Home Blog Page 2

പെരിന്തൽമണ്ണയിൽ ഇക്കുറി ആര് മണ്ണും ചാരിനില്ക്കും?

പെരിന്തൽമണ്ണ: കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും കുറവ് ഭൂരിപക്ഷം വന്ന മണ്ഡലം പെരിന്തൽമണ്ണയാണ്.
യു ഡി.എഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരം ഇവിടെ വിജയിച്ചു കയറിയത് 38 വോട്ടുകൾക്കായിരുന്നു.
ഇടത് സ്ഥാനാർത്ഥി കെ പി മുഹമ്മദ് മുസ്‌തഫ സുപ്രീം കോടതി വരെ നിയമ പോരാട്ടം നടത്തിയെങ്കിലും
കാര്യമുണ്ടായില്ല.
സിറ്റിംഗ് എം എൽ എ നജീബ് കാന്തപുരത്തെ മുസ്‌ലിംലീഗ് ഒരിക്കൽ കൂടി ഇറക്കിയപ്പോൾ നേരിടുന്നത് സി.പി എം പ്രാദേശിക നേതാവ്
വി.പി. മുഹമ്മദ് ഹനീഫയാണ്.

ഇ എം എസിൻ്റെ ജന്മനാട് ഏലംകുളം കൂടി ഉൾകൊള്ളുന്ന പെരിന്തൽമണ്ണ മണ്ഡലം
മലപ്പുറം ജില്ലയിൽ സി.പി എമ്മിന് സ്വാധീനമുള്ള മേഖലയാണ്.
ചെറിയൊരു കൈപ്പിഴയിൽ കഴിഞ്ഞ തവണ നഷ്ടപെട്ട മണ്ഡലം ഇത്തവണ കൈപ്പിടിയിലൊതുക്കാൻ ഇത്തവണ സി.പി എമ്മി നാവുമോ ? അതോ 38 എന്ന രണ്ടക്ക ഭൂരിപക്ഷം തദ്ദേശ തെരെഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ നഗരസഭയും ആറ് പഞ്ചായത്തുകളിലും സമ്പൂർണ്ണ വിജയം നേടിയ കരുത്തിൽ നജീബ് കാന്തപുരം മൂന്നക്കത്തിലേക്കും നാലക്കത്തിലേക്കുമൊക്കെയായി ഉയർത്തുമോ ? കാത്തിരിക്കാം. ഫലപ്രഖ്യാപനം വരെ.

ആറ്റിങ്ങലിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

തിരുവനന്തപുരം: ആറ്റിങ്ങലിൽ കാൽനടയാത്രക്കാരൻ ഇരുചക്ര വാഹനം ഇടിച്ച് മരിച്ചു.
പൂവൻപാറ രജു വിലാസത്തിൽ ദിലീപ് (66) ആണ് മരിച്ചത്.
ആർ കെ വി ബസ്സിലെ ടൈം കീപ്പറാണ്
ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം.
തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ബൈക്കാണ് ഇടിച്ചത്.
തിരുമല സ്വദേശിയായ യുവാവാണ് ബൈക്ക് ഓടിച്ചിരുന്നത്.
പരിക്കേറ്റ ദിലീപിനെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പ്രചാരണ ചൂടിൽ സ്ഥാനാർത്ഥികൾ, മുഖ്യമന്ത്രി ഇന്ന് കോഴിക്കോട്ട്

കോഴിക്കോട്: കോഴിക്കോട്ട് രണ്ടാംഘട്ട പ്രചാരണച്ചൂടിൽ സ്ഥാനാർത്ഥികൾ. രാഹുൽ ഗാന്ധിയുടെ വരവുണ്ടാക്കിയ ഓളത്തിലും ആവേശത്തിലുമാണ് യുഡിഎഫ് ക്യാമ്പ്. ഇടത് പ്രചാരണത്തിന് കരുത്തേകാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജില്ലയിൽ എത്തും. രാവിലെ 10 മണിക്ക് പ്രകടന പത്രിക സി പി എം ജില്ലാ കമ്മിറ്റി ഓഫീസിൽ പുറത്തിറക്കിയ ശേഷം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഉണ്ടാകും. 11 മണിക്ക് ഫറോക്കിലും ഒരു മണിക്ക് കുന്ദമംഗലത്തും
5ന് കോഴിക്കോട് ബീച്ചിലും രാത്രി 7 മണിക്ക് പുറമേരിയിലും പൊതുയോഗം ഉണ്ടാകും. പ്രധാന നേതാക്കളെ ഉൾപ്പെടുത്തി പ്രചാരണത്തിനുള്ള ചുരുങ്ങിയ ദിവസങ്ങൾ മത്സരിച്ച് കൊഴുപ്പിക്കുകയാണ് മുന്നണികൾ.

ക്രിസ്തുവിൻ്റെ അന്ത്യ അത്താഴ സ്മരണയിൽ ക്രൈസ്തവർ ഇന്ന് പെസഹ ആചരിക്കുന്നു

കോട്ടയം:ക്രിസ്തുവിന്റെ അന്ത്യഅത്താഴത്തിന്റെയും വിശുദ്ധ കുർബാനസ്ഥാപനത്തിന്റെയും ഓർമ്മപുതുക്കി ക്രൈസ്തവർ ഇന്ന് പെസഹാ വ്യാഴ ആചരിക്കുന്നു . മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പാമ്പാടി ദയറായിൽ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. പുലർച്ചെ 2മണിക്ക് രാത്രി നമസ്ക്കാരവും തുടർന്ന് വിശുദ്ധ കുർബാനയും നടന്നു. ഉച്ചയ്ക്ക് 2.30നാണ് കാൽകഴുകൽ ശുശ്രൂഷ.ക്രിസ്തു ശിഷ്യന്മാരുടെ കാൽകഴുകിയതിന്റെ പ്രതീകമായി പരിശുദ്ധ കാതോലിക്കാ ബാവാ 12 വൈദികരുടെ പാദങ്ങൾ കഴുകി ചുംബിക്കും. ക്രിസ്‌തുവിൻ്റെ അന്ത്യഅത്താഴം മനുഷ്യകുലത്തിൻ്റെ രക്ഷാ മാർഗമാണ് എന്നും
ത്യാഗങ്ങൾ സഹിച്ച് മറ്റുള്ളവർക്ക് രക്ഷ നൽകാൻ നമുക്കും കഴിയണമെന്നും പെസഹാ ദിന സന്ദേശത്തിൽ പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു .

ഇലക് ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ചാരായവും, വാറ്റ് ഉപകരണങ്ങളും പിടികൂടി

കരുനാഗപ്പള്ളി: എക്സൈസ് റേഞ്ച്‌ ഇൻസ്‌പെക്ടറുടെ നിർദേശനുസരണം കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ അസ്സി. എക്സ്സൈസ് ഇൻസ്‌പെക്ടർ കെ. ഷാജിയും പാർട്ടിയും ഇന്ന് പുലർച്ചേ നടത്തിയ പരിശോധനയിൽ കരുനാഗപ്പള്ളി താലൂക്കിൽ കുലശേഖരപുരം വില്ലേജിൽ കുറു ങ്ങാപ്പള്ളി മുറിയിൽ ചിറക്കൽ വടക്കത്തിൽ ഷൈൻ കുമാറിന്റെ വീട്ടിൽ നിന്ന് 15 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി.വീട്ടുടമയായ ഷൈൻ കുമാറിനെ അറസ്റ്റ് ചെയ്തു. ടി പ്രതിയേയും തൊണ്ടി വക കേസ്സ് റിക്കാർഡുകളും കോടതി മുൻപാകെ ഹാജരാക്കി. അസ്സി.എക്സൈസ് ഇൻസ്‌പെക്ടറോടൊപ്പം സിവിൽ എക്സ്സൈസ് ഓഫീസർ മാരായ ചാൾസ്, നിധിൻ,അൻസാർ, വനിത സിവിൽ എക്സൈസ് ഓഫീസർ രാജി എസ് ഗോപിനാഥ്‌, അസ്സി.എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ഡ്രൈവർ അബ്ദുൽ മനാഫ്‌ എന്നിവരും പങ്കെടുത്തു.തുടർന്നും കർശന നിരീക്ഷണവും പരിശോധനയും നടത്തുമെന്ന് കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ. ബിജു പറഞ്ഞു.

വിധിയെഴുത്തിന് ഇനി ഒരാഴ്ച, പ്രചാരണം കൊഴുപ്പിച്ച് മുന്നണികൾ; എൽ ഡി എഫ്, യൂ ഡി എഫ് പ്രകടനപത്രികകൾ ഇന്ന്

തിരുവനന്തപുരം:‌‌‌ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് വിധിയെഴുതാൻ ഇനി ഒരാഴ്ച മാത്രം ശേഷിക്കെ പ്രചാരണം കൊടുംമ്പിരിക്കൊണ്ടു. തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ്-യുഡിഎഫ് മുന്നണികളുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇടത് മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കുക. കോഴിക്കോട് നടക്കുന്ന ചടങ്ങിൽ എം വി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ, മുന്നണിയിലെ മറ്റ് പ്രമുഖ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
ക്ഷേമപെൻഷനുകൾ, ലൈഫ് മിഷൻ, കെ. ഫോൺ തുടങ്ങിയ പദ്ധതികളുടെ അടുത്ത ഘട്ട പ്രഖ്യാപനങ്ങൾ പത്രികയിൽ ഉണ്ടായേക്കും.

കോഴിക്കോട് ജില്ലയിലാണ് ഇന്ന് മുഖ്യമന്ത്രിയുടെ പ്രചാരണം.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കെ സി വേണുഗോപാൽ, വി ഡി സതീശൻ എന്നിവർ ചേർന്ന് കൊച്ചിയിലെ ചടങ്ങിലാണ് യുഡിഎഫ് പ്രകടന പത്രിക പ്രകാശനം ചെയ്യുക. നിലവിൽ യുഡിഎഫ് അവതരിപ്പിച്ച ഇന്ദിര ഗ്യാരണ്ടിക്ക് പുറമെ എന്ത് പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയിൽ ഉണ്ടാവുക എന്നതാണ് ആകാംക്ഷ.

അതേസമയം, കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാവിലെ തിരുവനന്തപുരത്ത് എത്തുന്ന പ്രിയങ്ക ഗാന്ധി ചിറയിൻകീഴ് മണ്ഡലത്തിൽ രാവിലെ 11ന് പുത്തൻതോപ്പിൽ നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കും. 12.30ന് കൊല്ലം കൻ്റോൺമെൻ്റ് മൈതാനിയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രിയങ്ക പങ്കെടുക്കും. 2 ന് തിരുവനന്തപുരം കവടിയാർ സാൽവേഷൻ ആർമി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സമ്മേളനത്തിൽ വട്ടിയൂർക്കാവ്, അരുവിക്കര, നെടുമങ്ങാട്, കാട്ടാക്കട മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികളും പ്രവർത്തകരും പങ്കെടുക്കും.

ഏനാത്ത് പാലത്തിൽ നിന്നും കല്ലടയാറ്റിലേക്ക് ചാടിയ പെൺകുട്ടിയെ രക്ഷപെടുത്തി

അടൂർ: ഏനാത്ത് പാലത്തിൽ നിന്നും കല്ലട ആറ്റിലേക്ക് ചാടിയ പെൺകുട്ടിയെ രക്ഷപ്പെടുത്തി.
ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെ ആണ് ഏനാത്ത് പാലത്തിൽനിന്നും പുതുശ്ശേരിഭാഗം സ്വദേശിയായ
പെൺകുട്ടി ആറ്റിലേക്ക് ചാടിയത്.
പാലത്തിന്റെ തൂണിനടിയിലുള്ള ചതുപ്പിൽ പിടിച്ചു കിടന്ന നിലയിൽ ആണ് കണ്ടെത്തിയത് .
ഉടൻതന്നെ പ്രദേശവാസികളായ രണ്ടുപേർ
ആറ്റിൽ ചാടി കുട്ടി ഒഴുകിപ്പോവാതെ പാലത്തിന്റെ തൂണിനോട് ചേർത്ത് പിടിച്ചു നിർത്തി.
അടൂർ നിന്നും ഫയർഫോഴ്സ് എത്തി നെറ്റ് ഉപയോഗിച്ച് കുട്ടിയെ പുറത്തെടുത്ത് ആംബുലൻസിൽ ആശുപത്രിയിലാക്കി.

സന്ദീപ് വാര്യരുടെ പ്രചാരണം തടഞ്ഞു, വാക്കേറ്റം

കാഞ്ഞങ്ങാട്: തൃക്കരിപ്പൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി സന്ദീപ് വാര്യർക്ക് വേണ്ടി പ്രചരണം നടത്തുന്ന കാൽനട പ്രചരണ പ്രവർത്തകരെ ചെറുവത്തൂർ ബസ്റ്റാൻഡിൽ സി.പി.എം- സി.ഐ.ടി.യു സംഘം തടഞ്ഞതായി പരപാതി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സന്ദീപ് വാര്യരെയും ഒരു വിഭാഗം തടയാൻ ശ്രമിക്കുകയും ഇത് വാക്കേറ്റത്തിനിടയാക്കുകയും ചെയ്തു. പിന്നീട് തൊഴിലാളികൾ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. 

ബുധനാഴ്ച രാവിലെ 9.30ന് ചെറുവത്തൂർ ബസ്റ്റാൻഡിലാണ് സംഭവം.സന്ദീപ് വാര്യരുടെ തെരഞ്ഞടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി മൂന്നു ദിവസമായി അഞ്ച് യുവാക്കൾ ദേഹത്ത് ബോർഡുകൾകെട്ടി കാൽനടയായി കലകളിലൂടെ കറങ്ങുന്നുണ്ട്. ഇന്ന് രാവിലെ സംഘം ചെറുവത്തൂർ ബസ്സ് സ്റ്റാൻറിലെത്തിയപ്പോൾ സി.പി.എം- സി.ഐ.ടി.യു സംഘം തടഞ്ഞു. പ്രചരണ സാമഗ്രികൾ നശിപ്പിച്ചതായും യു.ഡി.എഫ് ആരോപിച്ചു. പ്രചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന നൗഷാദ് ഇളമ്പാടിയെയും സംഘം ഭീഷണിപ്പെടുത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സന്ദീപ് വാര്യരെയും സംഘം തടയാൻ ശ്രമിച്ചു. സന്ദീപ് വാര്യർ ഇതിൽ പ്രതിഷേധം അറിയിച്ചതോടെ വാക്കേറ്റമായി.

‘പെണ്ണുപിടിയന്മാരായ കോൺഗ്രസുകാർ വരേണ്ട’ പര്യടനത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ് ബിജെപി വനിതാ പ്രവർത്തകർ

പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി വനിതാ പ്രവർത്തകർ തടഞ്ഞു. സൗത്ത് മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനത്തിനിടെ, വടക്കന്തറയിലാണ് രമേഷ് പിഷാരടിയെ തടഞ്ഞത്. ബിജെപി കൗൺസിലർ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള ബിജെപി വനിതാ പ്രവർത്തകരാണ് സ്ഥാനാർത്ഥിയെ തടഞ്ഞുവെച്ചത്. പെണ്ണുപിടിയന്മാരായ കോൺഗ്രസുകാരെ കയറ്റില്ല എന്ന് പറഞ്ഞാണ് തടഞ്ഞത്.

പാലക്കാട് ടൗൺ സൗത്ത് ആയിരുന്നു ഇന്ന് രമേഷ് പിഷാരടിയുടെ പര്യടനം. ബിജെപിയുടെ ശക്തി മേഖലകൾ ഉൾപ്പെടുന്നതാണ് ഈ മേഖലകൾ. എതിർ സ്ഥാനാർത്ഥികളുടെ ഫ്ലക്സോ പോസ്റ്ററോ പോലും അനുവദിക്കാത്ത സ്ഥലങ്ങളാണ് മൂത്താന്തറ, വടക്കന്തറ പോലുള്ള സ്ഥലങ്ങൾ.സ്ത്രീകളായ പ്രവർത്തകരാണ് രമേഷ് പിഷാരടിയെ തടഞ്ഞത്. മനക്കൽ തൊടി ഭാഗത്ത് പിഷാരടിയും കോൺഗ്രസുകാരും എത്തിയപ്പോൾ സ്ത്രീകൾ സംഘടിക്കുകയായിരുന്നു.

തുരുത്ത് നിവാസികളുടെ ദുരിതങ്ങൾ നേരിട്ടറിഞ്ഞ് എൻ ഡി എ സ്ഥാനാർത്ഥി രാജ് പ്രസാദ്

​ശാസ്താംകോട്ട: കൊല്ലം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ മൺട്രോ തുരുത്തിൽ പര്യടനം നടത്തിയ എൻഡിഎ സ്ഥാനാർഥി രാജി പ്രസാദിന് തുരുത്ത് നിവാസികൾ ആവേശകരമായ സ്വീകരണം നൽകി.
ലോക ടൂറിസം ഭൂപടത്തിൽ വിസ്മയമായി നിൽക്കുന്ന മൺട്രോത്തുരുത്തിനെ കേരളത്തിൽ തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി ഉയർത്താൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് സ്വീകരണ യോഗങ്ങളിൽ രാജി പ്രസാദ് വ്യക്തമാക്കി. ആദ്യ സ്വീകരണം നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട പെരിങ്ങാലം തുരുത്തിലായിരുന്നു.

​1992-ലെ മഹാപ്രളയത്തിന് ശേഷം കഴിഞ്ഞ 34 വർഷമായി പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടു കഴിയുന്ന പെരിങ്ങാലത്തെ 150 ഓളം കുടുംബങ്ങളുടെ വേദന സ്ഥാനാർത്ഥി നേരിട്ടറിഞ്ഞു. കല്ലടയാറും അഷ്ടമുടി കായലുമായി ചുറ്റപ്പെട്ടു കിടക്കുന്ന ഈ ദ്വീപിൽ
വള്ളങ്ങളും ബോട്ടുകളും മാത്രം ആശ്രയിച്ചു കഴിയുന്ന ഇവിടുത്തെ ജനതയ്ക്ക് ഒരു പാലം എന്നത് കേവലം ഒരു ആഗ്രഹമല്ല, മറിച്ച് നിലനില്പിന്റെ പ്രശ്നമാണ്. താൻ അധികാരത്തിലെത്തിയാൽ പെരിങ്ങാലം പാലം നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് നാട്ടുകാരുടെ സ്വീകരണത്തിന് മറുപടിയായി രാജി പ്രസാദ് ഉറപ്പുനൽകി.ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള ഒരു സ്കൂൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.ദൂരസ്ഥലങ്ങളിൽ നിന്നും ഇവിടെയെത്തുന്ന വിദ്യാർത്ഥികളും അധ്യാപകരുംഏറെ ദുരിതം താണ്ടിയാണ് സ്കൂളിലെത്താറ്. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ ദ്വീപിലെ സ്കൂളിൽഅധ്യാപകരും വിദ്യാർത്ഥികളും എത്തുന്നത് ചെറുവള്ളങ്ങളിലും ബോട്ടിലുമാണ്.വേലിയേറ്റം ആയാൽ സ്കൂളിലേക്കുള്ള ഒറ്റയടിപ്പാതകൾ എല്ലാം വെള്ളത്തിലാകും.നരകയാതനയാണ് ഇവിടേക്ക് വരുന്നവരും ഈ പ്രദേശത്തുള്ളവരും നേരിടുന്നത്.


​പെരിങ്ങാലം തുരുത്തിലേക്ക് വള്ളത്തിലുള്ള യാത്ര സ്ഥാനാർത്ഥിക്കും കൂടെയുള്ള പ്രവർത്തകർക്കും വേറിട്ട അനുഭവമായി. ടൂറിസം വികസനത്തിനൊപ്പം തന്നെ അടിസ്ഥാന സൗകര്യ വികസനത്തിനും തുല്യ പ്രാധാന്യം നൽകുമെന്ന് രാജി പ്രസാദ് പറഞ്ഞു.
ഇടയ്ക്കടവിൽ നടന്ന ഉജ്ജ്വലമായ പൊതുസമ്മേളനത്തോടെയാണ് സ്വീകരണ പരിപാടികൾ സമാപിച്ചത്.