21.5 C
Kollam
Saturday 20th December, 2025 | 06:21:35 AM
Home Blog Page 2054

കൊച്ചിയിൽ മൂന്നര വയസ്സുകാരന് ക്രൂര മർദനം; പ്ലേ സ്കൂൾ അധ്യാപിക അറസ്റ്റിൽ

കൊച്ചി: മട്ടാഞ്ചേരിയിൽ മൂന്നര വയസ്സുകാരന് ക്രൂര മർദനം. പ്ലേ സ്കൂൾ അധ്യാപികയാണ് കുട്ടിയുടെ മുതുകിൽ ചൂരൽ ഉപയോഗിച്ച് തല്ലി പരുക്കേൽപ്പിച്ചത്. രക്ഷിതാക്കളുടെ പരാതിയിൽ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു.

അധ്യാപിക സീതാലക്ഷ്മിയെയാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കുവാൻ കൊണ്ടുപോയിരിക്കുകയാണ്. ചോദ്യങ്ങൾക്ക് മറുപടി പറയാത്തതിനെ തുടർന്ന് അധ്യാപിക കുഞ്ഞിനെ ചൂരൽ ഉപയോ​ഗിച്ച് പുറത്ത് മർദിക്കുകയായിരുന്നു.

മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിൽ ഇന്നലെയാണ് സംഭവം. കുഞ്ഞിന്റെ പുറത്ത് ചൂരൽ കൊണ്ട് മർദനമേറ്റതിന്റെ പാടുകൾ ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ അധ്യാപികയെ സസ്പെൻ്റ് ചെയ്തതായി സ്ഥാപനം അറിയിച്ചിരുന്നു.

കുട്ടി വീട്ടിലെത്തിയപ്പോഴാണ് രക്ഷിതാക്കൾ തല്ലിയതിന്റെ പാടുകൾ കണ്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് സംഭവം പൊലീസിനെ അറിയിച്ചത്. പിന്നാലെ മാതാപിതാക്കൾ പരാതി നൽകി.

യുഎഇയിൽ അരളിച്ചെടിക്ക് നിരോധനം: മലയാളി വ്യവസായിക്ക് നഷ്ടം 15000 ദിർഹം; പൂക്കളത്തിന്റെ ശോഭ കെടും

അബുദാബി: അരളിച്ചെടിയുടെ നിരോധനം യുഎഇയിലെ പൂച്ചെടി കച്ചവടക്കാർക്ക് വൻ നഷ്ടമുണ്ടാക്കി. പ്രാദേശികമായി ലഭ്യമായവയ്ക്കു പുറമെ വിദേശത്തുനിന്ന് വൻ വിലയ്ക്ക് ഇറക്കുമതി ചെയ്ത വിവിധ നിറത്തിലുള്ള അരളിച്ചെടികളും വിൽപനയ്ക്കു വച്ചിരുന്നു. അബുദാബി മിന മാർക്കറ്റിലെയും ദുബായ് അൽവർസാനിലെയും ഷാർജ ഫ്ലവർ മാർക്കറ്റിലെയും ചെടി വിൽപന സ്റ്റാളുകളെ ആകർഷകമാക്കിയിരുന്നതും അരളിച്ചെടിയായിരുന്നു.

ഇവ സൂക്ഷിച്ചിരുന്ന മലയാളികൾ ഉൾപ്പെടെയുള്ള കച്ചവടക്കാർക്കും നഷ്ടമുണ്ടാകും. സ്പെയ്നിൽനിന്ന് ഒരു ചെടിക്ക് 300 ദിർഹം ചെലവിൽ 30 എണ്ണം ഇറക്കുമതി ചെയ്ത അബുദാബിയിലെ മലയാളി കച്ചവടക്കാരന് ഈയിനത്തിൽ മാത്രം 9000 ദിർഹമാണ് നഷ്ടം. പ്രാദേശികമായി ഉൽപാദിപ്പിച്ചവ ഉൾപ്പെടെ 15000 ദിർഹത്തോളം നഷ്ടം വരും. സർക്കാർ നിർദേശപ്രകാരം ഇവ നശിപ്പിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് ഇവർ പറയുന്നു. അരളി നിരോധിക്കാത്ത മറ്റേതെങ്കിലും രാജ്യത്തേക്ക് കയറ്റി അയയ്ക്കാനാകുമോ എന്നും ഇവർ അന്വേഷിക്കുകയാണ്. അരളിപ്പൂക്കൾ അത്തപ്പൂക്കളത്തെയും വർണാഭമാക്കിയിരുന്നു. യുഎഇയിൽ ഓണാഘോഷം തുടരുന്നതിനാൽ പൂക്കളത്തിൽനിന്ന് ഇനി അരളിയെ ഒഴിവാക്കേണ്ടിവരും.

‘അവളെന്നെ പലപ്പോഴും തല്ലുമായിരുന്നു, ഞാൻ കൊന്നില്ലെങ്കിൽ…’; പ്രതിയുടെ അവസാന കുറിപ്പ് ‘മഹാലാക്ഷ്മി’ കേസിൽ

ബെംഗളൂരു: ഫ്രിഡ്ജിൽ നിന്ന് കഷണങ്ങളാക്കിയ നിലയിൽ ഒരു മൃതദേഹം കണ്ടെത്തുന്നു. അത് ഒരു യുവതിയുടേതാണെന്ന് തിരിച്ചറിയുന്നു. രാജ്യത്തെയാകെ ഞെട്ടിച്ച സംഭവത്തിന് പിന്നാലെ നടന്ന സംഭവവികാസങ്ങൾ അക്ഷരാര്‍ത്ഥത്തിൽ ഒരു ക്രൈം സിനിമപോലെ നാടകീയമായിരുന്നു.

കൊലപാതകം നടന്ന് നാല് ദിവസത്തിന് ശേഷം കേസിലെ പ്രതിയായ മുക്തി രഞ്ജൻ റായിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ ജീവനൊടുക്കും മുമ്പ് അയാളെഴുതിയ ആത്മഹത്യാ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്.

ഞാൻ അവളെ കൊന്നില്ലായിരുന്നുവെങ്കിൽ, മഹാലക്ഷ്മി എന്നെ കൊല്ലുമായിരുന്നു എന്നാണ് മുക്തി രഞ്ജൻ റായി അവസാനമായി എഴുതിയ കുറിപ്പിൽ പറയുന്നത്. മഹാലക്ഷ്മിയുമായുള്ള ബന്ധത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളും കുറ്റസമ്മത മൊഴിയും അടങ്ങിയ കുറിപ്പാണ് ഇയാളുടെ മൃതദേഹത്തിന് സമീപം കണ്ടെത്തിയത്. തന്നെ കൊല്ലാൻ മഹാലക്ഷ്മി ആഗ്രഹിച്ചിരുന്നു. മൃതദേഹം സംസ്കരിക്കാൻ കറുത്ത സ്യൂട്ട്കേസ് വാങ്ങിയിരുന്നു. എൻ്റെ ശരീരം കഷണങ്ങളാക്കി സ്യൂട്ട്‌കേസിൽ ഇട്ട് വലിച്ചെറിയുക എന്നതായിരുന്നു അവളുടെ ഉദ്ദേശം. ഞാൻ അവളെ കൊന്നില്ലായിരുന്നുവെങ്കിൽ അവൾ എന്നെ കൊന്ന് എൻ്റെ ശരീരം വലിച്ചെറിയുമായിരുന്നു. സ്വയരക്ഷയ്ക്കാണ് ഞാൻ അവളെ കൊന്നത്. വിവാഹത്തിനായി മഹാലക്ഷ്മി തന്നിൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു.

അവൾ ചോദിക്കുന്ന കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അവളെന്നെ മര്‍ദ്ദിക്കുമായിരുന്നു. ഒരു സ്വര്‍ണമാലയും ഏഴ് ലക്ഷം രൂപയും നൽകി. എന്നിട്ടും അവളുടെ ആവശ്യം തുടര്‍ച്ചായി വര്‍ധിച്ചുകൊണ്ടിരുന്നു. പലപ്പോഴായി എന്നെ മര്‍ദ്ദിച്ചിരുന്നു എന്നും കുറിപ്പിൽ പ്രിതി അരോപിച്ചിരുന്നു. അതേസമയം, ആത്മഹത്യ ചെയ്യുന്നതിന് തലേന്ന് പ്രതി അമ്മയോട് കുറ്റകൃത്യത്തെക്കുറിച്ച് പറഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. താൻ മഹാലക്ഷ്മിയെ സ്നേഹിക്കുന്നുണ്ടെന്നും എന്നാൽ കിഡ്നാപ്പിംഗ് കേസിൽ കുടുക്കാൻ മഹാലക്ഷ്മി ശ്രമിക്കുകയാണെന്നും പ്രതി അമ്മയോട് പറഞ്ഞെന്നായിരുന്നു ഒഡീഷ പൊലീസ് പറഞ്ഞത്.

അതേസമയം, 29കാരിയായ മഹാലക്ഷ്മി വിവാഹിതയാണെങ്കിലും ഭർത്താവുമായി വേർപിരിഞ്ഞായിരുന്നു താമസിച്ചിരുന്നത്. ബെംഗളൂരുവിലെ ഒരു മാളിൽ ജോലി ചെയ്തിരുന്ന മഹാലക്ഷ്മിയും മുക്തി രഞ്ജൻ റായിയും സുഹൃത്തുക്കളായിരുന്നുവെന്ന് ബെംഗളൂരു പൊലീസ് പറഞ്ഞു. തുടർന്ന് അവർ പ്രണയത്തിലാകുകയായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് മഹാലക്ഷ്മി മുക്തി രഞ്ജൻ റായിയെ നിരന്തരമായി നിർബന്ധിച്ചിരുന്നു. ഇത് കാലക്രമേണ ഇരുവർക്കുമിടയിൽ വലിയ പ്രശ്നങ്ങളുണ്ടാക്കി. ഇതാണ് പിന്നീട് മഹാലക്ഷ്മിയുടെ കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.

ഉല്ലാസ യാത്രികര്‍ക്ക് വോള്‍വോയുമായി കെഎസ്ആര്‍ടിസി

കൊല്ലം: കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തിന്റെ ആദ്യ മള്‍ട്ടി ആക്‌സില്‍ എസി വോള്‍വോ ഉല്ലാസ യാത്ര 18ന് വൈകിട്ട് 6ന് മേയര്‍ പ്രസന്ന ഏണസ്റ്റ് ഫ്‌ളാഗ് ഓഫ് ചെയ്യും. 18ന് വൈകിട്ട് 6ന് ആരംഭിക്കുന്ന യാത്ര 20ന് രാത്രിയോടെ മടങ്ങിയെത്തും.
3200 രൂപയാണ് നിരക്ക്. അറക്കല്‍ മ്യൂസിയം, സെന്റ് അഞ്ചലോ ഫോര്‍ട്ട്, പറശ്ശിനിക്കടവ്, പാപ്പിനിശ്ശേരി, ബേക്കല്‍ കോട്ട, പഴശ്ശി മ്യൂസിയം, ലോകനാര്‍ക്കാവ് കാപ്പാട് ബീച്ച്, മിട്ടായി തെരുവ്, ബേപ്പൂര്‍ എന്നിവയാണ് സന്ദര്‍ശന സ്ഥലങ്ങള്‍. ഫോണ്‍: 9747969768, 9495440444.

പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍

അഞ്ചല്‍: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. കുളത്തൂപ്പുഴ ഡാലി സ്വദേശിയും നിലവില്‍ സാം നഗറില്‍ വാടകയ്ക്ക് താമസിച്ചു വരികയും ചെയ്യുന്ന ഷൈജു ഭവനില്‍ സജീവ്(21)നെയാണ് അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ വീട്ടുകാര്‍ ആശുപത്രില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം വീട്ടുകാര്‍ പുറത്തറിയുന്നത്. ഇതോടെ ആശുപത്രി അധികൃതര്‍ വിവരം അഞ്ചല്‍ പോലീസില്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ രഹസ്യ മൊഴിയെടുത്ത ശേഷം സജീവിനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.

വാട്ടര്‍ മീറ്റര്‍ മോഷണം; മൂന്ന്‌പേര്‍ പിടിയില്‍

ചാത്തന്നൂര്‍: വാട്ടര്‍ മീറ്റര്‍ മോഷ്ടിച്ച കേസില്‍ മൂന്ന്‌പേരെ പാരിപ്പള്ളി പോലീസ് പിടികൂടി. വാളത്തുങ്കല്‍ പുത്തന്‍ചന്ത കരാളി തൊടിയില്‍ വീട്ടില്‍ സബീര്‍ (36), കല്ലമ്പലം മാവിന്‍മൂട്
കുന്നുവിള പുത്തന്‍വീട്ടില്‍ മഞ്ചേഷ് (27), തമിഴ്‌നാട് തൂത്തുകുടി, കോവില്‍പ്പെട്ടി സാവല്‍പേരി ഈസ്റ്റ് സ്ട്രീറ്റില്‍ (181/1) ബാബു (33) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ പാരിപ്പള്ളി കുളമടയില്‍ റോഡില്‍ കൂടി നടന്ന് പോയ ഇവരെ സംശത്തിന്റെ പേരില്‍ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ ആണ് ഇവര്‍ മീറ്ററുകള്‍ മോഷണം നടത്തുന്നതായി പോലീസിന് ബോധ്യപ്പെട്ടത്. സബീര്‍, മഞ്ചേഷ് എന്നിവര്‍ ചേര്‍ന്ന് മീറ്ററുകള്‍ മോഷ്ടിക്കുകയും തമിഴ്‌നാട് സ്വദേശിയായ ബാബുവിന്റെ ആക്രികടയില്‍ വില്‍ക്കുകയായിരുന്നു പതിവ്. മോഷ്ടാക്കളില്‍ നിന്നും ആറു മീറ്ററുകളും കടയില്‍ നിന്നും 25 മീറ്ററുകളും പിടികൂടി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

കഴക്കൂട്ടത്ത് സിവിൽ സർവീസ് വിദ്യാർഥിനിയെ മദ്യം നൽകി പീഡിപ്പിച്ച് ദൃശ്യം പകർത്തി

തിരുവനന്തപുരം: മദ്യം നൽകി ബോധം കെടുത്തി സിവിൽ സർവീസ് വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സ്വദേശിയായ ദീപു എന്ന യുവാവിനെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. ഒക്ടോബർ എട്ടിന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം.

സിവിൽ സർവീസ് വിദ്യാർഥിനിയായ പെൺകുട്ടി സുഹൃത്തിനൊപ്പം തിരുവനന്തപുരത്തെ അപ്പാർട്ട്മെന്റിലാണ് താമസിക്കുന്നത്. ഇവരുടെ മറ്റൊരു സുഹൃത്തിന്റെ പരിചയക്കാരനായ ദീപു സുഹൃത്തിനെ കുറിച്ച് ചില കാര്യങ്ങൾ പറയാനുണ്ടെന്നു പറഞ്ഞ് ഇവരുടെ അപ്പാർട്ടമെന്റിൽ എത്തുകയായിരുന്നു. തുടർന്ന് മദ്യം നൽകി ബോധം കെടുത്തിയ ശേഷം പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായാണ് പരാതി. ഈ ദൃശ്യങ്ങൾ ദീപു മൊബൈലിൽ പകർത്തി. സംഭവം പുറത്തു പറഞ്ഞാൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസം വൈകിട്ടാണ് പൊലീസിന് പരാതി ലഭിക്കുന്നത്. പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ദീപു ഒളിവിലാണെന്ന് കണ്ടെത്തി.പ്രീമിയം കാറുകളുടെ വില്‍പനയാണ് ദീപുവിനെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.

നാല് അഗാധ പ്രണയങ്ങൾ; എങ്ങും എത്തിയില്ല: സഹിക്കാൻ പ്രയാസമെന്ന് സിമി ഗരേവാൾ

“നിങ്ങൾക്ക് വേഗത്തിൽ നടക്കണമെങ്കിൽ ഒറ്റയ്ക്ക് നടക്കുക, എന്നാൽ ഒത്തിരി ദൂരം നടക്കണമെങ്കിൽ ഒരുമിച്ച് നടക്കുക”- രത്തൻ ടാറ്റയുടെ ഈ വാക്കുകൾ ഒത്തിരിപേരെ പ്രചോദിപ്പിച്ചിട്ടുണ്ട്. മരണം വരെ അദ്ദേഹത്തിനൊപ്പം നടക്കാൻ ഒരു ജീവിതപങ്കാളി ഉണ്ടായിരുന്നില്ല.

പക്ഷേ, ജീവിതത്തിൽ നാല് ഗാഢമായ പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് രത്തൻ ടാറ്റ തന്നെ അഭിമുഖങ്ങളിൽ സമ്മതിച്ചിട്ടുണ്ട്. അതിലൊന്നാണ് നടിയും അവതാരകയുമായ സിമി ഗരേവാളിന്റെ പേര്. രത്തൻ ടാറ്റയുടെ മരണത്തിൽ സിമി കുറിച്ച വാക്കുകളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. “നിങ്ങള്‍ പോയി എന്ന് എല്ലാവരും പറയുന്നു, സഹിക്കാൻ പ്രയാസം, ഏറെ പ്രയാസം, യാത്ര പ്രിയ സുഹൃത്തേ” എന്നാണ് സിമി സമൂഹമാധ്യമത്തിൽ കുറിച്ചത്.

ഒരു കാലത്ത് സിമിയും രത്തൻ ടാറ്റയും തമ്മില്‍ പ്രണയത്തിലായിരുന്നു. 2011-ല്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് സിമി ടാറ്റയുമായി തനിക്കുള്ള ബന്ധത്തെപ്പറ്റി പറഞ്ഞത്. ‘രത്തനും ഞാനും തമ്മില്‍ വര്‍ഷങ്ങളായുള്ള ബന്ധമാണ്. വളരേയധികം നര്‍മബോധമുള്ള, എളിമയുള്ള, മാന്യനായ വ്യക്തിയാണ് രത്തന്‍’ സിമിയുടെ വാക്കുകളാണിവ. വേർപിരിയലിനു ശേഷവും രത്തൻ ടാറ്റയും സിമി ഗരേവാളും നല്ല സുഹൃത്തുക്കളായി തുടർന്നു.

ജീവിതത്തിൽ നാല് തവണ വിവാഹത്തിന് അടുത്തുവരെ എത്തിയ ബന്ധങ്ങൾ അതിൽ കലാശിക്കാതെ പോയി. ശേഷം ജോലി തിരക്കുകളിൽ മുഴുകി നിന്നപ്പോൾ ജീവിതത്തിലെ ഒരു വലിയ കാലഘട്ടം അങ്ങനെ കടന്നു പോയി. തന്റെ പ്രണയങ്ങളെപ്പറ്റി നിരവധി തവണ അഭിമുഖങ്ങളിലും മറ്റുമായി അദ്ദേഹം സംസാരിച്ചിട്ടുണ്ട്. പങ്കാളിയില്ലാത്ത ജീവിതത്തെപ്പറ്റി അദ്ദേഹം ഒരിക്കൽ പറഞ്ഞത് ഇങ്ങനെനെയാണ്: “ഭാര്യയോ കുടുംബമോ ഇല്ലാത്തതിനാൽ എനിക്ക് ഏകാന്തത അനുഭവപ്പെടാറുണ്ട്. ചിലപ്പോൾ ഞാൻ അതിനായി കൊതിക്കും. എന്നിരുന്നാലും, മറ്റാരുടെയും വികാരങ്ങളെക്കുറിച്ചോ മറ്റാരുടെയെങ്കിലും ആശങ്കകളെക്കുറിച്ചോ വിഷമിക്കേണ്ടതില്ല എന്ന സ്വാതന്ത്ര്യം ഞാൻ ചിലപ്പോൾ ആസ്വദിക്കാറുണ്ട്”.

നാളത്തെ പൊതു അവധി: പിഎസ്‌സി നടത്താൻ നിശ്ചയിച്ച പരീക്ഷകളും അഭിമുഖങ്ങളും പ്രമാണ പരിശോധനകളും മാറ്റി, നിയമസഭ ചേരും

തിരുവന്തപുരം: മഹാനവമിയുമായി ബന്ധപ്പെട്ട് നാളെ സംസ്ഥാനത്ത് സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധി പ്രഖ്യാപിച്ചതോടെ പരീക്ഷകൾ മാറ്റിവച്ചു. നാളെ നടത്താനിരുന്ന പരീക്ഷകൾ, അഭിമുഖങ്ങൾ, കായികക്ഷമതാ പരീക്ഷകൾ,സർവ്വീസ് വെരിഫിക്കേഷൻ, പ്രമാണ പരിശോധന എന്നിവ മാറ്റിവെച്ചതായി കേരള പിഎസ്‌സി അറിയിച്ചു.

ഇവയുടെ പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്നും പിഎസ്‌സി വക്താവ് അറിയിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരമാണ് നാളെ സംസ്ഥാനത്ത് മുഖ്യമന്ത്രി പൊതു അവധി പ്രഖ്യാപിച്ചത്. അതേസമയം നാളെ നിയമസഭയ്ക്ക് അവധി ബാധകമല്ല. നിയമസഭാ സമ്മേളനം നാളെയും ചേരുമെന്ന് ഔദ്യോഗിക അറിയിപ്പ് ഉണ്ട്.

ന്യൂസ് അറ്റ് നെറ്റ്     BREAKING NEWS   പിണറായി ക്ഷണിച്ചു;സുരേഷ് ഗോപി

2024 ഒക്ടോബർ 10 വ്യാഴം 4.00 pm

?പിണറായി വിജയൻ തന്നെ സി പി എമ്മിലേക്ക് ക്ഷണിച്ചിരുന്നതായി സുരേഷ് ഗോപി,പറ്റില്ല വിജയേട്ടാ എന്ന് പറഞ്ഞു, ചങ്കൂറ്റമുണ്ടെങ്കിൽ ഇല്ലന്ന് പറയട്ടെയെന്ന് സുരേഷ് ഗോപി

?മട്ടാഞ്ചേരിയിൽ മൂന്നര വയസുകാരിയെ ചൂരൽ കൊണ്ട് അടിച്ച പ്ലേ സ്കൂൾ അധ്യാപിക പിടിയിൽ

?മതാപിതാക്കളുടെ പരാതിയിലാണ് പോലീസ് കേസ്സെടുത്തത്. കുട്ടിയുടെ ശരീരത്തിൽ ചൂരൽപ്രയോഗത്തിൻ്റെ പാടുകൾ

?പ്രമുഖ വ്യവസായി രത്തൻ ടാറ്റയ്ക്ക് രാജ്യത്തിൻ്റെ ആദരം,സംസ്കാരം ചടങ്ങുകൾ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ

?ഹരിയാനയിൽ പരാജയപ്പെട്ടത്
പാർട്ടി താല്പര്യത്തേക്കാൾ ഉപരി
സ്വന്തം താല്പര്യത്തിന് പരിഗണന നൽകിയത് കാരണമെന്ന് രാഹൂൽ ഗാന്ധിയുടെ വിമർശനം

?പാലക്കാട് അട്ടപ്പാടി മുള്ളിയിൽ നടുറോഡിൽ കാട്ടാനക്കൂട്ടം, വ്യാപകമായി കൃഷിനശിപ്പിച്ചു.

?പി വി അൻവറിൻ്റെ നിലപാടുകൾ ഗവർണ്ണർ ഏറ്റെടുക്കുന്നതായി എം വി ഗോവിന്ദൻ