Home Blog Page 1841

കാമുകിയെ കൊലപ്പെടുത്തി ശരീരം 40 കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു; 25 വയസുകാരൻ പിടിയിൽ

ന്യൂഡൽഹി: കാമുകിയെ കൊലപ്പെടുത്തി ശരീരം 40 കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. 25 വയസുകാരനായ നരേഷ് ഭെൻഗ്രയാണ് പൊലീസിന്‍റെ പിടിയിലായത്. തമിഴ്നാട്ടിൽ ഇറച്ചിവെട്ടുകാരനായി ജോലി ചെയുകയായിരുന്നു ഇയാള്‍. ഇയാൾക്കൊപ്പം രണ്ട് വർഷമായി താമസിച്ചിരുന്ന യുവതിയെ ആണ് കൊലപ്പെടുത്തിയത്. മറ്റൊരു വിവാഹം കഴിച്ചതോടെയായിരുന്നു കൊലപാതകം. ജാർഖണ്ഡിലെ കുന്തി വനമേഖലയിൽ നിന്നാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്.

തമിഴ്‌നാട്ടിൽ കനത്ത മഴ; 2000 ഏക്കറിലേറെ നെല്‍ക്കൃഷി നശിച്ചു, 6 ജില്ലകളിൽ റെഡ് അലർട്ട്

ചെന്നൈ: തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്നാണ് ചെന്നൈ മേഖല കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. കടലൂര്‍, തിരുവാരൂര്‍, തഞ്ചാവൂര്‍, നാഗപട്ടണം, മയിലാടുതുറ, രാമനാഥപുരം എന്നീ ജില്ലകളിലാണു രണ്ടു ദിവസമായി വ്യാപക മഴ. ഈ ആറു ജില്ലകളിൽ ഇന്നും റെഡ് അലർട്ടാണ്.

രണ്ട് ദിവസത്തിനിടെ തീരദേശ ജില്ലകളില്‍ 150 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. രാമനാഥപുരത്ത് വീടുകളിലടക്കം വെള്ളം കയറി. തിരുവാരൂര്‍, മയിലാടുതുറ, തഞ്ചാവൂര്‍ തുടങ്ങിയ ജില്ലകളില്‍ 2,000 ഏക്കറിലേറെ നെല്‍ക്കൃഷി നശിച്ചു. നാഗപട്ടണത്ത് 12 ക്യാംപുകളിലായി 371 കുടുംബങ്ങളിലെ 1032 പേരെ മാറ്റി പാര്‍പ്പിച്ചു. താഴ്ന്ന പ്രദേശങ്ങളിലും ദുര്‍ബല പ്രദേശങ്ങളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

മൂന്ന് ദിവസം ചെന്നൈ, പുതുച്ചേരി, കാരയ്ക്കല്‍, യാനം എന്നിവിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കടലൂര്‍, മയിലാടുതുറ, നാഗപട്ടണം, തിരുവാരൂര്‍, ചെന്നൈ, ചെങ്കല്‍പെട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ 30 വരെ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.

‘നോൺവെജ് കഴിക്കേണ്ട’: കാമുകന്റെ സമ്മർദം; ഡേറ്റാ കേബിളിൽ ജീവനൊടുക്കി പൈലറ്റ്

മുംബൈ: എയർ ഇന്ത്യ പൈലറ്റ് സൃഷ്ടി തുലിയെ (25) മുംബൈയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സംഭവത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം ആരോപിച്ച് കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. അന്ധേരിയിലെ മാറോൾ ഏരിയയിലെ കനകിയ റെയിൻഫോറസ്റ്റ് കെട്ടിടത്തിലെ വാടക ഫ്ലാറ്റിൽ നിന്നാണ് സൃഷ്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഡേറ്റാ കേബിളിൽ തൂങ്ങിമരിച്ച സൃഷ്ടിയുടെ ആത്മഹത്യാകുറിപ്പ് കണ്ടെടുക്കാൻ സാധിച്ചില്ലെന്നു പൊലീസ് പറഞ്ഞു.

വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണു യുവതിയുടെ കാമുകൻ ആദിത്യ പണ്ഡിറ്റിനെ (27) കസ്റ്റഡിയിലെടുത്തത്. സൃഷ്ടിയെ ആദിത്യ പരസ്യമായി ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നതായി സൃഷ്ടിയുടെ അമ്മാവൻ തന്റെ പരാതിയിൽ ആരോപിച്ചതായി പൊവായ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ഭക്ഷണശീലം മാറ്റാനും സസ്യേതര ഭക്ഷണം കഴിക്കുന്നതു നിർത്താനുമാണ് ആദിത്യ സമ്മർദം ചെലുത്തിയത്.

തിങ്കളാഴ്ച പുലർച്ചെ ആദിത്യയെ വിളിച്ച് താൻ ആത്മഹത്യ ചെയ്യുമെന്നു സൃഷ്ടി പറഞ്ഞിരുന്നു. ഫ്ലാറ്റിന്റെ വാതിൽ പൂട്ടിയിട്ടതിനെ തുടർന്നു പുറത്തുനിന്നൊരാളെ വിളിച്ച് ആദിത്യ വാതിൽ തുറന്നു. അപ്പോഴാണു കാമുകിയെ ഡേറ്റാ കേബിളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അന്ധേരിയിലെ സെവൻഹിൽസ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

ഉത്തർപ്രദേശ് സ്വദേശിയായ സൃഷ്ടി കഴിഞ്ഞ ജൂൺ മുതൽ മുംബൈയിലാണു താമസിക്കുന്നത്. രണ്ട് വർഷം മുൻപ് ഡൽഹിയിൽ കൊമേഴ്‌സ്യൽ പൈലറ്റ് കോഴ്‌സിനു പഠിക്കുന്നതിനിടെയാണ് ആദിത്യയെ പരിചയപ്പെട്ടത്. കോടതിയിൽ ഹാജരാക്കിയ ആദിത്യയെ നവംബർ 29 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

കഴക്കൂട്ടത്ത് ഗുണ്ട ആക്രമണം,ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു

തിരുവനന്തപുരം. കഴക്കൂട്ടത്ത് ഗുണ്ട ആക്രമണം. ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു. വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്മാൻ (23) ആണ് കൈക്ക് വെട്ടേറ്റത്. കൈപ്പത്തിയിൽ ഗുരുതരമായി പരിക്കേറ്റ തൗഫീഖ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ. കഴക്കൂട്ടം ജംഗ്ഷനിലെ കൽപ്പാത്തി ഹോട്ടലിൽ ആയിരുന്നു സംഭവം. സംഭവത്തിൽ കഴക്കൂട്ടം സ്വദേശി വിജീഷ് (സാത്തി), സഹോദരൻ വിനീഷ് (കിട്ടു) എന്നിവർ പിടിയിലായി. ഇരുവരും വധശ്രമം അടക്കമുള്ള കേസുകളിൽ പ്രതികൾ. ഒരാഴ്ച മുൻപ് വിനീഷ് മദ്യപിച്ച് ഹോട്ടലിലെത്തി പണം ആവശ്യപ്പെട്ട തർക്കമുണ്ടാക്കിയിരുന്നു. ഇതിൻറെ വൈരാഗ്യത്തിൽ ആയിരുന്നു അക്രമം

നവജാത ശിശുവിന് അസാധാരണ വൈകല്യം, ഡോക്ടര്‍ക്കും ലാബിനുമെതിരെ കേസ്

ആലപ്പുഴ. നവജാത ശിശുവിന് അസാധാരണ വൈകല്യം, ഡോക്ടര്‍ക്കും ലാബിനുമെതിരെ കേസ്. 4 ഡോക്ടർമാർക്കെതിരെ കേസ്. ലജനത്ത് വാർടിൽ അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞിനാണ് വൈകല്യം. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായയും കണ്ണും തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവ്

ഗർഭകാലത്തെ സ്കാനിംഗിൽ ഡോക്ടർമാർ വൈകല്യം അറിയിച്ചില്ലെന്ന് പരാതി. ഗൈനക്കോളജിസ്റ്റ്മാരായ ഡോ ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കും എതിരെയാണ് കേസ്. ആലപ്പുഴ സൗത്ത് പോലീസ് ആണ് കേസ് എടുത്തത്. പരിശോധിച്ചത് ഡോക്ടർ അല്ലെന്ന് കണ്ടെത്തൽ. സ്വകാര്യ ലാബിൽ പരിശോധന നടത്തിയത് ഡോക്ടർ ഇല്ലാതെ. എന്നാൽ ഡോക്ടറുടെ ഒപ്പും സീലും നൽകി. പോലീസ് രഹസ്യ അന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിലാണ് സ്വകാര്യ ലാബിലെ ഡോക്ടർ ഇല്ലാതെയുള്ള പരിശോധന കണ്ടെത്തിയത്.

അതേസമയം താൻ ചികിത്സിച്ചത് ഗർഭിണിയായിരിക്കെ ആദ്യത്തെ രണ്ട് മാസം മാത്രമാണെന്ന് ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോക്ടർ പുഷ്പ പറഞ്ഞു. രണ്ട് സ്കാൻ റിപ്പോർട്ടുകളും തന്നെ കാണിച്ചു

അതിൽ കുഞ്ഞിന് വളർച്ചക്കുറവ് ശ്രദ്ധയിൽപ്പെട്ടു. ഇതിനുള്ള ടാബ്ലറ്റുകൾ സുറുമിക്ക് നൽകിയിരുന്നു. രണ്ടു മാസങ്ങൾക്ക് ശേഷം പിന്നീട് തന്നെ കൺസൾട്ട് ചെയ്തിട്ടില്ലെന്ന് ഡോക്ടർ പുഷ്പ പറയുന്നു. കുഞ്ഞിന്റെ മാതാപിതാക്കൾ നൽകിയ പരാതിയിൽ സൗത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാംപ്രതിയാണ് ഡോക്ടർ പുഷ്പ

നെയ്യാറ്റിൻകരയിൽ ക്ഷേത്രത്തിൽ മോഷണ ശ്രമത്തിനിടെ കള്ളനെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി

തിരുവനന്തപുരം. നെയ്യാറ്റിൻകരയിൽ ക്ഷേത്രത്തിൽ മോഷണശ്രമം. മോഷണ ശ്രമത്തിനിടെ പ്രതിയെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി.ഉദയൻകുളങ്ങര വള്ളുക്കോട്ടുകോണം ഇലങ്കം ഭഗവതി ക്ഷേത്രത്തിലാണ് മോഷണശ്രമം. ഇന്നലെ രാത്രി 12 മണിക്ക് ആയിരുന്നു സംഭവം. സേലം സ്വദേശി സെന്തിൽ (45)ആണ് പിടിയിലായത്. പ്രതി പൂട്ട് പൊളിക്കാൻ ശ്രമിക്കുന്നതിന്റെ ശബ്ദം കേട്ടാണ് നാട്ടുകാർ എത്തിയത്.

റെയിൽവേ പാളത്തിലേക്ക് ഓടിയ പ്രതിയെ നാട്ടുകാരും പോലീസും ചേർന്നാണ് പിടികൂടിയത്. രണ്ടുമാസം മുൻപും ക്ഷേത്രത്തിൽ മോഷണശ്രമം നടന്നിരുന്നു.

കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ സ്ഥാനം കോട്ടയിൽ രാജു ഇന്ന് രാജിവെക്കും

കരുനാഗപ്പള്ളി. നഗരസഭ ചെയർമാൻ സ്ഥാനം കോട്ടയിൽ രാജു ഇന്ന് രാജിവെക്കും. ലൈംഗിക ആരോപണവും, അനധികൃത പണപ്പിരിവ് സംബന്ധിച്ചും കോട്ടയിൽ രാജുവിന് എതിരെ പരാതി ഉയർന്നിരുന്നു.

ചെയർമാന് എതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സി പി ഐ എം രാജി ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജിവെക്കാൻ തയ്യാറല്ലെന്ന് കോട്ടയിൽ രാജു നിലപാട് എടുത്തെങ്കിലും സി പി ഐ എം സംസ്ഥാന നേതൃത്വം സ്വരം കടുപ്പിച്ചതോടെയാണ് രാജിവെക്കുന്നത്. മുന്നണി ധാരണ പ്രകാരം പദവി ഒഴിയാൻ 1 മാസം ശേഷിക്കെയാണ് രാജി

സിഎസ് സുജാതൻ അന്തരിച്ചു

തിരുവനന്തപുരം. SNDP യോഗം തിരുവനന്തപുരം യൂണിയൻ മുൻ സെക്രട്ടറി CS സുജാതൻ(63) അന്തരിച്ചു. ബിനോയ് മാർബിൾസ് ആൻഡ് ഗ്രാനൈറ്റ്സ് MD യാണ്. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് അമ്പലമുക്കിലെ വസതിയിൽ

നാട്ടാന പരിപാലന ചട്ടത്തിൽ സർക്കാർ അടിയന്തരമായി ഭേദഗതി കൊണ്ടുവരണം, വിഎസ് സുനില്‍കുമാര്‍

തൃശൂര്‍. നാട്ടാന പരിപാലന ചട്ടത്തിൽ സർക്കാർ അടിയന്തരമായി ഭേദഗതി കൊണ്ടുവരണമെന്നും കോടതി ഉചത്തരവ് രാഷ്ട്രീ ആയുധമാക്കാന്‍ ഇടവരുത്തരുതെന്നും മുന്‍ മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. നാട്ടാന പരിപാലനത്തിലെ ഹൈക്കോടതി ഇടപെടലിൻ്റെ പശ്ചാത്തലത്തിൽ ചട്ടം ഭേദഗതിക്ക് തയ്യാറാകണം. ആനകളെ എഴുന്നള്ളിക്കുമ്പോൾ ആനകൾ തമ്മിൽ എത്ര അകലം പാലിക്കണമെന്ന് സംബന്ധിച്ച് ചട്ടത്തിൽ പറയുന്നില്ല. അതാണ് ഹൈക്കോടതി ഉത്തരവിറക്കുന്നതിലേക്ക് നയിച്ചത്

ചട്ടം ഭേദഗതി കൊണ്ടുവന്നില്ലെങ്കിൽ തൃശ്ശൂർപൂരം അടക്കമുള്ള പൂരങ്ങൾ പ്രതിസന്ധിയിൽ ആകും. തെക്കോട്ടിറക്കം പതിനഞ്ചാനകളെ വച്ച് നടത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ. ഹൈക്കോടതി ഉത്തരവ് ‘രാഷ്ട്രീയ ആയുധമാക്കാൻ ഇട നൽകരുത്. ഉത്തരവിന്റെ പശ്ചാത്തലത്തിൽ പൂരം നടത്തിപ്പിൽ പല പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. അത് ഒഴിവാക്കാനുള്ള ഒരേ ഒരു പോംവഴി ചട്ടം ഭേദഗതിയാണ് അദ്ദേഹം പറഞ്ഞു.

കൊടുവള്ളിയില്‍ സ്വർണവ്യാപാരിയെ ആക്രമിച്ച്‌ രണ്ട് കിലോ സ്വർണം കവർന്നതായി പരാതി

കോഴിക്കോട്. കൊടുവള്ളിയില്‍ സ്വർണവ്യാപാരിയെ ആക്രമിച്ച്‌ രണ്ട് കിലോ സ്വർണം കവർന്നതായി പരാതി. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മുത്തമ്ബലം സ്വദേശി ബൈജുവിനെ കാറിടിച്ച്‌ വീഴ്ത്തിയാണ് കവർച്ച നടത്തിയത്.
ഒരു വെള്ളക്കാറിലാണ് മോഷ്ടാക്കള്‍ എത്തിയതെന്ന് ബൈജു പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ബുധനാഴ്ച രാത്രി പത്തോടെ കൊടുവള്ളി- ഓമശ്ശേരി റോഡില്‍ മുത്തമ്ബലത്താണ് സംഭവം.

കൊടുവള്ളി ഓമശേരി റോഡില്‍ വെച്ച്‌ അഞ്ചംഗ സംഘം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വ്യാപാരിയെ കാറിടിച്ച്‌ വീഴ്ത്തി കത്തിക്കാട്ടി ഭീഷണിപ്പെടുത്തി സ്വർണം കവർന്നുവെന്നാണ് പരാതി. സ്വർണാഭരണങ്ങള്‍ നിർമിക്കുന്ന കടയുടെ ഉടമയാണ് ബൈജു. കടപൂട്ടി വീട്ടിലേക്ക് പോവുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നാലംഗ സംഘമാണ് അക്രമിച്ചത് എന്ന് അക്രമത്തിന് ഇരയായ ബൈജു പറയുന്നു. കാറിലെത്തിയ സംഘം സ്കൂട്ടർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. സ്വർണ്ണം കവർന്ന സംഘം കത്തി കാട്ടി ഭീഷണിപ്പെടുത്തി. സാരമായി പരിക്കേറ്റിട്ടുണ്ട്. പോലീസ് പ്രതികളെ പിടികൂടും എന്നാണ് പ്രതീക്ഷ.

സ്വർണ കവർച്ചയില്‍ ആശങ്കയിലെന്ന് വ്യാപാരികൾ പറയുന്നു. കടയടച്ച് മടങ്ങുമ്പോൾ ഭീതിയാണ്. നഗരത്തിൽ പൊലീസ് പട്രോളിങ് ശക്തമാക്കണം. CCTVകൾ സ്ഥാപിക്കണം. സ്വർണം ലഭിച്ചത് കൊണ്ട് മാത്രമാണ് പ്രതികൾ ബൈജുവിനെ ജീവനോടെ വിട്ടത്. അല്ലായിരുന്നെങ്കിൽ അപായപ്പെടുത്തുമായിരുന്നു. സംസ്ഥാനത്തുതന്നെ ഏറ്റവും ഏറെ സ്വര്‍ണ്ണക്കടകളും സ്വര്‍ണ വ്യാപാരവും നടക്കുന്ന സ്ഥലമാണ് കൊടുവള്ളി.