Home Blog Page 1886

മുനമ്പം വഖഫ് ഭൂമി പ്രശ്‌നം: ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം:
മുനമ്പത്തെ വഖഫ് ഭൂമിപ്രശ്‌നവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി. റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി സി എൻ രാമചന്ദ്രൻ നായരെയാണ് അന്വേഷണ കമ്മീഷനായി നിയമിച്ചിരിക്കുന്നത്.

പഴയ തിരുവിതാംകൂർ സംസ്ഥാനത്തിലെ അന്നത്തെ വടക്കേക്കര വില്ലേജിലെ പഴയ സർവേ നമ്പർ 18യ1ൽ ഉൾപ്പെട്ട വസ്തുവിന്റെ കിടപ്പ്, സ്വഭാവം വ്യാപ്തി എന്നിവ തിരിച്ചറിയുക. പ്രസ്തുത ഭൂമിയിലെ ശരിയായ താമസക്കാരുടെ അവകാശങ്ങളും താൽപ്പര്യങ്ങളും എങ്ങനെ സംരക്ഷിക്കാമെന്ന് അന്വേഷിക്കുക എന്നിവയാണ് കമ്മീഷന്റെ ചുമതല

തുടർന്ന് ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയും ഇക്കാര്യത്തിൽ സർക്കാർ സ്വീകരിക്കേണ്ട നടപടികൾ ശുപാർശ ചെയ്യുകയും ചെയ്യുക എന്നതാണ് ജുഡീഷ്യൽ കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ.

എൽ ഡി ക്ലർക്കുമാർക്ക് കംപ്യൂട്ടര്‍ ടൈപ്പിംങ്,സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി

തിരുവനന്തപുരം. എൽ.ഡി ക്ലാർക്കുമാർ മലയാളവും ഇംഗ്ലീഷും ടൈപ്പ് ചെയ്യാൻ കമ്പ്യൂട്ടർ വേർഡ് അപ്ലിക്കേഷൻ തന്നെ ഉപയോഗിക്കണം എന്ന് നിർബന്ധമില്ല. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ തിരുത്തി. ഏത് അപ്ലിക്കേഷൻ ഉപയോഗിച്ചാലും അക്ഷരങ്ങൾ വേഗത്തിൽ ടൈപ്പ് ചെയ്താൽ മതിയെന്ന് സർക്കാർ ഉത്തരവ്.

കമ്പ്യൂട്ടർ വേർഡ് ആപ്ലിക്കേഷനോ തത്തുല്യമായ മറ്റെന്തെങ്കിലും ആപ്ലിക്കേഷനോ എൽ.ഡി ക്ലർക്കുമാർക്ക് നിർബന്ധം എന്നായിരുന്നു സർക്കാർ ഉത്തരവ്. 2022 മുതൽ ജോലിയിൽ പ്രവേശിച്ചവർക്കായിരുന്നു ഉത്തരവ് ബാധകം. പ്രൊബേഷൻ കാലാവധി പൂർത്തിയാക്കണമെങ്കിലും വേർഡ് ആപ്ലിക്കേഷൻ പരിജ്ഞാനം നിർബന്ധം ആയിരുന്നു. ഇതിനെതിരെ ജീവനക്കാർ തന്നെ പരാതി നൽകി. ഇതിന് പിന്നാലെയാണ് സർക്കാർ ആപ്ലിക്കേഷൻ ഏതായാലും മതിയെന്ന തീരുമാനത്തിലെത്തിയത്. ഉദ്യോഗസ്ഥർക്ക് കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. ആപ്ലിക്കേഷൻ ഏതായാലും ഒരു മിനിറ്റിൽ 15 മലയാളം വാക്കും 20 ഇംഗ്ലീഷ് വാക്കും ടൈപ്പ് ചെയ്യാൻ കഴിയണം. അങ്ങനെയുള്ളവരെ മേലുദ്യോഗസ്ഥർക്ക് പ്രൊബേഷൻ കാലാവധി പൂർത്തിയാക്കിയതായി അംഗീകരിക്കാം എന്നാണ് സർക്കാർ ഉത്തരവ്

വ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിൽ അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഡ്രൈവർ അറസ്റ്റിൽ

മലപ്പുറം.പെരിന്തൽമണ്ണയില്‍ വ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിൽ അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഡ്രൈവർ അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി അർജുനാണ് പോലീസ് പിടിയിലായത്. സ്വർണ്ണ കവർച്ച കേസിൽ മറ്റു പ്രതികളുമായി ചെര്‍പ്പളശ്ശേരി മുതൽ വാഹനം ഓടിച്ചത് അർജുനായിരുന്നെന്ന് പെരിന്തൽമണ്ണ ഡിവൈഎസ്പി ടി കെ ഷൈജു പറഞ്ഞു. അർജുന് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉണ്ടായിരുന്നു.

ഏറെ ദുരൂഹതകൾ ഉയർത്തുന്നതായിരുന്നു 2018 സെപ്റ്റംബർ 25 നുണ്ടായ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം. അന്ന് വാഹന ഓടിച്ചിരുന്നത് അർജുൻ ആയിരുന്നു. പോലീസും ക്രൈംബ്രാഞ്ചും സിബിഐയും അന്നത്തെ വാഹനാപകടത്തിലെ സംശയങ്ങളിൽ അർജുനെ ചോദ്യം ചെയ്തു. പരിശോധനകൾ നടത്തി. അർജ്ജുന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണവും അന്ന് ശക്തമായിരുന്നു. ഇത് ബലപ്പെടുത്തുന്നതായി പെരിന്തൽമണ്ണ കേസിലെ അറസ്റ്റ്. ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്നര കിലോ സ്വർണം സംഘം തട്ടിയെടുക്കുകയായിരുന്നു. ഇതിൽ അർജുന്റെ പങ്ക് പെരിന്തൽമണ്ണ ഡിവൈഎസ്പി വിശദീകരിച്ചു.

ചില കവർച്ച കേസുകളിലും അടിപിടി കേസുകളിലും അർജുന് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തി. ഈ കവർച്ചാ കേസിൽ ഉൾപ്പെട്ടിട്ടുള്ള മറ്റു പ്രതികളുമായുള്ള മുൻ പരിചയം പിന്നീട് ഗൂഢാലോചനയിൽ എത്തുകയായിരുന്നു

പുതിയ കേസിന് ബാലഭാസ്കറിന്റെ മരണവുമായി ബന്ധമില്ലെന്നും ആ രീതിയിൽ അന്വേഷണം ഇല്ലെന്നും പോലീസ് പറയുന്നു. എങ്കിലും സ്വർണ്ണ കവർച്ചയ്ക്ക് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്നാണ് വ്യക്തമാകുന്നത്. 13 പ്രതികളാണ് പെരിന്തൽമണ്ണ കവർ ച്ചക്കേസില്‍ ഇതിനോടകം അറസ്റ്റിലായത്.

സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

കൊച്ചി:
നടൻ സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫീസിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ആദായ നികുതി വകുപ്പ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്.

പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളിലാണ് റെയ്ഡ്. പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഓഫീസ് അടക്കമുള്ള ഇടങ്ങളിലാണ് റെയ്ഡ്.

രണ്ട് സിനിമ നിർമാണ കമ്പനികളുടെയും സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് പരിശോധന.

കൊല്ലത്ത് ദേശീയപാതയുടെ പുനർനിർമാണത്തിന്റെ ഭാഗമായി നിർമ്മാണം നടത്തിക്കൊണ്ടിരുന്ന പാലം തകർന്നു വീണു

ഇരവിപുരത്ത് ദേശീയപാതയുടെ പുനർനിർമാണത്തിന്റെ ഭാഗമായി ബൈപ്പാസ് റോഡിൽ അയത്തിൽ സാരഥി ജംഗ്ഷൻ സമീപം നിർമ്മാണം നടത്തിക്കൊണ്ടിരുന്ന പാലം തകർന്നു വീണു. സംഭവം നടക്കുമ്പോൾ പാലത്തിനു മുകളിൽ ഉണ്ടായിരുന്ന ആറ് തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സാരഥി ജംഗ്ഷനിൽ നിലവിലുള്ള പാലത്തിന് സമാന്തരമായി പടിഞ്ഞാറു ഭാഗത്ത് നിർമ്മിച്ചു കൊണ്ടിരുന്നപാലമാണ് കോൺക്രീറ്റിനിടെ തകർന്നു വീണത്.നിർമ്മാണത്തിനായി സ്ഥാപിച്ചിരുന്ന കമ്പികൾ വളഞ്ഞ താഴേക്ക് പതിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം.
അപകടസമയത്ത് തൊഴിലാളികള്‍ പാലത്തില്‍ നിന്നും ചാടിയതിനാലാണ് രക്ഷപ്പെട്ടത്.
നിര്‍മ്മാണത്തിലെ അപാതകയാണ് പാലം തകരാന്‍ കാരണമെന്ന് വാര്‍ഡ് കൗണ്‍സിലറും നാട്ടുകാരും പറയുന്നു.

കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ രാജിവെച്ചു

കരുനാഗപ്പള്ളി. നഗരസഭ ചെയർമാൻ തൽസ്ഥാനം രാജിവെച്ചു ഇടതുമുന്നണി ധാരണ പ്രകാരമാണ് ചെയർമാൻ കോട്ടയിൽ രാജുവിന്റെ രാജി. ഇന്നുച്ചക്ക് ശേഷം നടന്ന നഗരസഭ കൗൺസിലിന് ശേഷമാണ് രാജി സമർപ്പിച്ചത്. നാല് വർഷക്കാലം സി.പി.എം നും അതിനു ശേഷമുള്ള ഒരു വർഷക്കാലം സി.പി.ഐക്കും എന്ന മുൻധാരണയുണ്ടായിരുന്നു. നഗര സഭ സെക്രട്ടറിയുടെ അഭാവത്തിൽ AE ഷാജിയുടെ മുൻപാകെയാണ് രാജി സമർപ്പിച്ചത്. ഡിസംബർഇരുപത്തിയെട്ടോടെ നാല് വർഷക്കാല സമയ പരിധി തീരുമായിരുന്നുവെങ്കിലും നേരത്തെ യുള്ളരാജി പാർട്ടിക്കകത്തെ പടലപിണക്കവും ഗുരുതരമായ ആരോപണവും മൂലമാണെന്നാണ് സൂചന. രാജുവിന്‍റെ വിശദീകരണം നേതൃത്വത്തിന് തൃപ്തികരമായിട്ടില്ലെന്നാണ് വിവരം.

കോട്ടയിൽ രാജുവിനെതിരെ താൽക്കാലിക ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സി.പി.എം ന്റെ വിവിധ കമ്മിറ്റികളിൽ വിമർശനമുയർന്നിരുന്നു. രാജിക്ക് ശേഷം നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ നഗരസഭാംഗങ്ങളും ജീവനക്കാരും ഉൾപ്പെടെ നിരവധി പേർ ഉപഹാരങ്ങളും നൽകി.

കുന്നത്തൂർ പാലത്തിനു സമീപം സ്വകാര്യ ബസ് വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചു കയറി;ഒഴിവായത് വൻ ദുരന്തം

കുന്നത്തൂർ:കാർ യാത്രികരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ കുന്നത്തൂർ പാലത്തിനു സമീപം സ്വകാര്യ ബസ് വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചു കയറി.ഇന്ന് വൈകിട്ട് 5.15 ഓടെയാണ് സംഭവം.കൊട്ടാരക്കരയിൽ നിന്നും കരുനാഗപ്പള്ളിയിലേക്ക് നിറയെ യാത്രക്കാരുമായി വരികയായിരുന്ന കൃഷ്ണപ്രിയ എന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.എതിർ ദിശയിൽ നിന്നും അലക്ഷ്യമായെത്തിയ കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിത്തിരിച്ചപ്പോഴാണ് പോസ്റ്റിൽ ഇടിച്ചത്.ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് നിലംപതിച്ചു.അപകടം നടന്ന ഭാഗം ഉൾപ്പെടെ വലിയ താഴ്ചയാണ്.ബസ്സ് പോസ്റ്റിൽ തട്ടി നിന്നതിനാൽ താഴേക്ക് പതിച്ചില്ല.ഇതിനാൽ തലനാരിഴയ്ക്ക് വൻ ദുരന്തമാണ് വഴിമാറിയത്.ശാസ്താംകോട്ടയിൽ നിന്നും പൊലീസും സ്ഥലത്ത് എത്തിയിരുന്നു.അപകടത്തെ തുടർന്ന് മേഖലയിൽ തകരാറിലായ വൈദ്യുതി ബന്ധം രാത്രിയോടെ പുന:സ്ഥാപിച്ചു

ഓട്ടോറിക്ഷ കൂലിയായി 70 രൂപ അധികം വാങ്ങിയ ഡ്രൈവർക്ക് പിഴ 5500 രൂപ

കൊച്ചി.ഓട്ടോറിക്ഷ കൂലിയായി 70 രൂപ അധികം വാങ്ങിയ ഡ്രൈവർക്ക് പിഴ 5500 രൂപ.മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.കുടുംബത്തോടൊപ്പം യാത്ര ചെയ്ത ആളുടെ മോശമായി സംസാരിച്ചതിനും നടപടി.ആർടിഒയുടെ ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കാനും എറണാകുളം ആർടിഒ ഉത്തരവിട്ടു

സ്കൂൾ വിദ്യാർത്ഥികളുമായി പോയ സ്വകാര്യ ടെംബോ വാൻ മറിഞ്ഞു എട്ട് കുട്ടികൾക്ക് പരിക്ക്

തിരുവനന്തപുരം. പോത്തൻകോട് സ്കൂൾ വിദ്യാർത്ഥികളുമായി പോയ സ്വകാര്യ ടെംബോ വാൻ മറിഞ്ഞു എട്ട് കുട്ടികൾക്ക് പരിക്ക്.പോത്തൻകോട് പതിപ്പള്ളികോണം ചിറയ്ക്കു സമീപം നിയന്ത്രണം വിട്ട വാൻ തിട്ടയിൽ ഇടിച്ചു കയറി മറിയുകയായിരുന്നു.പോത്തൻകോട് ലക്ഷ്മിവിലാസം ഹൈസ്കൂളിലെ വിദ്യാർഥിനികൾക്കാണ് പരിക്കേറ്റത്.6 കുട്ടികൾക്ക് ചെറിയ പരിക്കുകളാണ് ഉള്ളത്.2 വിദ്യാർത്ഥികളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഇവർക്ക് തലയ്ക്ക് പരിക്കുണ്ട്.19 ഓളം കുട്ടികളാണ് ഈ ബസ്സിൽ ഉണ്ടായിരുന്നത്

സിപിഎം നേതൃത്വ ഗുണ്ടായിസത്തോട് പാർട്ടി കുടുംബങ്ങൾക്ക് പോലും പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യമെന്ന് ചെന്നിത്തല

തിരുവനന്തപുരം.എ.ഡി.എമ്മിന്റെ മരണത്തിൽ സിപിഐഎം ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല. കൊലപാതകം എന്ന് കുടുംബം ആരോപിക്കുന്ന സാഹചര്യത്തിൽ സംഭവത്തിന്റെ യഥാർത്ഥ ചിത്രം വെളിച്ചത്തു കൊണ്ടുവരാൻ സർക്കാർ തയ്യാറാകണം. സിപിഐഎമ്മിന് മരണത്തിൽ എന്തൊക്കെയോ ഒളിക്കാനുണ്ട്. പാർട്ടി കുടുംബങ്ങൾക്ക് പോലും നേതൃത്വ ഗുണ്ടായിസത്തോട് പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യമാണ് സിപിഐഎമ്മിൽ എന്നും ചെന്നിത്തല