Home Blog Page 1858

ആങ്കറുടെ പരാമര്‍ശത്തിൽ ട്രംപിന് 15 മില്യൺ ഡോളര്‍ നഷ്ടപരിഹാരം നൽകാൻ എബിസി ന്യൂസ്, മാന നഷ്ടക്കേസ് ഒത്തുതീര്‍ന്നു

വാഷിങ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപ് നൽകിയ മാനനഷ്ടക്കേസിൽ നഷ്ടപരിഹാരം നൽകാൻ സമ്മതിച്ച് എബിസി ന്യൂസ്.15 മില്യൺ ഡോളര്‍ നഷ്ടപരിഹാരമായി നൽകാമെന്നാണ് എബിസി ന്യൂസ് സമ്മതിച്ചിരിച്ചിരിക്കുന്നത്. ട്രംപ് ബലാത്സംഗ കേസിൽ കുറ്റക്കാരനാണെന്ന് എബിസി ന്യൂസിന്റെ ആങ്കര്‍ തെറ്റായി പറഞ്ഞതിനെതിരെ ആയിരുന്നു മാനനഷ്ട പരാതി. ഇക്കഴിഞ്ഞ മാർച്ച് 10 ന് ഒരു അഭിമുഖത്തിനിടെയാണ് ആങ്കര്‍ ജോർജ്ജ് സ്റ്റെഫാനോപോളോസ് ആവർത്തിച്ച് വിവാദ പരാമര്‍ശം നടത്തിയത്.

ഒത്തുതീർപ്പിന്റെ ഭാഗമായി, ആദ്യം ഫോക്സ് ന്യൂസ് ഡിജിറ്റലും, എബിസി ന്യൂസും സ്റ്റെഫാനോപോളസിന്റെ പരാമര്‍ശത്തിൽ ഖേദം പ്രകടിപ്പിച്ച് പ്രസ്താവന പ്രസിദ്ധീകരിക്കും. പ്രസിഡൻഷ്യൽ ഫൗണ്ടേഷനും മ്യൂസിയത്തിനുമായാണ് 15 മില്യൺ കൈമാറുക. ട്രംപിന്റെ കോടതി ചെലവായ ഒരു മില്യൺ ഡോളറും എബിസി ന്യൂസ് നൽകും.

1996-ൽ ഒരു ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിലെ ഡ്രസിങ് റൂമിൽ വെച്ച് മാധ്യമപ്രവര്‍ത്തക ഇജീൻ കരോളിനെ ട്രംപ് ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നായിരുന്നു കേസ്. എന്നാൽ, കൃത്യമായ തെളിവുകളുടെ അഭാവത്തിൽ ബലാത്സംഗ കേസ് തെളിയിക്കാൻ സാധിച്ചില്ല. 2023-ൽ സിഎന്നിനെതിരെ ട്രംപ് നൽകിയ മാനനഷ്ടക്കേസ് കോടതി തള്ളിയിരുന്നു. അതിൽ സിഎൻഎൻ തന്നെ അഡോൾഫ് ഹിറ്റ്‌ലറുമായി ഉപമിച്ചെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്. ന്യൂയോർക്ക് ടൈംസിനും വാഷിംഗ്ടൺ പോസ്റ്റിനുമെതിരെ ട്രംപ് ഫയൽ ചെയ്ത കേസുകളും കോടതി തള്ളിയിരുന്നു.

‘ഇങ്ങനെയുണ്ടോ ബോർ, അടുപ്പിച്ച് രണ്ട് പിരീഡ് കണക്ക് ക്ലാസിലിരുന്നപോലേ’! മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക

ന്യൂഡൽഹി: ഭരണഘടനയുമായി ബന്ധപ്പെട്ട് ലോക്സഭയിൽ നടന്ന ചര്‍ച്ചക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി പ്രസംഗത്തെ രൂക്ഷമായി പരിഹസിച്ച് വയനാട് എം പിയും എ ഐ സി സി ജനറൽ സെക്രട്ടറിയുമായി പ്രിയങ്ക ഗാന്ധി രംഗത്ത്. പ്രധാനമന്ത്രി രണ്ട് മണിക്കൂറോളം നടത്തിയ പ്രസംഗം വല്ലാതെ ബോറടിപ്പിച്ചെന്നാണ് പ്രിയങ്ക പറഞ്ഞത്.

ഒരു ദിവസം അടുപ്പിച്ച് രണ്ട് കണക്ക് ക്ലാസിലിരുന്ന അവസ്ഥയിലായിരുന്നു താനെന്നാണ് പ്രിയങ്ക പറഞ്ഞത്. തനിക്ക് മാത്രമല്ല ലോക്സഭയിലെ എല്ലാ എം പിമാർക്കും പ്രധാനമന്ത്രിയുടെ പ്രസംഗം ബോറടിച്ചുവെന്നാണ് താൻ മനസിലാക്കുന്നതെന്നും അവർ വിവരിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദയ്ക്കും ബോറടിച്ചെന്നാണ് അവരുടെ ശരീരഭാഷ വ്യക്തമാക്കിയെന്നും പ്രിയങ്ക വിവരിച്ചു.

പുതിയതായി ഒരു കാര്യവും പ്രധാനമന്ത്രി ഇന്ന് പറഞ്ഞില്ല. എന്തെങ്കിലും ക്രിയാത്മകമായ കാര്യവും മോദി ലോക്സഭയിലെ പ്രസംഗത്തിൽ പറഞ്ഞില്ലെന്നും പ്രിയങ്ക വിമർശിച്ചു. നദ്ദ കൈകള്‍ കൂട്ടിത്തിരുമ്മുന്നത് താൻ കണ്ടെന്നും മോദി അദ്ദേഹത്തെ നോക്കിയപ്പോൾ മാത്രമാണ് നദ്ദ, ശ്രദ്ധയോടെ പ്രസംഗം കേള്‍ക്കുന്നതുപോലെ അഭിനയിച്ചതെന്നും പ്രിയങ്ക പരിഹസിച്ചു. അമിത് ഷായുടെ അവസ്ഥയും സമാനമായിരുന്നുവെന്നാണ് തനിക്ക് മനസിലായതെന്നും വയനാട് എം പി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി പ്രസംഗിക്കുമ്പോൾ, തല കൈയില്‍ താങ്ങിവച്ച് ഇരിക്കുന്ന അമിത് ഷായെയാണ് താൻ കണ്ടതെന്നും പ്രിയങ്ക വിവരിച്ചു.

ജാഗ്രത! ചക്രവാതച്ചുഴി ഇന്ന് ന്യൂന മർദ്ദമായി ശക്തിപ്രാപിക്കും; കേരളത്തിൽ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

തിരുവനനന്തപുരം: തെക്കൻ ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെട്ടു ചക്രവാതച്ചുഴി ഇന്ന് ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദമായി രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡിസംബർ 18 ന് ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ നാല് ജില്ലകളിൽ 18 ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് 18 ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തിപ്രാപിക്കുന്നു! ഈ ജില്ലകളിൽ മഴ സാധ്യത ശക്തം

ന്യൂനമ‍ർദ്ദം സംബന്ധിച്ച അറിയിപ്പ്

തെക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇന്ന് ഇത് ന്യൂനമർദ്ദമായി മാറി തുടർന്ന് ശക്തി പ്രാപിച്ച് 48 മണിക്കൂറിൽ തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡിസംബർ 18 ന് ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

യെല്ലോ അലർട്ട്

18 / 12 / 2024 : ഇടുക്കി , തൃശ്ശൂർ , പാലക്കാട് , മലപ്പുറം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

‘വിവാഹമോചനത്തിന് 3 കോടി ആവശ്യപ്പെട്ട് മാനസിക പീഡനം’; ഐടി ജീവനക്കാരന്റെ ആത്മഹത്യയിൽ ഭാര്യ അറസ്റ്റിൽ

ബെംഗളൂരു: വിവാഹമോചനത്തിന് മൂന്നു കോടിരൂപ ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിച്ച് ഐടി ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയും കുടുംബവും അറസ്റ്റിൽ. അതുൽ സുഭാഷ് (34) ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യ നികിത, ഭാര്യയുടെ അമ്മ നിഷ, ഭാര്യാ സഹോദരൻ അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്. നികിതയെ ഗുരുഗ്രാമിൽനിന്നും അമ്മയെയും സഹോദരനെയും അലഹബാദിൽനിന്നുമാണ് അറസ്റ്റു ചെയ്തത്. നികിതയുടെ അമ്മാവൻ സുശീലും കേസിൽ പ്രതിയാണ്.

ബിഹാർ സ്വദേശിയായ അതുൽ സുഭാഷിനെ തിങ്കളാഴ്ചയാണ് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 24 പേജുള്ള ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. ഭാര്യവീട്ടുകാരുടെ പീഡനങ്ങൾ വിവരിച്ച് മരിക്കുന്നതിനു മുൻപ് 80 മിനിട്ട് വിഡിയോയും അതുൽ പുറത്തുവിട്ടിരുന്നു. നീതി ലഭിക്കണമെന്ന് എഴുതിയ പ്ലക്കാർഡ് ഇയാളുടെ മുറിയിൽനിന്നു കണ്ടെത്തി. ഭാര്യ, കുടുംബാംഗങ്ങൾ, ഒരു ജഡ്ജി എന്നിവർക്കെതിരെയാണ് വിഡിയോയിൽ അതുൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. ഭാര്യ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണെന്ന് ഇയാൾ വിഡിയോയിൽ വ്യക്തമാക്കിയിരുന്നു. ഭാര്യ റജിസ്റ്റർ ചെയ്ത കേസിൽ തന്റെ മാതാപിതാക്കളെ ഉപദ്രവിക്കുന്നത് കോടതി അവസാനിപ്പിക്കണമെന്നും വിഡിയോയിലൂടെ ആവശ്യപ്പെട്ടിരുന്നു.

2019ൽ മാട്രിമോണിയൽ സൈറ്റിലൂടെയാണ് അതുൽ പങ്കാളിയെ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ ദമ്പതികൾക്ക് കുഞ്ഞ് ജനിച്ചു. ഭാര്യ വീട്ടുകാർ പലപ്പോഴായി പണം ആവശ്യപ്പെട്ടെന്നും, കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ നൽകാൻ വിസമ്മതിച്ചെന്നും അതുൽ വിഡിയോയിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഭാര്യ പിണങ്ങി കുട്ടിയുമായി അവരുടെ വീട്ടിലേക്ക് പോയി. പിന്നീട് പ്രകൃതിവിരുദ്ധ പീഡനം ഉൾപ്പെടെയുള്ള കള്ളക്കേസുകൾ തനിക്കെതിരെ ഇവർ റജിസ്റ്റർ ചെയ്തതായും അതുൽ വിഡിയോയിൽ പറഞ്ഞിരുന്നു. എന്നാൽ, അതുൽ സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ സമ്മർദത്തിൽ പിതാവ് ഹൃദയാഘാതം മൂലം മരിച്ചതായാണ് യുവതി ആരോപിക്കുന്നത്.

വിവാഹം കഴിഞ്ഞ് 15 ദിവസം; മലേഷ്യയിൽ മധുവിധു, വീട്ടിലേക്കുള്ള യാത്ര കണ്ണീരോർമ്മയായി, അപകടം വീടെത്തുന്നതിന് 7 കി.മീ മുമ്പ്

പത്തനംതിട്ട: വിവാഹം കഴിഞ്ഞ് 15 ദിവസം മാത്രം. മലേഷ്യയിൽ മധുവിധു ആഘോഷിച്ചശേഷം നാട്ടിലേക്ക് മടങ്ങുമ്പോഴാണ് നവദമ്പതികൾ അപകടത്തിൽപ്പെട്ടത്. സ്വീകരിക്കാനായി പോയ രണ്ടുപേരുടെയും പിതാക്കന്മാരും അപകടത്തിൽ മരിച്ചു.

മല്ലശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖിൽ, ബിജു പി.ജോർജ് എന്നിവരാണ് മരിച്ചത്. അനുവിന്റെ പിതാവാണ് ബിജു. നിഖിലിന്റെ പിതാവാണ് മത്തായി ഈപ്പൻ. നവംബർ 30നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. മലേഷ്യയിൽനിന്ന് എത്തുന്ന മക്കളെ സ്വീകരിക്കാൻ ഒരുമിച്ച് പോകാമെന്ന് മത്തായി ഈപ്പനും ബിജുവും തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം മക്കളെ അറിയിച്ചിരുന്നു. രാത്രിയാണ് ഇരുവരും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയത്. വീട്ടിലെത്തിയശേഷം ബന്ധുക്കളുടെ വീടുകൾ സന്ദർശിക്കാനിരിക്കുകയായിരുന്നു നിഖിലും അനുവും. വീട് എത്തുന്നതിന് ഏഴ് കിലോമീറ്റർ മുൻപ് അപകടം സംഭവിച്ചു. അപകടവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ബന്ധുക്കൾ പൊട്ടിക്കരഞ്ഞു.

റോഡിന് വീതിക്കുറവുണ്ടെന്നും ആവശ്യമായ സ്ഥലം ഏറ്റെടുത്തിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. പുനലൂർ–മൂവാറ്റുപുഴ റോഡ് നിർമാണം പൂർത്തിയായശേഷം നിരന്തരം അപകടം ഉണ്ടാകുന്നതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അധികൃതരുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവന്നിരുന്നു. റോഡിലെ അപകടങ്ങൾ ഒഴിവാക്കാൻ മാർഗങ്ങൾ തേടി യോഗം വിളിക്കാനിരിക്കുകയായിരുന്നെന്നും പ്രസിഡന്റ് പറഞ്ഞു. തെലങ്കാനയിൽനിന്നുള്ള 19 ശബരിമല തീർഥാടകരാണ് ബസിലുണ്ടായിരുന്നത്. അനുവും നിഖിലും കാറിനു പുറകിലായിരുന്നു.

ബസിന്റെ വലതു വശത്തേക്കാണ് കാർ ഇടിച്ചു കയറിയത്. ശബ്ദം കേട്ട് അടുത്തുള്ള വീട്ടുകാരാണ് ഓടിയെത്തിയത്. ഉടൻ തന്നെ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. കാറിന്റെ നാല് ഡോറുകളും തുറക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. അനുവിന് മാത്രമാണ് ശ്വാസം ഉണ്ടായിരുന്നത്. മറ്റ് മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അനുവിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രിയിൽ. മറ്റു മൂന്നുപേരുടെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലാണ്.

എ എം സലാമിന്റെ മരണം കൊലപാതകം എന്ന് പോലീസ്

കൊച്ചി. വാഴക്കാല സ്വദേശി എഎം സലാമിന്റെ മരണം കൊലപാതകം എന്ന് പോലീസ് കണ്ടെത്തി. നവംബർ 29ന് വീട്ടിലെ ഹാളിൽ മരിച്ച നിലയിലായിരുന്നു മൃതദേഹം നടത്തിയത്. കൊലപാതകത്തിൽ വീട്ടുജോലിക്കരായ ദമ്പതികൾ കസ്റ്റഡിയിൽ. ബിഹാർ സ്വദേശി അസ്മിതാകുമാരി,ഭർത്താവ് കൗശൽ കുമാർ എന്നിവർ കസ്റ്റഡിയിൽ. കൊലപാതകത്തിനുശേഷം ദമ്പതികൾ നാടുവിട്ടിരുന്നു. മൊബൈൽ ഫോൺ രണ്ടു മോതിരങ്ങൾ പണം തുടങ്ങിയവ നഷ്ടപ്പെട്ടതായി ബന്ധുക്കൾ മൊഴി നൽകിയിരുന്നു

മെക് സെവനെ കുറിച്ചുള്ള സിപിഐഎം ആരോപണം,പ്രതികരണവുമായി പ്രമുഖര്‍

കോഴിക്കോട്. മെക് സെവനെ കുറിച്ചുള്ള സിപിഐഎം ആരോപണം തമാശ എന്ന് കൊണ്ടോട്ടി എംഎൽഎ ടിവി ഇബ്രാഹിം. മെക് സെവനെ കുറിച്ച് പഠിക്കാതെയാണ് ആരോപണം ഉന്നയിച്ചത്. ഫാസിസ്റ്റുകളുടെ ഇസ്ലാമോഫോബിക് ആരോപണങ്ങൾ ഇപ്പോൾ മറ്റുള്ളവർ കൂടി ഏറ്റെടുക്കുന്നത് സങ്കടകരം എന്നും ഇബ്രാഹിം പറഞ്ഞു.

എസ്ഡിഎപിഐ- ജമാഅത് ബന്ധം ആരോപിച്ച് ഏത് കൂട്ടായ്മയെയും തകർക്കുകയാണ് എന്ന് ടിവി ഇബ്രാഹിം പറഞ്ഞു.ആരോഗ്യ പരിപാലത്തിന് കണ്ടെത്തുന്ന മുറ മാത്രമാണ് മെക് 7. താനും മെക് സെവന്റെ ഭാഗമായിട്ടുണ്ട്. എക്സസൈസിന് അപ്പുറം ഒരു ആശയപ്രചാരണം നടക്കുന്നില്ലന്നും എംഎൽ എ.

സിപിഐഎം നിലപാട് തള്ളി മുൻ മന്ത്രിയും INL സംസ്ഥാന അധ്യക്ഷനുമായ അഹമ്മദ് ദേവർകോവിലും രംഗത്തെത്തി. പി മോഹനൻ നടത്തിയ പ്രസ്താവന തെറ്റിദ്ധാരണ മൂലം. ഏതെങ്കിലും കൂട്ടായ്മ വ്യായാമ പരിശീലനം നടത്തുന്നതിനേ എതിർക്കേണ്ടതില്ല. ജാതിമത ചിന്തകൾക്കതീതമായാണ് മെക് സെവൻ പ്രവർത്തിക്കുന്നത്. ഒരു തെളിവും ഇല്ലാത്ത സ്ഥിതിക്ക് MEC 7 ന് എതിരെ പറയേണ്ടതില്ല. രഹസ്യ സ്ഥലത്ത് നടത്തുന്ന പരിപാടിയല്ല ഇത്. താനും ഈ കൂട്ടായ്മയുടെ ഭാഗമായിട്ടുണ്ട് ഇകെ സമസ്ത വിഭാഗം നടത്തിയ പ്രസ്താവന മത കാര്യങ്ങൾ മുൻനിർത്തിയാണ്. അതിന് അവർക്ക് അവകാശമുണ്ട് എന്നും ദേവര്‍കോവില്‍ പറഞ്ഞു.

ചോദ്യപേപ്പർ ചോർച്ച, വിശദമായ അന്വേഷണത്തിന് പോലീസ്

തിരുവനന്തപുരം.ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ വിശദമായ അന്വേഷണത്തിന് പോലീസ്.
ചോദ്യപേപ്പർ പ്രത്യക്ഷപ്പെട്ട എം എസ് സൊല്യൂഷൻസ്
എന്ന യൂട്യൂബ് ചാനൽ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും.സ്ഥാപനത്തിലെ അധ്യാപകരുടെയും സ്ഥാപന ഉടമയുടെയും മൊഴി രേഖപ്പെടുത്തും. ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകരുടെയും മൊഴി രേഖപ്പെടുത്താൻ നീക്കം.
അന്വേഷണത്തിന് പോലീസ് പ്രത്യേക സംഘത്തെ രൂപീകരിക്കാൻ സാധ്യത.
സൈബർ വിദഗ്ധർ അടങ്ങുന്നതായിരിക്കും സംഘം വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പും ആഭ്യന്തര അന്വേഷണം നടത്തും

വാർത്താനോട്ടം

2024 ഡിസംബർ 15 ഞായർ

BREAKING NEWS

?പത്തനംതിട്ടയിൽ ഹൈദ്രാബാദിൽ നിന്നുള്ള ശബരിമല തീര്‍ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു.

?കൂടല്‍ മുറിഞ്ഞകല്ലില്‍ ആണ് അപകടം നടന്നത്. കോന്നി മല്ലശ്ശേരി വട്ടക്കുളഞ്ഞി സ്വദേശികളായ മത്തായി ഈപ്പന്‍, ബിജു പി ജോർജ്, അനു, നിഖില്‍ എന്നിവരാണ് മരിച്ചത്.

? മത്തായി ഈപ്പൻ നിഖിലിൻ്റെ പിതാവാണ്. അനുവിൻ്റെ പിതാവാണ് ബിജു പി ജോർജ്. കോറോടിച്ചിരുന്നത് ബിജു പി ജോർജ് ആയിരുന്നു.

?നവംബർ 30 നാണ് അനുവും നിഖിലും വിവാഹിതരായത്‌. നിഖിൽ ഈപ്പൻ കാനഡയിലാണ് ജോലി ചെയ്യുന്നത്.

?തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നെത്തിയ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.

?മലേഷ്യയില്‍മധു വിധുയാത്ര കഴിഞ്ഞെത്തിയ മകളെ കൂട്ടി മടങ്ങിവരവേ പുലര്‍ച്ചെ നാലേകാലോടെയാണ് അപകടമുണ്ടായത്.

?കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

?പാലക്കാട്ട് പത്താം പുള്ളിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു.

?കാട്ടാന തളളിയിട്ട പന വീണ് ബൈക്കിൽ സഞ്ചരിക്കവേ മരിച്ച അനുവിൻ്റെ പോസ്റ്റ് മാർട്ടം ഇന്ന്

?കാസർകോട് വെള്ളരിക്കുണ്ടിൽ റോഡ് പണിയെ സംബന്ധിച്ച തർക്കം: നാട്ടുകാർ തമ്മിലടിച്ചു;ആറ് പേർക്ക് പരിക്ക്

?കേരളീയം?

?വയനാട്ടിലെ അടക്കം
ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132 കോടി 62 ലക്ഷം രൂപ ആവശ്യപ്പെട്ട കേന്ദ്ര നടപടിയില്‍ കടുത്ത പ്രതിഷേധവുമായി കേരളം. തുക ഒഴിവാക്കിത്തരാന്‍ കേന്ദ്രത്തിന് സംസ്ഥാനം കത്തയക്കും.

?തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ഇന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദമായി രൂപപ്പെടാന്‍ സാധ്യതയെന്നും കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ മുന്നറിയിപ്പ്.

? ക്രിസ്മസ്- പുതുവത്സര ബംപര്‍ ലോട്ടറിയുടെ ആകെ സമ്മാനത്തുക 9.31 കോടി രൂപ വെട്ടിക്കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ നീക്കം തിരിച്ചടിച്ചു. ലോട്ടറി ഏജന്റുമാരുടെ വ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് വിജ്ഞാപനം റദ്ദാക്കി സമ്മാനത്തുകയും കമ്മിഷനും പുനഃസ്ഥാപിച്ചെങ്കിലും അച്ചടിച്ച 12 ലക്ഷത്തോളം ടിക്കറ്റുകള്‍ ഉപേക്ഷിക്കേണ്ടി വന്നു.

? വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയന്‍.

?പനയമ്പാടത്തെ അപകടം നടന്ന സ്ഥലത്ത് അടിയന്തര പരിഷ്‌കരണം നിര്‍ദേശിച്ച് ഗതാഗത മന്ത്രി കെ.ബി.ഗണേശ് കുമാര്‍. നിലവിലെ ഓട്ടോ സ്റ്റാന്‍ഡ് മറുവശത്തേക്ക് മാറ്റിയും റോഡില്‍ ഡിവൈഡര്‍ ഒരുക്കിയും സുരക്ഷകൂട്ടുമെന്ന് മന്ത്രി പറഞ്ഞു.

? ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ വിശദീകരണവുമായി എം എസ് സൊല്യൂഷന്‍സ് യൂ ട്യൂബ് ചാനല്‍ അധികൃതര്‍ രംഗത്ത്. കേസ് അന്വേഷണവുമായി സഹകരിക്കുമെന്ന് എം എസ് സൊല്യൂഷന്‍സ് സി ഇ ഒ ഷുഹൈബ് വ്യക്തമാക്കി.

? ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് കുന്നംകുളം കിഴൂര്‍ പൂരം നടത്തിപ്പില്‍ കേസെടുത്ത് വനം വകുപ്പ്.

? കോതമംഗലം നീണ്ടപാറയില്‍ കാട്ടാന മറിച്ചിട്ട പന ദേഹത്തുവീണ് ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം. പാലക്കാട് കഞ്ചിക്കോട് പുതുശ്ശേരി വെസ്റ്റ് സി12 ഐഎല്‍ ടൗണ്‍ഷിപ് ഇന്‍സ്ട്രമെന്റേഷന്‍ ക്വാര്‍ട്ടേഴ്സില്‍ സി.വി.ആന്‍മേരിയാണ് (21) മരിച്ചത്. കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളജ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. ബൈക്കോടിച്ചിരുന്ന ആന്‍മേരിയുടെ സുഹൃത്ത് കോതമംഗലം അടിവാട് മുല്ലശേരി അല്‍ത്താഫ് അബൂബക്കറിന് (21) പരുക്കേറ്റു.

? എറണാകുളം ചേരാനല്ലൂര്‍ പ്രദേശത്ത് അനിവാര്യമായ സ്ഥലങ്ങളില്‍ അടിപ്പാത ആവശ്യപ്പെട്ടുകൊണ്ടും ഹൈവേ അവകാശ സംരക്ഷണ സമിതി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും ചേരാനല്ലൂരിലെ കുടുംബശ്രീ വനിത കൂട്ടായ്മ പ്രക്ഷോഭ റാലി സംഘടിപ്പിച്ചു.

?? ദേശീയം ??

?നൂറാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ഇന്ത്യ വികസിതരാജ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ത്യക്കാര്‍ പ്രചോദിതരാണെന്നും രാജ്യം മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും ലോക്സഭയിലെ ‘ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷത്തെ മഹത്തായ യാത്ര’ എന്ന വിഷയത്തില്‍ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.

?ശോഭനവും കൂടുതല്‍ ഏകീകൃതവുമായ ഭാവിക്കായി ഇന്ത്യയെ നയിക്കാന്‍ 11 കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യം, സമഗ്രത, പുരോഗതി എന്നീ വിഷയങ്ങളില്‍ ഊന്നി, ‘ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്’ കാഴ്ചപ്പാടും ഉള്‍ക്കൊണ്ടുള്ളതാണ് ഈ നിര്‍ദേശങ്ങള്‍.

?പുഷ്പ 2 പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവവുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്ന് നടന്‍ അല്ലു അര്‍ജുന്‍. മരിച്ച യുവതിയുടെ കുടുംബത്തിനൊപ്പം നില്‍ക്കുമെന്നും വ്യക്തിപരമായി അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.

? ഉത്തരേന്ത്യയില്‍ ശൈത്യകാലം കഠിനമാകുന്നു. 4.5 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.താപനില ഇനിയും കുറയാന്‍ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

?കര്‍ഷകരുടെ ‘ദില്ലി ചലോ’ മാര്‍ച്ചില്‍ സംഘര്‍ഷം. ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു. 101 കര്‍ഷകര്‍ അടങ്ങുന്ന സംഘത്തെ ഹരിയാണ-പഞ്ചാബ് അതിര്‍ത്തിയായ ശംഭുവില്‍ പോലീസ് തടഞ്ഞതോടെ സംഘര്‍ഷമുണ്ടായി.

?? അന്തർദേശീയം ??

? രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടരുന്ന സിറിയയില്‍ നിന്ന് നാല് ഇന്ത്യക്കാര്‍ കൂടി തിരിച്ചെത്തി. ദില്ലിയില്‍ എത്തിയതിന് പിന്നാലെ ഇവര്‍ ഇന്ത്യന്‍ എംബസിയ്ക്ക് നന്ദി പറഞ്ഞു.

?ഇന്ത്യയും സ്വിറ്റ്സര്‍ലന്‍ഡും തമ്മിലുള്ള ഇരട്ട നികുതി ഒഴിവാക്കല്‍ കരാറിലെ ഏറ്റവും അനുകൂലമായ രാഷ്ട്ര പദവി വ്യവസ്ഥയില്‍ നിന്ന് ഇന്ത്യയെ താത്ക്കാലികമായി ഒഴിവാക്കി സ്വിറ്റ്സര്‍ലന്‍ഡ്.

?ഇന്ത്യക്ക് സ്വിറ്റ്സര്‍ലന്‍ഡ് മോസ്റ്റ് ഫേവേര്‍ഡ് നേഷന്‍ പദവിയാണ് ഇതുവരെ നല്‍കിയത്. ഈ പദവിയാണ് ഇപ്പോള്‍ എടുത്തുകളഞ്ഞിരിക്കുന്നത്.

? കായികം ?

?ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മോഹന്‍ ബഗാനെതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി.

? വനിതാ പ്രീമിയര്‍ ലീഗ് പുതിയ സീസണിന്റെ മിനി താരലേലം ഇന്ന് ബെംഗളൂരുവില്‍. ഉച്ചക്ക് മൂന്ന് മണിക്കാണ് ലേലം തുടങ്ങുക. ലേലത്തിന് മുമ്പ് തന്നെ നിലവിലെ ടീമുകള്‍ തങ്ങളുടെ പ്രമുഖ താരങ്ങളെ നിലനിര്‍ത്തിയിട്ടുണ്ട്.

?ബോര്‍ഡര്‍-ഗാവ
സ്‌കര്‍ ട്രോഫി ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം മഴ കളി മുടക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് ഇന്നലെ ആകെ 13.2 ഓവര്‍ മാത്രമേ ബാറ്റ് ചെയ്യാനായുള്ളൂ.

മണിപ്പൂരിൽ രണ്ടു തൊഴിലാളികൾ വെടിയേറ്റ് മരിച്ചു

ഇംപാല്‍. മണിപ്പൂരിൽ രണ്ടു തൊഴിലാളികൾ വെടിയേറ്റ് മരിച്ചു. ബീഹാറിൽ എത്തിയ തൊഴിലാളികൾക്ക് നേരെയാണ് ആക്രമണം. സുനലാൽ കുമാർ , ദശരത് കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. കാക്‌ചിംഗ് ജില്ലയിലെ കെയ്‌രാക്കിൽ ആണ് ആക്രമണം ഉണ്ടായത്. പോലീസും അക്രമികളും ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ ഒരു അക്രമിയെ വധിച്ചു. ആറുപേർ അറസ്റ്റിൽ. തൗബാൽ ജില്ലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്