Home Blog Page 2394

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു.ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകം

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

കാസറഗോഡ് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകം.മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല

മുണ്ടക്കൈ ഉരുൾപൊട്ടൽ; മരണസംഖ്യ 108 ആയി ഉയർന്നു

വയനാട്. മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണസംഖ്യ 108 ആയി ഉയർന്നു. 98 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. നൂറിലധികം പേർക്കാണ് അപകടത്തിൽ പരിക്ക് പറ്റിയിരിക്കുന്നത്. നിരവധി പേർ വിവിധ ഇടങ്ങളിൽ കുടുങ്ങി കിടക്കുകയാണ്. അവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്. മേപ്പാടി സിഎച്ച്സിയിൽ 52 മൃതദേഹങ്ങൾ
41 പേരെ തിരിച്ചറിഞ്ഞു, 22 പുരുഷൻമാർ, 18 സ്ത്രീകൾ
നിലമ്പൂരിൽ 28
വിംസിൽ 10
ബത്തേരി ആശുപത്രിയിൽ 1
വൈത്തിരി ആശുപത്രിയിൽ 1

ഉരുൾപൊട്ടലിൽ ഇതുവരെ സ്ഥിരീകരിച്ചത് 93 മരണങ്ങളെന്ന് മുഖ്യമന്ത്രി; 34 പേരെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: ഹൃദയഭേദകമായ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിതീവ്ര മഴയാണ് ഉണ്ടായിരിക്കുന്നത്. ഉരുൾപൊട്ടലിൽ ഒരു പ്രദേശമാകെ ഇല്ലാതാകുകായണുണ്ടായത്. 93 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു

പരുക്കേറ്റ് വിവിധ ആശുപത്രികളായി 128 പേർ ചികിത്സയിലുണ്ട്. ഒട്ടേറെ പേർ ഒഴുകിപ്പോയിട്ടുണ്ട്. മലപ്പുറം പോത്തുകൽ ചാലിയാറിൽ നിന്ന് 16 മൃതദേഹങ്ങൾ കണ്ടെത്തി. ഇതിന് പുറമെ ശരീര ഭാഗങ്ങളും ചാലിയാറിൽ നിന്ന് കണ്ടെത്തി. 34 മൃതദേഹങ്ങളാണ് ഇതിനോടകം തിരിച്ചറിഞ്ഞത്. 18 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.

ഇന്ന് വൈകുന്നേരം ലഫ്. കേണലിന്റെ നേതൃത്വത്തിലുള്ള സേനാ സംഘം പുഴ മുറിച്ച് കടന്ന് മുണ്ടക്കൈയിൽ എത്തിയിട്ടുണ്ട്. അവിടെ കുടുങ്ങിക്കിടക്കുന്ന പരുക്കേറ്റ മുഴുവനാളുകളെയും രക്ഷപ്പെടുത്തി പുറത്തേക്ക് എത്തിച്ചിട്ടുണ്ട്. നമ്മുടെ നാട് ഇതുവരെ കണ്ടതിൽ അതീവ ദാരുണമായ പ്രകൃതി ദുരന്തങ്ങളിൽ ഒന്നാണ് ഇപ്പോൾ സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു

രക്ഷാപ്രവർത്തനം ആകാവുന്ന എല്ലാ രീതിയിലും തുടരുകയാണ്. ആദ്യ ഉരുൾപൊട്ടൽ പുലർച്ചെ രണ്ട് മണിയോടെയാണ് നടന്നത്. തുടർന്ന് 4.10ന് രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായി. പല സ്ഥലങ്ങളും ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടു. ചൂരൽമല-മുണ്ടക്കൈ റോഡ് പൂർണമായും ഒലിച്ചുപോയി. ഇരുവഴഞ്ഞിപ്പുഴ രണ്ടായി ഒഴുകുന്ന നിലയിലായി. വീടുകൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു. മണ്ണിനടിയിൽപ്പെട്ടവർ, ഒഴുക്കിൽപ്പെട്ടവർ ഇപ്പോഴുമുണ്ടാകാം. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു

ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തവിവരം അറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ആഭ്യന്തര മന്ത്രി അമിത് ഷാ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തുടങ്ങിയവർ നേരിട്ട് വിളിച്ച് വിവരങ്ങൾ അന്വേഷിച്ചു. കേരളത്തിലെ പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതിപക്ഷ ഉപനേതാവും അടക്കമുള്ളവർ വിളിച്ച് ഒന്നിച്ച് പ്രവർത്തിക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്.

വിജിലൻസ് കോടതി കൊല്ലത്ത് തന്നെ സ്ഥാപിക്കണം, അഡ്വ കെ ബേബിസൺ

സർക്കാർ ഉത്തരവിലൂടെ കൊല്ലത്ത് സ്ഥാപിക്കാൻ തീരുമാനിച്ച വിജിലൻസ് കോടതി കൊല്ലത്ത് തന്നെ സ്ഥാപിക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ കെ. ബേബിസൺ പ്രസ്താവിച്ചു. കൊല്ലം ബാർ അസോസിയേഷൻ നടത്തിവരുന്ന സമരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കൊല്ലത്തെ പൊതുസമൂഹം ഈ വിഷയത്തിൽ അഭിഭാഷകർ നയിക്കുന്ന സമരത്തോടൊപ്പമാണ്. കാരണം, ഈ സമരം ന്യായം നടപ്പാക്കാൻ വേണ്ടിയാണ്. ന്യായ വിരുദ്ധമായ സംഗതി നടക്കാതിരിക്കാനാണ് സമരം. സർക്കാർ പുതിയ ഉത്തരവിലെ പിശക് തിരുത്തണം. വിജിലൻസ് കോടതി കൊല്ലത്ത് തന്നെ സ്ഥാപിക്കണം. ഡയറക്ടർ ബോർഡ് അംഗങ്ങളായ കൊട്ടിയം. കെ. ജയൻ, അമ്പിളി ജബ്ബാർ എന്നിവർ പ്രസംഗിച്ചു.

ഓഗസ്റ്റ് രണ്ട് വരെയുള്ള എല്ലാ പിഎസ്‍സി പരീക്ഷകളും മാറ്റിവെച്ചു

തിരുവനന്തപുരം: കാലവര്‍ഷ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജൂലായ് 31 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ പിഎസ്സി നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
നേരത്തെ നിശ്ചയിച്ച അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല. ദുരന്തബാധിത പ്രദേശങ്ങളില്‍നിന്ന് അഭിമുഖത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക് മറ്റൊരവസരം നല്‍കുമെന്നും പിഎസ്സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ബുധനാഴ്ച (ജൂലായ് 31) നടത്താനിരുന്ന രണ്ടാമത് കോണ്‍വോക്കേഷന്‍ മറ്റൊരുദിവസത്തേക്ക് മാറ്റിവെച്ചു.

കര്‍ക്കിടക വാവ് അറിയാം ചില കാര്യങ്ങള്‍….ബലിതര്‍പ്പണം എങ്ങനെ…

പിതൃപുണ്യത്തിനായി കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് സ്‌നാനഘട്ടങ്ങള്‍ ഒരുങ്ങിത്തുടങ്ങിയിരിക്കുകയാണ്. കര്‍ക്കിടക മാസത്തിലെ അമാവാസി ദിവസമാണ് കര്‍ക്കിടക വാവായി ആചരിക്കുന്നത്. കര്‍ക്കിടകവാവ് ദിനം പിതൃബലിതര്‍പ്പണത്തിനു പ്രധാനമാണ്. ഈ ദിനത്തില്‍ ബലിതര്‍പ്പണം നടത്തിയാല്‍ ഭൂമിയില്‍ നിന്നും മണ്‍മറഞ്ഞുപോയ നമ്മുടെ പൂര്‍വികരായ പിതൃക്കളുടെ ആത്മാവിനു ശാന്തി ലഭിക്കുമെന്നതാണ് ഹൈന്ദവ വിശ്വാസം. നാം ഇന്ന് സുന്ദരമായ ഈ ഭൂമിയില്‍ ജീവിക്കുവാന്‍ കാരണക്കാരായ മണ്‍മറഞ്ഞുപോയ നമ്മുടെ പൂര്‍വികരെ സ്മരിക്കുവാനും അവരുടെ ഓര്‍മകള്‍ക്കു മുന്നില്‍ പ്രാര്‍ത്ഥനകളോടെ ബലിച്ചോറും തീര്‍ത്ഥവും തര്‍പ്പണം നടത്തി അവരുടെ മോക്ഷപ്രാപ്തിക്കായി പ്രാര്‍ത്ഥിക്കുവാനും അനേകായിരങ്ങളാണ് കേരളത്തിലെ വിവിധ ക്ഷേത്രകടവുകളിലും, സ്‌നാനഘട്ടങ്ങളിലും, കടല്‍ത്തീരങ്ങളിലും ബലിതര്‍പ്പണത്തിനായി എത്തുന്നത്.
കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം തന്നെ ഇതിനുള്ള സൗകര്യം ഒരുക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും എല്ലാം തന്നെ പ്രായഭേദമന്യേ തങ്ങളുടെ പിതൃക്കള്‍ക്കായി ബലിതര്‍പ്പണം ചെയ്യാവുന്നതാണ്. ബലിതര്‍പ്പണം ചെയ്യുന്നവര്‍ വാവുദിനത്തിന്റെ തലേനാള്‍ ഒരിക്കല്‍ എടുക്കേണ്ടതാണ് (ഒരു നേരം മാത്രം അരി ആഹാരം). വാവ് ദിനത്തില്‍ കുളിച്ചു ഈറനുടുത്ത് മരിച്ചു മണ്മറഞ്ഞു പോയ പൂര്‍വ പിതൃക്കളെ മനസ്സില്‍ സങ്കല്പിച്ച് ക്ഷേത്ര പൂജാരിയുടെ അല്ലങ്കില്‍ കര്‍മ്മിയുടെ നിര്‍ദേശമനുസരിച്ച് ബലിതര്‍പ്പം നടത്തണം. ,ദര്‍ഭപുല്ലു കൊണ്ട് പവിത്രമുണ്ടാക്കി മോതിരവിരലില്‍ അണിഞ്ഞ ശേഷം വാഴയിലയില്‍ എള്ള് ,ചെറുപൂള (ചെറൂള ), ദര്‍ഭപുല്ല് ,ചന്ദനം,ഉണക്കലരി തുടങ്ങിയ പൂജാദ്രവ്യങ്ങള്‍ കൊണ്ട് ബലി ഇടുന്നു ശേഷം ഇലയോടു കൂടി നദിയിലോ,കുളത്തിലോ ഇറങ്ങി ജലത്തില്‍ സമര്‍പ്പിച്ചു മുങ്ങി നിവരുന്നതോടെ ബലിതര്‍പ്പണം പൂര്‍ണമാകുന്നു .
മരണശേഷം ആത്മാവ് പിതൃലോകത്തെത്തുന്നു എന്നാണ് ഹൈന്ദവ വിശ്വാസം. അവിടെ നിന്ന് പിന്നീട് അവര്‍ പുനര്‍ജനിക്കുകയോ മറ്റുലോകങ്ങളിലേക്കു പോകുകയോ മോക്ഷം ലഭിച്ചു ഭഗവല്‍ സന്നിധിയില്‍ എത്തുകയോ ചെയ്യുന്നു എന്നാണ് വിശ്വാസം. ജനുവരി പകുതി മുതല്‍ ആറുമാസം ഉത്തരായനവും പിന്നീടുള്ള ആറ് മാസം ദക്ഷിണായനവും ആണ് അതില്‍ ഉത്തരായനം ദേവന്മാര്‍ക്കും ദക്ഷിണായനം പിതൃക്കള്‍ക്കും ഉള്ളതാണെന്ന് ശാസ്ത്രം. ഉത്തരായനത്തിന്റെ ആരംഭമാണ് കര്‍ക്കിടകമാസം. ഈ മാസത്തിലെ കറുത്തവാവ് ദിനത്തില്‍ പിതൃക്കള്‍ ഉണരുന്നു എന്നാണ് വിശ്വാസം.

ബലിതര്‍പ്പണം
പൂജാദ്രവ്യങ്ങള്‍ കൊണ്ട് ബലി ഇടുന്നു ശേഷം ഇലയോടു കൂടി നദിയിലോ,കുളത്തിലോ ഇറങ്ങി ജലത്തില്‍ സമര്‍പ്പിച്ചു മുങ്ങി നിവരുന്നതോടെ ബലിതര്‍പ്പണം പൂര്‍ണമാകുന്നു .
ഭൂമിയിലെ ഒരുമാസം പിതൃക്കള്‍ക്ക് ഒരു ദിവസമാണ് അങ്ങനെ നോക്കുമ്പോള്‍ പന്ത്രണ്ടു മാസം എന്ന് പറയുന്നത് അവര്‍ക്കു പന്ത്രണ്ടു ദിനങ്ങളാണ്. ഈ പന്ത്രണ്ടു ദിവസങ്ങളില്‍ ഒരിക്കല്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ബന്ധുക്കള്‍ മണ്മറഞ്ഞുപോയ പൂര്‍വ പിതൃക്കള്‍ക്കുള്ള അന്നം നല്കണമെന്ന് പറയപ്പെടുന്നു. പിതൃലോകത്ത് വാസു ,രുദ്ര ആദിത്യ എന്നീ ദേവതകളുണ്ടെന്നും ഇവര്‍ നമ്മള്‍ നടത്തുന്ന തര്‍പ്പണം സ്വീകരിച്ചു അതാതു പിതൃക്കള്‍ക്ക് എത്തിച്ചു കൊടുക്കുന്നു എന്നും സ്വര്‍ഗത്തിലേക്കുള്ള യാത്രയില്‍ അവര്‍ക്കു അത് പാഥേയം ആയി ഭവിക്കുകയും ചെയ്യുന്നുവെന്നും വിശ്വാസമുണ്ട്.

ബലിതര്‍പ്പണം ആണ് പിതൃക്കള്‍ക്കുള്ള ഏക ഭക്ഷണം ഇത് ലഭിക്കാതെ വന്നാല്‍ പിതൃക്കള്‍ മോക്ഷം ലഭിക്കാതെ മറ്റു ജന്മങ്ങള്‍ എടുക്കുമെന്നും അവരുടെ ശാപം പിന്‍തലമുറകളെ കൂടി ബാധിക്കുമെന്നും ഇത് മുടങ്ങിയാല്‍ പിതൃക്കള്‍ കോപിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. കര്‍ക്കിടകവാവ് ദിവസം മണ്‍മറഞ്ഞുപോയ പൂര്‍വികരുടെ ആത്മാക്കള്‍ അവരവരുടെ വീട് സന്ദര്‍ശിക്കുമെന്നും വിശ്വസിക്കുന്നു. അതിനാല്‍ അവരെ സ്വീകരിക്കുന്നതിനായി വീടുകളില്‍ അരികൊണ്ട് വാവട (വാവ് അട) ഉണ്ടാക്കാറുണ്ട്. വാവിന് പ്രധാനമായുണ്ടാക്കുന്നത് വാവടയാണ്. അരി, ശര്‍ക്കര, തേങ്ങ, ഏലക്ക, ചുക്ക്, ചെറുപയര്‍ എന്നീചേരുവകളുപയോഗിച്ചാണ് വാവട തയാറാക്കുന്നത്.
കേരളത്തില്‍ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും കടല്‍ത്തീരങ്ങളിലും നദീ തീരങ്ങളിലും വാവുബലി ഇടാനുള്ള സൗകര്യം ഒരുക്കാറുണ്ട് തിരുവന്തപുരത്തു തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം ,വര്‍ക്കല പാപനാശം ,കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം ,ദക്ഷിണകാശി എന്നറിയപ്പെടുന്ന പെരുമ്പാവൂര്‍ ചേലാമറ്റം ക്ഷേത്രം ,ആലുവ മഹാശിവരാത്രി മണപ്പുറം,തിരുനാവായ നവാമുകുന്ദക്ഷേത്രം,തിരുനെല്ലി പാപനാശിനി ,കണ്ണൂര്‍ ശ്രീ സുന്ദരേക്ഷ ക്ഷേത്രം,തൃക്കുന്നപ്പുഴ ,തിരുവില്ല്വാമല ,ആറന്മുള ,കൊല്ലം തിരുമൂലവരം എന്നിവ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളാണ്.

രാമഭദ്രന്‍ കൊലക്കേസ്; സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി

കരഞ്ഞുകാലുപിടിച്ചിട്ടും പ്രതികള്‍ യാതൊരു ദയയും കാട്ടാതെ തങ്ങളുടെ കണ്‍മുന്നിലിട്ട് രാമഭദ്രനെ ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നുവെന്ന ഭാര്യയുടെയും രണ്ടു പെണ്‍മക്കളുടെയും മൊഴി കേസില്‍ നിര്‍ണായകമായി

അഞ്ചല്‍ ഏരൂരില്‍ കോണ്‍ഗ്രസ് നേതാവ് രാമഭദ്രനെ (44) വീട്ടില്‍ കയറി ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്കു ശിക്ഷ വിധിച്ച് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി. കേസില്‍ അഞ്ചാം പ്രതി ഷിബു, ആറാം പ്രതി വിമല്‍, ഏഴാം പ്രതി സുധീഷ്, എട്ടാം പ്രതി ഷാന്‍, 9-ാം പ്രതി രതീഷ്, 10-ാം പ്രതി ബിജു, 11-ാം പ്രതി രഞ്ജിത്ത് എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. സിബിഐ പ്രത്യേക കോടതി ജഡ്ജി കെ.എസ്.രാജീവ് ആണ് വിധി പറഞ്ഞത്.
ഒന്നാം പ്രതി ഗിരീഷ് കുമാര്‍, മൂന്നാം പ്രതി അഫ്സല്‍, നാലാം പ്രതി നജുമല്‍ ഹുസൈന്‍, 12-ാം പ്രതി സാലി എന്ന കൊച്ചുണ്ണി 13-ാം പ്രതി റിയാസ് എന്ന മുനീര്‍ എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷയും 16, 17 പ്രതികളായ സുമന്‍, സിപിഎം ജില്ലാ കമ്മറ്റി അംഗം ബാബു പണിക്കര്‍ എന്നിവര്‍ക്ക് മൂന്നു വര്‍ഷം തടവും രണ്ടു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രതികള്‍ക്ക് എല്ലാവര്‍ക്കും കൂടി 56 ലക്ഷം രൂപയുടെ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്.
ഭാര്യയുടെയും പ്രായപൂര്‍ത്തിയാകാത്ത മക്കളുടെയും മുന്നില്‍ വച്ച് നടത്തിയ കൊലപാതകം അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നാണ് സിബിഐ പ്രോസിക്യൂട്ടര്‍ വാദിച്ചത്. സിപിഎം ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെടെ 14 പേര്‍ കുറ്റക്കാരാണെന്നു കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു. കേസിലെ രണ്ടാം പ്രതിയും സിപിഎം അഞ്ചല്‍ ഏരിയ കമ്മിറ്റി അംഗവുമായ ജെ.പത്മനെ പിന്നീട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കേസിലെ ഇരുപതാം പ്രതി രവീന്ദ്രനും പിന്നീട് മരണപ്പെട്ടു. മറ്റൊരു പ്രതിയും സിപിഎം മുന്‍ ഏരിയ സെക്രട്ടറിയായിരുന്ന പി.എസ്.സുമന്‍ പാര്‍ട്ടി വിട്ടു ബിജെപിയില്‍ ചേര്‍ന്നതും ഇതിനിടെ വിവാദമായിരുന്നു.
2010 ഏപ്രില്‍ 10-നാണ് ഐന്‍ടിയുസി നേതാവായ രാമഭദ്രന്‍ കൊല്ലപ്പെട്ടത്. രാമഭദ്രന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രചാരം വര്‍ധിപ്പിച്ചതും സിപിഎം പ്രവര്‍ത്തകരെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്കു കൊണ്ടുവരാന്‍ ശ്രമിച്ചതുമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് സിബിഐ കേസ്. കേസിലെ ഒന്നാം പ്രതി സിപിഎം പ്രവര്‍ത്തകനായിരുന്ന ഗിരീഷും പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലെ തര്‍ക്കം രാമഭദ്രന്റെ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസില്‍ 16 സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായിയിരുന്നു. സിബിഐ അന്വേഷണത്തില്‍ പ്രതികളുടെ എണ്ണം 21 ആയി. രണ്ടു പേര്‍ മാപ്പുസാക്ഷികളുമായി.
കരഞ്ഞുകാലുപിടിച്ചിട്ടും പ്രതികള്‍ യാതൊരു ദയയും കാട്ടാതെ തങ്ങളുടെ കണ്‍മുന്നിലിട്ട് രാമഭദ്രനെ ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നുവെന്ന ഭാര്യയുടെയും രണ്ടു പെണ്‍മക്കളുടെയും മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. സംഭവത്തിനു ശേഷം രാമഭദ്രന്റെ അമ്മയുടെ സംസാരശേഷി നഷ്ടപ്പെട്ടതായും ബിന്ദു കോടതിയില്‍ പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302,120 (ബി), 201 വകുപ്പുകളും, 20,27 ആംസ് ആക്ട് എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ കണ്ടെത്തിയത്. കൊലപാതകം നടന്ന് 14 വര്‍ഷത്തിനു ശേഷമാണ് കേസില്‍ വിധി പ്രഖ്യാപനം.

വയനാട് ഉരുള്‍പ്പൊട്ടല്‍: സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം

വയനാട് ജില്ലയിലെ ചൂരല്‍മലയിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 30, 31 തീയതികളില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദുരന്തത്തില്‍ അനേകം പേര്‍ക്ക് ജീവഹാനിയുണ്ടായതിലും വസ്തുവകകള്‍ക്ക് നാശനഷ്ടം സംഭവിച്ചതിലും സര്‍ക്കാര്‍ അതീവ ദുഃഖം രേഖപ്പെടുത്തി.
ദുഃഖാചരണ കാലയളവില്‍ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടേണ്ടതും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവയ്ക്കേണ്ടതുമാണെന്ന് ചീഫ് സെക്രട്ടറി വി.വേണു ഉത്തരവിറക്കി.

വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായതായി സംശയം

വയനാട്ടിലെ മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായതായി സംശയം. മുണ്ടക്കൈ പുഴയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായതോടെ ഏതാനും രക്ഷാപ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും പുഴയോരത്തുനിന്ന് മാറ്റി. അനാവശ്യമായി ആളുകള്‍ ദുരന്തസ്ഥലത്തേയ്ക്ക് എത്തരുതെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.
മുണ്ടക്കൈയിലും ചൂരല്‍മലയിലുമായി ഉണ്ടായ ഉരുള്‍പൊട്ടലില്‍ 70-ലേറെ പേരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഒട്ടേറെപേരെ കാണാതായി. മരണസംഖ്യ ഉയര്‍ന്നേക്കും. 43 മൃതദേഹങ്ങള്‍ മേപ്പാടിയിലെ ആശുപത്രികളില്‍. പതിനെട്ടുപേരെ തിരിച്ചറിഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ രണ്ട് കുട്ടികളുടേത് ഉള്‍പ്പെടെ 8 മൃതദേഹങ്ങള്‍. നിലമ്പൂര്‍ പോത്തുകല്ലില്‍ ചാലിയാറിലൂടെ ഒഴുകിയെത്തിയത് 20 മൃതദേഹങ്ങളാണ്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ചൂരല്‍മലയിലെത്തി. മുണ്ടക്കൈയില്‍ കുന്നിന്റെ മുകളിലും റിസോര്‍ട്ടിലും 250 പേര്‍ കുടുങ്ങിക്കിടപ്പുണ്ട്.
ഇന്ന് പുലര്‍ച്ച മുണ്ടക്കൈയിലും അട്ടമലയിലും ചൂരല്‍മലയിലുമാണ് ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ചത്. മുണ്ടക്കൈയിലെ ഭൂരിഭാഗം വീടുകളും ഒലിച്ചുപോയി. മലവെള്ളപ്പാച്ചിലില്‍ മുണ്ടക്കൈ ടൗണ്‍ ഒന്നാകെ തുടച്ചുനീക്കപ്പെട്ടു. മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.

മരണ സംഖ്യ 70കടക്കുന്നു, മരവിച്ച് നാട്

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ലയങ്ങള്‍ കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനം തുടങ്ങി. നിരവധി ലയങ്ങള്‍ എന്‍ഡിആര്‍എഫിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും ഇവിടെയെല്ലം രക്ഷാ പ്രവര്‍ത്തനം നടക്കുന്നുവെന്നും സൂചനയുണ്ട്. അതേസമയം, മരണം 70 ആയി ഉയര്‍ന്നു.

മുണ്ടക്കെയിലേക്ക് കടക്കുന്ന എൻഡിആർഎഫ്

മൂന്ന് ലയങ്ങള്‍ ഒലിച്ചു പോയ ഇവിടെ ആയിരക്കണക്കിന് പേരാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരിക്കുന്നത്. മണ്ണിനടിയില്‍ നിരവധി പേരാണ് കുടങ്ങിക്കിടക്കുന്നത്. ആളുകളെ രക്ഷപ്പെടുത്താന്‍ കഴിയുന്നുണ്ട്. മിലിട്ടറിയും ഫയര്‍ഫോഴ്‌സും നാട്ടുാകാരും ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് രക്ഷാദൗത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. നിരവധി വീടുകള്‍ മണ്ണിനടിയിലാണ്. പ്രത്യേകിച്ച് ലയങ്ങള്‍ മണ്ണിനടിയില്‍ പോയിട്ടുണ്ടെന്നും ഇതെല്ലാം കണ്ടെത്തി രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

മുണ്ടക്കൈയില്‍ നിന്ന് ആരും ആശുപത്രിയിലെത്തിയിട്ടില്ലെന്ന് പറയുന്നു നാട്ടുകാര്‍. മുണ്ടക്കൈ ഭാഗത്ത് നിന്നുള്ള ചിലര്‍ ചാലിയാറിലേക്ക് ഒലിച്ചു പോയിട്ടുണ്ട്. ആരൊക്കെയുണ്ട്, ആരൊക്കെ പോയി എന്നൊന്നും യാതൊരു വിവരവുമില്ലെന്ന് പറയുകയാണ് പ്രദേശവാസികളിലൊരാള്‍. ചാലിയാറില്‍ നിന്ന് മാത്രം കണ്ടെടുത്തത് 10 മൃതദേഹങ്ങളാണ്. മുണ്ടക്കൈ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഒരു പ്രദേശമാകെ ഒലിച്ചു പോയിരിക്കുകയാണ്. രാത്രി ഒരു മണിക്ക് ശേഷമാണ് ദുരന്തമുണ്ടായത്. ഉറക്കത്തിലാണ് വെള്ളം കുത്തിയൊലിച്ചെത്തിയത്. നൂറിലേറെ പേര്‍ ഇപ്പോഴും മണ്ണിനടിയിലുണ്ടെന്നാണ് സൂചന. രക്ഷാപ്രവര്‍ത്തനത്തിന് ഏഴിമലയില്‍ നിന്ന് നാവികസേനയെത്തിയിട്ടുണ്ട്.

റംലത്ത്, അഷ്‌റഫ്, കുഞ്ഞിമൊയ്തീന്‍, ലെനിന്‍, വിജീഷ്, സുമേഷ്, സലാം, ശ്രേയ, പ്രേമലീല, റെജിന എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 5 ഇടങ്ങളിലായിട്ടാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. മേപ്പാടി ഹെല്‍ത്ത് സെന്ററിലെത്തിച്ച 40 മൃതദേഹങ്ങളില്‍- 21 പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്. വിംസ് ആശുപത്രിയില്‍ 8 മൃതദേഹങ്ങളില്‍- രണ്ട് പേരെ തിരിച്ചറിഞ്ഞു. വൈത്തിരി താലൂക്ക് ആശുപത്രി ഒന്നും, മലപ്പുറം പോത്തുകല്ല് പ്രദേശത്ത് നിന്ന് ലഭിച്ച 10 മൃതദേഹങ്ങളില്‍ എട്ടെണ്ണം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലുമുണ്ട്. മലപ്പുറം ചുങ്കത്തറ കുന്നത്തു പൊട്ടി കടവില്‍ ഒരു മൃതദേഹം കൂടി കിട്ടി.