Home Blog Page 2086

വിദ്യാരംഗം കലാസാഹിത്യവേദി ചവറ ഉപജില്ലാ സര്‍ഗോത്സവം ഒക്ടോബര്‍ 14 ന്  പന്മന മനയിൽ ഗവ.എൽ.പി സ്‌കൂളില്‍

ചവറ . വിദ്യാരംഗം കലാസാഹിത്യവേദി ചവറ ഉപജില്ലാ സര്‍ഗോത്സവം, സാഹിത്യ ശില്‍പശാല ഒക്ടോബര്‍ 14  തിങ്കളാഴ്ച  പന്മന മനയിൽ ഗവ.എൽ.പി സ്‌കൂളില്‍ വെച്ച് നടക്കും.

ഏഴ് സാഹിത്യ മേഖലകളിലായി ഉപജില്ലയിലെ എൽ.പി.,യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ നിന്ന് ആയിരത്തോളം വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുക്കുന്ന പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു.

പന്മന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പന്മന ബാലകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അനിത ടി കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജോർജ്ജ് ചാക്കോ  ,  രാജീവ് കുഞ്ഞുമോൻ , എച്ച്.എം. ഇൻ ചാർജ്ജ്
വീണാറാണി ,വിദ്യാരംഗം കൺവീനർ
രാജ്ലാൽ തോട്ടുവാൽ , ജില്ലാ പ്രതിനിധി സിമി വൈ. ബുഷ്റ , രഞ്ജു മുരളീധരൻ ,രാജിമോൾ കെ , ബിജു ഡാനിയൽ , വരുൺലാൽ. എസ് ,റോജാ മാർക്കോസ് , വിദ്യാ.വി എന്നിവർ പ്രസംഗിച്ചു.

റോഡിന് കുറുകെ കടപുഴകി വീണ മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം

പരവൂര്‍: റോഡിന് കുറുകെ കടപുഴകി വീണ മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം. പൂതക്കുളം വയലില്‍ക്കര പുത്തന്‍ വീട്ടില്‍ സുരേന്ദ്രന്‍പിള്ള-ബിന്ദു ദമ്പതികളുടെ മകന്‍ സോനു (22) ആണ് മരിച്ചത്. പരവൂര്‍-പാരിപ്പള്ളി റോഡില്‍ പുത്തന്‍കുളം അമ്മാരത്തു മുക്കിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി 10ന് സോനുവും സുഹൃത്തായ സുജിത്തും കൂടി ഇരുചക്ര വാഹനത്തില്‍ ജോലിക്കുപോയി തിരികെ വരുമ്പോഴാണ് അപകടം ഉണ്ടായത്.
കഴിഞ്ഞ ദിവസം പെയ്ത മഴയിലും ശക്തമായ കാറ്റിലും ചുവട് ദ്രവിച്ചു നിന്ന പാഴ്മരം കടപുഴകി വീഴുകയായിരുന്നു. ഇതറിയാതെ വന്ന സോനുവും സുഹൃത്തും മരത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. സോനു സംഭവ സ്ഥലത്തു തന്നെ മരിച്ചു.
സുഹൃത്ത് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരവൂര്‍ പൊലീസ് കേസെടുത്തു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു. സോനുവിന്റെ സഹോദരന്‍ സുജിത്ത്.

എഡിജിപി തെറിക്കുമോ? ഇരിക്കുമോ ? നാളെ അറിയാം

തിരുവനന്തപുരം:എഡിജിപി എംആർ അജിത് കുമാർ രണ്ട് ഉന്നത ആർഎസ് എസ് നേതാക്കളെ കണ്ടതിലെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡിജിപിയുടെ നിലപാട്. റിപ്പോർട്ട് മുഖ്യമന്ത്രിയുടെ കൈയ്യിലെത്തിയാൽ പരിശോധിച്ച് നടപടി എടുത്തേക്കും. നാളെ വൈകിട്ടോടെ ഇക്കാര്യത്തിൽ മുഖ്യമന്ത്രി നടപടി പ്രഖ്യാപിച്ചേക്കും. എന്തായാലും അജിത്ത് കുമാറിന് സ്ഥാനചലനമുണ്ടാകുമെന്ന് ഏറെകുറെ ഉറപ്പാണ്. ഏതെങ്കിലും കോർപ്പറേഷൻ തലപ്പത്തേക്ക് മാറ്റി ചുമതല നൽകാനും സാധ്യതയുണ്ട്.നിയമസഭാ സമ്മേളനം തിങ്കളാഴ്ച വീണ്ടും ആരംഭിക്കുമ്പോൾ പ്രതിപക്ഷത്തിൻ്റെ കൈയ്യിലെ ഏറ്റവും നല്ല വടിയാകും എഡിജിപി വിവാദം.

എഡിജിപി എം ആർ അജിത്ത് കുമാറിനെതിരായ പരാതികളിൽ ഡിജിപിയുടെ റിപ്പോർട്ട് ഇന്ന് രാത്രി 8 മണിയോടെയാണ് സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് നൽകിയത്. റിപ്പോർട്ട് കഴിഞ്ഞ ദിവസം സമർപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും റിപ്പോർട്ട് അന്തിമമാക്കാൻ സമയം എടുത്തതാണ് വൈകാൻ കാരണമെന്നായിരുന്നു ഒടുവിൽ ലഭിച്ച വിവരം. ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് എഡിജിപി നൽകിയ വിശദീകരണം തള്ളിക്കൊണ്ടാണ് ഡിജിപി അന്തിമ റിപ്പോർട്ട് തയ്യാറാക്കിയതെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

എഡിജിപി എംആർ അജിത് കുമാർ രണ്ട് ഉന്നത ആർഎസ് എസ് നേതാക്കളെ കണ്ടതിലെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡിജിപിയുടെ നിലപാട്. എന്നാൽ മാമി തിരോധാനമടക്കം അൻവർ ഉന്നയിച്ച കേസുകളിൽ അജിതിന് വീഴ്ചയുണ്ടായെന്ന വിലയിരുത്തൽ റിപ്പോർട്ടിലുണ്ടാകില്ലെന്നാണ് സൂചന. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ ഉപസമിതിയോഗത്തിലും അജിത്തിനെ മാറ്റാതെ പറ്റില്ലെന്ന നിലപാടാണ് ഘടകക്ഷിയായ സിപിഐ സ്വീകരിച്ചത്. വിവാദ നായകൻ എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടി വൈകുന്നത് പ്രതിച്ഛായയെ ബാധിക്കില്ലേയെന്നും നേരത്തെ തന്നെ നടപടി എടുക്കണമായിരുന്നുവെന്നും ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റിയിലും അഭിപ്രായമുണ്ടായി.

എഡിജിപിക്ക് വീഴ്ചയുണ്ടെന്നാണ് വിലയിരുത്തലെന്നും എന്നാൽ നടപടിയെടുക്കുന്നത് ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആകുമെന്നാണ് പ്രഖ്യാപിത നിലപാടെന്നും നേതൃത്വം വ്യക്തമാക്കുന്നു. സമ്മർദ്ദത്തിന് വഴങ്ങി മാറ്റിയെന്ന തോന്നലുണ്ടാക്കുന്നത് ഗുണം ചെയ്യില്ലെന്നും നേതൃത്വം നിലപാടെടുത്തു. ഡിജിപിയുടെ അന്വേഷണ
റിപ്പോർട്ട് കയ്യിൽ കിട്ടട്ടെ, അതുവരെ കാത്തിരിക്കാമെന്നാണ് എംവി ഗോവിന്ദൻ സംസ്ഥാന കമ്മിറ്റിയെ അറിയിച്ചത്. ഇതിനൊക്കെ ഒടുവിലാണ് ഇന്ന് ഡിജിപിയുടെ അന്തിമ റിപ്പോർട്ട് സർക്കാറിലേക്ക് എത്തിയത്.ഇനി എല്ലാ കണ്ണുകളും മുഖ്യമന്ത്രിയിലേക്കാണ്.

കൊല്ലം – എറണാകുളം മെമ്മുവിന് മൺറോതുരുത്തിലും പെരിനാടും സ്റ്റോപ്പ്

ശാസ്താംകോട്ട:പുതുതായി ആരംഭിക്കുന്ന കൊല്ലം – എറണാകുളം മെമ്മു സർവീസിന് മൺറോതുരുത്തിലും പെരിനാടും സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.ആദ്യഘട്ടത്തിൽ സ്റ്റോപ്പുകൾ പ്രഖ്യാപിച്ചപ്പോൾ ഇരു സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിച്ചിരുന്നില്ല.ഹാൾട്ട് സ്റ്റേഷനിൽ കൂടി സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സ്ഥിരം യാത്രക്കാർ എം.പിയെ സമീപിച്ചിരുന്നു.ദക്ഷിണ റെയിൽവേയുടെ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ട് മാനേജരുമായി എം.പി നടത്തിയ ചർച്ചയിൽ വേണാട് എക്സ്പ്രസ് നിർത്താത്തതും യാത്രക്കാരുടെ എണ്ണം കൂടുതൽ ഉള്ളതായ സ്റ്റേഷനുകളിൽ കൂടി നിർത്തണമെന്ന് ശക്തമായി ആവശ്യപ്പെടുകയായിരുന്നു.തുടർന്ന് രാവിലെ 6.15ന് പകരം 5:55 ആയി ട്രെയിൻ പുറപ്പെടുന്ന സമയം ക്രമീകരിച്ച് മൺറോതുരുത്തിലും പെരിനാടും സ്റ്റോപ്പ് അനുവദിക്കുകയായിരുന്നു.

പശ്ചിമ ബംഗാളിൽ നാലാം ക്ലാസ് വിദ്യാർത്ഥിയെ ബലാൽ സംഗം ചെയ്തു കൊലപ്പെടുത്തി

കൊല്‍ക്കൊത്ത. പശ്ചിമ ബംഗാളിൽ നാലാം ക്ലാസ് വിദ്യാർത്ഥിയെ ബാലാൽ സംഗം ചെയ്തു കൊലപ്പെടുത്തി. മൃതദേഹം ഗംഗ തീരത്തു നിന്നു കണ്ടെത്തി. നാട്ടുകാരുടെ പ്രതിഷേധം അക്രമാസക്തമായി. പ്രദേശത്തെ പോലീസ് ഔട്ട്‌ പോസ്റ്റിനു തീവച്ചു. പ്രതിഷേധവുമായി ബിജെപി യും സിപിഐ എമും രംഗത്ത്.

പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിലെ ജയ്‌നഗറിലാണ് സംഭവം.ഇന്നലെ വൈകീട്ട് ട്യൂഷൻകഴിഞ്ഞു മടങ്ങിയ 9 വയസ്സുകാരി വീട്ടിൽ എത്തിയില്ല.കുട്ടിയെ കാണാതായതായി രാത്രി 9 മണിയോടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു.ഇന്ന് രാവിലെ പെൺകുട്ടിയുടെ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെ മഹിസ്മാരിയിൽ ഗംഗ തീരത്തു നിന്നും മൃതദേഹം കണ്ടെത്തി.

കുട്ടി യെ ക്രൂര ബാലാൽ സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതാണെന്നും, പോലീസിന്റെ ഭാഗത്ത് നിന്നും അനാസ്ഥയുണ്ടായെന്നും ആരോപിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.രോഷാകുലരായ നാട്ടുകാർ മഹിസ്മാരി പോലീസ് ഔട്ട്‌പോസ്റ്റ് അടിച്ചുതകർക്കുകയും പോലീസ് വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു.

വാഹനഗതാഗതം തടസ്സപ്പെടുത്തിയ നാട്ടുകാർ പോലീസുമായി ഏറ്റുമുട്ടി. ആശുപത്രിയിൽ മൃതദേഹം കാണാൻ എത്തിയ തൃണമൂൽ കോണ്ഗ്രസ് എം എൽ എ ഗണേഷ് മൊണ്ഡലിനെ നാട്ടുകാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.

സംഘർഷ സാഹചര്യം നിലനിൽക്കുന്ന പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

എന്നാൽ പരാതി ലഭിച്ച ഉടൻ അന്വേഷണം ആരംഭിച്ചതായും ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
ബിജെപി നേതാവ് അഗ്നിമിത്ര പാലും സിപിഐ എം നേതാവ് മീനാക്ഷി മുഖർജിയും ജയ്നഗറിലെ ആശുപത്രിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.

ആലത്തൂർ എസ്എൻ കോളേജിലെ കെഎസ് യൂ പ്രവർത്തകന് എസ്എഫ്ഐ നേതാവിന്റെ ഭീഷണി

പാലക്കാട്‌. ആലത്തൂർ എസ്എൻ കോളേജിലെ കെഎസ് യൂ പ്രവർത്തകന് എസ്എഫ്ഐ നേതാവിന്റെ ഭീഷണി,ക്യാമ്പസിൽ അനതികൃതമായി പ്രവേശിച്ച എസ്എഫ്ഐക്കാരുടെ ചിത്രം പകർത്തിയതിന് മുട്ടുകാൽ തല്ലി ഓടിക്കുമെന്നാണ് ഭീഷണി,സംഭവത്തിൽ ആലത്തൂർ പോലീസ് കേസെടുത്തു,വിക്ടോറിയ കോളേജിൽ തിരഞ്ഞെടുപ്പിനെ ചൊല്ലി കെഎസ്‌യു എസ്എഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ തർക്കത്തിനിടെ അധ്യാപകരെയും കയ്യേറ്റം ചെയ്തു


കോളേജ് യൂണിയൻ തിരഞ്ഞെടുപ്പാണ് രണ്ട് ക്യാമ്പസിലെയും തർക്കങ്ങൾക്കാധാരം,എസ്എൻ കോളേജിൽ തിരഞ്ഞെടുപ്പിനിടെ ക്യാമ്പസിൽ പ്രവേശിച്ച എസ്എഫ്ഐക്കാരുടെ ചിത്രം പകർത്തിയതാണ് പ്രകോപനകാരണം,കെഎസ് യൂ പ്രവർത്തകൻ അഫ്സലിനെയാണ് ചിത്രം പകർത്തിയതിന് എസ്എഫ്ഐ നേതാവ് തേജസ്‌ ഭീഷണിപ്പെടുതിയതിന്റെ ശബ്ദസന്ദേശമാണ് പുറത്തായത്,

പാലക്കാട്‌ വിക്ടോറിയ കോളേജിൽ തിരഞ്ഞെടുപ്പിനിടെയാണ് കെ എസ് യൂ, എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായത്,അധ്യാപകരെ കയ്യേറ്റം ചെയ്തതായും പരാതിയുയർന്നു,തിരഞ്ഞെടുപ്പ് ആട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് എബിവിപി ആരോപിച്ചു

ന്യൂസ് അറ്റ് നെറ്റ്                   BlG BREAKING എഡിജിപിയ്ക്കെതിരായ റിപ്പോർട്ട് കൈമാറി

  

2024 ഒക്ടോബർ 05 ശനി 8.40 PM

?എഡിജിപി എം ആർ അജിത്ത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് ഡിജിപി ആഭ്യന്തര സെക്രട്ടിക്ക് കൈമാറി.

? ഇന്ന് തന്നെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചേക്കും.
നാളെ വൈകിട്ടോടെ റിപ്പോർട്ടിൻമേൽ നടപടി ഉണ്ടായേക്കും.

?ഇന്ന് നടന്ന ശബരിമല അവലോകന യോഗത്തിൽ നിന്ന് എഡിജി പി യെ ഒഴിവാക്കിയിരുന്നു. റിപ്പോർട്ടിൽ എന്ത് നടപടി മുഖ്യമന്ത്രി സ്വീകരിക്കും എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

ഭൂതത്താൻകെട്ടിൽ സിനിമ ചിത്രീകരണത്തിനിടെ ഓടിപ്പോയ നാട്ടാന പുതുപ്പള്ളി സാധു കാടിറങ്ങി

കോതമംഗലം . ഭൂതത്താൻകെട്ടിൽ സിനിമ ചിത്രീകരണത്തിനിടെ ഓടിപ്പോയ നാട്ടാന പുതുപ്പള്ളി സാധു കാടിറങ്ങി. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ആനയെ കണ്ടെത്തിയത്. ആന പൂർണ ആരോഗ്യവാനാണ്.

തെലുങ്ക് സൂപ്പർതാരം വിജയ് ദേവരകൊണ്ട നായകനാകുന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. ചിത്രീകരണത്തിന് കൊണ്ടുവന്നത് അഞ്ച് ആനകളെ. ചിത്രീകരണം അവസാനഘട്ടത്തിലെത്തിയപ്പോൾ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ട്വിസ്റ്റുണ്ടായത്. തടത്താവിള മണികണ്ൻ എന്ന ആന പുതുപ്പള്ളി സാധുവിന്റെ പിന്നിൽ കുത്തി. വിരണ്ടോടിയ സാധു കാട്ടിൽ മറഞ്ഞു.

ഇന്നലെ രാത്രി ഏറെ വൈകിയും തിരച്ചിൽ നടത്തി. ആനയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്ന് പുലർച്ചെ ഫോറസ്റ്റ് വാച്ചർമാർ കാൽപ്പാടുകൾ പിന്തുടർന്ന് പോയപ്പോഴാണ് തുണ്ടം ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കാട്ടിൽ ആനയെ കണ്ടത്.

പഴവും മധുര പലഹാരവും നൽകി ആനയെ തളച്ച പാപ്പാൻമാർ വാഹനത്തിൽ കയറ്റി പുതുപ്പള്ളിയിൽ എത്തിച്ചു. ആനയ്ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല

അൻവർ നാളെ പ്രഖ്യാപിക്കുന്ന പാർട്ടി ഡിഎംകെയുടെ ഭാഗമാകുമോ

മലപ്പുറം.നാളെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെ നാടകീയ നീക്കവുമായി പി വി അൻവർ എംഎൽഎ. ചെന്നൈയിലെത്തിയ പി വി അൻവർ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇതോടെ പി വി അൻവർ ഡിഎംകെയുടെ ഭാഗമാകുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. പി വി അൻവറിന്റെ അനുയായികൾ സമൂഹമാധ്യമങ്ങളിൽ എം കെ സ്റ്റാലിന്റെ ചിത്രങ്ങൾ പങ്കുവച്ചതും അഭ്യൂഹങ്ങൾ ശക്തമാക്കി. നാളെ മഞ്ചേരിയിൽ നിശ്ചയിച്ച നയവിശദീകരണത്തിൽ മാറ്റമില്ലെന്ന് പി വി അൻവർ വ്യക്തമാക്കിയിട്ടുണ്ട്.

രാഷ്ട്രീയപ്പാർട്ടി രൂപീകരിക്കുന്നു എന്ന പ്രഖ്യാപനം പോലെ അപ്രതീക്ഷിതമായിരുന്നു പിവി അൻവറിൻറെ ഇന്നത്തെ ചെന്നൈ നീക്കവും. ഇന്നലെ ചെന്നൈയിൽ എത്തിയ അൻവറിൻ്റെ മകൻ റിസ്വാൻ മന്ത്രിയും എം.കെ സ്റ്റാലിൻ്റെ വിശ്വസ്തനുമായ സെന്തിൽ ബാലാജിയുമായി ചർച്ച നടത്തി. അൻവറിനു വേണ്ടി മകൻ കളത്തിലിറങ്ങിയെന്നതും എടുത്തു പറയണം. ഇന്ന് പുലർച്ചെ ചെന്നൈയിലേക്ക് തിരിച്ച അൻവർ ഡിഎംകെ സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. സംസ്ഥാന നേതാക്കൾ അൻവറിനെ ഷാൾ പുതച്ച് സ്വീകരിച്ചു. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ അൻവർ നാളെ പ്രഖ്യാപിക്കുന്ന രാഷ്ട്രീയ പാർട്ടി ഡിഎംകെ മുന്നണിയുടെ ഭാഗമാകുമോ എന്ന രാഷ്ട്രീയകാംക്ഷയാണ് ഉയർന്നിരിക്കുന്നത്.

ദേശീയ രാഷ്ട്രീയത്തിലേക്കോ എന്ന ചോദ്യത്തോടെയാണ് ഇ.എ സുകു ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ചെന്നൈ മുസ്ലിം ലീഗ് നേതാക്കളുമായി അൻവർ കൂടിക്കാഴ്ച നടത്തിയെന്നും വിവരമുണ്ട്. നാളെ വൈകിട്ട് ആറുമണിക്കാണ് മഞ്ചേരിയിൽ വച്ച് അൻവറിന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപന പൊതുസമ്മേളനം. ഇതിലേക്ക് ഡിഎംകെ നേതാക്കൾ എത്തുമോ എന്നതും പ്രധാനമാണ്. പൊതുസമ്മേളനം ശക്തിപ്രകടനം ആകുമെന്നും ഉറപ്പ്. സംഘപരിവാറിനെതിരെ നിരന്തരം നിലപാട് എടുക്കുന്ന ഡിഎംകെയുമായി അൻവർ നടത്തിയ ഈ നീക്കം വരും ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകും.

ബിനോയ് വിശ്വത്തിന്റെ നയം മാറ്റങ്ങളിൽ സിപിഐയിൽ അതൃപ്തി

തിരുവനന്തപുരം. ബിനോയ് വിശ്വത്തിന്റെ നയം മാറ്റങ്ങളിൽ സിപിഐയിൽ അതൃപ്തി പുകയുന്നു. പിആർ വിവാദം എക്സിക്യൂട്ടിൽ ചർച്ചയ്ക്കെടുക്കാനുള്ള നീക്കത്തിന് പാർട്ടി സെക്രട്ടറി തന്നെ തടയിട്ടു. വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യം വി.ചാമുണ്ണി ഉന്നയിച്ചെങ്കിലും ബിനോയ് വിശ്വം അനുവദിച്ചില്ല; ADGPക്ക് എതിരായ കെ.പ്രകാശ് ബാബുവിന്റെ ജനയുഗം ലേഖനത്തെ വിമർശിച്ചതിലും ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്

സർക്കാരിനെതിരെ ഉയരുന്ന കഴമ്പുള്ള രാഷ്ട്രീയ വിവാദങ്ങളിൽ എല്ലാക്കാലത്തും സിപിഐക്ക് കൃത്യമായ നിലപാട് ഉണ്ടായിരുന്നു. എന്നാൽ ബിനോയി വിശ്വത്തിന്റെ നയം മാറ്റങ്ങളിൽ നേതൃത്വം ആകെ അതൃപ്തിയിലാണ്. പിആർ വിവാദം എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ചയ്ക്കെടുക്കാനുള്ള വി.ചാമുണ്ണി നീക്കം ബിനോയ് വിശ്വം ഇടപെട്ട് തടഞ്ഞു. ഇതോടെ പിആർ വിവാദം യോഗത്തിൽ ചർച്ചയായതേയില്ല. എഡിജിപി വിഷയത്തിൽ കെ പ്രകാശ് ബാബു ജനയുഗത്തിൽ ലേഖനം എഴുതിയതും പരസ്യപ്രതികരണം നടത്തിയതും ബിനോയ് വിശ്വത്തെ പ്രകോപിപ്പിച്ചു. എല്ലാവരും പാർട്ടി വക്താക്കളാകേണ്ടെന്നും പാർട്ടി നിലപാട് സംസ്ഥാന സെക്രട്ടറി വിശദീകരിക്കുമെന്നും ബിനോയ് വിശ്വം നിലപാടെടുത്തു. എന്നാൽ ഇതിനോട് സംസ്ഥാന എക്സിക്യൂട്ടിവിലെ ഭൂരിഭാഗം അംഗങ്ങളും വിയോജിച്ചു. സിപിഎ നിലപാട് സാധൂകരിക്കുകയാണ് പ്രകാശ് ബാബു ചെയ്തതെന്ന് പലരും അഭിപ്രായപ്പെട്ടു. പാർട്ടി സെക്രട്ടറിയെ ഒറ്റപ്പെടുത്തിയെന്നത് അടിസ്ഥാന രഹിതമായ വാർത്തയെന്ന് മന്ത്രി കെ രാജൻ.

വിവാദ വിഷയങ്ങളിൽ ബിനോയ് വിശ്വം മൗനം തുടർന്നപ്പോഴൊക്കെ പാർട്ടിയുടെ മുഖമായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത് പ്രകാശ് ബാബു ആണ്. പല ഘട്ടങ്ങളിലും നിലപാട് പറയാതെ ഒഴിഞ്ഞുമാറുന്ന ബിനോയ് വിശ്വത്തിൻ്റെ സമീപനങ്ങളിലും പാർട്ടിയിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്