Home Blog Page 1913

മാരാരിത്തോട്ടത്ത് സ്ത്രീയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി ദാരുണാന്ത്യം

കരുനാഗപ്പള്ളി. മാരാരിത്തോട്ടത്ത് സ്ത്രീയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി .കരുനാഗപ്പള്ളി സ്വദേശി
സുനീറബീവി ( 58 ) മരിച്ചു.ഭർത്താവിന് ഒപ്പം ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം.

സുനിറയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വൈകിട്ട് 6 .15 ഓടെയാണ് അപകടം. കരുനാഗപ്പള്ളി കേരള ഫീഡ്സിലെ ജീവനക്കാരിയാണ് സുനീറ ബീവി

ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന് അറസ്റ്റ് വാറന്റ്

ഹേഗ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി. ​ഗാസയിൽ സ്ത്രീകളും കുട്ടികളുമടക്കം നാൽപതിനായിരത്തിലേറെ ​പേരെ കൂട്ട​ക്കൊല നടത്തിയതിനും ആശുപത്രികളടക്കം തകർത്തതിനുമാണ് യുദ്ധക്കുറ്റം ചുമത്തി നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യൊആവ് ഗാലൻറിനും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഐസിസി പ്രീ-ട്രയൽ ചേംബർ (ഒന്ന്) ലെ മൂന്ന് ജഡ്ജിമാർ ഏകകണ്ഠമായാണ് ഇവർക്കെതി​രെ വാറന്റ് പുറപ്പെടുവിച്ചത്. ഹമാസ് നേതാവ് മുഹമ്മദ് ദയീഫിന് എതിരെയും കോടതിയുടെ വാറന്റുണ്ട്.

എന്നാൽ, ഇയാളെ കൊലപ്പെടുത്തിയതായി ഇസ്രായേൽ അവകാശപ്പെട്ടിരുന്നു. നെതന്യാഹുവോ ഗാലന്റോ ഐ.സി.സി അംഗത്വമുള്ള 120ലധികം രാജ്യങ്ങളിൽ എവിടേക്കെങ്കിലും യാത്ര ചെയ്താൽ ഇരുവരെയും അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കും. അറസ്റ്റിലായാൽ വിചാരണക്കായി ഇരുവരെയും ഹേഗിലെ കോടതിയിൽ ഹാജരാക്കും. എന്നാൽ, ഇസ്രായേലും അമേരിക്കയും ഐസിസിയിൽ അം​ഗത്വമെടുക്കാത്തതിനാൽ ഉത്തരവ് നടപ്പാക്കുന്നതിന് പ്രായോഗിക പരിമിതിയുണ്ടായേക്കും.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദ പ്രസംഗം, ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി.ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ശ്രീധരൻ പിള്ളയുടെ ഹർജിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. യുവമോർച്ച സമ്മേളനത്തിലെ പ്രസംഗത്തിൽ ശബരിമല നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പരാമർശത്തിലായിരുന്നു കോഴിക്കോട് കസബ പൊലീസ് കേസെടുത്തിരുന്നത്. സന്നിധാനത്ത് യുവതികൾ പ്രവേശിച്ചാൽ തുലാമാസ പൂജസമയത്ത് നടയടയ്ക്കുമെന്ന തന്ത്രി കണ്ഠരര് രാജീവരുടെ നിലപാട് തന്‍റെ ഉറപ്പിന്‍റെ പിന്‍ബലത്തിലായിരുന്നെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്. ബിജെപിക്ക് കേരളത്തില്‍ സജീവമാകാനുള്ള സുവര്‍ണാവസരമാണ് ഇതെന്നും ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. ശ്രീധരൻപിള്ള കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചു എന്നായിരുന്നു കോഴിക്കോട് നന്മണ്ട സ്വദേശിയുടെ പരാതിയിൽ ഉണ്ടായിരുന്നത്. എന്നാൽ കോടതിവിധികളെ ന്യായമായി വിമർശിക്കുന്നത് കോടതിയലക്ഷ്യമായി കണക്കാക്കാൻ ആകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഗവർണറാണ് എന്നതിന്റെ സംരക്ഷണത്തിനും അർഹത ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് ഹൈക്കോടതി റദ്ദാക്കിയത്.

വിമാനം 38000 അടി ഉയരത്തിൽ, വിമാനത്തിന്റെ വാതിൽ തുറക്കാനൊരുങ്ങി യാത്രക്കാരൻ, എയർ ഹോസ്റ്റസിന് പരുക്ക്

ഡാലസ്: 38000 അടി ഉയരത്തിൽ സഞ്ചരിക്കുന്നതിനിടെ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ. സഹയാത്രികരുടെ ഇടപെടലിൽ ഒഴിവായത് വലിയ അപകടം. മിൽവൌക്കീയിൽ നിന്ന് ഡാലസിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻ വിമാനത്തിൽ ചൊവ്വാഴ്ചയാണ് സംഭവം.

മിൽവൌക്കീയിൽ നിന്ന് പുറപ്പെട്ട അമേരിക്കൻ എയർലൈനിന്റെ എയർബസ് 1915 വിമാനത്തിലാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. കാനഡയിൽ നിന്നുള്ള യുവാവ് ക്രൂ അംഗങ്ങളെ സമീപിച്ച് ക്യാബിൻ ഡോർ തുറക്കണമെന്ന് ആവശ്യപ്പെട്ടു. ആവശ്യം നിഷേധിച്ച എയർ ഹോസ്റ്റസിനോട് ഇയാൾ ദേഷ്യപ്പെടുകയും ബഹളമുണ്ടാക്കി ക്യാബിൻ ഡോറിന് സമീപത്തേക്ക് നീങ്ങുകയും ചെയ്തതോടെ സഹയാത്രികർ ഇടപെടുകയായിരുന്നു.

ഇയാളെ സഹയാത്രക്കാർ പിടിച്ച് വച്ച് കൈ കാലുകളിൽ ഡക്റ്റ് ടേപ്പ് വച്ച് ബന്ധിച്ച് സീറ്റിൽ ഇരുത്തിയതിന് പിന്നാലെയാണ് വലിയ ആശങ്കയ്ക്ക് വിരാമം ആയത്. എയർ ഹോസ്റ്റസിനെ ഇടിച്ച് വീഴ്ത്തിയാണ് ഇയാൾ ക്യാബിൻ ഡോറിന് സമീപത്തേക്ക് എത്തിയത്. തനിക്ക് വിമാനത്തിൽ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടായിരുന്നു യുവാവിന്റെ ബഹളം. ഡാലസ് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങിയതിന് പിന്നാലെ ഇയാളെ വീൽചെയറിൽ ഇരുത്തിയാണ് വിമാനത്തിന് പുറത്തേക്ക് എത്തിച്ചത്. പിന്നാലെ ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

യാത്രക്കാരന്റെ ആക്രമണത്തിൽ പരിക്കേറ്റ എയർ ഹോസ്റ്റസിനെ ആശുപത്രിയിൽ പ്രവശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ കൈത്തണ്ടയിലും കഴുത്തിലുമാണ് പരിക്കേറ്റിട്ടുള്ളത്. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്തിലെ യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രാഥമിക പരിഗണനയെന്നാണ് സംഭവത്തേക്കുറിച്ച് അമേരിക്കൻ എയർലൈൻ അധികൃതർ പ്രതികരിക്കുന്നത്.

ശൂരനാട് വടക്ക്പടിഞ്ഞാറ്റംമുറി ദ്വാരകയിൽ (കടമ്പാട്ട് തെക്കതിൽ) ഗോപാലകൃഷ്ണ കുറുപ്പ് നിര്യാതനായി

ശൂരനാട് വടക്ക്. പടിഞ്ഞാറ്റംമുറി ദ്വാരകയിൽ (കടമ്പാട്ട് തെക്കതിൽ) ഗോപാലകൃഷ്ണ കുറുപ്പ് (59,വിമുക്തഭടൻ) നിര്യാതനായി.സംസ്കാരം നടത്തി.ഭാര്യ:ഗീത.ആർ(മജിസ്ട്രേറ്റ് കോടതി,കൊല്ലം).മക്കൾ:ഗോപിക ജി.കൃഷ്ണൻ,ഗാഥ ജി.കൃഷ്ണൻ.മരുമകൻ:ശ്രീജിത്ത് എസ്.പിള്ള.സഞ്ചയനം വ്യാഴം രാവിലെ 8 ന്.

ഡോളറിന്റെ പേരില്‍ തട്ടിപ്പ്; ഒരാള്‍ പിടിയില്‍

കൊട്ടിയം: ഡോളറിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ പ്രതികളില്‍ ഒരാള്‍ പോലീസ് പിടിയില്‍. മലപ്പുറം വാളാഞ്ചേരി കൂളത്ത് വീട്ടില്‍ സുബിനെയാണ് കണ്ണനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
വിവിധ കമ്പനികളുടെ സ്റ്റോക്ക് പര്‍ച്ചേസ് ചെയ്യുന്നതിന് ഇന്ത്യന്‍ കറന്‍സിക്ക് ആനുപാതികമായി യുഎസ് ഡോളര്‍ അയച്ചു നല്‍കാമെന്ന് പരാതിക്കാരനെ പറഞ്ഞു വിശ്വസിപ്പിച്ച് 71000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയായിരുന്നു തട്ടിപ്പ്.
പണം അയച്ചു നല്‍കിയ ശേഷം പരാതിക്കാരന് ഡോളറോ അതിന്റെ ലാഭമോ ലഭിച്ചില്ല. തുടര്‍ന്ന് കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചുവരവേയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കണ്ണനല്ലൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ രാജേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മുഹമ്മദ് ഹുസൈന്‍, വിഷ്ണുരാജ്, ഷാനവാസ്, പ്രജീഷ് എന്നിവരാണ് പ്രതിയെ മലപ്പുറത്ത് നിന്ന് പിടികൂടിയത്. കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണം; സഹപാഠികളായ മൂന്ന് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനിയുടെ മരണത്തിൽ മൂന്ന് വിദ്യാർത്ഥിനികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മുവിന്‍റെ സഹപാഠികളായ മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കുമെന്നും എഫ്ഐആറിലും മാറ്റം വരുത്തുമെന്നും പൊലീസ് അറിയിച്ചു. കസ്റ്റിഡിയിലെടുത്ത രണ്ട് പേർ കോട്ടയം സ്വദേശികളും ഒരാൾ പത്തനാപുരം സ്വദേശിയുമാണ്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവ് താഴെവെട്ടിപ്രത്തെ ഹോസ്റ്റൽ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിക്കുന്നത്. അമ്മുവിൻ്റെ മരണത്തിൽ സഹപാഠികളായ മൂന്ന് പേര്‍ക്കെതിരെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.

വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊന്നു; ഭാര്യാപിതാവിനും വെട്ടേറ്റു

കണ്ണൂർ: വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊന്നു. കരിവെള്ളൂർ പലിയേരി സ്വദേശി ദിവ്യശ്രീ ആണ് കൊല്ലപ്പെട്ട. കാസർകോട് ചന്തേര പൊലീസ് സ്റ്റേഷൻ സി പി ഒയാണ് കൊല്ലപ്പെട്ട ദിവ്യശ്രീ. ദിവ്യശ്രീയുടെ അച്ഛനെയും ഭർത്താവ് രാജേഷ് വെട്ടി പരിക്കേൽപ്പിച്ചു. ദിവ്യശ്രീയുടെ അച്ഛൻ വാസുവിന് വയറിനും കയ്യിനുമാണ് വെട്ടേറ്റത്. ഇയാളെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ദിവ്യശ്രീയും ഭർത്താവും അകന്നാണ് കഴിയിഞ്ഞിരുന്നത്. ഇന്ന് വൈകുന്നേരം 6 മണിയോടെ രാജേഷ് ദിവ്യശ്രീയുടെ വീട്ടിൽ എത്തി ആക്രമണം നടത്തുകയായിരുന്നു.

അമ്മുവിന്റെ മരണത്തിൽ അടിമുടി ദുരുഹത,നീതീകരിക്കാനാവാത്ത പിഴവുകള്‍

പത്തനംതിട്ട. നഴ്സിംഗ് വിദ്യാർത്ഥി അമ്മുവിന്റെ മരണത്തിൽ അടിമുടി ദുരുഹത. കെട്ടിടത്തിനു മുകളിൽ നിന്ന് വീണ അമ്മുവിനെ ആശുപത്രിയിൽ എത്തിച്ചത് അരമണിക്കൂറിൽ അധികം വൈകി.അടുത്തുള്ള കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യാതെ തിരുവനന്തപുരത്തേക്ക് അയച്ചതിലും വീഴ്ച്ച. പ്രാഥമിക ചികിത്സ നൽകുന്നതിലും താമസം നേരിട്ടു.

ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി വൈകിട്ട് നാലരയോടെയാണ് അമ്മു സജീവ് എൻഎസ്എസ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയത്. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ അമ്മുവിനെ അരമണിക്കൂറിലധികം സമയം കഴിഞ്ഞാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അമ്മു താമസിച്ച ഹോസ്റ്റലിൽ നിന്നും ജനറൽ ആശുപത്രിയിലേക്കുള്ള ദൂരം 2.6 കിലോമീറ്റർ മാത്രമാണ് എന്നിരിക്കയാണ് ഈ സമയവ്യത്യാസം. അവിടെയും അവസാനിച്ചില്ല വീഴ്ചകളുടെ തുടർക്കഥ.
5.18 ന് ആശുപത്രിയിൽ എത്തിച്ച അമ്മുവിനെ തിരുവനന്തപുരത്തേക്ക് റഫർ ചെയ്തു വിട്ടത് 6.55 ന്.
ഗുരുതരമായി പരിക്കേറ്റ അമ്മു പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കഴിഞ്ഞത് ഒരു മണിക്കൂർ 37 മിനിറ്റാണ്. ഇതിനിടയിൽ ഗുരുതരാവസ്ഥയിലുള്ള അമ്മുവിന് എക്സ്റേ എടുക്കാൻ നിർദ്ദേശിച്ചെങ്കിലും അതിനും താമസം നേരിട്ടു.ഗുരുതരാവസ്ഥയിലുള്ള അമ്മുവിനെ 60 കിലോമീറ്റർ ദൂരമുള്ള കോട്ടയം മെഡിക്കൽ കോളേജിലേജിലേക്ക് റഫർ ചെയ്യാതെ എന്തിന് നൂറു കിലോമീറ്ററിൽ അധികം ദൂരമുള്ള തിരുവനന്തപുരത്തേക്ക് റഫർ ചെയ്തു എന്ന കാര്യത്തിലും ഇനിയും ഉത്തരം ലഭിക്കാനുണ്ട്. അമ്മുവിനെ കൊണ്ടുപോയ ആംബുലൻസിൽ ആവശ്യത്തിനു സൗകര്യമില്ലായിരുന്നു എന്നും ആക്ഷേപമുണ്ട്. എല്ലാ ആരോപണങ്ങളും അന്വേഷണ പരിധിയിൽ ഉണ്ടെന്നാണ് പോലീസ് വിശദീകരണം

ഒടുവിൽ ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; ഇനി മുതല്‍ പുതിയ നിരക്ക്, വില വർധന 13 വര്‍ഷത്തിന് ശേഷം

തൃശൂര്‍: സംസ്ഥാനത്ത് ജയിൽ ചപ്പാത്തിയ്ക്ക് വില കൂടുന്നു. ചപ്പാത്തിയുടെ വില രണ്ടു രൂപയില്‍ നിന്ന് മൂന്ന് രൂപയാക്കിയാണ് ഉയര്‍ത്തുന്നത്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്ക് വില കൂടുമ്പോഴും വര്‍ഷങ്ങളായി വില കൂടാത്ത ഒരു ഉത്പ്പന്നമായിരുന്നു ജയിൽ ചപ്പാത്തി. 2011ലുണ്ടായിരുന്ന വിലയാണ് 13 വര്‍ഷത്തിന് ശേഷം കൂട്ടുന്നത്.

ചപ്പാത്തിയുണ്ടാക്കുന്നതിന് ആവശ്യമായി വരുന്ന ഗോതമ്പുപൊടിയുടെയും വെളിച്ചെണ്ണയുടെയും പാചകവാതകത്തിന്റെയും പായ്ക്കിം​ഗ് കവറിന്റെയും പാം ഓയിലിന്റെയുമൊക്കെ വിലയിലുണ്ടായ വര്‍ധനവും വേതനത്തിലുണ്ടായ വര്‍ധനവുമൊക്കെയാണ് ചപ്പാത്തിയുടെ വില ഒരു രൂപ വര്‍ധിപ്പിക്കാന്‍ കാരണമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.

തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമുകള്‍, ചീമേനി തുറന്ന ജയില്‍ ആന്‍ഡ് കറക്ഷണല്‍ ഹോം, കൊല്ലം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ ജയിലുകളിലാണ് ചപ്പാത്തിയുണ്ടാക്കി വില്‍പ്പന നടത്തുന്നത്. പത്ത് ചപ്പാത്തികളുടെ ഒരു പാക്കറ്റിന് ഇനി മുതൽ 30 രൂപയാണ് ഈടാക്കുക.