Home Blog Page 1982

ബൈക്കില്‍ യുവാവിന്റെ മടിയിലിരുന്ന് യുവതിയുടെ യാത്ര…. ദൃശ്യങ്ങള്‍ പങ്കുവച്ച് ബംഗളൂരു പൊലീസ്

അപകടകരമായ രീതിയില്‍ കാമുകിയെ മടിയിലിരുത്തി ബൈക്ക് ഓടിക്കുന്ന യുവാവിനെ പിടികൂടി ബംഗളൂരു പൊലീസ്. ദൃശ്യങ്ങളും പ്രണയലീലകളും സോഷ്യല്‍ മീഡിയ ഫ്‌ളാറ്റ് ഫോമായ എക്സില്‍ ബംഗളൂരു പൊലീസ് തന്നെ പങ്കുവച്ചിട്ടുണ്ട്. പൊലീസ് യുവാവിനെതിരെ നടപടി സ്വീകരിച്ചു. പ്രണയലീലയ്ക്ക് കമിതാക്കള്‍ ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് റോഡാണ് തെരഞ്ഞെടുത്തത്.
ബൈക്കില്‍ യുവാവിന്റെ മടിയില്‍ ഇടതുവശം ചരിഞ്ഞാണ് യുവതിയുടെ ഇരിപ്പ്. യുവാവിന്റെ കഴുത്തിന് ചുറ്റുമായിട്ടാണ് യുവതിയുടെ കൈ. ഇരുവരും ഹെല്‍മറ്റും ധരിച്ചിട്ടില്ല. റോഡ് അഭ്യാസപ്രകടനം നടത്താനുള്ള വേദിയല്ലെന്നും എല്ലാവരുടെയും സുരക്ഷയ്ക്ക് വേണ്ടി ഉത്തരവാദിത്തത്തോടെ വാഹനം ഓടിക്കണമെന്നും നിര്‍ദേശിച്ച് കൊണ്ടാണ് ബംഗളൂരു പൊലീസ് വീഡിയോ പങ്കുവെച്ചത്. വണ്ടിയുടെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

‘ആവേശകരവും സാഹസികവുമായ അനുഭവങ്ങള്‍ നിറഞ്ഞ കേരളത്തിലെ വര്‍ഷങ്ങള്‍ അവസാനിച്ചു… ബ്ലാസ്റ്റേഴ്സ് വിട്ട് ദിമിത്രിയോസ് ഡയമന്റകോസ്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റകോസ് ക്ലബ്ബ് വിട്ടു. താരം തന്നെയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഇക്കാര്യം പങ്കുവെച്ചത്. ക്ലബ്ബിലെ തന്റെ രണ്ട് വര്‍ഷത്തെ സേവനം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞ ദിമിത്രിയോസ് ആരാധകരോട് നന്ദിയും അറിയിച്ചു. വികാരപരമായ കുറിപ്പിന് ഒപ്പമായിരുന്നു ദിമിത്രിയോസിന്റെ പ്രഖ്യാപനം.
‘ആവേശകരവും സാഹസികവുമായ അനുഭവങ്ങള്‍ നിറഞ്ഞ കേരളത്തിലെ വര്‍ഷങ്ങള്‍ അവസാനിച്ചു… ഒരു ടീമെന്ന നിലയില്‍ ഒന്നിച്ച, സ്നേഹിച്ച നിമിഷങ്ങള്‍, അതു പങ്കുവയ്ക്കാന്‍ എനിക്ക് വാക്കുകളില്ല. നിങ്ങള്‍ എന്നെ ഏറ്റെടുത്തു, അതില്‍ എന്നും നന്ദിയുള്ളവനാകും. ആരാധകരില്‍ നിന്ന് ലഭിച്ച പിന്തുണയും സ്നേഹവും അവിശ്വസനീയമാണ്. മഞ്ഞപ്പടയ്ക്ക് നന്ദി, ഞാന്‍ നിങ്ങളെ എപ്പോഴും ഓര്‍ക്കും, നിങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു.’ എന്നായിരുന്നു ദിമിത്രിയോസിന്റെ കുറിപ്പ്.
ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ അടിച്ചുകൂട്ടിയ താരമാണ് ദിമി. 2022ല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ തട്ടകത്തിലെത്തിയ താരം 44 ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി അടിച്ചുകൂട്ടിയത്. ഐഎസ്എല്ലില്‍ കഴിഞ്ഞ സീസണിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവുമായിരുന്നു.

മദ്യലഹരിയില്‍ ബാറിനുമുന്നില്‍ പെരുമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസം നടത്തിയ ആള്‍ പിടിയില്‍

മദ്യലഹരിയില്‍ ബാറിനുമുന്നില്‍ പെരുമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസം നടത്തിയ ആള്‍ പിടിയില്‍. അടൂര്‍ പറക്കോട് സ്വദേശി ദീപുവാണ് പിടിയിലായത്. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പാമ്പുമായാണ് ഇയാള്‍ അഭ്യാസം നടത്തിയത്.
ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. ഓവുചാലില്‍ പെരുമ്പാമ്പിനെ കണ്ട് ജനം തടിച്ചുകൂടിയിരുന്നു. മദ്യലഹരിയിലായിരുന്ന ദീപു ഉടന്‍തന്നെ പാമ്പിനെ പിടികൂടി. പിന്നീട് അതിനെ തോളിലിട്ട് ‘പ്രകടനം’ നടത്തി. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. സംഭവത്തില്‍ ദീപുവിനും പാമ്പിനും പരിക്കുകളൊന്നുമില്ല.

കോവാക്സിന്‍ എടുത്തവരില്‍ പാര്‍ശ്വഫലങ്ങള്‍; റിപ്പോര്‍ട്ട് തള്ളി ഐസിഎംആര്‍

കോവാക്സിന്‍ എടുത്തവരില്‍ മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന പഠനറിപ്പോര്‍ട്ട് തള്ളി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. ബനാറസ് ഹിന്ദു സര്‍വകലാശാല നടത്തിയ ഗവേഷണം കൃത്യതയോടെയുള്ളതല്ല. പാര്‍ശ്വഫലങ്ങളെപ്പറ്റി പറയുന്ന പഠനവുമായി സഹകരിച്ചിട്ടില്ല. റിപ്പോര്‍ട്ടില്‍ ഐസിഎംആറിനെ തെറ്റായാണ് ഉദ്ധരിച്ചിരിക്കുന്നതെന്നും ഡയറക്ടര്‍ ജനറല്‍ രാജീവ് ബഹല്‍ പറഞ്ഞു.
സ്പ്രിംഗര്‍ നേച്ചര്‍ എന്ന ജേര്‍ണലിലാണ് ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് നിര്‍മ്മിച്ച കോവാക്സിന്‍ എടുത്തവരില്‍ മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതായാണ് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ശ്വാസകോശ അണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങള്‍, ചര്‍മരോഗങ്ങള്‍, തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തെന്നും പഠനത്തിലുണ്ട്. ഇത് തള്ളി ജേര്‍ണലിന് ഐസിഎംആര്‍ കത്തയച്ചു.

55,000 കടന്ന് സ്വർണവില;ഒറ്റയടിക്ക് പവന് 400 രൂപയുടെ വർധനവ്

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിട്ടു. ആദ്യമായി പവന് 55,000 രൂപ പിന്നിട്ടു. ഇന്ന് ഒറ്റയടിക്ക് പവന് 400 രൂപയുടെ വർധനവുണ്ടായതോടെയാണ് സ്വർണവില 55,000 കടന്നത്

ഒരു പവൻ സ്വർണത്തിന്റെ വില 55,120 രൂപയാണ്. ഗ്രാമിന് 50 രൂപ വർധിച്ചു. ഒരു ഗ്രാം സ്വർണത്തിന്റെ വില 6890 രൂപയാണ്.

മാർച്ച് 29നാണ് സ്വർണവില ആദ്യമായി 50,000 കടന്നത്. ഒന്നര മാസം കൊണ്ട് 5000 രൂപ കൂടി പവന് വർധിച്ചു. വില ഇനിയും ഉയർന്നേക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

കാസർകോട് നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു

കാസർകോട്:
നൃത്ത പരിശീലനത്തിനിടെ 13കാരി കുഴഞ്ഞുവീണ് മരിച്ചു. കാസർകോട് തൊട്ടി കിഴക്കേക്കരയിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർഥിനി ശ്രീനന്ദയാണ് മരിച്ചത്.

പരേതനായ തായത്ത് വീട്ടിൽ രവീന്ദ്രന്റെ മകളാണ് ശ്രീനന്ദ. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. പാക്കം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് ശ്രീനന്ദ പഠിക്കുന്നത്.

കുട്ടിക്ക് മറ്റ് അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് വിവരം. കൂടുതൽ മെഡിക്കൽ റിപ്പോർട്ട് വന്നതിന് ശേഷമേ മരണകാരണം അറിയാൻ സാധിക്കൂ

സത്യം ജയിച്ചു;പെരുമ്പാവൂർ ജിഷ വധ കേസ് ,നാൾവഴി ഇങ്ങനെ

കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളിയ കോടതി വിധി കേള്‍ക്കാൻ നിയമവിദ്യാര്‍ത്ഥിനിയുടെ അമ്മയും സഹോദരിയും കോടതിയില്‍ എത്തിയിരുന്നു. കൊലപാതകം, ബലാൽസംഗം,അതിക്രമിച്ചുകയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയകുറ്റങ്ങളാണ് അസാം സ്വദേശിയായ അമിറുൾ ഇസ്ലാമിനെതിരെ നേരത്തെ തെളിഞ്ഞത്.

വിചാരണക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇതുസംബന്ധിച്ച നിര്‍ണായക വിധി പറഞ്ഞത്. കേസില്‍ നിന്നും കുറ്റവിമുക്തനാക്കി വെറുതെവിടണമെന്നാണ് പ്രതിയുടെ ആവശ്യവും ഹൈക്കോടതി തള്ളി.

കോടതി വിധി കേള്‍ക്കാൻ നിയമവിദ്യാര്‍ത്ഥിനിയുടെ അമ്മയും സഹോദരിയും കോടതിയില്‍ എത്തിയിരുന്നു. കൊലപാതകം, ബലാൽസംഗം,അതിക്രമിച്ചുകയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയകുറ്റങ്ങളാണ് അസാം സ്വദേശിയായ അമിറുൾ ഇസ്ലാമിനെതിരെ നേരത്തെ തെളിഞ്ഞത്. താൻ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി പരിഗണിച്ചതെന്നുമാണ് പ്രതിയുടെ അപ്പീലിലെ വാദം. 2016 ഏപ്രിൽ 28നാണ് പെരുമ്പാവൂരില്‍ നിയമ വിദ്യാർഥിനി കൊല്ലപ്പെട്ടത്.

കേസിന്‍റെ നാൾ വഴി ഇങ്ങനെ

2016 ഏപ്രിൽ 28: രാത്രി എട്ടു മണിയോടെ പെരുമ്പാവൂർ കുറുപ്പംപടിയിലെ കനാൽ പുറമ്പോക്കിലുളള ഒറ്റമുറി ഷെഡിൽ നിയമവിദ്യാര്‍ത്ഥിനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

2016 ഏപ്രിൽ 30: പെരുമ്പാവൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി.

2016 മെയ് 4: പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നും ശരീരത്തിൽ 38 മുറിവുകൾ ഉണ്ടായിരുന്നു എന്നും കണ്ടെത്തൽ. പ്രാഥമിക അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് പെരുമ്പാവൂർ ഡിവൈഎസ്പി: അനിൽകുമാറിനെ ഒഴിവാക്കി ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി: എ.ബി. ജിജിമോനു ചുമതല നൽകി.

2016 മെയ് 8: നിർമാണ തൊഴിലാളികൾ ധരിക്കുന്ന തരം ചെരുപ്പ് ജിഷയുടെ വീടിന്റെ പരിസരത്തുനിന്നു പൊലീസ് കണ്ടെത്തി.

2016 മെയ് 10: വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയത് മുൻനിരയിലെ പല്ലിന് വിടവുളളയാളാണെന്ന ഫൊറൻസിക് നിഗമനം പുറത്ത്.

2016 മെയ് 14: കൊലയാളിയുടെ ഡിഎൻഎ വിവരങ്ങൾ പൊലീസിനു കിട്ടി. എന്നാൽ നിലവിൽ സംശയമുണ്ടായിരുന്ന ആരുമായും ഈ ഡിഎൻഎ ചേർന്നില്ല.

2016 മെയ് 16: പ്രതി നിർമാണ തൊഴിലാളി തന്നെയെന്ന് ഉറപ്പിക്കുന്നു. ഘാതകരെ തേടി പൊലീസ് സംഘം ബംഗാളിലെ മൂർഷിദാബാദിലേക്ക്.

2016 െമയ് 19: കേസുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയിലെടുത്തു.

2016 മെയ് 28: നിലവിലുണ്ടായിരുന്ന അന്വേഷണ സംഘത്തെ മാറ്റാൻ പിണറായി മന്ത്രിസഭയുടെ തീരുമാനം. എഡിജിപി: ബി.സന്ധ്യയുടെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘം നിലവിൽ വന്നു.

2016 മെയ് 31: വിദ്യാര്‍ത്ഥിനിയുടെ കൈവിരലിൽ നിന്ന് ലഭിച്ച ഡിഎൻഎയ്ക്കും വസ്ത്രത്തിൽ നിന്ന് ലഭിച്ച ഉമിനീരിലെ ഡിഎൻഎയ്ക്കും തമ്മിൽ സാമ്യമുണ്ടെന്നു കണ്ടെത്തൽ.

2016 ജൂൺ 2: പ്രതിയെന്നു കരുതുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു.

2016 ജൂൺ 13: മരണവുമായി ബന്ധപ്പെട്ട് നിയമവിദ്യാര്‍ത്ഥിനിയുടെ വീടിന് പരിസരത്തുളള ഇതര സംസ്ഥാന തൊഴിലാളികളെ വിശദമായി ചോദ്യം ചെയ്യുന്നു. 25 പേരെ കസ്റ്റഡിയിലെടുത്തു. പ്രതിയെ കുറിച്ചുളള കൃത്യമായ സൂചനയും ലഭിച്ചു.

2016 ജൂൺ 14: പ്രതിയായ അമീറുൽ ഇസ്‌ലാമിനെ തമിഴ്നാട്ടിൽ നിന്ന് അറസ്റ്റുചെയ്യുന്നു, ഊരും പേരുമാറ്റി കാർ വർക് ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു

2016 ജൂൺ 16: പ്രതി അറസ്റ്റിലായ വിവരം പൊലീസ് പുറത്തുവിട്ടു. മുഖ്യമന്ത്രി ഇക്കാര്യം സ്ഥിരീകരിക്കുന്നു.

2016 സെപ്റ്റംബർ 16: കുറ്റപത്രം സമർപ്പിച്ചു.

2017 മാർച്ച് 13: വധക്കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങി.

2017 ഡിസംബര്‍ 14: എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി പ്രതിക്ക് വധ ശിക്ഷ വിധിച്ചു

2024 മെയ് 20 : വധശിക്ഷയിയ്ക്കെതിരെ പ്രതി നൽകിയ അപ്പീലിൽ ഹൈക്കോടതി ഉത്തരവ്

ചായ കൂടുതൽ തിളപ്പിക്കരുതേ

ചായ കൂടുതൽ തവണ കുടിക്കുന്നതു പോലെ തന്നെ പാൽ ചായ കൂടുതൽ തിളപ്പിക്കുന്നതും ആരോഗ്യത്തിന് പ്രശ്നമാണെന്ന് ആരോഗ്യവിദഗ്ധർ. കടുപ്പം വേണമെന്ന് കരുതി ഒരുപാട് നേരം ചായ തിളപ്പിക്കുന്നത് ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യും.

ചായ അമിതമായി തിളപ്പിക്കുന്നതിലൂടെ ചായയ്ക്ക് രുചി വ്യത്യാസം ഉണ്ടാവുകയും അസിഡിറ്റിക്ക് കാരണമാവുകയും ചെയ്യും. ചായയുടെ പോഷകഗുണങ്ങൾ നഷ്ടമാകാനും ഇത് കാരണമാകും. കൂടാതെ കാൻസറിന് കാരണമാകുന്ന കാർസിനോജൻ പുറന്തള്ളും. അധികമായി തിളപ്പിക്കുന്നതു മൂലം ചായയുടെ ഗുണങ്ങൾ കൂടില്ലെന്ന് മനസ്സിലാക്കുക.

ആദ്യ അഞ്ച് മിനിറ്റിൽ തന്നെ തേയിലയുടെ കടുപ്പം ഇറങ്ങും. ഇതിൽ കൂടുതൽ സമയം തിളപ്പിക്കുന്നത് ചായയുടെ ഗുണങ്ങളെ ഓക്സിഡൈസ് ചെയ്യുന്നതിലേക്ക് നയിക്കും. പാലിൽ അടങ്ങിയ പ്രോട്ടീനും തെയിലയിലെ പോളിഫെനോളുകളുമാണ് ചായയ്ക്ക് ഗുണവും മണവും രുചിയും നൽകുന്നത്. കൂടുതൽ നേരം വെക്കുന്നത് തേയിലയുടെ കടപ്പു കൂട്ടാൻ കാരണമാകും. ഇത് ചായക്ക് ചവർപ്പ് രുചി നൽകും. അമിതമായി തിളപ്പിക്കുന്നത് പാലിലെ പ്രോട്ടീനുകളുടെ ഘടനയിൽ മാറ്റം വരുത്തും. ഇത് ദഹനക്കേടിന് കാരണമാകും. അമിതമായി തിളപ്പിക്കുന്നത് അസിഡിറ്റി ഉണ്ടാക്കും. ഇത് നെഞ്ചെരിച്ചിൽ അല്ലെങ്കിൽ വയറ്റിലെ അസ്വസ്ഥത പോലുള്ള ലക്ഷണങ്ങൾ വർധിപ്പിക്കും.

പെരുമ്പാവൂർ നിയമവിദ്യാര്‍ഥിനി വധം: പ്രതിയുടെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി വിധി

കൊച്ചി:പെരുമ്പാവൂർ നിയമവിദ്യാര്‍ഥിനി വധക്കേസിൽ പ്രതിയുടെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി ഉത്തരവ്. വിചാരണ കോടതി വിധിക്കെതിരെ ഹൈകോടതിയിൽ പ്രതി അമീറുൾ ഇസ്ലാം സമർപ്പിച്ച അപ്പീൽ കോടതി തള്ളി. വധശിക്ഷ റദ്ദാക്കി കുറ്റവിമുക്തനാക്കണമെന്നാണ് അമീറുൾ ഇസ്ലാം സമർപ്പിച്ച അപ്പീൽ തള്ളികൊണ്ടാണ് വിധി പറഞ്ഞത്. വധശിക്ഷ നടപ്പാക്കാൻ അനുമതി തേടി സർക്കാർ സമർപ്പിച്ച ഹർജിയും ഹൈകോടതി തീർപ്പാക്കി.

കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് കൃത്രിമമായി നിർമിച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി പരിഗണിച്ചതെന്നുമാണ് അമീറുൾ ഇസ്ലാം സമർപ്പിച്ച അപ്പീലിലെ വാദം. കൊലപാതകം, ബലാത്സംഗം, അതിക്രമിച്ചുകയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അസം സ്വദേശിയായ അമീറുൽ ഇസ്‌ലാമിനെതിരെ നേരത്തെ തെളിഞ്ഞത്.

2016 ഏപ്രിൽ 28നായിരുന്നു നിയമ വിദ്യാർഥി പെരുമ്പാവൂരിലെ വീട്ടിൽ കൊല്ലപ്പെട്ടത്.

പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം , പ്രതിയെ തിരിച്ചറിഞ്ഞു

കാസർഗോഡ്. പടന്നക്കാട് പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു.
കുട്ടിയുടെ വീടിനടുത്തു താമസിക്കുന്ന കുടക് സ്വദേശിയായ യുവാവാണ് പ്രതി.
ഇയാൾക്കായി അന്വേഷണസംഘം കുടകിലേക്ക് തിരിച്ചിട്ടുണ്ട്.

നാടിനെ ഞെട്ടിച്ച പീഡനം നടന്ന് അഞ്ചാം ദിവസമാണ് പ്രതിയെക്കുറിച്ചുള്ള ആധികാരിക വിവരം പൊലിസിന് ലഭിക്കുന്നത്‌. കർണാടക കുടക് സ്വദേശിയായ യുവാവാണ് പ്രതിയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
വിവാഹശേഷം വർഷങ്ങളായി കാഞ്ഞങ്ങാട്ടെ പെൺകുട്ടിയുടെ വീടിനടുത്ത് സ്ഥിരതാമസക്കാരനാണ് ഇയാൾ. സംഭവം നടന്ന പതിനഞ്ചാം തീയതിക്ക് ശേഷം പ്രതി വീട്ടിൽ നിന്ന് മാറിയത് അന്വേഷണ സംഘത്തിന്റെ സംശയം ബലപ്പെടുത്തി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി ഇയാൾ തന്നെയാണെന്ന് നിഗമനത്തിൽ പൊലീസ് എത്തിയത്. പ്രതിയുടെ മുഖം വ്യക്തമാകുന്ന കൂടുതൽ സിസിടിവി ദൃശ്യങ്ങളും തെളിവുകളും പൊലീസിന് ലഭിച്ചു. ഇയാൾ മറ്റൊരു പോക്സോ കേസിലും പ്രതിയാണെന്നാണ് സൂചന. യുവാവിനെ തിരിച്ചറിഞ്ഞയുടൻ പ്രത്യേക അന്വേഷണസംഘം കർണാടകയിലേക്ക് തിരിച്ചിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണാഭരണങ്ങൾ കവർന്നശേഷം വീടിനടുത്തുള്ള പറമ്പിൽ ഉപേക്ഷിച്ചത്. കുട്ടിയുടെ കുടുംബത്തെക്കുറിച്ചും പ്രദേശത്തെക്കുറിച്ചും കൃത്യമായ ധാരണയുള്ളയാളാണ് പ്രതിയെന്ന നിഗമനത്തിലായിരുന്നു തുടക്കം മുതൽ പോലീസ്