Home Blog Page 2623

കുന്നത്തൂർ പഞ്ചായത്തിലെ കാട്ടു പന്നി ശല്യം;പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

കുന്നത്തൂർ:കുന്നത്തൂർ പഞ്ചായത്തിലെ തൊളിക്കൽ ഏല, കണ്ണാണി ഏല,തമിഴംകുളം ഏല,കരിമ്പിൻപുഴ ഏല എന്നീ ഭാഗങ്ങളിൽ കൃഷി നശിപ്പിക്കുന്ന
കാട്ടുപന്നികളെ തുരത്താൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.ഓണ വിപണി ലക്ഷ്യമിട്ട് ഇറക്കിയ ഏത്തവാഴ,മരച്ചീനി,പയർ,പാവൽ,ചീര ഉൾപ്പടെയുള്ള കൃഷികളാണ് വ്യാപകമായി നശിപ്പിക്കുന്നത്.പന്നികളുടെ ആക്രമണത്തിൽ കർഷകരും ഭയഭീതിയിലാണ്.ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.കാട്ടു പന്നി ശല്യം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ ഉറപ്പിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.മണ്ഡലം പ്രസിഡന്റ് സി.ശശിധരൻ,മുൻ പഞ്ചായത്ത് പ്രസിഡന്റ് കുന്നത്തൂർ പ്രസാദ്,യുഡിഎഫ് കുന്നത്തൂർ മണ്ഡലം ചെയർമാൻ റ്റി.എ സുരേഷ് കുമാർ,പഞ്ചായത്ത് അംഗങ്ങളായ ഷീജാ രാധാകൃഷ്ണൻ,റെജി കുര്യൻ, രാജൻ നാട്ടിശ്ശേരി,ജോൺ,രാജീവ് എന്നിവർ പങ്കെടുത്തു.

സമൂഹത്തിന് നന്മ ചെയ്യാൻ കഴിയുന്നവരാകണം വിദ്യാർത്ഥികൾ:രമേശ് ചെന്നിത്തല

ശൂരനാട്:സമൂഹത്തിന് നന്മ ചെയ്യാൻ കഴിയുന്ന ഉത്തമ പൗരന്മാരാകണം വിദ്യാർത്ഥികളെന്ന് മുൻ പ്രതിപക്ഷ
നേതാവ് രമേശ് ചെന്നിത്തല എംഎൽഎ അഭിപ്രായപ്പെട്ടു.ശൂരനാട് വടക്ക് പ്രിയദർശിനി പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തെക്കേമുറിയിൽ സംഘടിപ്പിച്ച ആദരവ് 2024 എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഇരുനൂറിൽപ്പരം വിദ്യാർത്ഥികളെയും എംബിബിഎസ്,ബി.ഡി.എസ് ഡോക്ടർമാരെയും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു.സൊസൈറ്റി പ്രസിഡന്റ് ആർ.ചന്ദ്രേശേഖരൻ അധ്യക്ഷത വഹിച്ചു.ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്,ജനറൽ സെക്രട്ടറി ദിനേശ് ബാബു,പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ആർ.നളിനാക്ഷൻ,വില്ലാടൻ പ്രസന്നൻ,യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ഹാഷിം സുലൈമാൻ,സുഹൈൽ അൻസാരി,നിയോജക മണ്ഡലം പ്രസിഡന്റ് റിയാസ് പറമ്പിൽ എന്നിവർ സംസാരിച്ചു.സൊസൈറ്റി സെക്രട്ടറി വി.വേണുഗോപാല കുറുപ്പ് സ്വാഗതവും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺ ഗോവിന്ദ് നന്ദിയും പറഞ്ഞു.

എന്തുകൊണ്ട് നീ എന്നോട് ഇങ്ങനെ ചെയ്തു…. പട്ടാപ്പകല്‍ സ്പാനര്‍ കൊണ്ട് തലയ്ക്കടിച്ച് യുവാവ് പെണ്‍സുഹൃത്തിനെ അതിക്രൂരമായി കൊലപ്പെടുത്തി

ആളുകള്‍ നോക്കിനില്‍ക്കെ പട്ടാപ്പകല്‍ യുവാവ് പെണ്‍സുഹൃത്തിനെ അതിക്രൂരമായി കൊലപ്പെടുത്തി. പ്രണയപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മുംബൈയില്‍ ആണ് സംഭവം. സ്പാനര്‍ കൊണ്ട് പതിനാലുതവണ യുവതിയുടെ തലയ്ക്കടിച്ചാണ് യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത്.
ഇരുവരും തമ്മില്‍ ആറ് വര്‍ഷമായി പ്രണയത്തിലായിരുന്നെന്ന് പോലീസ് പറയുന്നു. 29 കാരനായ രോഹിത് യാദവാണ് 20-കാരിയായ ആരതിയെ നടുറോഡിലിട്ട് ക്രൂരമായി കൊലപ്പെടുത്തിയത്. ആരതി രാവിലെ ജോലിക്ക് പോകുന്നതിനിടെ പിറകില്‍ നിന്നെത്തിയ രോഹിത് സ്പാന്നര്‍ കൊണ്ട് യുവതിയുടെ തലയ്ക്കടിക്കുകയായിരുന്നു. റോഡില്‍ വീണ യുവതിയുടെ തലയില്‍ പതിനാല് തവണ സ്പാനര്‍ കൊണ്ട് അടിക്കുകയും ചെയ്തു. എന്തുകൊണ്ട് നീ എന്നോട് ഇങ്ങനെ ചെയ്തെന്ന് ചോദിച്ചായിരുന്നു മര്‍ദനം.
യുവതിക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്ന രോഹിതിന്റെ സംശയത്തെ തുടര്‍ന്നായിരുന്നു ആക്രമണം. ഇതേചൊല്ലി നേരത്തെയും ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. കൊലനടത്തിയ ശേഷം യുവാവ് യുവതിയുടെ മൃതദേഹത്തിനരികെ തന്നെ ഇരിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പൊറോട്ട പ്രേമികള്‍ക്ക് നിരാശ

സംസ്ഥാനത്ത് വില്‍ക്കുന്ന പാക്കറ്റ് പൊറോട്ടയുടെ നികുതി കുറയില്ല. പൊറോട്ടയുടെ നികുതി കുറച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. പാക്കറ്റ് പൊറോട്ടയുടെ നികുതി 18-ല്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചതാണ് സ്്‌റ്റേ ചെയ്തത്. സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് നടപടി. ഹാഫ് കുക്ക്ഡ്’ പൊറോട്ടയ്ക്ക് 5 ശതമാനം ജിഎസ്ടിയെ ഈടാക്കാനാകു എന്നായിരുന്നു നേരത്തെയുള്ള നിര്‍ദേശം.

മത്സരിക്കാനില്ല; പ്രചാരണത്തിന് യുഡിഎഫിനൊപ്പം ശക്തമായി ഉണ്ടാകുമെന്ന് പിഷാരടി

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് നടൻ രമേശ് പിഷാരടി. മത്സരരംഗത്തേക്ക് ഉടനെയില്ലെന്നും തന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ശരിയല്ലെന്നും പിഷാരടി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അതേസമയം പ്രവർത്തനത്തിനും പ്രചാരണത്തിനും ശക്തമായി യുഡിഎഫിനൊപ്പമുണ്ടാകുമെന്നും പിഷാരടി പറഞ്ഞു.

പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

നിയമസഭ ഉപതിരഞ്ഞെടുപ്പ്
മത്സര രംഗത്തേക്ക് ഉടനെയില്ല.
എന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപെട്ടു വരുന്ന വാർത്തകൾ ശരിയല്ല.
പാലക്കാട്, വയനാട്, ചേലക്കര
പ്രവർത്തനത്തിനും പ്രചരണത്തിനും ശക്തമായി യുഡിഎഫിനു ഒപ്പമുണ്ടാവും.

വിഷം കഴിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു

വിഷം കഴിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു. പാലക്കാട് പുതുശ്ശേരി വടക്കേരിത്തറ സ്വദേശി രാധാകൃഷ്ണന്‍ (56) ആണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിമൂലമാണ് വിഷം കഴിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. രണ്ട് ബാങ്കുകളിലായി ആറു ലക്ഷം കടബാധ്യത രാധാകൃഷ്ണനുണ്ടായിരുന്നു.
സ്വന്തം മണ്ണിലും പാട്ടത്തിനെടുത്ത ഭൂമിയിലും മുടങ്ങാതെ രാധാകൃഷ്ണന്‍ കൃഷിയിറക്കിയിരുന്നു. ഏക ഉപജീവന മാര്‍ഗവും കൃഷിയായിരുന്നു. സംഭരിച്ച നെല്ലിന്റെ പണം ഉള്‍പ്പെടെ വൈകിയ സാഹചര്യത്തില്‍ സ്വര്‍ണ വായ്പയുടെ പിന്‍ബലത്തിലായിരുന്നു കൃഷി. ബാധ്യത ഉയര്‍ന്ന് രണ്ട് ബാങ്കുകളിലായി ആറ് ലക്ഷം കടന്നു. സാമ്പത്തിക പ്രതിസന്ധി കാരണം ഇത്തവണ ഒന്നാം വിളയിറക്കാന്‍ കഴിയാത്തതും രാധാകൃഷ്ണനെ തളര്‍ത്തിയെന്ന് മകന്‍ പറയുന്നു. ഗോള്‍ഡ് ലോണ്‍ ഉള്‍പ്പെടെ ആറര ലക്ഷത്തിലേറെ കടമുണ്ടായിരുന്നു. സംഭരിച്ച നെല്ലിന്റെ പൈസ കിട്ടാത്തതിലും വിഷമത്തിലായിരുന്നു. ഈമാസം അഞ്ചിനാണ് രാധാകൃഷ്ണനെ വീട്ടിനുള്ളില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. കൃഷിയിടത്തില്‍ പ്രയോഗിക്കുന്ന കളനാശിനി കുടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ രാധാകൃഷ്ണന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്.

വൈദ്യുതി കെണിയില്‍ നിന്നും ഷോക്കേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വൈദ്യുതി കെണിയില്‍ നിന്നും ഷോക്കേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടത്ത് പാലയ്ക്കത്തൊടിയില്‍ പാറുക്കുട്ടിയാണ് മരിച്ചത്. അയല്‍വാസിയുടെ കോഴിഫാമിന് സമീപം ഒരുക്കിയ വൈദ്യുതി കെണിയില്‍ തട്ടിയാണ് ദുരന്തം.
നായ്ക്കളെയും കുറുക്കന്‍മാരെയും കാട്ടുപന്നികളെയും പ്രതിരോധിക്കാന്‍ ഒരുക്കിയ കെണിയില്‍ തട്ടിയുള്ള അപകടമെന്നാണ് പോലീസ് പറയുന്നത്. രാവിലെ പാലുമായി പോയ പാറുക്കുട്ടി തിരിച്ചെത്താതിനെ തുടര്‍ന്നു നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. രാവിലെ വീട്ടില്‍ നിന്നിറങ്ങിയാല്‍ പശുക്കള്‍ക്ക് ആവശ്യമായ പുല്ലും അരിഞ്ഞാണ് ഇവര്‍ തിരിച്ചെത്താറുള്ളതെന്നു ബന്ധുക്കള്‍ അറിയിച്ചു. ഇത്തരത്തില്‍ പുല്ലുമായി മടങ്ങുമ്പോഴായിരുന്നു അപകടം.
കോഴിഫാം ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

ഇനി കോളനി എന്ന പദം പാടില്ല; ഉത്തരവിട്ട ശേഷം മന്ത്രി സ്ഥാനം രാജിവച്ച് കെ. രാധാകൃഷ്ണന്‍

സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് കോളനി എന്ന പദം ഒഴിവാക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. മന്ത്രി പദവി ഒഴിഞ്ഞ് മുഖ്യമന്ത്രിക്ക് രാജി സമര്‍പ്പിക്കുന്നതിന് മുമ്പാണ് അദ്ദേഹം ഈ തീരുമാനം അറിയിച്ചത്.
അനുയോജ്യമായ പേരിന് ജനങ്ങളുടെ അഭിപ്രായം തേടും. ഉത്തരവ് ഇന്ന് പുറത്തിറങ്ങും. 3 മണിക്ക് ക്ലിഫ് ഹൗസിലെത്തി അദ്ദേഹം രാജി സമര്‍പ്പിച്ചു. കോളനി എന്ന പദം അടിമത്തത്തിന്റേതാണ്, അത് മേലാളാന്‍മാര്‍ ഉണ്ടാക്കിയതാണെന്നും മന്ത്രി പറഞ്ഞു. പേര് തന്നെ കേള്‍ക്കുമ്പോള്‍ അപകര്‍ഷത ബോധം തോന്നുന്നു, ആ പേര് ഇല്ലാതാക്കുകയാണ്. ഉത്തരവ് ഉടനെ ഇറങ്ങും.
പകരം പേര് ആ പ്രദേശത്തുള്ളവര്‍ക്ക് പറയാം, നിലവില്‍ വ്യക്തികളുടെ പേരിലുള്ള പ്രദേശം അങ്ങനെ തുടരും എന്നും മന്ത്രി പറഞ്ഞു. വ്യക്തികളുടെ പേര് ഇടുന്നതിനു പകരം മറ്റ് പേരുകള്‍ ഇടണം. പ്രദേശത്തെ ആളുകളുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആകണം പേര്. ഉന്നതി എംപവര്‍മെന്റ് സൊസൈറ്റി ഓഫീസ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പുഷ്പ 2 വിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍

അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2 വിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചേക്കാമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ഇതുവരെ ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും ഉണ്ടായിരുന്നില്ല.
ഡിസംബര്‍ 6-നാണ് പുഷ്പ തിയറ്ററുകളിലെത്തുക. മുന്‍പ് ഓഗസ്റ്റ് 15ന് ചിത്രമെത്തുമെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. 2021 ഡിസംബറിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യ ഉടനീളമുള്ള സിനിമാപ്രേമികള്‍ ആഘോഷമാക്കിയിരുന്നു. നടന്‍ ഫഹദ് ഫാസിലും പുഷ്പയില്‍ പ്രധാന കഥാപാത്രമായി എത്തിയിരുന്നു.
മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്‍ ചിത്രമെന്ന നിലയിലും, ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ച പുഷ്പയുടെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ വാനോളമാണ്. ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാര്‍ തന്നെ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സും സുകുമാര്‍ റൈറ്റിങ്സും ചേര്‍ന്നാണ്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.

ഖരഗ്പൂര്‍ ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഖരഗ്പൂര്‍ ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് ഏവൂര്‍ സ്വദേശി ദേവിക പിള്ള (21) ആണ് മരിച്ചത്. മൂന്നാം വര്‍ഷ ബയോസയന്‍സ് വിദ്യാര്‍ഥിയായിരുന്നു ദേവിക.
ഇന്നലെ രാവിലെയാണ് ഹോസ്റ്റല്‍ മുറിയില്‍ ദേവികയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകീട്ട് നാലുമണിയോടെ മൃതദേഹം ഏവൂരിലെ വീട്ടില്‍ എത്തിക്കും. ദേവികയുടെ മരണ കാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഐഐടി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ദേവികയുടെ പിതാവ് നേരത്തെ മരിച്ചിരുന്നു. അമ്മയും സഹോദരനും ഒഡീഷയിലാണ്. ദേവികയുടെ അച്ഛന്‍ ജോലി ചെയ്തിരുന്ന ജിന്‍ഡാല്‍ സ്‌കൂളില്‍ തന്നെയാണ് അമ്മയും ജോലി ചെയ്യുന്നത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.