കുണ്ടറ: കല്ലടയാറ്റിലെ മുതിരപ്പറമ്പ് കാരൂത്രക്കടവ് നെട്ടായത്തില്‍ ഇരുപത്തെട്ടാം ഓണത്തിന് നടത്തുന്ന കല്ലട ജലോത്സവം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. മത്സരത്തിനായി മാറ്റുരയ്ക്കാന്‍ ഇതിനകം 11 വള്ളങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുട്ടുകുത്തി എ, ബി, വെപ്പ് എ, ബി, വിഭാഗം വള്ളങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അലങ്കാര വള്ളങ്ങളും വനിതകള്‍ തുഴയുന്ന വള്ളങ്ങളും മത്സരത്തില്‍ പങ്കെടുക്കും.
മണ്‍റോതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാര്‍ പതാക ഉയര്‍ത്തും. കല്ലട ജലോത്സവം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍, മുന്‍മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ എന്നിവര്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് രണ്ടിന് കാരൂത്രക്കടവ് ഫിനിഷിങ് പോയിന്റിലെ പവിലിയനില്‍ ചേരുന്ന ഉദ്ഘാടനയോഗത്തില്‍ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ. അധ്യക്ഷനാകും. ജലഘോഷയാത്ര പി.സി.വിഷ്ണുനാഥ് എംഎല്‍എയും ശിക്കാരവള്ള ഘോഷയാത്ര സി.ആര്‍.മഹേഷ് എംഎല്‍എയും ഉദ്ഘാടനം ചെയ്യും.
മൂന്നുമണിമുതല്‍ ഹീറ്റ്സ് മത്സരങ്ങള്‍. നാലിന് ഫൈനല്‍ മത്സരങ്ങള്‍ തുടങ്ങും. സമ്മാനങ്ങളും ബോണസും കൊടിക്കുന്നില്‍ സുരേഷ് എംപി കൈമാറും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍, മണ്‍റോതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിസൂര്യകുമാര്‍, പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണന്‍,കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെജി ലാലി, ജലോത്സവകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സജിത്ത് ശിങ്കാരപള്ളി തുടങ്ങിയവര്‍ സംസാരിക്കും. ജലോത്സവത്തിന് മുന്നോടിയായി സാംസ്‌കാരിക ഘോഷയാത്ര നടന്നു.
ഓളത്തില്‍… താളത്തില്‍….. കല്ലട ജലോത്സവം നാളെ
പരിശീലനത്തിനിടെ ഷെൽ പൊട്ടിത്തെറിച്ച് അപകടം; രണ്ട് അഗ്നിവീറുകൾ മരിച്ചു
നാസിക്: പരിശീലനത്തിനിടെ ഷെൽ പൊട്ടിത്തെറിച്ച് രണ്ട് അഗ്നിവീറുകൾ മരിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിലെ സേനാ താവളത്തിലാണ് അപകടമുണ്ടായതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഗ്നീവീറുകളുടെ ഒരു സംഘം പരിശീലനം നടത്തുന്നതിനിടെയാണ് ഷെൽ പൊട്ടിത്തെറിച്ചതെന്ന് അധികൃതർ പറഞ്ഞു.
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൈന്യവും പൊലീസും അന്വേഷണം ആരംഭിച്ചു. 2022 ജൂണ്‍ 14നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഗ്നിവീർ പദ്ധതിക്ക് തുടക്കം കുറിച്ചത്. പ്രതിരോധ സേനകളിൽ നാല് വർഷത്തെ ഹ്രസ്വകാല നിയമനത്തിനു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതാണ് അഗ്നിപഥ് പദ്ധതി.
മെമ്മറി കാർഡിൽ അനധികൃത പരിശോധന നടന്നെന്ന അതിജീവിതയുടെ പരാതി; തിങ്കളാഴ്ച ഹൈക്കോടതി വിധി പറയും
കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിൽ അനധികൃത പരിശോധന നടന്നിട്ടുണ്ടെന്ന പരാതിയിലെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഹൈക്കോടതി വിധി പറയും. അതീജീവിത നൽകിയ ഉപഹർജിയിലാണ് വിധി പറയുന്നത്. എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചത്. അന്വേഷണം വസ്തുതാപരമല്ലെന്നാണ് അതിജീവിതയുടെ ഹർജിയിൽ പറയുന്നത്.
മെമ്മറി കാർഡിലെ വിവരങ്ങൾ ചോർന്നിട്ടുണ്ടെന്ന അതിജീവിതയുടെ പരാതിയിൽ നേരത്തെ ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മൂന്നു തവണ മെമ്മറി കാർഡ് പരിശോധിച്ചിട്ടുണ്ടന്നും ഇതിന്റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ടെന്നുമുള്ള റിപ്പോർട്ട് എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കോടതിയിൽ സമർപ്പിച്ചു. എന്നാൽ തന്നെപ്പോലും ബന്ധപ്പെടാതെയാണ് അന്വേഷണം നടത്തിയിട്ടുള്ളതെന്നും വസ്തുതാപരമായി പരിഗണിക്കേണ്ട പല കാര്യങ്ങളും പരിഗണിക്കപ്പെട്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടി അതിജീവിത വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.
അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പും ഇതിൽ ഉള്‍പ്പെടുത്തിയിരിക്കുന്ന മൊഴിയുടെ പകർപ്പും അതിജീവിതയ്ക്ക് നൽകാൻ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ഇതേ ആവശ്യം കേസിലെ എട്ടാം പ്രതിയായ ദിലീപും ഉന്നയിച്ചിരുന്നെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് (സുനിൽ കുമാർ) ഏഴു വർഷത്തിനു ശേഷം അടുത്തിടെ ജാമ്യം ലഭിച്ചിരുന്നു. കേസിന്റെ അവസാനഘട്ട വിചാരണ സെഷൻസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.
നിഹോങ് ഹിദാൻക്യോയ്ക്ക് സമാധാന നൊബേൽ; ജപ്പാനിൽ നിന്നുള്ള സന്നദ്ധ സംഘടന
സ്റ്റോക്കോം: ജപ്പാനിൽ നിന്നുള്ള സന്നദ്ധ സംഘടനയ്ക്ക് ഇക്കൊല്ലത്തെ സമാധാന നൊബേൽ. നിഹോങ് ഹിദ്യാൻക്യോ എന്ന സംഘടനയ്ക്കാണ് പുരസ്കാരം. സംഘടനയുടെ ആണവായുധ വിമുക്ത ലോകത്തിനായുള്ള പ്രവർത്തനങ്ങളാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. ഹിരോഷിമ നാഗസാക്കി അതിജീവിതരുടെ സംഘടനയാണ് നിഹോങ് ഹിദ്യാൻക്യോ.
ഹിബാകുഷ എന്നും സംഘടന അറിയപ്പെടുന്നു. ആണവായുധങ്ങളില്ലാത്ത ഒരു ലോകം നേടാനുള്ള ശ്രമങ്ങള്‍ക്കും ആണവായുധങ്ങള്‍ ഇനിയൊരിക്കലും ഉപയോഗിക്കരുതെന്നുമുള്ള ആഹ്വാനത്തോടെയുമാണ് സംഘടന പ്രവർത്തിക്കുന്നത്.
വിധവ ആയതു കൊണ്ട് എനിക്കൊന്നും ചെയ്യാൻ പറ്റില്ലേ ? കൊല്ലം സുധിയുടെ ഭാര്യ ചോദിക്കുന്നു
സമൂഹമാധ്യമങ്ങളിൽ നിന്നുള്ള വിമർശനം മാനസികസംഘർഷമുണ്ടാക്കുന്നുവെന്ന് വെളിപ്പെടുത്തി കൊല്ലം സുധിയുടെ ഭാര്യ രേണു. താൻ എന്തു ചെയ്താലും വിധവ എന്നു പറഞ്ഞു വിമർശിക്കുകയാണെന്ന് രേണു പറയുന്നു. പല വിമർശനങ്ങളും കമന്റുകളും പരിധി വിടാറുണ്ടെന്നും ശരിക്കും മടുത്തെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച സ്റ്റോറിയിൽ രേണു പറഞ്ഞു.
ഒന്നിനും ഞാൻ ഇല്ല. എന്തു തെറ്റാണ് ഞാൻ ചെയ്യുന്നത് എന്ന് എനിക്കറിയില്ല. വിധവ ആണെന്നു പറഞ്ഞ് എനിക്കൊന്നും ചെയ്യാൻ പറ്റില്ലേ ? എല്ലാം കുറ്റമാണ്. കേട്ടു കേട്ടു മടുത്തു. ഒന്നുകിൽ ജീവിതം അവസാനിപ്പിക്കും. അല്ലെങ്കിൽ ആരെയെങ്കിലും കെട്ടി ജീവിക്കും. എനിക്കു മടുത്തു. ഇങ്ങനെ കേൾക്കാൻ എന്തേലും തെറ്റ് ചെയ്‌തിട്ടാണെങ്കിൽ കുഴപ്പമില്ല. വിധവ എന്നു പറഞ്ഞ് ഇങ്ങനെ കുത്തുന്നു. ഞാനെന്തു ചെയ്‌താലും പറഞ്ഞാലും കുറ്റം. ഞാൻ ജീവിതം അവസാനിപ്പിച്ചാലും, ഇനി കെട്ടിയാലും എല്ലാം ഈ പഴി പറയുന്നവർ തന്നെ കാരണം’ രേണു പറഞ്ഞു.
കൊച്ചിൻ സംഗമിത്രയുടെ നാടകത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനയരംഗത്തേക്ക് ചുവടു വച്ചിരിക്കുകയാണ് രേണു. ‘മാതാ പിതാ ഗുരു ദൈവം. എന്നിൽ നിന്നും അകന്ന എന്റെ സുധി കുട്ടാ… അനുഗ്രഹിക്കണം,’ എന്നു കുറിച്ചുകൊണ്ട് നാടകത്തിന്റെ പോസ്റ്റർ രേണു പങ്കുവച്ചിരുന്നു. ഇരട്ട നഗരം എന്ന നാടകത്തിലാണ് രേണു ഇപ്പോൾ അഭിനയിക്കുന്നത്. കഴിഞ്ഞ വർഷം ജൂൺ അഞ്ചിനാണ് ഒരു വാഹനാപകടത്തിൽ കൊല്ലം സുധി അപ്രതീക്ഷതമായി ഈ ലോകത്തോടു വിട പറയുന്നത്. അതിനുശേഷം, താരത്തിന്റെ സുഹൃത്തുക്കളുടെയും ആരാധകരുടെയും പിന്തുണയോടെ കോട്ടയത്ത് ഒരു വീടു പണിതു നൽകിയിരുന്നു.
ഗ്ലാമറസോ അല്ലാത്തതോ, എന്തിനും തയാർ! തുറന്നു പറഞ്ഞ് ആരാധ്യ
ഗ്ലാമറസ് റോളുകൾ ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോൾ തന്റെ കാഴ്ചപ്പാടുകൾ മാറിയെന്ന് നടി ആരാധ്യ ദേവി. ഗ്ലാമറസ് ആയതോ അല്ലാത്തതോ ആയ ഏതു കഥാപാത്രത്തിനും താൻ തയാറാണെന്നും ആവേശത്തോടെ അത്തരം സിനിമകൾക്കായി കാത്തിരിക്കുകയാണെന്നും ആരാധ്യ സമൂഹമാധ്യമത്തിൽ പങ്കു വച്ച് കുറിപ്പിൽ പറഞ്ഞു.
‘ഗ്ലാമർ റോളുകൾ ചെയ്യില്ലെന്ന് ഞാൻ പണ്ട് തീരുമാനമെടുത്തിരുന്നു. 22–ാം വയസ്സിൽ ഞാനെടുത്ത ആ തീരുമാനത്തെയും പറഞ്ഞ വാക്കുകളെയുമോർത്ത് ഇന്ന് ഞാൻ പശ്ചാത്തപിക്കുന്നില്ല. കാലം മാറുന്നതിനനുസരിച്ച് നമ്മുടെ വീക്ഷണങ്ങൾ മാറും ഒപ്പം ജീവിതാനുഭവങ്ങൾ നമ്മുടെ കാഴ്ചപ്പാടുകൾ മാറ്റുകയും ചെയ്യും. ആളുകളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചുമുള്ള എന്റെ ധാരണകൾ മാറി. അന്നു ഞാൻ പറഞ്ഞതിനെക്കുറിച്ച് ഇപ്പോൾ ദു:ഖമില്ല, കാരണം അത് അന്നത്തെ എന്റെ മാനസികനില വച്ചു ഞാൻ പറഞ്ഞതാണ്. ഗ്ലാമർ എന്നത് വളരെ വ്യക്തിപരമാണ്. എന്നെ സംബന്ധിച്ച് അത് ശാക്തീകരണമാണ്. ഒരു നടിയെന്ന നിലയിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളാണ് നിർണായകമെന്ന് ഞാൻ കരുതുന്നു. ഗ്ലാമറസ് ആയതോ അല്ലാത്തതോ ആയ ഏതു റോളിനും ഞാൻ തയാറാണ്. അതെക്കുറിച്ച് എനിക്ക് പശ്ചാത്താപമില്ല. മികച്ച റോളുകൾക്കായി ആവേശത്തോടെ കാത്തിരിക്കുന്നു.’ ആരാധ്യ കുറിച്ചു.
‘നേരത്തെ വിവിധ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിന് നെഗറ്റീവ് കമന്റുകൾ ഉണ്ടായപ്പോൾ അതിനെതിരെ പ്രതികരിച്ചിട്ടുള്ളയാളാണ് ആരാധ്യ. ‘നെഗറ്റീവ് കമന്റുകൾ തന്റെ സ്വകാര്യ ജീവിതത്തിലും ബാധിച്ചിട്ടുണ്ട്. വിഡിയോകൾക്ക് കമന്റ് ചെയ്യുന്നതോ അത് ഷെയർ ചെയ്യുന്നതോ എനിക്ക് പ്രശ്നമില്ല. പക്ഷേ, എന്റെ സ്വകാര്യ ജീവിതത്തിന് ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടുണ്ടാകുന്ന കാര്യങ്ങൾ ചെയ്യരുത്. എന്റെ അഭ്യർഥനയാണിത്. ഞാൻ ഒരു സാധാരണ കുടുംബത്തിൽ പെട്ടയാളാണ്. മോഡലിങ്ങും അഭിനയവുമെല്ലാം എന്റെ പാഷനാണ്. 60 സെക്കന്റിൽ നിങ്ങൾ കാണുന്നൊരു റീൽ ഒരുപാട് ദിവസത്തെ കഷ്ടപ്പാടിന്റയും പ്ലാനിങ്ങിന്റെയുമെല്ലാം ഫലമായുണ്ടാകുന്നതാണ്. എനിക്ക് ഇഷ്ടമുള്ളതുകൊണ്ട് മാത്രമാണ് മോഡലിങ്ങിലേക്ക് എത്തിയത്. പക്ഷേ, മോഡൽ ആകുമെന്നോ നടിയാകുമെന്നോ ഒന്നും ചിന്തിച്ചിട്ടില്ല. എനിക്ക് ഇഷ്ടമുള്ളതുകൊണ്ട് മാത്രമാണ് ഫോട്ടോഷൂട്ടുകൾ ചെയ്തത്. സാരിയാണ് എനിക്ക് ധരിക്കാൻ ഇഷ്ടം. അത് കൂടുതൽ കംഫർട്ടാണ്. ചെയ്ത ഫോട്ടോഷൂട്ടുകളൊക്കെ അങ്ങനെയാണ്. ഇനിയും അതെല്ലാം ചെയ്യാനാണ് താൽപര്യവും.’ അന്ന് ആരാധ്യ പറഞ്ഞ് ഇങ്ങനെയാണ്.
മലയാളിയായ ആരാധ്യ ഇൻസ്റ്റഗ്രാം റീൽസ് വിഡിയോയിലൂടെയാണ് വൈറലായത്. ശ്രീലക്ഷ്മി സതീഷ് എന്ന പേര് സംവിധായകൻ രാംഗോപാൽ വർമയാണ് ആരാധ്യ ദേവി എന്നാക്കി മാറ്റിയത്. അദ്ദേഹം അവതരിപ്പിക്കുന്ന സാരി എന്ന സിനിമയിലാണ് ആരാധ്യ അഭിനയിക്കുന്നത്. ഗ്ലാമറസ് ലുക്കിലാണ് താരം ഇൗ സിനിമയിൽ എത്തുന്നത്. രവി വർമ നിർമിച്ച് ഗിരി കൃഷ്ണ കമൽ സംവിധാനം ചെയ്യുന്ന ചിത്രം സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് പറയുന്നത്.
അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.സത്യാ യാദു അവതരിപ്പിക്കുന്ന കഥാപാത്രം സാരി ചുറ്റിയ ഒരു യുവതിയെ കാണുന്നു. ആരാധ്യ ദേവി അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തെ അയാൾ പിൻതുടരുകയും അയാളുട അവളോടുള്ള വികാരം അപകടകരമായി മാറുന്നതുമാണ് “സാരി” എന്ന ചിത്രം പറയുന്നത്. നേരത്തെ ശ്രീലക്ഷ്മി എന്നായിരുന്നു ആരാധ്യ ദേവിയുടെ പേര്. ആർജിവി ഡെൻ നടത്തിയ കോർപ്പറേറ്റ് സെലക്ഷനിലൂടെയാണ് ആരാധ്യ ദേവി ഈ ചിത്രത്തിലേക്ക് എത്തുന്നത്. ഏകകണ്ഠേനയാണ് ഈ കഥാപാത്രത്തിലേക്ക് ആരാധ്യ ദേവിയെ തെരഞ്ഞെടുത്തത്. ഇതുപോലെ തന്നെയായിരുന്നു സത്യ യാദുവിന്റേയും തെരഞ്ഞെടുപ്പ്.
പോലീസ് പിടികൂടിയ ഓട്ടോ തിരിച്ചു നല്‍കാത്തതിനെത്തുടര്‍ന്ന് ഓട്ടോഡ്രൈവറുടെ ആത്മഹത്യ; എസ്ഐയ്ക്ക് സസ്പെന്‍ഷന്‍
ട്രാഫിക് നിയമ ലംഘനം ആരോപിച്ച് പൊലീസ് പിടികൂടിയ ഓട്ടോ തിരിച്ചു നല്‍കാത്തതില്‍ മനംനൊന്ത് ഫെയ്സ്ബുക്കില്‍ വിഡിയോ പോസ്റ്റ് ചെയ്ത് ഓട്ടോഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്ഐയ്ക്ക് സസ്പെന്‍ഷന്‍. കാസര്‍കോട് സ്റ്റേഷനിലെ എസ്ഐ പി അനൂപിനെയാണ് സസ്പെന്‍ഡ് ചെയ്തത്. എസ്ഐ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. എസ്ഐ അനൂപ് മറ്റൊരു ഓട്ടോ ഡ്രൈവറോട് മോശമായി പെരുമാറുന്ന വിഡിയോ പുറത്തുവന്നിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് നടപടി.
പിടിച്ചെടുത്ത ഓട്ടോ എസ്ഐ വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് കര്‍ണാടക മംഗളൂരു പാണ്ഡേശ്വരയിലെ കുദ്രോളി അബ്ദുല്‍ സത്താര്‍ ആത്മഹത്യ ചെയ്തത്. കാസര്‍കോട് ടൗണില്‍ നെല്ലിക്കുന്ന് ബീച്ച് റോഡ് ജങ്ഷനില്‍ റോഡിനു നടുവില്‍ വഴി തടസ്സം ഉണ്ടാക്കി എന്നാരോപിച്ചാണ് ഓട്ടോയുടെ താക്കോല്‍ പൊലീസ് ഊരിയെടുത്തെത്. പിന്നീട് സ്റ്റേഷനിലെത്തിച്ച ഓട്ടോ 5 ദിവസം കഴിഞ്ഞും വിട്ടു കിട്ടാത്തതിനെ തുടര്‍ന്ന് സത്താര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
സഹസംവിധായികയുടെ പരാതിയില്‍ സംവിധായകനും കൂട്ടാളിക്കുമെതിരെ പീഡന കേസ്
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും വിവാഹവാഗ്ദാനം നല്‍കിയും പീഡിപ്പിച്ചെന്ന സഹസംവിധായികയുടെ പരാതിയില്‍ സംവിധായകനും കൂട്ടാളിക്കുമെതിരെ കേസ്. സംവിധായകന്‍ സുരേഷ് തിരുവല്ല, സഹായി വിജിത്ത് വിജയ്കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. വിജിത്ത് സിനിമാമേഖലയിലെ സെക്സ് റാക്കറ്റിന്റെ കണ്ണിയാണെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
ഇന്നലെയാണ് യുവതിയുടെ പരാതിയില്‍ മരട് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മാവേലിക്കര സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. സഹസംവിധായികയായ യുവതി ചില ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സംവിധായകന്‍ സുരേഷ് തിരുവല്ലയുടെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പോയി കണ്ടപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് നടി പറയുന്നു.
സുഹൃത്തായ വിജിത്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സംവിധായകനെ പോയി കണ്ടത്. ഇക്കാര്യം വിജിത്തിനെ അറിയിക്കുകയും ചെയ്തായി യുവതി പറയുന്നു. പലപ്പോഴായി വിവാഹവാഗ്ദാനം നല്‍കി വിജിത്ത് പീഡിപ്പിച്ചതായും യുവതി പറയുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെയും യുവതികളെയും ചൂഷണം ചെയ്യുന്ന സെക്സ് റാക്കറ്റിന്റെ കണ്ണിയാണ് വിജിത്ത് യുവതിയുടെ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മരട് പൊലീസ് അന്വേഷണം ആരംഭിച്ചു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ ഉയരുന്ന പരാതികള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘം കേസ് ഏറ്റെടുത്തേക്കും.
ബറോസിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഹര്‍ജി
മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. പ്രവാസി ഇന്ത്യക്കാരനായ ജോര്‍ജ് തുണ്ടിപ്പറമ്പില്‍ ആണ് സിനിമയുടെ റിലീസ് നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ജില്ലാ കോടതിയില്‍ പരാതി നല്‍കിയത്.
‘ബറോസ്, ഗാര്‍ഡിയന്‍ ഓഫ് ദി ഗാമാസ് ട്രഷര്‍’ എന്ന സിനിമ തന്റെ ‘മായ’ എന്ന നോവലിന്റെ പകര്‍പ്പവകാശ ലംഘനമാണെന്നാണ് ജോര്‍ജി തുണ്ടിപ്പറമ്പില്‍ ആരോപിച്ചിട്ടുള്ളത്. സംവിധായകനും നടനുമായ മോഹന്‍ലാല്‍, ജിജോ പുന്നൂസ്, ടി കെ രാജീവ് കുമാര്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ക്കെതിരെ ജര്‍മ്മനിയില്‍ താമസക്കാരനായ ജോര്‍ജ് കേസ് കൊടുത്തിട്ടുണ്ട്.
പകര്‍പ്പവകാശ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജോര്‍ജ് 2024 ജൂലൈയില്‍ മോഹന്‍ലാല്‍ അടക്കം നാലുപേര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. പ്രശ്നം പരിഹരിക്കുന്നതുവരെ ‘ബറോസ്, ഗാര്‍ഡിയന്‍ ഓഫ് ദി ഗാമാസ് ട്രഷര്‍’ റിലീസ് ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ 2024 ഓഗസ്റ്റ് 11-ന് നല്‍കിയ, വക്കീല്‍ നോട്ടീസിനുള്ള മറുപടിയില്‍ പകര്‍പ്പവകാശ ലംഘനം നിഷേധിച്ചിരുന്നു. എന്നാല്‍ തന്റെ കൃതിയുടെ തനിപ്പകര്‍പ്പാണ് ബറോസ് സിനിമയെന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് ബറോസ്.
ന്യൂസ് അറ്റ് നെറ്റ് BREAKING NEWS സമാധാന നൊബേൽ നിഹോൺ ഹിദാൻ ക്യോയ് എന്ന ജാപ്പനീസ് സംഘടനയ്ക്ക്
2024 ഒക്ടോബർ 11 വെള്ളി, 2.30 PM
?ഈ വർഷത്തെ സമാധന നൊബേൽ നിഹോൺ ഹിദാൻ ക്യോയ് എന്ന ജാപ്പനീസ് സംഘടനയ്ക്ക് ലഭിച്ചു.
?രത്തൻ ടാറ്റായുടെ അർധ സഹോദരൻ നോയൽ ടാറ്റ ഇനി ടാറ്റ ഗ്രൂപ്പിനെ നയിക്കും.
?ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ്, നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി.
?തിരുവനന്തപുരം സെൻട്രൽ ജയിൽ നിന്ന് ചികിത്സയ്ക്കായി മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ ചാടിപ്പോയ തടവ് പുള്ളി പുല്ലുവിള സ്വദേശി വിനു പിടിയിലായി.
?തിരുവനന്തപുരം കല്ലമ്പലത്ത് റമ്പുട്ടാൻ തൊണ്ടയിൽ കുടുങ്ങി 5 വയസുള്ള കുഞ്ഞ് മരിച്ചു.
?കൊച്ചി, കൊല്ലം,തിരുവനന്തപുരം എന്നിവിടങ്ങളിൽ ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ നിർമ്മിക്കാൻ കെ സി എ നൽകിയ അപേക്ഷ പരിഗണിക്കുന്നതായി മന്ത്രി അബ്ദുൾ റഹിമാൻ,
?കാസർകോട് ഓട്ടോ ഡ്രൈവർ അബ്ദുൾ സത്താറിൻ്റെ മരണം; ആരോപണ വിധേയനായഎസ് ഐ അനൂപിന് സസ്പെൻഷൻ





































