Home Blog Page 1906

കശുവണ്ടി കഴിച്ചാലുള്ള ഗുണങ്ങൾ എന്തെല്ലാം?

നട്സുകളിൽ ഏറ്റവും പോഷക​ഗുണങ്ങൾ നിറഞ്ഞ നട്സാണ് കശുവണ്ടി. ഇന്ന് ദേശീയ കശുവണ്ടി ദിനമാണ്. വിവിധ മധുര പലഹാരങ്ങളിൽ കശുവണ്ടി നാം ചേർക്കാറുണ്ട്. ആന്റി ഓക്സിഡന്റുകളാലും ധാതുക്കളാലും സമ്പന്നമാണ് കശുവണ്ടി. അറിയാം കശുവണ്ടി കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ.

ഒന്ന്

മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയ കശുവണ്ടി ചീത്ത കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുകയും നല്ല കൊളസ്‌ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

രണ്ട്

കശുവണ്ടിയിൽ സിങ്ക്, കോപ്പർ എന്നിവ അടങ്ങിയിട്ടുണ്ട്. ബുദ്ധിശക്തി, ഓർമ്മശക്തി എന്നിവയ്ക്ക് കശുവണ്ടി മികച്ചതാണ്. ഭക്ഷണത്തിൽ കശുവണ്ടി ചേർക്കുന്നത് തലച്ചോറിൻ്റെ ആരോഗ്യം ഗണ്യമായി വർദ്ധിപ്പിക്കുന്നതായി വിദ​ഗ്ധർ പറയുന്നു.

മൂന്ന്

ഉയർന്ന കലോറിയും നാരുകളും അടങ്ങിയ കശുവണ്ടി ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. അമിത വിശപ്പ് തടയുന്നതിനും കശുവണ്ടി സഹായകമാണ്.

നാല്

കശുവണ്ടിയിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കശുവണ്ടി പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും കശുവണ്ടി സഹായിക്കുന്നു.

അഞ്ച്

ആരോഗ്യകരമായ കൊഴുപ്പുകളും കാർബോഹൈഡ്രേറ്റുകളും കശുവണ്ടിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ദിവസം മുഴുവൻ ഊർജം നൽകാൻ സഹായിക്കുന്നു.

ആറ്

രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഏറ്റവും മികച്ചതാണ് കശുവണ്ടി. അത് കൂടാതെ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യതയും പ്രമേഹ സാധ്യതയും കുറയ്ക്കുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

ഏഴ്

കശുവണ്ടിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. പുരുഷന്മാരെ സംബന്ധിച്ച് ബീജങ്ങളുടെ എണ്ണം വർധിക്കാൻ ദിവസവും രണ്ടോ മൂന്നോ കശുവണ്ടി കഴിക്കുന്നത് ഏറെ നല്ലതാണ്.

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയാഘോഷത്തിനിടെ പി.സി. വിഷ്ണുനാഥ് എംഎൽഎ കുഴഞ്ഞു വീണു

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ചരിത്ര വിജയം നേടിയതിനു പിന്നാലെ നടന്ന റോഡ് ഷോയ്ക്കിടെ കോൺ​ഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ് കുഴഞ്ഞു വീണു. പാലക്കാട് ന​ഗരത്തിൽ നടന്ന റോഡ് ഷോയ്ക്കിടെയാണ് സംഭവം.

രാഹുൽ മാങ്കൂട്ടത്തിൽ, വികെ ശ്രീകണ്ഠൻ എംപി, സന്ദീപ് വാര്യർ, പികെ ഫിറോസ്, ഷാഫി പറമ്പിൽ തുടങ്ങിയവർക്കൊപ്പം തുറന്ന ജീപ്പിൽ കയറി പ്രവർത്തകർക്കൊപ്പം വിജയം ആഘോഷിക്കുന്നതിനിടെയാണ് വിഷ്ണുനാഥിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ അദ്ദേഹത്തെ പ്രവർത്തകരിൽ ഒരാളുടെ വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി.
ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന പിസി വിഷ്ണുനാഥിന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്നു നേതാക്കൾ വ്യക്തമാക്കി. ഭക്ഷണം കഴിക്കാത്തതും കനത്ത ചൂടുകൊണ്ടും അവശനായി കുഴഞ്ഞു വീഴുകയായിരുന്നു.

കടലിൽ കുളിക്കുന്നതിനിടെ അപസ്മാരമുണ്ടായി; വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു, രക്ഷകരായി സഹപാഠികള്‍

തൃശൂര്‍: കടലിൽ കുളിക്കുന്നതിനിടെ അപസ്മാരമുണ്ടായതിനെ തുടർന്ന് വിദ്യാർത്ഥി കുഴഞ്ഞുവീണു. സംഭവം നടന്ന ഉടനെ കൂട്ടുകാര്‍ നടത്തിയ സമയോചിത ഇടപെടൽ രക്ഷയായി. ഇന്ന് ഉച്ചയ്ക്ക് തൃശൂര്‍ ചാവക്കാട് കടലില്‍ കുളിക്കുന്നതിനിടെയാണ് സംഭവം. കോയമ്പത്തൂർ ഭാരതി ഹയർസെക്കന്‍ഡറി സ്കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥി വി.എസ് ഗോകുലിനാണ് ചാവക്കാട് കടലിൽ കുളിക്കുന്നതിനിടെ അപസ്മാരമുണ്ടായത്. കൂട്ടുകാര്‍ക്കൊപ്പമാണ് ഗോകുല്‍ കടലിൽ കുളിക്കാനെത്തിയത്.

കടലിൽ കുഴഞ്ഞുവീണ ഗോകുൽ അബോധാവസ്ഥയിലായി. സ്ഥലത്തുണ്ടായിരുന്ന സഹപാഠികളായ വിദ്യാർത്ഥികൾ ഗോകുലിനെ കരയ്ക്ക് എത്തിച്ച് സിപിആർ നൽകി. പിന്നീട് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി വിട്ടയക്കുകയായിരുന്നു. ഗോകുലിനെ സുഹൃത്തുക്കള്‍ ഉടനെ തന്നെ കരയ്ക്ക് എത്തിച്ച് സിപിആര്‍ നൽകിയതാനാലാണ് വലിയ അപകടം ഒഴിവായത്.

എഫ്‍സിഐ ഗോഡൗണിന്‍റെ തകർന്ന ജനലിലൂടെ കടന്ന നൂറിലേറെ കുരങ്ങുകൾ വിഷവാതകം ശ്വസിച്ച് ചത്തു, കേസ്

ഹാത്രസ് : ഫുഡ് ഗോഡൗണിൽ തളിച്ച കീടനാശിനി ശ്വസിച്ച് നൂറിലധികം കുരങ്ങുകൾ ചത്തെന്ന് പൊലീസ്. ജഡം രഹസ്യമായി ഒരു വലിയ കുഴിയിൽ കുഴിച്ചിട്ടതായും പൊലീസ് പറയുന്നു. കുഴിച്ചിട്ട ജഡം മൃഗ ഡോക്ടർമാരുടെ സംഘം പോസ്റ്റ്‌മോർട്ടത്തിനായി പുറത്തെടുത്തു. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബുധനാഴ്ചയാണ് കുരങ്ങുകളുടെ കൂട്ട മരണ വിവരം പൊലീസ് അറിഞ്ഞതെന്ന് സർക്കിൾ ഓഫീസർ യോഗേന്ദ്ര കൃഷ്ണ നാരായൺ പറഞ്ഞു. ഗോതമ്പ് ചാക്കുകളെ പ്രാണികളിൽ നിന്നും എലികളിൽ നിന്നും സംരക്ഷിക്കുന്നതിനായി നവംബർ ഏഴിനാണ് എഫ്‌സിഐ ഗോഡൗണിൽ കീടനാശിനി തളിച്ചത്. അലുമിനിയം ഫോസ്‌ഫൈഡ് എന്ന രാസവസ്തുവാണ് തളിച്ചതെന്ന് പൊലീസ് കണ്ടെത്തി.

ഗോഡൗണിന്‍റെ തകർന്ന ജനൽ വഴി നവംബർ ഏഴിന് രാത്രി ഗോഡൗണിനുള്ളിൽ പ്രവേശിച്ച കുരങ്ങൻമാരുടെ സംഘം ഈ വാതകം ശ്വസിച്ചു. നവംബർ ഒമ്പതിന് തൊഴിലാളികൾ ഗോഡൗൺ തുറന്നപ്പോൾ നിരവധി കുരങ്ങുകൾ ചത്തുകിടക്കുന്നതാണ് കണ്ടത്. തുടർന്ന് ജീവനക്കാർ ആരുമറിയാതെ കുഴിയെടുത്ത് മറവ് ചെയ്തു എന്നാണ് പൊലീസ് പറയുന്നത്. നൂറിലധികം കുരങ്ങുകളെ കുഴിയിൽ നിന്ന് പുറത്തെടുത്തു. ഇവയുടെ ജഡം ജീർണിച്ച അവസ്ഥയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വൈദ്യുതി വിതരണം തടസപ്പെടും

കുണ്ടറ: കുണ്ടറ 220 കെ.വി സബ്സ്റ്റേഷനില്‍ നിന്നും അയത്തില്‍ സബ്സ്റ്റേഷനിലേയ്ക്കുള്ള 110 കെ.വി കുണ്ടറ അയത്തില്‍ ഫീഡറുകളില്‍ അറ്റകുറ്റപണിക്കായി നാളെ ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ സപ്ലൈ ഓഫ് ചെയ്യുന്നതിനാല്‍ കൊല്ലം ജിഐഎസ് സബ്സ്റ്റേഷന്‍, അയത്തില്‍ സബ്സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിന് അപേക്ഷിക്കാം

കൊല്ലം: അര്‍ഹതയുള്ള കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന (ബിപിഎല്‍) വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഓണ്‍ലൈനായി നാളെ മുതല്‍ ഡിസംബര്‍ 10 വരെ അപേക്ഷിക്കാം. മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍/പഞ്ചായത്ത് സെക്രട്ടറിമാരില്‍ നിന്നുള്ള സാക്ഷ്യപത്രം, ചികിത്സാ രേഖകള്‍, മറ്റ് അര്‍ഹതാ രേഖകള്‍ ഉള്‍പ്പെടെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. പൊതുജനങ്ങള്‍ക്ക് അക്ഷയ കേന്ദ്രം വഴിയോ സിറ്റിസണ്‍ ലോഗിന്‍ വഴിയോ അപേക്ഷ നല്‍കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0474 2794818.

ഉല്ലാസയാത്രയും തീര്‍ത്ഥാടന യാത്ര പാക്കേജുമായി കെഎസ്ആര്‍ടിസി

കൊല്ലം: കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്‍ കുളത്തൂപ്പുഴ യൂണിറ്റില്‍ നിന്നും 30ന് രാവിലെ 7.30ന് അയ്യപ്പ ക്ഷേത്രങ്ങളിലേക്ക് തീര്‍ത്ഥാടനം പുറപ്പെടുന്നു. കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍ എന്നീ പ്രമുഖ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഉച്ചതിരിഞ്ഞ് കുംഭാവുരുട്ടി വെള്ളച്ചാട്ടം, പന്തളം കോയിക്കല്‍ ശ്രീ ധര്‍മ ശാസ്ത ക്ഷേത്രം, തിരുവാഭരണ ദര്‍ശനം, എന്നിവ സന്ദര്‍ശിച്ച് രാത്രിയില്‍ കുളത്തൂപ്പുഴ ഡിപ്പോയില്‍ മടങ്ങി എത്തും. 610 രൂപയാണ് ചാര്‍ജ്.
ഡിസംബര്‍ 1ന് ഞായറാഴ്ച കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ ചാലക്കുടിയില്‍ നിന്നും 80 കി. മീ അകലെയുള്ള മലക്കപ്പാറയിലേക്ക് ഒരു കാനന ഉല്ലാസയാത്ര പുറപ്പെടുന്നു. രാവിലെ 4.30 ന് പുറപ്പെടും. അതിരപ്പിള്ളി വെള്ളച്ചാട്ടം, ചാര്‍പ്പ, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങളും, ആനക്കയം പാലം, പെന്‍സ്റ്റോക്ക് പാലം, ഷോളയാര്‍ ഡാമുകള്‍, ഒടുവിലായി മലക്കപ്പാറയും സന്ദര്‍ശിക്കും. 1420 രൂപയാണ് ഈടാക്കുക.
ഡിസംബര്‍ 8ന് കോട്ടയം ഇടുക്കി ജില്ലാ അതിര്‍ത്തിയില്‍ ഉള്ള വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കല്‍ കല്ല്, ഇലവീഴാപുഞ്ചിറ എന്നിവിടങ്ങളിലേക്ക് ഒരു ഏകദിന ഉല്ലാസ യാത്ര പുറപ്പെടുന്നു. ഇല്ലിക്കല്‍ കല്ല്, മലങ്കര ഡാം, മുനിയറ ഗുഹ, ഇലവീഴാപുഞ്ചിറ തടാകം, ഇലവീഴാപുഞ്ചിറ വ്യൂ പോയിന്റ് എന്നിവ സന്ദര്‍ശിച്ച് രാത്രിയില്‍ കുളത്തൂപ്പുഴയില്‍ മടങ്ങി എത്തുന്ന യാത്രയുടെ നിരക്ക് 630 രൂപയാണ്.
ഡിസംബര്‍ 15ന് കുളത്തൂപ്പുഴ ഡിപ്പോയില്‍ നിന്നും പുലര്‍ച്ചെ 5ന് പൗര്‍ണമി നാളില്‍ മാത്രം നട തുറക്കുന്ന പൗര്‍ണമിക്കാവ്, ആറ്റുകാല്‍, ആഴിമല, ചെങ്കല്‍, എന്ന ക്ഷേത്രങ്ങളിലേക്ക് തീര്‍ത്ഥാടനം പുറപ്പെടുന്നു. 440 രൂപയാണ് നിരക്ക്.
ഡിസംബര്‍ 22ന് കൊച്ചി നഗര കാഴ്ചകള്‍ ഒരുക്കി കൊച്ചിന്‍ വൈബ്സ് എന്ന പേരില്‍ ഒരു ഏകദിന ഉല്ലാസയാത്ര സംഘടിപ്പിക്കും. രാവിലെ മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചിയിലെ പത്തോളം വരുന്ന ടൂറിസം ഡെസ്റ്റിനേഷന്‍സ് ഉള്‍പ്പെടുത്തുകയും വാട്ടര്‍ മെട്രോയില്‍ ഫോര്‍ട്ട് കൊച്ചി മുതല്‍ ഹൈകോര്‍ട്ട് വരെ ശീതികരിച്ച ജലനൗക യാത്രയും തൃപ്പുണിത്തുറ ഹെറിറ്റേജ് മ്യൂസിയം എന്നിവ സന്ദര്‍ശിച്ച് രാത്രിയില്‍ മടങ്ങി എത്തുന്ന ഈ ഉല്ലാസയാത്രക്ക് 760 രൂപയാണ് നിരക്ക്.
ഡിസംബര്‍ 24ന് പുലര്‍ച്ചെ 5ന് അടവി, ഗവി ഇക്കോ ടൂറിസം, പരുന്തുംപാറ എന്നിവിടങ്ങളിലേക്ക് ഒരു ഏകദിന കാനന ഉല്ലാസയാത്ര പുറപ്പെടുന്നു. 1850 രൂപയാണ് നിരക്ക്.
ഡിസംബര്‍ 25ന് രാവിലെ 6ന് ആലപ്പുഴയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി ആലപ്പുഴ ദര്‍ശന്‍ എന്ന ഉല്ലാസ യാത്ര പുറപ്പെടുന്നു. കൃഷ്ണപുരം കൊട്ടാരം, മ്യൂസിയം, കുമാരകോടി, കരുമാടിക്കുട്ടന്‍ ബുദ്ധ പ്രതിമ, കുഞ്ചന്‍ നമ്പ്യാരുടെ മിഴാവ്, തകഴി മ്യൂസിയം, ആലപ്പുഴ ബീച്ച് എന്നിവ സന്ദര്‍ശിക്കുന്ന ഈ യാത്രക്ക് 520 ആണ് നിരക്ക്.
ഡിസംബര്‍ 29ന് ഫോര്‍ട്ട് ആന്‍ഡ് ബീച്ച് വൈബ്സ് എന്ന പേരില്‍ ഒരു ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നു. കോയിക്കല്‍ കൊട്ടാരം, അഞ്ചുതെങ് കോട്ട, കാപ്പില്‍ ബീച്ച്, കണ്ടല്‍ വനങ്ങള്‍, തങ്കശ്ശേരി പോര്‍ട്ട്, ബീച്ച്, വിളക്ക് മാടം, പുലിമുട്ട് എന്നിവ സന്ദര്‍ശിച്ച് കുളത്തൂപ്പുഴയില്‍ തിരികെ എത്തുന്നു. അന്വേഷണങ്ങള്‍ക്കും ബുക്കിങ്ങിനും 8129580903, 0475-2318777.

‘സ്ത്രീധനം ചോദിച്ച് ഉപദ്രവിച്ചു, സ്വത്ത് വിറ്റ് പണം നൽകിയിട്ടും മർദനം’; യുകെയിൽ കൊല്ലപ്പെട്ട യുവതിയുടെ കുടുംബം

ന്യൂഡൽഹി: യുകെയിൽ ഇന്ത്യക്കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം. കൊല്ലപ്പെട്ട 24കാരിയായ ഹർഷിത ബ്രെല്ലയുടെ സഹോദരിയാണ് പ്രതികരിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് ഹർഷിതയെ ഭർത്താവ് പങ്കജ് ലാംബ നിരന്തരം ഉപദ്രവിച്ചെന്നാണ് പരാതി. ഹർഷിതയുടെ മൃതദേഹം, താമസിക്കുന്ന സ്ഥലത്തുനിന്ന് 145 കിലോമീറ്റർ അകലെ കാറിന്‍റെ ഡിക്കിയിലാണ് കണ്ടെത്തിയത്. പിന്നാലെ പങ്കജിനെ കാണാനില്ല.

മാർച്ച് 22 നായിരുന്നു ഹർഷിതയും പങ്കജും തമ്മിലെ വിവാഹം. വിവാഹ സമയത്ത് സ്വർണവും പണവും നൽകിയെങ്കിലും പങ്കജ് തൃപ്തനായിരുന്നില്ലെന്നും നിരന്തരം സ്ത്രീധനം ആവശ്യപ്പെട്ടെന്നും സഹോദരി സോണിയ ബ്രെല്ല പറയുന്നു. സ്ത്രീധനത്തിന്‍റെ പേരിൽ പങ്കജ് ഹർഷിതയെ മർദിക്കാറുണ്ടായിരുന്നുവെന്ന് പിതാവ് സാബിർ ബ്രെല്ലയും പറഞ്ഞു. വഴക്ക് പതിവായതോടെ ഹർഷിത വേറെ താമസിക്കാനും ഗോഡൗണിൽ ജോലി ചെയ്യാനും തുടങ്ങി. അപ്പോഴും ഹർഷിതയുടെ ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത് പങ്കജായിരുന്നു. എപ്പോഴെങ്കിലും എല്ലാം ശരിയാകുമെന്ന പ്രതീക്ഷയോടെ ഹർഷിത പങ്കജിന് പണം നൽകിക്കൊണ്ടിരുന്നുവെന്നും കുടുംബം പറഞ്ഞു.

പിന്നീട് സ്വത്ത് വിറ്റ് പങ്കജിന്‍റെ കുടുംബത്തിന് പണം നൽകിയെന്ന് സഹോദരി പറഞ്ഞു. നവംബർ 10 നാണ് ഹർഷിതയുമായി അവസാനം സംസാരിച്ചതെന്ന് സഹോദരി പറഞ്ഞു. അത്താഴത്തിന് വരുന്ന പങ്കജിനായി ഭക്ഷണം തയ്യാറാക്കുകയാണെന്നാണ് പറഞ്ഞത്. പിന്നെ ഹർഷിതയെ ഫോണിൽ ലഭിച്ചില്ല. രണ്ട് ദിവസമായി ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നതിനാൽ പൊലീസിനെ ബന്ധപ്പെട്ടു.

നോർത്താംപ്ടൺഷെയർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹർഷിത കൊല്ലപ്പെട്ടത് നവംബർ 10നാണെന്ന് കണ്ടെത്തി. അന്ന് രാത്രി കോർബിയിലെ ബോട്ടിംഗ് തടാകത്തിന് സമീപം ഹർഷിത ഭർത്താവിനൊപ്പം നടക്കുന്നത് കണ്ടതായി പൊലീസിന് വിവരം ലഭിച്ചു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. താമസ സ്ഥലത്ത് നിന്ന് ഏകദേശം 145 കിലോമീറ്റർ അകലെ ഇൽഫോർഡിലെ ബ്രിസ്ബെയ്ൻ റോഡിൽ കാറിന്‍റെ ഡിക്കിയിൽ മൃതദേഹം കണ്ടെത്തിയത് നവംബർ 14 നാണ്. പങ്കജ് ഹർഷിതയെ കൊലപ്പെടുത്തി കാറിൽ മൃതദേഹം ഒളിപ്പിച്ചെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.

ഹർഷിതയെ കൊലപ്പെടുത്തിയ ശേഷം പങ്കജ് ഇന്ത്യയിൽ തിരിച്ചെത്തിയെന്നാണ് യുവതിയുടെ കുടുംബം പറയുന്നത്. ലണ്ടൻ പൊലീസിനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പങ്കജിനും മാതാപിതാക്കൾക്കും എതിരെ സ്ത്രീധന പീഡന പരാതി ഡൽഹിയിലെ സ്റ്റേഷനിൽ നൽകിയിട്ടുണ്ടെന്നും സഹോദരി പറഞ്ഞു.

കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു. തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളിലായി രൂപപ്പെട്ട ചക്രവാതചുഴി തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചു.
നവംബര്‍ 25 ഓടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെത്തി തീവ്ര ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചു തുടന്നുള്ള 2 ദിവസത്തില്‍ തമിഴ്നാട്- ശ്രീലങ്ക തീരത്തേക്ക് നീങ്ങാന്‍ സാധ്യയതെന്നുമാണ് പ്രവചനം. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ ഇടത്തരം മഴയ്ക്കു സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നവംബര്‍ 26-27 തീയതികളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പറമ്പിക്കുളം കടുവാസങ്കേതത്തിൽ ചന്ദനം മുറിച്ച് കടത്താൻ ശ്രമിച്ച കേസിൽ രണ്ട് പേര്‍ കൂടി പിടിയിൽ

പാലക്കാട്: പറമ്പിക്കുളം കടുവാസങ്കേതത്തിൽ സുങ്കം റെയിഞ്ചിൽ ചന്ദന മരങ്ങൾ മുറിച്ച് കടത്താൻ ശ്രമിച്ച കേസിൽ രണ്ട് പേര്‍ കൂടി അറസ്റ്റിൽ. തിരുവണ്ണാമലൈ സ്വദേശി കെ അണ്ണാമലൈ(56), അരുൾ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ നേരത്തെ ഒരാൾ അറസ്റ്റിലായിരുന്നു. ഇലത്തോട് സെക്ഷൻ പരിധിയിൽപ്പെട്ട കുച്ചിമുടി വനഭാഗത്തായി കഴിഞ്ഞ ജനുവരി ഏഴിന് സാധാരണ പരിശോധന നടത്തുന്നതിനിടെ ആയിരുന്നു നാല് ചന്ദനമരങ്ങൾ മുറിച്ചതായി കാണ്ടെത്തിയത്. അന്ന് തന്നെ സുങ്കം റെയിഞ്ചിൽ കേസും രജിസ്റ്റര്‍ ചെയ്തു.

രാത്രി പരിശോധന നടത്തുന്നതിനിടെ കുറച്ച് പേർ ചന്ദനം കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുന്നത് കണ്ടെത്തിയെങ്കിലും, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ തടികൾ ഉപേക്ഷിച്ച് ഇവര്‍ കടന്നുകളയുകയായിരുന്നു. കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി കുമാര്‍ റിമാൻഡിൽ കഴിയുകയാണ്. കുമാറിന്റെ മൊഴി പ്രകാരമാണ് അണ്ണാമലൈയും അരുളും പിടിയിലായത്. ഇരുവരെയും റിമാൻഡ് ചെയ്തു. കേസിൽ നാലാം പ്രതിയായ തിരിപ്പത്തൂര്‍ സ്വദേശി തിരുപ്പതിക്കായി അന്വേഷണം തുടരുകയാണ്.

പറമ്പിക്കുളം കടുവാസങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍ സുജിത് ഐഎഫ്എസിന്റെ നിർദേശപ്രകാരം റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സി അജയൻ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്. സംഘത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം കൃഷ്ണകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സുനീഷ് എസ്, എസ് നാസർ എച്ചു, മനു, അനിൽ ആന്റീ പോച്ചിങ് വാച്ചർമാരായ തങ്കുസ്വാമി, രഘു, ദേവദാസ് എന്നിവരും ഉണ്ടായിരുന്നു.