Home Blog Page 1946

പ്രിയങ്ക ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കല്‍പ്പറ്റ: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. എല്‍ഡിഎഫ് വയനാട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്. ആരാധനാലയവും മതചിഹ്നങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. ഇക്കഴിഞ്ഞ പത്താംതീയതിയാണ് പ്രയിങ്ക പള്ളിക്കുന്ന് ദേവാലയത്തില്‍ എത്തിയത്. അവിടെ നിന്ന വൈദികരുടെയും സന്യസ്തരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തില്‍ പ്രാര്‍ഥന നടത്തുന്നതിന്റെ വിഡിയോയും ചിത്രങ്ങളുമെടുത്ത് പ്രചാരണത്തിന് ഉപയോഗിച്ചെന്നും എല്‍ഡിഎഫിന്റെ പരാതിയില്‍ പറയുന്നു. വയനാട് ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍, ടി സിദ്ദിഖ് എംഎല്‍എ എന്നിവരും യുഡിഎഫ് സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.

പമ്പയ്ക്ക് ബസ് സര്‍വീസ്

പുനലൂര്‍: മണ്ഡലകാലം പ്രമാണിച്ച് കെഎസ്ആര്‍ടിസിയുടെ പുനലൂര്‍ ഡിപ്പോയില്‍ നിന്നും 15 മുതല്‍ രണ്ട് സ്പെഷ്യല്‍ സര്‍വീസ് നടത്തും. പുലര്‍ച്ചെ ആറിനും രാത്രി എട്ടിനും ബസുകള്‍ പുറപ്പെടും. ഇതില്‍ സീറ്റുറപ്പിക്കുന്നതിന് റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ സീറ്റുകള്‍ ബുക്ക് ചെയ്യാം. ആവശ്യമെന്ന് കണ്ടാല്‍ ഇനിയും സ്പെഷ്യല്‍ സര്‍വീസ് അനുവദിച്ചേക്കും.
റെഗുലര്‍ സര്‍വീസുകള്‍ക്ക് പുറമേ യാത്രക്കാര്‍ നിറയുന്നതനുസരിച്ച് കൂടുതല്‍ സര്‍വീസയയ്ക്കും. സംഘമായി വരുന്ന ഭക്തര്‍ക്ക് മുന്‍കൂട്ടി ബസ് ബുക്ക്ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനായി 0475 2222626 എന്ന നമ്പരില്‍ ബന്ധപ്പെടാം.

കൊല്ലത്ത്‌ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ

കൊല്ലം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷിജു എസ്.എസ് ന്റെ  നേതൃത്വത്തിൽ കൊല്ലം താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ബൈക്കിൽ കൊണ്ടുവന്ന 5.466 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. തഴുത്തല മൈലാപ്പൂർ കാഞ്ഞിരംവിള വീട്ടിൽ നിന്നും ഇപ്പോൾ തൃക്കോവിൽവട്ടം കുരീപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന മോഡേൺ ബംഗ്ലാവിൽ വീട്ടിൽ നൗഫൽ (31) ആണ് പിടിയിലായത്. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 7.031 ഗ്രാം എംഡിഎംഎയും 2.860 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

കരുനാഗപ്പള്ളി തഴവ ഗവൺമെന്റ് കോളേജ് സൗകര്യ പ്രദമായ പുതിയ കെട്ടിടത്തിലേക്ക് മാറ്റും, സി ആർ മഹേഷ്‌ എംഎൽ എ

കരുനാഗപ്പള്ളി. കഴിഞ്ഞ 10 വർഷത്തിലധികമായി താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് പുതിയ കെട്ടിടം കണ്ടെത്തി അതിലേക്ക് മാറ്റുവാൻ സി ആർ മഹേഷ് എംഎൽഎയുടെ ആവശ്യപ്രകാരം ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗം തീരുമാനിച്ചു.

ഇതിനായി ഐഎച്ച്ആർഡി പോളിടെക്നിക് നിയന്ത്രണത്തിലുള്ള കെട്ടിടത്തിലെ ഉപയോഗിക്കാതെ ഉള്ള കെട്ടിടം, വൈ എം എം സെൻട്രൽ സ്കൂൾ പ്രവർത്തിച്ചിരുന്ന കെട്ടിടം ഐ എച്ച് ആർ ഡി കോളേജിന് സമീപം ഉള്ള സ്വകാര്യ കെട്ടിടം എന്നിവടങ്ങളിൽ നവംബർ 19 ന് സ്ഥല പരിശോധന നടത്തുവാൻ തീരുമാനിച്ചു. എംഎൽഎ,ജില്ലാ കളക്ടർ, കോളേജ് പിടിഎ, വിദ്യാർത്ഥി പ്രതിനിധികൾ, പൊതുമരാമത്ത് കെട്ടിട വിഭാഗം ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ആണ് സ്ഥല പരിശോധന നടത്തുന്നത് .ഈ കെട്ടിടങ്ങളുടെ പരിശോധനയ്ക്കുശേഷം നവംബർ 21ന് കളക്ടറുടെ ചേമ്പറിൽ കോളേജ് വികസന സമിതി ചേരുവാനും അനുയോജ്യമായ കെട്ടിടത്തിൽ കോളേജ് പ്രവർത്തിപ്പിക്കുന്നതിനുള്ള അനുമതിക്കായി സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിക്കുവാനും തീരുമാനിച്ചു. ഏറെക്കാലമായി സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് കോളേജ് പ്രവർത്തിച്ചു വരുന്നത്. കെട്ടിടത്തിന് അടിസ്ഥാന സൗകര്യങ്ങളോ കോളേജ് തല ക്ലാസ് പ്രവർത്തിപ്പിക്കുന്നതിനോ ഉള്ള അടിസ്ഥാന സൗകര്യം ഇല്ലാ ത്തതിനാൽ ഒരാഴ്ചയ്ക്ക് മുമ്പ് വിദ്യാർത്ഥികൾ സമരത്തിൽ ആയിരുന്നു. വിദ്യാർത്ഥി പ്രതിനിധികളുമായി സി ആർ മഹേഷ് എംഎൽഎ നേരിട്ട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ സമരം പിൻവലിക്കുകയും അതിൻപ്രകാരം കളക്ടറുടെ നേതൃത്വത്തിലുള്ള കോളേജ് വികസന സമിതി ചേരുവാൻ തീരുമാനിച്ചിരുന്നു. കോളേജിന്റെ പുതിയ കെട്ടിട നിർമാണത്തി നായി ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജിൽ നിന്ന് അഞ്ചേക്കറിലധികം വസ്തു അനുവദിക്കുകയും കെട്ടിട നിർമ്മാണത്തിന് കിഫ്ബിയിൽ നിന്നും അനുമതിയും ലഭിച്ചിരുന്നു. എന്നാൽ നിരവധിയായ തടസ്സങ്ങൾ കാരണം നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. സി ആർ മഹേഷ് എംഎൽഎയുടെ നേതൃത്വത്തിൽ നിരന്തരമായി യോഗം ചേരുകയും അതിന്റെ അടിസ്ഥാനത്തിൽ കെട്ടിട നിർമ്മാണത്തിനുള്ള ഭരണാനുമതി ലഭിക്കുകയും സാങ്കേതിക അനുമതി യ്ക്കായിനൽകിയിട്ടള്ളതുമാണ്.. ഉടൻതന്നെ കെട്ടിട നിർമ്മാണം ആരംഭിക്കാമെന്ന് കിഫ്ബി അഡിഷണൽ ഡയറക്ടർ യോഗത്തിൽ ഉറപ്പ് നൽകിയതായിസി ആർ മഹേഷ് എം എൽഎ അറിയിച്ചു.

കളക്ടറുടെ ചേമ്പറിൽ നടന്ന യോഗത്തിൽ സി ആർ മഹേഷ് എംഎൽഎ, ജില്ല കളക്ടർ ദേവീദാസൻ, കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഇന്ദുശ്രീ അധ്യാപകരായ ഹരികുമാർ ജെയിംസ് വർഗീസ് ഗിരീഷ് സൂപ്രണ്ട് അനിൽകുമാർ, പിടിഎ ഭാരവാഹികളായ വിപിൻ ബാബു റാണി സിന്ധു,വിദ്യാർത്ഥി പ്രതിനിധികളായ അനാമിക, ആതിര കൃഷ്ണ, ബിജിത്ത്, ഇർഫാൻ കൂടാതെ ഐഎച്ച്ആർഡി പോളിടെക്നിക് പ്രിൻസിപ്പൽ അനിൽകുമാർ,പിഡബ്ല്യുഡി ഉദ്യോഗസ്ഥർ, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

കുന്നത്തൂർ പാലത്തിനു സമീപം മണൽ കടത്തിനിടെ പൊലീസിനെ വെട്ടിച്ചു കടന്ന യുവാക്കൾ പിടിയിൽ

കുന്നത്തൂർ:മണൽ കടത്തിനിടെ പൊലീസിനെ വെട്ടിച്ചു കടന്ന യുവാക്കൾ പിടിയിൽ.താഴത്തു കുളക്കട കാഞ്ഞിരക്കോട്ട് തെക്കേതിൽ അരുൺ (31),പുത്തൂർ മണ്ഡപം ജംക്ഷൻ കുഴിവിള വീട്ടിൽ പ്രവീൺ (25) എന്നിവരെയാണ് ശാസ്താംകോട്ട പൊലീസ് അറസ്‌റ്റ് ചെയ്തത്.രണ്ടാഴ്ച മുമ്പ് കുന്നത്തൂർ പാലത്തിനു സമീപം പുലർച്ചെ കല്ലടയാറ്റിൽ നിന്നും മണൽ കടത്താൻ ശ്രമിച്ച വാഹനം പൊലീസ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തിരുന്നു.ഈ സമയം വാഹനത്തിൽ ഉണ്ടായിരുന്ന പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.

മെഡിസെപിലെ അപാകതകൾ പരിഹരിക്കണം : പെൻഷനേഴ്സ് സംഘ്

ശാസ്താംകോട്ട : കേരളാ സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് കുന്നത്തൂർ ബ്ലോക്ക്‌ സമ്മേളനം ജില്ലാ വൈസ്പ്രസിഡന്റ്‌ പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ്‌ ജി. സരോജാക്ഷൻ പിള്ള, ആർ. എസ്. എസ് ശാസ്താംകോട്ട സംഘ് ചാലക് ഡോ.രാധാകൃഷ്ണൻ,എൻ. ടി. യു ശാസ്താംകോട്ട ഉപജില്ല സെക്രട്ടറി ഗിരീഷ്, കെ.വേണുഗോപാലകുറുപ്പ്, ശ്രീകുമാർ, രാജേന്ദ്രൻപിള്ള,ഡി.സദാനന്ദൻ, ഇ.വിജയൻപിള്ള, ഡി ബാബുപിള്ള, സി. വിജയൻപിള്ള, ഗിരിജ ടീച്ചർ എന്നിവർ പ്രസംഗിച്ചു.

    തുടർന്ന് നടന്ന സംഘടന സമ്മേളനം സംസ്ഥാന സമിതി അംഗം കെ. ഓമനക്കുട്ടൻപിള്ള ഉദ്ഘാടനം ചെയ്തു. എസ്. സുരേന്ദ്രപിള്ള  അധ്യക്ഷൻ ആയിരുന്നു. ജി. ജയകുമാർ, സി.  മോഹനൻപിള്ള എന്നിവർ പ്രസംഗിച്ചു. 

ഭാരവാഹികളായി
എസ്.സുരേന്ദ്രൻ പിള്ള ( പ്രസിഡന്റ്‌), സി. വിജയൻപിള്ള (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, ക്ഷാമബത്തക്ക് കുടിശ്ശിഖ അനുവദിക്കുക, പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ നാടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു.

എച്ച്ജി സഖറിയാ മാർ അന്തോണിയോസ് മെമ്മോറിയൽ ടെക്നിക്കൽ ആന്റ് കൾച്ചറൽ സ്പോർട്സ് മത്സരം

ശാസ്താംകോട്ട:ശാസ്താംകോട്ട ബസേലിയോസ് മാത്യൂസ് II കോളേജ് ഓഫ് എഞ്ചിനീറിംഗിൽ എച്ച്.ജി സഖറിയാ മാർ അന്തോണിയോസ്’മെമ്മോറിയൽ ജൂനിയർ സ്റ്റേറ്റ് ലവൽ ഹാക്കത്തോൺ- ഐഡിയാത്തോൺ,കൾച്ചറൽ ആൻ്റ് സ്പോർട്ട്സ് മത്സരങ്ങൾ സംഘടിപ്പിച്ചു. ശാസ്താംകോട്ട എസ്ഐ എം.എച്ച് ഷാനവാസ് ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പാൾ ഡോ.എൽ.പദ്‌മാ സുരേഷ്,ഡയറക്ട‌ർ റവ.ഫാ.തോമസ് വർഗീസ്,വൈസ് പ്രിൻസിപ്പാൾ ഡെന്നീസ് മാത്യു,റവ.ഫാ.ഡോ.കോശി വൈദ്യൻ,റവ.ഫാ.സാംജി.റ്റി.ജോർജ്, റവ.ഫാ.അനൂപ് രാജു,സ്‌കൂൾ പ്രിൻസിപ്പാൾ ഡോ.ജയശ്രീ.എസ് തുടങ്ങിയവർ പ്രസംഗിച്ചു.

ക്വിസ് മത്സരം,പ്രോജക്ട‌് എക്സ്‌പോ,ഐഡിയ പിച്ചിംഗ് ഹാക്കത്തോൺ,ഗ്രൂപ്പ് ഡാൻസ്,മ്യൂസിക് ബാൻ്റ്,പെയിൻ്റിംഗ്, വോളിബോൾ,ഫുട്‌ബോൾ എന്നീ മത്സരങ്ങളിൽ കേരളത്തിലെ 23 ലധികം സ്‌കൂളിലെ 250 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.വിജയികളായ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മെഡലും നല്‌കി ആദരിച്ചു.തുമ്പമൺ സെൻ്റ് ജോൺസ് സക്യാർ,തേവലക്കര ഹോളി ട്രിനിറ്റി ആംഗ്ലോ ഇൻഡ്യൻ സ്‌കൂൾ,കൊല്ലം ഉളിയക്കോവിൽ സെൻ്റ് മേരീസ് ഇ.എം.പി സ്കൂ‌ൾ,ശാസ്താംകോട്ട ഡോ.സി.റ്റി ഈപ്പൻ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്‌കൂൾ,കൊട്ടാരക്കര സെന്റ് ഗ്രീഗോറിയോസ് ഹയർ സെക്കൻ്ററി സ്‌കൂൾ എന്നീ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ഉളിയക്കോവിൽ സ്‌കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പും തേവലക്കര ട്രിനിറ്റി സ്‌കൂൾ പാർട്ടിസിപ്പേഷൻ ഓവറോൾ ചാമ്പ്യൻഷിപ്പും നേടി.

വയനാട് നാളെ പോളിംഗ് ബൂത്തിലേക്ക്

വയനാട്. നാളെ പോളിംഗ് ബൂത്തിലേക്ക്. നാളെ രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. പോളിങ് സാമഗ്രികളുടെ വിതരണം  പൂർത്തിയായി.  നിശബ്ദ പ്രചാരണ ദിനത്തിലും  വോട്ടുറപ്പിക്കാനുള്ള സജീവ പരിശ്രമത്തിലാണ് മുന്നണികൾ.

ഒരു മാസത്തോളം നീണ്ട പ്രചാരണ പോരിനൊടുവിൽ നാളെ വയനാട്ടിൽ ജനവിധി. നിശബ്ദ പ്രചാരണ ദിവസവും ബഹളങ്ങളില്ലാതെ വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിൽ മുന്നണികൾ. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയും, NDA സ്ഥാനാർത്ഥി, നവ്യാ ഹരിദാസും  പൗരപ്രമുഖരെ കണ്ടു. പ്രിയങ്കാ ഗാന്ധി  വിശ്രമം തിരഞ്ഞെടുത്തെങ്കിലും പ്രവർത്തകർ അവിശ്രമം കളത്തിൽ. ഭൂരിപക്ഷം 5 ലക്ഷം കടക്കുമെന്ന് യുഡിഎഫ്. വ്യാമോഹമെന്ന് എതിരാളികൾ. അതേസമയം, സ്ട്രോങ്ങ് റൂമുകളിൽ  സൂക്ഷിച്ചിരുന്ന   ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും അനുബന്ധ സാമഗ്രികളും ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്തു.   1354 പോളിങ്ങ് സ്റ്റേഷനുകളാണ് വയനാട് മണ്ഡലത്തിൽ സജ്ജമാക്കുന്നത്.  ജില്ലയില്‍ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 11 പോളിങ്ങ് ബൂത്തുകൾ പ്രത്യേക സുരക്ഷാ പട്ടികയിലുമുണ്ട്.  ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്ക്
വോട്ടുചെയ്യുന്നതിനായി മേപ്പാടി, ചൂരൽമല പ്രദേശങ്ങളിലായി പ്രത്യേക ബൂത്തുകൾ സജ്ജീകരിച്ചു.  14,71,742 വോട്ടര്‍മാരാണ് വയനാട്  മണ്ഡലത്തിലുള്ളത്.

ചേലക്കര നാളെ പോളിംഗ് ബൂത്തിലേക്ക്,പ്രത്യേകത അറിയാമോ

തൃശൂര്‍. ചേലക്കര നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോൾ സവിശേഷതകൾ ഏറെ.
സീറോ പ്ലാസ്റ്റിക് എന്ന ആശയത്തിലാണ് ഇത്തവണയും തെരഞ്ഞെടുപ്പ്.
മണ്ഡലത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾ ആണ് ഉദ്യമത്തിനു പിന്നിൽ.

180 ബുത്തുകളാണ് ചേലക്കര മണ്ഡലത്തിൽ ഉള്ളത്. എല്ലാം ഹരിത ബൂത്തുകൾ.
പ്ലാസ്റ്റിക്കിന് ബദലായുള്ള ഉൽപ്പന്നങ്ങളാണ് മാലിന്യ ശേഖരണത്തിന് പോലും ഉപയോഗിക്കുന്നത്.
ചേലക്കര പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളാണ് പ്ലാസ്റ്റിക് രഹിത തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കുന്നത്.


ബൂത്തുകളിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ തിരികെ പഞ്ചായത്തിലെത്തിക്കും.
ഇവിടെനിന്ന് സംസ്കരണത്തിനു കൊണ്ടുപോകും. പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെ കൂടി പിന്തുണയോടെയാണ് പ്രവർത്തനങ്ങൾ.
കൊട്ടി കലാശത്തിനു ശേഷം ചേലക്കര നഗരം മണിക്കൂറുകൾ കൊണ്ട് വൃത്തിയാക്കിയതും ഹരിത കർമ്മ സേനയിലെ വീട്ടമ്മമാരാണ്.

സ്വകാര്യ മേഖലയ്ക്കും ടെസ്റ്റിംഗ് ഗ്രൗണ്ടുകൾ തുടങ്ങാൻ അനുവദിച്ച് ഗതാഗത വകുപ്പ് ഉത്തരവ് ഇറക്കി

തിരുവനന്തപുരം. സ്വകാര്യ മേഖലയ്ക്കും ടെസ്റ്റിംഗ് ഗ്രൗണ്ടുകൾ തുടങ്ങാൻ അനുവദിച്ച് ഗതാഗത വകുപ്പ് ഉത്തരവ് ഇറക്കി. വിവാദങ്ങള്‍ പരിഗണിക്കാതെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരങ്ങൾക്ക് പിന്നാലെ ഡ്രൈവിംഗ് ഗ്രൗണ്ടിൽ മാറ്റങ്ങളുമായി ഗതാഗത വകുപ്പ് മുന്നോട്ട്. ആധുനിക സൗകര്യങ്ങളും, ക്രമീകരണങ്ങളുമായി സ്വകാര്യ മേഖലയിൽ ഡ്രൈവിംഗ് ഗ്രൗണ്ടുകൾ തുടങ്ങാൻ അനുമതി നൽകി ഉത്തരവിറക്കി. ആദ്യ ഘട്ടത്തിൽ 12 പേരുടെ അപേക്ഷയാണ് പരിഗണിച്ചത്.

ദിവസേനയുള്ള ടെസ്റ്റുകളുടെ എണ്ണം കുറച്ചും, കാലഹരണപ്പെട്ട വാഹനങ്ങൾ ഒഴിവാക്കിയുമെല്ലാം ആദ്യ ഘട്ട പരിഷ്കരണങൾ നടപ്പാക്കിക്കഴിഞ്ഞു . ഇനി രണ്ടാം ഘട്ടമായി ആധുനിക സൗകര്യങ്ങൾ ഉള്ള വലിയ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകൾ. കയറ്റവും , ഇറക്കവും റിവേഴ്സ് പാർക്കിംഗും, എല്ലാം ഉൾപ്പെടുത്തിയാകും പരിഷ്കരിച്ച ഗ്രൗണ്ടുകൾ. ഇതിനായി സ്വകാര്യ മേഖലയ്ക്കും ടെസ്റ്റിംഗ് ഗ്രൗണ്ടുകൾ തുടങ്ങാൻ അനുവദിച്ച് ഗതാഗത വകുപ്പ് ഉത്തരവ് ഇറക്കി . 12 പേർക്കാണ് അനുമതി നൽകിയിട്ടുള്ളത്. മാനദണ്ഡങ്ങൾ പാലിച്ച് ഗ്രൗണ്ടുകൾ ഒരുക്കണം. തുടർന്ന് RTO മാരുടെ നേതൃത്വത്തിൽ ഗ്രൗണ്ട് പരിശോധിക്കും . മാനദണ്ഡങ്ങൾ പാലിച്ചെന്ന് പരിശോധനയിൽ ഉറപ്പാക്കിയ ശേഷമാകും അന്തിമ അനുമതി . നിലവിൽ അനുമതി ലഭിച്ചവർ എല്ലാം സ്വകാര്യ ഡ്രൈവിംഗ് സ്കൂൾ കൂട്ടായ്മകളാണ് . മാനദണ്ഡങ്ങൾ എല്ലാം പാലിച്ച് ഗ്രൗണ്ട് ഒരുക്കാൻ കുറഞ്ഞത് രണ്ടര ഏക്കർ സ്ഥലമെങ്കിലും വേണ്ടി വരുമെന്ന് പറയപ്പെടുന്നു.