത്തായക്കുന്നിലെ വസതിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് അഞ്ചിന് വള്ള്യായി തണൽ വാതക ശ്മശാനത്തിൽ സംസ്കാരം നടക്കും. റപ്പീസ് കലാകാരനായും പിആർഒ ആയും മാനേജരായും ഏഴുവർഷം സർക്കസ് തമ്പുകളിലായി ഇന്ത്യ മുഴുവൻ സഞ്ചരിച്ചു. ഈ ജീവിതാനുഭവമാണ് സർക്കസ് കഥകളും നോവലുകളും തിരക്കഥകളുമായി പിറവികൊണ്ടത്. റിങ്, അന്തരം, കൂടാരം എന്നീ നോവലുകളും ബാലസാഹിത്യകൃതികളും ഉൾപ്പെടെ 20 ലേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ്.