24.9 C
Kollam
Thursday 25th December, 2025 | 12:27:50 AM
Home Blog Page 2000

കൊല്ലം–തേനി ദേശീയപാത നാലുവരിയാക്കും; വീതി 24 മീറ്റർ, മൊത്തം ചെലവ് 2,000 കോടി

ചാരുംമൂട്: കൊല്ലം–തേനി ദേശീയപാത (എൻഎച്ച് 183) നാലുവരിയാക്കും. രണ്ടുവരിയെന്നാണു നേരത്തെ നിശ്ചയിച്ചത്. മൊത്തം ചെലവ് 2,000 കോടി രൂപയാകും. നാലുവരിപ്പാതയുടെ വീതി 24 മീറ്ററായിരിക്കും. കൊല്ലം ഹൈസ്കൂൾ ജംക്‌ഷനിലാണു പാതയുടെ തുടക്കം.കൊല്ലത്തു ചേർന്ന കൺസൽറ്റേഷൻ കമ്മിറ്റി യോഗത്തിലാണു പുതിയ നിർദേശങ്ങൾ ദേശീയപാത വിഭാഗം ചീഫ് എൻജിനീയർ അറിയിച്ചത്.

ആദ്യ ഘട്ടം സ്ഥലമെടുപ്പിനായി 500 കോടി രൂപ അനുവദിച്ചതായും അറിയിച്ചു. കേന്ദ്രസർക്കാർ മാനദണ്ഡ പ്രകാരം 30 മീറ്റർ വീതിയിലാണ് റോഡ് നവീകരിക്കേണ്ടതെങ്കിലും കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 24 മീറ്ററിൽ നാലുവരിപ്പാത നിർമിക്കുമെന്നാണു കേന്ദ്ര നിലപാട്. ഡിവൈഡർ ഉൾപ്പെടെയാണിത്. പുതിയ പാതയിൽ കുറഞ്ഞ വേഗം 80 കിലോമീറ്ററായി നിലനിർത്തേണ്ടതിനാൽ 24 മീറ്റർ വീതി റോഡിന് അനിവാര്യമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

കൊല്ലത്തെ യോഗത്തിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷം യോജിച്ചെങ്കിലും വിശദമായ പഠനം നടത്തിയ ശേഷം അന്തിമ തീരുമാനമെടുത്താൽ മതിയെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി നിർദേശിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുക്കണമെന്നും മതിയായ പുനരധിവാസ പദ്ധതി തയാറാക്കണമെന്നും പറഞ്ഞു. കൂടുതൽ ചർച്ചകൾ നവംബർ 22നു ചേരുന്ന യോഗത്തിൽ നടക്കും. ഇതിൽ അന്തിമ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം. യോഗത്തിനു ശേഷം ഭൂമി ഏറ്റെടുക്കലിന്റെ നടപടികൾ ഭൂരാശി പോർട്ടലിൽ പ്രസിദ്ധീകരിക്കും. തുടർന്നു സംയുക്ത സ്ഥലപരിശോധനയും സർവേ നമ്പർ പരിശോധനയും നടക്കും.

ചെലവ് ഇരട്ടിക്കും
പാത നാലുവരിയാകുമ്പോൾ ചെലവും ഒഴിപ്പിക്കേണ്ടിവരുന്ന വീടുകളുടെ എണ്ണവും ഇരട്ടിയിലേറെയാകും. നഷ്ടപരിഹാരത്തുകയും കൂടും. രണ്ടുവരിപ്പാതയാണെങ്കിൽ കൊല്ലം, ആലപ്പുഴ ജില്ലകളിലായി സ്വകാര്യ ഭൂമി ഏറ്റെടുക്കാൻ 172.08 കോടിയാണു ചെലവു കണക്കാക്കിയത്. ഒഴിപ്പിക്കേണ്ടത് 1,763 കെട്ടിടങ്ങൾ. നഷ്ടപരിഹാരത്തിനു ചെലവ് 95.2 കോടി. നാലുവരിയാകുമ്പോൾ 3,500 കെട്ടിടങ്ങൾ പൊളിക്കണം. 300 കോടിയോളം ഇതിന് അധികമായി വേണ്ടിവരും.

കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിലവിലുള്ള റോഡിന്റെ നീളം 62.1 കിലോമീറ്ററാണ്. വികസനം പൂർത്തിയാകുമ്പോൾ ഇത് 60.9 ആകും. ആലപ്പുഴ ജില്ലയിൽ റവന്യു പുറമ്പോക്ക് കൂടുതലുള്ളതിനാൽ ഏറ്റെടുക്കേണ്ട സ്വകാര്യഭൂമിയുടെ അളവു താരതമ്യേന കുറവായിരിക്കുമെന്നാണു സർവേയിലെ നിഗമനം. 13 പ്രധാന ജംക്‌ഷനുകളും 20 ചെറിയ ജംക്‌ഷനുകളും കടന്നാണു പാത പോകുന്നത്. ചെറുതും വലുതുമായി 371 വളവുകൾ. ഒരിടത്തും റെയിൽവേ ലവൽക്രോസില്ല.

വിമാനം മാത്രമല്ല, മൂന്ന് സംസ്ഥാനങ്ങളിലായി 23 ഹോട്ടലുകൾക്കും ഭീഷണി

ന്യൂഡെല്‍ഹി.വിമാനങ്ങൾക്ക് പിന്നാലെ ഹോട്ടലുകൾക്കും വ്യാജ ബോംബ് ഭീഷണി മൂന്ന് സംസ്ഥാനങ്ങളിലായി 23 ഹോട്ടലുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. അന്വേഷണത്തിൽ ഭീഷണി സന്ദേശം വ്യാജമെന്ന് കണ്ടെത്തി.
വിമാനങ്ങൾക്ക് നേരെ ഉണ്ടായ വ്യാജ ബോംബ് ഭീഷണി സന്ദേശത്തിൽ അന്വേഷണം ഊർജിതം.

കൊൽക്കത്ത, തിരുപ്പതി , രാജ്കോട്ട് എന്നിവിടങ്ങളിലെ ഹോട്ടലുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. കൊൽക്കത്തയിലെ പത്ത് ഹോട്ടലുകൾക്കും തിരുപ്പതിയിലെ മൂന്ന് ഹോട്ടലിനും രാജ്കോട്ടിലെ പത്ത് ഹോട്ടലുകൾക്കും ആണ് ഭിഷണി സന്ദേശം എത്തിയത്. കറുത്ത ബാഗിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ആയിരുന്നു സന്ദേശം. ഇമെയിലിലൂടെ ഭിഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ തന്നെ പൊലീസ് സ്ഥലത്ത് എത്തി പരിശോധനകൾ നടത്തി എങ്കിലും ഒന്നും കണ്ടെത്താനായില്ല. ഭീഷണി സന്ദേശം ലഭിച്ച ഐഡി വ്യാജമാണെന്നും പോലീസ് കണ്ടെത്തി. ഈ ഐഡി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. വിമാനങ്ങൾക്ക് നേരെ ഉണ്ടായ വ്യാജ ബോംബ് ഭീഷണി സന്ദേശത്തിലും പോലീസ് അന്വേഷണം ഊർജ്ജതമാക്കിയിട്ടുണ്ട്.
വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചതിനെത്തുടർന്ന് ഡൽഹിയിൽ ഇരുപത്തി അഞ്ചുകാരൻ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ശ്രദ്ധ ലഭിക്കുന്നതിന് വേണ്ടി താൻ ഭീഷണി സന്ദേശങ്ങൾ അയച്ചത് എന്ന് പ്രതി ശുഭം ഉപാധ്യായ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിൽ എത്തും

വയനാട്. ലോക്സഭാ മണ്ഡലത്തിൽ രണ്ടുദിവസത്തെ പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിൽ എത്തും. വയനാട് ജില്ലയിൽ മൂന്നിടത്താണ് നാളെ പൊതുയോഗങ്ങൾ. മറ്റന്നാൾ ചുരത്തിന് താഴെയുള്ള നാല് മണ്ഡലങ്ങളിലും പ്രചാരണം നടത്തും. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി മാനന്തവാടി മണ്ഡലത്തിലാണ് പ്രചാരണം നടത്തുന്നത്. എൽഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസ് ഏറനാട് മണ്ഡലത്തിലാണ് പ്രചാരണം.

കൊടുവള്ളിയിൽ പ്ലസ് വൺ വിദ്യാർഥിക്ക് റാഗിംങ് മർദ്ദനം

കോഴിക്കോട്. കൊടുവള്ളിയിൽ പ്ലസ് വൺ വിദ്യാർഥിയെ റാഗിങ്ങിനിടെ മർദ്ദിച്ചതായി പരാതി. പന്നൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. വിദ്യാർത്ഥിയുടെ കുടുംബം പോലീസിൽ പരാതി നൽകി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. പന്നൂർ ഗവ. HSS ലെ പ്ലസ് വൺ വിദ്യാർത്ഥിയായ കരുവൻ പൊയിൽ സ്വദേശിയെ, നാല് പ്ലസ് ടൂ വിദ്യാർത്ഥികൾ ചേർന്ന് റാഗിങ്ങിന് ഇരയാക്കുകയും തുടർന്ന് മർദ്ദിക്കുകയും ചെയ്തു എന്നാണ് പരാതി. സ്കൂൾ ഗ്രൗണ്ടിൽ എത്തിച്ചായിരുന്നു മർദ്ദനം.
മൂക്കിലും കഴുത്തിനും പരിക്കേറ്റ വിദ്യാർത്ഥി സ്വകാര്യ ആശുപത്രിയിലും തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. മർദ്ദിച്ചവർക്ക് എതിരെ വിദ്യാർത്ഥിയുടെ കുടുംബം കൊടുവള്ളി പോലീസിൽ പരാതി നൽകി.

പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി,ഞെട്ടി സിപിഐ, ഒന്നാം പ്രതി മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷം

കൊച്ചി. തൃശ്ശൂർ പൂരം വിവാദത്തിൽ സിപിഐ- സിപിഎം പോര് വീണ്ടും കടുക്കുന്നു.
പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിലാണ് തർക്കം. മുഖ്യമന്ത്രിയെ തള്ളി ബിനോയ് വിശ്വവും കെ രാജനും രംഗത്തെത്തി. പൂരം കലക്കലിൽ കേസെടുത്താൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നാംപ്രതിയാകും എന്ന് വിഡി സതീശനും പ്രതികരിച്ചു

പൂരം വിവാദത്തിൽ ത്രിതല അന്വേഷണം പുരോഗമിക്കുന്നതിനിടയാണ് മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവനയിൽ സിപിഐ – സിപിഐഎം പോര്. പൂരം നടക്കേണ്ടതു പോലെ നടന്നിട്ടില്ലെന്നും നടത്താൻ സമ്മതിച്ചില്ലന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ വൈരുദ്ധ്യം ഇല്ലെന്നായിരുന്നു മന്ത്രി കെ രാജന്റെ പ്രതികരണം.പൂരം കലക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

മുഖ്യമന്ത്രിയുടെ അറിവോടെയാണ് പൂരം കലക്കിയതെന്ന ആരോപണം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവർത്തിച്ചു.മുഖ്യമന്ത്രിയുടെ പരാമർശം തള്ളി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും രംഗത്തെത്തി.

പൂട്ടിക്കിടന്ന വീട്ടില്‍ മോഷണം; പ്രതികള്‍ പിടിയില്‍

കൊല്ലം: പൂട്ടിക്കിടന്ന വീട്ടില്‍ കയറി മോഷണം നടത്തിയ പ്രതികള്‍ പിടിയിലായി. ആശ്രാമം കാവടിപ്പുറത്ത് പുത്തന്‍ കണ്ടത്തില്‍ വീട്ടില്‍ വിഷ്ണു (24), ആശ്രാമം സ്മൃതി നഗറില്‍ കുരുവേലി പടിഞ്ഞാറ്റതില്‍ അതുല്‍ (26) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. ആശ്രാമത്തെ ഇഎസ്ഐ ഹോസ്പിറ്റലിന്റെ പൂട്ടിക്കിടന്ന കോട്ടേഴ്സിലാണ് മോഷണം നടന്നത്.
വാതില്‍ കുത്തിതുറന്ന് വീട്ടുപകരണങ്ങളും പ്ലംബിങ് ഇലട്രിക് ഫിറ്റിങുകളും പ്രതികള്‍ മോഷ്ടിച്ചു. സംഭവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത ഈസ്റ്റ് പോലീസ് സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചാണ് പ്രതികളെ കണ്ടെത്തിയത്. ഈസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ സുമേഷ്, ഷബ്‌നം, സിപിഒമാരായ അജയകുമാര്‍, അനു.ആര്‍. നാഥ്, ഷെഫീക്ക്, ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വിജയ്‌യുടെ ടിവികെ പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം….. തിരക്കിനിടെ നിരവധിപേര്‍ കുഴഞ്ഞ് വീണു

തമിഴ് സൂപ്പര്‍താരം വിജയ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴക (ടിവികെ)ത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടക്കുന്നു. ആരാധകരുടെയും പ്രവര്‍ത്തകരുടെയും വന്‍ തിരക്കാണ് സമ്മേളനത്തില്‍ ഉണ്ടായത്. വേദിയില്‍ പ്രത്യേകം സജ്ജമാക്കിയ റാംപിലൂടെ നടന്നുനീങ്ങിയ വിജയ് ആയിരകണക്കിന് വരുന്ന പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. പാര്‍ട്ടിയുടെ ഗാനവും വേദിയില്‍ അവതരിപ്പിച്ചു. 100 അടി ഉയരമുള്ള കൊടിമരത്തില്‍ ചുവപ്പും മഞ്ഞയും കലര്‍ന്ന പാര്‍ട്ടി പതാകയും വിജയ് ഉയര്‍ത്തി. ജനിച്ചവരെല്ലാം സമന്മാരെന്നതാണ് പാര്‍ട്ടി തത്വശാസ്ത്രം എന്നും വേദിയില്‍ വിജയ് പ്രഖ്യാപിച്ചു. സാമൂഹ്യനീതിയില്‍ ഊന്നിയ മതേതരസമൂഹമാണ് ടിവികെ ലക്ഷ്യമിടുന്നതെന്നും വേദിയില്‍ പ്രഖ്യാപനം നടത്തി. തിരക്കിനിടെ നിര്‍ജലീകരണത്തെ തുടര്‍ന്ന് നൂറിലധികം പേര്‍ കുഴഞ്ഞുവീണു. 35ലധികം ഡോക്ടര്‍മാരെ സമ്മേളന സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്. വൈകിട്ടാണ് സമ്മേളനം ആരംഭിക്കുന്നതെങ്കിലും നേരത്തെ തന്നെ വേദിയില്‍ കലാപരിപാടികള്‍ ഉള്‍പ്പെടെ ആരംഭിച്ചിരുന്നു.

പി പി ദിവ്യ കരിക്കുലം കമ്മിറ്റിയിൽ തുടരുന്നത് വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം പി എസ് ഗോപകുമാർ

കൊല്ലം. കണ്ണൂർ എ ഡി എം ആയിരുന്ന നവീൻ ബാബുവിൻ്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പിൽ പ്രതിയായി ഒളിവിൽ കഴിയുന്ന മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ കരിക്കുലം കമ്മിറ്റിയിൽ തുടരുന്നത് പൊതുവിദ്യാഭ്യാസ മേഖലയ്ക്കാകെ നാണക്കേടാണെന്ന് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് പി എസ് ഗോപകുമാർ പറഞ്ഞു .

വിദ്യാഭ്യാസ വകുപ്പിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രധാന സമിതിയാണ് കരിക്കുലം കമ്മിറ്റി. വിദഗ്ദ്ധർ തയാറാക്കുന്ന, വിദ്യാർത്ഥികളുടെ പാoപുസ്തകങ്ങളുടെ കരടിന് അംഗീകാരം നൽകുന്നതടക്കം പ്രധാന ചുമതലകളുള്ള ഇത്തരം ഒരു സമിതിയിൽ പി പി ദിവ്യയെപ്പോലൊരു ക്രിമിനൽ കുറ്റാരോപിത ഒരു നിമിഷം പോലും അംഗമായിരിക്കാൻ പാടില്ലാത്തതാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് രാജിവച്ചയുടൻ കരിക്കുലം കമ്മിറ്റിയിൽ നിന്ന് വിദ്യാഭ്യാസ വകുപ്പ് ദിവ്യയെ പുറത്താക്കേണ്ടതായിരുന്നു. നവീൻ ബാബുവിൻ്റെ മരണശേഷം ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ദിവ്യക്കെതിരെ പോലീസ് ചുമത്തിയതെങ്കിൽ ഇപ്പോൾ സംഗതികൾ അടിമുടി ദുരൂഹതയേറിയിരിക്കുകയാണ്. എന്നിട്ടും പി പി ദിവ്യയെ ദിവ്യയാക്കാനുള്ള ശ്രമങ്ങളാണ് സർക്കാരും പാർട്ടിയും നടത്തിക്കൊണ്ടിരിക്കുന്നത്. അതിന് കുട പിടിക്കുകയാണ് ദിവ്യയെ പുറത്താക്കാതിരിക്കുന്നതിലൂടെ വിദ്യാഭ്യാസ വകുപ്പ് ചെയ്യുന്നത് എന്ന് ഗോപകുമാര്‍ആരോപിച്ചു.

                
                   ,

യുവതിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സിവില്‍ പോലീസ് ഓഫീസറുടെ ഭാര്യയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മണ്ണഞ്ചേരി പഞ്ചായത്ത് 2-ാം വാര്‍ഡ് കാവുങ്കല്‍ കണ്ണാട്ടു ജംഗ്ഷനു സമീപം പൂജപറമ്പ് വീട്ടില്‍ ജ്യോതിഷിന്റെ ഭാര്യ ശ്രുതിദേവി (32) ആണ് മരിച്ചത്.
ഇന്നു രാവിലെയാണ് സംഭവം. ശ്രുതി ഉറക്കമുണാരാത്തതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പാമ്പു കടിയേറ്റതാണെന്ന് സംശയമുണ്ട്. രാത്രി ഭര്‍ത്താവിനൊപ്പമാണ് ശ്രുതി കിടന്നിരുന്നത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

മിക്സിയുടെ ബ്ലേഡിനിടയിലെ ഭക്ഷണാപദാര്‍ഥങ്ങള്‍ വൃത്തിയാക്കാന്‍ ഇതാ എളുപ്പവഴി

അടുക്കളില്‍ വീട്ടാവശ്യങ്ങള്‍ക്ക് നമ്മള്‍ എപ്പോഴും ഉപയോഗിയ്ക്കുന്ന മിക്സി വൃത്തിയാക്കുക എന്നത് ഇത്തിരി പ്രയാസമുള്ള കാര്യമാണ്. കറികള്‍ക്കായി അരച്ച് കഴിഞ്ഞാല്‍ മിക്സി വൃത്തിയാക്കി എടുക്കുന്നത് വീട്ടമ്മമാരെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. മിക്സിയുടെ ബ്ലേഡിനിടയില്‍ ഭക്ഷണാപദാര്‍ഥങ്ങളും മറ്റും പറ്റിപിടിച്ചിരിക്കുന്നത് തന്നെയാണ് വൃത്തിയാക്കല്‍ പാടുപെടുത്തുന്നതും. എന്നാല്‍ ചില കാര്യങ്ങള്‍ ഉപയോഗിച്ചാല്‍ നമുക്ക് മിക്സി വളരെ വേഗത്തില്‍ വൃത്തിയാക്കാന്‍ സാധിയ്ക്കും…

നാരങ്ങ- സിട്രിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ നാരങ്ങ ഒരു അടിപൊളി ക്ലീനറാണെന്ന കാര്യം നമുക്ക് അറിയാം. മിക്സിയുടെ ജാര്‍ നല്ലതുപോലെ വൃത്തിയാക്കാന്‍ നാരങ്ങയുടെ തൊലി മികച്ചതാണ്. നാരങ്ങാത്തൊലി കൊണ്ട് ജാറിനു ഉള്‍വശം മുഴുവന്‍ നല്ലതുപോലെ തേച്ചുരയ്ക്കണം. ശേഷം കഴുകിയെടുത്താല്‍ മതി.

ബേക്കിങ് സോഡ- ബേക്കിങ് സോഡ കൊണ്ട് മിക്സി ജാര്‍ വൃത്തിയാക്കാം. വളരെ എളുപ്പമുള്ള ഒരു കാര്യമാണ് അത്. തുല്യ അളവില്‍ ബേക്കിങ് സോഡയും വെള്ളവും എടുത്ത് ഒഴിച്ച് കുറച്ച് സമയം കറക്കിയെടുത്താല്‍ ജാര്‍ പുതിയത് പോലെ വെട്ടിത്തിളങ്ങും.

ലിക്വിഡ് ഡിറ്റര്‍ജന്റ് – പാത്രം കഴുകുന്ന ഡിഷ് വാഷിനു പകരം അലക്കാന്‍ ഉപയോഗിക്കുന്ന ലിക്വിഡ് ഡിറ്റര്‍ജന്റും മിക്സി ജാര്‍ വൃത്തിയാക്കാന്‍ നമുക്ക് ഉപയോഗിക്കാവുന്നതാണ്. അതിനായി കുറച്ച് ഡിറ്റര്‍ജന്റ് ജാറിലേക്ക് ഒഴിച്ച് നല്ലതുപോലെ ഒന്ന് കറക്കി എടുത്താല്‍ സംഭവം ക്ലീന്‍. അതിനുശേഷം ചെറിയ ചൂടുവെള്ളത്തില്‍ കഴുകിയാല്‍ മതി. ജാറിന്റെ ബ്ലേഡുകള്‍ക്കിടയിലെ അവശിഷ്ടങ്ങള്‍ നീക്കാനാണ് ഏറ്റവും കഷ്ടപ്പാട്. ചെറിയ ബ്രഷ് ഉപയോഗിച്ച് ഒന്നുകൂടി ഈ ബ്ലേഡുകള്‍ ഉരച്ചു കഴുകുന്നത് നല്ലതായിരിക്കും.

വിനാഗിരിയും വെള്ളവും- ഒരു കപ്പ് വെള്ളത്തിലേക്ക് രണ്ട് ടീസ്പൂണ്‍ വിനാഗിരി ഒഴിക്കുക. ഈ മിശ്രിതം ഗ്രൈന്‍ഡറിലേക്ക് ഒഴിച്ച് ഒരു മിനിറ്റ് നേരം പ്രവര്‍ത്തിപ്പിക്കണം. തുടര്‍ന്ന് ചെറിയ ചൂടുവെള്ളത്തില്‍ കഴുകിയാല്‍ ജാര്‍ വൃത്തിയായി കിട്ടും.