കുന്നത്തൂർ:ജമ്മുകാശ്മീരിൽ ജോലിക്കിടെ അപകടത്തിൽ മരിച്ച
കുന്നത്തൂർ സ്വദേശിയായ സൈനികന്റെ മൃതദേഹം തിങ്കളാഴ്ച സംസ്ക്കരിക്കും.കുന്നത്തൂർ രണ്ടാം വാർഡ് മാനാമ്പുഴ കോളാറ്റ് വീട്ടിൽ (ഗായത്രി) വിജയൻകുട്ടിയാണ്(48) ശനിയാഴ്ച മരിച്ചത്.മണ്ണു മാന്തിയന്ത്രം മറിഞ്ഞുണ്ടായ അപകടത്തിലാണ് മരണം എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.28 വർഷമായി സൈനിക സേവനം അനുഷ്ഠിക്കുന്ന വിജയൻകുട്ടി കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് അവസാനമായി നാട്ടിലെത്തിയത്.വീടിന് സമീപമുള്ള തൃക്കണ്ണാപുരം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞാണ് ജോലി സ്ഥലത്തേക്ക് മടങ്ങിയത്.മഹോർ ഗവ.ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം വിമാനതാവളത്തിൽ
ഞായർ രാത്രിയോടെ എത്തിക്കുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.
ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം
തിങ്കൾ രാവിലെ 8ന് ജന്മനാട്ടിൽ എത്തിക്കും.പൊതുദർശനത്തിനു ശേഷം പൂർണ സൈനിക ബഹുമതികളോടെ 10 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.ഭാര്യ:നിഷ.മക്കൾ:രമ്യ വിജയൻ,ഭവ്യ വിജയൻ.
ജമ്മുകാശ്മീരിൽ ജോലിക്കിടെ അപകടത്തിൽ മരിച്ച സൈനികന്റെ മൃതദേഹം സൈനിക ബഹുമതികളോടെ തിങ്കളാഴ്ച സംസ്ക്കരിക്കും
സിവിൽ സർവ്വീസ്;കുന്നത്തൂർ എൻഎസ്എസ് കരയോഗ യൂണിയനിൽ സൗജന്യ സെമിനാർ തിങ്കളാഴ്ച
കുന്നത്തൂർ:കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയനിൽ പ്രവർത്തിക്കുന്ന ഹ്യൂമൻ റിസോഴ്സസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സിവിൽ സർവീസ് എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചിരിക്കുന്നു. തിങ്കൾ രാവിലെ 10 മുതൽ 1 വരെയാണ് സെമിനാർ.എൻഎസ്എസ് സിവിൽ സർവീസ് അക്കാഡമി ഫാൽക്കറ്റിയും, ഗവൺമെന്റ് ഇന്ത്യൻ പബ്ലിക് സ്കൂൾ അധ്യാപകനും എൻ.എസ്.എസ് പ്രതിനിധിസഭാംഗവുമായ
(തിരുവനന്തപുരം യൂണിയൻ)ആർ.രാജേഷ് സെമിനാർ നയിക്കും.നമുക്കും നേടാം സിവിൽ സർവീസ് എന്ന ലക്ഷ്യത്തോടെ പുതിയ കോഴ്സുകളും തൊഴിൽ സാധ്യതകളും പരിചയപ്പെടുത്തുന്നതാണ് സെമിനാർ.താലൂക്കിലെ എൻഎസ്എസ് കരയോഗങ്ങളിൽപ്പെട്ട എസ്എസ്എൽസി പരീക്ഷ പാസായി നിൽക്കുന്നവർ മുതൽ മുകളിലോട്ട് വിദ്യാഭ്യാസം ചെയ്യുന്ന ക്ലാസ്സുകളിലെ വിദ്യാർത്ഥി/ വിദ്യാർത്ഥിനികളും അവരവരുടെ രക്ഷാകർത്താക്കൾക്കും പങ്കെടുക്കാവുന്നതാണെന്ന് യൂണിയൻ പ്രസിഡന്റും സെക്രട്ടറിയും അറിയിച്ചു.
സിപിഎമ്മിൻ്റെ തകർച്ചയ്ക്ക് കാരണം മുസ്ലിം പ്രീണനം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിൻ്റെ വൻതോൽവിക്ക് കാരണം സിപിഎമ്മിൻ്റെ നഗ്നമായ മുസ്ലിം പ്രീണനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹമാസ് അനുകൂലവും സിഎഎ വിരുദ്ധവുമായ പ്രചരണമാണ് തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം നടത്തിയത്. ഭരണപരാജയവും അഴിമതിയും മറച്ചുവെക്കാനാണ് മുഖ്യമന്ത്രി ഇത്തരത്തിൽ വർഗീയ പ്രചരണം നടത്തിയത്. മുഖ്യമന്ത്രിയുടെ വിഷലിപ്തമായ വാക്കുകൾ കേരളീയ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ളതായിരുന്നു. എന്നാൽ സിപിഎമ്മിൻ്റെ പ്രചരണം കോൺഗ്രസ് ഏറ്റെടുക്കുകയും ചെയ്തു. സിപിഎം വിതച്ചതാണ് ഇപ്പോൾ കോൺഗ്രസ് കൊയ്തത്. ഭാവിയിൽ അത് മതതീവ്രവാദികൾക്കാണ് ഗുണം ചെയ്യുക.
നരേന്ദ്രമോദി സർക്കാരിൻ്റെ വികസന നേട്ടങ്ങൾ ഉയർത്തിയാണ് എൻഡിഎ തിരഞ്ഞെടുപ്പിനെ സമീപിച്ചത്. ദേശീയ ജനാധിപത്യ സഖ്യത്തിന് ലഭിച്ചത് പോസിറ്റീവ് വോട്ടുകളാണ്. സിപിഎമ്മിൻ്റെ മുസ്ലിം പ്രീണനത്തിനെതിരെ സിപിഎമ്മിലെ ഭൂരിപക്ഷ വിഭാഗത്തിൽപ്പെട്ട അണികൾ വ്യാപകമായി ബിജെപിക്ക് വോട്ടു ചെയ്തു. സിപിഎം പാർട്ടി ഗ്രാമങ്ങളിൽ ബിജെപി വൻമുന്നേറ്റമുണ്ടാക്കിയത് ഇതിൻ്റെ പ്രതിഫലനമാണെന്ന് വ്യക്തമാണ്. വർഗീയ പ്രീണനം സിപിഎം തുടരുമെന്നതിൻ്റെ ഉദാഹരണമാണ് രാജ്യസഭാ സ്ഥാനാർത്ഥി നിർണയം. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎമ്മും കോൺഗ്രസും മുസ്ലിം മതമൗലികവാദികളുടെ വോട്ടിന് വേണ്ടി മത്സരിക്കുമെന്ന കാര്യം ഉറപ്പാണ്. സിപിഎം തിരുത്തലുകൾക്ക് വിധേയമാവുമെന്നത് അവരുടെ ചരിത്രമറിയുന്ന ആരും വിശ്വസിക്കില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
‘അഹങ്കാരമേ’ നിന്റെ പേരാണോ ശോഭാ സുരേന്ദ്രൻ, ജി സുധാകരന്‍
ആലപ്പുഴ.ശോഭാസുരേന്ദ്രന്റെ അഭിനന്ദനത്തെ പരിഹസിച്ച് ജി സുധാകരൻ. താൻ മോദി ശക്തനാണെന്ന് പറഞ്ഞത് ഏകാധിപതി എന്ന നിലയിൽ. അതിനാണ് ശോഭാ സുരേന്ദ്രൻ തന്നെ അനുമോദിച്ചത്
ആലപ്പുഴയിൽ എനിക്കവർ സംരക്ഷണം തരും എന്നാണ് പറയുന്നത്. ‘അഹങ്കാരമേ’ നിന്റെ പേരാണോ ശോഭാ സുരേന്ദ്രൻ. ആലപ്പുഴയിൽ അവർ വന്നു തുടങ്ങിയതേയുള്ളൂ, അപ്പോഴേക്കും സംരക്ഷണം ഒരുക്കിയെന്നും പരിഹാസം. സഹോദരീ, നിങ്ങൾ കുറെ വോട്ടുകൾ പിടിച്ചു, സമ്മതിച്ചു, പക്ഷേ അതിന്റെ അഹങ്കാരം വേണ്ട. അഹങ്കാരം അധപതനത്തിന്റെ മുന്നോടിയാണെന്ന് ശോഭാസുരേന്ദ്രൻ മനസ്സിലാക്കണമെന്നും ജി സുധാകരൻ.
ചാത്തന്നൂരില്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവര്‍ മരിച്ചു,വിഡിയോ
ചാത്തന്നൂര്‍: ദേശീയപാതയില്‍ കാര്‍ കത്തി ഡ്രൈവര്‍ മരിച്ചു. കാര്‍ യാത്രികന്‍ ആത്മഹത്യ ചെയ്തതാണെന്ന് സൂചന. കാരംകോട് തട്ടാരുകോണം ജെയ്‌നു നിവാസില്‍ ജയ്‌നു (58)ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം 6.30-ഓടെ കൊല്ലം-തിരുവനന്തപുരം ദേശീയപാതയില്‍ സ്പിന്നിംഗ് മില്ലിന് സമീപം മാന്‍കുന്നം ആശുപത്രിയ്ക്ക് മുന്നിലായാണ് അപകടം ഉണ്ടായത്. നിര്‍മ്മാണപ്രവൃത്തി നടക്കുന്നതിനാല്‍ ദേശീയപാതയില്‍ മധ്യഭാഗത്തായി ഒഴിച്ചിട്ടിരുന്ന സ്ഥലത്ത് കാര്‍ നിര്‍ത്തിയിട്ട ശേഷം തീകൊളുത്തിയതെന്നാണ് പോലീസിന്റെ നിഗമനം.
തീ ആളി കത്തുന്നത് കണ്ട് നാട്ടുകാര്‍ ഓടികൂടി പോലീസിനെയും ഫയര്‍ ഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചാത്തന്നൂര്‍ പോലീസും പരവൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലതെത്തി തീയണയ്ക്കുകയായിരുന്നു. ചാത്തന്നൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഭാര്യ: ചിത്ര. മകള്‍: അഞ്ജിത. മരുമകന്‍: റോയി ഹിലാരി.
കുടുംബ പ്രശ്നത്തില്‍ കേസ് എടുത്തില്ല; പോലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ച് തകര്‍ത്തു
കൊല്ലം: കൊല്ലം ചിതറ പോലീസ് സ്റ്റേഷനിലെ രണ്ട് ജീപ്പുകളുടെ ചില്ല് അടിച്ചു തകര്‍ത്തു. ഭാര്യക്കെതിരെ നല്‍കിയ സാമ്പത്തിക തര്‍ക്ക പരാതിയില്‍ പൊലീസ് കേസെടുത്തില്ലന്ന് ആരോപിച്ച് ഭര്‍ത്താവാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ പുതുശ്ശേരി ലളിത ഭവനത്തില്‍ ധര്‍മദാസിനെ (52) പോലീസ് അറസ്റ്റ് ചെയ്തു.
രാവിലെ അഞ്ചരയോടെയാണ് ധര്‍മ്മദാസ് ചിതറ പോലീസ് സ്റ്റേഷനില്‍ എത്തിയത്. കയ്യില്‍ കരുതിയ കളമാന്തി ഉപയോഗിച്ച് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് പൊലീസ് ജീപ്പുകളുടെ ചില്ല് അടിച്ചു പൊട്ടിച്ചു. ശബ്ദം കേട്ട് പൊലീസുകാര്‍ എത്തിയതോടെ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു. ധര്‍മ്മദാസിനെ പൊലീസുകാര്‍ ഓടിച്ചിട്ട് പിടികൂടി. പൊലീസ് സ്റ്റേഷനില്‍ അക്രമം നടത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും പ്രതിക്കെതിരെ കേസെടുത്തു.
സാമ്പത്തിക തര്‍ക്ക പരാതിയില്‍ ഭാര്യയ്ക്കും ഭാര്യാമാതാവിനും എതിരെ പൊലീസ് കേസെടുത്തില്ലന്ന് ആരോപിച്ചാണ് ധര്‍മ്മദാസ് ആക്രമണം നടത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുകൂട്ടരെയും ഇന്നലെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പൊലീസ് ചര്‍ച്ച നടത്തിയിരുന്നു.
തന്റെ ഉടമസ്ഥയിലുള്ള വസ്തു വിറ്റ പണം ധൂര്‍ത്തടിക്കാന്‍ നല്‍കാത്തതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്ന് ഭാര്യ പൊലീസിനെ അറിയിച്ചു. പണം മക്കളുടെ പേരില്‍ നിക്ഷേപിച്ചെന്നും വ്യക്തമാക്കി. എന്നാല്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന പണം നഷ്ടമായെന്നും മോഷണക്കുറ്റത്തിന് കേസെടുക്കണമെന്നുമാണ് ധര്‍മ്മദാസിന്റെ പരാതി.
രാജ്യത്ത് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കും
രാജ്യത്ത് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കും. ആധുനിക സാങ്കേതിക വിദ്യകളോടെയുള്ള വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ ട്രയല്‍ റണ്‍ ഓഗസ്റ്റ് 15ന് ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സ്ലീപ്പര്‍ റേക്കുകളുടെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും, രണ്ടു മാസത്തിനകം ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്ര റെയില്‍വേ മന്ത്രി വ്യക്തമാക്കി.
ബിഇഎംഎല്‍ ലിമിറ്റഡിന്റെ ബാഗളൂരു റെയില്‍ യൂണിറ്റാണ് ട്രെയിന്‍സെറ്റ് നിര്‍മ്മിക്കുന്നത്. എല്ലാ സാങ്കേതിക ജോലികളും അവസാന ഘട്ടത്തിലാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് സുഖമായി സഞ്ചരിക്കാനും ആഗോള നിലവാരത്തില്‍ വിവിധ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതുമാണെന്ന് റെയില്‍വേ മന്ത്രി പറഞ്ഞു.
സ്ലീപ്പര്‍ ട്രെയിനുകളുടെ ട്രയല്‍ റണ്ണില്‍ കര്‍ശന പരിശോധന ഉണ്ടാകും. ട്രയല്‍ റണ്‍ കുറഞ്ഞത് ആറു മാസമെങ്കിലും തുടരും. പരീക്ഷണങ്ങള്‍ വിജയകരമായാല്‍, കൂടുതല്‍ റേക്കുകളുടെ നിര്‍മ്മാണം വേഗത്തിലാക്കും. എല്ലാ പ്രധാന നഗരങ്ങളെയും വിവിധ റൂട്ടുകളെയും ബന്ധിപ്പിച്ച് 2029 ഓടെ കുറഞ്ഞത് 200-250 വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളെങ്കിലും ഓടിക്കാനുള്ള ശ്രമങ്ങളാണ് റെയില്‍വേ മന്ത്രാലയം നടത്തുന്നതെന്നും മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഭൂചലനത്തിൽ ആന ഞെട്ടി ഉണരുന്ന CCTV ദൃശ്യം വൈറലായി
തൃശൂര്‍.ഭൂചലനത്തിൽ ആന ഞെട്ടി ഉണരുന്ന CCTV ദൃശ്യം വൈറലായി. തൃശൂർ ഭൂചലനത്തിലെ അസാധാരണ കാഴ്ചയാണ് കൗതുകം പരത്തുന്നത്. ആന ഞെട്ടി ഉണരുന്ന സിസിറ്റിവി ദൃശ്യം പുറത്ത്. ഇന്ന് പുലർച്ചെ ഉണ്ടായ ഭൂചലന സമയത്തേതാണ് ദൃശ്യം. ഭൂചലനം പോലുള്ള പ്രകൃതിക്ഷോഭങ്ങള്‍ക്ക് മുമ്പ് മൃഗങ്ങള്‍ക്ക് അവ തിരിച്ചറിയാനാകുമെന്നും അവ പ്രതികരിക്കുമെന്നും വിവരമുണ്ട്. ഇതുപക്ഷേ ശാന്തനായി ഉറങ്ങുന്ന ആന ഞെട്ടി എഴുന്നേല്‍ക്കുകയും പരിഭ്രാന്തിയോടെ ചിന്നം വിളിക്കുകയും ചെയ്യുന്നത്. പാറന്നൂർ നന്ദൻ എന്ന ആനയാണ് ഞെട്ടി ഉണർന്ന് ചിന്നം വിളിക്കുന്നത്.
മലയാളി യാത്രക്കാരെ മുഖം മൂടി ധരിച്ച് ആക്രമിച്ച സംഭവത്തില്‍ നാല് പേര്‍ പിടിയില്‍
കൊച്ചി: സേലം-കൊച്ചി ദേശീയപാതയില്‍ രാത്രിയില്‍ മലയാളി യാത്രക്കാരെ മുഖം മൂടി ധരിച്ച് ആക്രമിച്ച സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ ശിവദാസ് (29), രമേഷ് ബാബു (27), കുന്നത്തുപാളയം സ്വദേശി വിഷ്ണു (28), മല്ലപ്പള്ളി അജയ് കുമാര്‍ (24) എന്നിവരെ മധുക്കര പൊലീസ് അറസ്റ്റുചെയ്തു. പ്രതികളിലൊരാളായ വിഷ്ണു മദ്രാസ് റജിമന്റില്‍ സൈനികനാണ്. പാലക്കാടു നിന്നാണ് ഇവര്‍ പിടിയിലായത്. പ്രതികളെ റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികള്‍ ഒളിവിലാണ്.
വെള്ളിയാഴ്ച പുലര്‍ച്ച കോയമ്പത്തൂര്‍ മധുക്കര സ്റ്റേഷന്‍ പരിധിയിലെ എല്‍ആന്‍ടി ബൈപ്പാസിലായിരുന്നു ആക്രമണം. എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്ലം സിദ്ദിഖും ചാള്‍സ് റജിയും 2 സഹപ്രവര്‍ത്തകരുമാണ് ആക്രമണത്തിനിരയായത്. മൂന്ന് കാറുകളിലെത്തിയ പതിനഞ്ചംഗ മുഖംമൂടി സംഘമാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അടിച്ചുതകര്‍ത്തത്. കുഴല്‍പ്പണവുമായി വരുന്നവരെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം.
വാഹനപരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചു തെറിപ്പിച്ച് കടന്നു കളഞ്ഞ കേസിലെ പ്രതി പിടിയില്‍
പാലക്കാട്: വാഹനപരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചു തെറിപ്പിച്ച് കടന്നു കളഞ്ഞ കേസിലെ പ്രതി പിടിയില്‍. കാര്‍ ഓടിച്ചിരുന്ന അലന്‍ എന്ന 19 കാരനെ പട്ടാമ്പിയില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തൃത്താല പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
പട്ടാമ്പിയിലെ ഒരു രഹസ്യ കേന്ദ്രത്തിലായിരുന്നു അലന്‍ ഒളിച്ചിരുന്നത്. അലന്‍ പോയ വാഹനത്തിന്റെ റൂട്ടുകള്‍ പോലീസ് ട്രാക്ക് ചെയ്തിരുന്നു. അങ്ങനെയാണ് അലന്റെ ഒളിവിടത്തിലെത്തിയത്. ഇയാളെ തൃത്താല പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.
അപകടസമയത്ത് കൂടെയുണ്ടായിരുന്നത് സുഹൃത്തായ ഒറ്റപ്പാലം സ്വദേശി അജീഷ് ആണെന്ന് അലന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. രാത്രികാല വാഹനപരിശോധനയ്ക്കിടെ തൃത്താല സ്റ്റേഷനിലെ എസ്ഐ ശശികുമാറിനെ ഇടിച്ചു തെറിപ്പിച്ചാണ് അലന്‍ കടന്നുകളഞ്ഞത്. പരുതൂര്‍മംഗലത്തു സംശയാസ്പദമായി വാഹനം കിടക്കുന്നത് കണ്ട് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് എസ്‌ഐയെ ഇടിച്ചുവീഴ്ത്തി കടന്നു കളഞ്ഞത്.


































