Home Blog Page 1888

യഥാർത്ഥത്തിൽ ​കട്ടൻ ചായ ശ്വാസകോശത്തെ സംരക്ഷിക്കുമോ? പഠനം

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തന്നെ തുടരുകയാണ്. വായു മലിനീകരണത്തിൻ്റെ തോത് 400 AQI അളവിനെക്കാൾ കൂടുതലായി നിൽക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. വിഷവായു ശ്വാസിക്കുന്നത് വിവിധ ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. പ്രധാനമായും വായു മലിനീകരണം ശ്വാസകോശ രോ​ഗങ്ങൾക്കുള്ള സാധ്യത കൂട്ടുന്നു. ചുമ, ശ്വാസം മുട്ടൽ തുടങ്ങിയ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

ആസ്ത്മയോ മറ്റ് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ള ആളുകൾക്ക് വായു മലിനീകരണം ഏറെ ദോഷം ചെയ്യും. വായുമലിനീകരണം കുറയ്ക്കുന്നതിൽ പാനീയങ്ങൾക്ക് പ്രധാന പങ്കാണുള്ളത്. ശ്വാസകോശത്തിന്റെ പ്രവർത്തനം ക്യത്യമായി നടത്തുന്നതിൽ ചായകൾ മികച്ചൊരു പാനീയമാണെന്ന് തന്നെ പറയാം. കാരണം. അവയിൽ വിവിധ ആന്റി ഓക്സിഡൻറുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ശ്വാസകോശത്തെ സംരക്ഷിക്കുന്നതിനായി കുടിക്കേണ്ട ചായകളെ കുറിച്ചാണ് താഴേ പറയുന്നത്.

കട്ടൻ ചായ

കട്ടൻ ചായ വെറുമൊരു ചായയല്ല. ഔഷധ​ഗുണങ്ങൾ അടങ്ങിയ ചായ തന്നെയാണ്. ശ്വാസകോശാരോഗ്യത്തെ സംരക്ഷിക്കുന്നതിൽ ബ്ലാക്ക് ടീ പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. കാരണം, കട്ടൻ ചായയിൽ ആൻ്റിഓക്‌സിഡൻ്റുകളായ തേഫ്‌ലാവിൻ, കാറ്റെച്ചിൻസ് തുടങ്ങിയ പോളിഫെനോളുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശത്തിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.

​ഗ്രീൻ ടീ

മറ്റൊന്നാണ്​ ​ഗ്രീൻ ടീ. അമിതഭാരം കുറയ്ക്കാനാണ് യഥാർത്ഥത്തിൽ ​ഗ്രീൻ ടീ കൂടുതൽ പേരും കുടിക്കുന്നത്. എന്നാൽ വണ്ണം കുറയ്ക്കാൻ മാത്രമല്ല ശ്വാസകോശരോ​ഗങ്ങളെ അകറ്റി നിർത്തുന്നതിനും സഹായിക്കുന്നു. കാരണം ഇതിലെ
കാറ്റെച്ചിനുകളും ആൻ്റിഓക്‌സിഡന്റുകളും ശ്വാസകോശത്തെ സംരക്ഷിക്കുന്നു.

ഇഞ്ചി ചായ

ഇഞ്ചിയുടെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നതാണ്. പ്രതിരോധശേഷി കൂട്ടുന്നതിന് ഇഞ്ചി പ്രധാന പങ്കാണ് വഹിക്കുന്നത്. ഇഞ്ചി ചായ കുടിക്കുന്നത് ഇമ്മ്യൂണിറ്റി കൂട്ടുക മാത്രമല്ല ശ്വാസകോശാരോഗ്യത്തിനും സഹായകമാണെന്ന് ടർക്കിഷ് ജേണൽ ഓഫ് മെഡിക്കൽ സയൻസസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഇഞ്ചിയിൽ ശ്വാസകോശത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് പഠനത്തിൽ പറയുന്നു.

അറിഞ്ഞിരിക്കേണ്ട ഒരു കാര്യം എന്നത് ഈ പറഞ്ഞ ചായകൾ കഴിക്കുന്നത് ആസ്ത്മ അല്ലെങ്കിൽ സിഒപിഡി പോലുള്ള അവസ്ഥകളെ സുഖപ്പെടുത്താൻ കഴിയില്ലെങ്കിലും രോഗലക്ഷണങ്ങൾ കുറയ്ക്കുകയും ശ്വസനം മെച്ചപ്പെടുത്തുന്നതിലൂടെയും ആശ്വാസം നൽകാൻ കഴിയും എന്നതാണ്.

ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി അബ്ദുൾ സനൂഫ് ഉപയോഗിച്ചത് സുഹൃത്തിന്‍റെ കാർ, അന്വേഷണം തുടര്‍ന്ന് പൊലീസ്

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജിലെ യുവതിയുടെ കൊലപാതക കേസില്‍ അന്വേഷണം തുടര്‍ന്ന് പൊലീസ്. പ്രതി അബ്ദുൽ സനൂഫ് ഉപയോഗിച്ചത് സുഹൃത്തിന്റെ കാറാണെന്ന് പൊലീസ് കണ്ടെത്തി. വാടകയ്‍ക്കെടുത്ത കാറിലായിരുന്നു കൊല്ലപ്പെട്ട യുവതിയുമായി പ്രതി ലോഡ്ജിൽ എത്തിയതും പിന്നീട് മുങ്ങിയതും. സുഹൃത്തിന്റെ വിശദമായ മൊഴി രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീലയെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമാണെന്ന സൂചന കിട്ടിയത്. ഇതോടെ നേരത്തെ അസ്വാഭാവിക മരണത്തിന് കേസ്സെടുത്ത പൊലീസ് കൊലപാതത്തിന് അബ്ദുൾ സനൂഫിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ബി എൻ എസ് 103 (1) പ്രകാരമാണ് കേസ്. അബ്ദുൽ സനൂഫാണ് യുവതിക്കൊപ്പം ലോഡ്ജിൽ മുറി എടുത്തത്. ഇരുപത്തഞ്ചാം തിയതി രാത്രി ലോഡ്ജിൽ നിന്ന് പോയതാണ് അബ്ദുൾ സനൂഫ്. ഇയാൾ ലോഡ്ജിൽ നൽകിയ വിലാസവും ഫോൺ നമ്പരും വ്യാജമാണെന്ന് പൊലീസ് അന്വേഷത്തിൽ വ്യക്തമായതാണ്.

പ്രതി ഇതരസംസ്ഥാനത്തേക്ക് കടന്നെന്നാണ് പൊലീസ് നിഗമനം. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ പൊലീസ് പരിശോധന തുടരുകയാണ്. ഇയാൾ ഉപയോഗിച്ച കാർ പാലക്കാട് നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തൃശൂർ തിരുവില്ലാമല സ്വദേശിയാണ് അബ്ദുൾ സനൂഫ്. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. പ്രതി അബ്ദുൽ സനൂഫിനെതിരെ ഇന്നലെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതിക്ക് പാസ്പോർട്ട് ഇല്ല എന്നും പൊലീസ് കണ്ടെത്തി.

ആനഎഴുന്നളളിപ്പിലെ ഹൈക്കോടതി മാർഗനിര്‍ദേശം അപ്രായോഗികം,മുഖ്യമന്ത്രി ഉന്നതതലയോഗം വിളിക്കുമെന്ന് മന്ത്രി കെരാജന്‍

തൃശ്ശൂര്‍; ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈകോടതിയുടെ മാർഗ്ഗ നിർദേശം അപ്രായോഗികമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. കോടതി നടത്തിയ വിവിധ നിരീക്ഷണങ്ങളോടും ഒരു കാരണവശാലും യോജിക്കാനാവില്ല. പൂരത്തിന്‍റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ കേൾക്കാതെയാണ് കോടതിയുടെ നിർദ്ദേശം വന്നത്.

ചട്ട ഭേദഗതി വേണോ മറ്റെന്തെങ്കിലും കാര്യങ്ങൾ വേണോ എന്ന കാര്യത്തിൽ നിയമവിദഗ്ധരുമായി കൂടിയാലോചന അനിവാര്യമാണ്. പൂരം അതിന്‍റെ എല്ലാ സൗകര്യങ്ങളോടും നടത്തണമെന്നതാണ് സർക്കാരിന്‍റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബർ ഒന്നാം തീയതി വനം മന്ത്രി എത്തിച്ചേരും. പൂരം പ്രൗഢഗംഭീരമായ രീതിയിൽ നടത്താൻ ഏതറ്റം വരെയും പോകും. മുഖ്യമന്ത്രി തന്നെ ഉന്നത തല യോഗം വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗിക ബന്ധം ബലാത്സംഗമല്ല, നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി

ന്യൂഡൽഹി: ഉഭയ സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാൻ ആകില്ലെന്ന് സുപ്രീം കോടതി. ദീര്‍ഘകാലം ഉഭയ സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സ്ത്രീകൾ ബന്ധം തകരുമ്പോൾ ബലാത്സംഗ പരാതിയും ആയി വരുന്നത് ദുഃഖകരം ആണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് മാരായ ബി വി നാഗരത്ന, എൻ കെ സിംഗ് എന്നിവർ അടങ്ങിയ ബെഞ്ചിന്റേത് ആണ് വിധി. മുംബൈയിലെ ഖാർഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി നടപടി. കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്നുള്ള സമാനമായ കേസ് റദ്ദാക്കിയും കോടതി ഉത്തരവ് പറഞ്ഞിരുന്നു

‘ക്ഷേമ പെൻഷൻ തട്ടിയെടുത്ത ഉദ്യോഗസ്ഥരുടെ എണ്ണം കൂടാം; പലിശ സഹിതം തിരിച്ചുപിടിക്കും’

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അനധികൃതമായി കൈപ്പറ്റിയ ഉദ്യോഗസ്ഥരിൽനിന്നു തുക പലിശ സഹിതം തിരിച്ചുപിടിക്കാൻ സംസ്ഥാന സർക്കാർ. സാധാരണക്കാർക്കുള്ള പെൻഷൻ തുകയാണ് വൻ തുക ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ കൈപ്പറ്റിയതെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ പറ‍ഞ്ഞു. തട്ടിപ്പ് നടത്തിയവരുടെ കണക്ക് ഇനിയും കൂടാമെന്നും മന്ത്രി പറഞ്ഞു.

വിവിധ വകുപ്പുകളിലെ 1458 ഉദ്യോഗസ്ഥരാണ് അനധികൃതമായി പെന്‍ഷന്‍ വാങ്ങിയത്. കോളജ് അധ്യാപകരും മൂന്ന് ഹയര്‍ സെക്കന്‍ഡറി അധ്യാപകരും ഇതില്‍ ഉള്‍പ്പെടുന്നു. ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് ആരോഗ്യവകുപ്പിലാണ്,. 373 പേർ. പൊതുവിദ്യാഭ്യാസ വകുപ്പില്‍ 224 പേരും മെഡിക്കല്‍ എജ്യുക്കേഷന്‍ വകുപ്പില്‍ 124 പേരും ആയുര്‍വേദ വകുപ്പില്‍ 114 പേരും മൃഗസംരക്ഷണ വകുപ്പില്‍ 74 പേരും ക്ഷേമപെന്‍ഷന്‍ വാങ്ങുന്നുണ്ട്.

വിധവ-വികലാംഗ പെന്‍ഷനുകളാണ് ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തത്. തദ്ദേശ സ്ഥാപനങ്ങളാണ് പെന്‍ഷന് അർഹരായവരെ കണ്ടെത്തുന്നത് എന്നതിനാല്‍ അനര്‍ഹരെ ഒഴിവാക്കുന്നതില്‍ സ്ഥാപനങ്ങള്‍ക്ക് വീഴ്ച സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍. ഇത്തരത്തില്‍ പെന്‍ഷന് അര്‍ഹരാണെന്ന് സാക്ഷ്യപ്പെടുത്തിയ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകും.

പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ അൽപസമയത്തിനകം, കസവു സാരിയിൽ പാർലമെന്റിലേക്ക് പുറപ്പെട്ടു

ന്യൂഡൽഹി: വയനാട്ടിൽ നിന്നുള്ള ലോക്സഭാംഗമായ പ്രിയങ്ക ഗാന്ധി അൽപസമയത്തിനകം സത്യപ്രതിജ്ഞ ചെയ്യും. അമ്മ സോണിയ ഗാന്ധിയും സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകും.

പ്രിയങ്ക ഗാന്ധി 30, ഡിസംബർ 1 തീയതികളിൽ മണ്ഡലത്തിൽ പര്യടനം നടത്തും. ആദ്യദിവസം താഴെ പ്രദേശത്തും പിറ്റേന്ന് മലയോര മേഖലയിലുമാണു പര്യടനം. രാഹുൽ ഗാന്ധിയും ഒപ്പമുണ്ടാകും. കേരളത്തനിമയിലാണ് പ്രിയങ്ക വീട്ടിൽ നിന്ന് പുറപ്പെട്ടിരിക്കുന്നത്. കസവുസാരിയുടത്ത് അതീവ സുന്ദരിയായാണ് സോണിയാ​ഗാന്ധിയുടെ വസതിയിൽ നിന്ന് പ്രിയങ്ക പാർലമെന്റിലേക്ക് തിരിച്ചത്.

വിമാനത്തിൽ രണ്ട് സുപ്രീം കോടതി ജഡ്ജിമാർ, അടിച്ച് കോൺതെറ്റിയ രണ്ട് യാത്രക്കാർ, അരമണിക്കൂർ നേരത്തെ ‘നാടകം’

ന്യൂഡൽ​ഹി: വിമാനത്തിൽ യാത്ര ചെയ്യന്ന രണ്ട് സുപ്രീം കോടതി ജ‍ഡ്ജിമാർ. അതേ വിമാനത്തിൽ തൊട്ടടുത്ത സീറ്റുകളിലായി രണ്ട് മദ്യപന്മാർ.. വിമാനത്തിനുള്ളിൽ അരമണിക്കൂറോളം നടന്നത് അസാധാരണ സംഭവം. സെപ്റ്റംബർ 15നാണ് സംഭവമുണ്ടായത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നിന്ന് രണ്ട് സുപ്രീം കോടതി ജഡ്ജിമാർ രാത്രി വിമാനത്തിൽ കയറി. ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് കെ വി വിശ്വനാഥനും മറ്റൊരു ജഡ്ജിയുടെ മകൻ്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു യാത്ര.

പിറ്റേന്ന് രാവിലെ രണ്ട് ജഡ്ജിമാർക്കും നിരവധി കേസുകൾ കേൾക്കാനുണ്ട്. വിമാനത്തിലെ നാല് മണിക്കൂർ ​ഗുണപരമായി ചെലവഴിക്കാമെന്ന് ഇരുവരും തീരുമാനിച്ചു. തങ്ങളുടെ ഐപാഡുകൾ ഉപയോ​ഗിച്ച് ഹിയറിംഗുകൾക്കായി തയ്യാറെടുക്കാൻ തുടങ്ങി. ഗ്യാലി ഏരിയയ്ക്കും ടോയ്‌ലറ്റിനും അടുത്തായി മുൻ നിരയിലാണ് ജഡ്ജിമാർ ഇരുന്നത്. വിമാനം ടേക്ക് ഓഫ് തുടങ്ങി 30 മിനിറ്റിനുള്ളിൽ പ്രശ്നങ്ങൾ ആരംഭിച്ചു. വിമാനത്തിലെ ശുചിമുറിയിലേക്ക് കയറിപ്പോയ ഒരാൾ അരമണിക്കൂറോളം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല.

സഹയാത്രികർ വാതിലിൽ തട്ടിയിട്ടും പ്രതികരിക്കുന്നില്ലെന്ന് ചിലർ പരാതിപ്പെടാൻ തുടങ്ങി. ഈ സമയത്ത്, മറ്റൊരു യാത്രക്കാരൻ ടോയ്‌ലറ്റിന് സമീപത്തെത്തി ഒരു എയർ സിക്‌നെസ് ബാഗിൽ കുത്തി. മദ്യപിച്ചെത്തിയവരെ നിയന്ത്രിക്കണമെന്ന ഹർജി പരി​ഗണിക്കവെയാണ് ജഡ്ജി സ്വന്തം അനുഭവം പങ്കുവെച്ചത്.

വിമാന ജീവനക്കാർ ടോയ്‌ലറ്റിൻ്റെ വാതിലിൽ പലതവണ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. മാസ്റ്റർ താക്കോൽ ഉണ്ടായിരുന്നെങ്കിലും പുരുഷ യാത്രക്കാരൻ്റെ അവസ്ഥ അറിയാത്തതിനാൽ വാതിൽ തുറക്കാൻ തയ്യാറായില്ല. ഒടുവിൽ, അവർ വാതിൽ തുറക്കാൻ മറ്റ് യാത്രക്കാരോട് അഭ്യർത്ഥിച്ചു. ഒരു യാത്രക്കാരൻ വാതിൽ തുറന്നപ്പോൾ പുരുഷ യാത്രക്കാരൻ മദ്യപിച്ച് ഉറങ്ങുകയായിരുന്നു. ഉടനെ ഇയാളെ വാഷ്‌റൂമിൽ നിന്ന് പുറത്താക്കി സീറ്റിലേക്ക് തിരികെ കൊണ്ടുവന്നു. ശുചിമുറിക്ക് സമീപമെത്തിയ മറ്റൊരു യാത്രക്കാരനും മദ്യപിച്ചിരുന്നതായി ജഡ്ജിമാർ മനസ്സിലാക്കി.

എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കിടെ സഹയാത്രികൻ ശരീരത്തിലേക്ക് മൂത്രമൊഴിച്ചെന്നാരോപിച്ച് പ്രായമായ ഒരു സ്ത്രീ സമർപ്പിച്ച ഹർജി പ​രി​ഗണിക്കവെയാണ് ജഡ്ജിമാർ ഇക്കാര്യം പറഞ്ഞത്. ഈ പ്രശ്നം പരിഹരിക്കാൻ ക്രിയാത്മകമായ എന്തെങ്കിലും ചെയ്യണമെന്ന് ജസ്റ്റിസ് വിശ്വനാഥൻ പറഞ്ഞു. അന്താരാഷ്ട്ര രീതികൾക്ക് അനുസൃതമായി മാർഗ്ഗനിർദ്ദേശങ്ങൾ പരിശോധിച്ച് പരിഷ്ക്കരിക്കാൻ ബന്ധപ്പെട്ട അധികാരികളോട് നിർദേശിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

കാമുകിയെ കൊലപ്പെടുത്തി ശരീരം 40 കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു; 25 വയസുകാരൻ പിടിയിൽ

ന്യൂഡൽഹി: കാമുകിയെ കൊലപ്പെടുത്തി ശരീരം 40 കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. 25 വയസുകാരനായ നരേഷ് ഭെൻഗ്രയാണ് പൊലീസിന്‍റെ പിടിയിലായത്. തമിഴ്നാട്ടിൽ ഇറച്ചിവെട്ടുകാരനായി ജോലി ചെയുകയായിരുന്നു ഇയാള്‍. ഇയാൾക്കൊപ്പം രണ്ട് വർഷമായി താമസിച്ചിരുന്ന യുവതിയെ ആണ് കൊലപ്പെടുത്തിയത്. മറ്റൊരു വിവാഹം കഴിച്ചതോടെയായിരുന്നു കൊലപാതകം. ജാർഖണ്ഡിലെ കുന്തി വനമേഖലയിൽ നിന്നാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്.

തമിഴ്‌നാട്ടിൽ കനത്ത മഴ; 2000 ഏക്കറിലേറെ നെല്‍ക്കൃഷി നശിച്ചു, 6 ജില്ലകളിൽ റെഡ് അലർട്ട്

ചെന്നൈ: തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്നാണ് ചെന്നൈ മേഖല കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. കടലൂര്‍, തിരുവാരൂര്‍, തഞ്ചാവൂര്‍, നാഗപട്ടണം, മയിലാടുതുറ, രാമനാഥപുരം എന്നീ ജില്ലകളിലാണു രണ്ടു ദിവസമായി വ്യാപക മഴ. ഈ ആറു ജില്ലകളിൽ ഇന്നും റെഡ് അലർട്ടാണ്.

രണ്ട് ദിവസത്തിനിടെ തീരദേശ ജില്ലകളില്‍ 150 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. രാമനാഥപുരത്ത് വീടുകളിലടക്കം വെള്ളം കയറി. തിരുവാരൂര്‍, മയിലാടുതുറ, തഞ്ചാവൂര്‍ തുടങ്ങിയ ജില്ലകളില്‍ 2,000 ഏക്കറിലേറെ നെല്‍ക്കൃഷി നശിച്ചു. നാഗപട്ടണത്ത് 12 ക്യാംപുകളിലായി 371 കുടുംബങ്ങളിലെ 1032 പേരെ മാറ്റി പാര്‍പ്പിച്ചു. താഴ്ന്ന പ്രദേശങ്ങളിലും ദുര്‍ബല പ്രദേശങ്ങളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

മൂന്ന് ദിവസം ചെന്നൈ, പുതുച്ചേരി, കാരയ്ക്കല്‍, യാനം എന്നിവിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കടലൂര്‍, മയിലാടുതുറ, നാഗപട്ടണം, തിരുവാരൂര്‍, ചെന്നൈ, ചെങ്കല്‍പെട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ 30 വരെ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.

‘നോൺവെജ് കഴിക്കേണ്ട’: കാമുകന്റെ സമ്മർദം; ഡേറ്റാ കേബിളിൽ ജീവനൊടുക്കി പൈലറ്റ്

മുംബൈ: എയർ ഇന്ത്യ പൈലറ്റ് സൃഷ്ടി തുലിയെ (25) മുംബൈയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സംഭവത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം ആരോപിച്ച് കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. അന്ധേരിയിലെ മാറോൾ ഏരിയയിലെ കനകിയ റെയിൻഫോറസ്റ്റ് കെട്ടിടത്തിലെ വാടക ഫ്ലാറ്റിൽ നിന്നാണ് സൃഷ്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഡേറ്റാ കേബിളിൽ തൂങ്ങിമരിച്ച സൃഷ്ടിയുടെ ആത്മഹത്യാകുറിപ്പ് കണ്ടെടുക്കാൻ സാധിച്ചില്ലെന്നു പൊലീസ് പറഞ്ഞു.

വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണു യുവതിയുടെ കാമുകൻ ആദിത്യ പണ്ഡിറ്റിനെ (27) കസ്റ്റഡിയിലെടുത്തത്. സൃഷ്ടിയെ ആദിത്യ പരസ്യമായി ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നതായി സൃഷ്ടിയുടെ അമ്മാവൻ തന്റെ പരാതിയിൽ ആരോപിച്ചതായി പൊവായ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ഭക്ഷണശീലം മാറ്റാനും സസ്യേതര ഭക്ഷണം കഴിക്കുന്നതു നിർത്താനുമാണ് ആദിത്യ സമ്മർദം ചെലുത്തിയത്.

തിങ്കളാഴ്ച പുലർച്ചെ ആദിത്യയെ വിളിച്ച് താൻ ആത്മഹത്യ ചെയ്യുമെന്നു സൃഷ്ടി പറഞ്ഞിരുന്നു. ഫ്ലാറ്റിന്റെ വാതിൽ പൂട്ടിയിട്ടതിനെ തുടർന്നു പുറത്തുനിന്നൊരാളെ വിളിച്ച് ആദിത്യ വാതിൽ തുറന്നു. അപ്പോഴാണു കാമുകിയെ ഡേറ്റാ കേബിളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അന്ധേരിയിലെ സെവൻഹിൽസ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

ഉത്തർപ്രദേശ് സ്വദേശിയായ സൃഷ്ടി കഴിഞ്ഞ ജൂൺ മുതൽ മുംബൈയിലാണു താമസിക്കുന്നത്. രണ്ട് വർഷം മുൻപ് ഡൽഹിയിൽ കൊമേഴ്‌സ്യൽ പൈലറ്റ് കോഴ്‌സിനു പഠിക്കുന്നതിനിടെയാണ് ആദിത്യയെ പരിചയപ്പെട്ടത്. കോടതിയിൽ ഹാജരാക്കിയ ആദിത്യയെ നവംബർ 29 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)