26.9 C
Kollam
Saturday 27th December, 2025 | 04:05:15 PM
Home Blog Page 2200

ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്വാതി മാലിവാൾ രാജിവെക്കണമെന്ന് എഎപി

ന്യൂ ഡെൽഹി :
സ്വാതി മലിവാളിനോട് രാജ്യസഭാ അംഗത്വം രാജിവെക്കാൻ ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി. അതിഷിയുടെ കുടുംബത്തിന് എതിരെ സമൂഹ മാധ്യമ പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് നടപടി. എഎപി എം പി ആണെങ്കിലും സ്വാതി പ്രവർത്തിക്കുന്നത് ബിജെപിക്ക് വേണ്ടിയെന്ന് ആംആദ്മി ആരോപിച്ചു.

പാർലമെന്റ് ആക്രമണ കേസ് പ്രതി അഫ്സൽ ഗുരുവിനെ വിട്ടുകിട്ടാൻ പ്രതിഷേധം ഉയർത്തിയ കുടുംബത്തിൽ നിന്ന് ഒരാൾ ഡൽഹി മുഖ്യമന്ത്രി ആയിരിക്കുന്നുവെന്നും ഡൽഹിയെ ദൈവം രക്ഷിക്കട്ടെയെന്നുമായിരുന്നു സ്വാതിയുടെ പ്രതികരണം. അതിഷി ഡമ്മി മുഖ്യമന്ത്രിയെന്നും സ്വാതി ആരോപിച്ചു. ഇതിന് പിന്നാലെയാണ് രാജ്യസഭാ അംഗത്വം രാജിവെക്കാൻ സ്വാതി മലിവാളിനോട് ആവശ്യപ്പെട്ടത്.

ആം ആദ്മി രാഷ്ട്രീയകാര്യ സമിതി ചേർന്നാണ് അതിഷിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. മുതിർന്ന നേതാവ് മനീഷ് സിസോദിയ അടക്കമുള്ള നേതാക്കൾ അതിഷിയെ പിന്തുണച്ചിരുന്നു. ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി.

പാദങ്ങളുടെ നിറം കൂട്ടാനും കറുത്ത പാടുകൾ മാറ്റാനും ഇവയൊന്ന് പരീക്ഷിക്കൂ

പാദങ്ങൾ വൃത്തിയാക്കി വയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വരൾച്ചയും വിണ്ടു കീറലും നഖത്തിന്റെ പൊട്ടലുമൊക്കെ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ പാദങ്ങളെ അനാകർഷകമാക്കും. പാദങ്ങൾക്കു മതിയായ ശ്രദ്ധ ചെലുത്താത്തതാണ് പ്രധാന പ്രശ്നം. സിംപിളായി കാലുകളെ മിനുക്കിയെടുക്കാനുള്ള ചില പൊടികൈകൾ എന്തൊക്കെയാണെന്ന് നോക്കാം

ശുചിത്വം

പാദങ്ങളുടെ ഭംഗിക്ക് ആദ്യം വേണ്ടത് ശുചിത്വമാണ്. ഇളം ചൂടുവെള്ളത്തിൽ ഷാംപൂ ചേർത്ത് അതിൽ നാരങ്ങാ നീര് ചേർത്തിളക്കി, പത്ത് മിനിറ്റു നേരം പാദങ്ങൾ മുക്കി വയ്‌ക്കുക. ശേഷം പഴയ ടൂത്ത് ബ്രഷ് കൊണ്ട് നഖത്തിനിടയിലെ ചെളി കളഞ്ഞ് വൃത്തിയാക്കുക. ദിവസവും ചെയ്താൽ നല്ല മാറ്റം കാണാൻ സാധിക്കും. നല്ലതിരക്കുള്ളവർ ആണെങ്കിൽ ആഴ്‌ചയിൽ ഒരിക്കൽ എങ്കിലും ചെയ്യാൻ മറക്കരുത്.

വിണ്ടു കീറൽ ഒഴിവാക്കാം

പാദങ്ങളിലെ വിണ്ടുകീറൽ പലർക്കും ഉള്ള പ്രശ്നമാണ്. അത് കാലിന്റെ ശോഭ തന്നെ ഇല്ലാതാക്കും. ഇതിനായി രണ്ടു സ്പൂണ്‍ ഗ്ലിസറിനും നാരങ്ങാ നീരും ചേര്‍ത്ത് ദിവസവും കുളികഴിഞ്ഞ് കാലില്‍ തേച്ചുപിടിപ്പിക്കാം. ഇത് കൂടാതെ പെട്രോളിയം ജെല്ലി കാലുകളില്‍ പുരട്ടി സോക്‌സിട്ട് രാത്രിയില്‍ കിടന്നുറങ്ങുന്നതും മികച്ച പ്രതിവിധിയാണ്. കാലുകള്‍ മൃദുലമാകാനും ഇത് നല്ലതാണ്.

തിളക്കത്തിന്

പാദങ്ങൾ കണ്ണാടി പോലെ തിളങ്ങാൻ ചില പൊടിക്കൈകൾ നമ്മുടെ അടുക്കളയിൽ തന്നെ ഉണ്ട്. അതിനായി തൈരും നാരങ്ങനീരും ഗ്ലിസറിനും കടലമാവും ചേര്‍ത്ത് പേസ്റ്റ് പോലെയാക്കിയ മിശ്രിതം കാലുകളില്‍ പുരട്ടിയിടാം. പത്തോ പതിനഞ്ചോ മിനിറ്റു കഴിഞ്ഞ് കഴുകികളയാം. നല്ല മാറ്റം നിങ്ങൾക്ക് കാണാൻ പറ്റും. ഇതുകൂടാതെ ആഴ്ചയിലൊരിക്കല്‍ കാലുകളില്‍ എണ്ണ പുരട്ടി തടവാം. അല്ലെങ്കിൽ പാല്‍പ്പാട, നാരങ്ങനീര്,ഗ്ലിസറിന്‍ കസ്തൂരി മഞ്ഞള്‍ എന്നിവ ചേർത്ത് കാലിൽ പുരട്ടാം.

നാരങ്ങ നീര്

നാരങ്ങ നീര് കാലിൽ പുരട്ടുന്നതും വളരെ മികച്ചതാണ്. ഇത് നിറം വർധിപ്പിക്കാനും പാടുകൾ അകറ്റാനും സഹായിക്കും. ദിവസവും ചെയ്യാൻ മറക്കരുത്. കാരണം മാറ്റം നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ തുടർച്ചയായി അതിനായി പരിശ്രമിക്കണം..

കെ സുധാകരന്‍റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു

തിരുവനന്തപുരം: കെ സുധാകരന്‍റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. @SudhakaranINC എന്ന വെരിഫൈഡ് അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്ക് ചെയ്യപ്പെട്ട പേജിന്റെ പാസ്‌വേഡ് ഉൾപ്പെടെ അജ്ഞാതർ മാറ്റിയതിനാൽ ഈ പേജിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.ഡിജിപിക്കും എക്‌സ് അധികൃതര്‍ക്കും കെ.സുധാകരന്‍ പരാതി നല്‍കി.
കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ എക്‌സ് അക്കൗണ്ട്(മുമ്പ് ട്വിറ്റര്‍) ഹാക്ക് ചെയ്തു. @SudhakaranINC എന്ന വെരിഫൈഡ് അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. ഹാക്ക് ചെയ്യപ്പെട്ട പേജിന്റെ പാസ്‌വേഡ് ഉൾപ്പെടെ അജ്ഞാതർ മാറ്റിയതിനാൽ ഈ പേജിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

കെ.സുധാകരന്‍ എന്ന പേരും പ്രൊഫൈല്‍ ചിത്രവും അജ്ഞാതര്‍ മാറ്റിയെങ്കിലും @SudhakaranINC എന്ന അഡ്രസ്സ് മാറ്റാന്‍ ഹാക്കർമാർക്ക് സാധിച്ചിട്ടില്ല. നിയമ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി

മൈനാഗപ്പളളി അപകടം: പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്,അജ്മലിൻ്റെ ലൈസൻസ് സസ്പെൻ്റ് ചെയ്യും

ശാസ്താംകോട്ട.നാളെ കസ്റ്റഡി അപേക്ഷ നൽകാൻ തീരുമാനം. കസ്റ്റഡിയിൽ വാങ്ങിയ ശേഷം പ്രതികളുമായി തെളിവെടുക്കും.
മൈനാഗപ്പളളി അപകടം: അജ്മലിൻ്റെ ലൈസൻസ് ഉടൻ സസ്പെൻ്റ് ചെയ്യും. അന്വേഷണ ഉദ്യോഗസ്ഥൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാകും മോട്ടർ വാഹന വകുപ്പിൻ്റെ നടപടി. അജ്മലിൻ്റെ കൂടി വിശദീകരണം കേട്ട ശേഷമാകും ലൈസൻസ് റദ്ദാക്കുക

തലച്ചോറിൽ അണുബാധ: പ്ലസ് ടു വിദ്യാർത്ഥിനി കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ചു

കാസർകോട്: തലച്ചോറിൽ അണുബാധയെ തുടർന്ന് 17 കാരി മരിച്ചു. കാസർകോട് മേൽപ്പറമ്പ് ചന്ദ്രഗിരി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്ക്കൂൾ പ്ലസ് ടു വിദ്യാർത്ഥി എൻ.എം വൈഷ്ണവിയാണ് മരിച്ചത്. കാസർകോട് മേൽപ്പറമ്പിൽ താമസിക്കുന്ന കോഴിക്കോട് ബാലുശേരി സ്വദേശിരകളായ ശശിധരൻ-ശുഭ ദമ്പതികളുടെ മകളാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സ്വദേശമായ ബാലുശേരിയിൽ സംസ്കാരം നടത്തി.

ദിവസങ്ങൾക്ക് മുൻപ് തലവേദന, പനി തുടങ്ങിയ അസ്വസ്ഥതകൾ വിദ്യാർത്ഥിനിക്ക് നേരിട്ടിരുന്നു. പിന്നീട് ആശുപത്രിയിൽ കാണിച്ചെങ്കിലും മാറ്റമുണ്ടായിരുന്നില്ല. ഇതിനിടെ പെൺകുട്ടി ബോധരഹിതയായി. ഇതോടെയാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. കുട്ടിക്ക് നിപയാണോയെന്നടക്കം ആദ്യം സംശയമുണ്ടായിരുന്നു. വിശദമായ പരിശോധനയിലാണ് തലച്ചോറിലേറ്റ അണുബാധയാണ് കാരണമെന്ന് വ്യക്തമായത്. ചികിത്സ തുടരുന്നതിനിടെയാണ് ഇന്ന് മരണം സംഭവിച്ചത്.

വിശ്വകർമ്മ ജയന്തി ആഘോഷിച്ചു

ഇടയ്ക്കാട് : കുന്നത്തുർ താലൂക്ക് വിശ്വകർമ്മ യൂണിയന്റെ ആഭിമുഖ്യത്തിൽ AKVMS ഇടയ്ക്കാട് 502 – നമ്പർ ശാഖയും വിശ്വകർമ്മ വനിത സംഘടനയായ വിശ്വദീപവും സംയുക്തമായി വിശ്വകർമ്മ ജയന്തി ആഘോഷിച്ചു.
ശാഖാ പ്രസിഡന്റ് പി. മുരളീധരൻ പതാക ഉയർത്തി.സെക്രട്ടറി ഇൻ ചാർജ് രാധാകൃഷ്ണൻ , ജോയിൻ സെക്രട്ടറി ശങ്കരൻ കുട്ടി, വിശ്വദീപം പ്രസിഡന്റ് ചന്ദ്രിക, സെക്രട്ടറി സുമ രതീഷ് എന്നിവർ സംസാരിച്ചു. തുടർന്ന് പായസ വിതരണവും നടന്നു.

തദ്ദേശ വാർഡ് വിഭജനം, പ്രത്യേക പോർട്ടൽ അടുത്ത മാസം

തിരുവനന്തപുരം. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജിക്കുമ്പോൾ പൊതുജനങ്ങൾക്ക് അത് പരിശോധിക്കാൻ സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷൻ്റെ പ്രത്യേക പോർട്ടൽ അടുത്ത മാസം പ്രവർത്തനക്ഷമമാകും. സംസ്ഥാനത്തെ 1137 തദ്ദേശ സ്ഥാപനങ്ങളിൽ 2011 സെൻസസ് അടിസ്ഥാനമാക്കിയാണ് വാർഡ് വിഭജനം. പുതിയ വാർഡുകൾ സൃഷ്ടിക്കുമ്പോൾ അതതു പഞ്ചായത്തുകളിലും നഗരസഭകളിലും നിലവിലെ ഭൂരിഭാഗം വാർഡുകളിലും മാറ്റം വരും. മുൻകാലങ്ങളിൽ വിഭജനം നടത്തിയപ്പോൾ കരട്, അന്തിമ വിജ്ഞാപനങ്ങൾ ഇറക്കുകയും ജനങ്ങളിൽനിന്നു പരാതികളും ആക്ഷേപങ്ങളും കേൾക്കുന്ന ചട്ടപ്പടി രീതി മാത്രമാണുണ്ടായിരുന്നത്.തദ്ദേശ സ്ഥാപന ജീവനക്കാരെത്തി പുതിയ വാർഡ്, കെട്ടിട നമ്പറുകൾ രേഖപ്പെടുത്തുമ്പോഴാണ് ജനങ്ങൾക്ക് ഇതേക്കുറിച്ച് വ്യക്തമാകുന്നത്. നമ്പർ മാറുന്നത് വീട്ടുടമസ്ഥർ അറിയാതെ പോകുന്നതും വോട്ടർപട്ടികയിൽ വാർഡിന് അനുസരിച്ച് പേരിനു സ്ഥാനമാറ്റം വരുന്നത് വോട്ടർമാർ മനസ്സിലാക്കാത്തതും പരാതിക്കിടയാക്കുന്നു. ഇവ ഒരു പരിധി വരെ പരിഹരിക്കാനാണ് പോർട്ടൽ.

കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

കര്‍ണാടക ഗുണ്ടല്‍പേട്ടില്‍ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. വയനാട് പൂതാടി സ്വദേശി അഞ്ചു, ഭര്‍ത്താവ് ധനേഷ്, ഇവരുടെ മകന്‍ എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം.
ബൈക്കിന് പുറകില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ടിപ്പര്‍ ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നതായും അമിത വേഗത്തയിലെത്തി ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ നല്‍കുന്ന വിവരം. മൂവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ഇടിയുടെ ആഘാതത്തില്‍ ധനേഷ് വാഹനത്തില്‍ നിന്ന് തെറിച്ച് പോയിരുന്നു. അഞ്ചുവും മകനും ലോറിക്കടിയിലേക്ക് പോയി. ഇവരുടെ ദേഹത്ത് ലോറിയുടെ ടയര്‍ കയറി ഇറങ്ങി. മൂവരുടെയും മൃതദ്ദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

‘മണിപ്പൂരിലേത് ഭീകരവാദം അല്ല വംശീയ സംഘര്‍ഷം’: മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ച് അമിത് ഷാ

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ 100 ദിന പ്രവർത്തനങ്ങൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പ്രകോപിതനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മണിപ്പുർ കലാപത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ബീരേൻ സിങ് മുഖ്യമന്ത്രിയായി തുടരുന്നത് എന്തുകൊണ്ടെന്നു ചോദിച്ചപ്പോൾ നിങ്ങൾക്ക് ചോദിക്കാം എന്നാൽ തർക്കിക്കേണ്ട എന്നായിരുന്നു അമിത് ഷായുടെ മറുപടി.

മണിപ്പുരില്‍ നടക്കുന്നത് ഭീകരവാദം അല്ല, വംശീയ സംഘര്‍ഷമാണ്. സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കുക്കി, മെയ്‌തെയ് വിഭാഗങ്ങളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അമിത് ഷാ പറഞ്ഞു.

പ്രധാനമന്ത്രി മണിപ്പുരിൽ പോകാനുള്ള തീരുമാനം എടുക്കുമോ എന്ന ചോദ്യത്തിന് എന്തെങ്കിലും തീരുമാനിച്ചാൽ നിങ്ങളറിയും എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനായി കേന്ദ്ര സർക്കാർ ഇരുവിഭാ​ഗങ്ങളുമായി ചർച്ചയിലാണെന്നും അമിത് ഷാ പറഞ്ഞു. വഖഫ് ബില്ലിൽ നിന്ന് പിന്നോട്ടില്ലെന്നും വൈകാതെ ഇത് പാസാക്കുമെന്നും അമിത് ഷാ പറഞ്ഞു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഈ സർക്കാരിന്റെ കാലഘട്ടത്തിൽ തന്നെ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 15 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. മൂന്നു ലക്ഷം കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനു സര്‍ക്കാര്‍ വകയിരുത്തി. 49,000 കോടി രൂപ ചെലവില്‍ 25,000 ഗ്രാമങ്ങളെ റോഡ് ശൃംഖലയുമായി ബന്ധിപ്പിച്ചു. 50,600 കോടി രൂപ ചെലവില്‍ രാജ്യത്തെ പ്രധാന റോഡുകള്‍ വികസിപ്പിക്കാനും കേന്ദ്രം തീരുമാനിച്ചു. മഹാരാഷ്ട്രയിലെ വാധ്‌വാനില്‍ ഒരു മെഗാ തുറമുഖം നിര്‍മിക്കും. നുഴഞ്ഞുകയറ്റം തടയാന്‍, മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി, വേലികെട്ടാന്‍ തീരുമാനിച്ചുവെന്നും അമിത് ഷാ പറഞ്ഞു.

ഫാൻസി നമ്പറിനായി തിരുവല്ല സ്വദേശി നിരഞ്ജന മുടക്കിയത് 7.85 ലക്ഷം രൂപ

തിരുവല്ല സ്വദേശി അഡ്വ. നിരഞ്ജന നടുവത്ര, ഫാൻസി റജിസ്ട്രേഷൻ നമ്പർ ലേലത്തിൽ പിടിച്ചത് 7.85 ലക്ഷം രൂപയ്ക്ക്. നടുവത്ര ട്രേഡേഴ്‌സ് ഡയറക്ടറുമായ നിരഞ്ജന നടുവത്ര തന്റെ ലാന്‍ഡ്‌റോവര്‍ ഡിഫെന്‍ഡര്‍ എച്ച്എസ്ഇയ്ക്ക് വേണ്ടിയാണ് കെഎല്‍ 27 എം 7777 എന്ന നമ്പര്‍ ലേലത്തിലൂടെ നേടിയത്. തിരുവല്ല ആര്‍ടിഒയ്ക്ക് കീഴിലായിരുന്നു വാശിയേറിയ ലേലം അരങ്ങേറിയത്.

കേരളത്തില്‍ നടന്ന ഫാന്‍സി നമ്പര്‍ ലേലത്തിലെ ഏറ്റവും ഉയര്‍ന്ന വിലകളിലൊന്നാണിത്. മുമ്പ് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് ഇഷ്ട നമ്പര്‍ ലഭിക്കാന്‍ നടനും സംവിധായകനുമായ പൃഥ്വിരാജ് മുടക്കിയത് ഏഴര ലക്ഷമായിരുന്നു. തന്റെ ഇഷ്ടനമ്പറായ 7777 ലേലത്തിലൂടെ സ്വന്തമാക്കിയതോടെ പൃഥ്വിരാജിനെ പിന്തള്ളിയിരിക്കുകയാണ് തിരുവല്ല സ്വദേശി നിരഞ്ജന.1.78 കോടി രൂപയ്ക്കാണ് റേഞ്ച് റോവര്‍ ഡിഫെന്‍ഡര്‍ എച്ച്എസ്ഇ വാങ്ങിയത്.
ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഉള്‍പ്പെടെ മെറ്റീരിയല്‍ സപ്ലെ ചെയ്യുന്ന കമ്പനിയാണ് നടുവത്ര ട്രേഡേഴ്‌സ്. നടുവത്ര വീട്ടില്‍ അനില്‍കുമാര്‍-സാജി ഭായ് ദമ്പതികളുടെ മകളായ നിരഞ്ജന എര്‍ത്തെക്‌സ് വെഞ്ചേഴ്‌സ് പ്രൈ. ലിമിറ്റഡിന്റെയും (Earthex ventures) ഡയറക്ടര്‍ കൂടിയാണ്. ക്വാറി, ക്രഷര്‍ തുടങ്ങിയ അനുബന്ധ മേഖലകളിലാണ് നിരഞ്ജനയുടെ ബിസിനസ്. ഇഷ്ട നമ്പര്‍ സ്വന്തമാക്കണമെന്നത് വലിയ ആഗ്രഹമായിരുന്നുവെന്നും ഇത്തരം ലേലത്തിലൂടെ സര്‍ക്കാരിന് ലഭിക്കുന്ന തുക വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാകുമെന്നും നിരഞ്ജന പറഞ്ഞു.
തിരുവനന്തപുരം സ്വദേശി കെഎസ് ബാലഗോപാലിന്റെ മുമ്പ് കെ എൽ 01 സികെ 1 എന്ന നമ്പറാണ് കേരളത്തിലെ ഏറ്റവും വിലയുള്ള ഫാൻസി നമ്പർ. അന്ന് ഒരു ലക്ഷം രൂപ ഫീസടക്കം നമ്പറിന് 31 ലക്ഷം രൂപ ബാലഗോപാൽ മുടക്കി. അതിന് മുമ്പ് 18 ലക്ഷം രൂപയ്ക്ക് മുമ്പ് കെഎൽ 01 സിബി 1 എന്ന നമ്പറും 17.15 ലക്ഷം രൂപയ്ക്ക് കെഎൽ 08 ബിഎൽ 1 എന്ന ഫാൻസി നമ്പറും ലേലത്തില്‍ പോയിട്ടുണ്ട്.