മരത്തില്‍ കുടുങ്ങിയ യുവാവിന് രക്ഷകനായി ഫയര്‍ഫോഴ്‌സ്. കേരളപുരം മാമൂട് തോട്ടിന്‍കര സ്വദേശി 40 വയസ്സുള്ള ബിജുവാണ് മരത്തില്‍ കുടുങ്ങിയത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടുകൂടിയായിരുന്നു സംഭവം. മാമൂട് മാടന്‍കാവിനു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മരം മുറിക്കാന്‍ എത്തിയതായിരുന്നു ഇദ്ദേഹം. മരം മുറിച്ചു കൊണ്ടിരിക്കവേ വാള്‍ ശരീരത്ത് കൊണ്ട് മുറിവേറ്റു. തുടര്‍ന്ന് നിലത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായി. ഉടന്‍തന്നെ വീട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. കുണ്ടറയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് എത്തിയാണ് ഇദ്ദേഹത്തെ മരത്തില്‍ നിന്നും താഴെയിറക്കിയത്. തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.
നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ച് കയറി
പൂയപ്പള്ളി: പൂയപ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ച് കയറി. യാത്രികർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു.
കഴിഞ്ഞ ദിവസം രാത്രി 2.45നായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്ത് നിന്നുംചാത്തന്നുരിലേക്ക് പോവുകയായിരുന്ന കാർ പൂയപ്പള്ളി പി എൽ സി കാഷ്യൂ ഫാക്ടറിക്ക് സമീപത്ത് വെച്ച് നിയന്ത്രണം വിട്ട് സമീപത്തെ ബാറ്ററിക്കടയുടെ മുൻവശത്തേക്ക് ഇടിച്ച് കയറുകയായിരുന്നു. റാന്നി സ്വദേശികളായ ഒരു കുടുംബത്തിലെ സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രികരാണ് കാറിൽ ഉണ്ടായിരുന്നത്. പൂയപ്പള്ളി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
വെളിനല്ലൂര്‍ മണികണ്ഠന്റെ 50-ാം പിറന്നാള്‍ ആഘോഷിച്ചു
ഓയൂര്‍: വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ വെളിനല്ലൂര്‍ മണികണ്ഠന്‍ എന്ന ആനയുടെ 50-ാം പിറന്നാള്‍ ആഘോഷം വെളിനല്ലൂര്‍ ഗ്രാമത്തിന്റെ ഉത്സവമായി. 38 വര്‍ഷം മുന്‍പ് വെളിനല്ലൂര്‍ പിള്ളവീട്ടില്‍ പരേതനായ ഗോപിനാഥന്‍ നായര്‍ നടയ്ക്കിരുത്തിയതാണ് മണികണ്ഠനെ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ശബരിമല, വൈക്കം, കൊട്ടാരക്കര, ചെങ്ങന്നൂര്‍ തുടങ്ങിയ ക്ഷേത്രങ്ങളിലും കൂടാതെ മറ്റു ചില സ്വകാര്യ ക്ഷേത്രങ്ങളിലും തിടമ്പേറ്റുന്നത് മണികണ്ഠനാണ്. 5 വര്‍ഷമായി ശബരിമല ഉത്സവത്തിന് കെട്ടുനിറച്ചാണ് മണികണ്ഠനെ കൊണ്ടുപോകുന്നത്. ഈ മണ്ഡലകാലത്തും മണികണ്ഠന്‍ ശബരിമലയിലെത്തും.
പിറന്നാള്‍ ദിനത്തില്‍ ക്ഷേത്രത്തിന് സമീപത്തുള്ള ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്ന് അണിയിച്ചൊരുക്കിയ മണികണ്ഠനെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്ത്രീകളുടെയും കുട്ടികളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ക്ഷേത്ര സന്നിധിയിലെ ആനക്കൊട്ടിലേക്ക് ആനയിച്ചു. തുടര്‍ന്ന് മണികണ്ഠന് പിറന്നാള്‍ സമ്മാനമായി ശ്രീരാമസ്വാമിയുടെ ചിത്രം പതിച്ച നെക്ലേസും വെളിനല്ലൂര്‍ മണികണ്ഠന്‍ എന്നെഴുതിയ പതക്കവും നല്‍കി ആദരിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം ജി.സുന്ദരേശ്വന്‍ ദീപം തെളിയിച്ചും, കേക്ക് മുറിച്ചും പിറന്നാള്‍ ആഘോഷം ഉദ്ഘാടനം ചെയ്തു. 50-ാം പിന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി മണികണ്ഠനെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട് തിരുവാതിര പാട്ട് ചിട്ടപ്പെടുത്തുകയും മാതൃസമിതി അംഗങ്ങള്‍ മണികണ്ഠന്റെ മുന്നില്‍ തിരുവാതിര അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കൈക്കൊട്ടികളിയും നടത്തി.
ക്ഷേത്രാങ്കണത്തില്‍ നടത്തിയ പൊതുസമ്മേളനം ദേവസ്വം ബോര്‍ഡ് അംഗം ജി സുന്ദരേശന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഉപദേശക സമിതി വൈസ് പ്രസിഡന്റ് ടി.എസ്. രാഹുല്‍ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട മുന്‍ ഡെപ്യൂട്ടി ദേവസ്വം കമ്മീഷനര്‍ സുനില്‍കുമാര്‍, വെളിനല്ലൂര്‍ സബ് ഗ്രൂപ്പ് ഓഫിസര്‍ വൈശാഖ് കൃഷ്ണ, അസി. എന്‍ജിനീയര്‍ ആതിര കൃഷ്ണന്‍, ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി വി.ഹരികുമാര്‍, സബ് ഗ്രൂപ്പ് ഓഫിസര്‍ എം.ആര്‍.വിഷ്ണു തുടങ്ങിയവര്‍ സംസാരിച്ചു. ഗീത നല്‍കിയ തിരുമുഖവും ദേവസ്വം ബോര്‍ഡ് കോണ്‍ട്രാക്ടര്‍ എസ്.അജിത്കുമാര്‍ നല്‍കിയ ലോക്കറ്റും ക്ഷേത്രം ഉപദേശക സമിതി നല്‍കിയ ഏലസ് സമര്‍പ്പണവും നടത്തി.
തിരുവനന്തപുരത്ത് പോക്‌സോ കേസിൽ യുപി സ്‌കൂൾ അധ്യാപകൻ അറസ്റ്റിൽ
തിരുവനന്തപുരം: പോക്‌സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. തിരുവനന്തപുരം ശാന്തിവിള യുപി സ്‌കൂളിലെ അധ്യാപകൻ ബിനോജ് കൃഷ്ണയാണ് അറസ്റ്റിലായത്.
കുട്ടികളുടെ രക്ഷാകർത്താക്കളുടെ പരാതിയിലാണ് നേമം പോലീസിന്റെ നടപടി. ഇയാൾക്കെതിരെ ആറ് പോക്‌സോ കേസുകൾ ചുമത്തിയിരുന്നു.
ആത്മഹത്യക്ക് ശ്രമിച്ച അധ്യാപകൻ ചികിത്സയിലായിരുന്നു.
തെരഞ്ഞെടുപ്പ്; വയനാട്ടിൽ 13 ന് പൊതുഅവധി
വയനാട്: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ 13 ന് ജില്ലയിലെ എല്ലാ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. എല്ലാ സ്വകാര്യ വാണിജ്യ- വ്യവസായ സ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി നല്‍കണമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.
ഇത് കൂടാതെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭ, ചേലക്കര, മണ്ഡലങ്ങളിൽ വോട്ടുള്ളവരും എന്നാല്‍ മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമായ എല്ലാ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ദിവസം ശമ്പളത്തോടു കൂടിയ അവധിയായിരിക്കും
പോയിൻ്റ് പട്ടികയിലെ കല്ലുകടി, സംസ്ഥാന സ്കൂൾ മേളയുടെ സമാപനത്തിൽ വൻ പ്രതിഷേധം
എറണാകുളം: സംസ്ഥാന സ്ക്കൂൾ കായികമേളയുടെ സമാപന വേദിയിൽ പോയിൻ്റ് പട്ടികയെ ചൊല്ലി തർക്കവും പ്രതിഷേധവും. വളരെ മികച്ച നിലയിൽ സംഘടിപ്പിക്കപ്പെട്ട കായിക മേളയിൽ പോയിൻ്റ് പട്ടികയിൽ സ്പോർട്ട്സ് സ്കൂളുകളെ ഉൾപ്പെടുത്തിയതു സംബന്ധിച്ച തർക്കമാണ് പ്രശ്നത്തിന് കാരണമായത്.മാർ ബേസിൽ, തിരുനാവായ എച്ച് എസ് എസ് എന്നിവിടങ്ങളിലെ പെൺകുട്ടികളടക്കമുള്ള കായിക താരങ്ങളുടെ പ്രതിഷേധം പോലീസിനെ കുഴക്കി.പ്രതിഷേധക്കാർ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ സമരത്തിന് മുന്നിൽ പോലീസ് പകച്ചു നിന്നു.രണ്ടാം സ്ഥാനം നേടിയ തിരുവനന്തപുരം ജീവിരാജ സ്പോർട്ട്സ് സ്കൂളിൻ്റെ പേര് വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഇല്ലായിരുന്നു.മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്ഥമായി സ്പോർട്സ് സ്കൂളുകളെയും കിരീടത്തിനായി പരിഗണിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെയുള്ളവർ വേദിയിൽ ഉള്ളപ്പോഴായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം.
ക്യാൻസൽ ചെയ്ത ഓർഡറുകൾ വിലക്കിഴിവിൽ വാങ്ങാൻ പുത്തൻ ഫീച്ചറുമായി സൊമാറ്റോ
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ ഉപയോക്താക്കള്‍ക്കായി ‘ഫുഡ് റെസ്‌ക്യൂ’ എന്ന പേരില്‍ പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ചു. കാന്‍സല്‍ ചെയ്ത ഓര്‍ഡറുകള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ തൊട്ടടുത്തുള്ള ഉപയോക്താക്കള്‍ക്ക് അവസരം നല്‍കുന്നതാണ് പുതിയ ഫീച്ചര്‍. ഉപയോക്താക്കള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ഡെലിവറി പങ്കാളികള്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന ഫീച്ചര്‍ വഴി ഭക്ഷണം പാഴാക്കുന്നത് തടയുക എന്ന വലിയ ലക്ഷ്യവുമുള്ളതായി സൊമാറ്റോ അറിയിച്ചു.
‘സൊമാറ്റോയില്‍ ഓര്‍ഡര്‍ റദ്ദാക്കുന്നത് ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല, കാരണം ഇത് വലിയ അളവില്‍ ഭക്ഷണം പാഴാക്കുന്നതിന് കാരണമാകുന്നു. കര്‍ശനമായ നയങ്ങളും റദ്ദാക്കലുകള്‍ തടയുന്നതിനുള്ള നോ റീഫണ്ട് നയവും ഉണ്ടായിരുന്നിട്ടും 4 ലക്ഷത്തിലധികം മികച്ച ഓര്‍ഡറുകള്‍ സൊമാറ്റോയില്‍ റദ്ദാക്കപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കള്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഓര്‍ഡറുകള്‍ കാന്‍സല്‍ ചെയ്യുന്നത്. ഞങ്ങള്‍ക്കും റെസ്റ്റോറന്റ് വ്യവസായത്തിനും ഇത്തരത്തില്‍ ഓര്‍ഡറുകള്‍ റദ്ദാക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഭക്ഷണം പാഴാവുന്നത് എങ്ങനെ ഒഴിവാക്കാം എന്നാണ് ചിന്തിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് ഞങ്ങള്‍ ഇന്ന് ഒരു പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. റദ്ദ് ചെയ്ത ഓര്‍ഡറുകള്‍ അടുത്തുള്ള ഉപഭോക്താക്കള്‍ക്ക് കുറഞ്ഞവിലയില്‍ വാങ്ങാന്‍ അവസരം നല്‍കുന്നതാണ് ഫീച്ചറിന്റെ പ്രത്യേകത. ഇത്തരത്തില്‍ ഓര്‍ഡറുകള്‍ കാന്‍സല്‍ ചെയ്യുമ്പോള്‍ അടുത്ത ഉപഭോക്താക്കള്‍ക്ക് മുന്നില്‍ ഇത് പോപ്പ് അപ്പ് ചെയ്ത് വരും. പാക്കേജില്‍ യാതൊരുവിധത്തിലും കേടുപാടുകള്‍ സംഭവിക്കാത്ത വിധമാണ് മിനിറ്റുകള്‍ക്കുള്ളില്‍ അവ വാങ്ങാവുന്ന തരത്തിലാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുക’ സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ എക്സില്‍ കുറിച്ചു.
രമാദേവി ഓയിൽ മില്ലിൽ ജോലിക്കെത്തിയത് ഒരു മാസം മുമ്പ്:ദാരുണ സംഭവം നടന്നത് ഉടമ ഇല്ലാത്ത നേരത്ത്;പൊലിഞ്ഞത് നിർദ്ധന കുടുംബത്തിൻ്റെ നട്ടെല്ല്
കുന്നത്തൂർ:കുന്നത്തൂർ നെടിയവിള ക്ഷേത്രം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കുന്നത്തൂർ ഓയിൽ മില്ലിലെ ജീവനക്കാരി കുന്നത്തൂർ പടിഞ്ഞാറ് വിളയിൽ വീട്ടിൽ പങ്കജാക്ഷൻ നായരുടെ ഭാര്യ രമാദേവി (56)യുടെ ദാരുണാന്ത്യം നാടിന് നൊമ്പരമായി.കടവും പ്രാരാബ്ധങ്ങളും കൂടപ്പിറപ്പായിരുന്ന രമാദേവി ഇവിടെ ജോലിക്കെത്തിയത് ഒരു മാസം മുമ്പാണ്.കുന്നത്തൂർ കിഴക്ക് ചെറുകോൺ വയലിൽ ക്ഷേത്രത്തിൽ സഹായിയായി ജോലി നോക്കുമ്പോഴാണ് തരക്കേടില്ലാത്ത ശമ്പളത്തിൽ ഓയിൽ മില്ലിലേക്ക് മാറിയത്.ഓയിൽ മില്ലുകളിൽ പ്രവർത്തിച്ച് മുൻപരിചയമുള്ള ആളായിരുന്നു ഇവരെന്ന് ഉടമ പറയുന്നു.തിങ്കളാഴ്ച പകൽ 12 ഓടെ ഉടമ കടമ്പനാട്ടെ വീട്ടിലേക്ക് പോയ നേരത്താണ് അപകടം നടന്നത്.വിവരമറിഞ്ഞ് എത്തിയപ്പോൾ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ വാഹനത്തിലേക്ക് മാറ്റുകയായിരുന്നു.

ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.മില്ലിലെ ഹൈപവർ മെഷീനിൽ സാരി കുടുങ്ങിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നിഗമനം.ഈ സമയം സ്ഥാപനത്തിലെത്തിയ ആളാണ് സംഭവം മറ്റുള്ളവരെ അറിയിക്കുന്നത്.മൃതദേഹം ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റും.മക്കൾ:മണിലാൽ,ധന്യ.
അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛന് വധശിക്ഷ
പത്തനംതിട്ടയില്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛന് വധശിക്ഷ. തമിഴ്നാട് രാജപാളയം സ്വദേശി അലക്സ് പാണ്ഡ്യന്‍ (26) നെയാണ് കോടതി ശിക്ഷിച്ചത്. പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ക്രൂരമായ പീഡനത്തിനും മര്‍ദ്ദനത്തിനും ഇരയായിട്ടാണ് അഞ്ചു വയസ്സുകാരി കൊല്ലപ്പെട്ടത്. 2021 ഏപ്രില്‍ അഞ്ചിന് കുമ്പഴയിലെ വാടകവീട്ടില്‍ വെച്ചായിരുന്നു കൊലപാതകം. കുഞ്ഞിന്റെ ശരീരത്തില്‍ 67 മുറിവുകളുണ്ടെന്നും മരണകാരണം നെഞ്ചിനേറ്റ ക്ഷതമാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു.
ശരീരത്തില്‍ കത്തികൊണ്ട് മുറിവേല്‍പ്പിച്ചുവെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും തെളിഞ്ഞു. കൊലപാതകം, ബലാത്സംഗം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, പോക്സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഉള്‍പ്പെടെ പ്രതിക്കെതിരെ ചുമത്തിയിരുന്നു. 2021 ജൂലായ് അഞ്ചിനാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിന്റെ വിചാരണസമയത്ത് പ്രതി അക്രമാസക്തനായി സ്വയം മുറിവേല്‍പ്പിച്ചിരുന്നു.
ഇഞ്ചക്കാട്ട് ശൂരനാട് രവി സാംസ്ക്കാരിക കേന്ദ്രത്തിൽ ചെണ്ടവാദ്യ ക്ളാസ് ആരംഭിച്ചു
ശാസ്താംകോട്ട: അന്തരിച്ച പ്രശസ്ത ബാലസാഹിത്യകാരൻ ശൂരനാട് രവിയുടെ സ്മരണാർത്ഥം ശൂരനാട് തെക്ക് ഇഞ്ചക്കാട്ട് രൂപം കൊണ്ട ശൂരനാട് രവിസ്മാരക സാംസ്കാരികകേന്ദ്രം & ഗുരുപാദം വാദ്യകലാക്ഷേത്രത്തിൻ്റെ എട്ടാമത് ബ്രാഞ്ച് പതാരം പുളിയ്ക്ക മുക്കിൽ 76-ാം നമ്പർ എൻ എസ് എസ് കരയോഗം വൈസ് പ്രസിഡന്റ് മാധവൻ നായർ കാട്ടൂർ ഉത്ഘാടനം ചെയ്തു. ഇഞ്ചയ്ക്കാട് സുരേഷ്കുമാറിൻ്റെ നേതൃത്വത്തിൽ 15-ഓളം കുട്ടികൾക്ക് ചെണ്ട പരിശീലനം തുടങ്ങി. സെക്രട്ടറി ശ്രീകുമാർ പുളിക്കൽ, ജോയിൻ് സെക്രട്ടറി മോഹൻ കുമാർ കൊച്ചുതറയിൽ തുടങ്ങിയവർ പങ്കെടുത്തു.







































