Home Blog Page 2024

ഇലക്ട്രിക്ക് കെറ്റില്‍ കേടാകാതിരിക്കും…. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ….

അടുക്കളകളില്‍ വെള്ളം ചൂടാക്കാനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണമാണ് കെറ്റില്‍. ചില ആളുകള്‍ മുട്ട പുഴുങ്ങാനും നൂഡില്‍ഡ് ഉണ്ടാക്കാനുമൊക്കെ ഇലക്ട്രിക്ക് കെറ്റില്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് കൃത്യമായി വൃത്തിയാക്കിയില്ലെങ്കില്‍ വയറ്റിനകത്തേക്ക് അണുക്കള്‍ പ്രവേശിക്കുകയും അതുവഴി പല അസുഖങ്ങള്‍ ഉണ്ടാകാന്‍ ഇടയാകുകയും ചെയ്യും. മാത്രമല്ല കെറ്റില്‍ പെട്ടെന്ന് കേടാകാനും ഇത് കാരണമാകും. അതിനാല്‍ കെറ്റില്‍ കേടുകൂടാതെ ദീര്‍ഘകാലം പ്രവര്‍ത്തിക്കുന്നതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

വെള്ളം പൂര്‍ണമായി നിറയ്ക്കരുത്
വെള്ളം തിളപ്പിക്കാനായി കെറ്റില്‍ ഉപയോഗിക്കുമ്പോള്‍ പൂര്‍ണമായി നിറയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം വെള്ളം തിളയ്ക്കുന്ന സമയത്ത് ചോര്‍ച്ച ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് മെഷീനില്‍ പ്രവേശിക്കുകയും കെറ്റിലിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും. അതിനാല്‍ യൂസര്‍ മനുവലില്‍ നല്‍കിയിരിക്കുന്ന വെള്ളത്തിന്റെ അളവ് പാലിച്ച് മാത്രം ഉപയോഗിക്കുക. കെറ്റില്‍ കൂടുതല്‍ കാലം പ്രവര്‍ത്തിക്കാന്‍ ഇത് സഹായിക്കും.

വെള്ളം സൂക്ഷിക്കാതിരിക്കുക

ചില ആളുകള്‍ വെള്ളം തിളപ്പിച്ച് കഴിഞ്ഞ് കെറ്റിലില്‍ തന്നെ സൂക്ഷിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് കെറ്റിലിന്റെ അകത്ത് വെളുത്ത ചോക്കി പാളി ഉണ്ടാക്കും. ഇത് കെറ്റില്‍ പെട്ടെന്ന് കേടാകാനും പ്രവര്‍ത്തനക്ഷമത ക്രമേണ കുറയാനും ഇടയാക്കും. അതിനാല്‍ വെള്ളം ചൂടാക്കിയ ശേഷം മറ്റ് പാത്രത്തിലേക്ക് മാറ്റാന്‍ ശ്രദ്ധിക്കുക. കെറ്റില്‍ ശൂന്യമായി സൂക്ഷിക്കുന്നതാണ് നല്ലത്.

വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ

കെറ്റില്‍ വൃത്തിയാക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സാധാരണ പത്രങ്ങള്‍ വൃത്തിയാക്കുന്നതു പോലെയല്ല കെറ്റില്‍ വൃത്തിയാക്കേണ്ടത്. സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയാലും കെറ്റിലിനുള്ളിലെ അണുക്കള്‍ പൂര്‍ണമായി നശിക്കാനുള്ള സാധ്യത കുറവാണ്. അതിനാല്‍ കെറ്റിലിന്റെ പകുതിയോളം വെള്ളവും വിനാഗിരിയും തുല്യ അളവില്‍ എടുത്ത ശേഷം തിളപ്പിക്കുക. ശേഷം സ്വിച്ച് ഓഫ് ചെയ്ത് അരമണിക്കൂര്‍ മാറ്റിവയ്ക്കുക. പിന്നീട് ഒരു സ്‌ക്രബര്‍ ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം. അതേസമയം കെറ്റിലിന്റെ പുറം ഭാഗം ടാപ്പിനടിയില്‍ വച്ച് കഴുകാതിരിക്കാന്‍ ശ്രദ്ധിക്കണം. പകരം ഒരു നനഞ്ഞ തുണി ഉപയോഗിച്ച് തുടയ്ക്കാം. ഇത് മെഷീനില്‍ വെള്ളം കയറാതിരിക്കാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: വിപണിയില്‍ പലതരം കെറ്റിലുകള്‍ ലഭ്യമാണ്. എന്നാല്‍ ചില കെറ്റിലുകള്‍ വെള്ളം ചൂടാക്കാനോ പാല്‍ തിളപ്പിക്കാനോ മാത്രം രൂപകല്‍പന ചെയ്തിട്ടുള്ളവയായിരിക്കും. അതിനാല്‍ യൂസര്‍ മനുവലില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം ഉപയോഗിക്കേണ്ടത് പ്രധാനമാണ്. ഇത് കെറ്റിലിന്റെ ആയുസ് കൂട്ടാന്‍ സഹായിക്കും.

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് നിവേദ്യ ഉരുളി കാണാതായ സംഭവം മോഷണമല്ല, പിന്നെ

തിരുവനന്തപുരം. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് നിവേദ്യ ഉരുളി കാണാതായ സംഭവം മോഷണമല്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്. പിടിയിലായ മൂന്നുപേര്‍ക്ക് എതിരെ കേസെടുക്കേണ്ടെന്ന് നിയമോപദേശം ലഭിച്ചു. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം ഹരിയാനയിലേക്ക് മടക്കി അയക്കും

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയെന്ന പരാതി ഉയര്‍ന്നത്. പിന്നാലെ മോഷണ കുറ്റത്തിന് കേസെടുത്ത ഫോര്‍ട്ട് പൊലീസ് മൂന്നുപേരെ ഹരിയാനയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തു. തിരുവനന്തപുരത്ത് എത്തിച്ച് വിശദമായ ചോദ്യം ചെയ്യലില്‍ മോഷണം നടത്തിയിട്ടില്ലെന്നായിരുന്നു മൊഴി. ക്ഷേത്ര ദര്‍ശനത്തിനിടെ തട്ടത്തിലുണ്ടായിരുന്ന പൂജാ സാധനങ്ങള്‍ നിലത്തു വീണതായും മറ്റാരാളുടെ സഹായത്തോടെ ഇതെല്ലാം എടുത്തു തന്നപ്പോള്‍, നിലത്തിരുന്ന പാത്രത്തില്‍ വച്ചാണ് നല്‍കിയതെന്നും പിടിയിലായ ഗണേഷ് പറഞ്ഞു. നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തില്‍് ഇവര്‍ക്കെതിരെ കേസെടുക്കേണ്ടെന്നാണ് പൊലീസ് തീരുമാനം. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം മൂന്നുപേരേയും മടക്കി അയയ്ക്കും.

പാലക്കാട് ഡിഎംകെ സ്ഥാനാർത്ഥിയെ പിൻവലിക്കണമെങ്കിൽ ചേലക്കരയിൽ രമ്യ ഹരിദാസിനെ യു ഡിഎഫ് പിൻവലിക്കണം, പി വി അൻവർ

കോഴിക്കോട്. പാലക്കാട് ഡിഎംകെ സ്ഥാനാർത്ഥിയെ പിൻവലിക്കണമെങ്കിൽ ചേലക്കരയിൽ രമ്യ ഹരിദാസിനെ യു. ഡി. എഫ് പിൻവലിക്കണമെന്ന ഉപാധിവെച്ച് പി. വി അൻവർ. സ്ഥാനാർത്ഥികളെ പിൻവലിക്കണമെന്ന് പി വി അൻവറിനോട് പ്രതിപക്ഷനേതാവ് അഭ്യർത്ഥിച്ചു. ധാരണയിൽ എത്തിയില്ലെങ്കിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ പിൻവലിക്കില്ലെന്ന നിലപാടിലാണ് അൻവർ.

ചേലക്കരയിൽ സഹായിച്ചാൽ പാലക്കാട് യുഡിഎഫിനെ തിരിച്ചു സഹായിക്കുമെന്നായിരുന്നു പിവി അൻവറിൻറെ നിലപാട്. 24 ഇന്നലെ ഈ വാർത്ത ആദ്യം നൽകിയതിന് പിന്നാലെ യുഡിഎഫുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് അൻവറും സ്ഥിരീകരിച്ചു.

ഇന്ന് ചേലക്കരയിലും പാലക്കാടും നിർത്തിയ ഡിഎംകെ സ്ഥാനാർത്ഥികളെ പിൻവലിക്കണമെന്നഭ്യർത്ഥിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പി.വി അൻവറുമായി ചർച്ച നടത്തി. യുഡിഎഫിന് പിന്തുണ നൽകണമെന്നാണ് ആവശ്യം. എന്നാൽ ഉപാധികൾ ആവർത്തിക്കുകയാണ് അൻവർ. യുഡിഎഫിന്റെ അനുകൂല തീരുമാനത്തിനായി കാത്തിരിക്കുന്നു തീരുമാനം വൈകിയാൽ ഈ കപ്പൽ പോകും.

ബുധനാഴ്ച ഡിഎംകെയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ പാലക്കാട് നടക്കും. ഇത് ശക്തി പ്രകടനം ആക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. പാലക്കാട് മണ്ഡലത്തിൽ നിർണായകമായ ന്യൂനപക്ഷ വോട്ടുകളിൽ ചോർച്ച വന്നാൽ യുഡിഎഫിന് ക്ഷീണമാണ്. ഇത് മുന്നിൽക്കണ്ടാണ് പി. വി അൻവർ മായുള്ള ചർച്ചകൾ . അൻവറിന്റെ സമ്മർദ്ദ തന്ത്രം വിജയിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.

വയനാട്ടില്‍ രാഹുല്‍ഗാന്ധി തിരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചുവെങ്കില്‍ ചേലക്കരയിലെ ഉപതെരഞ്ഞെടുപ്പ് ഇടതുമുന്നണി അടിച്ചേല്‍പ്പിച്ചതല്ലേ

വയനാട്.വയനാട്ടില്‍ രാഹുല്‍ഗാന്ധി തിരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചു എന്ന ആരോപണത്തിന് മറുപടിയുമായി ടി സിദ്ദിഖ് എംഎല്‍എ

‘ചേലക്കരയിലെ ഉപതെരഞ്ഞെടുപ്പ് ഇടതുമുന്നണി അടിച്ചേല്‍പ്പിച്ചതാണ് എന്ന് പറയാന്‍ പറ്റില്ലേ’. വയനാടിനെ രാഹുല്‍ വഞ്ചിച്ചു എന്നത് എന്തര്‍ത്ഥത്തിലാണ് പറയുന്നത്. എല്ലാ അര്‍ത്ഥത്തിലും രാഹുല്‍ഗാന്ധി മണ്ഡലത്തെ ചേര്‍ത്ത് നിര്‍ത്തിയത് ഇടതുപക്ഷം കാണുന്നില്ലേ. 123 ശതമാനം ഫണ്ടാണ് ഈ മണ്ഡലത്തില്‍ ചെലവഴിച്ചത്. ‘കൊടിയല്ല ചിഹ്നമാണ് പ്രധാനം’. പ്രചാരണത്തില്‍ ലീഗ് കൊടികള്‍ ഉപയോഗിക്കാതിരിക്കാന്‍ എല്ലാ കൊടികളും ഒഴിവാക്കുന്നതില്‍ പ്രതികരണം. തെരഞ്ഞെടുപ്പില്‍ കൊടികള്‍ അല്ല പ്രധാനം ചിഹ്നമാണ്. രാഹുല്‍ മത്സരിച്ച ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ എല്‍ഡിഎഫ് കൊടി ആരോപണം ഉന്നയിക്കുന്നു. ബിജെപിയ്ക്ക് ആയുധം കൊടുക്കുക എന്നതാണ് എല്‍ഡിഎഫിന്‍റെ ചിന്ത. അതിന് നിന്ന് കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. കഴിഞ്ഞ തവണ ഈ വിഷയം ഉയര്‍ത്തിയതാണ് എല്‍ഡിഎഫ്. എല്‍ഡിഎഫിന് കരഞ്ഞ് തീര്‍ക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല.

പ്രിയങ്കാഗാന്ധിയുടെ പ്രചാരണത്തില്‍ ദേശീയ നേതാക്കളുടെ നീണ്ട നിരയുണ്ടാകും. രാഹുല്‍ഗാന്ധിയുടെയും സോണിയാഗാന്ധിയുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നുണ്ട്. സോണിയ മണ്ഡലത്തില്‍ എത്തണം എന്നത് കാലങ്ങളായി ഉള്ള ആഗ്രഹം. സോണിയ എത്തിയാല്‍ അത് പ്രചാരണത്തില്‍ ആവേശം പകരും

നൂറനാട് ഐടിബിപി ക്യാമ്പിൽ കേന്ദ്രീയ വിദ്യാലയത്തിനായി ജനസഭ നാളെ

നൂറനാട്. ഐടിബിപി ക്യാമ്പിൽ സ്ഥാപിക്കാനിരിക്കുന്ന കേന്ദ്രീയ വിദ്യാലയം പ്രവർത്തനമാരംഭിക്കാത്തതിൽ സംസ്ഥാന സർക്കാരിന്റെ അനാസ്ഥക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാന സർക്കാർ ഐടിബിപി ക്യാമ്പിന് സമീപം 1.73 ഏക്കർ റവന്യൂ ഭൂമി അനുവദിച്ചെങ്കിലും, സെൻട്രൽ പിഡബ്ല്യുഡി മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ഈ ഭൂമി അനുയോജ്യമല്ലെന്ന് കേന്ദ്രീയ വിദ്യാലയ സംഘം വിലയിരുത്തിയിട്ടുണ്ട്.

നൂറനാട് പ്രദേശത്തെ വിദ്യാലയം ആരംഭിക്കുന്നതിനായി സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിലാക്കുകയും, ലെപ്രസി സാനിറ്റോറിയം വളപ്പിൽ നിന്നും 1.73 ഏക്കർ ഭൂമി അനുവദിക്കുന്നതിന്റെ ആവശ്യകത ഉന്നയിക്കുകയുമാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഒക്ടോബർ 21 തിങ്കളാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് ഐടിബിപി ക്യാമ്പിന് കിഴക്കുവശം ജനസഭ സംഘടിപ്പിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി.

സാമൂഹിക – സാംസ്കാരിക – വിദ്യാഭ്യാസ പ്രവർത്തകർ, സൈനിക, അർദ്ധ-സൈനിക വിഭാഗങ്ങളിലെ വിരമിച്ച ഉദ്യോഗസ്ഥർ, നാട്ടുകാരും അടക്കം, വിദ്യാലയ സ്ഥാപനം ആവശ്യപ്പെടുന്നവർ പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ വിദ്യാലയം പ്രവർത്തനമാരംഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടും.

ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ നടക്കുന്ന ഈ സമരത്തിൽ കക്ഷിരാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് അതീതമായി മുഴുവൻ ജനങ്ങളും പങ്കുചേരണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അഭ്യർത്ഥിച്ചു.

അലൻ വാക്കർ ഷോയ്ക്കിടെ മൊബൈൽ മോഷണം നടത്തിയ രണ്ടുപേരെ പോലീസ് പിടികൂടി കൊച്ചിയിൽ എത്തിച്ചു

കൊച്ചി.അലൻ വാക്കർ ഷോയ്ക്കിടെ മൊബൈൽ മോഷണം നടത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു കൊച്ചിയിൽ എത്തിച്ചു.ഡൽഹിയിൽ നിന്നും പിടികൂടിയ പ്രതികളെയാണ് കൊച്ചിയിൽ എത്തിച്ചത്.കേസിൽ മുംബൈയിൽ നിന്നും പിടികൂടിയ പ്രതികളെയും ഉടൻ കൊച്ചിയിൽ എത്തിക്കുമെന്ന് കമ്മീഷണർ പറഞ്ഞു.മോഷണം നടത്താൻ എത്തിയ മുംബൈ സംഘം അലൻ വാക്കർ വന്ന അതേ വിമാനത്തിലാണ് കൊച്ചിയിലെത്തി മോഷണം നടത്തിയതെന്നും പോലീസ് അറിയിച്ചു. മോഷണം പോയ 39 ഫോണുകളിൽ 23 ഫോണുകളാണ് കണ്ടെത്തിയത്. കേരള പോലീസിന്റെ അന്വേഷണ മികവാണ് 10 ദിവസം കൊണ്ട് പ്രതികളെ പിടികൂടാൻ സാധിച്ചത്

കൊച്ചിയിൽ നടന്ന അലൻ വാക്കർ ഷോയ്ക്കിടെ 36 ഫോണുകൾ മോഷ്ടിച്ച സംഘത്തിലെ രണ്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തു കൊച്ചിയിൽ എത്തിച്ചത്. ഡൽഹി സ്വദേശികളായ വസീം മുഹമ്മദ്,അത്തീക്ക് ഉർ റഹ്മാൻ എന്നിവരാണ് പിടിയിലായത്.മോഷണത്തിനായി കൊച്ചിയിലെത്തിയ ബോംബെയിൽ നിന്നുള്ള സംഘത്തിലെ സണ്ണി ബോലാ യാദവ് , ശ്യാം ബൽവാല എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ഇന്ന് രാത്രി കൊച്ചിയിൽ എത്തിക്കും.അലൻ വാക്കർ ഷോയ്ക്ക് വേണ്ടി വിമാനത്തിലാണ് ബോംബെയിൽ നിന്നുള്ള പ്രതികൾ കൊച്ചിയിലെത്തിയത്.ഡിജെ ഷോ നടക്കുന്നതിനിടെയായിരുന്നു മോഷണം

ഡൽഹിയിൽ നിന്നുള്ള പ്രതികൾ ട്രെയിനിൽ എത്തുകയും മോഷണശേഷം ട്രെയിനിൽ തന്നെ തിരികെ പോവുകയും ചെയ്തു.നഷ്ടപ്പെട്ട 39 ഫോണുകളിൽ 23 ഫോണുകളാണ് പോലീസ് കണ്ടെത്തിയത്.ഡൽഹിയിലെ ദരിയാ ഗഞ്ചിൽ പ്രതികൾ താമസിച്ച വീട്ടിൽ നിന്നാണ് 20 ഫോണുകൾ കണ്ടെത്തിയത്.ബോംബെയിൽ നിന്നാണ് മൂന്നു ഫോണുകൾ പിടികൂടിയത്.മോഷണം നടന്ന 10 ദിവസത്തിനകം പ്രതികളെ പിടികൂടിയത് പോലീസിന്റെ അന്വേഷണവിനുള്ള അംഗീകാരം കൂടിയായി.അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു ഉദ്യോഗസ്ഥർക്ക് പാരിതോഷികം നൽകുമെന്നും കമ്മീഷണർ പറഞ്ഞു.നിലവിൽ പിടികൂടിയ ഫോണുകൾ പരിശോധനയ്ക്ക് ശേഷം മാത്രമേ കേരളത്തിൽനിന്ന് മോഷണം നടത്തിയതാണോ എന്ന് ഉറപ്പിക്കാനാകു എന്നും പോലീസ് അറിയിച്ചു. ബാംഗ്ലൂരിലും ബോംബെയിലും അടക്കം നിരവധി മോഷണ കേസുകളിൽ പ്രതികളാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത് എന്നും പോലീസ് പറഞ്ഞു.കേസിൽ നാല് പ്രതികൾക്ക് വേണ്ടി അന്വേഷണം തുടരുകയാണ് എന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു

എല്ലാ പശുക്കുട്ടികള്‍ക്കും പകുതി വിലയില്‍ കാലിത്തീറ്റ നല്‍കും: മന്ത്രി

ത്തീറ്റ നല്‍കാനുള്ള വിപുലമായ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയതായി മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഗോവര്‍ദ്ധിനി എന്ന പേരില്‍ നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ ജില്ലയിലെ 3950 കിടാങ്ങളെ ഉള്‍പ്പെടുത്തും. അടുത്തയാഴ്ച മുതല്‍ സംസ്ഥാനത്തെ 32589 പശുക്കുട്ടികള്‍ക്ക് പകുതി വിലയ്ക്ക് തീറ്റ നല്‍കി തുടങ്ങും.
നീണ്ടകര പരിമണം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ക്ഷീരകര്‍ഷകര്‍ക്കുള്ള ധനസഹായ വിതരണം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കന്നുകാലി ഇന്‍ഷുറന്‍സ് പുനസ്ഥാപിക്കുമെന്നും കാലികളിലെ വന്ധ്യതയ്ക്ക് ശാശ്വത പരിഹാരം കാണാന്‍ ചിതറയില്‍ ഇന്‍ഫെര്‍ട്ടിലിറ്റി മാനേജ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വേനല്‍ ചൂടിലും പ്രകൃതിക്ഷോഭത്തിലും നഷ്ടപ്പെട്ട 181 കര്‍ഷകര്‍ക്ക് മൃഗസംരക്ഷണ വകുപ്പ് നല്‍കുന്ന 41 ലക്ഷം രൂപയുടെ ധനസഹായമാണ് മന്ത്രി വിതരണം ചെയ്തത്. കറവപ്പശുക്കളെ നഷ്ടപ്പെട്ടവര്‍ക്ക് 37500 രൂപ വീതവും നഷ്ടപരിഹാരം നല്‍കി.
ഡോ. സുജിത്ത് വിജയന്‍പിള്ള എംഎല്‍എ അധ്യക്ഷനായി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി.ഷൈന്‍കുമാര്‍ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജീവന്‍, വൈസ് പ്രസിഡന്റ് ഷേര്‍ലി ഹെന്‍ട്രി, സ്ഥിരംസമിതി അധ്യക്ഷന്‍ യു. ബേബി രാജന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, നീണ്ടകര വെറ്ററിനറി സര്‍ജന്‍ ഡോ. ശ്രീജ ലക്ഷ്മി, ഡോ.കാര്‍ത്തിക, ഡോ. ആര്യ, സുലോചനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഓയൂരില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു….. മക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റ നിലയില്‍

ഓയൂരില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. റോഡുവിള സ്വദേശി കൃഷ്ണ വിലാസം വീട്ടില്‍ വിനോദ് കുമാര്‍(42) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് വിനോദ് കുമാര്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. വിനോദിന്റെ മക്കളായ മിഥുന്‍ (18) വിസ്മയ (14) എന്നിവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു.
ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മക്കള്‍ക്കൊപ്പം ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം വിനോദ് തീകൊളുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യാ ശ്രമം തടയാന്‍ ശ്രമിച്ചതിനിടെ കുട്ടികള്‍ക്ക് പൊള്ളലേറ്റതാണോ എന്നും സംശയമുണ്ട്. മരണകാരണം വ്യക്തമല്ല.

തെങ്ങ് കയറുന്നതിനിടെ യന്ത്രത്തില്‍ കുടുങ്ങി… മണിക്കൂറുകളോളം തല കീഴായി കിടന്ന ആളെ സാഹസികമായി രക്ഷപ്പെടുത്തി

തെങ്ങ് കയറുന്നതിനിടെ യന്ത്രത്തില്‍ കുടുങ്ങി മണിക്കൂറുകളോളം തല കീഴായി കിടന്ന ആളെ അഗ്നിരക്ഷാസേന മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അതിസാഹസികമായി രക്ഷപ്പെടുത്തി. യന്ത്രമുപയോഗിച്ച് തെങ്ങില്‍ കയറുന്നതിനിടെ വയനാട് നെന്മേനി സ്വദേശി ഇബ്രാഹിമിന്റെ കാലാണ് യന്ത്രത്തില്‍ കുടുങ്ങിയത്. തെങ്ങില്‍ കയറി ഏകദേശം 30 അടി ഉയരത്തില്‍ എത്തിയപ്പോള്‍ യന്ത്രത്തില്‍ കാല്‍ കുടുങ്ങി തല കീഴായി കിടക്കുകയായിരുന്നു ഇബ്രാഹിം.
സുല്‍ത്താന്‍ബത്തേരിയില്‍ നിന്നെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ അതിസാഹസികമായാണ് ഇബ്രാഹിമിനെ രക്ഷിച്ചത്. ലാഡര്‍ ഉപയോഗിച്ച് മുകളില്‍ കയറി. നാട്ടുകാരനായ സുധീഷിന്റെ സഹായത്തോടെ ഇബ്രാഹിമിനെ റോപ്പ് ഉപയോഗിച്ച് താഴെയിറക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കി.

‘ആനി മോനെ സ്നേഹിക്കുന്നത് പോലെ മാഗിക്ക് എന്നെ സ്നേഹിക്കാമോ’…. അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച ‘ദശരഥം’ 35 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു

ആനി മോനെ സ്നേഹിക്കുന്നത് പോലെ മാഗിക്ക് എന്നെ സ്നേഹിക്കാമോ’ എന്ന് ചിരിച്ചുകൊണ്ട് ചോദിച്ച് മലയാളി പ്രേക്ഷകരെ ഒന്നടങ്കം കരയിപ്പിച്ച രാജീവ് മേനോന്‍ വന്നിട്ട് 35 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. ലോഹിതദാസ്-സിബി മലയില്‍ കൂട്ടുക്കെട്ടില്‍ പിറന്ന ‘ദശരഥം’. മലയാളത്തിലെ എക്കാലെത്തെയും മികച്ച ചിത്രങ്ങളിലൊന്ന്.
വാടക ഗര്‍ഭധാരണം എന്ന ആശയത്തെക്കുറിച്ച് സംസാരിച്ച സിനിമ റിലീസ് ചെയ്തിട്ട് 35 വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസത്തില്‍ സിനിമയുടെ ഭാഗമായിരുന്ന, പിന്നീട് വിടപറഞ്ഞവരുടെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ സിബി മലയില്‍.
ചിത്രത്തിന്റെ തിരക്കഥാകൃത്ത് ലോഹിതദാസ്, സംഗീത സംവിധായകന്‍ ജോണ്‍സന്‍, ഗാനരചയിതാവ് പൂവച്ചാല്‍ ഖാദര്‍, അഭിനേതാക്കളായ നെടുമുടി വേണു, മുരളി, സുകുമാരന്‍, കരമന ജനാര്‍ദ്ദനന്‍, സുകുമാരി, കെപിഎസി ലളിത, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരുടെ ഓര്‍മ്മകളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
‘മുപ്പത്തഞ്ചു ‘ദശരഥ’വര്‍ഷങ്ങള്‍… രാജീവ് മേനോനും മാഗിയും പിന്നെ ഞാനും… കൂടെയുണ്ടായിരുന്ന കടന്നുപോയവരെ ഓര്‍ക്കുന്നു… ലോഹി, ജോണ്‍സന്‍, പൂവച്ചല്‍, മുരളി, വേണുച്ചേട്ടന്‍, സുകുവേട്ടന്‍, കരമനച്ചേട്ടന്‍, സുകുമാരിച്ചേച്ചി, ലളിതച്ചേച്ചി, എം എസ് തൃപ്പൂണിത്തറ ചേട്ടന്‍, ബോബി കൊട്ടാരക്കര, ഷന്മുഖണ്ണന്‍, വേലപ്പണ്ണന്‍, സി കെ സുരേഷ്… ഒടുവിലായി പൊന്നമ്മച്ചേച്ചിയും… വേദനിപ്പിച്ച വേര്‍പാടുകളുടെ ഓര്‍മ്മകള്‍ മാത്രം ബാക്കി,’ എന്ന് സിബി മലയില്‍ കുറിച്ചു.
അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച ‘ദശരഥം’ ഇന്നും മലയാളി പ്രേകഷകരുടെ ഉള്ളില്‍ നീറുന്ന ഓര്‍മ്മയായി കിടപ്പുണ്ടാവും. രാജീവ് മേനോന്റെ അനാഥത്വത്തിന്റെയും ആഗ്രഹങ്ങളുടെയും പ്രതീക്ഷകളുടെയും നൊമ്പരങ്ങളുടെയും കഥയാണ് ലോഹിതദാസിന്റെ ശക്തമായ തൂലികയിലൂടെയും സിബിമലയിലിന്റെ മികച്ച സംവിധാനത്തിലൂടെയും പ്രേക്ഷകര്‍ കണ്ടത്. മാത്രമല്ല മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ദശരഥത്തിലെ രാജീവ് മേനോന്‍.