Home Blog Page 1954

തിളപ്പിക്കാതെ പാല് കുടിക്കാറുണ്ടോ….? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിയുക

തിളപ്പിക്കാതെ പാല് പച്ചയ്ക്ക് കുടിക്കുന്നവരെ കാത്തിരിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങളാണ്. ശുദ്ധീകരിക്കാത്ത പാല് ബാക്ടീരിയകള്‍ മൂലമുള്ള ഗുരുതരമായ ഭഷ്യവിഷബാധയുള്‍പ്പടെയുണ്ടാക്കുന്നു. പശുവില്‍നിന്നോ ആടില്‍ നിന്നോ ലഭിക്കുന്ന പാസ്ചറൈസ് (രോഗാണുക്കളെ നശിപ്പിക്കുന്ന ചൂടാക്കല്‍)ചെയ്യാത്ത പാല് കുടിക്കുന്നതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ് ഇങ്ങനെയാണ്.

ബാക്ടീരിയകളുടെ വാഹകര്‍
സാല്‍മൊണെല്ല, ഇ.കോളി, കാംപിലോ ബാക്ടര്‍ മുതലായ അപകടകാരിയായ ബാക്ടീരിയകളുടെ വാഹകനാണ് പാസ്ചറൈസ് ചെയ്യാത്ത പാല്. ഇത്തരത്തിലുള്ള പാല് കുടിക്കുന്നത് വയറുവേദന, പനി, ഓക്കാനം, വയറിളക്കം തുടങ്ങിയ ബുദ്ധിമുട്ടുകളുണ്ടാക്കും. ഇത് വൃക്കകളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഇ.കോളി ബാക്ടീരിയ മൂത്രാശയ അണുബാധ ഉണ്ടാക്കുന്നു. അങ്ങനെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

ഗര്‍ഭിണികള്‍ ഏറെ ശ്രദ്ധിക്കണം
ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഏറ്റവും അധികം ലഭിക്കുന്ന ഉപദേശങ്ങളിലൊന്നാണ് ‘ പാല് കുടിക്കണം കേട്ടോ,അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യം ഉണ്ടാവട്ടെ’ എന്നൊക്കെ. എന്നാല്‍ കൂടുതല്‍ പോഷകം ലഭിക്കുമെന്ന് കരുതി കറന്നെടുത്തുകൊണ്ടുവരുന്ന പാല്‍ അങ്ങനെതന്നെ കുടിക്കരുതേ. തിളപ്പിക്കാത്ത പാലിലുള്ള ലിസ്റ്റീരിയോസിസ് ഗര്‍ഭം അലസല്‍, നേരത്തെയുള്ള പ്രസവം തുടങ്ങി ഗുരുതരമായ ഗര്‍ഭാശയ രോഗങ്ങള്‍ക്ക് വരെ കാരണമാകുന്നു. ഈ വൈറസ് ഗര്‍ഭസ്ഥ ശിശുവില്‍ മാരകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു.

ദുര്‍ബലമായ പ്രതിരോധശേഷിയുള്ളവര്‍ക്ക് അണുബാധ
അവയവങ്ങള്‍ മാറ്റിവച്ചവര്‍, എച്ച് ഐ വി ബാധിച്ചവര്‍, പ്രായമായവര്‍ തുടങ്ങി ദുര്‍ബലമായ പ്രതിരോധ ശേഷി ഉള്ളവര്‍ക്ക് അംസംസ്‌കൃ പാലില്‍ നിന്ന് വലിയ രീതിയില്‍ അണുബാധ ഉണ്ടാകുന്നു. മരണത്തിന് വരെ കാരണമാകും.

ആരോഗ്യ പ്രശ്നങ്ങള്‍
അസംസ്‌കൃത പാല് വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഗുരുതരമായ ഗില്ലിന്‍ബാരെ സിന്‍ഡ്രോം (ഞരമ്പുകളെ ബാധിക്കുന്ന അപൂര്‍വ്വ രോഗം), പക്ഷാഘാതം ഇവയ്ക്ക് വരെ കാരണമാകും.

കുട്ടികള്‍ക്ക് ഏറെ ദോഷകരം
തിളപ്പിക്കാത്ത പാല് കുടിക്കുന്നത് കുട്ടികള്‍ക്ക് കൂടുതല്‍ ദോഷകരമാണ്. അസംസ്‌കൃത പാലില്‍ നിന്നുള്ള ഭക്ഷ്യജന്യ രോഗങ്ങള്‍ കുട്ടികളെയും കൗമാരക്കാരെയും വളരെയധികം ദോഷകരമായി ബാധിക്കുന്നു.

പാസ്ചറൈസേഷന്‍
ശാസ്ത്രജ്ഞനായ ലൂയി പാസ്ചറിന്റെ പേരിലുളള ഒരു പ്രക്രിയയാണ് പാസ്ചറൈസേഷന്‍. ഒരു പ്രത്യേക ഊഷ്മാവില്‍ പാല് തിളപ്പിക്കുകയും ദോഷകരമായ ബാക്ടീരിയയെ നശിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ഇത്. അംസംസ്‌കൃത പാലില്‍ കൂടുതല്‍ പോഷകങ്ങള്‍ ഉണ്ടെന്ന് പറയുമെങ്കിലും പാസ്ചറൈസേഷന്‍ ചെയ്യുന്നത് അതിനെക്കാള്‍ ഗുണകരമാണ്.

‘വിഴിഞ്ഞം ഇന്ത്യയുടെ സുവർണതീരം’: 2025 ഏപ്രിലോടെ ലക്ഷ്യമിട്ട ചരക്കുനീക്കം പിന്നിട്ടു, ഖജനാവിലേക്ക് 7.4 കോടി

തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖം ഇന്നലെ രാത്രിയോടെ ഒരു ലക്ഷം ടിഇയു (ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്- 20 അടി നീളമുള്ള കണ്ടെയ്നറിനെയാണ് ഒരു ടിഇയു ആയി കണക്കാക്കുന്നത്‌) കൈകാര്യം ചെയ്ത തുറമുഖമെന്ന നാഴികകല്ല് പിന്നിട്ടെന്ന് മന്ത്രി വി.എൻ.വാസവൻ. നവംബർ 9 വരെയുള്ള കണക്കനുസരിച്ച് 46 കപ്പലുകളാണ് തുറമുഖത്ത് എത്തിയത്. 1,00807 ടിഇയുവാണ് കൈകാര്യം ചെയ്തത്.

ജൂലൈയിൽ 3, സെപ്റ്റംബറിൽ 12, ഒക്ടോബറിൽ 23, നവംബറിൽ ഇതുവരെ 8 എന്നിങ്ങനെയാണ് തുറമുഖത്ത് എത്തിയ കപ്പലുകളുടെ എണ്ണം. 7.4 കോടി രൂപയുടെ വരുമാനമാണ് ജിഎസ്‍ടി ഇനത്തിൽ സർക്കാർ ഖജനാവിലേക്ക് എത്തിയത്. കേരളത്തിന്‍റെ വികസന ചരിത്രത്തിൽ പുതിയ യുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് വിഴിഞ്ഞം തുറമുഖമെന്നും വാസവൻ പറഞ്ഞു.

ട്രയൽ റൺ ആരംഭിച്ച് 4 മാസം പിന്നിട്ടതോടെ ഒന്നിനു പിന്നാലെ ഒന്നായി ലോകത്തിലെ വമ്പൻ ചരക്കുകപ്പലുകൾ കേരളത്തിന്‍റെ തീരത്തെത്തിക്കഴിഞ്ഞു. ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളുടെ ശ്രേണിയിൽപ്പെടുന്ന അന്ന, വിവിയാന എന്നീ കപ്പലുകളും വന്നു. ഇവയ്ക്ക് പിന്നാലെ മറ്റ് അതിഥികളും എത്തും.

വിഴിഞ്ഞം ഇന്ത്യയുടെ സുവർണതീരമായി മാറുകയാണ്. അടുത്ത മാസം കമ്മിഷൻ ചെയ്യാനിരിക്കെയാണ് നിർണായകനേട്ടം. അടുത്ത ഏപ്രിലോടെ മാത്രം ലക്ഷ്യമിട്ട ചരക്കുനീക്കമാണ് ചുരുങ്ങിയ മാസത്തിനുള്ളിൽ വിഴിഞ്ഞത്ത് പൂർത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു.

‘ഹൂ ഈസ് ദാറ്റ്?’: മുൻമന്ത്രി മേഴ്സിക്കുട്ടിയമ്മയെ പരിഹസിച്ച് കമന്റിട്ട് എൻ. പ്രശാന്ത്

തിരുവനന്തപുരം: തനിക്കെതിരെ ആരോപണം ഉന്നയിച്ച മുൻമന്ത്രി ജെ. മേഴ്സികുട്ടിയമ്മയെ പരിഹസിച്ച് കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത്. മേഴ്സിക്കുട്ടിയമ്മ ആരാണെന്നാണ് പ്രശാന്തിന്റെ ചോദ്യം. അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെതിരെയുള്ള ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ മേഴ്സിക്കുട്ടിയമ്മയ്ക്ക് മറുപടിയുണ്ടോ എന്നൊരാൾ കമന്റിട്ടിരുന്നു. ഇതിനു മറുപടിയായായണ് ‘ഹൂ ഈസ് ദാറ്റ്’ എന്ന് പ്രശാന്ത് ചോദിച്ചത്.

ഐഎഎസ് തലപ്പത്തെ തമ്മിലടി തുടരുന്നതിനിടെയാണ് എൻ. പ്രശാന്തിനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ മേഴ്സിക്കുട്ടിയമ്മ രംഗത്തെത്തിയത്. രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നതിൽ പ്രശാന്ത് വില്ലന്റെ റോളിൽ പ്രവർത്തിച്ചുവെന്നായിരുന്നു ആരോപണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രശാന്ത് യുഡിഎഫിനു വേണ്ടി ഗൂഢാലോചന നടത്തി. വഞ്ചനയുടെ പര്യായമായ സർക്കാർ‌ ഉദ്യോഗസ്ഥനാണ് പ്രശാന്ത്. ആഴക്കടൽ മത്സ്യബന്ധനം അതിന്റെ തെളിവാണെന്നും മേഴ്സിക്കുട്ടിയമ്മ കാര്യകാരണ സഹിതം ഫെയ്സ്ബുക്കിൽ കുറിച്ചു.

അതേസമയം, അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെതിരെ വീണ്ടും ആരോപണവുമായി എൻ.പ്രശാന്ത് രംഗത്തെത്തിയിരുന്നു. ജൂനിയർ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചെന്നാണ് ആരോപണം. വിസിൽ ബ്ലോവറുടെ ആനുകൂല്യം തനിക്കുണ്ട്. നിയമം പഠിച്ചിട്ടുണ്ടെന്നും ചട്ടങ്ങൾ തനിക്കറിയാമെന്നും പ്രശാന്ത് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

എലിവിഷം ചേര്‍ത്ത തേങ്ങാപ്പൂള്‍ അബദ്ധത്തില്‍ കഴിച്ച വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

എലിയെ പിടിക്കാനായി കെണിയൊരുക്കി വെച്ച എലിവിഷം ചേര്‍ത്ത തേങ്ങാപ്പൂള്‍ അബദ്ധത്തില്‍ കഴിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ആലപ്പുഴ തകഴി കല്ലേപ്പുറത്ത് മണിക്കുട്ടി (15) ആണ് മരിച്ചത്. രണ്ടു ദിവസം മുമ്പാണ് സ്‌കൂള്‍ വിട്ടു വന്ന വിദ്യാര്‍ത്ഥിനി, എലിക്കെണിയാണെന്ന് അറിയാതെ തേങ്ങാപ്പൂള്‍ കഴിച്ചത്. ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വിവരം അറിഞ്ഞ ഉടന്‍ തന്നെ കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതോടെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
മുയല്‍ മാന്തിയതിനെത്തുടര്‍ന്ന് കുട്ടിയുടെ മുത്തശ്ശി ശാന്തമ്മ റാബിസ് വാക്സിന്‍ എടുത്തിരുന്നു. വാക്സിന്റെ പാര്‍ശ്വഫലമായി മുത്തശ്ശി തളര്‍ന്നു വീഴുകയും ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടിരുന്നു. ശാന്തമ്മ വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കുട്ടിയുടെ അമ്മയും അച്ഛനും ശാന്തമ്മയെ ചികിത്സിക്കാനായി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു.

ആലുവയിൽ ഇലക്ട്രോണിക്സ് കടയിൽ വൻ തീപിടുത്തം, തീ കെടുത്താൻ ശ്രമം തുടരുന്നു

ആലുവ: തോട്ടുമുക്കത്ത് ഇലക്ട്രോണിക്സ് കടയിൽ വൻ തീപിടുത്തം.കടയിലുണ്ടായിരുന്ന മുഴുവൻ സാധനങ്ങളും കത്തി ചാമ്പലയായി.നിലവിൽ അഗ്നി രക്ഷാ സേനയുടെ അഞ്ച് യൂണിറ്റുകൾ എത്തി തീപിടുത്തം നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുകയാണ്.ഗ്ലാസുകൾ പൊട്ടിതെറിച്ച് റോഡിലേക്ക് വീണു.കടയ്ക്കുള്ളിലുള്ള ഇലക്ട്രോണിക്സ് സാധനങ്ങൾ ഉഗ്രശബ്ദത്തോടെ പൊട്ടിതെറിക്കുന്നു. ഉച്ചയ്ക്ക് 3.30തോടെയായിരുന്നു ദേശത്തെ നടുക്കിയ തീപിടുത്തം.

ഈ ചിത്രങ്ങളോട് നിങ്ങള്‍ക്ക് രൂപസാദൃശ്യമുണ്ടോ…? സിനിമയില്‍ അവസരം ലഭിക്കും

കുഞ്ചാക്കോ ബോബന്റേയും ദിലീഷ് പോത്തന്റേയും ചെറുപ്പകാലം ചിത്രങ്ങളോട് രൂപസാദൃശ്യമുണ്ടെങ്കില്‍ സിനിമയില്‍ അവസരം ലഭിക്കും. സൂപ്പര്‍ഹിറ്റായ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ‘ഒരു ദുരൂഹ സാഹചര്യത്തില്‍’ എന്ന ചിത്രത്തിലേക്കാണ് അഭിനേതാക്കളെ തേടുന്നത്. ചാക്കോച്ചന്റേയും ദിലീഷ് പോത്തന്റേയും ചെറുപ്പകാലം ചെയ്യാനായി ഇരുവരുടേയും പഴയ ചിത്രങ്ങള്‍ ചേര്‍ത്തുകൊണ്ടാണ് കാസ്റ്റിങ് കോള്‍.
കുഞ്ചാക്കോ ബോബനുമായി രൂപസാദൃശ്യമുള്ള 18 വയസ് പ്രായം തോന്നുന്ന ചെറുപ്പക്കാരനേയും ദിലീഷ് പോത്തനുമായി സാദൃശ്യമുള്ള 26 വയസുള്ള ആളെയുമാണ് തേടുന്നത്. ചിത്രങ്ങള്‍ 8136932812 എന്ന നമ്പറിലേക്ക് അയക്കണം. ലിസ്റ്റിന്‍ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് വയോധികന്‍ മരിച്ചു

ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് വയോധികന്‍ മരിച്ചു. ഇന്നു രാവിലെ ചക്കുംകടവ് വച്ചാണ് സംഭവം. ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്ദുല്‍ ഹമീദ് (65) ആണ് മരിച്ചത്. അബ്ദുല്‍ ഹമീദിന് കേള്‍വിക്കുറവുണ്ടായിരുന്നു. വീട്ടില്‍ നിന്നിറങ്ങി ട്രാക്ക് മുറിച്ചു കടന്നപ്പോഴാണ് അപകടം സംഭവിച്ചത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കാണാതായ കോളജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം മീനച്ചിലാറ്റില്‍

കോട്ടയം: ഏറ്റുമാനൂരില്‍ നിന്നും കാണാതായ കോളജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ കണ്ടെത്തി. പാത്താമുട്ടം സെന്റ് കിറ്റ്‌സ് കോളജിലെ ഒന്നാം വര്‍ഷം എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി സുഹൈല്‍ നൗഷാദി(18)ന്റെ മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്. മൂന്നു ദിവസത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്.
പേരൂരില്‍ മീനച്ചിലാറിന്റെ പൂവത്തുമ്മൂട് കടവിലാണ് മൃതദേഹം പൊങ്ങിയത്. വ്യാഴാഴ്ച വൈകിട്ടാണ് സുഹൈലിനെ കാണാതാവുന്നത്. ഏറ്റുമാനൂര്‍ ജനറല്‍ സ്റ്റോഴ്‌സ് ഉടമ നൗഷാദിന്റെ മകനാണ് സുഹൈല്‍. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
ഏറ്റുമാനൂരില്‍ ഇറങ്ങേണ്ട സുഹൈല്‍, കോളജ് ബസ്സില്‍ പൂവത്തുമ്മൂട് ഭാഗത്ത് ഇറങ്ങുകയായിരുന്നു. പൂവത്തുമ്മൂട് ഭാഗത്ത് കൂടി നടന്നുപോകുന്ന സുഹൈലിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

അഴീക്കലിൽ തീപ്പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവതിയും മരിച്ചു

ഓച്ചിറ. അഴീക്കലിൽ തീപ്പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു.അഴീക്കൽ പുതുവയൽ സ്വദേശി ഷൈജ മോളാണ് മരിച്ചത്. ആത്മഹത്യയെന്ന് വിവരം.ഗുരുതരമായി പൊള്ളലേറ്റ ഷൈജമോളുടെ സുഹൃത്ത് ഷിബു ഇന്നലെ മരിച്ചിരുന്നു.

ഇന്നലെ വൈകിട്ട് ഏഴരയോടെ
അഴീക്കലിൽ പുതുവയൽ ഷൈജ മോളുടെ വീട്ടിൽ സുഹൃത്തായ ഷിബു എത്തുന്നത്. മിനിട്ടുകൾ കഴിഞ്ഞതോടെ വീടിൻ്റെ മുകളിലത്തെ നിലയിൽ നിന്നും തീ കത്തുന്നത് കണ്ടാണ് ഷൈജയുടെ മാതാപിതാക്കളും നാട്ടുകാരും സമീപത്തേക്ക് ഓടിയെത്തുന്നത്. തുടർന്ന് പോലീസും ഫയർഫോഴ്സും എത്തി ഷൈജയെയും ഷിബുവിനെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോഴേക്കും ഷിബുവിൻ്റെ മരണം സംഭവിച്ചു.ഗുരുതരമായി പൊള്ളലേറ്റ ഷൈജ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സിയിലിരിക്കെയാണ് ഇന്ന് മരിക്കുന്നത്.കോട്ടയം സ്വദേശി ഷിബുവും ഷൈജ മോളും തമ്മിൽ ഇഷ്ടത്തിലായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.

തകഴിയില്‍ അബദ്ധത്തില്‍ എലിവിഷം കഴിച്ച വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ. തകഴിയില്‍ അബദ്ധത്തില്‍ എലിവിഷം കഴിച്ച വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. തകഴി കല്ലേപ്പുറത്ത് 15 വയസുള്ള മണിക്കുട്ടിയാണ് മരിച്ചത്. വീട്ടിലെ എലിയുടെ ശല്യം ഒഴിവാക്കാന്‍ തേങ്ങാപ്പൂളില്‍ എലിവിഷം വച്ചിരുന്നു. വൈകുന്നേരം സ്‌കൂള്‍ വിട്ടുവന്ന വിദ്യാര്‍ത്ഥിനി ഇതറിയാതെ തേങ്ങ കഴിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് കുട്ടി മരണപ്പെട്ടത്.

കുട്ടിയുടെ മുത്തശ്ശിക്ക് റാബിസ് വാക്സിനെടുത്ത ശേഷം ചലനശേഷി നഷ്ട്ടപ്പെട്ടിരുന്നു. ഇവരുടെ ചികിത്സയ്ക്കായി അമ്മയും അച്ഛനും ആശുപത്രിയിൽ പോയ സമയത്താണ് സംഭവം. വീട്ടിൽ എലിയുടെ ശല്യത്തെ തുടർന്ന് തേങ്ങാപ്പൂളിൽ വിഷം ചേർത്ത് വച്ചിരുന്നു. കുട്ടി സ്‌കൂളില്‍ നിന്ന് വന്ന് വിഷമുള്ള തേങ്ങാപ്പൂള്‍ കഴിക്കുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. കുട്ടിയെ ആദ്യം വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കുട്ടിയെ മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഉടന്‍ കുടുംബത്തിന് വിട്ടുനല്‍കും.