പുനലൂര്‍: പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായ പുനലൂര്‍ തൂക്കുപാലത്തിലെ ദ്രവിച്ച നടപ്പലകകള്‍ മാറ്റി. ഒരുവര്‍ഷം മുന്‍പ് നടത്തിയ നവീകരണ പ്രവൃത്തിയുടെ ബാധ്യതാ കാലാവധി (ഡിഎല്‍പി) അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് ദ്രവിച്ച പലകകള്‍ അടിയന്തിരമായി മാറ്റിസ്ഥാപിച്ചത്.
മണ്ണടിയില്‍ സൂക്ഷിച്ചിട്ടുള്ള കമ്പകത്തടി എത്തിച്ചാണ് പലകകള്‍ മാറ്റിയത്. പുനലൂരിലെ അമിതമായ ചൂടും കാലാവസ്ഥാ വ്യതിയാനവുമാണ് പാലത്തിലെ പലകകള്‍ വേഗം ദ്രവിക്കുന്നതിന് കാരണമാകുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മപദ്ധതിയില്‍പെടുത്തി ഒരുവര്‍ഷം മുന്‍പാണ് പാലം പുനരുദ്ധരിച്ചത്. പുരാവസ്തു വകുപ്പില്‍ നിന്ന് അനുവദിപ്പിച്ച 26.88 ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു ഇത്. പാലത്തിന്റെ അടിയിലും പുറത്തുമുള്ള ഗര്‍ഡറുകളിലെ തുരുമ്പു നീക്കി ചായം പൂശുകയും നടപ്പലകകള്‍ കശുവണ്ടിക്കറ പൂശി ബലപ്പെടുത്തുകയും പാര്‍ശ്വഭിത്തി പുനര്‍നിര്‍മിക്കുകയും കല്‍ക്കമാനങ്ങളുടെ അടിത്തട്ട് ബലപ്പെടുത്തുകയും ചെയ്തു.
2023 ഫെബ്രുവരിയില്‍ ആരംഭിച്ച പുനരുദ്ധാരണം ഏപ്രിലില്‍ പൂര്‍ത്തിയാക്കി മെയ് 10ന് പാലം വീണ്ടും തുറന്നുനല്‍കി. രണ്ടുവര്‍ഷത്തിനുള്ളില്‍ തൂക്കുപാലത്തിലെ മുഴുവന്‍ നടപ്പലകകളും മാറ്റി പുതിയ കമ്പകപ്പലകകള്‍ സ്ഥാപിക്കും.
1.35 കോടി രൂപ ചെലവഴിച്ച് 2016-ല്‍ നടത്തിയ പുനരുദ്ധാരണത്തിന്റെ ഭാഗമായി സ്ഥാപിച്ച കമ്പകപ്പലകകളാണ് ഇപ്പോള്‍ പാലത്തിലുള്ളത്. വരുന്ന രണ്ടു സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ പലകകള്‍ മാറ്റിസ്ഥാപിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. ഇതിനുള്ള കമ്പകത്തടി വകുപ്പിന്റെ ശേഖരത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.
1877 ല്‍ ബ്രിട്ടീഷ് എന്‍ജിനീയര്‍ ആല്‍ബര്‍ട്ട് ഹെന്‍ട്രിയുടെ നേതൃത്വത്തില്‍ കല്ലടയാറിനു കുറുകെ നിര്‍മിച്ചതാണ് തൂക്കുപാലം. നാലുവശത്തുമായി നിര്‍മിച്ചിരിക്കുന്ന കിണറുകളിലെ കൊളുത്തില്‍ തൂക്കി കൂറ്റന്‍ ചങ്ങലകളില്‍ ബന്ധിപ്പിച്ചിരിക്കുന്ന പാലത്തിന്റെ നിര്‍മാണവിദ്യ ഇപ്പോഴും വിസ്മയിപ്പിക്കുന്നതാണ്.
പുനലൂര്‍ തൂക്കുപാലത്തിലെ ദ്രവിച്ച പലകകള്‍ മാറ്റി
916 മുക്കുപണ്ടം തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍
കൊല്ലം: മുക്കുപണ്ടങ്ങളില്‍ 916 മുദ്ര വ്യാജമായി പതിപ്പിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തില്‍ ഒരാള്‍കൂടി പിടിയില്‍. കൊല്ലം ആയത്തില്‍ വടക്കേവിള വില്ലേജില്‍ ചരുവിള വീട്ടില്‍ സുധീഷ് ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. ഇയാള്‍ക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ ഉണ്ട്. ഇരവിപുരം പോലീസ് സ്റ്റേഷനില്‍ തന്നെ നാല് കേസുകള്‍ നിലവിലുണ്ട്.
സംഘത്തിലെ രണ്ട് സ്ത്രീകളെ ദിവസങ്ങള്‍ക്കുമുമ്പ് ഇരവിപുരം പൊലീസ് പിടികൂടിയിരുന്നു. സംഘത്തില്‍ ഇനിയും ആളുകള്‍ ഉള്ളതായി സുധീഷില്‍ നിന്ന് വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.
916 പതിപ്പിച്ച വ്യാജ മുക്കുപണ്ടങ്ങള്‍ പണയം വച്ച് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് പണം തട്ടുന്നതിനൊപ്പം ധനകാര്യ സ്ഥാപനങ്ങളില്‍ സ്വര്‍ണാഭരണം പണയം വെച്ചിരിക്കുന്ന ചില ആളുകളെ സമീപിച്ച് അവര്‍ക്ക് മുക്കുപണ്ടങ്ങള്‍ നല്‍കി, ഇത് പണയം വച്ച ശേഷം യഥാര്‍ത്ഥ സ്വര്‍ണം തിരികെ എടുത്ത് തട്ടിപ്പു നടത്തുകയുമായിരുന്നു സംഘത്തിന്റെ രീതി.
സിറ്റി പോലീസ് കമ്മീഷണര്‍ ചൈത്ര തെരേസ ജോണിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസിപി ഷെരീഫിന്റെ നിര്‍ദ്ദേശാനുസരണം ഇരവിപുരം ഇന്‍സ്‌പെക്ടര്‍ രാജീവിന്റെ നേതൃത്വത്തിലാണ് പ്രതിയെ ശൂരനാട് ഒളി സങ്കേതത്തില്‍ നിന്നും പിടികൂടിയത്.
ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാജ 916 മുദ്രയുള്ള ആഭരണങ്ങള്‍ നിര്‍മിച്ച് നല്‍കുന്ന ആളിനെയും പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
സബ് ഇന്‍സ്‌പെക്ടര്‍ ജയേഷ്, അനീഷ്, സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
എരുമേലിയില്‍ ഇനി കുറി തൊടീല്‍ വേണ്ടെന്ന് ബോര്‍ഡ്
തിരുവനന്തപുരം: എരുമേലി ശാസ്താ ക്ഷേത്രപരിസരത്തെ കുറി തൊടല്‍ ഇനി അനുവദിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ്. ക്ഷേത്രചാരമല്ലാത്തതിനാലാണ് ഇത് ഒഴിവാക്കുന്നതെന്നും പൊട്ടുകുത്തലിന് ഫീസ് ഈടാക്കാന്‍ നല്കിയ കരാറുകള്‍ റദ്ദാക്കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഇതിനു വേണ്ട നിയമ നടപടികള്‍ സ്വീകരിക്കും.
ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടയ്ക്കുമുന്‍പ് വലിയതോട്ടില്‍ കുളിച്ചെത്തുന്ന ഭക്തര്‍ക്ക് നടപ്പന്തലില്‍ കുങ്കുമവും ഭസ്മവുമുള്‍പ്പെടുള്ളവ നല്കാറുണ്ട്. ഇവിടെ കുറി തൊടുന്നതിന് 10 രൂപ ഈടാക്കാന്‍ തീരുമാനിച്ചതില്‍ ഭക്തരും വിവിധ ഹൈന്ദവ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഇതിനായി കരാര്‍ നല്കിയതും വിവാദമായിരുന്നു. കുറി തൊടല്‍ എരുമേലി ശാസ്താ ക്ഷേത്രമോ ശബരിമലയോ ആയി ബന്ധപ്പെട്ട ആചാരമല്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പുതിയ നിലപാട്.
ഇക്കാര്യം ഹൈന്ദവസംഘടനകളും ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്. അമിതനിരക്ക് തടയാനും തര്‍ക്കവും വഴക്കും ഒഴിവാക്കാനുമാണ് ബോര്‍ഡ് ഏറ്റെടുത്ത് ഫീസ് നിശ്ചയിച്ച് മൂന്നുപേര്‍ക്ക് കരാര്‍ നല്കിയതെന്ന് ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
ആഗസ്ത് 15 ന് വിവിധ സംഘടനകളുടെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോഴോ ലേലത്തിലോ ആരും പരാതിയോ എതിര്‍പ്പോ ഉന്നയിച്ചില്ലെന്ന് ബോര്‍ഡ് വിശദീകരിച്ചു.
നാലര വയസുകാരനെ പീഡിപ്പിച്ച പ്രതിക്ക് അഞ്ചുവര്‍ഷം തടവ്
കൊട്ടാരക്കര: അയല്‍വാസിയായ നാലര വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ എഴുകോണ്‍ ഇരുമ്പനങ്ങാട് ലക്ഷംവീട് കോളനിക്ക് സമീപം ആദിത്യനെ (20) കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് കോടതി അഞ്ചുവര്‍ഷം തടവിനും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി അഞ്ചു മീര ബിര്‍ല ആണ് വിധി പ്രസ്താവിച്ചത്.
2023 നവംബര്‍ 26നാണ് കേസിനാസ്പദമായ സംഭവം. എഴുകോണ്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ നന്ദകുമാര്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സബ്ഇന്‍സ്‌പെക്ടര്‍ എ. അനീസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷുഗു. സി. തോമസ് ഹാജരായി.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാവ് പിടിയില്‍
കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ആള്‍ പോലീസിന്റെ പിടിയിലായി. കടപ്പാക്കട പീപ്പിള്‍സ് നഗര്‍ 45 ല്‍ പ്രീയ മന്‍സിലില്‍ ഡെന്നി (36) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. ശക്തികുളങ്ങര സ്വദേശിയായ യുവാവിന് വിദേശ രാജ്യത്ത് ജോലിക്കുള്ള വിസ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 3,96,500 രൂപ തട്ടിയെടുത്ത കുറ്റത്തിനാണ് അറസ്റ്റ്.
എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ പേരില്‍ വിദേശത്ത് ഡ്രൈവര്‍ വിസ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ പല തവണകാളായി പണം തട്ടിയെടുത്തത്. പണം നല്‍കിയിട്ടും വിസലഭിക്കാതായതോടെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
ശക്തികുളങ്ങര പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തി അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെസമാനമായ നിരവധി പരാതികള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ശക്തികുളങ്ങര പോലീസ് ഇന്‍സ്‌പെക്ടര്‍ രതിഷിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ സജയന്‍, വിനോദ്, എസ്.സി.പി.ഒ ബിജു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
മോഹൻലാലിന് നായിക ഐശ്വര്യ, ഒപ്പം ‘ചിന്താവിഷ്ടയായ ശ്യാമള’യും; സത്യൻ അന്തിക്കാട് പടം ഉടൻ
സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഹൃദയപൂർവ്വത്തിലെ കൂടുതൽ അഭിനേതാക്കളുടെ വിവരങ്ങൾ പുറത്ത്. ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്ന യുവതാരം ഐശ്വര്യ ലക്ഷ്മിയാണ്. സത്യൻ അന്തിക്കാട് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒപ്പം നടി സംഗീതയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
‘ഹൃദയപൂർവ്വം’ എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗിനു മുമ്പുള്ള ജോലികളിലാണിപ്പോൾ. ഡിസംബറിൽ തുടങ്ങണം. ഈ മാസം പാട്ടുകളുടെ കമ്പോസിംഗ് ആരംഭിക്കണം. ആരാണ് നായിക എന്ന് പലരും ചോദിക്കാറുണ്ട്. അതിനുള്ള ഉത്തരമാണ് ഈ കുറിപ്പ്. ഐശ്വര്യാലക്ഷ്മിയാണ് നായിക. മായാനദിയിലും ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലും വരത്തനിലുമൊക്കെ ഐശ്വര്യയുടെ മികച്ച പ്രകടനം നമ്മൾ കണ്ടിട്ടുണ്ട്. മോഹൻലാലിനോടൊപ്പം ഐശ്വര്യ അഭിനയിക്കുന്ന ആദ്യ സിനിമയായിരിക്കും ‘ഹൃദയപൂർവ്വം’. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ നമ്മളെ വിസ്മയിപ്പിച്ച സംഗീതയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ‘ഹൃദയപൂർവ്വം’ ഒരു നല്ല ചലച്ചിത്രാനുഭവമാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങളെല്ലാവരും’, എന്നാണ് സത്യന്‍ അന്തിക്കാട് കുറിച്ചത്.
എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. ഒന്‍പത് വര്‍ഷത്തിന് ശേഷം ഈ ഹിറ്റ് കോമ്പോ ഒന്നിക്കുമ്പോള്‍ വരുന്നത് ഒരു ഫൺ മോഡ് സിനിമയാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് സിനിമ നിര്‍മിക്കുന്നത്. സോനു ടിപി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ അനു മൂത്തേടത്താണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
അതേസമയം, ബറോസ് എന്ന ചിത്രമാണ് മോഹന്‍ലാലിന്‍റേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. ഓക്ടോബര്‍ 3ന് സിനിമ റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചുവെങ്കിലും ഇത് പിന്നീട് മാറ്റുകയായിരുന്നു. എമ്പുരാന്‍, തരുണ്‍ മൂര്‍ത്തി ചിത്രം, വൃഷഭ എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റ് സിനിമകള്‍.
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങളിതാ…
നല്ല കുടലിൻ്റെ ആരോഗ്യം എന്നത് സന്തുലിതവും പ്രവർത്തിക്കുന്നതുമായ ദഹനവ്യവസ്ഥയെ സൂചിപ്പിക്കുന്നു. ആരോഗ്യകരമായ കുടൽ ശക്തമായ പ്രതിരോധശേഷി, മാനസികാരോഗ്യം, വീക്കം കുറയ്ക്കൽ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. കുടലിന്റെ പ്രവർത്തനം തകരാറിലാകുന്നത് ദഹനത്തെ തടസ്സപ്പെടുത്തുകയോ ശരീരവണ്ണം ഉണ്ടാക്കുകയോ രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയോ ചെയ്യും. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങളിതാ…
ധാരാളം വെള്ളം കുടിക്കുന്നത് ദഹനത്തെ പിന്തുണയ്ക്കുക മാത്രമല്ല കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്. കാലാവസ്ഥ മാറുന്നതിനനുസരിച്ച് ജലാംശം ആവശ്യത്തിന് ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം. അതിനാൽ ദിവസവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ഹെർബൽ ടീ, തേങ്ങാ വെള്ളം എന്നിവയും ജലാംശം നിലനിർത്താനും ആരോഗ്യകരമായ കുടലിനെ പിന്തുണയ്ക്കാനും സഹായിക്കുന്നു.
പ്രോബയോട്ടിക്സ് ഒരു സമീകൃത ഗട്ട് മൈക്രോബയോമിനെ ഗുണം ചെയ്യുന്ന ബാക്ടീരിയയാണ്. തൈര്, പുളിപ്പിച്ച ഭക്ഷണങ്ങൾ എന്നിവ പ്രോബയോട്ടിക്സിൻ്റെ മികച്ച ഉറവിടങ്ങളാണ്. ദഹനത്തെ പിന്തുണയ്ക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും കുടലിലെ വീക്കം കുറയ്ക്കാനും ഇവ സഹായിക്കും.
നാരുകൾ കുടലിൻ്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. കാരണം ഇത് നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുകയും സ്ഥിരമായ മലവിസർജ്ജനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
പ്രീബയോട്ടിക്കുകൾ ദഹിക്കാത്ത നാരുകളാണ്. ഇത് നല്ല കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുന്നു. ഉള്ളി, വെളുത്തുള്ളി, വാഴപ്പഴം തുടങ്ങിയ ഭക്ഷണങ്ങളിൽ പ്രീബയോട്ടിക്‌സ് അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുന്നത് കുടലിന്റെ ആരോഗ്യത്തിന് സഹായിക്കും.
സംസ്കരിച്ച ഭക്ഷണങ്ങൾ കുടൽ ബാക്ടീരിയയുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും ദഹനസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാക്കുകയും ചെയ്യും. പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പുകൾ, കൃത്രിമ അഡിറ്റീവുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുക.
കുടലിൻ്റെ ആരോഗ്യത്തിൽ ഉറക്കം ഒരു പ്രധാന പങ്ക് വഹിക്കുന്നു. മാറുന്ന കാലാവസ്ഥ ഉറക്ക രീതികളെ തടസ്സപ്പെടുത്തും. ഇത് കുടലിൻ്റെ പ്രവർത്തനത്തെ ബാധിക്കും. ദഹനത്തെ പിന്തുണയ്ക്കുന്നതിനും കുടലിന്റെ ആരോഗ്യത്തിനുമായി ദിവസവും എട്ട് മണിക്കൂർ ഉറങ്ങുക.
സമ്മർദ്ദം കുടലിൻ്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. യോഗ, ധ്യാനം എന്നിവയിലൂടെ സമ്മർദ്ദം കുറയ്ക്കാനും കുടലിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.
ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗം ആസ്ഥാനത്ത് ഇസ്രയേൽ വ്യോമാക്രമണം; ലക്ഷ്യം നസ്റല്ലയുടെ പിന്‍ഗാമി?
ബെയ്റൂട്ട്: ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആസ്ഥാനം ലക്ഷ്യമാക്കി ഇസ്രയേലിന്റെ വ്യോമാക്രമണം. ഹിസ്ബുല്ല മുൻ മേധാവി ഹസൻ നസ്റല്ലയുടെ പിന്‍ഗാമി ഹാഷിം സഫൈദിനെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് റിപ്പോർട്ട്. ഹിസ്ബുല്ല ആസ്ഥാനത്തെ ഭൂഗർഭ ബങ്കറിൽ അഭയം തേടിയിരിക്കുന്ന സഫൈദിന്റെ നിലവിലെ സ്ഥിതി എന്തെന്ന് വ്യക്തമല്ല. പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകാൻ ജനങ്ങൾക്ക് ഇസ്രയേൽ മുന്നറിയിപ്പ് നൽകി.
ഹിസ്ബുല്ല ആസ്ഥാനത്തെ ഭൂഗർഭ ബങ്കറിൽ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ ഇസ്രയേലിന്റെ തന്നെ ആക്രമണത്തിലാണ് നസ്റല്ലയും കൊല്ലപ്പെട്ടത്. നസ്റല്ലയുടെ പിൻഗാമിയേയും ഇസ്രയേൽ ലക്ഷ്യംവയ്ക്കുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
മധ്യ ബെയ്റൂട്ടിൽ ലബനൻ പാർലമെന്റ് മന്ദിരത്തിനു സമീപമുള്ള കെട്ടിടസമുച്ചയത്തിൽ ബുധനാഴ്ച രാത്രി ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടിരുന്നു. സംഘടനയുടെ ആരോഗ്യസേവന വിഭാഗത്തിലാണ് ആക്രമണമുണ്ടായതെന്നും രണ്ട് ആരോഗ്യപ്രവർത്തകരടക്കമാണു കൊല്ലപ്പെട്ടതെന്നും ഹിസ്ബുല്ല വ്യക്തമാക്കി.
കരയുദ്ധം ശക്തമാകുന്ന തെക്കൻ ലബനൻ അതിർത്തിയിൽ പ്രവിശ്യാതലസ്ഥാനമായ നബാത്തിയഹ് അടക്കം 25 പട്ടണങ്ങളിൽനിന്നുകൂടി ജനങ്ങളോട് അടിയന്തരമായി ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, മറോൺ അൽ റാസ് ഗ്രാമത്തിൽ ഇസ്രയേൽ സൈനികരെ ലക്ഷ്യമിട്ടു ബോംബ് സ്ഫോടനം നടത്തിയെന്നും വടക്കൻ ഇസ്രയേലിലെ സൈനികകേന്ദ്രങ്ങൾക്കുനേരെ 20 മിസൈൽ ആക്രമണങ്ങൾ നടത്തിയെന്നും ഹിസ്ബുല്ല പറഞ്ഞു..
‘അയാൾ കൊല്ലും’: ഓഗസ്റ്റിൽ പരാതി നൽകി, പൊലീസ് അനങ്ങിയില്ല, യുപിയിൽ നാലംഗ കുടുംബത്തെ വെടിവച്ചു കൊന്നു
അമേഠി: ഉത്തർപ്രദേശിലെ അമേഠിയിൽ അധ്യാപകനെയും കുടുംബത്തെയും ഒരു സംഘം വീട്ടിൽക്കയറി വെടിവച്ചു കൊന്നു. സർക്കാർ സ്കൂൾ അധ്യാപകനായ ഭവാനി നഗർ സ്വദേശി സുനിൽകുമാർ (35), ഭാര്യ പൂനം ഭാരതി, ഒന്നും ആറും വയസ്സുള്ള പെൺമക്കൾ എന്നിവരാണു കൊല്ലപ്പെട്ടത്. കുടുംബം ഭയത്തിലാണു കഴിയുന്നതെന്നു പൂനം നേരത്തേ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പു നൽകി.
ഒരാളെ ഭയമുണ്ടെന്നു രണ്ടു മാസം മുൻപു പൂനം പൊലീസ് പരാതി നൽകിയിരുന്നതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. തന്നെ കൊല്ലുമെന്നു പലതവണ ഇയാൾ ഭീഷണിപ്പെടുത്തിയെന്നും തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാൽ ഇയാളാണ് ഉത്തരവാദിയെന്നും പരാതിയിൽ പൂനം ചൂണ്ടിക്കാട്ടി. കൊലപാതകം മോഷണശ്രമത്തിനിടെ സംഭവിച്ചതല്ലെന്നും ആസൂത്രിതമാണെന്നാണു പ്രാഥമിക നിഗമനമെന്നും പൊലീസ് സൂചിപ്പിച്ചു. ചന്ദൻ വർമ എന്നയാൾക്കെതിരെ ലൈംഗികാതിക്രമം, ജീവനു ഭീഷണി, എസ്‌സി/എസ്‌സി നിയമപ്രകാരമുള്ള കുറ്റങ്ങൾ എന്നിവയാണു പൂനം പരാതിയിൽ ആരോപിച്ചിരുന്നത്.
ഓഗസ്റ്റിൽ നൽകിയ പരാതിയിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. ഓഗസ്റ്റ് 18ന് കുഞ്ഞിനു മരുന്നു വാങ്ങാനായി ഭർത്താവിനൊപ്പം റായ്ബറേലിയിലെ ആശുപത്രിയിൽ പോയപ്പോൾ ചന്ദൻ വർമ പൂനത്തിനോടു മോശമായി പെരുമാറിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. എതിർത്തപ്പോൾ തന്നെയും ഭർത്താവിനെയും അടിച്ചെന്നും ജാതി അധിക്ഷേപം നടത്തിയെന്നും പൂനം പറഞ്ഞു. ‘‘ഈ സംഭവം മറ്റാരോടെങ്കിലും പറഞ്ഞാൽ നിങ്ങളെ ഞാൻ കൊല്ലുമെന്ന് അയാൾ ഭീഷണിപ്പെടുത്തി. കുടുംബം ഭയത്തിലാണു കഴിയുന്നത്. എനിക്കോ കുടുംബത്തിനോ എന്തെങ്കിലും അപകടം സംഭവിച്ചാൽ ചന്ദൻ വർമയാണ് ഉത്തരവാദി. ഉചിതമായ നടപടിയെടുക്കണം’’– പൂനം പരാതിയിൽ ആവശ്യപ്പെട്ടു.
‘‘മാസ്റ്റർ സാഹിബ് (സുനിൽകുമാർ) വളരെ ലാളിത്യമുള്ള വ്യക്തിയാണ്. ഇവിടെ താമസം തുടങ്ങിയിട്ടു രണ്ടുമൂന്നു മാസമായി. അദ്ദേഹത്തിന്റെ വീട്ടിലേക്ക് ആക്രമികൾ എങ്ങനെയാണ് എത്തിയത് എന്നറിയില്ല. മുൻഭാഗത്തു കൂടെ വീട്ടിലേക്കു കയറുന്നതായി ശ്രദ്ധയിൽപ്പെട്ടില്ല. വീട്ടിൽനിന്ന് അഞ്ചുവട്ടം വെടിയുതിർക്കുന്ന ശബ്ദം കേട്ടു’’– സുനിൽകുമാറിന്റെ വീടിനു സമീപത്തെ മെഡിക്കൽ സ്റ്റോർ ഉടമ രാം മനോഹർ യാദവ് പറഞ്ഞു. കൂട്ടക്കൊലയിൽ ചന്ദനു പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നു പൊലീസ് വ്യക്തമാക്കി. യുപി പൊലീസിന്റെ പ്രത്യേക സംഘമാണ് (എസ്‌ടിഎഫ്) കേസ് അന്വേഷിക്കുന്നത്






































