Home Blog Page 1902

കൊല്ലം സ്വദേശികളായ ദമ്പതികളെ സൗദി അറേബ്യയിൽ മരിച്ച നിലയിൽ കണ്ടെത്തി

അല്‍ഖസീം. കൊല്ലം സ്വദേശികളായ ദമ്പതികളെ സൗദി അറേബ്യയിൽ മരിച്ച നിലയിൽ കണ്ടെത്തി.
ചിതറ ഭജനമഠം പത്മവിലാസത്തിൽ ശരത്തിനെ ( 40) യും ഭാര്യ പ്രീതിയേയു (32) മാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുറൈദയ്ക്ക് സമീപം ഉളള ഉനീസയിലെ താമസസ്ഥലത്താണ് ബുധനാഴ്ച ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശരത്ത് തൂങ്ങിനിൽക്കുന്ന നിലയിലും ഭാര്യ പ്രീതി തറയിൽ കിടക്കുന്ന നിലയിലുമാണ് മൃതശരീരങ്ങൾ കണ്ടെത്തിയത്.
കൊല്ലം സ്വദേശിനിയായ പ്രീതയെ നാലു വർഷം മുമ്പാണ് ശരത്ത് വിവാഹം കഴിച്ചത്.
രണ്ട് മാസം മുമ്പാണ് പ്രീതിയെ ശരത്ത് സൗദിയിലേക്ക് കൊണ്ട് പോയത്.
ജോലി സ്ഥലത്തേക്ക് എത്താത്തതിനെ തുടർന്ന് സ്പോൺസർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ലഭിക്കാത്തതിനെ തുടർന്ന് ഫ്ലാറ്റിലെത്തി വിളിച്ചിട്ടും മറുപടിയില്ലാത്തതിനെ തുടർന്ന് പോലീസിന്റെ സഹായത്തോടെ വാതിൽ തകർത്ത് അകത്ത് കയറി നോക്കുമ്പോഴാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതശരീരം മോർച്ചറിയിലേക്ക് മാറ്റി.

പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് അച്ഛനും മകനും മരിച്ചസംഭവത്തിന് നരഹത്യക്ക് കേസെടുത്തു

പാലക്കാട്: പാലക്കാട് വാളയാറില്‍ ഷോക്കേറ്റ് അച്ഛനും മകനും മരിച്ച
സംഭവത്തിന് നരഹത്യക്ക് കേസെടുത്തു. വാളയാര്‍ അട്ടപ്പള്ളം സ്വദേശി മോഹന്‍ (60), മകന്‍ അനിരുദ്ധ് (20)എന്നിവരാണ് മരിച്ചത്. വൈകീട്ട് 6.30ഓടെയാണ് സംഭവം. തോട്ടില്‍ നിന്ന് പാടത്തേക്ക് വെള്ളം ഒഴുക്കുന്നതിനായാണ് അച്ഛനും മകനും എത്തിയത്. ഇതിനിടെ, പന്നിക്കെണിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. അഛനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മകന് ഷോക്കേറ്റത്. ഒപ്പമുണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെട്ടു. സമീപത്തെ വൈദ്യുതി ലൈനില്‍ നിന്ന് കണക്ഷനെടുത്താണ് പന്നിക്കെണി വെച്ചിരുന്നത്. പന്നിയിറച്ചി ലക്ഷ്യം വച്ച് കെണി വച്ചതെന്ന് സംശയം
പ്രതികളെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് വാളയാര്‍ പോലീസ്

ഡൽഹിയിൽ സ്കൂൾ ബസ്സിൽ വച്ചു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു

ന്യൂഡെല്‍ഹി. ഡൽഹിയിൽ സ്കൂൾ ബസ്സിൽ വച്ചു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു. ഡ്രൈവർ, കണ്ടക്ടർ, സ്‌കൂൾ അറ്റൻഡർ എന്നിവർക്കെതിരെ കേസെടുത്തതായി പോലീസ്.   ഷഹ്‌ദാരയിലെ ആനന്ദ് വിഹാറിൽ ആണ് സംഭവം. ഗാസിയാബാദിലെ ഇന്ദിരാപുരത്തുള്ള വീട്ടിലേക്ക് പോകുമ്പോൾ. സ്കൂൾ അധികൃതർ നൽകിയ പരാതിയിൽ ആണ് നടപടി

കോൺഗ്രസ് ഓഫീസിൽ ചീട്ടുകളി, 16 പേർ പിടിയിൽ

കോഴിക്കോട്.കോൺഗ്രസ് ഓഫീസിൽ ചീട്ടുകളി: 16 പേർ പിടിയിൽ. എരഞ്ഞിപ്പാലം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ പണം വച്ച് ചീട്ടുകളി. കോൺഗ്രസ് പ്രവർത്തകരായ 16 പേർ നടക്കാവ് പോലീസിൻ്റെ പിടിയിൽ. 12000 രൂപയും പോലീസ് കണ്ടെടുത്തു

ഇന്ന് ശിശുദിനം; അറിയാം ചരിത്രവും പ്രാധാന്യങ്ങളും

എല്ലാ വർഷവും നവംബർ പതിനാലിനാണ് ശിശുദിനം ആചരിക്കുന്നത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആയിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് ശിശുദിനമായി ആചരിക്കുന്നത്. കുട്ടികളെ വളരെ ഇഷ്ടമായിരുന്ന നെഹ്റു അവരാണ് സമൂഹത്തിന്റെ ആണിക്കല്ലെന്ന് വിശ്വസിച്ചു. സ്നേഹനിർഭരമായ അന്തരീക്ഷത്തിൽ കുട്ടികൾ വളർന്ന് ഇന്ത്യയുടെ പ്രതിഭാസമ്പന്നരായ നേതാക്കളും അംബാസഡർമാരുമായി അവർ മാറണമെന്ന് നെഹ്റു ആഗ്രഹിച്ചു.

കുട്ടികളെ ഏറെ സ്നേഹിച്ച നെഹ്റുവിനെ അവർ തിരിച്ച് ‘ചാച്ചാ നെഹ്റു’ എന്നും ‘ചാച്ചാജി’ എന്നും വിളിച്ചു. അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായി ആചരിക്കുമ്പോൾ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും അവർക്ക് നൽകേണ്ട ശ്രദ്ധയെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും എല്ലാം വീണ്ടും ഒരു വിചിന്തനം നടത്തുകയാണ് നമ്മൾ.

നെഹ്റുവിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി എല്ലാ വർഷവും ആചരിക്കുകയാണ്. കുട്ടികളോട് വളരെ ഇഷ്ടമുണ്ടായിരുന്ന നെഹ്റു കുട്ടികൾക്കു വേണ്ടി പ്രാദേശിക സിനിമകൾ നിർമിക്കുന്നതിനായി 1955ൽ ചിൽഡ്രൻസ് ഫിലിം സൊസൈറ്റി രൂപീകരിച്ചു. കുട്ടികളുടെ അവകാശത്തിനു വേണ്ടി വാദിച്ച നെഹ്റു കുട്ടികൾക്ക് സമഗ്രമായ വിദ്യാഭ്യാസം നൽകുന്നതിനെ അനുകൂലിച്ചു. ശിശുക്കളുടെ വികസനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി ജവഹർലാൽ നെഹ്റു നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ജന്മദിനം രാജ്യത്ത് ശിശുദിനമായി ആചരിക്കാൻ തീരുമാനിച്ചത്.

‘ഇന്നത്തെ കുട്ടികൾ നാളത്തെ ഇന്ത്യയെ വാർത്തെടുക്കും’ എന്നാണ് നെഹ്റു പറഞ്ഞത്. ഈ രാജ്യത്തിന്റെ ഭാവി നാം എങ്ങനെ കുട്ടികളെ വളർത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1964ലാണ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം ശിശുദിനമായി പ്രഖ്യാപിക്കുന്ന ഒരു പ്രമേയം ഇന്ത്യൻ പാർലമെന്റ് പാസാക്കിയത്. നെഹ്റുവിന്റെ മരണത്തെ തുടർന്നായിരുന്നു അത്. അതിനു ശേഷം എല്ലാവർഷവും നവംബർ 14 ശിശുദിനമായി രാജ്യത്ത് ആചരിച്ച് വരുന്നു.

എല്ലാ വർഷവും ശിശുദിനം വളരെ മികച്ച രീതിയിലാണ് ആഘോഷിച്ച് വരുന്നത്. സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വളരെ വ്യത്യസ്തമായ രീതിയിൽ ശിശുദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ശിശുദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നതും കുട്ടികൾക്ക് മിഠായികളും മധുരപലഹാരങ്ങളും വിതരണം ചെയ്യുന്നതും ആഘോഷത്തിന്റെ ഭാഗമാണ്. ശിശുദിനത്തിൽ സമൂഹത്തിൽ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി നമുക്കും എന്തെങ്കിലും ചെയ്യാൻ കഴിയണം. അവരുടെ വിദ്യാഭ്യാസം, താമസം, വസ്ത്രം തുടങ്ങിയുള്ള അടിസ്ഥാന ആവശ്യങ്ങൾക്ക് സഹായം നൽകാൻ ശീലിക്കാം.

കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് അറിയാം

ആറു മുതൽ 14 വയസു വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭിക്കാനുള്ള അവകാശം. ഏതെങ്കിലും തരത്തിലുള്ള അപമാനിക്കലിൽ നിന്നും കുട്ടികൾ അവരുടെ പ്രായത്തിനോ ആരോഗ്യത്തിനോ അനുയോജ്യമല്ലാത്ത തൊഴിൽ ചെയ്യുന്നതിലൂടെ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ നിന്ന് സംരക്ഷിക്കപ്പെടാനുള്ള മോചനം.
മൊത്തത്തിലുള്ള വികസനത്തിന് ന്യായവും തുല്യവുമായ അവസരങ്ങൾ ലഭിക്കാനുള്ള അവകാശം. സ്വാതന്ത്ര്യത്തിനും അന്തസ്സിനുമുള്ള അവകാശവും ചൂഷണത്തിൽ നിന്നുള്ള സമ്പൂർണ സംരക്ഷണവും.

ഇന്ന് ലോക പ്രമേഹ ദിനം : അറിയാം പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്ന എട്ട് ഭക്ഷണങ്ങൾ

നവംബർ 14. ലോക പ്രമേഹദിനം. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളെയാണ് പ്രമേഹം ബാധിച്ചിരിക്കുന്നത്. ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോ​ഗാവസ്ഥയാണ് പ്രമേഹം. ജീവിതശൈലിയിൽ വന്നിരിക്കുന്ന മാറ്റങ്ങൾ കൊണ്ടാണ് പ്രമേഹരോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്.

ഇൻ്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷനും (ഐഡിഎഫ്) ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) ചേർന്നാണ് പ്രമേ​ഹ ദിനത്തിന് തുടക്കമിട്ടത്. പ്രമേഹത്തെ നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്.

മധുര പാനീയങ്ങൾ

മധുര പാനീയങ്ങൾ പതിവായി കഴിക്കുന്നത് പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു. അവയ്ക്ക് പകരം മധുരമില്ലാത്ത ചായ, കരിക്കിൻ വെള്ളം, ഹെർബൽ ചായകൾ എന്നിവ കഴിക്കാം.

വെെറ്റ് ബ്രെഡ്

ശുദ്ധീകരിച്ച ധാന്യങ്ങളിൽ നിന്നും ഉണ്ടാക്കുന്ന ഭക്ഷണങ്ങൾക്ക് ഉയർന്ന ഗ്ലൈസെമിക് സൂചികയാണുള്ളത്, ഇത് രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകുന്നു. ബ്രൗൺ റൈസ്, അല്ലെങ്കിൽ ഹോൾ ഗ്രെയിൻ ബ്രെഡ് എന്നിവ കഴിക്കാവുന്നതാണ്.

സംസ്കരിച്ച മാംസങ്ങൾ

ബേക്കൺ, സോസേജുകൾ, ഡെലി മീറ്റുകൾ എന്നിവയിൽ ഉയർന്ന അളവിൽ സോഡിയവും പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു.

ഫ്രഞ്ച് ഫ്രെെസും ഉരുളക്കിഴങ്ങ് ചിപ്‌സും

ഫ്രഞ്ച് ഫ്രെെസും ഉരുളക്കിഴങ്ങ് ചിപ്‌സിലും അനാരോ​ഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് ടൈപ്പ്-2 പ്രമേഹത്തിനുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കും.

എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ

എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് വീക്കം, ഇൻസുലിൻ പ്രതിരോധം എന്നിവയ്ക്ക് കാരണമാകുന്നു. പകരം, പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് ബേക്ക് ചെയ്തതോ ഗ്രിൽ ചെയ്തതോ ആയ ഭക്ഷണങ്ങൾ കഴിക്കാം.

പാലുൽപ്പന്നങ്ങൾ

പാലുൽപ്പന്നങ്ങളിൽ പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹ സാധ്യത വർദ്ധിപ്പിക്കും. കൊഴുപ്പ് കുറഞ്ഞതോ കൊഴുപ്പില്ലാത്തതോ ആയ പാൽ, തൈര്, കോട്ടേജ് ചീസ് എന്നിവ കഴിക്കുക.

ട്രാൻസ് ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങൾ

സംസ്കരിച്ച ലഘുഭക്ഷണങ്ങൾ, കുക്കികൾ എന്നിവയിൽ പലപ്പോഴും കാണപ്പെടുന്ന ട്രാൻസ് ഫാറ്റുകൾ പ്രമേഹത്തിനും ഹൃദ്രോഗത്തിനും സാധ്യത വർദ്ധിപ്പിക്കുന്നു.

മധുരപലഹാരങ്ങൾ

കൃത്രിമ മധുരപലഹാരങ്ങൾ പ്രമേഹ സാധ്യത വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം തടസ്സപ്പെടുത്തുകയും ചെയ്യും.

കേക്കുകൾ, കുക്കികൾ

കേക്കുകൾ, കുക്കികൾ, പേസ്ട്രികൾ എന്നിവയിൽ ശുദ്ധീകരിച്ച പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു.

ബീമാപള്ളി ഉറൂസ് ഡിസംബർ 3 മുതൽ 13 വരെ; വിവിധ വകുപ്പുകളുടെ യോ​ഗം ചേ‍ർന്നു

തിരുവനന്തപുരം: ഈ വർഷത്തെ ബീമാപള്ളി ഉറൂസ് ഉത്സവം ഡിസംബർ മൂന്ന് മുതൽ 13 വരെ നടക്കും. ഉറൂസ് നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലിന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ആന്റണി രാജു എം.എൽ.എ സന്നിഹിതനായിരുന്നു.

തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും മുൻ വർഷത്തെക്കാൾ മികച്ച രീതിയിൽ ഉറൂസ് ഉത്സവം നടത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. ഉറൂസ് നടത്തിപ്പിന്റെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി സബ് കളക്ടർ ആൽഫ്രഡ് ഒ.വി-യെ നോഡൽ ഓഫീസറായി യോഗം ചുമതലപ്പെടുത്തി. ഉറൂസ് പ്രമാണിച്ച് ഡിസംബർ മൂന്നിന് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിക്കും.

തീർത്ഥാടകരുടെ സുരക്ഷക്കും ക്രമസമാധാന പാലനത്തിനുമായി കൂടുതൽ പോലീസുകാരെ വിന്യസിക്കുന്നതിനും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കും. ബീമാപള്ളിയിലേക്കുള്ള റോഡുകളുടെയും തെരുവ് വിളക്കുകളുടെയും അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കും. ഉത്സവമേഖലയിലെ മാലിന്യ പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരം കാണുന്നതിനും യോഗത്തിൽ തീരുമാനമായി.

സെക്രട്ടേറിയേറ്റ് അനക്‌സ് രണ്ടിലെ ലയം ഹാളിൽ ചേർന്ന യോഗത്തിൽ മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ കളക്ടർ അനുകുമാരി, സബ്കളക്ടർ ആൽഫ്രഡ് ഒ.വി, അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ ജേക്കബ് സഞ്ജയ് ജോൺ, ഡി.സി.പി ബി.വി വിജയ് ഭാരത് റെഡ്ഡി, കൗൺസിലർമാരായ ജെ. സുധീർ, മിലാനി പെരേര, ബീമാപ്പള്ളി ജമാഅത് പ്രസിഡന്റ് എം.പി അസീസ്, ജനറൽ സെക്രട്ടറി ബാദുഷ സെയ്‌നി തുടങ്ങിയവരും പോലീസ്, ആരോഗ്യം, ജലസേചനം, കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, അഗ്നിരക്ഷാ സേന, എക്‌സൈസ് ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും തിരുവനന്തപുരം കോർപ്പറേഷൻ ഉദ്യോഗസ്ഥരും പങ്കെടുത്തു.

ബൈക്കും പിക്കപ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു


കൊല്ലം: ബൈക്കും പിക്കപ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കുണ്ടറ പടപ്പക്കര എള്ളുവിള വീട്ടില്‍ (തടത്തില്‍ വീട്) ജസ്റ്റിന്റെ മകന്‍ അജയ് (29) ആണ് മരിച്ചത്. 
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കരിത്തുറ സ്വദേശി ജര്‍മിയാസി(22)നെ പരിക്കുകളോടെ മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 7.30-ഓടെ നീണ്ടകരയ്ക്കടുത്തായിരുന്നു അപകടം.

തൂങ്ങി മരിച്ചെന്നു വിശ്വസിപ്പിച്ച് 15 വർഷമായി ഒളിവിൽ; ശബരിമല സീസണിലെ സ്ഥിരം മോഷ്ടാവ് കസ്റ്റഡിയിൽ

പത്തനംതിട്ട: തമിഴ്നാട്ടിലെ തൃച്ചിയിൽ പറങ്കിമാവുതോട്ടത്തിൽ തൂങ്ങി മരിച്ചെന്നു വിശ്വസിപ്പിച്ച് 15 വർഷം ഒളിവിൽ കഴിഞ്ഞ മോഷ്ടാവിനെ പത്തനംതിട്ട പൊലീസ് പിടികൂടി. മലയാലപ്പുഴ താഴം വഞ്ചിയിൽ കുഴിപ്പടി സുധീഷ് ഭവനിൽ പാണ്ടി ചന്ദ്രൻ എന്ന് വിളിക്കുന്ന ചന്ദ്രനാണ് (52) പിടിയിലായത്. ഇയാൾക്കെതിരെ നാല് മോഷണക്കേസുകൾ നിലവിലുണ്ട്.

മലയാലപ്പുഴ സ്വദേശിയായ ഇയാൾ വർഷങ്ങൾക്കു മുൻപ് സ്ഥലം വിറ്റ് തമിഴ്നാട്ടിലേക്കു പോയിരുന്നു. കാലപ്പഴക്കമുള്ള വാറന്റുകളിലെ പ്രതികളെ പിടികൂടാനുള്ള ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ നിർദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചന്ദ്രൻ കുടുങ്ങിയത്.

ഒരു കേസിലെ ജാമ്യക്കാരനായ മലയാലപ്പുഴ സ്വദേശി മോഹനൻ നായരെ കണ്ടെത്തിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. അറസ്റ്റ് വാറന്റ് വന്നതോടെ മോഹനൻ നായർക്കായി പലയിടങ്ങളിലും അന്വേഷണം നടത്തിയിരുന്നു. തമിഴ്നാട്ടിലെ തൃച്ചിയിൽ പറങ്കിമാവ് തോട്ടത്തിൽ ചന്ദ്രൻ തൂങ്ങി മരിച്ചതായി അറിഞ്ഞെന്ന് ഇയാൾ കോടതിയിലും പൊലീസിനോടും വെളിപ്പെടുത്തി. ഇതിനിടെ, ചന്ദ്രനെന്ന് പേരുള്ള തമിഴ്നാട്ടുകാരനായ ഒരാൾ ശബരിമലയിലെ കടയിൽ പണിയെടുക്കുന്നുണ്ടെന്ന വിവരം പത്തനംതിട്ട സ്റ്റേഷനിലെ സിപിഒ രജിത് പി.നായർക്കു ലഭിച്ചു. ഇയാളുടെ മകൻ കായംകുളം മുതുകുളത്തുണ്ടെന്നറിഞ്ഞ പൊലീസ് അവിടെയെത്തി രഹസ്യമായി അന്വേഷണം നടത്തി.

ഇന്നലെ രാത്രി ഒന്നരയോടെ മകന്റെ വീടിന്റെ പുറത്ത് ചന്ദ്രൻ കിടന്നുറങ്ങുന്നതായി പൊലീസിനു വിവരം കിട്ടി. പത്തനംതിട്ട എസ്ഐ ജിനുവും സംഘവും അവിടെയെത്തിയെങ്കിലും ചന്ദ്രനെ കണ്ടില്ല. പിന്നീടു നടത്തിയ തിരച്ചിലിൽ കനകക്കുന്ന് ബോട്ട് ജെട്ടിയിൽ നിന്നും പുലർച്ചെ മൂന്നേകാലോടെ ചന്ദ്രനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ വർഷങ്ങൾ നീണ്ട ഒളിവുജീവിതം മോഷ്ടാവ് പൊലീസിനോട് വെളിപ്പെടുത്തി.

ശബരിമല കേന്ദ്രമാക്കി മോഷണം ശീലമാക്കിയ ആളാണ് ചന്ദ്രൻ. ഹോട്ടലിൽ പൊറോട്ട വീശുന്നതുൾപ്പെടെയുള്ള ജോലികളിൽ മിടുക്കുള്ള ഇയാൾ ശബരിമല സീസണുകളിൽ ജോലിക്കെന്ന വ്യാജേനയെത്തി മോഷണം നടത്തി മുങ്ങും. അക്രമാസക്തനായ പ്രതിയെ സാഹസികമായാണു പൊലീസ് കീഴടക്കിയത്. ‌പത്തനംതിട്ട ഡിവൈഎസ്പി എസ്.നന്ദകുമാറിന്റെ മേൽനോട്ടത്തിൽ, പൊലീസ് ഇൻസ്‌പെക്ടർ ഷിബുകുമാർ, എസ്ഐമാരായ ജിനു, ഷിജു പി.സാം, രാജേഷ് കുമാർ, എസ്‌സിപിഒ വിജീഷ്, സിപിഒമാരായ രാജേഷ്, രഞ്ജിത്ത്, സെയ്ദ് അലി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

തുൾസി ഗബാർഡ് യുഎസ് ഇന്റലിജൻസ് ഡയറക്ടർ; ഇന്ത്യൻ വംശജ, ഭഗവദ് ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ

വാഷിങ്ടൻ: യുഎസ് ജനപ്രതിനിധിസഭാ മുൻ അംഗമായ ഇന്ത്യൻ വംശജ തുൾസി ഗബാർഡിനെ നാഷനൽ ഇന്റലിജൻസ് ഡയറക്ടറാക്കുമെന്നു നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രംപിന്റെ ഏറ്റവും അടുത്ത ആളുകളിലൊരാളായ തുൾ‍സി നേരത്തേ ഡെമോക്രാറ്റിക് പാർട്ടി നേതാവായിരുന്നു. റിപ്പബ്ലിക്കൻ അനുകൂല ചാനലായ ഫോക്സ് ന്യൂസിലെ അവതാരകൻ പീറ്റ് ഹെഗ്‌സെത് പ്രതിരോധ സെക്രട്ടറിയാകും. ആർമി നാഷനൽ ഗാർഡിൽ സേവനമനുഷ്ഠിച്ചിരുന്ന ഹെഗ്സെത് തീവ്രനിലപാടു മൂലം സേനയുമായി തല്ലിപ്പിരിഞ്ഞു രാജിവയ്ക്കുകയായിരുന്നു.

അറ്റോർണി ജനറലായി മാറ്റ് ഗെയ്റ്റ്സ്, സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ) മേധാവിയായി ജോൺ റാറ്റ്ക്ലിഫ്, ഇസ്രയേലിലേക്കുള്ള അംബാസഡറായി അർകെൻസ മുൻ ഗവർണർ മൈക്ക് ഹക്കബി, പശ്ചിമേഷ്യ പ്രത്യേക പ്രതിനിധിയായി സ്റ്റീവൻ വിറ്റ്കോഫ്, ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറിയായി സൗത്ത് ഡക്കോട്ട ഗവർണർ ക്രിസ്റ്റി നോം എന്നിവരുടെയും നിയമനം പ്രഖ്യാപിച്ചു. യുഎസ് സെനറ്റിലെ റിപ്പബ്ലിക്കൻ കക്ഷിനേതാവായി സൗത്ത് ഡക്കോട്ടയിൽനിന്നുള്ള സെനറ്റർ ജോൺ തൂൻ തെരഞ്ഞെടുക്കപ്പെട്ടു. മത്സരരംഗത്തുണ്ടായിരുന്ന ട്രംപിന്റെ വിശ്വസ്തൻ റിക്ക് സ്കോട്ട് രഹസ്യവോട്ടെടുപ്പിന്റെ ഒന്നാം റൗണ്ടിൽത്തന്നെ പുറത്തായി. നൂറംഗ സെനറ്റിൽ 52 സീറ്റുമായി റിപ്പബ്ലിക്കൻ പാർട്ടിക്കാണു ഭൂരിപക്ഷം.

തുൾസി ഗബാർഡ് തന്റെ അതുല്യമായ കരിയറിൽ നിർഭയത്വമാണു പ്രകടിപ്പിച്ചതെന്നും ഇത് അഭിമാനകരമാണെന്നും ട്രംപ് പ്രസ്താവനയിൽ വ്യക്തമാക്കി. തന്റെ വിശ്വസ്തരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണു പരിചയസമ്പന്നരെ മറികടന്ന് തുൾസിയെ ദേശീയ ഇന്റലിജൻസ് ഡയറക്ടറായി ട്രംപ് തെരഞ്ഞെടുത്തത്. 2020ലെ പ്രസിഡന്റ് തെരഞ്ഞെുപ്പിൽ ട്രംപിന്റെ എതിരാളിയാകാനുള്ള മത്സരത്തിൽ തുൾസിയും രംഗത്തെത്തിയിരുന്നെങ്കിലും പിന്നീട് പിന്മാറി. 2022ൽ ഡെമോക്രാറ്റിക് പാർട്ടി വിട്ട തുൾസി ഇത്തവണ പ്രസിഡന്റ് തെരഞ്ഞെുപ്പിനു മാസങ്ങൾക്കു മുൻപ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ചു. ട്രംപ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാക്കാൻ പരിഗണിച്ചവരിൽ 43–കാരിയായ തുൾസിയുമുണ്ടായിരുന്നു.

യുഎസ് പാർലമെന്റിലെ, ഹിന്ദുമത വിശ്വാസിയായ ആദ്യ അംഗമാണു തുൾസി ഗബാർഡ്. ഹവായിയിൽ നിന്നുള്ള മുൻ ജനപ്രതിനിധി സഭാംഗമാണ്. ഭഗവദ്ഗീതയിൽ തൊട്ടാണു സത്യപ്രതിജ്ഞ ചെയ്തത്. അമേരിക്കക്കാരിയാണെങ്കിലും അമ്മ ഹിന്ദുമത വിശ്വാസിയാണെന്നതാണ് ഇന്ത്യൻ ബന്ധം. രണ്ട് പതിറ്റാണ്ടിലേറെ ആർമി നാഷനൽ ഗാർഡിൽ അംഗമായിരുന്ന തുൾസി, ഇറാഖിലും കുവൈത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്