Home Blog Page 1818

അത് തട്ടിക്കൊണ്ടുപോകലല്ല: കാറിൽ നിന്ന് നിർണായക തെളിവ്; ആലപ്പുഴ ബൈപ്പാസിലെ വാഹനാപകടം ലഹരി ഇടപാടിലെ തർക്കം

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ ഇന്നലെ രാത്രി നടന്ന വാഹനാപകടം യുവാവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമായിരുന്നില്ലെന്ന് പൊലീസ്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കം അപകടത്തിൽ കലാശിച്ചതാണെന്നാണ് പൊലീസ് പറയുന്നത്. അപകടത്തിൽ പെട്ട കാറിൽ നിന്ന് കണ്ടെത്തിയ ത്രാസ് എംഡിഎംഎ തൂക്കാൻ ഉപയോഗിക്കുന്നതാണെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കസ്റ്റഡിയിലുള്ള കരുനാഗപ്പള്ളി സ്വദേശി ഷംനാദിനെ പൊലീസ് കൂടുതൽ ചോദ്യം ചെയ്യുകയാണ്.

ഷംനാദിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ആറ് ലഹരി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാർ ലീസിനെടുത്ത് ലഹരി വിൽപ്പന നടത്തുന്ന സംഘവുമായി ഇടപാടിനിടെ കാറിൽ വെച്ച് തർക്കമുണ്ടായി. ഇതോടെ കാറിനകത്ത് ഒരു സീറ്റിലിരുന്ന ഷംനാദ് സ്റ്റിയറിങ് പിടിച്ച് തിരിച്ചു. ഇതോടെ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു. ഷംനാദിനൊപ്പം കാറിൽ ഉണ്ടായിരുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു.

മൻമോഹൻ സിങിന് വിട നൽകാൻ രാജ്യം; എഐസിസി ആസ്ഥാനത്ത് അന്ത്യാഞ്ജലി അര്‍പ്പിച്ച് നേതാക്കൾ, വിലാപ യാത്ര തുടങ്ങി

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന് ഇന്ന് രാജ്യം വിട ചൊല്ലും. രാവിലെ എഐസിസി ആസ്ഥാനത്ത ആരംഭിച്ച പൊതുദര്‍ശനം പൂര്‍ത്തിയായി. എഐസിസി ആസ്ഥാനത്ത് എത്തി നേതാക്കള്‍ മൻമോഹൻ സിങിന് ആദരമര്‍പ്പിച്ചു. പൊതുദര്‍ശനത്തിനുശേഷം വിലാപയാത്രയായിട്ടാണ് സംസ്കാരം നടക്കുന്ന യമുനാ തീരത്തെ നിഗംബോധ് ഘട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുന്നത്. എഐസിസി ആസ്ഥാനത്തുനിന്നും സൈനിക ട്രക്കിലാണ് മൃതദേഹം വിലാപ യാത്രയായി കൊണ്ടുപോകുന്നത്. പൂര്‍ണ സൈനിക ബഹുമതികളോടെ രാവിലെ 11നുശേഷമായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുക. രാവിലെ മൻമോഹൻ സിങിന്‍റെ വസതിയിൽ നിന്നാണ് എഐസിസി ആസ്ഥാനത്തേക്ക് മൃതദേഹം എത്തിച്ചത്.

തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, കെസി വേണുഗോപാൽ, സിദ്ധരാമയ്യ, പ്രിയങ്ക ഗാന്ധി, ഡികെ ശിവകുമാര്‍ മറ്റു കേന്ദ്ര നേതാക്കള്‍, എംപിമാര്‍, കേരളത്തിൽ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. മൻമോഹൻ സിങിന്‍റെ സംസ്കാര ചടങ്ങുകള്‍ക്ക് നിഗം ബോധ് ഘട്ടിൽ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിവിധ സേനാവിഭാഗങ്ങള്‍ സ്ഥലത്തെത്തി സൈനിക ബഹുമതി നൽകുന്നതിന് തയ്യാറായി. മൻമോഹൻ സിങിന്‍റെ നിര്യാണത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഉച്ചവരെ അവധിയായിരിക്കും.

അതേസമയം, മൻമോഹൻ സിങിനന്‍റെ സമാധി സ്ഥലവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കോണ്‍ഗ്രസിനെതിരെ ബിജെപി രംഗത്തെത്തി. കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണ് എന്ന് ബിജെപി എംപി സുദാൻസു ത്രിവേദി ആരോപിച്ചു. കോൺഗ്രസ് ഒരിക്കലും മൻമോഹൻ സിങിനെ ബഹുമാനിച്ചിട്ടില്ല., നടപടികൾ പൂർത്തിയായാൽ ഉടൻ സ്മാരകം നിർമക്കാൻ സ്ഥലം നൽകുമെന്നും സുദാൻസു ത്രിവേദി പറഞ്ഞു.

മൻമോഹൻ സിങിന് സ്മാരകത്തിന് സ്ഥലം നൽകുമെന്നും ഒരു ട്രസ്റ്റ് രൂപീകരിച്ചശേഷം ഇത് കൈമാറുമെന്നുമാണ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. ട്രസ്റ്റ് രൂപീകരിച്ച് കൈമാറേണ്ട നടപടികളുള്ളതിനാലാണ് ഇപ്പോള്‍ യമുനാതീരത്തുള്ള നിഗംബോധ് ഘട്ടിൽ മൻമോഹൻ സിങിന്‍റെ മൃതദേഹം സംസ്കരിക്കാൻ തീരുമാനിച്ചത്. ഇപ്പോള്‍ ഉയരുന്നത് അനാവശ്യ വിവാദമാണ്. സ്മാരകങ്ങള്‍ക്ക് സ്ഥലം നൽകേണ്ടതില്ല എന്ന് തീരുമാനിച്ചത് യുപിഎ സര്‍ക്കാരിന്‍റെ കാലത്താണെന്നും കേന്ദ്ര വൃത്തങ്ങള്‍ അറിയിച്ചു.

വാർത്താനോട്ടം

2024 ഡിസംബർ 28 ശനി

BREAKING NEWS

? തമിഴ്നാട്ടിലെ തേനി പെരിയകുളത്ത് കാറും ബസും കൂട്ടിയിടിച്ച് 3 പേർ മരിച്ചു.മരിച്ചവർ കോട്ടയം കൂത്താട്ടുകുളം സ്വദേശികളാണ്. അയൽവാസികളായ ഇവർ കൊടെയ് ക്കനാലിലേക്ക് പോയതാണ് .

?മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിൻ്റെ സംസ്ക്കാരം ഇന്ന് രാവിലെ 11.45ന് നിഗം ബോധ്ഘട്ടിൽ പൂർണ്ണ സൈനീക ബഹുമതികളോടെ

?മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിൻ്റെ ഭൗതീക ശരീരം പൊതുദർശനത്തിനായി എഐസിസി ആസ്ഥാനത്ത് എത്തിച്ചു.

? പെരിയ ഇരട്ട കൊലകേസിലെ വിധി ഇന്ന്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനും ശരത് ലാലിനും നീതി പ്രതീക്ഷിച്ച് നാട്.

?കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് രാജ്ഭവനിൽ നൽകുവാൻ നിശ്ചയിച്ചിരുന്ന യാത്രയയപ്പ് ദേശീയ ദു:ഖാചരണം കണക്കിലെടുത്ത് റദ്ദാക്കി

?വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വയനാട് ബത്തേരി ഡി സി സി ട്രഷറർ എൻഎം വിജയനും (78) മകൻ ജി ജേഷും മരിച്ചു.

?സിനിമ കാണാനെത്തിയ സ്ത്രീകളെ ശല്യം ചെയ്ത ഗുരുവായൂർ എ എസ് ഐ രാഗേഷിനെ കസ്റ്റഡിയിലെടുത്തു.

?ആലപ്പുഴയിൽ കുത്തിന് വൈകല്യം, വിദഗ്ധ ചികിത്സ വേണമെന്ന് മെഡിക്കൽ സംഘം

?സി പി ഐ നേതാക്കൾ മദ്യപിക്കുകയോ പൊതുമധ്യത്തിൽ അവമതിപ്പ് ഉണ്ടാക്കുകയോ ചെയ്യരുതെന്ന് സി പി ഐ

? ചോദ്യപേപ്പർ ചോർച്ച എം എസ് സൊല്യൂഷ്യനിലെ രണ്ട് അധ്യാപകർ ഈ മാസം
30, 31 തീയതികളിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസ്.

?കേരളീയം?

?മുനമ്പത്തെ തര്‍ക്ക ഭൂമിയുടെ യഥാര്‍ത്ഥ ഉടമകളെ കണ്ടെത്തണമെന്ന് വഖഫ് ട്രൈബ്യൂണല്‍. തിരുവിതാംകൂര്‍ രാജാവ്, സേഠ് കുടുംബത്തിന് പാട്ടമായാണോ ഭൂമി നല്‍കിയതെന്ന് ചോദിച്ച ട്രൈബ്യൂണല്‍ പാട്ട കരാറാണെങ്കില്‍ വഖഫ് ആധാരം നിലനില്‍ക്കില്ലെന്നും നിരീക്ഷിച്ചു.

?പുതിയ കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ജനുവരി രണ്ടിന് ചുമതലയേല്‍ക്കും. അദ്ദേഹം പുതുവത്സര ദിനത്തില്‍ കേരളത്തിലെത്തും. ഇതേ ദിവസം തന്നെ ആരിഫ് മുഹമ്മദ് ഖാന്‍ കൊച്ചിയില്‍ നിന്ന് ബിഹാറിലേക്ക് തിരിക്കും.

? തിരുനെല്‍വേലിയില്‍ ആശുപത്രി മാലിന്യം തള്ളിയ സംഭവത്തില്‍ കരാര്‍ കമ്പനിയെ മൂന്ന് വര്‍ഷത്തേക്ക് കരിമ്പട്ടികയില്‍പെടുത്തി. കരാര്‍ ഏറ്റെടുത്ത സണ്‍ ഏജ് കരാര്‍ കമ്പനിയേയാണ് കരിമ്പട്ടികയില്‍ പെടുത്തിയതായി ശുചിത്വ മിഷന്‍ അറിയിച്ചത്.

? ഫോര്‍ട്ടുകൊച്ചിയില്‍ പുതുവര്‍ഷരാത്രിയില്‍ ഇത്തവണ രണ്ട് പാപ്പാഞ്ഞികളെ കത്തിക്കും. വെളി മൈതാനത്ത് ഗാലാ ഡി കൊച്ചി തയാറാക്കിയ പാപ്പാഞ്ഞിയെ കത്തിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. കാര്‍ണിവല്‍ കമ്മിറ്റിയുടെ പാപ്പാഞ്ഞിയെ പതിവുപോലെ പരേഡ് മൈതാനത്ത് കത്തിക്കും.

? തൃശ്ശൂരിലെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വേലകളുടെ വെടിക്കെട്ടിന് ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചു. അടുത്ത മാസം മൂന്നിന് പാറമേക്കാവിന്റെയും അഞ്ചിന് തിരുവമ്പാടിയുടെയും വേല നടക്കാനിരിക്കെയാണ് വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്.

? തൃശൂരിലെ സ്വരാജ് റൗണ്ടിനെ ചുവപ്പണിയിച്ച് ബോണ്‍ നതാലെ. തൃശൂര്‍ പൗരാവലിയും തൃശൂര്‍ അതിരൂപതയും ക്രിസ്മസ്- പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംയുക്തമായി സംഘടിപ്പിച്ച ബോണ്‍ നത്താലെയില്‍ പതിനയ്യായിരത്തോളം പാപ്പമാരാണ് പങ്കെടുത്തത്.

?വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയനും (78) മകന്‍ ജിജേഷും (38) മരിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് വിഷം അകത്തുചെന്ന നിലയില്‍ വീട്ടിനുള്ളില്‍ കാണപ്പെട്ട ഇരുവരേയും ബത്തേരിയിലെ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചത്. ദീര്‍ഘകാലം ബത്തേരി പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു എന്‍.എം.വിജയന്‍.

?യുവതിയോട് ലൈംഗിക ചുവയോടെ അപമര്യാദയായി പെരുമാറുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത എക്സൈസ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. ജയപ്രകാശിനെ ആണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.

? ജലഗതാഗത വകുപ്പിന്റെ ബോട്ടില്‍ നിന്ന് വേമ്പനാട്ട് കായലില്‍ ചാടിയ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ഉദയന്‍ (56) ആണ് വ്യാഴാഴ്ച രാത്രി കുമരകത്തു നിന്ന് മുഹമ്മയിലേക്ക് വന്ന ബോട്ടില്‍ നിന്ന് കായലിലേക്ക് ചാടിയത്.

?? ദേശീയം ??

?അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ സംസ്‌കാരം ഇന്ന് രാവിലെ 11.45ന് ദില്ലിയിലെ നിഗംബോധ് ഘാട്ടില്‍. യമുനതീരത്ത് പ്രത്യേകസ്ഥലം വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തില്‍ തീരുമാനമായില്ല. പൂര്‍ണ്ണ സൈനിക ബഹുമതിയോടെ സംസ്‌കാര ചടങ്ങുകള്‍ നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

? പഞ്ചാബില്‍ ബസ് പാലത്തില്‍ നിന്ന് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പാലത്തിന്റെ കൈവരികള്‍ ഇടിച്ചുതകര്‍ത്തശേഷം ബസ് താഴേയ്ക്ക് മറിയുകയായിരുന്നു. കനത്ത മഴ കാരണം നിയന്ത്രണം വിട്ടതാകാം അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

? ആകാശ എയറിന് 10 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. ഏഴ് യാത്രക്കാരെ വിമാനത്തില്‍ കയറ്റാതെ പോയ സംഭവത്തിലാണ് പിഴ ചുമത്തിയത്. സെപ്തംബര്‍ 6 ന് ബെംഗളൂരു – പുനെ വിമാനത്തിലാണ് സംഭവം.

? ദില്ലിയില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി ജിതേന്ദ്ര (26) യാണ് മരിച്ചത്. ബുധനാഴ്ചയാണ് ജിതേന്ദ്ര പെട്രോള്‍ ഒഴിച്ച് സ്വയം തീ കൊളുത്തിയത്.

? കാണാതായ വനിതാ കോണ്‍സ്റ്റബിളിന് വേണ്ടിയുള്ള തിരച്ചിലിനിടെ തെലങ്കാന പൊലീസ് കണ്ടെത്തിയത് മൂന്ന് പേരുടെ മൃതദേഹങ്ങള്‍. വിശദമായ തിരച്ചിലിനൊടുവില്‍ സബ് ഇന്‍സ്‌പെക്ടര്‍, വനിതാ കോണ്‍സ്റ്റബിള്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കാമറെഡ്ഡി നഗരത്തിന് സമീപമുള്ള അഡ്‌ലൂര്‍ യെല്ലറെഡ്ഡിയിലെ ഒരു തടാകത്തില്‍ നിന്ന് കണ്ടെത്തിയത്.

? മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ ഭാര്യാസഹോദരനും നിരോധിത സംഘടനയായ ജമാഅത്ത് ഉദ് ദവയുടെ നേതാവുമായ ഹാഫിസ് അബ്ദുള്‍ റഹ്‌മാന്‍ മക്കി ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ലാഹോറില്‍ മരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ അസുഖ ബാധിതനായ മക്കിയെ കടുത്ത പ്രമേഹത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

? മഹാ കുംഭമേളയ്ക്ക് ഒരുങ്ങി ഉത്തര്‍പ്രദേശ്. പ്രയാഗ്രാജിലെ മഹാ കുംഭമേളയില്‍ പങ്കെടുക്കുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങള്‍ യുപി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 56 സൈബര്‍ യോദ്ധാക്കളുടെ സംഘത്തെയാണ് വിന്യസിക്കുന്നത്.

?? അന്തർദേശീയം ??

? സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാന്‍ ഒസാമു സുസുക്കി (94) അന്തരിച്ചു. അര്‍ബുദ ബാധിതനായിരുന്ന അദ്ദേഹത്തിന്റെ മരണം ഡിസംബര്‍ 25-നായിരുന്നുവെന്ന് കുടുംബം അറിയിച്ചു. സുസുക്കിയെ ഇന്നത്തെ നിലയിലാക്കി മാറ്റിയ ‘വിപ്ലവകാരി’ എന്നാണ് 40 വര്‍ഷം കമ്പനിയെ നയിച്ച ഒസാമു അറിയപ്പെടുന്നത്.

? ദക്ഷിണകൊറിയ
യില്‍ ആക്ടിങ് പ്രസിഡന്റ് ഹാന്‍ ഡക്സുവിനെയും ദേശീയ അസംബ്ലി വോട്ട് ചെയ്തു പുറത്താക്കി. ഭരണകക്ഷിയംഗങ്ങള്‍ ഇറങ്ങിപ്പോയതോടെയാണ് പ്രമേയം പാസായത്. ഭരണഘടനാ കോടതി അന്തിമ തീര്‍പ്പ് പ്രഖ്യാപിക്കുന്നതുവരെ പ്രസിഡന്റിന്റെ അധികാരവും ചുമതലയും നീക്കം ചെയ്യും.

? അസര്‍ബയ്ജാന്‍ വിമാനം കസാഖ്സ്താനിലെ അക്താകുവില്‍ തകര്‍ന്നുവീണ സംഭവത്തില്‍ വിശദീകരണവുമായി അസര്‍ബയ്ജാന്‍ എയര്‍ലൈന്‍സ്. സാങ്കേതികവും പുറത്ത് നിന്നുള്ള എന്തിന്റെയോ ബാഹ്യമായ ഇടപെടലുമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി അസര്‍ബയ്ജാന്‍ എയര്‍ലൈന്‍സ് വ്യക്തമാക്കി.

കായികം

? കരുത്തരായ ജമ്മു-കശ്മീരിനെ തോല്‍പ്പിച്ച് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. നാളെ വൈകീട്ട് 7.30-ന് ഗച്ചിബൗളി സ്റ്റേഡിയത്തില്‍ നടക്കുന്ന സെമിയില്‍ മണിപ്പൂരാണ് കേരളത്തിന്റെ എതിരാളികള്‍.

മദ്യലഹരിയിൽ സ്ത്രീകളെ ശല്യപ്പെടുത്തിയ എഎസ്ഐ പോലീസ് കസ്റ്റഡിയിൽ

തൃശൂര്‍. മദ്യലഹരിയിൽ സ്ത്രീകളെ ശല്യപ്പെടുത്തിയ എ.എസ്.ഐ. പോലീസ് കസ്റ്റഡിയിൽ. ഗുരുവായൂർ സ്റ്റേഷനിലെ എ.എസ്.ഐ രാഗേഷ് (42) നെയാണ് കസ്റ്റഡിയിൽ എടുത്തത്. കാഞ്ഞാണിയിലെ സിനിമാ തിയ്യറ്ററിൽ ആണ് ഇയാൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത്. അന്തിക്കാട് പോലീസെത്തിയാണ് പിടികൂടിയത്.

സിനിമ കാണാനെത്തിയ സ്ത്രീകളെ ഇയാൾ ശല്യപ്പെടുത്തുന്നതായി പരാതികൾ വന്നതോടെ തിയ്യേറ്റർ ജീവനക്കാരാണ് പോലീസിൽ അറിയിച്ചത്. ഇയാൾ മദ്യപിച്ച നിലയിലായിരുന്നു വെന്ന് പോലീസ് പറഞ്ഞു.

കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകര്‍ന്നുവീണ് വിദ്യാര്‍ഥി മരിച്ചു

കൊല്ലം. കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകര്‍ന്നുവീണ് വിദ്യാര്‍ഥി മരിച്ചു. ചാത്തിനാംകുളം പുത്തന്‍കുളങ്ങരയില്‍ ബിജു-അജിതകുമാരി ദമ്പതികളുടെ മകന്‍ അനന്ദു (16 ) ആണ് മരിച്ചത്.

ചാത്തിനാംകുളം അംബേദ്കര്‍ കോളനിയിലെ സ്വകാര്യ കശുവണ്ടി ഫാക്ടറിയിലാണ് സംഭവം.ഫാക്ടറി നാളുകളായി പൂട്ടികിടക്കുകയാണ്.ഇന്നലെ വൈകീട്ട് ഇതിന്റെ പരിസരത്ത് സുഹൃത്തുക്കളായ അഞ്ച് പേര്‍ക്കൊപ്പം ഇരിക്കുകയായിരുന്നു അനന്ദു.

ഇതിനിടെയാണ് ചിമ്മിനി തകര്‍ന്നുവീണത്.സംഭവം കണ്ട് മറ്റുള്ളവര്‍ ഓടിരക്ഷപെട്ടു. അനന്ദുവും കൂടെയുണ്ടെന്നാണ് സുഹൃത്തുക്കള്‍ കരുതിയത്.രാത്രിയാണ് അനന്ദുവിനെ കാണാനില്ലെന്ന് സുഹൃത്തുക്കള്‍ മറ്റുള്ളവരെ അറിയിക്കുന്നത്.

തുടര്‍ന്ന് ജെ.സി.ബി ഉള്‍പ്പടെയുള്ളവ എത്തിച്ച് നടത്തിയ തിരച്ചിലില്‍ രാത്രി 9.30ഓടെയാണ് അനന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്.

പത്തനംതിട്ടയിൽ സിപിഎമ്മിൽ ചേർന്നവരിൽ റൗഡിയും

പത്തനംതിട്ട. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സിപിഎമ്മിൽ ചേർന്നവരിൽ
റൗഡി പട്ടികയിൽ ഉൾപ്പെട്ട ആളും.വെട്ടൂർ സ്വദേശി സിദ്ധിഖ് മലയാലപ്പുഴ സ്റ്റേഷനിലെ റൗഡി പട്ടികയിൽ ഉൾപ്പെട്ട ആൾ.പോലീസുകാരനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതടക്കം 4 കേസുകളിലെ പ്രതി.സിദ്ദിഖിനെ കൂടാതെ വിവിധ കേസുകളിൽ പ്രതികളായ പ്രമാടം സ്വദേശികളായ മാജിക് കണ്ണൻ, അരുൺ എന്നിവരും സിപിഎമ്മിൽ ചേർന്നവരിൽ ഉൾപ്പെടും

വധശ്രമ കേസിൽ അരുണിന് ജാമ്യം കിട്ടിയത് ദിവസങ്ങൾക്ക് മുൻപ് സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് മുന്നോടിയായി 50 ൽ അധികം പേരാണ് ഇന്ന് പാർട്ടിയിൽ ചേർന്നത്.മാസങ്ങൾക്ക് മുൻപ് കാപ്പാക്കേസ് പ്രതി അടക്കം പാർട്ടിയിൽ ചേർന്നത് വലിയ വിവാദമായിരുന്നു

കോളിളക്കം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊല കേസിൽ വിധി ഇന്ന്

കാസര്‍ഗോഡ്.കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊല കേസിൽ വിധി ഇന്ന്. കൊച്ചി സിബിഐ കോടതിയാണ് കേസിൽ വിധി പറയുക. മുൻ എംഎൽഎ കെ.വി കുഞ്ഞിരാമനും സിപിഎം നേതാക്കളുമടക്കം കേസിൽ 24 പ്രതികളാണുള്ളത്.
സമീപകാലത്ത് സിപിഎമ്മിനെ ഏറ്റവും പ്രതിരോധത്തിലാക്കിയ കേസാണ് പെരിയ ഇരട്ടക്കൊലക്കേസ്. 2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്. തുടക്കത്തിൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിർദേശപ്രകാരം പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേർത്ത കേസിൽ സിബിഐ പത്ത് പ്രതികളെക്കൂടി ഉൾപ്പെടുത്തുകയായിരുന്നു.
സിപിഐഎം പെരിയ ലോക്കൽ സെക്രട്ടറിയായിരുന്ന എ. പീതാംബരനാണ് ഒന്നാം പ്രതി. നിരവധി പ്രാദേശിക നേതാക്കളും കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുണ്ട്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികൾ അഞ്ചര വർഷത്തിലേറെയായി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

സൈക്കിളിൽ പെട്ടി ഓട്ടോറിക്ഷ ഇടിച്ച അപകടത്തിൽ പരിക്കേറ്റ സൈക്കിൾ യാത്രക്കാരൻ മരിച്ചു

കായംകുളം. സൈക്കിളിൽ പെട്ടി ഓട്ടോറിക്ഷ ഇടിച്ച അപകടത്തിൽ പരിക്കേറ്റ സൈക്കിൾ യാത്രക്കാരൻ മരിച്ചു. പുള്ളികണക്ക് വള്ളുവപള്ളി കിഴക്കതിൽ നാസർ ആണ് മരിച്ചത്. ഇന്നലെ രാത്രി കുറ്റിത്തെരുവ് പുള്ളിക്കണക്ക് റോഡിൽ ആയിരുന്നു അപകടം

തേനിയില്‍ വാഹനാപകടം, മൂന്നു മലയാളികള്‍ മരിച്ചു

തേനി.വാഹനാപകടത്തിൽ മൂന്ന് മരണം. തമിഴ്നാട് തേനി പെരിയകുളത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു.കോട്ടയം കുറവിലങ്ങാട് കുര്യം സ്വദേശികളായ ജെയിന്‍ തോമസ് കോയിക്കല്‍, സോണിമോന്‍ കെ.ജെ കാഞ്ഞിരത്തിങ്കല്‍, ജോബീഷ് തോമസ് അമ്പലത്തിങ്കല്‍ എന്നിവരാണ് മരിച്ചത്. പിഡി ഷാജിക്ക് ഗുരുതരമായി പരുക്കേറ്റു. ഇവര്‍ സഞ്ചരിച്ച കാര്‍ പൂര്‍ണമായി തകര്‍ന്നു. വേളാങ്കണ്ണി ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍. ഏർക്കാട്ടേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു

അപകടത്തിൽ ടൂറിസ്റ്റ് ബസിൽ സഞ്ചരിച്ച 18 പേർക്ക് പരുക്ക്. ഗുരുതരമായിപരുക്കേറ്റയാളെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

അശ്വതി മുതൽ പൂയം വരെ നക്ഷത്രക്കാരുടെ 2025 ലെ സമ്പൂർണഫലം

2025 പുതുവർഷത്തിലെ കൂറ് അനുസരിച്ചു അശ്വതി മുതൽ പൂയം നക്ഷത്രം വരെയുള്ളവരുടെ പൊതുഫലങ്ങൾ നോക്കാം.മനുഷ്യ ജീവിതത്തെ സ്വാധീനിക്കുന്ന രണ്ടു ഗ്രഹങ്ങളായ വ്യാഴം, ശനി എന്നിവ 2025 പുതുവർഷത്തിൽ രാശി മാറുന്നു. അതിനാൽ ദോഷമുള്ള നക്ഷത്രക്കാർക്ക്‌ കുറച്ചുകാലം ശുഭഫലങ്ങൾ അനുഭവയോഗ്യമാവും.

അശ്വതി

കഴിഞ്ഞ വർഷത്തിൻ്റെ തുടർച്ചയായുള്ള അനുഭവങ്ങൾ തന്നെയാവും ആദ്യ അഞ്ചുമാസക്കാലം പ്രതീക്ഷിക്കാനാവുക.വിദേശതൊഴിൽ ലാഭത്തിനു സാധ്യത. മനസ്സിനിണങ്ങിയ ഗൃഹലാഭം. സേനാവിഭാഗങ്ങളിൽ സ്ഥാനക്കയറ്റം. പദവിയിൽ ഉയർച്ചയോ സ്വതന്ത്ര ചുമതലയോ ലഭിക്കുന്നതാണ്. എതിർപ്പുകളെ അതിജീവിച്ച് മുന്നേറാനാവും. മാർച്ച് അവസാനത്തിൽ ശനിയുടെ മീനരാശിപ്രവേശം സംഭവിക്കുന്നതിനാൽ അശ്വതി നാളുകാർക്ക് ഏഴരശ്ശനിക്കാലം തുടങ്ങുകയാണ്. വർഷത്തിൻ്റെ രണ്ടാം പകുതി മുതൽ കുറച്ചൊക്കെ അനിശ്ചിതത്വവും ആശയക്കുഴപ്പവും വരാനിടയുണ്ട്. ഈ സമയത്ത് ആരോഗ്യകാര്യത്തിലും ധനകാര്യത്തിലും ജാഗ്രത അനിവാര്യമാണ്

ഭരണി

സാമ്പത്തിക സ്ഥിതിയിൽ അപ്രതീക്ഷിത മുന്നേറ്റം. വിവാഹം ആലോചിക്കുന്നവർക്ക് മനസ്സിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും.ഭവന നിർമാണം പൂർത്തീകരിക്കും. പണമിടപാടുകളിൽ നേട്ടം. രോഗദുരിതത്തിൽ നിന്ന് ആശ്വാസം. ഉദ്യോഗലബ്ധി, കലാപരമായ ഉയർച്ച, ധനപരമായ വളർച്ച എന്നിവയെല്ലാം യാഥാർത്ഥ്യമാവും. മാർച്ച് അവസാനത്തിൽ ശനിയുടെ മീനരാശിപ്രവേശം മൂലം ഏഴരശ്ശനിക്കാലം ആരംഭിക്കുന്നു. മേയ് മാസത്തിൽ വ്യാഴം മൂന്നാം ഭാവത്തിലേക്ക് പോവുകയാണ്. രാഹു മാറ്റം ഗുണകരമാവും. ജൂൺ മാസം മുതൽ വലിയ മുതൽമുടക്കുകൾ ഒഴിവാക്കണം

കാർത്തിക
ജൂൺ വരെ മേടക്കൂറുകാർക്ക് അനുകൂലമായ കാലഘട്ടമായിരിക്കും. ശത്രുവിജയം അനായാസമാവും. ഉദ്യോഗലബ്ധി സ്വാഭാവികമായി വന്നെത്തും.സേനാവിഭാഗങ്ങളിൽ ജോലി ലഭിക്കുവാൻ അവസരം. ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരും. സാമൂഹികമായ അംഗീകാരം ലഭിക്കും. മാർച്ച് ഒടുവിൽ ഏഴരശ്ശനിക്കാലം തുടങ്ങുന്നതാണ്. ആരോഗ്യകാര്യത്തിൽ കരുതൽ വേണ്ടതുണ്ട്.
ഇടവക്കൂറുകാർക്ക് ശനി പതിനൊന്നിലും വ്യാഴം രണ്ടിലും സഞ്ചരിക്കുന്നതിനാൽ വർഷമദ്ധ്യത്തിനുമേൽ ഗുണഫലം പ്രതീക്ഷിക്കാം. ക്ഷമാപൂർവുമായ കാത്തിരിപ്പിന് അർഹിക്കുന്ന ഫലം ലഭിക്കുന്നതാണ് വിവാഹത്തിന് യോഗമുണ്ട്. വസ്തുവോ വീടോ വാങ്ങാൻ സാധിക്കും. പ്രണയത്തിൽ ആഹ്ളാദിക്കുവാനാവും. ദാമ്പത്യത്തിൽ സന്തോഷം പ്രതീക്ഷിക്കാം. കടബാധ്യതകൾ ഭാഗികമായി പരിഹരിക്കുന്നതാണ്.

രോഹിണി
ആദ്യ മൂന്നു മാസങ്ങളിൽ പ്രത്യേക മാറ്റങ്ങൾ കാണുന്നില്ല സ്വന്തം തൊഴിലിൽ കാര്യതടസ്സം തുടരുന്നതാണ്. സ്ഥാനക്കയറ്റം അനർഹർക്ക് കിട്ടുന്നതിൽ വിഷമിക്കും. വസ്തുവില്പനയിൽ കാര്യമായ പുരോഗതി ഉണ്ടായേക്കില്ല. കുടുംബത്തിൽ സമാധാനം കുറയുന്നതാണ്. മാർച്ചു മാസം അവസാനം ശനി കുംഭം രാശിയിൽ നിന്നും മീനത്തിലേക്ക് പ്രവേശിക്കുന്നതോടെ കണ്ടകശനി അവസാനിക്കുന്നതിനാൽ തൊഴിലിൽ ഉയർച്ച ഉണ്ടാകുന്നതാണ്. ജൂൺമാസം മുതൽ വ്യാഴാനുകൂല്യം വരും. അക്കാരണത്താൽ മനശ്ശാന്തിയുണ്ടാവും
മനസ്സിൽ നിലനിന്നിരുന്ന വിഷമതകൾ വിട്ടൊഴിയും. കടബാധ്യതകൾ തീർക്കും. പണമിടപാടുകളിൽ കൃത്യത പുലർത്തും.

മകയിരം

സാമ്പത്തിക കാര്യങ്ങളിൽ ഏറെ ശ്രദ്ധവേണ്ട കാലമാണ്. വലിയ മുതൽമുടക്കുകൾക്ക് തുനിയാതിരിക്കുക . ഇടവക്കൂറുകാരായ മകയിരം നാളുകാർക്ക് കണ്ടകശനി തീരുന്നത് ഏറ്റവും ആശ്വാസകരമാണ്. വ്യാഴം ജന്മരാശിയിൽ നിന്നും മാറുകയാൽ ജൂൺ മാസം മുതൽ ഉയർന്ന ഗുണാനുഭവങ്ങൾ കൈവരും. രാഷ്ട്രീയ സ്വാധീനം അധികമാവും. കടബാധ്യതകളുടെ കാര്യത്തിൽ ഏറ്റവും ആശ്വാസം ഭവിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തുന്നതാണ്. മക്കളുടെ പഠനം, ഉദ്യോഗം, വിവാഹം മുതലായവയിൽ ആഗ്രഹിച്ച വിധത്തിലുള്ള ഫലം പ്രതീക്ഷിക്കാം.സ്ഥിരമായി നിലനിന്നിരുന്ന രോഗാവസ്ഥയിൽ നിന്ന് മോചനം. സാമ്പത്തിക പുരോഗതി കൈവരിക്കും.തൊഴിൽരഹിതരായിരുന്നവർക്ക് തുടക്കത്തിൽ താൽക്കാലിക ജോലികളും തുടർന്ന് സ്ഥിര നിയമനവും ലഭിക്കും.മത്സരപ്പരീക്ഷകളിൽ വിജയം നേടാനും സാധിക്കുന്ന കാലമാണ്. പുതിയ പ്രണയബന്ധങ്ങൾ ഉണ്ടാകും വിവാഹമാലോചിക്കുന്നവർക്ക് അനുകൂല സമയമാണ്

തിരുവാതിര

ഗുണപരമായ നേട്ടങ്ങൾ കൈവരിക്കാവുന്ന കാലമാണ്. തടസ്സങ്ങൾ വിട്ടൊഴിയും. ഭൂമി വിൽപന വഴി നേട്ടങ്ങൾ ഉണ്ടാകും. സഹോദരർ, സഹപ്രവർത്തകർ എന്നിവരിൽ നിന്ന് സഹായം ലഭിക്കും.രോഗദുരിതത്തിൽ കഴിഞ്ഞവർക്ക് ആശ്വാസം ലഭിക്കും. സാമ്പത്തികാഭിവൃദ്ധി കൈവരിക്കാവുന്ന കാലമാണ്. കുടുംബാംഗങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹരിക്കാനും മുൻകൈയെടുക്കും. ഏപ്രിൽ മുതൽ കണ്ടകശ്ശനിക്കാലമാവുകയാൽ ഇടപാടുകളിൽ കണിശത പുലർത്തണം. തൊഴിൽ തേടുന്നവർക്ക് സ്ഥിരവരുമാനം ഉണ്ടാവുന്നതാണ്. ജൂൺ മുതൽ വ്യാഴം ജന്മരാശിയിൽ സഞ്ചരിക്കുന്നു. അവിവാഹിതർക്ക് വിവാഹം നടക്കും.

പുണർതം
ഗുണദോഷ സമ്മിശ്രമായ ഫലമാണ് അനുഭവത്തിൽ വരുന്നത്. സാമ്പത്തിക വിഷമതകൾ നേരിടും. ബിസിനസ്, തൊഴിൽ മേഖല ഇവ പുഷ്‌ടിപ്പെടുമെങ്കിലും മാനസിക സംഘർഷം അധികരിച്ചു നിൽക്കും.
മിഥുനക്കൂറുകാർക്ക് ഏപ്രിൽ മുതൽ പത്താം ഭാവത്തിൽ കണ്ടകശ്ശനി വരുന്നതിനാൽ തൊഴിൽമാറ്റം കരുതലോടെയാവണം. പൊതുപ്രവർത്തകർ സ്വന്തം അണികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതായി വരുന്നതാണ്. ജൂൺ മുതൽ വ്യാഴത്തിൻ്റെ ജന്മരാശിയിലെ സഞ്ചാരം കാരണം സാമ്പത്തിക കാര്യങ്ങളിൽ അല്പം സമ്മർദ്ദം ഭവിക്കുന്നതാണ്. കർക്കടകക്കൂറുകാർക്ക് വിദേശപഠനം/തൊഴിൽലബ്ധി എന്നിവ സാധ്യമാവും. കടബാധ്യതകൾ പരിഹരിക്കാൻ ബന്ധുക്കളുടെ /സുഹൃത്തുക്കളുടെ സഹായം തേടിയേക്കും.കുടുംബജീവിതത്തിൽ അസ്വസ്ഥത രൂപപ്പെടും.സന്താനങ്ങൾക്ക് ഗുണപരമായ കാലമാണ്. അവർക്കുണ്ടാകുന്ന നേട്ടങ്ങൾ മനസ്സിന് സന്തോഷം നൽകും.

പൂയം:

സാമ്പത്തികപരമായ ഉന്നമനം കൈവരിക്കുന്ന കാലമാണ്. തൊഴിലിൽ നിന്നും വസ്തുവിൽപന, ഏജൻസി ജോലികളിൽ നിന്നും ധനലാഭമുണ്ടാകും.വ്യാഴാനുകൂല്യം ഉള്ളതിനാൽ കൊതിച്ച പദവികൾ ലഭിക്കാൻ കാരണമാവുന്നതാണ്. സ്വയം ചിന്തിച്ചും വരും വരായ്കകൾ കണക്കാക്കിയും കൈക്കൊള്ളുന്ന തീരുമാനങ്ങൾ സഫലമാവും. കുറച്ചു കാലമായി ശ്രമിച്ചിട്ടും സാധിക്കാത്ത ഗൃഹനിർമ്മാണത്തിന് അവസരം ഭവിക്കും സാമ്പത്തിക തടസ്സങ്ങൾ നീങ്ങുന്നതാണ്. മാർച്ച് മാസം ഒടുവിലെ ശനിമാറ്റം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് കുറച്ചൊരാശ്വാസം നൽകുന്നതായിരിക്കും.അന്യനാട്ടിൽ പഠനത്തിനോ ജോലിക്കോ അവസരം സാധ്യമാകുന്നതാണ്.ഗൃഹ നിർമാണം സാധ്യമാകുന്ന കാലമാണ്. ഭൂമിയിൽ നിന്നുള്ള ആദായവും പ്രതീക്ഷിക്കാം. കുടുംബത്തിൽ മംഗള കർമങ്ങൾ നടക്കും.