Home Blog Page 2212

ഒരുദിവസം മാത്രം പ്രായമുളള കുഞ്ഞ് മരിച്ച സംഭവത്തില്‍ പ്രതിഷേധം,മൃതദേഹവുമായി ആശുപത്രിയുടെ മുന്‍പില്‍ സമരം

പാലക്കാട്. അട്ടപ്പാടിയില്‍ ഒരുദിവസം മാത്രം പ്രായമുളള കുഞ്ഞ് മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍,കോട്ടത്തറ ആശുപത്രിയില്‍ നിന്ന് മതിയായ ചികിത്സ കിട്ടിയില്ലെന്ന് പറഞ്ഞ് മൃതദേഹവുമായാണ് ആശുപത്രിയുടെ മുന്‍പില്‍ പ്രതിഷേധിച്ചത്,ആശുപത്രി അതികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചു


മേലെ മുള്ളി ഊരിലെ ശാന്തി മരുതന്റെ ഒരു ദിവസം പ്രായമായ പെണ്‍കുഞ്ഞാണ് കോയമ്പത്തൂരില്‍ വെച്ച് മരിച്ചത്,ഇന്നലെ കോട്ടത്തറ ട്രൈബല്‍ താലൂക്ക് ആശുപത്രിയില്‍ വെച്ച് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരിന്നു.ശ്വാസമെടുക്കാന്‍ കഴിയാതിരുന്ന കുഞ്ഞിനെ പിന്നീട് വിദഗ്ദ ചികിത്സക്കായാണ് കോയമ്പത്തൂരിലേക്ക് മാറ്റിയത്,ആദ്യം പ്രവേശിപ്പിച്ച കോട്ടത്തറയില്‍ നിന്ന് മതിയായ ചികിത്സ കിട്ടിയില്ലെന്നും സ്‌കാനിംഗില്‍ അടക്കം ഒന്നും കണ്ടെത്തിയില്ലെന്നും ആരോപിച്ചാണ് ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ചത്

ആശുപത്രി അതികൃതരുമായി നടത്തിയ ചര്‍ച്ചയെതുടര്‍ന്ന് പിന്നീട് പ്രതിഷേധം അവസാനിപ്പിച്ചു

കരാട്ടെ ക്ലാസിന്റെ മറവിൽ ലൈംഗിക പീഡനം, പ്രതിക്കെതിരെ കാപ്പ ചുമത്തി പോലീസ്

മലപ്പുറം. കരാട്ടെ ക്ലാസിന്റെ മറവിൽ ലൈംഗിക പീഡനം നടത്തിയ പ്രതിക്കെതിരെ കാപ്പ ചുമത്തി പോലീസ്. മലപ്പുറം വാഴക്കാട് സ്വദേശി സിദ്ദിഖ് അലിക്കെതിരെയാണ് കാപ്പ ചുമത്തിയത്. സിദ്ധിഖ് അലി ഇപ്പോൾ ജയിലിലാണ്.

എടവണ്ണപ്പാറ ഹയർസെക്കൻഡറി സ്കൂളിൽ പഠിച്ചിരുന്ന വിദ്യാർത്ഥിനിയെ ചാലിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് ഒരു കരാട്ടെ അധ്യാപകൻ തൻറെ ശിഷ്യരോട് ചെയ്ത കൊടും ക്രൂരതയുടെ കഥകൾ പുറത്തറിയുന്നത്. കരാട്ടെ അധ്യാപകനായിരുന്ന സിദ്ദിഖ് അലിക്കെതിരെ മരിച്ച പെൺകുട്ടിയുടെ കുടുംബം രംഗത്തുവന്നു. ദുരൂഹത ഇപ്പോഴും സംശയിക്കുന്നു. ഇയാളുടെ ലൈംഗിക അതിക്രമത്തിന് കരാട്ടെ ക്ലാസിലെ പ്രായപൂർത്തിയാകാത്ത ഒട്ടേറെ പെൺകുട്ടികൾ ഇരയായിട്ടുണ്ട്. 17 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോക്സോ കുറ്റം ചുമത്തി സിദ്ദിഖലിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ ലൈംഗിക പീഡനക്കേസിൽ ജയിലിൽ കഴിഞ്ഞു വരവേയാണ് പോലീസ് കാപ്പ ചുമത്തിയിരിക്കുന്നത്.

ഓണാഘോഷം; ഹൗസ് ബോട്ടുകളടക്കമുള്ള ടൂറിസ്റ്റ് ബോട്ടുകളില്‍ പരിശോധന ശക്തമാക്കി

ഓണാവധി പ്രമാണിച്ച് ഹൗസ് ബോട്ടുകളടക്കമുള്ള ടൂറിസ്റ്റ് ബോട്ടുകളില്‍ കുട്ടികള്‍ അടക്കമുള്ള വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുമെന്നതിനാല്‍ കേരളാ മാരീടൈം ബോര്‍ഡ് പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കി.
ടൂറിസ്റ്റ് ബോട്ടുകളില്‍ ആവശ്യമായ ലൈഫ് സേവിങ് ഉപകരണങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതും അനുവദനീയമായ ആളുകള്‍ മാത്രമേ കയറുന്നുള്ളൂവെന്നും ഉറപ്പാക്കേണ്ടത് ബോട്ടുടമയുടെയും ബോട്ട് ഡ്രൈവറുടെയും കടമയാണ്.
നിയമപ്രകാരം യാത്രക്കാര്‍ ലൈഫ് സേവിങ് ജാക്കറ്റ് ധരിക്കേണ്ട യാനങ്ങളില്‍ അതുറപ്പാക്കേണ്ടത് ബോട്ട് ഡ്രൈവറുടെ കടമയാണ്. രജിസ്ട്രേഷന്‍/ സര്‍വെ ഇല്ലാതെ സര്‍വീസ് നടത്തിയാല്‍ അവ പിടിച്ചെടുത്ത് നശിപ്പിക്കുന്ന നടപടികള്‍ അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും.
അംഗീകൃത ലൈസന്‍സ് ഇല്ലാതെ ബോട്ടുകള്‍ ഓടിച്ചാല്‍ ഓടിക്കുന്ന ആള്‍ക്കും ബോട്ട് ഉടമയ്ക്കും എതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. വിനോദ സഞ്ചാരത്തിനായി വരുന്ന യാത്രക്കാര്‍ യാത്ര ചെയ്യുന്ന യാനം അംഗീകൃതമാണോയെന്ന് യാനത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റ് നോക്കി മനസ്സിലാക്കണമെന്ന് മാരീടൈം ബോര്‍ഡ് നിര്‍ദേശിച്ചു.

ഇന്‍ഷൂറന്‍സില്ലാത്ത കെഎസ്ആര്‍ടിസി ബസിടിച്ച് പരുക്കേറ്റ യുവാവിന്എട്ടര ലക്ഷം രൂപ നഷ്ടപരിഹാരം

കോഴിക്കോട്. ഇന്‍ഷൂറന്‍സില്ലാത്ത കെഎസ്ആര്‍ടിസി ബസിടിച്ച് പരുക്കേറ്റ യുവാവിന്
എട്ടര ലക്ഷം രൂപ നഷ്ടപരിഹാരം. കോഴിക്കോട് പ്രിന്‍സിപ്പല്‍ മോട്ടോര്‍ ആക്‌സിഡന്‍സ് ക്ലെയിംസ് ട്രിബൂണലാണ് വിധി പ്രസ്താവിച്ചത്. 2021 ജനുവരി 19ന് ആണ് പറമ്പില്‍ ബസാര്‍ സ്വദേശി റാഹിദ് മൊയ്തീന്‍ അലിക്ക് പരിക്കേറ്റത്. പണം ബസ് ഡ്രൈവറും, കെഎസ്ആര്‍ടിസി മാനേജിങ്ങ് ഡയറക്ടറും ചേര്‍ന്ന് നല്‍കണം

വയോജനങ്ങൾക്ക് ഓണക്കോടി നൽകി പടിഞ്ഞാറേകല്ലട ഗ്രാമപഞ്ചായത്ത്‌

പടിഞ്ഞാറെകല്ലട ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 84വയസുതികഞ്ഞ വയോജനങ്ങൾക്കു ഓണക്കോടി നൽകി. പുരുഷന്മാർക്ക് മുണ്ടും ഷർട്ടും വനിതകൾക്കു സെറ്റുമുണ്ടുമാണ് വിതരണം ചെയ്യ്തത്. ഇതൊടാനുബന്ധിച്ചു ചേർന്ന സമ്മേളനവും കോടി വിതരണവും പഞ്ചായത്ത്‌ പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൽ. സുധ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരായ കെ സുധീർ, ഉഷാലയം ശിവരാജൻ, ജെ അംബിക കുമാരി, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ഓമനക്കുട്ടൻപിള്ള, ഷീലകുമാരി, സുനിതദാസ് എന്നിവർ ആശംസകൾ നേർന്നു 107വയോജനങ്ങൾക്കാണ് ഓണക്കോടി നൽകിയത്. ഐ സി ഡി എസ്‌ സൂപ്പർ വൈസർ വിശ്വലക്ഷ്മി നന്ദി പറഞ്ഞു.

മണിപ്പൂരിൽ വീണ്ടും ആക്രമണം, പ്രാഥമികാരോഗ്യ കേന്ദ്രം കത്തിച്ചു

ഇംഫാല്‍. മണിപ്പൂരിൽ വീണ്ടും ആക്രമണം. ജിരിബാമിലെ പ്രാഥമികാരോഗ്യ കേന്ദ്രം
അക്രമികൾ കത്തിച്ചു. ചുരാചന്ദ്പൂരിൽ ആശുപത്രിയിലെ ജീവനക്കാർക്ക് നേരെയും ആക്രമണം ഉണ്ടായി. സമാധാനം പുനസ്ഥാപിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്ന്
വിദ്യാർത്ഥികൾ. ഉന്നത സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും നോർത്ത് ഈസ്റ്റ് വിദ്യാർഥി യൂണിയൻ്റെ കത്ത്

മണിപ്പൂരിൽ നിരോധനാജ്ഞ തുടരുന്നതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. ജിരിബാം ജില്ലയിലെ ബോറോബെക്രയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം അക്രമികൾ കത്തിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പോലീസ് ഔട്ട്‌പോസ്റ്റിൽ നിന്ന് 200 അകലെയുള്ള ആരോഗ്യ കേന്ദ്രത്തിനെതിരെയാണ് ആക്രമണം നടന്നത്. ചുരാചന്ദ്പൂരിലെ ആശുപത്രിയിലെ ജീവനക്കാർക്ക് നേരെയും ആക്രമണം ഉണ്ടായി
ആക്രമണത്തിനെതിരെ ആശുപത്രിയിലെ
ജീവനക്കാർ പ്രതിഷേധിച്ചു. സംഘർഷം തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി മൗനം അവസാനിപ്പിച്ച് മണിപ്പൂർ സന്ദർശിക്കണമെന്ന് നോർത്ത് ഈസ്റ്റ് വിദ്യാർത്ഥി യൂണിയൻ ആവശ്യപ്പെട്ടു. സമാധാനം പുനസ്ഥാപിക്കാൻ ഉന്നതലസമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും നോർത്തീസ്റ്റ് വിദ്യാർത്ഥി യൂണിയൻ കത്ത് നൽകി. അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ തുടരുകയാണ്. ഈ മാസം 15 വരെ ഇൻറർനെറ്റ് സേവനങ്ങൾക്കും മണിപ്പൂരിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്

ഗര്‍ഭസ്ഥ ശിശുമരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപണം

ഗര്‍ഭസ്ഥ ശിശുമരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. കോഴിക്കോട് ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന എകരൂര്‍ ഉണ്ണികുളം ആര്‍പ്പറ്റ വിവേകിന്റെ ഭാര്യ അശ്വതിയാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന യുവതി വെന്റിലേറ്ററിലായിരുന്നു. യുവതിയുടെയും കുഞ്ഞിന്റെയും മരണത്തിന് കാരണം ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഗര്‍ഭസ്ഥ ശിശു മരിച്ചത്.
ഈ മാസം ഏഴിനാണ് അശ്വതിയെ പ്രസവത്തിനായി ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ബന്ധു പറഞ്ഞു. വേദന വരാത്തതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച മരുന്നുവച്ചു. മാറ്റമില്ലാതെ വന്നതോടെ ബുധനാഴ്ചയും മരുന്നുവച്ചു. ഉച്ചയായപ്പോഴേക്കും വേദനയുണ്ടായി. സാധാരണ രീതിയില്‍ പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. രാത്രിയോടെ വേദന അസഹനീയമായമായപ്പോള്‍ സിസേറിയന്‍ ചെയ്യണമെന്ന് അശ്വതി ആവശ്യപ്പെട്ടെങ്കിലും ചെയ്യാന്‍ ഡോക്ടര്‍ തയാറായില്ല.
വ്യാഴാഴ്ച പുലര്‍ച്ചെ അശ്വതിയെ സ്ട്രെച്ചറില്‍ കൊണ്ടുപോകുന്നതാണ് ബന്ധുക്കള്‍ കണ്ടത്. അല്‍പസമയത്തിന് ശേഷം ഗര്‍ഭപാത്രം തകര്‍ന്നു കുട്ടി മരിച്ചുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗര്‍ഭപാത്രം നീക്കിയില്ലെങ്കില്‍ അശ്വതിയുടെ ജീവനും അപകടത്തിലാകും എന്നറിയിച്ചതിനെത്തുടര്‍ന്ന് ഗര്‍ഭപാത്രം നീക്കാന്‍ ബന്ധുക്കള്‍ അനുമതി നല്‍കി. തുടര്‍ന്ന് ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ബന്ധുക്കള്‍ ഉള്‍പ്പെടെ സിസേറിയന്‍ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയാറായില്ലെന്നാണ് ആരോപണം.

സോഷ്യല്‍ മീഡിയയില്‍ 100 കോടി ഫോളോവേഴ്‌സുമായി ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലും 1 ബില്യണ്‍ ഫോളോവേഴ്‌സുമായി ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സോഷ്യല്‍ മീഡിയയിലൂടെയാണ് പുതിയ സന്തോഷ വാര്‍ത്ത താരം അറിയിച്ചത്. ഫേസ്ബുക്കില്‍ 170 ദശലക്ഷം, എക്‌സില്‍ 113 ദശലക്ഷം, ഇന്‍സ്റ്റഗ്രാമില്‍ 638 ദശ ലക്ഷം കഴിഞ്ഞ മാസം ആരംഭിച്ച യൂട്യൂബ് ചാനലില്‍ 60.5 ദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് എന്നിങ്ങനെയാണ് ക്രിസ്റ്റ്യാനോയെ പിന്തുടരുന്ന ആള്‍ക്കാര്‍.
‘നൂറു കോടി സ്വപ്നങ്ങള്‍, ഒരു യാത്ര’ എന്നായിരുന്നു 100 കോടി ഫോളോവേഴ്‌സായ നിമിഷത്തെ കുറിച്ച് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. നിങ്ങള്‍ എന്നില്‍ വിശ്വസിച്ചതിനും എന്റെ ജീവിതത്തിന്റെ ഭാഗമായതിനും എന്നെ പിന്തുണയ്ക്കുന്നതിനും നന്ദി, മികച്ചത് ഇനിയും വരാനിരിക്കുന്നതെയുള്ളൂ. നമ്മള്‍ ഒന്നിച്ച് മുന്നേറി ചരിത്ര വിജയും കുറിക്കുമെന്നുമാണ് ക്രിസ്റ്റ്യാനോ പറഞ്ഞു.
ഫുട്‌ബോള്‍ ലോകത്ത് ആരാധകരേറെയുള്ള സി ആര്‍ 7 എന്ന റൊണാള്‍ഡോ നിലവില്‍ സൗദി അറേബ്യന്‍ പ്രോ ലീഗ് ക്ലബായ അല്‍ നസറിന്റെയും പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെയും ക്യാപ്റ്റനാണ്. യൂട്യൂബില്‍ താനിടുന്ന വീഡിയോകളുടെ കണ്ടന്റ് ഫുഡ്‌ബോള്‍ മാത്രമായിരിക്കില്ലെന്നും കുടുംബം, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, ബിസിനസ് സംബന്ധമായ കാര്യങ്ങളും ഉള്‍പ്പെടുമെന്നും 39 കാരനായ താരം നേരത്തെ അറിയിച്ചിരുന്നു.
2024 ഓഗസ്റ്റ് 21-നാണ് താരം യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. 24 മണിക്കൂറിനുള്ളില്‍ തന്നെ റൊണാള്‍ഡോ യൂട്യൂബിന്റെ സില്‍വര്‍, ഗോള്‍ഡ്, ഡയമണ്ട് പ്ലേ ബട്ടണുകള്‍ എന്നിവ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ 100 കോടി ഫോളോവേഴ്‌സുമായി ചരിത്രം കുറിച്ചത്.

ഓണാഘോഷത്തിനിടെ അധ്യാപികയ്ക്ക് പാമ്പു കടിയേറ്റു

നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ അധ്യാപികയ്ക്ക് ക്ലാസ് മുറിയില്‍വച്ച് പാമ്പുകടിയേറ്റു. നീലേശ്വരം സ്വദേശി വിദ്യയെയാണ് പാമ്പുകടിച്ചത്. അധ്യാപികയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയായിരുന്നു സംഭവം. ഇന്ന് സ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ ആയതിനാല്‍ ക്ലാസുകള്‍ ഉണ്ടായിരുന്നില്ല. അധ്യാപികയുടെ കാലിനാണ് കടിയേറ്റത്.
അധ്യാപിക ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

സുഭദ്രയെ കൂട്ടിക്കൊണ്ടുവന്നത് കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ; കൊലപാതകത്തിൽ മറ്റൊരാൾക്കും കൂടി പങ്ക്

ആലപ്പുഴ :കലവൂരിൽ സുഭദ്രയെന്ന വയോധികയെ കൊലപ്പെടുത്തിയത് മാത്യുവും ശർമിളയും ചേർന്ന്. കൊച്ചിയിൽ നിന്ന് സുഭദ്രയെ കലവൂരിലേക്ക് കൂട്ടിക്കൊണ്ടുവന്നത് കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ്. ക്രൂരമായ മർദനത്തിന് ശേഷമാണ് സുഭദ്രയെ കൊന്നതെന്നും പ്രതികൾ പോലീസിനോട് പറഞ്ഞു. കൊലപാതകത്തിൽ മാത്യുവിൻ്റെ ബന്ധുവും സുഹൃത്തു റെയ്നോൾഡിനും പങ്കുള്ളതായി പോലീസ് പറഞ്ഞു. കൃത്യത്തിൽ നേരിട്ട് പങ്കില്ല. റെയ്നോൾഡാണ് സുഭദ്രയെ മയക്കുന്നതിനുള്ള മരുന്ന് എത്തിച്ചതും, കൊലയ്ക്ക് ശേഷം തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നെന്നും പോലീസ് പറഞ്ഞു.ഇയാളെയും പ്രതിയാക്കും.ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

കേസിൽ പ്രതികളായ മാത്യൂസ്, ശർമിള എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. നാല് വർഷം മുമ്പ് കൊച്ചിയിലെത്തിയ ഉഡുപ്പി സ്വദേശിനി ശർമിളയും പങ്കാളി മാത്യൂസ് എന്ന നിധിനുമാണ് കേസിലെ പ്രതികളെന്ന് ഇതുവരെ കരുതിയിരുന്നത് . സുഭദ്രയുടെ നെഞ്ചിൽ ചവിട്ടിയെന്നും കഴുത്ത് ഞെരിച്ചെന്നും പ്രതികൾ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

സുഭദ്രയുടെ ശരീരത്തിലെ രണ്ട് വാരിയെല്ലുകൾ പൂർണമായും തകർന്ന നിലയിലായിരുന്നു. കഴുത്ത്, കൈ എന്നിവ ഒടിഞ്ഞ നിലയിലായിരുന്നു. കൈ ഒടിച്ചത് കൊലപാതകത്തിന് ശേഷമെന്നാണ് നിഗമനം. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.