27.4 C
Kollam
Thursday 25th December, 2025 | 04:21:04 PM
Home Blog Page 2128

രോഗി മരിച്ചത് ചികിൽസാ പിഴവിനെ തുടർന്നെന്ന ആരോപണത്തിൽ വ്യാജ ഡോക്ടർ കസ്റ്റഡിയിൽ

കോഴിക്കോട്. ഫറോക്ക് കോട്ടക്കടവിൽ രോഗി മരിച്ചത് ചികിൽസാ പിഴവിനെ തുടർന്നെന്ന ആരോപണത്തിൽ വ്യാജ ഡോക്ടർ കസ്റ്റഡിയിൽ. കോട്ടക്കടവ് ടി എം എച്ച് ആശുപത്രിയിൽ ആർഎംഒ ആയി ജോലി ചെയ്ത അബു അബ്രഹാം ലൂക്ക് ആണ് ഫറോക്ക് പൊലിസിൻ്റെ കസ്റ്റഡിയിലുള്ളത്. കടലുണ്ടി പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാറാണ് മരിച്ചത്. ഡോക്ടർക്കും ആശുപത്രിക്കും എതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് പരാതി നൽകിയതായി മകൻ അശ്വിൻ പറഞ്ഞു

ഇക്കഴിഞ്ഞ 23 ന് പുലർച്ചെയാണ് നെഞ്ചുവേദനയെ തുടർന്ന് വിനോദ് കുമാറിനെ ടി എം എച്ച് ആശുപത്രിയിൽ എത്തിച്ചത്. അര മണിക്കൂർ കഴിഞ്ഞപ്പോൾ ഇദ്ദേഹം മരിച്ചു. മൂന്നു ദിവസത്തിനു ശേഷം ഈ ആശുപത്രിയിലെത്തിയ വിനോദ് കുമാറിൻ്റെ മകന് സംശയം തോന്നിയാണ് അഛനെ ചികിൽസിച്ച ഡോക്ടറെ കുറിച്ച് അന്വേഷണം നടത്തിയത്

കുടുംബത്തിൻ്റെ പരാതിയിലാണ് ഫറോക്ക് പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. അബു അബ്രഹാം ലൂക്ക് ൻ്റെ എം ബി ബി എസ് രജിസ്റ്റർ നമ്പർ വ്യാജമെന്ന് പൊലിസ് അന്വേഷണത്തിൽ വ്യക്തമായി .മുക്കത്തു വച്ചാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. വഞ്ചന,ആൾമാറാട്ടം,വകുപ്പുകൾക്കൊപ്പം ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ട് പ്രകാരവുമാണ് കേസെടുത്തത്. അതേസമയം ഇയാൾ എംബിബിഎസ് പാസായിട്ടില്ല എന്ന വിവരം അറിഞ്ഞില്ല എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം

കുളിക്കാൻ ഇറങ്ങിയ യുവാവ് വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

പാലക്കാട് .കുളിക്കാൻ ഇറങ്ങിയ യുവാവ് വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു.കിഴക്കഞ്ചരി കാരപ്പാടം സ്വദേശി മനോജ് (32) ആണ് മരിച്ചത്.തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അപകടം സംഭവിച്ചത്.കൊന്നക്കൽ കടവ് മിനി ജലവൈദ്യുത പദ്ധതിയുടെ പവർഹൗസിൽ സമീപമുള്ള നമ്പൂതിരിക്കയത്തിന് സമീപം സുഹൃത്തുക്കളായ ആറു പേരാണ് പിറന്നാൾ ആഘോഷിക്കാൻ എത്തിയത് എന്ന് പോലീസ് പറഞ്ഞു.ഇതിനിടെ മനോജ് അപകടത്തിൽ പെടുകയായിരുന്നു

വടക്കഞ്ചേരി പോലീസും ഫയർഫോഴ്സും നടത്തിയ തിരച്ചിലിൽ രാത്രി 9 മണിയോടെയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.പാലക്കുഴി മിനി ജലവൈദ്യുത പദ്ധതിയുടെ വെള്ളച്ചാട്ടം ഒഴുക്ക് വരുന്ന തോടാണ് ഈ പ്രദേശം.മുൻപും ഇവിടെ അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്

മലപ്പുറം ജില്ലയെ പ്രശ്നവൽക്കരിക്കാനുള്ള നീക്കത്തിൽ നിന്ന് മുഖ്യമന്ത്രി ഉൾപ്പടെ ഉള്ളവർ പിന്മാറണം,കേരള മുസ്ലിം ജമാഅത്ത്

മലപ്പുറം ജില്ലയെ പ്രശ്നവൽക്കരിക്കാനുള്ള നീക്കത്തിൽ നിന്ന് മുഖ്യമന്ത്രി ഉൾപ്പടെ ഉള്ളവർ പിന്മാറണം എന്ന് കേരള മുസ്ലിം ജമാഅത്.കരിപ്പൂരുമായി ബന്ധപ്പെട്ട് പറയപ്പെടുന്ന സ്വർണക്കടത്തും പണമിടപാടും ഒരു ജില്ലക്ക് മേൽ ആരോപിക്കപ്പെടുന്നത് ഖേദകരം.ഒരു ജില്ലയെ പത്ര സമ്മേളനങ്ങളിലും അഭിമുഖങ്ങളിലും തുടർച്ചയായ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ല

മുഖ്യമന്ത്രിയുടെ വിശേഷണം മനുഷ്യത്വ വിരുദ്ധം.മുഖ്യമന്ത്രിയുടെ പരാമർശത്തിന് എതിരെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒറ്റക്കെട്ടായി നിൽക്കാനും കേരള മുസ്ലിം ജമാഅത് ആഹ്വാനം ചെയ്തു

മയക്കുമരുന്ന് കേസുകളിൽ എത്രയും വേഗം ചാർജ് ഷീറ്റ് നൽകും; രാത്രികാല പോലീസ് പട്രോളിങ് ശക്തിപ്പെടുത്താനും നിർദ്ദേശം

തിരുവനന്തപുരം. സംസ്ഥാനത്ത് ഇക്കൊല്ലം ജൂൺ മുതലുള്ള മൂന്നു മാസത്തെ കുറ്റകൃത്യങ്ങളുടെയും തുടർനടപടികളുടെയും അവലോകനം പോലീസ് ആസ്ഥാനത്ത് നടന്നു. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് അധ്യക്ഷത വഹിച്ചു.

മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി ചാർജ് ഷീറ്റ് നൽകാൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചു. സ്കൂൾ, കോളേജ്അധികൃതരുമായി സംസാരിച്ച് മയക്കുമരുന്ന് വിരുദ്ധപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ജനമൈത്രി പോലീസിനെ ചുമതലപ്പെടുത്തണം.

കുറ്റവാളികളെ അമർച്ച ചെയ്യുന്നതിന് എറണാകുളം ജില്ലയിൽ നടപ്പാക്കിയ മാപ്പിംഗ് സംവിധാനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും. സൈബർ കുറ്റകൃത്യങ്ങളും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിനെതിരെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ എല്ലാ ജില്ലകളിലും നടപ്പാക്കും. രാത്രികാല പോലീസ് പട്രോളിങ് ശക്തിപ്പെടുത്തും. സോൺ ഐ ജിമാർ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തും. വ്യാജ നമ്പർപ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങൾ കണ്ടെത്താൻ പ്രത്യേക പരിശോധന നടത്തും.

ജില്ലകളിലെ സ്പെഷ്യൽ ബ്രാഞ്ച് സംവിധാനം ശക്തിപ്പെടുത്തും. ഇതിനായി സ്പെഷ്യൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥർക്ക് പ്രത്യേകം പരിശീലനം നൽകും. ചാർജ് ഷീറ്റ് നൽകാൻ വൈകുന്ന പോക്സോ കേസുകൾ റേഞ്ച് ഡിഐജി മാർ വിലയിരുത്തി നടപടി സ്വീകരിക്കും.

മാവോയിസ്റ്റ് സംഘങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കാനും ആവശ്യമായ ഇടപെടൽ നടത്താനും ജില്ലാ പോലീസ് മേധാവിമാർ നടപടി സ്വീകരിക്കും.

പോലീസ് ഉദ്യോഗസ്ഥർക്ക് അവരുടെ ആവശ്യങ്ങൾക്ക് അനുസൃതമായി അവധിയും ഓഫും അനുവദിക്കും. സാമ്പത്തിക മാനേജ്മെൻ്റ് സംബന്ധിച്ച് എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ബോധവൽക്കരണം നടത്താനും സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചു.

അവലോകനയോഗത്തിൽ എഡിജിപിമാർ, സോൺ ഐജിമാർ, റേഞ്ച് ഡിഐജിമാർ, ജില്ലാ പോലീസ് മേധാവിമാർ എന്നിവർ പങ്കെടുത്തു.

ക്രൈം മാപ്പിങ് എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും

തിരുവനന്തപുരം.ക്രൈം മാപ്പിങ് എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും. സംസ്ഥാനത്ത് ക്രൈം മാപ്പിങ് മുഴുവൻ ജില്ലകളിലും വ്യാപിപ്പിക്കാൻ തീരുമാനം

നിലവിൽ എറണാകുളം ജില്ലയിൽ ക്രൈം മാപ്പിങ് നടപ്പിലാക്കിയിരുന്നു.പോലീസ് അവലോകന യോഗത്തിലാണ്
തീരുമാനം.മയക്കുമരുന്ന് കേസുകളിൽ എത്രയും വേഗം ചാർജ് ഷീറ്റ് നൽകാനും ഡിജിപിയുടെ നിർദ്ദേശം.വ്യാജ നമ്പർപ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങൾ കണ്ടെത്താൻ പ്രത്യേക പരിശോധന നടത്തും.ജില്ലകളിലെ സ്പെഷ്യൽ ബ്രാഞ്ച് സംവിധാനം ശക്തിപ്പെടുത്തും.ഇതിനായി ഉദ്യോഗസ്ഥർക്ക് പ്രത്യേകം പരിശീലനം നൽകും. എഡിജിപിമാർ,സോൺ ഐജിമാർ,റേഞ്ച് ഡിഐജിമാർ,ജില്ലാ പോലീസ് മേധാവിമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്

സ്കൂൾ വിദ്യാർത്ഥികളായ ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു,സിപിഐഎം ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ പോക്സോ കേസ്

കണ്ണൂരിൽ രണ്ട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ പോക്സോ കേസ്. സ്കൂൾ വിദ്യാർത്ഥികളായ ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിലാണ് കേസ്. തളിപ്പറമ്പ് മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി രമേശൻ, മുയ്യം ബ്രാഞ്ച് സെക്രട്ടറി അനീഷ് എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.ഒരാൾ അറസ്റ്റിൽ

ഇന്നലെ വൈകിട്ടാണ് ആദ്യ കേസിനാസ്പദമായ സംഭവം. പ്ലസ് വൺ വിദ്യാർത്ഥിയെ സിപിഎം, ബ്രാഞ്ച് സെക്രട്ടറിയായ പ്രതി രമേശൻ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കി. പീഡനത്തെത്തുടർന്ന് അവശനായ വിദ്യാർത്ഥി സുഹൃത്തുക്കളെ വിവരമറിയിച്ചു. പിന്നാലെ രമേശനിൽ നിന്ന് ദുരനുഭവമുണ്ടായതായി കൂടുതൽ വിദ്യാർത്ഥികൾ വെളിപ്പെടുത്തി. ഇതോടെ വിദ്യാർഥികൾ സംഘടിച്ച് രമേശനെ ഫോണിൽ വിളിച്ച് സംഭവം നടന്ന സ്ഥലത്തെത്താൻ ആവശ്യപ്പെട്ടു. കുട്ടികളൊരുക്കിയ കെണി തിരിച്ചറിയാതെ രമേശൻ തന്റെ സുഹൃത്ത് കൂടിയായ മുയ്യം ബ്രാഞ്ച് സെക്രട്ടറി അനീഷിനെയും കൂട്ടി സ്ഥലത്തെത്തി. രമേശനെ പിടികൂടിയ വിദ്യാർത്ഥികൾ, രക്ഷിതാക്കളുടെ സഹായത്തോടെ പോലീസിന് കൈമാറി. ഇതിനിടെ അനീഷ് ഓടി രക്ഷപ്പെട്ടു. ചൈൽഡ്‌ലൈൻ വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തിയതോടെ അനീഷും കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ വിവരം പുറത്തായി. രമേശന്റെ അറസ്റ്റ് രേഖപ്പെടുത്തി, കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഒളിവിൽ കഴിയുന്ന അനീഷിനായി തിരച്ചിൽ ഊർജതമാക്കി. കഴിഞ്ഞ ദിവസം നടന്ന ബ്രാഞ്ച് സമ്മേളനങ്ങളിലാണ് ഇരുവരെയും സെക്രട്ടറിമാരായി തിരഞ്ഞെടുത്തത്. ഇരുവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഐഎം ജില്ലാ നേതൃത്വം വ്യക്തമാക്കി.

സംസ്ഥാനത്ത് നിരവധി പൊലീസുകാര്‍ എംഡിഎംഎ കച്ചവടക്കാര്‍ എന്ന് അന്‍വര്‍

മലപ്പുറം. എഡിജിപി അജിത് കുമാറിന് മുകളില്‍ ഒരു പരുന്തും പറക്കില്ലെന്ന് പിവി അന്‍വര്‍ എംഎല്‍എ. ഒരു മുഖ്യമന്ത്രി ഒരു ക്രിമിനിലിനെ ഇങ്ങനെ കെട്ടിപ്പിടിച്ച്‌ ഇരിക്കുകയാണ്.
കൈപിടിച്ച്‌ വലിച്ചാലും കാല്‍പിടിച്ച്‌ വലിച്ചാലും ആ കെട്ട് വിടാന്‍ തയ്യാറില്ല. അത് എന്താണെന്ന് ജനം പരിശോധിക്കണമെന്ന് അന്‍വര്‍ പറഞ്ഞു. കോഴിക്കോട് സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അന്‍വര്‍

പൊലീസിലെ ചെറിയവിഭാഗമാണെങ്കില്‍ പോലും ഈ ക്രിമിനല്‍ വത്കരണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ നാടിന് ഉണ്ടാകുമെന്ന് കണ്ടാണ് താന്‍ രംഗത്തുവന്നതെന്ന് അന്‍വര്‍ പറഞ്ഞു. മുന്‍ എസ്പി സുജുിത് ദാസിന് കേസുകള്‍ ഉണ്ടാക്കാന്‍ വേണ്ടി നിരപരാധികളായ യുവാക്കളെയാണ് കുടുക്കിയത്. അങ്ങനെ സര്‍ക്കാരിന് മുന്നില്‍ കുടുതല്‍ സ്വര്‍ണവും എംഡിഎംഎയും പിടിച്ചെടുക്കുന്നനാകുന്നു. ഇടതുപക്ഷത്തെ ജനത്തില്‍ നിന്ന് അകറ്റിയത് ആഭ്യന്തരവകുപ്പ് പൊലീസുമാണ്. സംസ്ഥാനത്ത് നിരവധി പൊലീസുകാര്‍ എംഡിഎംഎ കച്ചവടക്കാരാണെന്നും അന്‍വര്‍ പറഞ്ഞു.

വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പരാതി പിന്‍വലിക്കാന്‍ നിരവധി ഓഫറുകള്‍ വന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി തന്നെ സുഖിപ്പിക്കാനുള്ള ഏര്‍പ്പാടായിരുന്നു. ഇതോടെ അന്വേഷണം തണുപ്പിക്കാമെന്ന് അവര്‍ കരുതിയെന്നും അന്‍വര്‍ പറഞ്ഞു.

മലപ്പുറം ജില്ല സംസ്ഥാനത്തെ ഏറ്റവും വലിയ ക്രിമിനല്‍ സംഘമെന്നാണ് ഇന്ന് ഹിന്ദുദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി പറയുന്നത്. മലയാള പത്രത്തോട് ഇക്കാര്യം പറയുന്നതെങ്കില്‍ ചോദ്യമുണ്ടാകും. ഈ വാര്‍ത്ത നേരെ ഡല്‍ഹിയിലേക്ക് പോകുന്നത് കൊണ്ടാണ് ഇങ്ങനെ പറഞ്ഞത്. ഇത് സദുദ്ദേശ്യമാണോ?. അന്‍വര്‍ ചോദിച്ചു. കരിപ്പൂര്‍ എയര്‍പോര്‍ട്ട് മലപ്പുറം ജില്ലയിലാണ്. ഇവിടെ സ്വര്‍ണം പിടികൂടിയാല്‍ എഫ്‌ഐ ആര്‍ ഇടുക മലപ്പുറത്താണ്. ഈ നാടാകെ പോകേണ്ട സ്വര്‍ണം മറ്റ് ജില്ലകളിലേക്ക് പോകാം. പിടിക്കപ്പെട്ടവന്‍ ഏത് ജില്ലക്കാരാനാണെന്ന് നോക്കിയാണ് മുഖ്യമന്ത്രി ഇക്കാര്യം പറയേണ്ടത്. ഒരു സമുദായത്തെ അടിച്ചമര്‍ത്തുകയാണ് മുഖ്യമന്ത്രി. ഇത് അപകടകരമായ പോക്കാണ്. ഇത് ആണ് ഇവിടെ ചോദ്യം ചെയ്യുന്നതെന്നും അന്‍വര്‍ പറഞ്ഞു.

ഹിന്ദു പത്രത്തിലെ പരാമര്‍ശത്തിലൂടെ മലപ്പുറത്തെ അപമാനിച്ചു; മുഖ്യമന്ത്രിക്കെതിരെ പി വി അൻവര്‍ എം എൽ എ

കോഴിക്കോട്:ഹിന്ദു പത്രത്തിലെ പരാമര്‍ശത്തിലൂടെ മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചതായി പി വി
അൻവർ എം.എല്‍എ. ഹിന്ദുവിലെ ലേഖനത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണ്. ഇംഗ്ലീഷ് പത്രത്തില്‍ കൊടുത്താല്‍ ഡല്‍ഹിയില്‍ കിട്ടുമല്ലോയെന്നും എന്തുകൊണ്ട് മലയാള മാധ്യമങ്ങളോട് പറയുന്നില്ലെന്നും അൻവർ ചോദിച്ചു.

കോഴിക്കോട് മുതലക്കുളം മൈതാനത്ത് സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അൻവർ. മതസൗഹാർദത്തിന് കത്തിവെക്കുന്നത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി ആർ.എസ്.എസുമായി സഹകരിച്ചെന്നും അൻവർ കുറ്റപ്പെടുത്തി. കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മാമിയുടെ തിരോധാനത്തിലും പുതിയ ആരോപണങ്ങള്‍ അൻവർ ഉന്നയിച്ചു. മാമി കേസ് അന്വേഷണത്തില്‍ എല്ലാവരും തൃപ്തരായിരുന്നു. അതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ പൊലീസില്‍നിന്നു തിരുവനന്തപുരത്ത് എക്സൈസിലേക്ക് മാറ്റിയത്. അന്വേഷണം പൂർത്തിയാക്കാൻ ഈ ഉദ്യോഗസ്ഥനെ തന്നെ അനുവദിക്കണം എന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് കണ്‍വീനറായ ടി.പി. രാമകൃഷ്ണനും സി.പി.എം ജില്ലാ സെക്രട്ടറിക്കും എളമരം കരീമിനും മുഹമ്മദ് റിയാസിനും മുഖ്യമന്ത്രിക്കും രണ്ടാഴ്ച മുന്നേ കത്ത് കൊടുത്തു.

ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ ഓഫിസില്‍ 20 മിനിറ്റോളം ഇരുന്നു. മെയില്‍ ഡി.ജി.പിക്ക് കൊടുക്കുന്നത് കണ്ടിട്ടാണ് താൻ എ.ഡി.ജി.പിയുടെ ഓഫിസില്‍ നിന്നു ഇറങ്ങിയത്. വീണ്ടും മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തിട്ടും അദ്ദേഹത്തെ അന്വേഷണത്തിനായി നിയമിച്ച്‌ ഉത്തരവിറങ്ങിയിട്ടില്ല. വടകര പാനൂരില്‍ 17 വയസുള്ള മുഹമ്മദ് ഹാഷിർ മയക്കുമരുന്ന് സംഘത്തിന്റെ അടിമയായതും ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതുമായ സംഭവം വിശദീകരിച്ചാണ് അൻവറിന്റെ പ്രസംഗം.

മൃഗശാല അധികൃതരെ വട്ടംകറക്കി വീണ്ടും ഹനുമാൻ കുരങ്ങുകൾ ചാടി പോയി

തിരുവനന്തപുരം. മൃഗശാല അധികൃതരെ വട്ടംകറക്കി വീണ്ടും ഹനുമാൻ കുരങ്ങുകൾ ചാടി പോയി . മൂന്ന് പെൺകുരങ്ങുകളാണ് രാവിലെ പുറത്തു കടന്നത്. മൃഗശാല പരിസരത്ത് തന്നെ കുരങ്ങുകൾ ഉണ്ടെന്നും, തിരികെ എത്തിക്കാൻ ശ്രമം നടക്കുന്നതായും അധികൃതർ അറിയിച്ചു.

രാവിലെ 8.45ഓടെ തീറ്റയുമായി ജീവനക്കാർ എത്തിയപ്പോഴാണ് കുരങ്ങുകൾ ചാടിപ്പോയ വിവരം അറിയുന്നത്. ഒന്നല്ല മൂന്നെണ്ണം. ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ ചായ്ഞ്ഞ മുളക്കൂട്ടത്തിൽ കയറിയാണ് കുരങ്ങുകൾ പുറത്ത് കടന്നത്. തിരുപ്പതിയിൽ നിന്നും ഹരിയാനയിൽ നിന്നും എത്തിച്ചതാണ് കുരങ്ങുകളെ. തൊട്ടടുത്ത മരത്തിൽ കയറി ഇരിപ്പുറപ്പിച്ച കുരങ്ങുകളെ താഴെയിറക്കാൻ ശ്രമം തുടരുകയാണ്.

ഒരാൺ ഹനുമാൻ കുരങ്ങ് ഉൾപ്പെടെ നാല് കുരങ്ങുകളെ ഒരുമിച്ചായിരുന്നു പാർപ്പിച്ചിരുന്നത്. കഴിഞ്ഞവർഷം കൂട്ടിലേക്ക് മാറ്റുന്നതിനിടെ ചാടിപ്പോയ പെൺ ഹനുമാൻ കുരങ്ങ് ദിവസങ്ങളോളം മൃഗശാല ജീവനക്കാരെ വട്ടം കറക്കിയിരുന്നു. ഇടയ്ക്കിടെ കുരങ്ങുകൾ ചാടിപ്പോകുന്നതും, മാനുകൾ ചത്തുപോകുന്നതും മൃഗശാല ജീവനക്കാരുടെ വീഴ്ചമൂലം എന്നാണ് ഉയരുന്ന വിമർശനം.

തെക്കൻ മൈനാഗപ്പള്ളി എള്ളുംവിളയിൽ തങ്കമണി നിര്യാതയായി

മൈനാഗപ്പള്ളി:തെക്കൻ മൈനാഗപ്പള്ളി എള്ളുംവിളയിൽ പരേതനായ ജനാർദ്ദനൻ്റെ (സൈക്കിൾ ആശാൻ) ഭാര്യ തങ്കമണി (82) നിര്യാതയായി.സംസ്കാര ചടങ്ങുകൾ ചൊവ്വ രാവിലെ 11ന് വീട്ടുവളപ്പിൽ.