Home Blog Page 1824

എംടിയുടെ കൃതികൾ തലമുറകളെ ഇനിയും പ്രചോദിപ്പിക്കും; അതീവ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും

ന്യൂഡൽഹി: എംടി വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. മനുഷ്യ വികാരങ്ങളുടെ ഗാഢമായ പര്യവേക്ഷണം ആയിരുന്നു എം ടിയുടെ കൃതികളെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. എംടിയുടെ കൃതികൾ തലമുറകളെ രൂപപ്പെടുത്തുകയും ഇനിയും പ്രചോദിപ്പിക്കുകയും ചെയ്യും.മലയാളത്തിലെ ഏറ്റവും ബഹുമാനിക്കപ്പെട്ട വ്യക്തിത്വം ആയിരുന്നു എംടി. ശബ്ദമില്ലാത്തവർക്കും പാർശ്വവൽകൃതർക്കും അദ്ദേഹം ശബ്ദമായി. തൻറെ ചിന്തകൾ കുടുംബത്തോടൊപ്പം എന്നും മോദി എക്സിൽ കുറിച്ചു.

സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യതയാണ് എംടി വാസുദേവൻ നായരുടെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുസ്മരിച്ചു. അദ്ദേഹത്തിൻറെ കഥകളെല്ലാം കേരളത്തിൻറെ സംസ്കാരവും മനുഷ്യ വികാരങ്ങളും നിറഞ്ഞുനിൽക്കുന്നവയായിരുന്നു. തലമുറകളെയാണ് അവ പ്രചോദിപ്പിച്ചത്. അദ്ദേഹത്തിൻറെ കൃതികൾ ഇനിയും തലമുറകളെ പ്രചോദിപ്പിക്കും. കുടുംബത്തിൻറെ ദു:ഖത്തിൽ പങ്കുചേരുകയാണെന്നും രാഹുൽ ഗാന്ധി അനുസ്മരിച്ചു.

തെലങ്കാനയിൽ പൊലീസുകാരിയും യുവാവും തടാകത്തിൽ മരിച്ച നിലയിൽ; എസ്ഐയുടെ പഴ്സും ഫോണും തടാകകരയിൽ, സംഭവത്തിൽ ദുരൂഹത

ഹൈദരാബാദ്: തെലങ്കാനയിൽ ദുരൂഹതയുമായി വനിതാ കോൺസ്റ്റബിളിന്‍റെയും സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ യുവാവിന്‍റെയും മരണം. കമറെഡ്ഡി ജില്ലയിലെ അഡ്ലൂർ എല്ലാറെഡ്ഡി തടാകത്തിൽ മരിച്ച നിലയിൽ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഇരുവരും തടാകത്തിൽ ചാടി മരിച്ചെന്നാണ് പ്രാഥമിക നിഗമനം.

മറ്റൊരു എസ്ഐയെ കാണാനില്ല. ഇയാള്‍ക്കായി തെരച്ചിൽ ആരംഭിച്ചു. ഈ എസ്ഐയുടെ അടക്കം മൂന്നു പേരുടെയും മൊബൈൽ ഫോണുകളും മറ്റ് വസ്തുക്കളും തടാകക്കരയിൽ നിന്നും കണ്ടെത്തി. എസ്ഐയുടെ ഫോണ്‍, കാര്‍, പഴ്സ് തുടങ്ങിയവയാണ് കണ്ടെത്തിയത്.

തെലങ്കാന ബിബിപേട്ട് പൊലിസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ശ്രുതിയും സ്വകാര്യ കമ്പനി ജീവനക്കാരനായ നിഖിലും ആണ് മരിച്ചത്. തൊട്ടടുത്തുള്ള ബിക്ക്നൂർ പൊലിസ് സ്റ്റേഷനിലെ എസ്ഐ സായി കുമാറിനെ ആണ് കാണാതായത്. ഇതേ തടാകത്തിൽ മുങ്ങിമരിച്ചെന്നാണ് സംശയിക്കുന്നത്. ഇന്ന് രാവിലെ ശ്രുതിയുടെയും നിഖിലിന്‍റെയും മൃതദേഹം കണ്ടത്. തുടര്‍ന്നാണ് തടാകത്തിൽ തെരച്ചിൽ ആരംഭിച്ചത്. എസ്ഐ സായ്കുമാറിന് വേണ്ടിയുള്ള തെരച്ചിൽ തടാകത്തിൽ തുടരുകയാണ്. സംഭവത്തിൽ ദുരൂഹതയേറുകയാണെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ആഭ്യന്തര, അന്താരാഷ്ട്ര സ‍ർവീസുകൾ വൈകി, ചെക്ക് ഇൻ താറുമാറായി; സൈബ‍ർ ആക്രമണത്തിൽ നട്ടംതിരിഞ്ഞ് ജപ്പാൻ എയർലൈൻസ്

ടോക്കിയോ: സൈബ‍ർ ആക്രമണം നേരിട്ട ജപ്പാൻ എയർലൈൻസിന്റെ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ താളംതെറ്റി. ലഗേജ് ചെക്ക് ഇൻ സംവിധാനത്തിലും പ്രശ്നങ്ങൾ നേരിട്ടു. എന്നാൽ പ്രശ്നം തിരിച്ചറി‌ഞ്ഞ് പരിഹരിച്ചതായി വിമാനക്കമ്പനി പിന്നീട് അറിയിച്ചു. എന്നാൽ വിമാനം റദ്ദാക്കേണ്ടി വരികയോ വലിയ തോതിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരികയോ ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ജപ്പാനിലെ പൊതുമേഖലാ മാധ്യമമായ എൻഎച്ച്കെയാണ് വിമാന സർവീസുകളിലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത്. ഓൾ നിപ്പോൺ എയർവേയ്സിന് ശേഷം രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയാണ് ജപ്പാൻ എയർലൈൻസ്. രാജ്യത്തെ വിവിധ എയർ പോർട്ടുകളിലെ ഒരു ഡസനിലധികം സർവീസുകളെ ബാധിച്ചു. ലഗേജ് ചെക്ക് ഇൻ സ‍ർവീസുകളിലും പ്രശ്ന്ങ്ങളുണ്ടായി. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞതായും അത് പരിഹരിക്കുന്നതിനുള്ള ശ്രമം തുടരുന്നതായും കമ്പനി സോഷ്യൽ മീഡിയയിലൂടെ പിന്നീട് അറിയിച്ചു.

ഇന്ന് പുറപ്പെടുന്ന ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകളുടെ ടിക്കറ്റ് ബുക്കിങ് താത്കാലികമായി നിർത്തിവെച്ചതായും കമ്പനി അറിയിച്ചു. ഇതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. കമ്പനിക്ക് നേരെയുണ്ടായ സൈബർ ആക്രമണമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് കമ്പനി വക്താവ് വ്യാഴാഴ്ച രാവിലെ വ്യക്തമാക്കി. സാങ്കേതിക തകരാർ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെ ഓഹരി വിപണിയിൽ ജപ്പാൻ എയർലൈൻസിന് രണ്ടര ശതമാനത്തിന്റെ ഇടിവുണ്ടായി. പിന്നീട് ചെറിയ രീതിയിൽ ഇത് മെച്ചപ്പെടുത്തുകയും ചെയ്തു. നേരത്തെ ജപ്പാനിലെ ബഹിരാകാശ ഏജൻസി ഉൾപ്പെടെയുള്ള പല സ്ഥാപനങ്ങൾക്ക് നേരെയും സൈബർ ആക്രമണം ഉണ്ടായിരുന്നു.

ന്യൂസ് അറ്റ് നെറ്റ്, ആ ഇരിപ്പിടം ശൂന്യം; കാലം കടന്ന് എം ടി

BREAKING NEWS

2024 ഡിസംബർ 26 വ്യാഴം 11.00 am

?എം ടിക്ക് ആദരം അർപ്പിച്ച് മുഖ്യമന്ത്രി കോഴിക്കോട് എം ടിയുടെ വസതിയിൽ


?മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, ഇ പി ജയരാജൻ തുടങ്ങിയവരും മുഖ്യമന്ത്രിക്ക് ഒപ്പം


?ഒരു യുഗ പൊലിമ മങ്ങി മറയുന്നു, മനസ് ശൂന്യമാകുന്നത് പോലെ തോന്നുന്നുവെന്ന് മമ്മൂട്ടി

?എംടിയുമായി ഉണ്ടായിരുന്നത് വൈകാരിക ബന്ധമെന്ന് നടൻ മോഹൻലാൽ

? മഹാനായ എഴുത്തുകാരൻ, എം ടിയോട് വിട പറയാനാകില്ലെന്ന് നടൻ കമൽ ഹാസൻ


?എംടി എന്നും
പ്രചോദനമെന്ന് നടൻ വിനീത്


?എം ടി വാസുദേവൻ നായർക്ക് മരണമില്ലെന്ന് സൂര്യ കൃഷ്ണമൂർത്തി

?അക്ഷരങ്ങളിലൂടെ ചിത്രം കാണിച്ച പ്രതിഭയെന്ന് ഷാജി എൻ കരുൺ

?എം ടി ഇല്ലാത്ത കോഴിക്കോട് ശൂന്യമെന്ന് അബ്ദുൾ സമദ് സമദാനി എം പി

തപാൽ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് 35 പവൻ സ്വർണം കവർന്നു, അലമാരയിലെ ലോക്കർ തട്ടിയെടുത്തു

തൃശ്ശൂർ : തൃശ്ശൂരിൽ വീണ്ടും കവർച്ച. തപാൽ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും 35 പവൻ സ്വർണം കവർന്നു. കുന്നംകുളം സ്വദേശി കാർത്തിക്കിന്റെ ശാസ്ത്രി നഗറിലെ വീട്ടിൽ ഇന്ന് പുലർച്ചെയാണ് കവർച്ച നടന്നത്. വീട്ടിൽ കാർത്തിക്കിന്റെ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. പുറകുവശത്തെ വാതിൽ പൊളിച്ച നിലയിലാണ്. ഇതുവഴിയാകും മോഷ്ടാക്കൾ അകത്തു കടന്നതെന്നാണ് വിവരം. അലമാരയിലെ ലോക്കർ തട്ടിയെടുത്തു.

38 പേരുടെ ജീവനെടുത്ത വിമാനാപകടം; വിമാനം വെടിവെച്ചിട്ടതെന്ന് സംശയം, ദുരൂഹതയേറ്റി ചിത്രങ്ങൾ, പിന്നിൽ റഷ്യ?

അസർബൈജാൻ: കസാഖിസ്ഥാനിൽ വിമാനം തകർന്നുവീണ് 38 പേ‍ർ മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. അടിയന്തര ലാൻഡിം​ഗിന് ശ്രമിക്കുന്നതിനിടെ വിമാനം തകർന്നുവീഴുകയായിരുന്നുവെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. എന്നാൽ, വിമാനം വെടിവെച്ചിട്ടതാകാനുള്ള സാധ്യതകളിലേയ്ക്കാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വിരൽ ചൂണ്ടുന്നത്.

വിമാനം റഷ്യയോ യുക്രൈനോ അബദ്ധത്തിൽ വെടിവെച്ചിട്ടതാകാമെന്ന സംശയമാണ് ഉയർന്നുവരുന്നത്. ശത്രുരാജ്യത്തിന്റെ ഡ്രോണാണെന്ന് കരുതി വെടിവെച്ചിട്ടതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തകർന്നുവീണ വിമാനത്തിൽ വെടിയുണ്ടകളുടേതിന് സമാനമായ പാടുകൾ കണ്ടെത്തിയെന്നാണ് സൂചന. യുക്രേനിയൻ ഡ്രോണാണെന്ന് തെറ്റിദ്ധരിച്ച് റഷ്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇത് തകർത്തതാകാമെന്നാണ് റിപ്പോർട്ട്. എന്നാൽ, പക്ഷി ഇടിച്ചതിനെ തുടർന്ന് പൈലറ്റ് അക്‌തുവിൽ അടിയന്തര ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് റഷ്യയുടെ വ്യോമയാന നിരീക്ഷണ വിഭാഗം അറിയിച്ചു.

2014-ൽ ആംസ്റ്റർഡാമിൽ നിന്ന് ക്വാലാലംപൂരിലേക്കുള്ള യാത്രാമധ്യേ കിഴക്കൻ യുക്രൈനിൽ മലേഷ്യൻ എയർലൈൻസ് ഫ്ലൈറ്റ് MH17 തകർന്നുവീണിരുന്നു. വിമാനം വെടിവെച്ചിട്ടതാണെന്ന് പിന്നീട് വ്യക്തമായി. കസാഖിസ്ഥാനിൽ തകർന്നു വീണ വിമാനത്തിൻ്റെ പിൻഭാഗത്തെ ഫ്യൂസ്‌ലേജിൽ അന്ന് മലേഷ്യൻ എയർലൈൻസ് വിമാനത്തിൽ കണ്ടതിന് സമാനമായ പാടുകളാണ് കണ്ടെത്തിയതെന്ന വിവരമാണ് പുറത്തുവരുന്നത്. 67 യാത്രക്കാരുമായി അസർബൈജാനിലെ ബാക്കുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പോകുകയായിരുന്ന അസർബൈജാൻ എയർലൈൻസ് വിമാനമാണ് കഴിഞ്ഞ ദിവസം തകർന്നു വീണത്. അപകടത്തിൽപ്പെട്ട 29 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഇതിൽ 11 പേരുടെ നില ​ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്.

തമ്മിൽത്തല്ലി പാകിസ്ഥാനും താലിബാനും; അഫ്ഗാനിലെ പാക് വ്യോമാക്രമണത്തിൽ മരണം 46 ആയി, തിരിച്ചടിക്കുമെന്ന് താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 46 പേർ കൊല്ലപ്പെട്ടു. കിഴക്കൻ പക്തിക പ്രവിശ്യയിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണെെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. പാകിസ്ഥാൻ്റെ ആക്രമണത്തെ ക്രൂരമെന്ന് വിശേഷിപ്പിച്ച താലിബാൻ പ്രതിരോധ മന്ത്രാലയം സംഭവത്തെ അപലപിക്കുകയും ചെയ്തു.

ബാർമാൽ ജില്ലയിലെ നാല് പോയിൻ്റുകളിലാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്. മൂന്ന് വീടുകളിൽ ബോംബാക്രമണം ഉണ്ടായി. ഒരു വീട്ടിൽ ഉണ്ടായിരുന്ന 18 പേർ കൊല്ലപ്പെട്ടു. മറ്റൊരു വീട്ടിലെ മൂന്ന് പേരും ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും നിരവധി പേർക്ക് പരിക്കേറ്റെന്നും താലിബാൻ വക്താവ് അറിയിച്ചു. സ്വന്തം പ്രദേശത്തിൻ്റെയും പരമാധികാരത്തിൻ്റെയും സംരക്ഷണം അനിഷേധ്യമായ അവകാശമാണെന്നും പാകിസ്ഥാൻ്റെ ഭീരുത്വം നിറഞ്ഞ പ്രവൃത്തിക്ക് ഉത്തരം നൽകാതെ വിടില്ലെന്നും താലിബാൻ വ്യക്തമാക്കി.

അതേസമയം, 2021-ൽ അഫ്​ഗാനിസ്ഥാനിൽ താലിബാൻ അധികാരമേറ്റത് മുതൽ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ സംഘർഷം രൂക്ഷമായിരുന്നു. പാകിസ്ഥാൻ മണ്ണ് ലക്ഷ്യമിടുന്ന തീവ്രവാദികൾക്ക് കാബൂൾ അഭയം നൽകുന്നതായാണ് ഇസ്ലാമാബാദിന്റെ ആരോപണം. എന്നാൽ, താലിബാൻ ഈ ആരോപണം നിഷേധിച്ചു. മാർച്ചിൽ പാകിസ്ഥാൻ നടത്തിയ സമാനമായ വ്യോമാക്രമണത്തിൽ എട്ട് സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പാകിസ്ഥാൻ താലിബാൻ (തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ -ടിടിപി) സമീപകാലത്ത് പാകിസ്ഥാൻ സേനയ്‌ക്കെതിരായ നിരന്തരമായ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറൻ ഖൈബർ പഖ്തുൻഖ്വയിൽ ചെക്ക് പോസ്റ്റിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ 16 പാക് സൈനികരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാൻ താലിബാൻ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു പാകിസ്ഥാന്റെ വ്യോമാക്രമണം.

2023-24 വർഷത്തിൽ ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2,244 കോടി രൂപ, കോൺ​ഗ്രസിന് ലഭിച്ചതും പുറത്ത്

ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തിൽ വ്യക്തികളിൽ നിന്നും ട്രസ്റ്റുകളിൽ നിന്നും കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നുമായി ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2,244 കോടി രൂപയെന്ന് റിപ്പോർട്ട്. 20,000 രൂപയും അതിന് മുകളിലുമായാണ് സംഭാവന ലഭിച്ചത്. 2022-23 ലെ സംഭാവനയുടെ മൂന്നിരട്ടിയിലധികമാണ് ഈയിനത്തിൽ കഴിഞ്ഞ വർഷം ബിജെപിക്ക് ലഭിച്ചത്. അതേസമയം, കോൺഗ്രസിന് 2023-24ൽ 288.9 കോടി രൂപയാണ് ലഭിച്ചത്. മുൻ വർഷം ഇത് 79.9 കോടി രൂപയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലാണ് ഇക്കാര്യമുള്ളത്. പ്രൂഡൻ്റ് ഇലക്ടറൽ ട്രസ്റ്റിൽ നിന്ന് 723.6 കോടി രൂപയുടെ സംഭാവനകൾ ബിജെപിക്ക് ലഭിച്ചു.

കോൺഗ്രസിന് 156.4 കോടി രൂപ സംഭാവന നൽകി. 2023-24ൽ ബിജെപിയുടെ മൂന്നിലൊന്ന് സംഭാവനകളും കോൺഗ്രസിൻ്റെ പകുതിയിലധികം സംഭാവനകളും പ്രൂഡൻ്റ് ഇലക്ടറൽ ട്രസ്റ്റിൽ നിന്നാണ്. 2022-23-ൽ പ്രൂഡൻ്റിനുള്ള ഏറ്റവും മികച്ച സംഭാവന നൽകിയവരിൽ മേഘ എഞ്ചിൻ & ഇൻഫ്രാ ലിമിറ്റഡ്, സെറം ഇൻസ്റ്റിറ്റ്യൂട്ട്, ആർസെലർ മിത്തൽ ഗ്രൂപ്പ്, ഭാരതി എയർടെൽ എന്നിവരാണ് മുന്നിൽ.

അതേസമയം, ബിജെപിക്കും കോൺഗ്രസിനും ലഭിച്ച മൊത്തം സംഭാവനകളിൽ ഇലക്ടറൽ ബോണ്ടുകൾ വഴിയുള്ള രസീതുകൾ ഉൾപ്പെടുന്നില്ല. കാരണം ഈ വിവരങ്ങൾ രാഷ്ട്രീയ പാർട്ടികൾ അവരുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ടുകളിൽ മാത്രമേ പ്രഖ്യാപിക്കൂ. 2024 ഫെബ്രുവരിയിൽ സുപ്രീം കോടതി ഇലക്ടറൽ ബോണ്ട് സ്കീം റദ്ദാക്കിയിരുന്നു. ചില പ്രാദേശിക പാർട്ടികൾ അവരുടെ 2023-24 സംഭാവന റിപ്പോർട്ടുകളിൽ ഇലക്ടറൽ ബോണ്ടുകൾ വഴി ലഭിച്ച സംഭാവന ചില പാർട്ടികൾ സ്വമേധയാ പ്രഖ്യാപിച്ചു. 495.5 കോടി രൂപ ബോണ്ടുകളായി ലഭിച്ചെന്ന് ബിആർഎസ് അറിയിച്ചു. ഡിഎംകെയ്ക്ക് 60 കോടിയും വൈഎസ്ആർ കോൺഗ്രസിന് 121.5 കോടിയും ലഭിച്ചു. ജെഎംഎമ്മിന് 11.5 കോടിയും ലഭിച്ചു.

മുൻവർഷത്തെ അപേക്ഷിച്ച് 2023-24ൽ ബിജെപിക്ക് സംഭാവനകളിൽ 212% വർധനവ് രേഖപ്പെടുത്തി. പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള വർഷമായതിനാൽ ഇത് അസാധാരണമല്ല. 2018-19ൽ, 2019ലെ പൊതുതിരഞ്ഞെടുപ്പിനുമുമ്പുള്ള വർഷം, ബിജെപി 742 കോടി രൂപയും കോൺഗ്രസ് 146.8 കോടി രൂപയും സംഭാവന ലഭിച്ചിരുന്നു. ബിജെപിക്ക് ഇലക്ടറൽ ട്രസ്റ്റ് വഴി 850 കോടി ലഭിച്ചു, അതിൽ 723 കോടി രൂപ പ്രൂഡൻ്റിലും 127 കോടി രൂപ ട്രയംഫ് ഇലക്ടറൽ ട്രസ്റ്റിലും 17.2 ലക്ഷം രൂപ ഐൻസിഗാർട്ടിംഗ് ഇലക്ടറൽ ട്രസ്റ്റിലും നിന്നാണ് ലഭിച്ചത്. ട്രസ്റ്റ് വഴി കോൺഗ്രസിന് 156 കോടി രൂപ ലഭിച്ചു.

2023-24ൽ ബിആർഎസിനും വൈഎസ്ആർ കോൺഗ്രസിനും യഥാക്രമം 85 കോടി രൂപയും 62.5 കോടി രൂപയും പ്രൂഡൻ്റ് സംഭാവന നൽകി. ആന്ധ്രാപ്രദേശിൽ ഭരണകക്ഷിയായ ടിഡിപി 33 കോടി രൂപയാണ് പ്രൂഡൻ്റിൽനിന്ന് സ്വീകരിച്ചത്. ട്രയംഫ് ഇലക്ടറൽ ട്രസ്റ്റിൽ നിന്നും ജയഭാരത് ട്രസ്റ്റിൽ നിന്നും ഡിഎംകെയ്ക്ക് എട്ട് കോടി രൂപ ലഭിച്ചു.

സാൻ്റിയാഗോ മാർട്ടിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസിൽ നിന്ന് 2023-24ൽ ബിജെപി 3 കോടി രൂപയുടെ സംഭാവന ലഭിച്ചു. ഫ്യൂച്ചർ ഗെയിമിംഗ് ആണ് ഇലക്ടറൽ ബോണ്ട് വഴി ഏറ്റവും വലിയ സംഭാവന നൽകിയത്, തൃണമൂൽ കോൺഗ്രസാണ് ഏറ്റവും വലിയ ഗുണഭോക്താവ്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെയും ആദായനികുതി വകുപ്പിൻ്റെയും നിരീക്ഷണത്തിലാണ് മാർട്ടിൻ. എഎപിക്ക് 2023-24ൽ 11.1 കോടിയുടെ സംഭാവന ലഭിച്ചു. മുൻ വർഷത്തെക്കാൾ 37.1 കോടി രൂപ എഎപിക്ക് കുറഞ്ഞു. 2023-24ൽ സിപിഎമ്മിന് ലഭിച്ച സംഭാവന 7.6 കോടിയായി ഉയർന്നു. 1.5 കോടി രൂപ സിപിഎമ്മിന് വർധിച്ചു.

കൊഴിഞ്ഞാംപാറയിൽ വിമത നേതാക്കള്‍ക്കൊപ്പം ചേർന്നവര്‍ക്കെതിരെ നടപടി; ഡിവൈഎഫ്ഐ മുൻ ഭാരവാഹികളെ പുറത്താക്കി

പാലക്കാട്: കൊഴിഞ്ഞാംപാറയിൽ വിമത നേതാക്കൾക്കൊപ്പം ചേ൪ന്ന ഡിവൈഎഫ്ഐ മുൻ ഭാരവാഹികളെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി. കൊഴിഞ്ഞാംപാറ ഡിവൈഎഫ്ഐ മേഖല പ്രസിഡൻറും സെക്രട്ടറിയുമായിരുന്ന സദ്ദാം ഹുസൈൻ, മനോജ് കുമാ൪ എന്നിവരെയാണ് പുറത്താക്കിയത്. ചിറ്റൂ൪ ബ്ലോക്ക് കമ്മിറ്റിയുടെ നടപടിക്ക് ജില്ലാ കമ്മറ്റി അംഗീകാരം നൽകി.

പ്രസിഡൻറും സെക്രട്ടറിയും വിമത൪ക്കൊപ്പം ചേ൪ന്നതോടെ പുതിയ ഭാരവാഹികളെ കൺവെൻഷൻ വിളിച്ച് ഡിവൈഎഫ്ഐ തെരഞ്ഞെടുത്തിരുന്നു. പുതിയ സെക്രട്ടറിയായി മുഹമ്മദ് അസാറുദ്ദീനെയും പ്രസിഡൻറായി ദിലീപിനെയുമായിരുന്നു തെരഞ്ഞെടുത്തത്.

ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്,ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം,മമ്മൂട്ടി

കോഴിക്കോട്: സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ ഹൃദയം ത്രസിച്ച വൈകാരിക കുറിപ്പുമായി നടന്‍ മമ്മൂട്ടി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് താരത്തിന്റെ കുറിപ്പ്. ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണെന്നാണ് അദ്ദേഹം പറയുന്നത് തന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നുവെന്നും തന്റെ ഇരു കൈകളും മലര്‍ത്തിവെക്കുന്നുവെന്നുമാണ് മമ്മൂട്ടി പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്.കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു.കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു. സ്‌നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.

നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി.

ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്.അതൊന്നും ഓര്‍ക്കുന്നില്ലിപ്പോള്‍.ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു.ഞാനെന്റെ ഇരു കൈകളും മലര്‍ത്തിവെക്കുന്നു.