2024 ഡിസംബർ 28 ശനി 1.00 pm
?മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന് രാജ്യം വിട ചൊല്ലി.
യമുനാ തീരത്തെ നിഗംബോധ് ഘട്ടിൽ പൂർണ്ണ സൈനിക ബഹുമതികളോടെ സിഖ് മതാചാരപ്രകാരം ഭൗതീക ശരീരം സംസ്ക്കരിച്ചു.
?രാഷ്ട്രപതി ദൗപതി മുർമു, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്ങ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു
?എഐസിസി ആസ്ഥാനത്ത പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായിട്ടാണ് സംസ്കാരത്തിനായി മൃതദേഹം കൊണ്ടുവന്നത്.
? പെരിയ ഇരട്ട കൊല കേസിൽ 14 പ്രതികൾക്കെതിരെ കൊലക്കുറ്റം നിലനിൽക്കുമെന്ന് കൊച്ചി സിബിഐ കോടതി.
?10 പ്രതികളെ വിട്ടയച്ച കോടതി നടപടിക്കെതിരെ അപ്പീൽ പോകും, കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിച്ചതായും വാദിഭാഗം
?സി പി എം ആസൂത്രണം ചെയ്ത് ഒരു കൊലപാതകവും കേരളത്തിൽ നടന്നിട്ടില്ലെന്ന് എൽ ഡി എഫ് കൺവീനർ റ്റി.പി.രാമകൃഷ്ണൻ
ന്യൂസ് അറ്റ് നെറ്റ്
BREAKING NEWS
ഡോ.മൻമോഹൻ സിങ്ങിൻ്റെ ഭൗതീക ശരീരം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി
സ്ത്രീകളിൽ പെല്‍വിക് വേദന ഉണ്ടാകുന്നതിന് പിന്നിലെ 10 കാരണങ്ങൾ
പെൽവിക് വേദന സ്ത്രീകൾക്കിടയിൽ ഒരു സാധാരണ പ്രശ്നമാണ്. പെൽവിക് ഭാഗത്ത് പെട്ടെന്ന് വേദന അനുഭവപ്പെടാം. ചിലരിൽ വേദന ദിവസങ്ങളോളം നിൽക്കാം. ചിലരിൽ പെട്ടെന്ന് മാറാം. ചിലർക്ക് പെൽവിക് വേദനയോടൊപ്പം തുട വേദന, ഓക്കാനം, അസാധാരണമായ യോനി ഡിസ്ചാർജ് എന്നിവയും ഉണ്ടാകാം. സ്ത്രീകളിൽ പെൽവിക് വേദന ഉണ്ടാകുന്നതിന് പിന്നിലെ ചില കാരണങ്ങൾ അറിയാം.
ആർത്തവ വേദന
ആർത്തവ സമയത്ത് ഗർഭാശയത്തിന്റെ സങ്കോചം മൂലമാണ് വേദന ഉണ്ടാകുന്നത്. ഇത് സാധാരണമാണ്. സാധാരണയായി ആർത്തവത്തിന് മുമ്പോ അതിനിടയിലോ അടിവയറ്റിൽ മലബന്ധം അനുഭവപ്പെടുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇത് പരിഹരിക്കപ്പെടും. ഇടുപ്പ് വേദന 41.3 ശതമാനം സ്ത്രീകളിലും ഇടുപ്പ് വേദന റിപ്പോർട്ട് ചെയ്തതായി 2024 ഫെബ്രുവരിയിൽ ജേണൽ ഓഫ് പേഴ്സണലൈസ്ഡ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
എൻഡോമെട്രിയോസിസ്
എൻഡോമെട്രിയോസിസിൻ്റെ കാര്യത്തിൽ ഗർഭപാത്രത്തിൻ്റെ പാളിക്ക് സമാനമായ ടിഷ്യു, ഗർഭപാത്രത്തിന് പുറത്ത് വളരുന്നു. ഈ ടിഷ്യു ആർത്തവ ചക്രത്തോട് പ്രതികരിക്കുകയും വീക്കം, പെൽവിക് ഭാഗത്ത് വേദന, ചിലപ്പോൾ വന്ധ്യത എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു.
പെൽവിക് കോശജ്വലന രോഗം
ക്ലമീഡിയ അല്ലെങ്കിൽ ഗൊണോറിയ പോലുള്ള ലൈംഗികമായി പകരുന്ന അണുബാധകൾ മൂലവും പെൽവിക് വേദന ഉണ്ടാകാം. പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് കടുത്ത പെൽവിക് വേദന, പനി, അസാധാരണമായ ഡിസ്ചാർജ് എന്നിവയ്ക്ക് കാരണമാകും.
അണ്ഡാശയ മുഴകൾ
ഗർഭാശയത്തിന്റെ ഓരോ വശത്തും സ്ഥിതി ചെയ്യുന്ന അണ്ഡാശയങ്ങളിൽ വികസിക്കുന്ന ദ്രാവകം നിറഞ്ഞ സഞ്ചികളാണ് അവ. ചില സിസ്റ്റുകൾ പൊട്ടിപ്പോവുകയും വേദനയ്ക്ക് കാരണമാകും.
ഗർഭാശയ ഫൈബ്രോയിഡുകൾ
ഒരു സ്ത്രീയുടെ പ്രത്യുത്പാദന ഘട്ടത്തിൽ പലപ്പോഴും പ്രത്യക്ഷപ്പെടുന്ന ഗർഭാശയത്തിലെ അർബുദമല്ലാത്ത വളർച്ചയാണ് ഇവ. ഗർഭാശയ ഫൈബ്രോയിഡുകൾ പെൽവിക് പ്രദേശത്ത് വേദനയ്ക്കും സമ്മർദ്ദത്തിനും കനത്ത രക്തസ്രാവത്തിനും കാരണമാകും.
മൂത്രനാളിയിലെ അണുബാധ
മൂത്രാശയത്തിലോ വൃക്കകളിലോ ഉള്ള മൂത്രാശയ സംവിധാനത്തിലെ ബാക്ടീരിയ അണുബാധകളാണ് ഇവ. മൂത്രനാളിയിലെ അണുബാധകൾ അല്ലെങ്കിൽ യുടിഐകൾ പലപ്പോഴും പെൽവിക് അസ്വാസ്ഥ്യത്തിലേക്ക് നയിക്കുന്നു, വേദനാജനകമായ മൂത്രമൊഴിക്കൽ, പനി തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്.
ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS)
വൻകുടലിനെ ബാധിക്കുന്ന ഗ്യാസ്ട്രോ ഇൻ്റസ്റ്റൈനൽ ഡിസോർഡർ ആണ് ഐബിഎസ്. വയറുവേദന, വയറിളക്കം, മലബന്ധം, പെൽവിക് വേദന എന്നിവയ്ക്ക് കാരണമാകും.
മലബന്ധം
വിട്ടുമാറാത്ത മലബന്ധം പെൽവിക് വേദനയ്ക്ക് കാരണമാകുന്നതായി വിദഗ്ധർ പറയുന്നു.
എക്ടോപിക് ഗർഭം
ബീജസങ്കലനം ചെയ്ത മുട്ട ഗർഭാശയത്തിന് പുറത്ത്, സാധാരണയായി ഫാലോപ്യൻ ട്യൂബിൽ സ്ഥാപിക്കുന്ന ഗർഭധാരണമാണിത്. എക്ടോപിക് ഗർഭം പെൽവിക് വേദനയ്ക്ക് കാരണമാകും.
എൻഡോമെട്രിയൽ ഹൈപ്പർപ്ലാസിയ
ഗർഭാശയത്തിനുള്ളിലെ എൻഡോമെട്രിയൽ പാളിയുടെ അമിതവളർച്ചയാണിത്. എൻഡോമെട്രിയൽ ഹൈപ്പർപ്ലാസിയ കനത്ത ആർത്തവത്തിനും പെൽവിക് അസ്വസ്ഥതയ്‌ക്കൊപ്പം അസാധാരണ രക്തസ്രാവത്തിനും കാരണമാകും. ചിലപ്പോൾ, അത് ക്യാൻസർ പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് നയിച്ചേക്കാം.
ഹിമാചലിലെ മഞ്ഞു വീഴ്ച്ച; 5000 പേരെ രക്ഷപ്പെടുത്തി, ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്
ഷിംല : കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ഹിമാചലിൽ മഞ്ഞിൽ കുടുങ്ങിയ അയ്യായിരത്തോളം വിനോദസഞ്ചാരികളെ പോലീസ് രക്ഷപ്പെടുത്തി. കുളുവിലെ സ്കീ റിസോർട്ടായ സോളാങ് നലയിൽ കുടുങ്ങിയ ആളുകളെയാണ് രക്ഷപ്പെടുത്തിയത്.
“27.12.2024 നടന്ന അതിശൈത്യത്തിൽ 1000 ഓളം വാഹനങ്ങളും 5000 ഓളം വിനോദസഞ്ചാരികളും സോളംഗ് നലയിൽ കുടുങ്ങി. വാഹനങ്ങളെയും വിനോദസഞ്ചാരികളെയും കുളു പോലീസ് രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്,” കുളു പോലീസ് എക്‌സിൽ കുറിച്ചു.
കനത്ത മഞ്ഞുവീഴ്ചയും ശീതതരംഗവും ഇനിയും തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) വെള്ളിയാഴ്ച അറിയിച്ചു. ഇതെത്തുടർന്ന് ഐഎംഡി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച മുതൽ ഹിമാചൽ പ്രദേശിൻ്റെ ചില ഭാഗങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ഡിസംബർ 27, 28 തീയതികളിൽ പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ ഇടിമിന്നലിന്റെ അകമ്പടിയോടെ വ്യാപകമായ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറഞ്ഞിരുന്നു.
ലാഹൗൾ-സ്പിതി, ചമ്പ, കാൻഗ്ര, കുളു, ഷിംല, കിന്നൗർ എന്നിവയുൾപ്പെടെ ആറ് ജില്ലകളിൽ ഹിമാചൽ പ്രദേശ് തുടങ്ങിയ ജില്ലകളിലാണ് കനത്ത മഴയും മഞ്ഞുവീഴ്ചയും ഉണ്ടായത്. ഷിംല നഗരത്തിൽ വെള്ളിയാഴ്ച ഏകദേശം 5 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തി. ഇന്നത്തോടെ ഇത് നേരിയ അളവിൽ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ഡിസംബർ 29 ന് താപനില വീണ്ടും ഗണ്യമായി കുറയുമെന്നും കാലാവസ്ഥാ വകുപ്പ്.
കനത്ത മഞ്ഞ് വീഴ്ച്ച കാരണം ഇവിടങ്ങളിൽ റോട്ടിൽ തടസ്സങ്ങൾ ഉണ്ടാകുമെന്നും, മഞ്ഞ് ബാധിത പ്രദേശങ്ങളിൽ താമസക്കാരും യാത്രക്കാരും ജാഗ്രത പാലിക്കാനും ആവശ്യമായ മുൻകരുതലുകൾ എടുക്കാനും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
എൽ’ പൈപ്പിട്ട് രക്ഷിക്കാൻ ശ്രമം, തടസ്സമായി മഴ; 3 വയസ്സുകാരി 700 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണിട്ട് 6 ദിവസം
ജയ്പൂർ: കുഴൽക്കിണറിൽ വീണ മൂന്ന് വയസ്സുകാരിയെ രക്ഷിക്കാനുള്ള രക്ഷാപ്രവർത്തനത്തിന് തടസ്സമായി കനത്ത മഴ. കുട്ടി കുഴൽക്കിണറിൽ വീണിട്ട് ആറ് ദിവസമായി. രാജസ്ഥാനിലെ കോട്പുത്‌ലി-ബെഹ്‌റോർ ജില്ലയിലെ സരുന്ദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
തിങ്കളാഴ്ചയാണ് അച്ഛന്‍റെ കൃഷിയിടത്തിൽ കളിക്കുന്നതിനിടെ ചേതന എന്ന മൂന്ന് വയസ്സുകാരി കുഴൽക്കിണറിൽ വീണത്. 700 അടി താഴ്ചയുള്ള കുഴൽക്കിണറിൽ 150 അടി താഴ്ചയിലാണ് പെൺകുട്ടി കുടുങ്ങിയിരിക്കുന്നത്. കുഴൽക്കിണറിന് സമാന്തരമായി 170 അടി തുരങ്കം കുഴിച്ചു. എൽ ആകൃതിയിലുള്ള പൈപ്പിലൂടെ കുട്ടിയെ പുറത്തെടുക്കാനാണ് ശ്രമം. പക്ഷേ കനത്ത മഴ കാരണം ഇന്നലെ രക്ഷാപ്രവർത്തകർക്ക് ഇറങ്ങാനായില്ല. മഴവെള്ളത്തിൽ നിന്ന് കുഴൽക്കിണറിനെ സംരക്ഷിക്കാൻ, എല്ലാ ഭാഗത്തുനിന്നും സുരക്ഷിതമായി മൂടി. ഇന്ന് രക്ഷാപ്രവർത്തനം പുനരാരംഭിച്ചു.
2023-ൽ ഉത്തരാഖണ്ഡ് തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാൻ സഹായിച്ച ‘റാറ്റ് ഹോൾ മൈനേഴ്സിനെ’ ഇറക്കി ചേത്നയെ രക്ഷിക്കാനാണ് ശ്രമം. രക്ഷാപ്രവർത്തനം ഇതിനകം 100 മണിക്കൂറിനപ്പുറം നീണ്ടു. ആദ്യം കയറിൽ ഘടിപ്പിച്ച ഇരുമ്പ് വളയമുപയോഗിച്ച് കുട്ടിയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് സമാന്തരമായി തുരങ്കമുണ്ടാക്കിയത്. കുട്ടിക്ക് ഓക്സിജൻ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്.
ഒരു മെഡിക്കൽ സംഘവും ആംബുലൻസും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കുട്ടിയെ പുറത്തെടുത്താൽ ഉടനെ ആശുപത്രിയിൽ എത്തിക്കും. രക്ഷാപ്രവർത്തനത്തിന്‍റെ ആദ്യ ഘട്ടത്തിൽ ജില്ലാ ഭരണകൂടം അലംഭാവം കാട്ടിയതായി ചേതനയുടെ മാതാപിതാക്കൾ ആരോപിച്ചു. കുട്ടി കുഴൽക്കിണറിൽ വീണതു മുതൽ ഭക്ഷണം കഴിക്കാത്ത അമ്മ ധോളി ദേവിയുടെ ആരോഗ്യനില വഷളായി. ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അവർ
“അഞ്ച് ദിവസമായി എന്‍റെ കുഞ്ഞ് എന്തെങ്കിലും കഴിച്ചിട്ട്. കലക്ടർ മാഡത്തിന്‍റെ കുട്ടിയായിരുന്നെങ്കിൽ അവരിങ്ങനെ രക്ഷാപ്രവർത്തനം വൈകിപ്പിക്കുമായിരുന്നോ”- കുട്ടിയുടെ അമ്മ ചോദിക്കുന്നു.
‘ഇന്നലെ പറഞ്ഞത് കഴിഞ്ഞു, അവിടം കൊണ്ട് അവസാനിപ്പിക്കുന്നു’; നിലപാട് മയപ്പെടുത്തി സുനിൽകുമാർ
തൃശൂർ: തൃശൂർ മേയർ എംകെ വർഗീസിന്റെ ആരോപണങ്ങൾക്ക് മറുപടി പറയുന്നില്ലെന്ന് വിഎസ് സുനിൽകുമാർ. ഇന്നലെ പറഞ്ഞത് കഴിഞ്ഞു. അവിടം കൊണ്ട് അവസാനിപ്പിക്കുന്നുവെന്നും സുനിൽ കുമാർ വ്യക്തമാക്കി. സുരേന്ദ്രന്റേത് രാഷ്ട്രീയ പ്രസ്താവനയാണ്. സൗഹൃദ സന്ദർശനമാണ് സുരേന്ദ്രനും താനും നടത്തിയത്. മേയർക്കെതിരെ ഇന്നലെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. സുരേന്ദ്രൻ തന്നെ പോസ്റ്റിൽ പറഞ്ഞിട്ടുണ്ട് സൗഹൃദ കൂടിക്കാഴ്ചയാണെന്ന്.
മേയർ തുടരുന്നത് എൽഡിഎഫ് തീരുമാനപ്രകാരമാണ്. അത് തുടരട്ടെ. ഭവന സന്ദർശന വിവാദം മുന്നോട്ടു കൊണ്ടുപോകാൻ താൽപര്യമില്ല. പരസ്പരം വീടുകളിൽ പോയത് സൗഹൃദ സന്ദർശനം മാത്രമാണെന്നും ഈ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും സുനിൽകുമാർ വ്യക്തമാക്കി.
പെരിയ ഇരട്ടക്കൊല കേസിൽ 14 പേർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു, മുൻ എംഎൽഎ കെ. വി. കുഞ്ഞിരാമൻ ഉൾപ്പെടെ കുറ്റക്കാർ
കൊച്ചി:കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊല കേസിൽ 10 പ്രതികളെ വെറുതെ വിട്ടു. കുറ്റക്കാരനെന്ന് കണ്ടത്തിയ 14 പേർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞിട്ടുണ്ട്. 1 മുതൽ 8 വരെ പ്രതികളും മുൻ എം എൽ എ കെ വി കുഞ്ഞിരാമനും കുറ്റക്കാരനാണെന്നും വിചാരണക്കോടതി വിധിച്ചു.ഉദുമ മുൻ എരിയ സെക്രട്ടറി കെ.മണികണ്ഠൻ, ഒന്നാം പ്രതി സി പി എം പെരിയ മുൻ ലോക്കൽ കമ്മിറ്റിയംഗം എ പീതാംബരൻ ഉൾപ്പെടെയുള്ളവർ കുറ്റക്കാരണ്ടെന്നും കോടതി വിധിച്ചു.
കൊച്ചി സിബിഐ കോടതി 2 ആണ് കേസിൽ വിധി പറഞ്ഞത്. മുൻ എംഎൽഎ കെ.വി കുഞ്ഞിരാമനും സിപിഎം നേതാക്കളുമടക്കം കേസിൽ 24 പ്രതികളാണുള്ളത്.
സമീപകാലത്ത് സിപിഎമ്മിനെ ഏറ്റവും പ്രതിരോധത്തിലാക്കിയ കേസാണ് പെരിയ ഇരട്ടക്കൊലക്കേസ്. 2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്. തുടക്കത്തിൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിർദേശപ്രകാരം പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേർത്ത കേസിൽ സിബിഐ പത്ത് പ്രതികളെക്കൂടി ഉൾപ്പെടുത്തുകയായിരുന്നു.
സിപിഐഎം പെരിയ ലോക്കൽ സെക്രട്ടറിയായിരുന്ന എ. പീതാംബരനാണ് ഒന്നാം പ്രതി. നിരവധി പ്രാദേശിക നേതാക്കളും കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുണ്ട്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികൾ അഞ്ചര വർഷത്തിലേറെയായി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
സർക്കാർ ജോലിക്കാരുടെ വ്യാജ ഐഡി കാർഡ്, ജോലി കിട്ടിയത് പണം കൊടുത്തെന്ന് വിശ്വസിപ്പിച്ചു; ലക്ഷങ്ങളുടെ തട്ടിപ്പ്
ആലപ്പുുഴ: ചെങ്ങന്നൂരിൽ സർക്കാർ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിലായി. ആലപ്പുഴ പുലിയൂർ സ്വദേശിനി സുജിതയെയാണ് ചെങ്ങന്നൂർ പോലീസ് പിടികൂടിയത്. ഇവർക്കെതിരെ പല സ്റ്റേഷനുകളിലും ജോലി തട്ടിപ്പ് കേസുകളുണ്ടെന്ന് പൊലീസ് പറയുന്നു. ബുധുനൂർ സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് ഇപ്പോൾ അറസ്റ്റ്.
സർക്കാർ ആയൂർവേദ ആശുപത്രിയിൽ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് സുജിത 4.25 ലക്ഷം രൂപയാണ് ബുധുനൂർ സ്വദേശിനിയായ യുവതിയിൽ നിന്ന് കൈക്കലാക്കിയത്. താനും ആയുര്‍വേദ ആശുപത്രിയിലെ ജോലിക്കാരിയാണെന്നും, പണം കൊടുത്താണ് ജോലിയിൽ കയറിയതെന്നും സുചിത പരാതിക്കാരിയെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ഉദ്യോഗാർഥികളുടെ വിശ്വാസം ആർജിക്കാനായി സർക്കാർ ജീവനക്കാരുടെ വ്യാജ തിരിച്ചറിയൽ കാർഡും ഇവർ ധരിച്ചിരുന്നു.
2023 ഫെബ്രുവരി 25നാണ് പണം വാങ്ങിയതെന്ന് പരാതിക്കാരി പറഞ്ഞു. രണ്ട് മാസത്തിനകം ജോലിയിൽ കയറാമെന്നായിരുന്നത്രെ വാഗ്ദാനം. എട്ട് മാസം കഴിഞ്ഞപ്പോൾ ആദ്യ ഘട്ടത്തിൽ കുറച്ച് പേരുടെ ജോലി ശരിയായിട്ടുണ്ടെന്ന് പറഞ്ഞ് ഒരു പിഎസ്‍സി റാങ്ക് ലിസ്റ്റ് കാണിച്ചു. അടുത്ത ലിസ്റ്റ് ഇവരുടേതാണെന്നും പറഞ്ഞു. എന്നാൽ പിന്നീട് ജോലിയോ പണമോ തിരികെ ലഭിക്കാതെ ഇരുന്നതോടെ ഉദ്യോഗാർത്ഥി പൊലീസിൽ പരാതി നൽകുകയായിരുന്നു.
അറസ്റ്റിലായ പുലിയൂർ സ്വദേശിനി സുജിത സുരേഷിനെതിരെ ആലപ്പുഴയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ജോലി തട്ടിപ്പ് കേസുകളുണ്ട്. വണ്ടി ചെക്ക് നൽകി കബിളിപ്പിച്ച കേസ് കോടതിയിലും നിലനിൽക്കുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
അണ്ണാ സർവകലാശാല ബലാത്സംഗ കേസിൽ ഇന്നും വാദം തുടരും; പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി
ചെന്നൈ: ചെന്നൈ അണ്ണാ സർവകലാശാല ബലാത്സംഗ കേസിൽ ഇന്നും വാദം തുടരും. കഴിഞ്ഞ ദിവസം വേദം കേൾക്കവെ ചെന്നൈ പൊലീസിനെതിരെ മദ്രാസ് ഹൈക്കോടതി രൂക്ഷവിമർശനങ്ങളാണ് ഉന്നയിച്ചത്. കേസിന്റെ എഫ്ഐആർ ചോർന്നത് പൊലീസിന്റെ കൈയിൽ നിന്നെന്ന് കോടതി വിമർശിച്ചു.
പെൺകുട്ടി അനുഭവിക്കുന്ന മനോവിഷമത്തിന് ഉത്തരവാദി സർക്കാരാണ്. പൊലീസിന് ക്യാംപസിൽ വിലക്കേർപ്പെടുത്തിയിരിക്കുകയാണെന്നും അതേ സമയം പ്രതിക്ക് പൂർണസ്വാതന്ത്യം നൽകിയിരിക്കുകയാണെന്നും കോടതി രൂക്ഷഭാഷയിൽ പ്രതികരിച്ചു.
ക്യാമ്പസിൽ ദുരനുഭവം നേരിട്ട പെൺകുട്ടികൾ ഉണ്ടെങ്കിൽ മുന്നോട്ടുവരണം എന്ന് കോടതി പറഞ്ഞു. 10 വർഷമായി പ്രതി ക്യാമ്പസിൽ കയറിയിറങ്ങുന്നു. എന്തെല്ലാം സംഭവിച്ചിട്ടുണ്ടാകുമെന്ന് ആർക്കറിയാം എന്നും കോടതി ചോദിച്ചു. സദാചാര പൊലീസ് കളിക്കേണ്ടെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു. പെൺകുട്ടിയെ കുറിച്ച് മോശമായി സംസാരിക്കാൻ ആർക്കും അവകാശമില്ല. പുരുഷ സുഹൃത്തിനൊപ്പം സമയം ചെലവിടുന്നത് അവളുടെ അവകാശമാണ്. ആൺകുട്ടികൾ പെൺകുട്ടികൾക്കൊപ്പം പോകരുതെന്ന് സർവകലാശാലയ്ക്ക് പറയാനാകില്ല. സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് അസംബന്ധ പരാമർശങ്ങൾ അനുവദിക്കില്ലെന്നും കോടതി വാദം കേൾക്കലിനിടെ വ്യക്തമാക്കി.
ജോലിത്തർക്കം, ഡംബൽ കൊണ്ടുള്ള അടിയേറ്റ് യുവാവ് മരിച്ചു; 15 വയസ്സുകാരൻ അറസ്റ്റിൽ
ചെന്നൈ: എഗ്മൂറിൽ ഡംബൽ ഉപയോഗിച്ചുള്ള അടിയേറ്റ് ബിഹാറി യുവാവ് മരിച്ച സംഭവത്തിൽ 15 വയസ്സുകാരൻ പിടിയിലായി. ഇരുവരും പ്രദേശത്തെ വീട്ടിൽ ജോലി ചെയ്തുകൊണ്ടിരിക്കെയുണ്ടായ തർക്കത്തെ തുടർന്നു ബിഹാറിൽ നിന്നു തന്നെയുള്ള കുട്ടി ഡംബൽ ഉപയോഗിച്ച് രാഹുൽ കുമാർ (18) എന്ന യുവാവിന്റെ തലയ്ക്കടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
ജോലിയുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണു കൊലപാതകമെന്നു കുട്ടി പൊലീസിനോട് സമ്മതിച്ചു. പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. കുട്ടിയെ സർക്കാർ ഒബ്സർവേഷൻ ഹോമിൽ മാറ്റിയിട്ടുണ്ട്.
ഡിസിസി ട്രഷററുടെയും മകന്‍റെയും മരണത്തിലെ ദുരൂഹത; ആത്മഹത്യാ കുറിപ്പ് കണ്ടെത്താനായില്ല, അന്വേഷണത്തിന് പൊലീസ്
കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷററുടേയും മകന്‍റെയും മരണത്തിലെ ദുരൂഹത പൊലീസ് അന്വേഷിക്കും. പോസ്റ്റ്മോർട്ടത്തിന് ശേഷമായിരിക്കും തുടര്‍ നടപടിയെന്ന് പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ വയനാട് ഡിസിസി ട്രഷറര്‍ എൻ.എം.വിജയനും മകൻ ജിജേഷും ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. വൈകിട്ട് അഞ്ചുമണിയോടെ സുൽത്താൻബത്തേരിയിലെ വീട്ടുവളപ്പിൽ മൃതദേഹങ്ങൾ സംസ്കരിക്കും.
വിഷം കഴിച്ച നിലയിലാണ് വിജയനെയും മകനെയും ചൊവ്വാഴ്ച വീട്ടിൽ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിൽ ആയ ഇരുവരും ഇന്നലെയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യാ ശ്രമമെന്ന വിലയിരുത്തലിൽ വിജയന്‍റെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ആത്മഹത്യാ കുറിപ്പുകൾ ഒന്നും കണ്ടെത്തിയില്ല.
മരണത്തിന് പിന്നിലെ കാരണം ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കും. വയനാട്ടിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായിരുന്ന വിജയൻ നീണ്ടകാലം സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. മകൻ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു. സുൽത്താൻ ബത്തേരി സഹകരണ ബാങ്ക് നിയമന ക്രമക്കേട് വിവാദം ചർച്ചയിൽ നിൽക്കെയാണ് വിജയനെയും മകനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. എൻ. എം വിജയൻ വയനാട്ടിലെ കോൺഗ്രസ് നേതാക്കൻമാരിൽ പ്രമുഖനാണ്.









































