കൊല്ലം: കൊല്ലം ജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയുടെ ആദ്യദിവസത്തെ മത്സരഫലങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ റവന്യു ജില്ലാ ശാസ്ത്രമേളയില്‍ 235 പോയിന്റുമായി അഞ്ചല്‍ ഉപജില്ല മുന്നില്‍. 209 പോയിന്റുമായി ചടയമംഗലം ഉപജില്ല രണ്ടാമതും. 204 പോയിന്റുമായി കൊട്ടാരക്കര ഉപജില്ല മൂന്നാമതുമാണ്. 202 പോയിന്റുമായി ആതിഥേയരായ കൊല്ലം ഉപജില്ല നാലാം സ്ഥാനത്താണ്. മറ്റ് ഉപജില്ലകളുടെ പോയിന്റ് നില: പുനലൂര്‍ (199), വെളിയം(196), കരുനാഗപ്പള്ളി (195), കുളക്കട (193), ചാത്തന്നൂര്‍ (187), ചവറ (178), ശാസ്താംകോട്ട (165), കുണ്ടറ(161).
സ്‌കൂളുകളില്‍ 92 പോയിന്റുമായി അഞ്ചല്‍ വെസ്റ്റ് ഗവ. എച്ച്എസ്എസ് ആണ് ഒന്നാമത്. അയ്യന്‍കോയിക്കല്‍ ജിഎച്ച്എസ്എസ് 71 പോയിന്റുമായി രണ്ടാമതും 68 പോയിന്റുമായി കുറ്റിക്കാട് സിപിഎച്ച്എസ്എസ് മൂന്നാമതുമാണ്. യുപി, എച്ച്എസ്, എച്ച്എസ്എസ്, വിഎച്ച്എസ്എസ് വിഭാഗങ്ങളിലായി 153 മത്സരങ്ങളാണ് ഇന്നലെ നടന്നത്. പ്രവൃത്തി പരിചയമേളയിലായിരുന്നു കൂടുതല്‍ മത്സരങ്ങള്‍ നടന്നത്. എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി 34 ഇനങ്ങളില്‍ വീതം മത്സരം നടന്നു.
കൊല്ലം ജില്ലാ സ്‌കൂള്‍ ശാസ്ത്രമേള; അഞ്ചല്‍ ഉപജില്ല മുന്നില്‍
വിലയിടാനാവാത്ത മലയാള സാഹിത്യം,സാഹിത്യ അക്കാദമി അവാർഡുകൾ സമ്മാനിച്ച് രണ്ടാഴ്ചയായിട്ടും പുരസ്കാരത്തുകയില്ല
തൃശൂര്‍. കേരള സാഹിത്യ അക്കാദമി അവാർഡുകൾ സമ്മാനിച്ച് രണ്ടാഴ്ചയായിട്ടും പുരസ്കാരത്തുക കൈമാറാനായില്ല. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് പുരസ്കാര തുക നൽകാനാകാത്തത്. ഒരാഴ്ചയ്ക്കകം തുക കൈമാറുമെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ സി പി അബൂബക്കർ പറഞ്ഞു.
സംസ്ഥാനത്തിന് തന്നെ അഭിമാനമായ സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ സമ്മാനിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴും പുരസ്കാര തുക കൈമാറാൻ സാധിക്കാത്തത് നാണക്കേടാവുകയാണ്. ഈ മാസം പതിനാലിനാണ് സാഹിത്യ അക്കാദമി അവാർഡുകൾ സമ്മാനിച്ചത്. അക്കൗണ്ട് വഴി സമ്മാനത്തുക നൽകാമെന്ന് അറിയിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇതുവരെയും പണം കൈമാറിയിട്ടില്ല. വിവിധ പുരസ്കാരങ്ങളുടെ തുകയായി 5,55,000 രൂപയാണ് കൈമാറാനുള്ളത്. സാമ്പത്തിക പ്രതിസന്ധിയാണ് സമ്മാനത്തുക വൈകാനിടയാക്കുന്നതെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ സി പി അബൂബക്കർ സമ്മതിക്കുന്നു.
സംസ്ഥാന സർക്കാരിൻറെ സാമ്പത്തിക പ്രതിസന്ധി സാഹിത്യ അക്കാദമിയെ അടക്കമുള്ള സാംസ്കാരിക സ്ഥാപനങ്ങളെയും ബാധിക്കുന്നുണ്ട്. ഇക്കഴിഞ്ഞ മാസം മൂന്നുദിവസം വൈകിയാണ് കേരള സാഹിത്യ അക്കാദമി ജീവനക്കാർക്ക് ശമ്പളം നൽകാനായത്.
തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞു,കലക്ടറുടെ മൊഴിയില്‍ വന്‍ വിവാദം
കണ്ണൂര്‍.അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിലുറച്ച് കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ. തെറ്റ് പറ്റിയെന്ന് വിവാദമായ യാത്രയയപ്പ് പരിപാടിക്ക് ശേഷം നവീൻ ബാബു പറഞ്ഞിരുന്നുവെന്നാണ് കളക്ടറുടെ മൊഴി. തന്റെ മൊഴിയിലെ മുഴുവൻ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെന്നും കളക്ടർ പറഞ്ഞു. കേസിൽ ദിവ്യക്ക് പുറമെ ടി. വി പ്രശാന്തനെയും പ്രതിചേർക്കണമെന്ന് നവീൻ ബാബുവിന്റെ കുടുംബം ആവശ്യപ്പെട്ടു
തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി പ്രസ്താവത്തിലാണ് ജില്ലാ കളക്ടറുടെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. തനിക്ക് തെറ്റ് പറ്റിയെന്ന് നവീൻ ബാബു പറഞ്ഞിരുന്നുവെന്നാണ് കളക്ടറുടെ മൊഴിയിലെ പ്രധാന പരാമർശം. മൊഴി കോടതി മുഖവിലക്കെടുത്തില്ലെങ്കിലും നൽകിയ മൊഴിയിൽ ഉറച്ചുനിൽക്കുകയാണ് കളക്ടർ.
കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ ടി വി പ്രശാന്തനെ പ്രതിചേർത്ത് അന്വേഷണം നടത്തണമെന്ന് നവീൻ ബാബുവിന്റെ കുടുംബം ആവശ്യപ്പെട്ടു. കുടുംബത്തിന്റെ എല്ലാ സംശയങ്ങളും ദുരീകരിക്കണമെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയബാനു.അന്വേഷണ സംഘത്തോട് കളക്ടർ പറഞ്ഞ കൂടുതൽ കാര്യങ്ങൾ എന്തായിരിക്കാം എന്ന ചോദ്യം അവശേഷിക്കുകയാണ്.
കാക്കനാട് സ്വകാര്യ ബസും ലോറിയും കൂട്ടി ഇടിച്ചു ബസ് യാത്രക്കാരിക്ക് ദാരുണ അന്ത്യം
കൊച്ചി.കാക്കനാട് ജഡ്ജി മുക്കിൽ സ്വകാര്യ ബസും ലോറിയും കൂട്ടി ഇടിച്ചു വൻ അപകടം. ബസ് യാത്രക്കാരിക്ക് ദാരുണ അന്ത്യം.
ഇന്ന് രാവിലെ 7 45 നാണ് കാക്കനാട് വള്ളത്തോൾ ജംഗ്ഷനിലെ ജഡ്ജി മുക്കിൽ ബസ്സും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടാവുന്നത്. മുൻഭാഗം തകർത്താണ് യാത്രക്കാരെ പുറത്തെത്തിച്ചത്. 14 പേർക്ക് പരിക്കേറ്റു. കുട്ടമശ്ശേരി സ്വദേശിയായ നസീറ എന്ന സ്ത്രീ ആശുപത്രിയിൽ എത്തിച്ച ഉടൻ മരിച്ചു. ബസ്സിന്റെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
പൂക്കാട്ടുപടിയിൽ നിന്ന് വരികയായിരുന്ന ബസ് കാക്കനാട് ഭാഗത്തേക്ക് പോവുകയായിരുന്നു. മണ്ണ് കയറ്റി കാക്കനാട് നിന്നും ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയുമായിട്ട് ബസ് കൂട്ടിയിടിച്ചതിനെ തുടർന്ന് തൊട്ടടുത്തുണ്ടായിരുന്ന മെഡിക്കൽ ക്ലിനിക്കിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ തുടർന്ന് എയർപോർട്ട് റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടായി. കൊച്ചിയിലെ സ്വകാര്യ ബസ്സുകളുടെ മത്സരവും അശ്രദ്ധമായ ഡ്രൈവിങ്ങും ചർച്ചയാകുന്ന സാഹചര്യത്തിലാണ് ഈ അപകടം ഉണ്ടായിരിക്കുന്നത്
നവീന്‍ബാബുവിന്‍റെ ഒഴിവില്‍ പുതിയ എഡിഎം കൊല്ലം സ്വദേശി
കണ്ണൂര്‍. നവീന്‍ബാബുവിന്‍റെ ഒഴിവില്‍ പുതിയ എഡിഎം കൊല്ലം സ്വദേശി. പത്മചന്ദ്രക്കുറുപ്പ് ആണ് പുതിയ എഡിഎം. നവീൻ ബാബു ചെയ്തതെല്ലാം നിയമപരമായാണ് ; അത്തരം നടപടികൾ തുടരും. വിവാദങ്ങൾ ബാധിക്കില്ല. പ്രതീക്ഷയോടെയാണ് ചുമതലയേറ്റത്.ചുമതലേൽക്കുന്നതിൽ കാലതാമസം ഉണ്ടായിട്ടില്ല.23നാണ് കൊല്ലത്തു നിന്ന് വിടുതൽ കിട്ടിയത്
അമാനുഷിക ശക്തിയുണ്ടെന്ന് അവകാശവാദം,ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്
കോയമ്പത്തൂര്‍.അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് കോയമ്പത്തൂരിൽ കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. മൂന്നാം വർഷ എഞ്ചിനീയറിങ് വിദ്യാർഥി പ്രഭുവിനാണ് പരിക്കേറ്റത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
തനിക്ക് അമാനുഷിക ശക്തിയുണ്ട്. എത്ര ഉയരത്തിൽ നിന്ന് ചാടിയാലും ഒന്നും സംഭവിക്കില്ല. കഴിഞ്ഞ രണ്ടാഴ്ചയായി സ്വകാര്യ എഞ്ചിനീയറിങ് കോളേജിലെ മൂന്നാം വർഷ വിദ്യാർഥിയായ ഈറോഡ് സ്വദേശി പ്രഭു നിരന്തരം ഇക്കാര്യം സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് പ്രഭു താഴേക്ക് ചാടിയത്.
ചാടുന്നതിന് മുൻപ് തന്റെ ശക്തി ബോധ്യപ്പെടുത്തി തരാമെന്ന് വിദ്യാർഥി കൂട്ടുകാരെ വെല്ലുവിളിച്ചിരുന്നു. താഴെ വീണ പ്രഭുവിന്റെ
രണ്ട് കൈകളും കാലുകളും ഒടിഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ഇയാൾ കോയമ്പത്തൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ രണ്ടാഴ്ചയായാണ് പ്രഭുവിന് ഈ മാറ്റമെന്ന് സുഹൃത്തുക്കൾ പറയുന്നു. ഒരുപാട് സംസാരിക്കാറുണ്ടായിരുന്ന പ്രഭു പലപ്പോഴും ക്ലാസിൽ ഒറ്റയ്ക്കിരിക്കുന്നത് ഇവർ ശ്രദ്ധിച്ചിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായതോടെ പൊലീസ് കൂട്ടുകാരുടെയും സുഹൃത്തുക്കളുടെയും മാതാപിതാക്കളെയും മൊഴിയെടുത്തു.
കഴിഞ്ഞ മൂന്ന് വർഷവും പ്രഭുവിൽ നിന്ന് അസ്വാഭാവികമായ പൊരുമാറ്റമുണ്ടായിട്ടില്ലെന്നാണ് അധ്യാപകരടക്കം പറയുന്നത്.
പ്രഭു ദുർമന്ത്രവാദത്തിന് ഇരയായിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്
ദേ…… പൊന്ന് പോകുന്ന പോക്ക് കണ്ടോ?
കൊച്ചി:ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില 60,000ലേക്ക്. ഇന്ന് പവന് 520 വര്‍ധിച്ച് 59,520 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ റെക്കോര്‍ഡ് കുറിച്ചു.
ഗ്രാമിന് 65 രൂപയാണ് വര്‍ധിച്ചത്. 7440 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയാണ് സ്വര്‍ണവില ആദ്യമായി 59,000 തൊട്ടത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്. തിങ്കളാഴ്ച 360 രൂപ കുറഞ്ഞത് താത്കാലികം മാത്രമാണെന്ന് സൂചന നല്‍കി ഇന്നലെയും ഇന്നുമായി സ്വര്‍ണവില ആയിരം രൂപയാണ് വര്‍ധിച്ചത്. അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയാണ് കേരള വിപണിയിലും പ്രതിഫലിക്കുന്നത്.
സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍ വിലയിരുത്തുന്നത്.
ന്യൂസ് അറ്റ് നെറ്റ് BREAKING NEWS ദിവ്യയുടെ അറസ്റ്റ്: മാധ്യമങ്ങളുടെ പങ്ക് ജനാധിപത്യവിരുദ്ധമെന്ന് സി പി എം
?നീലേശ്വരം വെടിക്കെട്ടപകടം. പരിക്കേറ്റ് ആശുപത്രിയിലുള്ളവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും.8 പേരുടെ നില ഗുരുതരം.
?ദിവ്യയുടെ അറസ്റ്റ് മാധ്യമങ്ങളുടേത് ജനാധിപത്യ വിരുദ്ധ നിലപാടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, ദിവ്യയ്ക്കെതിരായ പാർട്ടി നടപടി മാധ്യമങ്ങളോട് വിശദീകരിക്കേണ്ടതില്ലന്നും ഗോവിന്ദൻ
?കോടതി ഉത്തരവിൽ വന്ന മൊഴി ശരിവെച്ച് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ
?രേണുകാ സ്വാമി വധ കേസ്: നടൻ ദർശൻ രാമന് ഇടക്കാല ജാമ്യം
?മേയർ – ഡ്രൈവർ തർക്കം. കെ എസ് ആർറ്റിസി ഡ്രൈവർ യെദുവിൻ്റെ പരാതിയിൽ വിധി ഇന്ന്
?സേലത്ത് യുവതിയെ കൊന്ന് സ്യൂട്ട് കെയ്സിലാക്കിയ സംഭവം; ബംഗ്ലൂരു സ്വദേശികളായ
അശ്വതി പാട്ടിൽ ഭർത്താവ് അഭിനവ് സാഹു എന്നിവർ പിടിയിലായി.
? ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ റാബിസ് വാക്സിൻ എടുത്തതിനെ തുടർന്ന് തകഴി സ്വദേശിയായ വീട്ടമ്മ ഗുരുതരാവസ്ഥയിൽ.ചികിത്സാ പിഴവെന്നാരോപിച്ച് കുടുംബം പോലീസിൽ പരാതി നൽകി.
?എ ഡി എമ്മിൻ്റെ മരണം: പാർട്ടി കുടുംബത്തിനൊപ്പമെന്ന് സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി,
?കണ്ണൂരിൽ പുതിയ എഡിഎമ്മായി കൊല്ലം സ്വദേശി പത്മ ചന്ദ്രകുറുപ്പ് ചുമതലയേറ്റു.
ഭാഗ്യക്കുറി ജേതാവ് വാഹനാപകടത്തിൽ മരിച്ചു
കോലഞ്ചേരി.ഭാഗ്യക്കുറി ജേതാവ് വാഹനാപകടത്തിൽ മരിച്ചു. ജൂലൈ മാസത്തിലെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ച കോലഞ്ചേരി കടയിരിപ്പ് സ്വദേശി യാക്കോബ് ആണ് മരിച്ചത്.
മൂന്നുമാസം മുന്‍പ് സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് യാക്കോബിന് ലഭിച്ചത്. സമ്മാനത്തുകയായ 75ലക്ഷം രൂപ മൂന്ന് ആഴ്ച മുന്‍പാണ് യാക്കോബ് കൈപ്പറ്റിയത്. സന്തോഷകരമായി കഴിയുന്നതിനിടെയാണ് കുടുംബത്തെ സങ്കടത്തിലാക്കി അപകടമുണ്ടാകുന്നത്.
തിങ്കളാഴ്ച്ച വൈകീട്ട് 6 മണിയോടെ മൂശാരിപ്പടി ഭാഗത്ത് നിന്നും വരികയായിരുന്ന യാക്കോബ് ബിവറേജിന്റെ ഭാഗത്തുള്ള കടയിലേക്ക് തിരിയുന്നതിനിടെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യാക്കോബിനെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ട് 5 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ- മേരി, മക്കള്‍: ജിബു, ജിലു.
നാളെ ബസ് പണിമുടക്ക്
തൃശൂർ. ശക്തൻ ബസ്റ്റാൻ്റിൽ എത്തുന്ന സ്വകാര്യ ബസുകൾ നാളെ പണിമുടക്കും. ശക്തൻ ബസ്റ്റാന്റ് പരിസരത്ത് നടപ്പാക്കിയ ഗതാഗത പരിഷ്‌ക്കാരത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. സംയുക്ത ബസ് തൊഴിലാളി സംഘടന ഭാരവാഹികൾ കളക്ടറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു




































