Home Blog Page 2110

ന്യൂസ് അറ്റ് നെറ്റ്    B‌REAKING NEWS                              ജലീലും പുറത്തേക്കോ?

2024 ഒക്ടോബർ 02 ബുധൻ, 1.20 PM

?അൻവറിൻ്റെ വഴിയേ കെ.റ്റി ജലീലും, ഇന്ന് വൈകിട്ട് 4.30ന് വാർത്താ സമ്മേളനത്തിൽ ചിലത് തുറന്ന് പറയും

?തനിക്ക് സി പി എമ്മിനോടും മുഖ്യമന്ത്രിയോടും ബാധ്യതയില്ലെന്ന് കെ.റ്റി ജലീൽ

? അൻവർ പറയുന്ന ചില കാര്യങ്ങളിൽ യോജിപ്പെന്ന് ജലീൽ

?ഇപ്പോഴെത്തെ മൂവ്മെൻ്റ് രാഷ്ട്രീയ പാർട്ടിയായി മാറുമെന്ന് പി വി അൻവർ.

പി ആർ വിവാദത്തിത്തിൽ മുഖ്യമന്ത്രിക്ക് വേണ്ടി ഇന്ന് രംഗത്തെത്തിയത് മന്ത്രിമാരായ മുഹമ്മദ് റിയാസും, വി ശിവൻകുട്ടിയും കെ.ബി.ഗണേഷ് കുമാറും

?മുഖ്യമന്ത്രി പറഞ്ഞില്ലെങ്കിൽ പിആർ ഏജൻസിക്കെതിരെ കേസ്സെടുക്കാൻ തയ്യാറുണ്ടോയെന്ന് പ്രതിപക്ഷം

?ദ ഹിന്ദു പത്രത്തിലെ വിവാദ പരാമർശം തന്നെ അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്ന് മുൻ എംഎൽഎ ടി.കെ.ദേവകുമാർ

? മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മറ്റന്നാൾ സംസ്ഥാന വ്യാപകമായി ജില്ലാ കളക്ട്രറ്റ് കളിലേക്ക് മാർച്ച് നടത്തുമെന്ന് BJP

23 വയസ്സുകാരന്റെ അമ്മ, വനിത വിജയകുമാറിന് വീണ്ടും വിവാഹം, വരന്‍ മോഹന്‍ലാലിന്റെ വില്ലന്‍! ആരാണ് റോബര്‍ട്ട് മാസ്റ്റര്‍, 10 വര്‍ഷത്തെ പ്രണയത്തിനിടയില്‍ സംഭവിച്ചത്?

പത്ത് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇപ്പോള്‍ വനിതയും റോബേര്‍ട്ട് മാസ്റ്ററും വിവാഹിതരാവുന്നത്. അതിനിടയില്‍ വനിത പീറ്റര്‍ പോള്‍ എന്നയാളെ വിവാഹം ചെയ്യുകയും വേര്‍പിരിയുകയും ചെയ്തിരുന്നു.

വനിത വിജയകുമാർ വീണ്ടും വിവാഹിതയാകുന്നു

കഴിഞ്ഞ ദിവസം ആരാധകരെ എല്ലാം അമ്പരപ്പിച്ചുകൊണ്ടാണ് വനിത വിജയകുമാറിന്റെയും റോബര്‍ട്ട് മാസ്റ്ററുടെയും സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവന്നത്. ഒക്ടോബര്‍ അഞ്ചിന് ഇരുവരും വിവാഹിതരാവുന്നു എന്നാണ് പറയപ്പെടുന്നത്. രണ്ടു പേരും ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലാണ്.

ബാലതാരമായി അഭിനയ ലോകത്തേക്ക് എത്തിയ റോബര്‍ട്ട് മാസ്റ്റര്‍ ഇന്റസ്ട്രിയിലെ അറിയപ്പെടുന്ന ഡാന്‍സ് കൊറിയോഗ്രാഫറമാണ്. മോഹന്‍ലാലിന്റെ നരസിംഹം, ബാബ കല്യാണി ഉള്‍പ്പടെ നിരവധി സിനിമകളില്‍ വില്ലനായും വേഷമിട്ടിട്ടുണ്ട്. വനിതയുമായി പത്ത് വര്‍ഷം നീണ്ട പ്രണയ ബന്ധത്തിന് ശേഷമാണ് ഈ വിവാഹത്തിലേക്ക് കടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടയില്‍ ഇരുവരും വിവാഹിതരായി എന്ന വാര്‍ത്തകള്‍ പോലും പുറത്തുവന്നിരുന്നു.

നടന്‍ വിജയകുമാറിന്റെ മകളായ വനിതയുടെ ജീവിതം സംഭവ ബഹുലമാണ്. പ്രീത, അരുണ്‍ വിജയ്, ശ്രീദേവി തുടങ്ങിയവരുടെ മൂത്ത സഹോദരിയാണ് വനിത. അച്ഛന്റെയും അമ്മയുടെയും പാരമ്പര്യം പിന്‍തുടര്‍ന്ന് സഹോദരന്മാര്‍ക്കൊപ്പം ഇന്റസ്ട്രിയിലെത്തിയതാണ് വനിതയും. നിരവധി സിനിമകളിലും ബിഗ് ബോസ് പോലുള്ള ഷോകളിലൂടെയും വനിത പ്രശസ്തിയ്‌ക്കൊപ്പം വിവാദങ്ങളും സമ്പാദിച്ചിരുന്നു.

2000 ല്‍ ആണ് വനിതയുടെയും ബിസിനസ്സുകാരനായ ആകാശിന്റെയും വിവാഹം നടന്നത്. ആ ബന്ധത്തില്‍ ഒരു മകനും മകളും പിറന്നു. 2007 ല്‍ ഇരുവരും വിവാഹ മോചിതരായി. നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ മക്കളുടെ ഉത്തരവാദിത്വം വനിതയ്ക്ക് കിട്ടിയെങ്കിലും, പിന്നീട് മകന്‍ അച്ഛനൊപ്പം പോയി. അതിന് ശേഷം 2007 ല്‍ വനിത ആനന്ദ് ജയരാജന്‍ എന്നയാളെ വിവാഹം ചെയ്തു. ആ ബന്ധത്തിലും ഒരു മകള്‍ ജനിച്ചു. 2012 ല്‍ ആ ദാമ്പത്യവും വിവാഹ മോചനത്തില്‍ അവസാനിച്ചപ്പോള്‍, മകള്‍ അച്ഛനൊപ്പം പോയി.

പിന്നീട് മകള്‍ ജോവികയ്‌ക്കൊപ്പമായിരുന്നു വനിതയുടെ ജീവിതം. 2014 ല്‍ ആണ് വനിതയും റോബര്‍ട്ട് മാസ്റ്ററും പരിചയപ്പെടുന്നത്. എംജിആര്‍ ശിവാജി രജിനി കമല്‍ എന്ന സിനിമയില്‍ ഒരുമിച്ചഭിനയിച്ചതിലൂടെ ഇരുവരും പ്രണയത്തിലായി. ഒറ്റയ്ക്കുള്ള എന്റെ ജീവിതത്തിന് ഇനി റോബര്‍ട്ട് കൂട്ടാണെന്ന് വനിതയും പറഞ്ഞു. എന്നാല്‍ 2017 ല്‍ ഇരുവരുടെയും പ്രണയത്തില്‍ വിള്ളല്‍ സംഭവിച്ചു. തുടര്‍ന്ന് 2020 ല്‍ ആണ് പീറ്റര്‍ പോള്‍ എന്നയാളെ വനിത വിവാഹം ചെയ്തത്. മാസങ്ങള്‍ക്കകം ആ വിവാഹ ബന്ധം അവസാനിക്കുകയും ചെയ്തു.

2022 ല്‍ റോബര്‍ട്ട് ബിഗ് ബോസ് ഷോയില്‍ മത്സരിക്കുന്ന സമയത്താണ് വീണ്ടും വനിതയുമായുള്ള ബന്ധം ചര്‍ച്ചയായത്. ഇരുവരും ഒന്നിച്ച് പിന്നീട് ചില അഭിമുഖങ്ങള്‍ ചെയ്യുകയും ബന്ധം ചര്‍ച്ചയാകുകയും ചെയ്തു. ഈ ഗോസിപ്പുകള്‍ക്കിടയിലാണ് കഴിഞ്ഞ ദിവസം സേവ് ദ ഡേറ്റ് ഫോട്ടോ പുറത്തുവന്നത്. അതേ സമയം ഇത് റിയല്‍ ലൈഫ് കല്യാണം ആണെന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കില്ല. റോബര്‍ട്ടും വനിതയും ഏറ്റവുമൊടുവില്‍ ഒന്നിച്ചഭിനയിച്ച മിസ്റ്റര്‍ ആന്റ് മിസിസ് എന്ന സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. വനിതയുടെ സുഹൃത്ത് നിര്‍മിയ്ക്കുന്ന ഈ സിനിമയുടെ പ്രമോഷന് വേണ്ടിയാവാം ഇങ്ങനെ ഒരു ഫോട്ടോ പുറത്തുവിട്ടത് എന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

സ്ത്രീകളിലെ ഹൃദയാഘാതം, കാരണവും ലക്ഷണങ്ങളും കൃത്യമായി മനസിലാക്കണം

സ്ത്രീകളിലെ ഹൃദയാഘാതത്തിൻ്റെ ലക്ഷണങ്ങൾ അറിയേണ്ടതും കൃത്യ സമയത്ത് ചികിത്സ നൽകേണ്ടതും പ്രധാനമാണ്. പലപ്പോഴും പുരുഷന്മാരിൽ നിന്ന് അൽപ്പം വ്യത്യസ്തമായിരിക്കാം സ്ത്രീകളിലെ ലക്ഷണങ്ങൾ.

സ്ത്രീകളിലെ ഹൃദയാഘാതം, കാരണവും ലക്ഷണങ്ങളും കൃത്യമായി മനസിലാക്കണം

ഈ അടുത്ത കാലത്തായി ചെറുപ്പക്കാരിൽ ഹൃദയാഘാതം ഉണ്ടാകുന്നതിൻ്റെ നിരക്ക് വർധിച്ച് വരികയാണ്. പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളിലും ഹൃദയാഘാതം ഉണ്ടാകുന്നത്. സ്ത്രീകളിലെ ഏറ്റവും സാധാരണമായ ഹൃദയാഘാത ലക്ഷണം പുരുഷന്മാരിലേതിന് സമാനമാണ്. കുറച്ച് നേരം നീണ്ടു നിൽക്കുന്ന നെഞ്ചുവേദന, സമ്മർദ്ദം അല്ലെങ്കിൽ അസ്വസ്ഥത, എന്നിവയാണ് പ്രധാന ലക്ഷണം. സ്ത്രീകളിൽ പ്രധാനമായും നെഞ്ചുവേദനയാണ് കാണപ്പെടാറുണ്ട്. പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ, സ്ത്രീകൾക്ക് വിശ്രമിക്കുമ്പോഴോ ഉറങ്ങുമ്പോഴോ പോലും പലപ്പോഴും രോഗലക്ഷണങ്ങൾ കാണാറുണ്ട്. വൈകാരിക സമ്മർദ്ദമാണ് പൊതുവെ സ്ത്രീകളിൽ അമിതമായ ഹൃദയാഘാതത്തിന് കാരണമാകുന്നത്.

സ്ത്രീകളിലുണ്ടാകുന്ന ലക്ഷണങ്ങൾ

പുരുഷന്മാർക്ക് ഉണ്ടാകുന്ന അതേ ലക്ഷണങ്ങൾ തന്നെയാണ് പൊതുവെ സ്ത്രീകൾക്കും ഉണ്ടാകുന്നത്. ഇടയ്ക്കിടെയോ അല്ലെങ്കിൽ ദീർഘനേരത്തേക്കോ നെഞ്ച് വേദന, നെഞ്ചിൽ ഭാരം പോലെ തോന്നുക എന്നിവയാണ് പ്രധാനമായും കാണപ്പെടുന്ന ലക്ഷണങ്ങൾ. കൂടാതെ ശ്വാസം കിട്ടാതെ വരിക, ഓക്കാനം, കൈകൾക്ക് ബുദ്ധിമുട്ടോ വേദനയോ, കഴുത്ത്, വയർ, താടിയെല്ല് എന്നീ ഭാഗത്ത് വേദന തോന്നുക, അമിതമായ വിയർക്കുക, ക്ഷീണം എന്നിവയൊക്കെ പ്രധാനപ്പെട്ട ലക്ഷണങ്ങളിൽ ചിലതാണ്. നെഞ്ച് വേദനയില്ലാതെ ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. പുരുഷന്മാരേക്കാൾ സ്ത്രീകളിൽ ഉറങ്ങുമ്പോഴോ അല്ലെങ്കിൽ വിശ്രമിക്കുമ്പോഴോ ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യതയാണ് കൂടുതൽ

സ്ത്രീകളിലെ അപകട ഘടകങ്ങൾ

പൊതുവെ ഉയർന്ന കൊളസ്ട്രോൾ, ബിപി, അമിതവണ്ണം, പാരമ്പര്യം എന്നിവയൊക്കെ സ്ത്രീകളിലും പുരുഷന്മാരിലും ഹൃദയാഘാതം ഉണ്ടാക്കാനുള്ള പ്രധാന കാരണങ്ങളിൽ ചിലതാണ്. എന്നാൽ സ്ത്രീകളിൽ ഇത് ഉണ്ടാകാനുള്ള മറ്റ് ചില കാരണങ്ങളുണ്ട്. ആർത്തവ വിരാമം, പ്രമേഹം, പുകവലി, മാനസിക സമ്മർദ്ദം, ഡിപ്രഷൻ, ഗർഭകാലത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ, വീക്കം എന്നിവയൊക്കെ സ്ത്രീകളിൽ ഈ രോഗമുണ്ടാകാനുള്ള പ്രധാന കാരണങ്ങളിൽ ചിലതാണ്. എല്ലാ പ്രായത്തിലുള്ള സ്ത്രീകളിലും ഹൃദയാഘാതത്തെക്കുറിച്ച് കൃത്യമായ ബോധമുള്ളവരായിരിക്കണം. 65 വയസിൽ താഴെയുള്ള സ്ത്രീകൾ കുടുംബത്തിൽ ആർക്കെങ്കിലും ഹൃദയാഘാതമോ ഹൃദയ സംബന്ധമായ രോഗങ്ങളോ ഉണ്ടെങ്കിൽ തീർച്ചയായും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്താൻ ശ്രദ്ധിക്കണം.

എങ്ങനെ പ്രതിരോധിക്കാം

ശരിയായ ജീവിതശൈലി തന്നെയാണ് ഹൃദയ സംബന്ധമായ രോഗങ്ങളെ ചെറുക്കാനുള്ള പ്രധാന മാർഗങ്ങളിലൊന്ന്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് പലപ്പോഴും ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കാറുണ്ട്. കൂടതെ പുകവലി, മദ്യപാനം പോലെയുള്ള ദുശീലങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. ശരിയായ വ്യായാമത്തിലൂടെ ശരീരഭാരം നിയന്ത്രിച്ച് നിർത്താൻ ശ്രദ്ധിക്കണം. സ്ത്രീകൾ മാനസിക സമ്മർദ്ദം ഒഴിവാക്കാനോ അല്ലെങ്കിൽ കുറയ്ക്കാനോ ശ്രമിക്കേണ്ടത് വളരെ പ്രധാനമാണ്. രക്തസമ്മർദ്ദം പ്രമേഹം പോലെയുള്ള രോഗങ്ങളുള്ളവർ തീർച്ചയായും മരുന്ന് കഴിക്കുകയും ഡോക്ടറുടെ അടുത്ത് കൃത്യമായി പരിശോധന നടത്തുകയും വേണം.

എപ്പോഴാണ് ഡോക്ടറെ കാണിക്കേണ്ടത്?

ഹൃദയ സംബന്ധമായ പ്രശ്നങ്ങളുള്ളവർ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നാൽ തീർച്ചയായും ഡോക്ടറുടെ സഹായം തേടേണ്ടത് വളരെ പ്രധാനമാണ്. 40 വയസിന് മുകളിലുള്ള എല്ലാ സ്ത്രീകളും കൃത്യമായ ഇടവേളകളിൽ ഡോക്ടറുടെ സഹായത്തോടെ പരിശോധന നടത്തണമെന്നാണ് ബ്രിട്ടീഷ് ഹാർട്ട് അസോസിയേഷൻ പറയുന്നത്. നേരത്തെയുള്ള പരിശോധനകൾ ഹൃദയ സംബന്ധമായ രോഗമുണ്ടോയെന്നും കൃത്യമായ ചികിത്സയ്ക്കും സഹായിക്കും. ഹൃദയാഘാതം പോലെയുള്ള ജീവൻ ഭീഷണിയാകുന്ന അവസ്ഥയിലേക്ക് നയിക്കാതിരിക്കാനും ഇത് നല്ലതാണ്. ശ്വാസ കിട്ടാതെ വരിക, അസാധാരണമായ ക്ഷീണം അനുഭവപ്പെടുക, ശരീര വേദന എന്നിവ തോന്നിയാൽ തീർച്ചയായും ഡോക്ടറെ കാണാൻ ശ്രമിക്കുക.

എന്തൊക്കെ ശ്രദ്ധിക്കണം?

രോഗികൾക്ക് മാനസികമായ സപ്പോർട്ട് നൽകുക എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. സ്ത്രീകളിൽ ഹൃദയാരോഗ്യത്തിൻ്റെ പ്രാധാന്യം കൃത്യമായി മനസിലാക്കി നൽകേണ്ടത് ഏറെ പ്രധാനമാണ്. ദിവസവും 30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യാൻ ശ്രമിക്കുക. സ്ത്രീകൾ കൃത്യമായി പരിശോധന നടത്താനും ഹൃദയ സംരക്ഷിക്കാനും വേണ്ട കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. ജീവിതശൈലി രോഗങ്ങളെ ചെറുക്കാൻ ശ്രദ്ധിക്കുക.

സ്ട്രെച്ച് മാർക്കുകൾ മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില പരിഹാരങ്ങൾ

പൊതുവെ പ്രസവ ശേഷം സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നമാണ് സ്ട്രെച്ച് മാർക്ക് വരുന്നത്. ഇത് മാറ്റാൻ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില പരിഹാര മാർഗങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം.

സ്ട്രെച്ച് മാർക്കുകൾ മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില പരിഹാരങ്ങൾ

പെട്ടെന്ന് ഭാരം കുറയുമ്പോൾ ശരീരത്തിൻ്റെ തൊലിപ്പുറത്തുണ്ടാകുന്ന പാടുകളാണ് സട്രെച്ച് മാർക്കുകൾ. പൊതുവെ ഗർഭിണികൾക്ക് പ്രസവ ശേഷം ഇത് കണ്ടു വരാറുണ്ട്. വില കൂടിയ ട്രീറ്റ് മെൻ്റുകളിലൂടെ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ പലരും ശ്രമിക്കാറുണ്ട്. കൂടാതെ വിപണിയിൽ ലഭിക്കുന്ന ക്രീമുകളും പതിവായി ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ ഈ പ്രശ്നം പലപ്പോഴും മാറുന്നില്ല എന്നതാണ് പലരുടെയും വിഷമം. എളുപ്പത്തിൽ വീട്ടിലിരുന്ന് ചെയ്യാൻ കഴിയുന്ന ചില പരിഹാര മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

കറ്റാർവാഴ

ചർമ്മത്തിൻ്റെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ഇതിലുണ്ട്. കറ്റാർവാഴ ഉപയോഗിക്കുന്നത് ചർമ്മത്തിന് തിളക്കവും ഭംഗിയും കൂട്ടാൻ ഏറെ സഹായിക്കാറുണ്ട്. ചർമ്മത്തിന് തണുപ്പ് നൽകാനും നാച്യുറൽ മോയ്ചറൈസറായും ഇത് പ്രവർത്തിക്കും. മാത്രമല്ല ആൻ്റി ഓക്സിഡൻ്റുകളായ വൈറ്റമിൻ എയും സിയുമൊക്കെ ഇതിലുണ്ട്. ഇതിന് ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. കറ്റാർവാഴയുടെ ജെല്ലും സ്വീറ്റ് ബദാം ഓയിലും ഒരുമിച്ച് ചേർത്ത് തേയ്ക്കുന്നത് ചർമ്മത്തിലെ സ്ട്രെച്ച് മാർക്കുകളെ വേഗത്തിൽ ഇല്ലാതാക്കാൻ സഹായിക്കാറുണ്ട്.

മുട്ടയുടെ വെള്ള

ധാരാളം പ്രോട്ടീനുകളുെ അമിനോ ആസിഡും അടങ്ങിയിരിക്കുന്നതാണ് മുട്ടയുടെ വെള്ള. ഇത് ചർമ്മത്തിന് നന്നായി ജലാംശം നൽകാൻ സഹായിക്കാറുണ്ട്. സ്ട്രെച്ച് മാർക്ക് മാറ്റാൻ മുട്ടയുടെ വെള്ള വളരെ നല്ലതാണ്. രണ്ട് മുട്ടയുടെ വെള്ള നന്നായി അടിച്ച് എടുത്ത് സ്ട്രെച്ച് മാർക്കുള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കുക. ഉണങ്ങി കഴിയുമ്പോൾ ഇത് പതുക്ക് വലിച്ച് എടുത്ത് കളയാവുന്നതാണ്. അതിന് ശേഷം അവിടെ കുറച്ച് മോയ്ചറൈസറോ അല്ലെങ്കിൽ എണ്ണയോ തേച്ച് പിടിപ്പിക്കുക.

നാരങ്ങ നീര്

ചർമ്മത്തിൻ്റെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം നാരങ്ങ നീരിൽ അടങ്ങിയിട്ടുണ്ട്. ധാരാളം ആൻ്റി ഓക്സിഡൻ്റുകളും അതുപോലെ വൈറ്റമിൻ സിയും ഇതിൽ അടങ്ങിയിട്ടുണ്ട്. മൊത്തത്തിലുള്ള ചർമ്മത്തിൻ്റെ ആരോഗ്യത്തിനും നിറത്തിനും ഇത് വളരെ നല്ലതാണ്. നാരങ്ങ നീര് മാത്രമായോ അല്ലെങ്കിൽ അൽപ്പം വെള്ളരിക്കയുടെ നീരിനൊപ്പമോ ഇത് തേയ്ക്കാവുന്നതാണ്. സ്ട്രെച്ച് മാർക്ക് മാറ്റാനും ചർമ്മത്തിന് നല്ല ഉന്മേഷം നൽകാനും ഇത് ഏറെ സഹായിക്കാറുണ്ട്.

വെളിച്ചെണ്ണയും ബദാം ഓയിലും

മുടിയ്ക്കും ചർമ്മത്തിനും ഒരുപോലെ ഗുണം നൽകുന്നതാണ് വെളിച്ചെണ്ണ. അതുപോലെ ബദാം ഓയിലും ചർമ്മത്തിന് വളരെ നല്ലതാണ്. ചർമ്മത്തിൻ്റെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ഇതിലുണ്ട്. വെളിച്ചെണ്ണയും ബദാം ഓയിലും ഒരേ അളവിലെടുത്ത് സ്ട്രെച്ച് മാർക്കുള്ളിടത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. അല്ലെങ്കിൽ ഒറ്റയ്ക്ക് തേയ്ക്കുന്നതും വളരെ ഗുണം ചെയ്യും. ദീർഘ നാളത്തെ ഉപയോഗം സ്ട്രെച്ച് മാർക്കുകൾ ഇല്ലാതാക്കാൻ ഏറെ സഹായിക്കും.

ഓണം ബമ്പർ: ടിക്കറ്റ് വിറ്റുവരവ് 300 കോടിയിലേക്ക് എത്തുമോ? ഇനി ഏഴ് ദിവസം മാത്രം, ആവശ്യക്കാർ കൂടുന്നു

കൊച്ചി: കേരള സംസ്ഥാന ഭാഗ്യക്കുറികളുടെ നറുക്കെടുപ്പിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒരു നറുക്കെടുപ്പാണ് തിരുവോണം ബമ്പര്‍. കേരളത്തിൽ മാത്രമല്ല, കേരളത്തിന് പുറത്തും, ഗൾഫ് രാജ്യങ്ങളിലും എല്ലാം നിരവധി ആളുകൾ തിരുവോണം ബമ്പര്‍ ഷെയറിട്ട് എടുക്കുന്നവർ ഉണ്ട്.

നറുക്കെടുപ്പിന് ഇനി ഏഴ് ദിവസം കൂടി മാത്രമുള്ളു. ആരായിക്കും ആ കോടീശ്വരൻ? ടിക്കറ്റ് വാങ്ങുന്ന തിരക്കിലാണ് മലയാളികൾ. സുഹൃത്തുകൾക്കൊപ്പവും, ബന്ധുക്കൾക്കൊപ്പവും, സ്വന്തമായും എല്ലാ ടിക്കറ്റ് വാങ്ങി ഭാഗ്യം കാത്തിരിക്കുകയാണ് പലരും.


ഒന്നാം സമ്മാനം സ്വന്തമാക്കുന്ന ഭാഗ്യശാലിയെ കാത്തിരിക്കുന്നത് 25 കോടി രൂപയാണ്. ഒക്ടോബർ ഒന്ന് വരെയുള്ള കണക്കുകൾ പുറത്തുവന്നപ്പോൾ നിലവില്‍ അച്ചടിച്ച 70 ലക്ഷം ടിക്കറ്റുകളില്‍ 56,74,558 ടിക്കറ്റുകള്‍ വിറ്റഴിച്ചു. ഇതുവഴി സർക്കാറിന് തിരുവോണം ബമ്പർ ടിക്കറ്റ് വിറ്റുവരവ് ലഭിക്കുന്നത് 274 കോടി രൂപയാണ്. എന്നാൽ ഇനി ഏഴ് ദിവസം കൂടി കഴിയാൽ ഉള്ളതിനാൽ ടിക്കറ്റ് വിറ്റുവരവ് 300 കോടിയിലേക്ക് കടക്കും എന്നാണ് ഭാഗ്യക്കുറിവകുപ്പിന്റെ കണക്കുകൂട്ടൽ

ടിക്കറ്റ് വാങ്ങാൻ മുന്നിൽ ഈ ജില്ലക്കാർ

സമീപ കാലങ്ങളിലെ ഒരു ട്രാൻറ് പരിശോധിക്കുമ്പോൾ തിരുവോണം ബമ്പർ ടിക്കറ്റ് (ബിആർ 99) അവസാന ആഴ്ചയിൽ വാങ്ങുന്നവരുടെ എണ്ണം കൂടുതലാണ്. 25 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന തിരുവോണം ബമ്പര്‍ ടിക്കറ്റ് വില 500 രൂപയാണ്. ഒക്ടോബർ ഒൻപത് ( ബുധൻ) ആണ് ടിക്കറ്റ് നറുക്കെടുപ്പ് നടക്കുന്നത്. അവസാന സമയത്തെ ടിക്കറ്റ് വാങ്ങാനുള്ളവരുടെ തള്ളിക്കയറ്റം കൂടി കഴിഞ്ഞാൽ ചിത്രം പൂർണമാകും.

ജില്ല തിരിച്ചുള്ള ടിക്കറ്റ് വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത് പാലക്കാട് ജില്ലയാണ്. 1055980 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റു പോയത്. സബ് ഓഫീസുകളിലേതുള്‍പ്പെടെയുള്ള കണക്കാണിത്. 740830 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരം തൊട്ടു പിറകിലുണ്ട്. മൂന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് തൃശൂർ ആണ്. 703310 ടിക്കറ്റുകൾ ആണ് ഇവിടെ വിപണിയിലെത്തിച്ചിരിക്കുന്നത്.

വിറ്റുപോയ ടിക്കറ്റ് കണക്കുകൾ

കഴിഞ്ഞ വർഷം 85 ലക്ഷം തിരുവോണം ബമ്പർ ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ 75,76,096 ടിക്കറ്റുകൾ വിൽപ്പന നടത്തി. 2022-ൽ 67.50 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 66.55 ലക്ഷം വിറ്റു. നറുക്കെടുപ്പ് ദിവസത്തിലേക്ക് അടുക്കുമ്പോൾ റെക്കോഡ് വിൽപ്പന ഇത്തവണയും തുടരുമെന്ന പ്രതീക്ഷയിൽ ആണ് അധികൃതർ. പേപ്പര്‍ ലോട്ടറിയായി മാത്രമാണ് ടിക്കറ്റ് വിൽപ്പന നടത്തുന്നത്. കേരളത്തില്‍ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പ്പന നടക്കുന്നത്. വ്യാജ ലോട്ടറിക്കെതിരേയുള്ള അവബോധ പ്രചരണവും സർക്കാർ നടത്തുണ്ട്.

ജില്ല തിരിച്ചുള്ള ടിക്കറ്റുകൾക്ക് ആവശ്യക്കാർ

സ്വന്തം ജില്ലകളിലെതിനേക്കാൾ മറ്റു ജില്ലകളിലെ ടിക്കറ്റിന് ആവശ്യക്കാർ വരുന്നുണ്ടെന്ന് ലോട്ടറി ഏജൻസി നടത്തിപ്പുകാർ പറയുന്നു. ഇതു മനസിലാക്കി പല ഏജൻസികളും ടിക്കറ്റുകൾ പരസ്പരം കൈമാറ്റം ചെയ്ത് വില്പന കൂട്ടുന്നു. പാലാക്കാട് ടിക്കറ്റ് തൃശൂരിൽ നിന്നും വാങ്ങാനുള്ള സൗകര്യം വരെ ഉണ്ടെന്ന് സാരം. 99 അക്കങ്ങൾ അന്വേഷിച്ചു നടക്കുന്നവരും ഉണ്ട്. അതിന് അടിക്കുമെന്ന് കണക്കുകൂട്ടലിലാണ് ചിലർ.

സ്വർണത്തിൽ ‘ഇറാൻ’ പ്രകമ്പനം; വില കുതിച്ചുകയറി, കേരളത്തിൽ വീണ്ടും റെക്കോ‌ർഡ്

കൊച്ചി: കഴിഞ്ഞ നാല് ദിവസമായി താഴേക്കിറങ്ങുകയായിരുന്ന സ്വർണവിലയിൽ പൊടുന്നനെ കുതിച്ചുകയറ്റം. കേരളത്തിൽ ഗ്രാമിന് ഇന്ന് ഒറ്റയടിക്ക് 50 രൂപയും പവന് 400 രൂപയും ഉയർന്ന് വില വീണ്ടും സർവകാല റെക്കോർഡ് ഉയരത്തിലെത്തി. കഴിഞ്ഞ നാല് ദിവസംകൊണ്ട് കുറഞ്ഞവിലയാണ് ഇന്ന് ഒറ്റയടിക്ക് തിരിച്ചുകയറിയത്. ഗ്രാമിന് 7,100 രൂപയിലും പവന് 56,800 രൂപയിലുമാണ് ഇന്ന് വ്യാപാരം.

സെപ്റ്റംബർ 27ന് കുറിച്ച അതേ റെക്കോർഡ് വിലയിലേക്ക് ഇന്ന് സ്വർണം കേരളത്തിൽ തിരികെയെത്തി. ഒരു പവൻ വിലയായ 56,800 രൂപയോടൊപ്പം 3% ജിഎസ്ടി, 45 രൂപയും അതിന്റെ 18% ജിഎസ്ടിയും ചേരുന്ന ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയും ചേരുമ്പോഴേ ഒരു പവൻ ആഭരണ വിലയാകൂ. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ 61,484 രൂപ കൊടുത്താൽ ഇന്നൊരു പവൻ ആഭരണം കേരളത്തിൽ വാങ്ങാം; ഒരു ഗ്രാം സ്വർണാഭരണത്തിന് നൽകേണ്ടത് 7,685 രൂപ.

കനംകുറഞ്ഞ (ലൈറ്റ്‍വെയ്റ്റ്) ആഭരണങ്ങളും വജ്രം ഉൾപ്പെടെയുള്ള കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 40 രൂപ ഉയർന്ന് 5,875 രൂപയിലെത്തി. ഇത് പുതിയ ഉയരമാണ്. സെപ്റ്റംബർ 27ലെ 5,870 രൂപയെന്ന റെക്കോർഡ് ഇനി മറക്കാം. അതേസമയം, വെള്ളി വില ഗ്രാമിന് 98 രൂപയിൽ ഇന്ന് മാറ്റമില്ലാതെ തുടരുന്നു.

സുരക്ഷിത നിക്ഷേപം എന്ന തിളക്കം

പ്രതിസന്ധിഘട്ടങ്ങളിൽ നിക്ഷേപകർക്ക് ‘സുരക്ഷിത താവളം’ ഒരുക്കുന്ന ‘ചങ്ങാതി’ എന്ന പെരുമ പതിറ്റാണ്ടുകളായി സ്വർണത്തിനുണ്ട്. യുദ്ധം പോലുള്ള സാഹചര്യങ്ങളിൽ ആഗോള സാമ്പത്തിക വ്യവസ്ഥ, ഓഹരി വിപണി, കടപ്പത്ര വിപണി എന്നിവ പ്രതിസന്ധി നേരിടുമ്പോൾ നിക്ഷേപകർ താൽകാലികമായി നിക്ഷേപം ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് മാറ്റും. ഭേദപ്പെട്ട നിക്ഷേപം ഉറപ്പാക്കാം എന്നതാണ് ഇതുകൊണ്ടുള്ള നേട്ടമെന്ന് കരുതപ്പെടുന്നു. പിന്നീട് പ്രതിസന്ധികൾ അയയുമ്പോൾ നിക്ഷേപം പിൻവലിച്ച് ഓഹരി, കടപ്പത്രങ്ങളിലേക്ക് തിരിച്ചൊഴുക്കും.

സ്വർണത്തിലേക്ക് നിക്ഷേപം ഒഴുകുമ്പോൾ വിലകുതിക്കും. അതാണ് ഇപ്പോൾ സംഭവിക്കുന്നത്. ഇസ്രയേലിലേക്ക് ഇറാൻ മിസൈലുകൾ വൻതോതിൽ തൊടുത്തതും തിരിച്ചടിക്കുമെന്ന ഇസ്രയേലിന്റെ പ്രഖ്യാപനവും മേഖലയെ യുദ്ധഭീതിയിലേക്ക് തള്ളി. ഇത് സ്വർണവിലയിൽ കുതിച്ചുകയറ്റത്തിന് വഴിവയ്ക്കുകയാണ്.

അമേരിക്കയും സ്വാധീനശക്തി

ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്ക വീണ്ടും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന സൂചനകളും സ്വർണത്തിന് നേട്ടമാണ്. പലിശ കുറഞ്ഞാൽ യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (ട്രഷറി ബോണ്ട് യീൽഡ്) അനാകർഷകമാകും. ഇത് സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് പണമൊഴുകാൻ വഴിവയ്ക്കും.

ഡോളർ ശക്തമാകുന്നു

അടിസ്ഥാന പലിശനിരക്ക് കുറയുന്നത് പൊതുവേ ഡോളറിനെ ദുർബലമാക്കാറുണ്ടെങ്കിലും ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെയും വിവിധ രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന ഡിമാൻഡിന്റെയും കരുത്തിൽ ഡോളർ ശക്തിപ്രാപിക്കുകയാണ്. യൂറോ, യെൻ തുടങ്ങി ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡെക്സ് 100 നിലവാരത്തിൽ നിന്ന് 101ന് മുകളിലേക്ക് ഉയർന്നു. രാജ്യാന്തര സ്വർണ വ്യാപാരം നടക്കുന്നത് ഡോളറിലാണ്. ഫലത്തിൽ, ഡോളർ ശക്തമാകുമ്പോൾ സ്വർണം വാങ്ങാൻ ചെലവേറും. കൂടുതൽ ഡോളർ വേണ്ടിവരുമെന്നതാണ് കാരണം. ഇതും സ്വർണവില വർധിക്കാൻ ഇടയാക്കുന്നു.

ഇന്ത്യയിലെ ഡിമാൻഡ്

ഇന്ത്യയിൽ നവരാത്രി, ദസ്സറ, ദീപാവലി ആഘോങ്ങൾക്ക് തുടക്കമായി കഴിഞ്ഞു. ഷോപ്പിങ് ആരവത്തിലേക്ക് കടക്കുകയാണ് ഒട്ടുമിക്ക സംസ്ഥാനങ്ങളും. ജ്വല്ലറി ഡിമാൻഡ് ഏറുന്ന ഉത്സവകാല, വിവാഹ സീസൺ കൂടിയാണിത്. സ്വർണവില കയറാൻ ഇതും ഒരു കാരണമാണ്.

തിരിച്ചുകയറി രാജ്യാന്തര വില

ഇന്നലെ ഔൺസിന് 2,626 ഡോളർ വരെ താഴ്ന്നിറങ്ങിയ രാജ്യാന്തര സ്വർണവില ഇന്ന് 2,668 ഡോളറിലേക്ക് ഇരച്ചുകയറി. ഇതാണ് കേരളത്തിലും ഇന്ന് വില കൂടാൻ വഴിവച്ചത്. നിലവിൽ രാജ്യാന്തര വ്യാപാരം പുരോഗമിക്കുന്നത് 2,654 ഡോളറിൽ. രാജ്യാന്തര, ആഭ്യന്തരതലങ്ങളിൽ സ്വർണവില ചാഞ്ചാട്ടം തുടരുമെന്ന് തന്നെയാണ് വിപണിയുടെ വിലയിരുത്തൽ.

മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തും; എഡിജിപി വിഷയത്തിൽ തീരുമാനമുണ്ടായേക്കും

തിരുവനന്തപുരം:
ദിവസങ്ങൾക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. നിർണായക തീരുമാനങ്ങൾ ഇന്നുണ്ടാകാൻ സാധ്യതയുണ്ട്. പിവി അൻവർ നൽകിയ പരാതിയിലും ആർഎസ്എസ് കൂടിക്കാഴ്ചയിലും സംസ്ഥാന പോലീസ് മേധാവി റിപ്പോർട്ട് സമർപ്പിക്കുന്നതോടെ എഡിജിപി എംആർ അജിത് കുമാറിന്റെ സ്ഥാനം ചലിക്കുമെന്നാണ് സൂചന. തൃശ്ശൂർ പൂരം കലക്കലിൽ തുടരന്വേഷണം വേണമെന്ന ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശയിലും മുഖ്യമന്ത്രി തീരുമാനമെടുത്തേക്കും

അൻവർ നൽകിയ പരാതികളിലെ അന്വേഷണത്തിന്റെ റിപ്പോർട്ട് നാളെ സംസ്ഥാന പോലീസ് മേധാവി മുഖ്യമന്ത്രിക്ക് കൈമാറും. ഇതിനൊപ്പം അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലെ അന്വേഷണത്തിന്റെ റിപ്പോർട്ടുമുണ്ടാകും. തുടർ നടപടികൾക്കുള്ള ശുപാർശ സഹിതമാകും റിപ്പോർട്ട് നൽകുക. മുഖ്യമന്ത്രി റിപ്പോർട്ട് അംഗീകരിച്ചാൽ ക്രമസമാധാന ചുമതലയിൽ നിന്ന് അജിത് കുമാർ തെറിക്കും

സിപിഐയും സമ്മർദം ശക്തമാക്കുന്നുണ്ട്. സ്ഥലം മാറ്റമെങ്കിലും മുഖ്യമന്ത്രിക്ക് പരിഗണിക്കേണ്ടി വരും. തൃശ്ശൂർ പൂരം കലക്കലിൽ തുടരന്വേഷണത്തിന്റെ ചുമതല ഡിജിപിക്കോ ക്രൈംബ്രാഞ്ച് മേധാവിക്കോ നൽകാനും സാധ്യതയുണ്ട്.

‘ഇറാൻ വലിയ വില നൽകേണ്ടി വരും’: ജാഫയിൽ മരണം ആറായി, മധ്യപൂർവദേശത്ത് യുദ്ധഭീതി

ജറുസലം: ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണം പരാജയപ്പെട്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. ‘‘ഇറാൻ രാത്രി ഒരു വലിയ തെറ്റ് ചെയ്തു. അതിനുള്ള മറുപടി കൊടുക്കും. സ്വയം പ്രതിരോധിക്കാനുള്ള നിശ്ചയദാർഢ്യവും ശത്രുക്കൾക്കെതിരെ തിരിച്ചടിക്കാനുള്ള ഇസ്രയേലിന്റെ ദൃഢനിശ്ചയവും ഇറാനിലെ ഭരണകൂടത്തിന് മനസിലാകുന്നില്ല. ഈ തെറ്റിന് ഇറാൻ വലിയ വില നൽകേണ്ടി വരും’’– നെതന്യാഹു പറഞ്ഞു. അനന്തരഫലങ്ങൾ ഇറാൻ ഉടൻ അനുഭവിക്കുമെന്നും പ്രതികരണം. സംഭവം വേദനാജനകമെന്നും ഇസ്രയേലിന്റെ യുഎൻ പ്രതിനിധി പറഞ്ഞതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

ടെൽ അവീവിന് സമീപം ജാഫയിലുണ്ടായ വെടിവയ്പ്പിൽ മരണം ആറായി. പത്തു പേർ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. പ്രത്യാക്രമണത്തിൽ പൊലീസ് രണ്ട് തോക്കുധാരികളെയും വധിച്ചു. നിലവിൽ ആശങ്കയില്ലെന്നും മലയാളികൾ അടക്കം സുരക്ഷിതരാണെന്നുമാണ് വിവരം. താൽക്കാലികമായി അടച്ച ഇസ്രയേൽ വ്യോമപാത തുറന്നു. വെടിനിർത്തൽ അനിവാര്യമെന്ന് യുഎൻ സെക്രട്ടറി ജനറൽ അഭിപ്രായപ്പെട്ടു.

ഇസ്രയേലിനെതിരെ ഇറാൻ ബാലസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതിനു പിന്നാലെ ലബനൻ തെരുവിൽ ആഹ്ളാദ പ്രകടനം നടന്നിരുന്നു. ബെയ്റൂട്ടിൽ ആളുകൾ പടക്കങ്ങൾ പൊട്ടിച്ചാണ് ഇറാന്റെ ആക്രമണത്തിൽ ആഹ്ളാദം പ്രകടിപ്പിച്ചതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇസ്രയേലിൽ മിസൈൽ ആക്രമണം നടത്തിയതിനു പിന്നാലെ മുന്നറിയിപ്പുമായി ഇറാനും രംഗത്തെത്തിയിരുന്നു. ‘‘ഇത് ഇസ്രയേലിനെതിരെയുള്ള ശക്തമായ പ്രതികരണമാണ്. തിരിച്ചടിച്ചാൽ പ്രത്യാക്രമണം രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. യഥാക്രമം എല്ലാം നടപ്പാക്കി. സയണിസ്റ്റ് ഭരണകൂടത്തിന്റെ ഭീകരപ്രവർത്തനങ്ങളോടുള്ള ഇറാന്റെ നിയമപരവും നിയമാനുസൃതവുമായ പ്രതികരണമാണിത്. സയണിസ്റ്റ് ഭരണകൂടം പ്രതികരിക്കാനോ കൂടുതൽ ദ്രോഹപ്രവർത്തനങ്ങൾ നടത്താനോ ധൈര്യപ്പെടുകയാണെങ്കിൽ, തുടർന്നും പ്രതികരണം ഉണ്ടാകും’’ – ഇറാൻ വ്യക്തമാക്കി. യുഎസിനും ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഏതെങ്കിലും ശത്രുതാപരമായ നടപടികളിൽ അമേരിക്ക ഇടപെടുകയോ എന്തെങ്കിലും ബോംബിങ് പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്താൽ, ഇറാഖിലെയും പ്രദേശത്തെയും എല്ലാ അമേരിക്കൻ താവളങ്ങളും ലക്ഷ്യമിടുമെന്നായിരുന്നു യുഎസിനുള്ള മുന്നറിയിപ്പ്.

ഇറാനെതിരെയുള്ള പ്രതിരോധത്തിൽ ഇസ്രയേലിനു പിന്തുണ നൽകാൻ യുഎസ് സൈന്യത്തോടു പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടു. ഇസ്രയേലിനു പിന്തുണയുമായി മധ്യപൂർവദേശത്ത് യുഎസിനു 40,000 സൈനികരാണുള്ളത്. രണ്ടാഴ്ചയിലേറെയായി തുടരുന്ന കനത്ത ബോംബാക്രമണങ്ങൾക്കു പിന്നാലെ, ഇന്നലെ തെക്കൻ ലബനനിൽ തങ്ങളുടെ കമാൻഡോകൾ പ്രവേശിച്ചതായി ഇസ്രയേൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇറാന്റെ ആക്രമണം. ലബനൻ, ഇറാഖ്, ജോർദാൻ എന്നീ രാജ്യങ്ങൾ വ്യോമപാതകൾ അടച്ചു.

മഹാത്മ ഗാന്ധിയുടെ ജീവിതം എന്നും പ്രചോദനമെന്ന് നരേന്ദ്ര മോദി; ആദരമർപ്പിച്ച് രാജ്യം

ന്യൂഡൽഹി: ‌മഹാത്മാ ഗാന്ധിയുടെ ജീവിതം എന്നും പ്രചോദനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്ഘട്ടിൽ മഹാത്മ ഗാന്ധിയുടെ സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് എക്സിലൂടെ പ്രധാനമന്ത്രിയുടെ പ്രതികരണം.

‘‘എല്ലാവർ‌ക്കും വേണ്ടി ബാപ്പുവിന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ അഭിവാദ്യങ്ങൾ. സത്യത്തിലും ഐക്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ അദ്ദേഹത്തിന്റെ ജീവിതവും ആദർശങ്ങളും എന്നും പ്രചോദനമായി നിലനിൽക്കും’’ – നരേന്ദ്ര മോദി എക്സിൽ കുറിച്ചു.

രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ലോക്സഭാ സ്പീക്കർ ഓം ബിർല, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവരും രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി.

പാചക തൊഴിലാളികൾക്ക് ഏപ്രൺ, ക്യാപ്പ് വിതരണം ചെയ്തു

ശാസ്താം കോട്ട: ശാസ്താം കോട്ട ഉപജില്ലയിലെ സ്കൂൾ പാചക തൊഴിലാളികൾക്ക് ഏപ്രൺ, ക്യാപ്പ് വിതരണം ചെയ്തു. ശാസ്താംകോട്ട റോട്ടറി ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് ഉപജില്ലയിലെ മുഴുവൻ പാചക തൊഴിലാളികൾക്കും ഏപ്രണും, ക്യാപ്പും വിതരണം ചെയ്തത്. ശാസ്താംകോട്ട ബി ആർ സി യിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ സുന്ദരേശൻ ഉദ്ഘാടനം ചെയ്തു.

ശാസ്താം കോട്ട റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് അഡ്വ സജിത് കുമാർ എസ് ജെ അധ്യക്ഷനായിരുന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുജാകുമാരി പി എസ് സ്വാഗതം പറഞ്ഞു. റോട്ടറി ക്ലബ്ബ് വൈസ് പ്രസിഡന്റ് ഡി ജേക്കബ്, സെക്രട്ടറി ആർ കൃഷ്ണകുമാർ, ബി പി സി റോഷിൻ എം നായർ,നൂൺമീൽ ഓഫീസർ മനു വി കുറുപ്പ്, എച്ച് എം ഫോറം പ്രസിഡൻ്റ് ബി എസ് രാജീവ് , സെക്രട്ടറി സുബുകുമാർ റ്റി ആർ, എന്നിവർ സംസാരിച്ചു സ്റ്റാഫ് സെക്രട്ടറി സജിത് കുമാർ ജി നന്ദി രേഖപ്പെടുത്തി