പോരുവഴി:കമ്പലടി തെങ്ങുംതുണ്ടിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ കമലമ്മയമ്മ (86) നിര്യാതയായി. സംസ്കാരം:ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.മക്കൾ:ശോഭന കുമാരി, മോഹനൻ പിള്ള, വിജയകുമാരി
മരുമക്കൾ:പരേതനായ വിജയൻ പിള്ള, മണിയമ്മ,ഉദയകുമാർ.
കമ്പലടി തെങ്ങുംതുണ്ടിൽ കമലമ്മയമ്മ നിര്യാതയായി
പോലീസ് പോക്സോ കേസിൽ പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി, വീഡിയോ സന്ദേശം അയച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു,അന്വേഷണം ജില്ലാ ബ്രാഞ്ചിന് വിടും
വയനാട്. പോലീസ് പോക്സോ കേസിൽ പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് വീഡിയോ സന്ദേശം അയച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ജില്ലാ ബ്രാഞ്ചിന് വിടും.പനമരം അഞ്ചുകുന്നിലെ രതിന്റെ ആത്മഹത്യയിലാണ് പരാതി.
പോലീസിനെതിരെ മരിച്ച രതിൻ്റെ കുടുംബം രംഗത്തെത്തി. പൊതു സ്ഥലത്ത് രണ്ട് പെൺകുട്ടികളോട് സംസാരിച്ചാൽ ഭീഷണിപ്പെടുത്തുകയാണോ വേണ്ടത് എന്ന് സഹോദരി രമ്യ ചോദിച്ചു. കേസിൽ നീതിപൂർവ്വമായ അന്വേഷണം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ബിജെപി വ്യക്തമാക്കി
നാട്ടിൽ മോശം അഭിപ്രായം ഉള്ള ആളല്ല രതിൻ. പോലീസ് രതിനെ ഉപദ്രവിച്ചിട്ടുണ്ട്. . പെൺകുട്ടികളോട് സംസാരിച്ചത് ആളുകൾ കാണുന്ന സ്ഥലത്ത് വച്ചാണ്. പോലീസും നാട്ടുകാരും ചേർന്നാണ് രതിനെ ഉപദ്രവിച്ചത് എന്ന് അമ്മ ശാരദയും അമ്മാവൻ മോഹനനും പറഞ്ഞു.
സംസ്ഥാനത്തിന് പുറത്തുള്ള മറ്റേതെങ്കിലും ഏജൻസി അന്വേഷിച്ചാലെ കുടുംബത്തിന് നീതി കിട്ടുവെന്ന് ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് വിടാനാണ് തീരുമാനം.
പുൽപ്പള്ളി പാക്കത്ത് കാട്ടാന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ചരിഞ്ഞു
വയനാട്. പുൽപ്പള്ളി പാക്കത്ത് കാട്ടാന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ചരിഞ്ഞു. മോഴയാനയാണ് ചരിഞ്ഞത്. മരം മറിച്ചിടുന്നതിനിടെ കമ്പി പൊട്ടിവീണാണ് ഷോക്കേറ്റത്
പാക്കം കാരേരിയിലാണ് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞിരിക്കുന്നത്. ജനവാസ മേഖലയോട് ചേർന്ന വനാതിർത്തിയിലാണ് സംഭവം. ഇന്ന് രാവിലെ ആറരയോടെയാണ് ഷോക്കേറ്റതെന്ന് കരുതുന്നു.
ഈ വർഷം ഈ മേഖലയിൽ ഷോക്കേറ്റ് ചരിയുന്ന മൂന്നാമത്തെ ആനയാണിത്. കഴിഞ്ഞ ഏപ്രിലിലും സപ്തംബറിലും ദാസനക്കര, അമ്മാനി എന്നിവിടങ്ങളിൽ കാട്ടാനകൾ തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ചെരിഞ്ഞിരുന്നു
ഇടുക്കിയിൽ നിന്ന് മൈസൂരിലേക്ക് ഉള്ള ഇലക്ട്രിക് ലൈനിൽ നിന്നാണ് കാട്ടാന ഷോക്കേറ്റത്. ചെതലയം റേഞ്ചിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
ആയൂരില്‍ വാഹനാപകടം; വിദ്യാര്‍ത്ഥി മരിച്ചു
ആയൂരില്‍ സ്‌കൂട്ടറും കാറും തമ്മില്‍ കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു. ചെറുവക്കല്‍ വെള്ളാവൂര്‍ കിഴക്കതില്‍ വീട്ടില്‍ ബാബുവിന്റെയും, റീനയുടെയും മകന്‍ അബിന്‍ ബാബുവാണ്(18) മരിച്ചത്. ആയൂര്‍ കശുവണ്ടി ഫാക്ടറിക്ക് സമീപം ആണ് അപകടമുണ്ടായത്.
കൊട്ടാരക്കര ഭാഗത്തേക്ക് പോവുകയായിരുന്ന നബീന്‍ ബാബുവിന്റെ സ്‌കൂട്ടറും കൊട്ടാരക്കര നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ അബിനെ വെഞ്ഞാറമ്മൂട് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നിർത്തിയിട്ട ഓട്ടോ തനിയെ നീങ്ങി, യുവതിയെയും കൈക്കുഞ്ഞിനെയും ഇടിച്ചിട്ടു; കാലിന് മുകളിലൂടെ വണ്ടി കയറി; പരിക്ക്
കോഴിക്കോട് : കൊയിലാണ്ടി താലൂക്ക് ആശുപത്രി കോബൗണ്ടിൽ നിർത്തിയിട്ടിരുന്ന ഓട്ടോ തനിയെ നീങ്ങി യുവതിയെയും കൈകുഞ്ഞിനെയും ഇടിച്ചിട്ടു. ആനവാതിൽ സ്വദേശി സബീനക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്.
ആശുപത്രി കോംപൌണ്ടിൽ നിറയെ രോഗികളുണ്ടായ സമയത്താണ് അപകടമുണ്ടായത്. ഡ്രൈവറും വണ്ടിയിലുണ്ടായിരുന്ന ആളുകളും ഇറങ്ങിയ ശേഷം ഇറക്കത്തിൽ വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു. വണ്ടി തനിയെ നീങ്ങി കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവതിയെ ഇടിച്ചു. യുവതിയുടെ കാലിന് മുകളിലൂടെയാണ് വണ്ടി കയറിയിറങ്ങിയത്.
അശ്രദ്ധമായി കാറോടിച്ചത് ചോദ്യംചെയ്ത ദലിത് വിദ്യാർത്ഥിക്ക് ക്രൂരമർദനം; ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു
തിരുനെൽവേലി: തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ വീണ്ടും ദലിത് വിദ്യാർഥിക്ക് നേരെ ആക്രമണം. രണ്ടാം വർഷ പോളിടെക്നിക് വിദ്യാർത്ഥിയെ ആണ് പ്രബല ജാതിയിൽ പെട്ട യുവാക്കൾ ആക്രമിച്ചത്. ഇന്നലെ രാത്രി മേളപട്ടം ഗ്രാമത്തിലെ വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം.
അഞ്ച് പേരടങ്ങുന്ന സംഘം ആണ് വിദ്യാർത്ഥിയെ മർദിച്ചത്. ബിയർ കുപ്പി കൊണ്ടു തല അടിച്ചു പൊട്ടിച്ചു. വാക്കത്തി ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ചു. ഉച്ചയ്ക്ക് അമിത വേഗത്തിൽ കാർ ഓടിച്ചത് ചോദ്യം ചെയ്‌തതാണ് പ്രകോപനം. വിദ്യാർത്ഥി തിരുനെൽവേലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് വീടിന് സമീപം നടക്കുമ്പോൾ അമിത വേഗതയിൽ വന്ന കാർ തൊട്ടരികിലൂടെ കടന്നുപോയി. തലനാരിഴയ്ക്കാണ് വിദ്യാർത്ഥി രക്ഷപ്പെട്ടത്. അശ്രദ്ധമായി വാഹനമോടിക്കാതെ സാവധാനം ഓടിക്കാൻ വിദ്യാർത്ഥി ആവശ്യപ്പെട്ടു. തുടർന്ന് കാറിലുണ്ടായിരുന്നവർ വഴക്കിട്ടു. രാത്രി സംഘമായി വന്ന് ആക്രമിക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് ഇതുവരെ അക്രമികളെ പിടികൂടിയില്ലെന്ന് പരാതിയുണ്ട്. അക്രമി സംഘം ഒളിവിലാണെന്നാണ് സൂചന.
രാത്രിയില്‍ വീടിന് പുറത്തെ പൈപ്പിന്റെ ടാപ്പ് തുറന്ന് വിടും… അല്ലെങ്കില്‍ കുട്ടിയുടെ കരച്ചില്‍ കേള്‍പ്പിക്കും…. സിസിടിവികളില്‍ കണ്ടത് കുറുവ സംഘമോ?
തമിഴ്‌നാട്ടിലെ കുറുവ തിരുട്ടു സംഘം ആലപ്പുഴ ജില്ലയില്‍ എത്തിയെന്ന വാര്‍ത്തകളുടെ ഞെട്ടലിലാണ് പലരും. ആലപ്പുഴ മണ്ണഞ്ചേരിയിലെ ഒരു വീട്ടില്‍ നടന്ന മോഷണശ്രമത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംശയം ശക്തമായത്. ദൃശ്യങ്ങളില്‍ നിന്നാണ് കുറുവ സംഘത്തെക്കുറിച്ചുള്ള സൂചനകള്‍ കിട്ടിയത് .
സംഭവസ്ഥലത്ത് നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിലാണ് രണ്ടംഗ സംഘത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. സാധാരണ അര്‍ധനഗ്‌നരായി മുഖം മറച്ചാണ് കുറുവ സംഘം മോഷണത്തിനെത്തുക.
ആറ് മാസത്തോളം മോഷണം നടത്താന്‍ ഉദ്ദേശിക്കുന്ന വീടുകള്‍ നിരീക്ഷിച്ച ശേഷമാണ് പ്രതികള്‍ കൃത്യം നടത്തുക. ചൂലുകച്ചവടക്കാരായും ആക്രിപെറുക്കിയും, സഹായം ചോദിച്ചും പകല്‍ കറങ്ങി നടക്കുന്ന സംഘം മോഷണത്തിന് പറ്റിയ വീടുകള്‍ കണ്ടുവയ്ക്കും. സംഘത്തിലെ സ്ത്രീകളെയും കുട്ടികളെയുമാണ് ഇവര്‍ വീടുകള്‍ കണ്ടെത്താനായി പറഞ്ഞുവിടുക. വീടുകള്‍ നോക്കിവച്ച ശേഷം 6 മാസം മുതല്‍ ഒരു വര്‍ഷം വരെ കാത്തിരുന്നായിരിക്കും മോഷണം. മോഷണത്തിന് 6 മാസം മുന്‍പുതന്നെ ഇവര്‍ ക്യാംപ് ചെയ്ത സ്ഥലത്തു നിന്നു മാറും. പിന്നീട് മടങ്ങിയെത്തി കവര്‍ച്ച നടത്തി കടന്നുകളയും. സംഘം ക്യാംപ് ചെയ്യുന്ന സ്ഥലത്തു നിന്ന് 10 കിലോമീറ്ററെങ്കിലും അപ്പുറമാണ് എപ്പോഴും മോഷണം നടക്കുക.
എതിര്‍ക്കുന്നവരെ അതിക്രൂരമായി ആക്രമിക്കുകയാണ് ഇവരുടെ രീതി. സംസ്ഥാനത്ത് പലയിടത്തും സംഘം നേരത്തേ മോഷണം നടത്തിയിട്ടുണ്ട്. തമിഴ്‌നാട്-കേരള അതിര്‍ത്തി പ്രദേശങ്ങളായ കോയമ്പത്തൂര്‍, തഞ്ചാവൂര്‍, മധുര തുടങ്ങിയ പ്രദേശങ്ങളെല്ലാം കുറുവ സംഘത്തിന്റെ താവളങ്ങളാണെന്നാണ് റിപ്പോര്‍ട്ട്.
വീടുകളുടെ പിന്‍വാതില്‍ വഴി അകത്തുകയറുകയാണ് സംഘത്തിന്റെ രീതി. ശരീരത്തില്‍ എണ്ണയും കരിയും പുരട്ടിയിട്ടുണ്ടാകും. ഇതോടെ പിടികൂടാന്‍ ശ്രമിച്ചാലും എളുപ്പത്തില്‍ വഴുതിമാറാനാകും. രാത്രികളിലെത്തുന്ന സംഘം വീടിന് പുറത്ത് ടാപ്പ് തുറന്ന് വിടുകയോ കുട്ടികളുടെ കരച്ചില്‍ പോലുള്ള ശബ്ദങ്ങളുണ്ടാക്കുകയോ ചെയ്യും. വീട്ടില്‍ ഉറങ്ങിക്കിടക്കുന്നവരെ വാതില്‍ തുറക്കാന്‍ പ്രേരിപ്പിക്കുന്നതാണിത്. ഇത്തരത്തില്‍ ശബ്ദം കേട്ട് പുറത്തിറങ്ങുന്നവരെ ആക്രമിച്ച ശേഷം അകത്ത് കയറും. മോഷണം നടത്താനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ കിലോമീറ്ററുകള്‍ അകലെയായിരിക്കും സംഘത്തിന്റെ താമസം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രദേശത്ത് പൊലീസ് രാത്രി പട്രോളിങ് ആരംഭിച്ചിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണണെന്നും നിര്‍ദ്ദേശമുണ്ട്.
ആന എഴുന്നള്ളിപ്പില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ശുപാര്‍ശയുമായി അമിക്കസ് ക്യൂറി
ആന എഴുന്നള്ളിപ്പിന് കര്‍ശന നിയന്ത്രണങ്ങള്‍ ശുപാര്‍ശ ചെയ്ത് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാന്‍ പാടുളളതെന്നാണ് പ്രധാന നിര്‍ദ്ദേശം. സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനങ്ങള്‍ എന്നിവയില്‍ ആനകളെ ഉപയോഗിക്കരുത്. രണ്ട് എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ ആനകള്‍ക്ക് 24 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം വേണം, ഒരു ദിവസം 100 കിലോമീറ്ററിലധികം ആനകളെ വാഹനത്തില്‍ കൊണ്ടുപോകരുത്. എഴുന്നുള്ളിപ്പുകള്‍ക്ക് നിര്‍ത്തുമ്പോള്‍ ആനകള്‍ തമ്മില്‍ മൂന്ന് മീറ്ററെങ്കിലും അകലം പാലിക്കണം. തലപ്പൊക്ക മത്സരം, വണങ്ങല്‍, പുഷ്പവൃഷ്ടി എന്നിവ പാടില്ല. ജനങ്ങളെ ആനകള്‍ക്ക് സമീപത്തു നിന്നും 10 മീറ്റര്‍ എങ്കിലും അകലത്തില്‍ നിര്‍ത്തണം. 65 വയസ്സ് കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്നും റിപ്പോര്‍ട്ടിലുണ്ട്.
മല്ലു ഐഎഎസ് വാട്സാപ്പ് ഗ്രൂപ്പ്: ‘സുഹൃത്തുക്കൾ പറഞ്ഞ് അറിഞ്ഞു, ഉടൻ ഡിലീറ്റ് ചെയ്തു’; കെ. ഗോപാലകൃഷ്ണന്റെ മൊഴി
തിരുവനന്തപുരം : ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരിൽ വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തിൽ കെ ഗോപാലകൃഷ്ണൻ ഐഎഎസിന്റെ മൊഴിയെടുത്തു. തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടുവെന്ന വാദം ആവർത്തിക്കുകയാണ് ഗോപാലകൃഷ്ണൻ. വാട്സ് ആപ്പിൽ ഗ്രൂപ്പ് തുടങ്ങിയത് സുഹൃത്തുകൾ പറഞ്ഞാണ് അറിഞ്ഞത്. വിവരം അറിഞ്ഞ ഉടൻ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. കുറേ ഗ്രൂപ്പുകൾ ഫോണിൽ തുടങ്ങിയിരുന്നതായി കണ്ടുവെന്നും മൊഴിയുണ്ട്. എന്നാൽ എത്ര ഗ്രൂപ്പാണ് തുടങ്ങിയതെന്ന് മൊഴിയിലില്ല. ഡിസിപി ഭരത് റെഡിയാണ് മൊഴിയെടുത്തത്. സാംസങ് ഫോണും പൊലീസ് കസ്‌റ്റഡിയിൽ വാങ്ങി പരിശോധിച്ചു.
മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ അഡ്മിനായി ഗ്രൂപ്പ് ഉണ്ടാക്കിയതും മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റാക്കിയതും കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഫോൺ ഹാക്ക് ചെയ്ത് ആരോ 11 വാട്സ് ആപ് ഗ്രൂപ്പുകൾ ഒറ്റയടിക്ക് ഉണ്ടാക്കിയെന്നാണ് ഗോപാലകൃഷ്ണൻ ആദ്യം വിശദീകരിച്ചത്. മല്ലു മുസ്ലീം ഓഫീസേഴ്സ് ഗ്രൂപ്പും താൻ അഡ്മിനായി ഉണ്ടാക്കിയെന്ന് പിന്നീട് വിശദീകരിച്ചു. ഹിന്ദു ഗ്രൂപ്പിന് പിന്നാലെയാണ് മുസ്ലീം ഗ്രൂപ്പ് നിലവിൽവന്നതെന്ന് സ്ക്രീൻ ഷോട്ടിൽ നിന്ന് വ്യക്തമായിരുന്നു.
തന്റെ ഫോൺ കോൺടാക്ടിലുള്ളവരെ ചേർത്ത് ഹാക്കർമാർ ഗ്രൂപ്പുകൾ ഉണ്ടാക്കിയെന്നാണ് ഗോപാലകൃഷ്ണന്റെെ വിശദീകരണം. പക്ഷെ രണ്ട് ഗ്രൂപ്പുകളിലും രണ്ട് മതങ്ങളിൽ പെട്ട ഐഎഎസ് ഉദ്യോഗസ്ഥർ മാത്രമാണ് അംഗങ്ങൾ. സന്ദേശങ്ങളൊന്നും ഗ്രൂപ്പിൽ വന്നിട്ടില്ല. മുസ്ലീം ഗ്രൂപ്പിൽ ചേർക്കപ്പെട്ട ഉദ്യോഗസ്ഥ എന്താണിതെന്ന് ഗോപാലകൃഷ്ണനോട് ചോദിക്കുന്നുണ്ട്. അതിന് പിന്നാലെ ആ ഗ്രൂപ്പും ഡിലീറ്റായി. അംഗങ്ങളാക്കപ്പട്ടവർ ചോദിച്ചപ്പോൾ ഹാക്കിംഗ് എന്നായിരുന്നു ഗോപാലകൃഷ്ണന്റെ മറുപടി.





































