Home Blog Page 2068

നിപ?,വണ്ടൂർ നടുവത്ത് മരിച്ച യുവാവിന്റെ സാമ്പിളുകൾ കോഴിക്കോട് ലാബിലെ പ്രാഥമിക പരിശോധനയിൽ പോസിറ്റീവായി

മലപ്പുറം. ജില്ലയില്‍ വീണ്ടും നിപാ ബാധ എന്ന് സംശയം. വണ്ടൂർ നടുവത്ത് മരിച്ച യുവാവിന്റെ സാമ്പിളുകൾ കോഴിക്കോട് ലാബിലെ പ്രാഥമിക പരിശോധനയിൽ പോസിറ്റീവായി. പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം വന്നാലേ സ്ഥിരീകരിക്കൂ. മുൻകരുതൽ നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടന്നു.

സെപ്റ്റംബർ 9 തിങ്കളാഴ്ചയാണ് നടുവത്ത് സ്വദേശിയായ 24 കാരൻ പനി ബാധിച്ച് മരിച്ചത്. ഈ മരണം നിപ ബാധിച്ചാണെന്ന സംശയമാണ് നിലവിലുള്ളത്. കോഴിക്കോട് ലാബിലേക്ക് അയച്ച സാമ്പിളിൽ നിപ പോസിറ്റീവ് ആണ്. പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിളുകൾ ആരോഗ്യവകുപ്പ് അയച്ചു. ഈ ഫലം വന്നാൽ മാത്രമേ നിപ സ്ഥിരീകരിക്കൂ. സെപ്റ്റംബർ അഞ്ച് വ്യാഴാഴ്ച്ചയാണ് ബാംഗ്ലൂരിൽ നിന്ന് യുവാവ് നാട്ടിലേക്ക് എത്തിയത്. അപ്പോൾ പനിയുണ്ടായിരുന്നു. തുടർന്ന് വെള്ളിയാഴ്ച വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പനി മൂർച്ഛിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് മരണം. മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. മുൻകരുതലിന്റെ ഭാഗമായി ആരോഗ്യവകുപ്പ് വണ്ടൂർ കേന്ദ്രീകരിച്ച് യോഗം ചേർന്നു. പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിൽ 14 വയസ്സുകാരൻ രണ്ടുമാസം മുൻപാണ് നിപ ബാധിച്ച് മരിച്ചത്.

ട്രെയിൻ തട്ടി മൂന്ന് സ്ത്രീകൾ മരിച്ചു

കാസർകോട്: കാഞ്ഞങ്ങാട് ട്രെയിൻ തട്ടി മൂന്ന് സ്ത്രീകൾ മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശികളായ ചിനിമ്മ(69), ഏയ്ഞ്ചൽ(30), ആലീസ് തോമസ്(63) എന്നിവരാണ് മരിച്ചത്. പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപത്താണ് അപകടമുണ്ടായത്.
കല്യാണ ചടങ്ങിൽ പങ്കെടുക്കാനായാണ് ഇവർ എത്തിയത്. നാട്ടിലേക്ക് തിരിച്ചു പോരുന്നതിനിടെ ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്. ഓവര്‍ബ്രിഡ്ജ് ഉപയോഗിക്കാതെ ഒരു പ്ലാറ്റ്‌ഫോമില്‍ നിന്ന് മറ്റൊരു പ്ലാറ്റ്‌ഫോമിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. കൊയമ്പത്തൂര്‍- ഹിസാര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസാണ് ഇവരെ ഇടിച്ചത്. മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു.

ഈ ഓണത്തിന് കൊല്ലത്തുനിന്നൊരു കൊച്ചോണപ്പാട്ട്

കൊല്ലം.ആത്മജ എന്ന കൊച്ചു മിടുക്കിയുടെ ഓണപ്പാട്ട് ആണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത് . പ്രശസ്ത കവയിത്രി മീന ശൂരനാടിന്റെ വരികൾക്ക് അഞ്ചൽ വേണു സംഗീതം നൽകിയ ഓണപ്പൂക്കൂട എന്ന ഓണപ്പാട്ട് ഇതിനകം ജനഹൃദയങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

ലോജിക് ഈവൻസിന്റെ യൂട്യൂബ് ചാനലിൽ ആണ് ഈ ഓണപ്പാട്ട് റിലീസ് ചെയ്തിരിക്കുന്നത്. മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്ന ആത്മജ, കൊല്ലം ഗവൺമെൻറ് ടൗൺ യുപിഎസിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

കൊല്ലത്തെ ലോജിക് ഈവൻസ് ആൻഡ് അഡ്വർടൈസിംഗ് സ്ഥാപനം ഉടമ ഗോപകുമാർ ലോജിക്കിന്റെയും ചവറ ഗവൺമെൻറ് എച്ച്എസ്എസ് അധ്യാപിക ജി .എസ് സരിതയുടെയും മകളായ ഈ കൊച്ചു ഗായിക കഴിഞ്ഞ കൊല്ലം ജില്ലാ സ്കൂൾ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതം, ഉറുദു പദ്യം ചൊല്ലൽ എന്നിവയിൽ എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്.

കെഎസ്ഇബിയുടെ 11 കെവി യു. ജി കേബിൾ മുറിച്ചു കടത്താൻ ശ്രമം… മോഷണ ശ്രമത്തിനിടെ മോഷ്ടാക്കൾക്ക് ഷോക്കേറ്ററായി സംശയം

കൊട്ടിയം: ഭൂമിക്കടിയിലൂടെ പോകുന്ന കെഎസ്ഇബിയുടെ 11 കെവി യു. ജി കേബിൾ മുറിച്ചു കടത്താൻ ശ്രമം. മോഷണ ശ്രമത്തിനിടെ മോഷ്ടാക്കൾക്ക് ഷോക്കേറ്ററായി സംശയം. വ്യാഴാഴ്ച രാത്രി 12:30 യോടെയാണ് ദേശീയ പാതയിൽ ഉമയനല്ലൂർ പട്ടരുമുക്ക് പള്ളിക്കടുത്ത് നിന്നും 11 കെ വി ലൈനിന്റെ അണ്ടർ ഗ്രൗണ്ട് കേബിൾ മുറിച്ചു കടത്താൻ ശ്രമം നടന്നത്. കേബിൾ മുറിക്കുന്നതിനിടെ വൈദ്യുതി ബന്ധം ട്രിപ്പ് ആയതിനാൽ വലിയ ദുരന്തം ഒഴിവായി. മോഷ്ടാക്കളുടെ കരുതുന്ന ലൈറ്ററും കമ്പിയും സംഭവസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. തുടർന്ന് മണിക്കൂറുകൾ നടത്തിയ പരിശ്രമത്തിനൊടുവിലാണ് വെള്ളിയാഴ്ച ഉച്ചയോടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായത്. ദേശീയപാതയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ചില സ്ഥലങ്ങളിൽ കേബിളുകൾ പുറത്തു കാണാവുന്ന നിലയിലാണ്. അന്വേഷണം ആവശ്യപ്പെട്ടു വൈദ്യുതിബോർഡ് കൊട്ടിയം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി അൻപതുകാരൻ മരിച്ചു

പാലക്കാട്: തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി അൻപതുകാരൻ മരിച്ചു. പാലക്കാട് കഞ്ചിക്കേട്ടാണ് സംഭവം. ആലാമരം സ്വദേശി സുരേഷ് ആണ് മരിച്ചത്. ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തീറ്റമത്സരത്തിനിടെയാണ് ഭക്ഷണം തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു.
പ്രാദേശിക കൂട്ടായ്മയാണ് ഓണാഘേഷം സംഘടിപ്പിച്ചത്. തീറ്റ മത്സരത്തിനിടെ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വാളയാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സംസ്ഥാനത്ത് വീണ്ടും നിപ മരണമെന്ന് സംശയം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ മരണമെന്ന് സംശയം. കഴിഞ്ഞയാഴ്ച മലപ്പുറം വണ്ടൂർ നടുവത്ത് സ്വദേശിയായ യുവാവ് മരിച്ചത് നിപ ബാധിച്ചെന്നാണ് സംശയിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ നിപ്പ പോസിറ്റീവ് ആയി.
മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗത്തിൽ നടത്തിയ പിസിആർ പരിശോധനയിൽ ഫലം പോസിറ്റീവ് ആയതിനെ തുടർന്നാണ് സ്ഥിരീകരണത്തിനായി പുനെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുന്നത്. ഈ ഫലം പോസിറ്റീവ് ആയാലെ നിപ സ്ഥിരീകരിക്കൂ. ബെംഗളൂരുവിൽ പഠിക്കുന്ന മലപ്പുറം വണ്ടൂർ നടുവത്ത് സ്വദേശിയായ യുവാവാണ് കഴിഞ്ഞയാഴ്ച മരിച്ചത്.

ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപ്പിടിച്ചു

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. ബിഎംഡബ്ല്യു കാറിനാണ് തീപ്പിടിച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
കഴക്കൂട്ടം പൊലീസ് സ്റ്റേഷന് സമീപം ആയിരുന്നു സംഭവം. കാറിലുണ്ടായിരുന്നയാള്‍ ഇറങ്ങിയോടി രക്ഷപ്പെട്ടതിനാല്‍ വലിയ അപകടം ഒഴിവായി.

തൂശനിലയിൽ വിഭവസമൃദ്ധമായ ഉത്രാട സദ്യയുണ്ട് ശാസ്താംകോട്ടയിലെ വാനരപ്പട

ശാസ്താംകോട്ട. ഉത്രാടദിനത്തിൽ തൂശനിലയിൽ വിളമ്പിയ വിഭവസമൃദ്ധമായ സദ്യയുണ്ട് ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിലെ
വാനരപ്പടയുടെ ഓണാഘോഷത്തിന് തുടക്കമായി.ധർമ്മശാസ്താവിന്റെ തോഴന്മാരായ വാനരന്മാർക്കായി കുത്തരിച്ചോറും പരിപ്പും പപ്പടവും പച്ചടിയും കിച്ചടിയും അവിയലും തോരനും കാളനും ഓലനും അടക്കമുള്ള വിഭവങ്ങൾ രാവിലെ 10.30 ഓടെ തൂശനിലയിൽ നിരന്നു.വാനര ഭോജനശാലയിൽ വിഭവങ്ങൾ വിളമ്പിയശേഷം എല്ലാവരെയും അവിടേക്ക് ക്ഷണിച്ചു.എന്നാൽ 150 ഓളം വരുന്ന ക്ഷേത്ര കുരങ്ങുകൾ ആദ്യം അതത്ര കാര്യമാക്കിയില്ല.കൂട്ടത്തിലെ തല മുതിർന്നവർ ആദ്യമെത്തി ഭക്ഷണം രുചിച്ചു നോക്കിയ ശേഷം കുഴപ്പമില്ലെന്ന് അറിയിച്ചാൽ മാത്രമേ മറ്റുള്ളവരെത്തുമെന്ന പതിവുമുണ്ട്.

ഇക്കുറിയും അതു തെറ്റിച്ചില്ല.കൂട്ടത്തിലെ മൂപ്പന്മാരായ സുലുവും രാജുവും പാച്ചുവുമെത്തി സദ്യ രുചിച്ചു നോക്കി.കുഴപ്പമില്ലെന്ന് ഇവർ തലയാട്ടിയതോടെ മറ്റുള്ളവർ കുതിച്ചെത്തി.എന്നാൽ മൂപ്പന്മാർ കുട്ടി കുരങ്ങുകളെ ആട്ടിയോടിക്കുന്നതും കാണാമായിരുന്നു.ഇവർക്കായി മറ്റൊരിടത്ത് സദ്യ വിളമ്പി നൽകി.പായസവും പഴവുമാണ് കൂടുതൽ പേർക്കും ഇഷ്ടമായത്. വാരിയെറിഞ്ഞും കലഹിച്ചും ആസ്വദിച്ചുമെല്ലാം സദ്യയുണ്ണാൻ അവർക്ക് രണ്ടു മണിക്കൂറോളം വേണ്ടിവന്നു.
വാനരന്മാർ സദ്യയുണ്ണുന്നത് കാണാൻ നിരവധി ഭക്തരും ക്ഷേത്രത്തിൽ എത്തിയിരുന്നു.മനക്കര ശ്രീശൈലത്തിൽ എം.വി അരവിന്ദാക്ഷൻ പിള്ളയുടെ വകയായിട്ടാണ് ഉത്രാട സദ്യ ഒരുക്കിയത്. തിരുവോണദിനമായ ഞായറാഴ്ചയും വാനരന്മാർക്ക് വിഭവസമൃദ്ധമായ സദ്യയാണ് ഒരുക്കുന്നത്.

താനൂർ കസ്റ്റഡി മരണം, അന്വേഷണ സംഘത്തിന് പരാതി നൽകി മരിച്ച താമിർ ജിഫ്രിയുടെ കുടുംബം

മലപ്പുറം. താനൂർ കസ്റ്റഡി മരണത്തിൽ അന്വേഷണ സംഘത്തിന് പരാതി നൽകി മരിച്ച താമിർ ജിഫ്രിയുടെ കുടുംബം. കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം സിബിഐക്ക് പരാതി നൽകിയത്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി പറഞ്ഞു

2023 സെപ്റ്റംബർ 15 നാണ് താനൂർ കസ്റ്റഡി മരണ കേസ് സിബിഐ ഏറ്റെടുത്തത്. വർഷം ഒന്ന് തികയുമ്പോഴും കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. അറസ്റ്റിലായ നാല് പോലീസ് ഉദ്യോഗസ്ഥരും സ്വാഭാവിക ജാമ്യം നേടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കുടുംബം സിബിഐ അന്വേഷണത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നത്. കേസിലെ ഉന്നതരുടെ പങ്കും ഗൂഢാലോചനയും അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടാണ് കുടുംബം വീണ്ടും പരാതിയുമായി സിബിഐയെ സമീപിച്ചത്

മുൻ മലപ്പുറം എസ്പി സുജിത് ദാസ് അടക്കമുള്ളവർക്ക് ഗൂഢാലോചനയിൽ പങ്ക് ഉണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം..കേസിൽ സുജിത് ദാസിനെ സിബിഐ ചോദ്യ ചെയ്തിരുന്നങ്കിലും പ്രതി ചേർത്തിട്ടില്ല. പരാതിയിൽ അന്വേഷണ സംഘം അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം

അനുവദിച്ച സമയം കഴിഞ്ഞും ബെവ്‌കോ ഔട്ലെറ്റിൽ നിന്ന് മദ്യം വാങ്ങിയ പോലീസുകാരുടെ ദൃശ്യങ്ങൾ പകർത്തിയ നാട്ടുകാരന് മർദ്ദനം

മലപ്പുറം. എടപ്പാളിൽ അനുവദിച്ച സമയം കഴിഞ്ഞും ബെവ്‌കോ ഔട്ലെറ്റിൽ നിന്ന് മദ്യം വാങ്ങിയ പോലീസുകാരുടെ ദൃശ്യങ്ങൾ പകർത്തിയ നാട്ടുകാരന് മർദ്ദനം. ചങ്ങരംകുളം സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ആണെന്ന് പറഞ്ഞു കൊണ്ടായിരുന്നു അതിക്രമം. പരിക്കേറ്റ യുവാവ് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എടപ്പാൾ കണ്ടനകം ബീവറേജിൽ ഇന്നലെ രാത്രി 9.30യോട് കൂടിയാണ് സംഭവം. ബീവറേജ് ഔട്ട്ലെറ്റിലെ ഗേറ്റിനു പുറമേ നിന്ന് രണ്ടുപേർ ബീവറേജ് ജീവനക്കാരുമായി സംസാരിക്കുന്നതും പണം കൈമാറുന്നതും ശ്രദ്ധയിൽപ്പെട്ട യുവാവ് ഇത് മൊബൈൽ പകർത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ടതോടെ ഇവർ ഫോൺ പിടിച്ചു വാങ്ങുകയും യുവാവിനെ മർദ്ദിക്കുകയും ചെയ്തു എന്നാണ് പരാതി.കണ്ടനകം സ്വദേശി സുനീഷ് കുമാറിനാണ് പരിക്കേറ്റത്. ബിവറേജിൽ ജോലി ചെയ്യുന്ന സുഹൃത്തിനെ കാണാനാണ് എത്തിയത് എന്നും സുനീഷ്‌കുമാർ ആണ് ആദ്യം മർദിച്ചത് എന്നും പൊലീസുകാർ പറഞ്ഞു