Home Blog Page 1907

വഴക്കിന് പിന്നാലെ വീട്ടിലേക്ക് പോയ ഭാര്യ മടങ്ങിവരാൻ തയ്യാറായില്ല, പിഞ്ചുമക്കളെ വെട്ടിക്കൊന്ന് ഭർത്താവ്

ഭർവാനി: അമ്മയുടെ വീട്ടിൽ പോയ ഭാര്യ മടങ്ങിവരാൻ തയ്യാറായില്ല. ക്ഷുഭിതനായ ഭർത്താവ് രണ്ട് മക്കളെ മഴുവിന് വെട്ടിക്കൊന്നു. മധ്യപ്രദേശിലെ വർലയിലാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് സംഭവം. സഞ്ജു ദാബർ എന്ന യുവാവാണ് അഞ്ച് വയസുള്ള മകനെയും മൂന്ന് വയസുള്ള മകളേയും വെട്ടിക്കൊന്നത്.

പിന്നാലെ ഭാര്യയേയും ആക്രമിച്ച ശേഷം ജീവനൊടുക്കാനും ഇയാൾ ശ്രമിക്കുകയായിരുന്നു. ഇവർ രണ്ട് പേരും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. ഏഴ് വർഷം മുൻപാണ് ദിയോലി സ്വദേശിയായ ഭാരതിയെ സഞ്ജു വിവാഹം ചെയ്തത്. അഞ്ച് ദിവസം മുൻപ് ദമ്പതികൾ തമ്മിൽ തർക്കമുണ്ടാവുകയും ഭാരതി അവരുടെ വീട്ടിലേക്ക് മക്കളേയും കൂട്ടി പോവുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി യുവാവ് ഭാര്യയുടെ വീട്ടിലെത്തി. ശനിയാഴ്ച രാവിലെ ഭാര്യയോട് വീട്ടിലേക്ക് പോകാൻ തയ്യാറെടുക്കാൻ സഞ്ജു ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം ഭാരതി നിഷേധിക്കുകയായിരുന്നു. ഇതിൽ ക്ഷുഭിതനായ യുവാവ് മഴുവെടുത്ത് മക്കളേയും പിന്നാലെ ഭാര്യയേയും ആക്രമിക്കുകയായിരുന്നു. തലയിലേറ്റ അടിയേ തുടർന്ന് തലയും താടിയെല്ലും തകർന്നാണ് കുട്ടികൾ മരിച്ചത്. തടസം പിടിക്കാനെത്തിയ ഭാരതിയേയും ഇയാൾ ആക്രമിച്ചു. വെട്ടറ്റ് ഭാരതി നിലത്ത് വീണതിന് പിന്നാലെ ഇയാൾ സ്വയം മുറിവേൽപ്പിക്കുകയായിരുന്നു.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

പെര്‍ത്തില്‍ പിടിമുറുക്കി ടീം ഇന്ത്യ….

ഓസ്‌ട്രേലിയയ്‌ക്കെതിരായ പെര്‍ത്തില്‍ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായി തിരിച്ചുവരുന്നു. രണ്ടാമിന്നിങ്‌സില്‍ ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളിന്റെയും കെ.എല്‍.രാഹുലിന്റെയും കരുത്തില്‍ ഇന്ത്യ കുതിക്കുകയാണ്. രണ്ടാംദിനം കളിയവസാനിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ 172 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. ജയ്‌സ്വാള്‍ 90 റണ്‍സുമായും രാഹുല്‍ 62 റണ്‍സുമായും ക്രീസിലുണ്ട്. ഇന്ത്യക്ക് 218 റണ്‍സിന്റെ ലീഡ് ഉണ്ട്. ഒന്നരദിവസം കൊണ്ട് 20 വിക്കറ്റ് വീണ പിച്ചില്‍ കരുതലോടെയാണ് ഇരുവരും ബാറ്റ് ചെയ്യുന്നത്. 19 ഓവറില്‍ 9 റണ്‍സ് മാത്രം വഴങ്ങിയ ജോഷ് ഹേസല്‍വുഡാണ് ആസ്‌ട്രേലിയന്‍ നിരയില്‍ ഭേദപ്പെട്ട രീതിയില്‍ ബോള്‍ ചെയ്യുന്നത്.
നേരത്തേ ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് ഇന്ത്യ വെറും 104 റണ്‍സില്‍ അവസാനിപ്പിച്ചു. 46 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ്. ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 150 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയുടെയും ഹര്‍ഷിത് റാണയുടെയും തീപാറുന്ന ബോളിങ്ങാണ് ഓസ്‌ട്രേലിയയെ കശക്കിയെറിയാന്‍ ഇന്ത്യയ്ക്ക് കരുത്തായത്. 26 റണ്‍സ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കിനും 21 റണ്‍സെടുത്ത അലക്‌സ് കാരിയും ഒഴികെ ആര്‍ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. ബുംറ അഞ്ചും റാണ മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റ് വീഴ്ത്തി.

ഇന്ന് ദേശീയ കശുവണ്ടി ദിനം… ബ്രസീലില്‍ നിന്നും ഇന്ത്യയുടെ മണ്ണിലേക്ക് വേരുറപ്പിച്ച കശുവണ്ടി

ഇന്ന് ദേശീയ കശുവണ്ടി ദിനം. പണ്ടുകാലങ്ങളില്‍ നാട്ടിന്‍പുറത്ത് സുലഭമായിരുന്ന കശുവണ്ടി പെറുക്കിയെടുത്ത്, ഒരുമിച്ചിരുന്ന് കരിയില കത്തിച്ച് ചുട്ടെടുത്ത് കഴിച്ചിരുന്ന ഓര്‍മ്മകള്‍ പലര്‍ക്കുമുണ്ടാകും. അണ്ടിപ്പരിപ്പ് ചൂട് തട്ടി വേവുന്നതിന്റെ മണം ഓര്‍മകളില്‍ അടരാതെ കിടക്കുന്നുമുണ്ടാകും. അതെല്ലാം ഇപ്പോള്‍ നൊസ്റ്റാള്‍ജിയയുടെ പട്ടികയിലാണ്. എങ്കിലും കശുവണ്ടിപ്പരിപ്പിനോടുള്ള പ്രിയം ഒട്ടും കുറഞ്ഞിട്ടില്ല. പകരം വെയ്ക്കാനില്ലാത്ത രുചിയും പോഷകഗുണവുമാണ് എല്ലായ്‌പ്പോഴും അതിനെ ഹൈ ക്ലാസ് നട്‌സ് ഇനത്തില്‍ ഉള്‍പ്പെടുത്തുന്നതിന് കാരണം.
പുതിയ കാലത്ത് പല ഗുണ നിലവാരത്തില്‍, പല രീതിയില്‍ തയ്യാറാക്കി പാക്ക് ചെയ്ത കശുവണ്ടി പരിപ്പുകള്‍ വിപണിയില്‍ ലഭ്യമാണ്. ചുട്ടെടുത്തതും, റോസ്റ്റ് ചെയ്തതും ഫ്രഷ് ആയതുമെല്ലാം. പക്ഷെ വില, അത് കശുവണ്ടി കറയേക്കാള്‍ പൊള്ളും. എങ്കിലും കശുവണ്ടിയോടുള്ള കൊതി കാരണം വില കൂടുതലാണെങ്കിലും ഒഴിച്ചുനിര്‍ത്താന്‍ കഴിയാറില്ല. നമുക്ക് മാത്രമല്ല, ലോകത്തെല്ലായിടത്തും പ്രിയമുള്ളതാണ് കശുവണ്ടി.
ജനങ്ങളുടെ ഈ കശുവണ്ടിയോടുള്ള പ്രിയമാണ് കശുവണ്ടിക്കായി ഒരു ദിനം വേണമെന്ന ആശയത്തിന് പിന്നിലും. ബ്രസീലിലെ ആമസോണ്‍ കാടുകളാണ് കശുമാവിന്റെ സ്വദേശം എന്നാണ് വിശ്വാസം. പിന്നീട് പോര്‍ച്ചുഗീസുകാരാണ് കശുവണ്ടിയെ വിവിധ ഭൂഖണ്ഡങ്ങളില്‍ എത്തിച്ചത്.

കശുവണ്ടിയുടെ ആരോഗ്യഗുണങ്ങള്‍
കശുവണ്ടിയില്‍ അടങ്ങിയ ആരോഗ്യകരമായ കൊഴുപ്പ് കൊളസ്‌ട്രോള്‍ കുറച്ച് ഹൃദയാരോഗ്യത്തെ സംരക്ഷിക്കും.
മഗ്‌നീഷ്യം, പൊട്ടാസ്യം, എല്‍-അര്‍ജിനൈന്‍ തുടങ്ങിയ ധാതുക്കളും ആരോഗ്യകരമായ അണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകളും കശുവണ്ടിയില്‍ അടങ്ങിയിട്ടുണ്ട്. അവ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.
കശുവണ്ടിയില്‍ അടങ്ങിയ സിങ്കും വിറ്റാമിനുകളും രോഗപ്രതിരോധത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കും.
കശുവണ്ടിയിലെ കോപ്പറും കാല്‍സ്യവും എല്ലുകളെ ശക്തിപ്പെടുത്താന്‍ സഹായിക്കും.
കശുവണ്ടിയില്‍ അടങ്ങിയിട്ടുള്ള കോപ്പര്‍ മുടിയുടെ നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഫാറ്റി ആസിഡുകള്‍ മുടിയുടെ തിളക്കവും ആരോഗ്യവും സംരക്ഷിക്കുന്നു.
സിങ്ക് ധാരാളമായി അടങ്ങിയിട്ടുള്ള കശുവണ്ടി പുരുഷന്മാരില്‍ ബീജത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കാനും പ്രത്യുല്‍പാദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ജാര്‍ഖണ്ഡില്‍ ബിജെപിയെ തറപറ്റിച്ച് ഇന്ത്യ

ജാര്‍ഖണ്ഡില്‍ ഭരണകക്ഷി സഖ്യമായ ഇന്ത്യ വലിയ മുന്നേറ്റമാണ് കാഴ്ച വയ്ക്കുന്നത്. ആദ്യഘട്ടത്തില്‍ തിരിച്ചടി മണത്തെങ്കിലും വോട്ടെണ്ണല്‍ പുരോഗമിക്കവേ പതിയെ ട്രാക്കിലെത്തിയ അവര്‍ തുടര്‍ച്ചയായ രണ്ടാംവട്ടവും സംസ്ഥാനത്തെ ഭരണകക്ഷിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. എന്നാല്‍ ബിജെപിയെ സംബന്ധിച്ച് മഹാരാഷ്ട്രയിലെ മിന്നും ജയം ആഹ്ളാദം പകരുമെങ്കിലും അവരെ ആശങ്കയിലാക്കുന്നത് ജാര്‍ഖണ്ഡിലെ പരാജയമാണ്.

ഇത്തവണ ജാര്‍ഖണ്ഡില്‍ രണ്ടും കല്‍പിച്ച് തന്നെയായിരുന്നു ബിജെപി ഇറങ്ങിയത്. മോദിയും അമിത് ഷായും യോഗിയും ഉള്‍പ്പെടെ താരപ്രചാരകര്‍ പലതവണ വന്നിട്ടും സംസ്ഥാനത്ത് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇത് ബിജെപിയെ ഇരുത്തി ചിന്തിപ്പിക്കും എന്നത് യാഥാര്‍ഥ്യമാണ്. കൂടാതെ പരാജയപ്പെട്ട രണ്ട് തന്ത്രങ്ങളും ബിജെപിയെ വല്ലാതെ അലട്ടുന്നുണ്ട്. ചമ്പായി സോറന്റെ വരവും ആദിവാസി വിഭാഗത്തിന്റെ പിന്തുണ കിട്ടതുമാണ് ഈ വിഷയങ്ങള്‍.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുമെന്നായിരുന്നു ബിജെപി പ്രതീക്ഷിച്ചത്. ഇതിനായി നേരത്തെ തന്നെ അവര്‍ പ്രവര്‍ത്തനങ്ങളും തുടങ്ങിയിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പേ തന്നെ അധികാരം തിരിച്ചുപിടിക്കാന്‍ ബിജെപി ഒരു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയിരുന്നു. അതിലെ ആദ്യ കരുനീക്കമായിരുന്നു ചമ്പായി സോറന്റെ വരവ്. ഹേമന്ത് സോറന്റെ നിഴലില്‍ ഒതുങ്ങിപ്പോവുന്നതിന്റെ അതൃപ്തി പേറുകയായിരുന്ന ചമ്പായി സോറന്റെ ദൗര്‍ബല്യം തന്നെ മുതലെടുത്ത് അവര്‍ തങ്ങളുടെ പാളയത്തില്‍ എത്തിച്ചു. സംസ്ഥാനത്തെ ആദിവാസി വിഭാഗത്തിന്റെ പിന്തുണ പിടിച്ചുപറ്റാനുള്ള ഒന്നാമത്തെ നീക്കമായിരുന്നു അത്.

സാന്താള്‍ പാര്‍ഗാന മേഖലയില്‍ അടക്കം നേട്ടമുണ്ടാക്കാന്‍ എന്ന മോഹമായിരുന്നു ബിജെപിയെ ഇതിന് പ്രേരിപ്പിച്ചത്. എന്നാല്‍ ചമ്പായി സോറന്റെ വരവ് കൊണ്ട് മേഖലയില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നാണ് നിലവിലെ കണക്കുകള്‍ സൂചിപിപ്പിക്കുന്നത്. അത് ബിജെപി നേതൃത്വത്തെ വല്ലാതെ അലട്ടുമെന്ന് ഉറപ്പാണ്.

ബംഗ്ലാദേശി നുഴഞ്ഞുകയറ്റ വിഷയം പ്രധാനമാക്കി നിര്‍ത്തിക്കൊണ്ടാണ് ബിജെപി ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ അത് എവിടെയും ഏശിയില്ലെന്ന് വ്യക്തം. ആദിവാസി മേഖലകളില്‍ വോട്ട് നേടാന്‍ ഈ പ്രചാരണം സഹായിക്കുമെന്ന ബിജെപിയുടെ ധാരണ മിഥ്യയായിരുന്നു എന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ജെഎംഎം ആവട്ടെ തങ്ങളുടെ കോട്ടകളില്‍ വിള്ളല്‍ വീഴാതെ പിടിച്ചുനിര്‍ത്തുകയും ചെയ്തു. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പ് ഫലം ഏറ്റവും വലിയ നേട്ടമാവുക ഹേമന്ത് സോറന് തന്നെയായിരിക്കും.

പാലക്കാട്ട് മൂന്നാമതെങ്കിലും നില മെച്ചപ്പെടുത്തി എൽ ഡി എഫ്

പാലക്കാട്: മുൻ തിരഞ്ഞെടുപ്പുകളിൽ ബഹുദൂരം പിറകിൽ പോയ ഇടത് മുന്നണിക്ക് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം ആശ്വാസം നൽകുന്നതാണ്. ഉപതിരഞ്ഞെടുപ്പിൽ
പാലക്കാട് ബി ജെ പിയും എൽ ഡി എഫും തമ്മിൽ 2256 വോട്ടുകളുടെ വ്യത്യാസം മാത്രം. ഇന്ന് ഫലമറിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ 39549 വോട്ടുകൾ നേടിയപ്പോൾ മൂന്നാം സ്ഥാനത്തെത്തിയ ഇടത് സ്വതന്ത്രൻ ഡോ.പി. സരിൻ 37 293 വോട്ടുകൾ നേടി.ബി ജെ പിയും എൽ ഡി എഫും തമ്മിലുള്ള വ്യത്യാസം 2256 വോട്ടുകൾ മാത്രം.
2024 ലെ പാർലമെൻറ് തിരഞ്ഞെടുപ്പിൽ ബിജെപി 43072 വോട്ടുകളും എൽ ഡി എഫ് 34640 വോട്ടുകളും നേടി. അന്ന് ഇരു മുന്നണികളും തമ്മിലുള്ള വോട്ട് വ്യത്യാസം 8432 ആയിരുന്നു.അതിൽ നിന്നാണ് ഇപ്പോൾ 2256 വോട്ടിലേക്ക് ഇടത് മുന്നണി എത്തിച്ചേർന്നത്.
2021 ലെ അസംബ്ലി ഇലക്ഷനിൽ ബിജെപി 49156 വോട്ടും ഇടത് മുന്നണി 35620 വോട്ടു കളുമാണ് നേടിയത്. അന്ന് ഇരു മുന്നണികളും തമ്മിൽ 13536 വോട്ടുകളുടെ വ്യത്യാസമുണ്ടായിരുന്നു. കോൺഗ്രസ് വിട്ട് ഇടത് പക്ഷത്തേക്ക് ചേക്കേറിയ പി സരിൻ എന്ന സ്ഥാനാർത്ഥിയെ മുൻനിർത്തി ഇടത് മുന്നണി പാലക്കാട്ട് നടത്തിയ രാഷ്ട്രീയ പോരാട്ടിൽ ഇരു പാർട്ടികളും തമ്മിലുള്ള വോട്ട് വ്യത്യാസം 2256 ലേക്ക് കുറച്ചു കൊണ്ട് വരാനായത് ഇടത് മുന്നണിക്ക് ആശ്വാസത്തിന് വക നൽകുന്നു.

മഹാരാഷ്ട്രയിൽ ചരിത്ര വിജയത്തിലേക്ക് എൻഡിഎ

മുംബൈ. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും എന്‍ഡിഎക്ക് വൻ കുതിപ്പ്. ബിജെപി മഹാരാഷ്ട്രയുടെ ചരിത്രത്തിലെ അവരുടെ ഏറ്റവും ഉയർന്ന സീറ്റ് നിലയിലേക്ക്. തകർന്നടിഞ്ഞു പ്രതിപക്ഷ പാർട്ടികളുടെ കോട്ടകൾ. പ്രധാന പ്രതിപക്ഷ നേതാക്കൾ എല്ലാം പിന്നിൽ. ഫലം അവിശ്വസനീയം എന്ന് പ്രതിപക്ഷം

മഹാരാഷ്ട്രയിൽ പ്രതിപക്ഷ നിരയെ അക്ഷരാർഥത്തിൽ നടുക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. ലോകസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയ മുന്നണിയാണ് ഏതാനും മാസങ്ങൾക്കുള്ളിൽ മാത്രം നടന്ന മറ്റൊരു തെരഞ്ഞെടുപ്പിൽ തകർന്നടിയുന്നത്. ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ നേട്ടമുണ്ടാക്കിയെന്നത് വ്യക്തമാണ്

ചരിത്രത്തിലെ ഏറ്റവും വലിയ സീറ്റ് നിലയിലേക്കാണ് ബിജെപി ഒറ്റയ്ക്ക് കുതിച്ചത്. സഖ്യകക്ഷികളും അപ്രതീക്ഷിത കുതിപ്പിൽ ഒപ്പമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ നിന്ന് ഈ വിധം തിരിച്ച് വരവ് നടത്തിയതിന് പലതുണ്ട് കാരണം. സ്ത്രീകൾക്ക് മാസം 1500 രൂപ മാസ സഹായം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത് ലോകസഭാ തോൽവിക്ക് ശേഷം . അത് 2100 രൂപയാക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനവും നൽകി. ഇത്തവണ സ്ത്രീ വോട്ടർമാരുടെ വോട്ടിംഗ് ശതമാനം ആറ് ശതമാനത്തോളമാണ് ഉയർന്നത്. സ്ത്രീകളുടെ വോട്ട് എൻഡിഎ പാളയത്തിലേക്ക് കേന്ദ്രീകരിച്ചെന്ന് വേണം കരുതാൻ. അപകടം മണത്ത കോൺഗ്രസ് സഖ്യം 3000 രൂപ വാഗ്ദാനം ചെയ്തെങ്കിലും അത് ഗുണം ചെയ്തില്ല. യുവാക്കൾ, മുതിർന്ന പൌരൻമാർ അങ്ങനെ ഏതാണ്ടെല്ലാ മേഖലയിലേക്കും ക്ഷേമ പദ്ധതികൾ സർക്കാർ വ്യാപിപ്പിച്ചു. മുംബൈയിൽ ടോൾ ഒഴിവാക്കി. യോഗി ആദിത്യനാഥ് മുതലുള്ള ബിജെപി നേതാക്കൾ നടത്തിയ പല പ്രസംഗങ്ങളും വർഗീയ ധ്രുവീകരണം വോട്ടർമാക്കിടയിൽ ഉണ്ടാക്കിയിരിക്കാം. ശിവസേനയിലെ പിളർപ്പിൽ സേനാ വോട്ടർമാർ ശിൻഡെയ്ക്കൊപ്പം നിന്നതും പ്രതിപക്ഷത്തിന് ആഘാതം കൂട്ടി. ഹിന്ദുത്വ ആശയത്തിൽ നിന്ന് ഉദ്ദവ് പിന്നോട്ട് പോയെന്ന പ്രചാരണം ശിൻഡെയ്ക്ക് ഗുണമായി. ഭരണ വിരുധ വികാരം എവിടെയും ഉണ്ടായതുമില്ല.
തെരഞ്ഞെടുപ്പിൽ തിരിമറി നടന്നു. എന്ന് സഞ്ജയ് റാവത്ത്, ആരോപിക്കുന്നു. തെരഞ്ഞെടുപ്പിൽ തിരിമറി ആരോപിക്കുകയാണ് പ്രതിപക്ഷം. അദാനി വഴി ബിജെപി സംസ്ഥാനത്ത് പണം ഒഴുക്കിയെന്നാണ് ആരോപണം.
സമാനതകളില്ലാത്ത വിജയമാണ് മഹായുതി നേടിയെടുത്തത്. സംസ്ഥാനത്തിന്ർറെ എല്ലാ മേഖലകളിലും സമഗ്രാധിപത്യത്തോടെയാണ് അധികാരം നിലനിർത്തുന്നത്. തിരിച്ച് വരവ് എളുപ്പമല്ലാത്ത വീഴ്ചയാണ് പ്രതിപക്ഷത്തിന്ർറേത്

തന്നെ ചീള് കേസ് എന്ന് പരിഹസിച്ചവർക്കുള്ള മറുപടി,സന്ദീപ് വാര്യര്‍

പാലക്കാട്‌. പാലക്കാട് മുനിസിപ്പാലിറ്റിയിൽ യുഡിഎഫ് ബിജെപിയുടെ അടിവേര് അറുത്തുവെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. തന്നെ ചീള് കേസ് എന്ന് പരിഹസിച്ചവർക്കുള്ള മറുപടിയാണിത് എന്ന് പറഞ്ഞ വാര്യര്‍ കെ സുരേന്ദ്രനെ അതിരൂക്ഷമായി വിമർശിച്ചു. ബിജെപിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം കെ സുരേന്ദ്രന്. ബലിദാനികളെ ബിജെപി നേതൃത്വം വഞ്ചിച്ചു. സുരേന്ദ്രൻ രാജിവെച്ച് പുറത്ത് പോകാതെ ബിജെപി രക്ഷപ്പെടില്ല.

സുരേന്ദ്രനെയും കൂട്ടരെയും മാരാർജി ഭവനിൽ നിന്ന് അടിച്ച് പുറത്താക്കി ചാണക വെള്ളം തളിച്ചാൽ ബിജെപി രക്ഷപെടും. പാലക്കാട്‌ ബിജെപി എന്നാൽ സി കൃഷ്ണകുമാറും ഭാര്യയും എന്ന് മാത്രം എഴുതി കൊടുത്ത നേതൃത്വം ആണ് ബിജെപിയുടേത്

പാലക്കാട്ട് ബിജെപിയുടെ വോട്ടിൽ 12110 ൻ്റെ കുറവ്

പാലക്കാട്: കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിൽ പാലക്കാട് അസംബ്ലി മണ്ഡലത്തിൽ ആറായിരത്തിലേറെ വോട്ടുകളുടെ ഇടിവ് ബിജെപിക്ക്.2021 ലെ അസംബ്ലി തിരഞ്ഞെടുപ്പിൽ 49156 വോട്ടുകൾ നേടിയ ബി ജെ പി 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 43072 വോട്ടുകളാണ് നേടിയത്.6084 വോട്ടുകളുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
2024 ലെ ഉപതിരഞ്ഞെടുപ്പിൽ
37046 വോട്ടുകളാണ് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ നേടിയത്. ലോക്സഭ തെരെഞ്ഞെടുപ്പിനെ അപേക്ഷിച്ച് 6026 വോട്ടുകളുടെ കുറവാണ് ഇത്തവണ ബിജെപിക്ക്. പാലക്കാട് മണ്ഡലത്തിൻ്റെ കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പ് ഫലങ്ങൾ വിശകലനം ചെയ്യുമ്പോൾ ആറായിരത്തിലധികം വോട്ടുകളുടെ കുറവുകളാണ് രേഖപ്പെടുത്തുന്നത്.2021 ലെ അസംബ്ലി തിരഞ്ഞെടുപ്പിൻ്റെറെയും ഇത്തവണത്തെ അസംബ്ലി ഉപതിരഞ്ഞെടുപ്പിൻ്റയും ആകെ വോട്ടുകളുടെ വ്യത്യാസം നോക്കുമ്പോൾ 12110 വോട്ടുകളുടെ കുറവാണ് ബിജെപി വോട്ടിൽ കാണാനാകുന്നത്.

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം മൂന്നര ലക്ഷം കടന്നു

കല്‍പ്പറ്റ: വയനാട്ടിൽ ഉജ്വല വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം 368319 കടന്നിരിക്കുകയാണ്.

ഇടത് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയാണ് വയനാട്ടില്‍ പ്രിയങ്കയുടെ പ്രധാന എതിരാളി. 187347 വോട്ടുകളാണ് ഇതുവരെ സത്യൻ മൊകേരി നേടിയത്.102396 വോട്ടുകൾ ബി ജെ പി യിലെ നവ്യ ഹരിദാസ് നേടിയിട്ടുണ്ട്. 2019ലേതിനേക്കാള്‍ കുറഞ്ഞ പോളിംഗ് ആണ് ഇത്തവണ വയനാട്ടിലുണ്ടായത്. 73.57 ശതമാനത്തില്‍ നിന്നും പോളിംഗ് 64.72 ശതമാനമായി കുറഞ്ഞു. അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധിക്ക് ലഭിച്ച ഭൂരിപക്ഷം പ്രിയങ്കയ്ക്ക് മറികടക്കാന്‍ സാധിക്കുമോ എന്ന് അറിയേണ്ടതുണ്ട്.
രാഹുല്‍ ഗാന്ധിയെ എംപിയായി വയനാട് തിരഞ്ഞെടുത്തത് 4.3 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോട് കൂടിയാണ്. ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ രാഹുലിനെ പിന്നിലാക്കുമോ പ്രിയങ്ക എന്നാണ് ഇനി അറിയാനുള്ളത്.

ചേലക്കരയുടെ ചെന്താരമായി  യു ആർ പ്രദീപ് , ഭൂരിപക്ഷം 12122 വോട്ടുകൾ

തൃശൂര്‍: ചേലക്കരയിലെ ചെന്താരമായി യു ആർ പ്രദീപ്.
ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 1212 2 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടത് മുന്നണി വിജയം. പ്രദീപിന്റെ സൗമ്യതയും ഇടപെടലും ജനകീയതയും എൽഡിഎഫിന്റെ പ്ലസ് പോയിന്റുകളായിരുന്നു.
എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് വമ്പൻ കുതിപ്പ് നടത്തുമ്പോൾ ചെങ്കോട്ടയാണീ ചേലക്കര എന്നാണ് കെ രാധാകൃഷ്ണൻ ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റല്‍ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അപ്രസക്തയാക്കി കൊണ്ടാണ് പ്രദീപിന്‍റെ മുന്നേറ്റം. ചേലക്കരയില്‍ പി വി അൻവറിന്‍റെ സ്ഥാനാര്‍ത്ഥിക്കും ചലനമുണ്ടാക്കാൻ സാധിച്ചിട്ടില്ല

വിവാദങ്ങളുടെ കുത്തൊഴുക്കിലും ചേലക്കരയുടെ ചുവപ്പുമായാതെ നിന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന് പാർട്ടി സമ്മേളനങ്ങളിൽ അത് കൂടുതൽ കരുത്ത് പകരും. ചേലക്കരയിൽ തമ്പടിച്ച് പ്രചാരണം നയിച്ചത് മുഖ്യമന്ത്രിയായിരുന്നു. തൃശൂർ പൂരം കലക്കൽ കരുവന്നൂർ വിവാദം അടക്കം കടുത്ത വിവാദങ്ങൾ സൃഷ്ടിച്ച വെല്ലുവിളികളെ അതിജീവിച്ചാണ് എൽഡിഎഫ് ഈ വിജയം നെയ്തെടുത്തത്. സിപിഎമ്മിന്റെ സംഘടന സംവിധാനത്തിന്റെ ശക്തി വിളിച്ചോതുന്നു ഈ വിജയം. 2026 ലേക്ക് സിപിഎമ്മിന് പ്രതീക്ഷ നൽകുന്നത് കൂടിയാണ് ഈ വിജയം.

രണ്ടാം പിണറായി സർക്കാർ വന്നശേഷം ഇതാദ്യമായാണ് ഒരു ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ജയിക്കുന്നത്. മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണനെ സിപിഎം ആലത്തൂരിൽ മത്സരിപ്പിച്ചത് തന്നെ കൈവിട്ട കോട്ട തിരിച്ചുപിടിക്കാനായിരുന്നു. ഒന്നര ലക്ഷം വോട്ടിന് പി.കെ ബിജുവിനെ തോൽപിച്ച് രമ്യ ഹരിദാസ് പിടിച്ചെടുത്ത മണ്ഡലം 20,000 വോട്ടിന് രാധാകൃഷ്ണൻ തിരിച്ചുപിടിച്ചു. ഒരു കോട്ട തിരിച്ചുപിടിക്കുമ്പോൾ കൈയിലുണ്ടായിരുന്ന കോട്ട കൈവിട്ടാൽ അത് വലിയ ക്ഷീണമാകുമായിരുന്നു. യു.ആർ പ്രദീപ് പാർട്ടിയുടെ വിശ്വാസം കാത്തു.