23.6 C
Kollam
Saturday 27th December, 2025 | 04:46:36 AM
Home Blog Page 1973

തെക്കു കിഴക്കൻ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ചക്രവാതചുഴി; അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലും തെക്കു കിഴക്കൻ അറബിക്കടലിലും ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിന്നും തെക്കൻ തമിഴ്നാട് വരെ ന്യൂനമർദ്ദ പാത്തിയുമുണ്ട്.

അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ നാലിനും എട്ടിനും ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നവംബർ എട്ടിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്.

ഇടിമിന്നൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിണം. വാതിലിനും ജനലിനും അടുത്ത് നിൽക്കരുത്. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണമെന്നും വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കണമെന്നതുമാണ് മറ്റൊരു നിർദേശം.

‘നീതീകരിക്കാനാകാത്ത പ്രവൃത്തി’; വ്യവസായ വകുപ്പ് ഡയറക്ടർ ഗോപാലകൃഷ്ണനെ തള്ളി മുൻ മന്ത്രി കെ.കെ ശൈലജ

ന്യൂഡൽഹി: സംസ്ഥാനത്ത് ഹിന്ദു ഐഐഎസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ ഗോപാലകൃഷ്ണനെ തള്ളി മുൻ മന്ത്രി കെ കെ ശൈലജ. അത്തരത്തിലൊരു ഗ്രൂപ്പുണ്ടാക്കിയെങ്കിൽ അത് നീതീകരിക്കാനാകാത്ത പ്രവൃത്തിയാണെന്ന് കെകെ ശൈലജ പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥൻറെ നടപടി ജനാധിപത്യ വിരുദ്ധമാണ്. നമ്മുടെ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ നിലനിൽക്കുന്നുണ്ട്. അവിടെ ഉദ്യോഗസ്ഥർ ജാതി മത ഭേദമന്യേ ജനങ്ങൾക്കൊപ്പം നിൽക്കേണ്ടവരാണ്. അത്തരത്തിലുള്ളവർ സ്വന്തം മതത്തിലുള്ളവർക്ക് മാത്രമായി ഗ്രൂപ്പുണ്ടാക്കിയെന്ന് പറയുന്നത് തന്നെ തികച്ചും തെറ്റായ കാര്യമാണ്.

ഒരു ഉദ്യോഗസ്ഥനും മതത്തിൻറെ വക്താക്കളാകാൻ പാടില്ലെന്നും ശൈലജ പറഞ്ഞു. അതേസമയം, സംഭവത്തെക്കുറിച്ച് കേട്ടറിവ് മാത്രമേയുള്ളൂവെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ പ്രതികരിച്ചു. വിവരം തേടിയ ശേഷം പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ പ്രതികരിക്കാൻ മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജൻ തയ്യാറായില്ല.

ഐഎഎസ് ഉദ്യോഗസ്ഥരെ അമ്പരിപ്പിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം പെട്ടൊന്നൊരു വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയത്. വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ ഐഎഎസ് അഡ്മിനായാണ് മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിൽ ഗ്രൂപ്പുണ്ടാക്കിയത്. എന്നാൽ, ഗ്രൂപ്പ് മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റ് ചെയ്തു. തന്റെ ഫോൺ ഹാക്ക് ചെയ്തതാണെന്നും സൈബർ പൊലീസിൽ പരാതി നൽകിയെന്നും ഗോപാലകൃഷ്ണൻ വിശദീകരിച്ചു.

സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥർ അടക്കമുള്ളവരെയാണ് ഗ്രൂപ്പിൽ ചേർത്തിരുന്നത്. ഗ്രൂപ്പിൽ ചേർക്കപ്പെട്ട ഉദ്യോഗസ്ഥരിൽ ചിലർ ഇത്തരമൊരു ഗ്രൂപ്പ് ഉണ്ടാക്കുന്നതിൻറെ ആശങ്ക ഗോപാലകൃഷ്ണൻ ഐഎഎസിനെ അറിയിച്ചെന്നാണ് വിവരം. ഇതോടെ അതിവേഗം ഗ്രൂപ്പ് ഡിലീറ്റായി. അതിന് ശേഷം ഗ്രൂപ്പിൽ അംഗങ്ങളാക്കപ്പെട്ടവർക്ക് ഗോപാലകൃഷ്ണൻറ സന്ദേശമെത്തി. തൻറെ ഫോൺ ആരോ ഹാക്ക് ചെയ്തു. ഫോൺ കോൺടാക്ടിലുള്ളവരെ ചേർത്ത് 11 ഗ്രൂപ്പുകൾ ഉണ്ടാക്കിയെന്നായിരുന്നു സന്ദേശം. ഗ്രൂപ്പുകളെല്ലാം ഡിലീറ്റ് ചെയ്തെന്നും ഉടൻ ഫോൺ മാറ്റുമെന്നും സഹപ്രവർത്തകർക്ക് അറിയിപ്പും നൽകി.

ഹാക്ക് ചെയ്തതതിൽ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയതായും അറിയിച്ചു. അതേ സമയം, പല ചോദ്യങ്ങളാണ് ഗ്രൂപ്പിൻറെ പേരിൽ ഉയരുന്നത് . മല്ലു ഹിന്ദു ഗ്രൂപ്പിൽ അംഗങ്ങളാക്കപ്പെട്ടതെല്ലാം ഹിന്ദു മതവിഭാഗത്തിൽ പെട്ട ഉദ്യോഗസ്ഥർ മാത്രമായത് സംശയങൾ ഉണ്ടാക്കുകയാണ്. ഹാക്കിംഗ് എങ്കിൽ അതീവ ഗുരുതരമാണ് കാര്യവുമാണ്. ഉന്നത ഉദ്യോഗസ്ഥൻറെ ഫോൺ ഹാക്ക് ചെയ്ത് സാമുദായിക സ്പർധ ഉണ്ടാക്കും വിധത്തിൽ ഗ്രൂപ്പുകളുണ്ടാക്കിയത് ആരാണെന്ന് കണ്ടെത്തണം. സൈബർ പൊലീസ് അന്വേഷണത്തിൽ വസ്തുത പുറത്തുവരും.

ഷാരോണിന് ഗ്രീഷ്മ നല്‍കിയത് ഉഗ്രവിഷമായ പാരക്വിറ്റ് കളനാശിനി; 15 മില്ലി വിഷം ശരീരത്തിലെത്തിയാല്‍ മരണം ഉറപ്പാണെന്ന് ഇന്റര്‍നെറ്റിലൂടെ ഗ്രീഷ്മ മനസിലാക്കി

ഷാരോണ്‍ കൊലക്കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ കോടതിയെ അറിയിച്ച് മെഡിക്കല്‍ സംഘം. ഷാരോണിനെ കൊല്ലാനായി കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റാണ് ഗ്രീഷ്മ കഷായത്തില്‍ കലര്‍ത്തി നല്‍കിയതെന്നാണ് ഡോക്ടര്‍മാര്‍ കോടതിയില്‍ നല്‍കിയ മൊഴി. നേരത്തേ ഏത് കളനാശിനിയാണ് നല്‍കിയതെന്ന് വ്യക്തത വന്നിട്ടില്ലായിരുന്നു. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എഎം ബഷീറിന് മുന്നിലാണ് ഷാരോണിനെ ചികിത്സിച്ച മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ മൊഴി നല്‍കിയത്.
ആണ്‍സുഹൃത്തായ ഷാരോണിന് കഷായത്തില്‍ കലര്‍ത്തി നല്‍കുന്നതിന് മണിക്കൂറുകള്‍ മുമ്പ്, പാരക്വിറ്റ് വിഷം മനുഷ്യ ശരീരത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ തെരഞ്ഞിരുന്നു. 15 മില്ലി വിഷം ശരീരത്തിലെത്തിയാല്‍ മരണം ഉറപ്പാണെന്ന് വെബ്സെര്‍ച്ചിലൂടെ ഗ്രീഷ്മ മനസിലാക്കി. വിഷം മനുഷ്യശരീരത്തില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം മേധാവി ഡോ. അരുണ കോടതിയില്‍ മൊഴി നല്‍കി.പാരക്വിറ്റ് വളരെ വേഗത്തിലാണ് ശരീരത്തില്‍ പ്രവര്‍ത്തിക്കുക. രോഗ ലക്ഷണങ്ങളും ഉടന്‍ ഉണ്ടാകും. ഈ വിഷം ശ്വസിച്ചാല്‍ പോലും ഒരു വ്യക്തിക്ക് ഉടനെ വായിലും തൊണ്ടയിലും വീക്കവും വേദനയും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ശരീരത്തിനുള്ളിലെത്തിയാല്‍ ഓക്കാനം, വയറുവേദന, ഛര്‍ദി, വയറിളക്കം തുടങ്ങി ദഹനക്കേടിന്റേതിന് സമാനമായ കഠിനമായ ലക്ഷണങ്ങളുണ്ടാകും. പിന്നീട് രക്തസമ്മര്‍ദം കുറഞ്ഞ് ശ്വാസതടസം അനുഭവപ്പെടും. ശരീരത്തിലെത്തിയ പാരക്വിറ്റിന്റെ അളവനുസരിച്ച് ഹൃദയം, വൃക്ക, കരള്‍, ശ്വാസകോശം തുടങ്ങിയ അവയവങ്ങള്‍ ഓരോന്നായി സ്തംഭിച്ച് മരണം സംഭവിക്കുന്നു.പാരക്വിറ്റ് നല്‍കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഗ്രീഷ്മ ജ്യൂസ് ചലഞ്ച് എന്നപേരില്‍ പാരസെറ്റമോള്‍ ഗുളികകള്‍ കലര്‍ത്തിയ പഴച്ചാര്‍ ഷാരോണിന് നല്‍കിയിരുന്നു. ഇതിന് മുമ്പും പലപ്രാവശ്യം പാരസെറ്റമോള്‍ എത്രയളവില്‍ നല്‍കിയാല്‍ മരണം സംഭവിക്കുമെന്ന് ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ തെരഞ്ഞു. ഈ ഡിജിറ്റല്‍ തെളിവുകളെല്ലാം പ്രോസിക്യൂഷന്‍ ഹാജരാക്കി. പബ്ലിക് പ്രോസിക്യൂട്ടര്‍ വി എസ് വിനീത് കുമാറാണ് ഹാജരായത്.ഗ്രീഷ്മയ്ക്ക് പാരക്വിറ്റ് കളനാശിനി വാങ്ങിനല്‍കിയത് മൂന്നാം പ്രതിയായ അമ്മാവന്‍ നിര്‍മല്‍കുമാറാണ്. ഷാരോണിന് നല്‍കിയ വിഷത്തിന്റെ കുപ്പിയും മറ്റ് തെളിവുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ഗ്രീഷ്മ വെബ്സെര്‍ച്ച് ചെയ്ത തെളിവുകള്‍ തഹസില്‍ദാര്‍ നൗഷാദിന്റെ സാന്നിദ്ധ്യത്തിലാണ് ഫോണില്‍ നിന്ന് കണ്ടെടുത്ത് മഹസര്‍ തയ്യാറാക്കിയത്.

പാലക്കാട്ടേക്കില്ല; ഉള്ളിൽ അഗ്നിപർവ്വതം, ബി ജെ പിയിലെ ഒരു ഗ്രൂപ്പിൻ്റെയും ഭാഗമല്ലന്നും സന്ദീപ് വാര്യർ

പാലക്കാട്: ബിജെപിയിൽ നിന്ന് മുൻപും അവഗണനകൾ ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തി ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യർ. ഉള്ളിൽ ഇപ്പോഴും അഗ്നിപർവ്വതം പുകയുകയാണ്.
താൻ ഇപ്പോഴും ബി ജെ പി ക്കാരനാണ്.താൻ അപ്രസക്തനാണെന്ന് നേതൃത്വം കരുതി.എനിക്ക് ഗോഡ്ഫാദറില്ല.ബി ജെ പിയിലെ ഒരു ഗ്രൂപ്പിൻ്റെയും വക്താവുമല്ല.തനിക്കെതിരെ നടപടിയെടുക്കാൻ തക്ക വല്യ ആളൊന്നുമല്ല താനൊന്നും സന്ദീപ് വാര്യർ പറഞ്ഞു. തന്നോട് കാണിച്ച നടപടിയിൽ നീറി കഴിയുന്ന അനേക നേതാക്കളുണ്ട്. പക്ഷേ അവർക്കാർക്കും പ്രതികരിക്കാൻ കഴിഞ്ഞില്ല. ഞാൻ സൗമ്യമായ രീതിയിലാണ് പ്രതികരിച്ചത്. തന്നോട് അടുപ്പം കാണിച്ച പലരേയും പാർട്ടി അകറ്റി നിർത്തി. പാർട്ടിക്കകത്ത് അതൃപ്തർ ഏറെയുണ്ട്. എല്ലാക്കാലത്തും ഞാൻ ബിജെപി പ്രവർത്തകർക്ക് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ്. നാട്ടിലെ ജനങ്ങളെ സഹായിക്കാൻ കിട്ടുന്ന ഏതവസരവും ഉപയോഗിക്കും.ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്തിട്ടുണ്ടന്നും സന്ദീപ് വാര്യർ മാധ്യമങ്ങളോട് പറഞ്ഞു.

ഒടുവിൽ തീരുമാനമായി; കേരളോത്സവം നവംബർ പകുതിയോടെ, വിജ്ഞാപനം ഉടൻ ഇറങ്ങും

ഇടുക്കി: ഈ വർഷം നടക്കുമോ ഇല്ലയോ എന്ന അനിശ്ചിതത്വത്തിൽ നിന്ന കേരളോത്സവത്തിന് ഒടുവിൽ തീരുമാനമായി. നവംബർ 15 ഓടെ പഞ്ചായത്ത് തല മത്സരങ്ങൾ ആരംഭിക്കാൻ തീരുമാനമായി. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പഞ്ചായത്തുകൾക്ക് ലഭിക്കും.

യുവജനങ്ങളുടെ കലാകായിക സാംസ്കാരിക ഉത്സവമാണ് കേരളോത്സവം. ത്രിതല പഞ്ചായത്ത് തല മത്സരങ്ങൾ പോലും ഇതുവരെയും നടന്നിരുന്നില്ല. മുൻ വർഷങ്ങളിൽ മത്സരങ്ങളിൽ സജീവമായി പങ്കെടുത്തു പോന്നിരുന്ന കായിക താരങ്ങളും ക്ലബ്ബ് ഭാരവാഹികളുമെല്ലാം പഞ്ചായത്തുകളിലും ബന്ധപ്പെട്ട വകുപ്പുകളിലും അന്വേഷിച്ചെങ്കിലും അവർക്കും വിവരമൊന്നും ലഭിച്ചിരുന്നില്ല. വയനാട് ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ ഓണാഘോഷം ഉൾപ്പെടെ സംസ്ഥാനത്തെ ആഘോഷ പരിപാടികൾ മാറ്റിവെക്കുകയും ചുരുക്കി നടത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കേരളോത്സവവും നടത്തണോയെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിരുന്നില്ല.

എന്നാൽ ഈ വർഷവും കേരളോത്സവം വിജയകരമായി നടക്കുമെന്നും മാറ്റിവെച്ചിട്ടില്ലെന്നും സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് പറഞ്ഞു. ഇതു സംബന്ധിച്ച പ്രഖ്യാപനവും വിവരങ്ങളും വകുപ്പു തലത്തിൽ പുറത്തിറങ്ങും. പ്രാദേശിക തലങ്ങളിൽ നവംബർ പകുതിയോടെ ആരംഭിച്ച് ജനുവരിയിൽ സംസ്ഥാന തല മത്സരങ്ങൾ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സതീഷ് പറഞ്ഞു.

ആദ്യ ഘട്ടങ്ങളിൽ പ്രാദേശിക തലത്തിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ മത്സരങ്ങൾ നടക്കും. ശേഷം ബ്ലോക്ക്, ജില്ലാ തലത്തിൽ മത്സരങ്ങൾ നടക്കും. മുനിസിപാലിറ്റി, കോർപ്പറേഷൻ മേഖലകളിൽ ബ്ലോക്ക് തല മത്സരങ്ങൾ ഉണ്ടാവില്ല. കേരളോത്സവം സംബന്ധിച്ച ഉത്തരവ് രണ്ടു ദിവസത്തിനുള്ളിൽ പഞ്ചായത്തുകൾക്ക് ലഭിക്കും. തുടർന്ന് കമ്മിറ്റികൾ വിളിച്ച് ചേർത്ത് സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുകയാണ് പതിവ്.

യുവജനങ്ങളുടെ കലാപരവും സാംസ്‌കാരികവും കായികവുമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിന്‌ അവസരമൊരുക്കുക, സാഹോദര്യവും സഹകരണ ബോധവും സഹവർത്തിത്വവും വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ്‌ സംസ്ഥാന സർക്കാരിൻറെ ആഭിമുഖ്യത്തിൽ കേരളോത്സവം സംഘടിപ്പിക്കുന്നത്‌. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെയാണ്‌ കേരളോത്സവം നടത്തുക. സംസ്ഥാന തലത്തിൽ വിജയികളായവരെ ദേശീയ യുവജനോത്സവത്തിലെ മത്സര ഇനങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും ദേശീയ തലത്തിൽ മികച്ച വിജയം കൈവരിക്കുന്നതിനും കഴിഞ്ഞ വർഷങ്ങളിൽ സാധിച്ചിരുന്നു.

കല്‍പ്പാത്തി രഥോത്സവം; പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റി, വോട്ടെടുപ്പ് ഈ മാസം 20ന്

ന്യൂഡൽഹി: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ. നവംബര്‍ 13ന് നടത്താനിരുന്ന വോട്ടെടുപ്പ് നവംബര്‍ 20ലേക്കാണ് മാറ്റിവെച്ചത്. കല്‍പ്പാത്തി രഥോത്സവം നടക്കുന്നതിനാൽ നവംബര്‍ 13ലെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്. അതേസമയം, വോട്ടെണ്ണൽ തീയതിൽ മാറ്റമില്ല.

വിവിധ രാഷ്ട്രീയ പാർടികളുടെ ആവശ്യങ്ങൾ പരിഗണിച്ച് നടപടിയെന്നാണ് തീയതി മാറ്റികൊണ്ടുള്ള ഉത്തരവിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്. അതേസമയം, വയനാട്ടിലെയും ചേലക്കരയിലെയും വോട്ടെടുപ്പ് നേരത്തെ നിശ്ചയിച്ച പ്രകാരം നവംബര്‍ 13ന് തന്നെ നടക്കും.

വോട്ടെണ്ണൽ തീയതിയിലും മാറ്റമുണ്ടായിരിക്കില്ല. നവംബര്‍ 23ന് തന്നെയായിരിക്കും പാലക്കാട് ഉപതെരഞ്ഞെടുപ്പിന്‍റെയും വോട്ടെണ്ണൽ നടക്കുക. പ്രാദേശിക സാംസ്കാരിക പരിപാടികളും മതപരിപാടികളും നടക്കുന്നതിനാൽ ഈ ദിവസങ്ങളിൽ വോട്ടെടുപ്പിനെത്തുന്ന ആളുകളുടെ എണ്ണം കുറയുമെന്ന കാര്യം പരിഗണിച്ചുകൊണ്ടാണ് തീയതി മാറ്റമെന്നാണ് ഉത്തരവിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിക്കുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതിക്ക് പുറമെ പഞ്ചാബിലെ നാലു മണ്ഡലങ്ങളിലെയും ഉത്തര്‍ പ്രദേശിലെ ഒമ്പത് മണ്ഡലങ്ങളിലെയും വോട്ടെടുപ്പും നവംബര്‍ 13ൽ നിന്ന് 20ലേക്ക് മാറ്റിയിട്ടുണ്ട്.

കല്‍പ്പാത്തി രഥോത്സവം നടക്കുന്ന അതേ ദിവസം തന്നെ വോട്ടെടുപ്പ് നടക്കുന്നത് പോളിങ് ശതമാനത്തെ ബാധിക്കുമെന്ന് ബിജെപിയും കോണ്‍ഗ്രസും സിപിഎമ്മും ആശങ്ക അറിയിച്ചിരുന്നു. നവംബര്‍ 13ന് നടക്കുന്ന വോട്ടെടുപ്പ് തീയതി മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷന് കത്തും നൽകിയിരുന്നു. തീയതി മാറ്റണമെന്നാവശ്യപ്പെട്ട് കത്ത് കൊടുത്തിട്ടുണ്ടെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണനും പ്രതികരിച്ചു. എന്നാൽ, തീയതി മാറ്റികൊണ്ടുള്ള ഉത്തരവിൽ ബിജെപി, കോണ്‍ഗ്രസ്, ബിഎസ്‍പി, ആര്‍എൽഡി എന്നീ പാര്‍ട്ടികളുടെ പേരുകള്‍ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പരാമര്‍ശിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് സിപിഎം പരസ്യമായി ആവശ്യപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടിയുടെ പേര് ഉത്തരവിൽ പരാമര്‍ശിച്ചിട്ടില്ല. വോട്ടെടുപ്പ് മാറ്റുന്നത് സംബന്ധിച്ച തീരുമാനം നേരത്തെ എടുക്കമായിരുന്നുവെന്നും സിപിഎമ്മും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നുവെന്നും കുറച്ച് പാര്‍ട്ടികളുടെ പേര് മാത്രം ഉത്തരവിൽ സൂചിപ്പിച്ചത് പരിശോധിക്കണമെന്നും മന്ത്രി എംബി രാജേഷ് പ്രതികരിച്ചു.

പാലക്കാട് ഉപതിരഞ്ഞെടുപ്പ് നവംബർ 20 ലേക്ക് മാറ്റി, ചേലക്കരയിലും, വയനാടും മാറ്റമില്ല

പാലക്കാട്: പാലക്കാട് അസംബ്ളി ഉപതിരഞ്ഞെടുപ്പ് നവംബർ 20ലേക്ക് മാറ്റി. കൽപ്പാത്തി രഥോത്സവം പ്രമാണിച്ചാണ് 13ന് നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് 20 ലേക്ക് മാറ്റിയത്.
ഇലക്ഷൻ പ്രഖ്യാപിച്ചപ്പോൾ തന്നെ മുന്നണികൾ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.എന്നാൽ തിരഞ്ഞെടുപ്പിൻ്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ സ്ഥിതിക്ക് തീയതി മാറ്റിയത് ബി ജെ പി ക്ക് മേൽക്കോയ്മ ഉണ്ടാക്കിക്കൊടുക്കാൻ വേണ്ടിയാണെന്ന് ഇടത് മുന്നണി സ്ഥാനാർത്ഥി ഡോ.പി. സരിൻ പറഞ്ഞു. തീയതി മാറ്റം ഇടത് മുന്നണിക്ക് ഗുണകരമാകുമെന്ന് സി പി എം ജില്ലാ സെക്രട്ടറി പറഞ്ഞു.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി. ഈ മാസം 20-ലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് തീയതി മാറ്റിയത്. നേരത്തെ 13-നായിരുന്നു തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്.
കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് തീയതി മാറ്റിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കേരളത്തിലെ അടക്കം 14 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് തീയതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിയത്.

വരും വരും വരും…, കെ റെയിലുമായി ബന്ധപ്പെട്ട് ചോദ്യത്തോട് പ്രതികരിച്ച് സുരേഷ് ഗോപി

ന്യൂഡൽഹി: കെ റെയിലുമായി ബന്ധപ്പെട്ട് ചോദ്യത്തിനും തൃശൂര്‍ പൂര നഗരയിലേക്ക് ആംബുലന്‍സിൽ വന്നതിൽ പൊലീസ് കേസെടുത്തതിലും പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കെ റെയിലിനോട് കേന്ദ്ര മന്ത്രി അനുകൂല നിലപാട് സ്വീകരിച്ചത് സംബന്ധിച്ച ചോദ്യത്തോട് കെ റെയില്‍ വരട്ടെയെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. വരും, വരും, വരുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനും സുരേഷ് ഗോപി തയ്യാറായില്ല. ഒറ്റ തന്ത പരാമര്‍ശം മുഖ്യമന്ത്രിയെ ഉദ്ദേശിച്ചല്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

തൃശൂര്‍ പൂരം അലങ്കോലമാക്കലുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണത്തിനിടെ ആംബുലന്‍സിൽ പൂരം നഗരിയിൽ സുരേഷ് ഗോപി എത്തിയതിൽ പൊലീസ് കേസെടുത്തിരുന്നു. കേസിനെ നിയമപരമായി നേരിടുമെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. പകപോക്കൽ നടപടിയാണോ കേസെന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു മറുപടി.

കേസിനെ മൗനം കൊണ്ട് നേരിടുകയാണോ എന്ന ചോദ്യത്തിന് മൗനത്തിന് ഒരുപാട് അർത്ഥങ്ങൾ വരുമെന്നായിരുന്നു മറുപടി.ഒറ്റതന്ത പരാമര്‍ശത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരായാണ് തന്‍റെ പരാമര്‍ശമെന്ന് ആരാണ് നിശ്ചയിച്ചതെന്നും അവരോട് പോയി ചോദിക്കുവെന്നും സുരേഷ് ഗോപി പറഞ്ഞു.

ബസ് കൊക്കയിലേക്ക് മറിഞ്ഞ് 28 മരണം

ഉത്തരാഖണ്ഡിൽ ബസ് അപകടത്തിൽ 28 പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്. പ്രദേശത്ത് രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. ബസ് 200 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ ബസ് പൂർണമായും തകർന്നു. അപകടം നടക്കുമ്പോൾ 40 ഓളം യാത്രക്കാർ ബസ്സിൽ ഉണ്ടായിരുന്നു എന്നാണ് വിവരം അൽമോഡ ജില്ലയിലെ മർചുളയിൽ ആണ് അപകടം ഉണ്ടായത്. പൌഡി ഗഡ്വാളിൽനിന്നും കുമൗണിലെ രാംനഗറിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്.പോലീസിന്റെയും സംസ്ഥാന ദുരന്തനിവാരണ വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. അപകടത്തിൽ പെട്ടവർക്കും കുടുംബത്തിനും എത്രയും വേഗം സഹായം ഉറപ്പാക്കാൻ മുഖ്യമന്ത്രി പുഷ് കർ സിംഗ് ദാമി നിർദ്ദേശം നൽകി.