Home Blog Page 1803

സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു… നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കണ്ണൂര്‍ വളക്കൈ വിയറ്റ്‌നാം റോഡില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഒരു വിദ്യാര്‍ഥിനി മരിച്ചു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി നേദ്യ.എസ്. രാജേഷാണ് മരിച്ചത്. കുറുമാത്തൂര്‍ ചിന്മയ സ്‌കൂളിന്റെ ബസ്സാണ് മറിഞ്ഞത്. ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.
ബസില്‍ 19 കുട്ടികളും ഡ്രൈവറും ആയയുമാണ് ഉണ്ടായിരുന്നത്. പരുക്കേറ്റ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. മറ്റുള്ളവരുടെ പരുക്ക് സാരമുള്ളതല്ല. മരിച്ച നേദ്യയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ചക്കുവള്ളി അരീക്കൽ കലുങ്കിനു സമീപം പുതുവത്സരരാത്രിയിൽ ബൈക്ക് വീടിൻ്റെ മതിലിൽ ഇടിച്ചു കയറി യുവാവ് മരിച്ചു;ഒരാൾക്ക് ഗുരുതര പരിക്ക്

ശാസ്താംകോട്ട:ചക്കുവള്ളി അരീക്കൽ കലുങ്കിനു സമീപം പുതുവത്സരരാത്രിയിൽ ബൈക്ക് വീടിൻ്റെ മതിലിൽ ഇടിച്ചു കയറി യുവാവ് മരിച്ചു.ശൂരനാട് വടക്ക് പടിഞ്ഞാറ്റം കിഴക്ക് 12 -ാം വാർഡ് കാഞ്ഞിരക്കാട്ട് തറയിൽ (അഭിജിത്ത് ഭവനം) അഭിജിത്ത് (21) ആണ് മരിച്ചത്.കൂടെ ഉണ്ടായിരുന്ന ശൂരനാട് വടക്ക് പാറക്കടവ് സ്വദേശി അജിത്തിനാണ് ഗുരുതരമായി പരിക്കേറ്റത്.ഇയ്യാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച രാത്രി 12 ഓടെ കൊല്ലം-തേനി ദേശീയപാതയിൽ ചക്കുവള്ളിക്ക് സമീപം ഇയ്യാനം അരീക്കൽ കലുങ്കിനു സമീപത്താണ് അപകടം സംഭവിച്ചത്.ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് വീടിന്റെ ഗേറ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ഗേറ്റും മതിലും അകത്തുണ്ടായിരുന്ന പൂച്ചട്ടികളും തകർന്നു.ബൈക്കിനും കേടുപാടുകൾ സംഭവിച്ചു.എന്നാൽ മറ്റൊരു വാഹനം ഇടിച്ചതിനെ തുടർന്നാണ് യുവാക്കൾ അപകടത്തിൽപ്പെട്ടത് എന്നാണ് പറയപ്പെടുന്നത്.ഈ വാഹനം കണ്ടെത്താനായിട്ടില്ല.വാഹനം കണ്ടെത്താൻ ശൂരനാട് പോലീസിന്റെ നേതൃത്വത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചു.അപകടത്തിൽപ്പെട്ട യുവാക്കളെ ശൂരനാട് പോലീസിന്റെ വാഹനത്തിൽ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും തുടർന്ന് അഭിജിത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ അഭിജിത്ത് മരണപ്പെടുകയായിരുന്നു.

പുതുവര്‍ഷാശംസ നേരാതിരുന്നതിന് യുവാവിനെ ബ്ലേഡ് കൊണ്ട് മേലാസകലം കോറിപ്പരിക്കേല്‍പ്പിച്ചു

തൃശൂര്‍: പുതുവര്‍ഷാശംസ നേരാതിരുന്നതിന് യുവാവിനെ ബ്ലേഡ് കൊണ്ട് മേലാസകലം കോറിപ്പരിക്കേല്‍പ്പിച്ചു. മുള്ളൂര്‍ക്കരയിലാണ് സംഭവം. ആറ്റൂര്‍ സ്വദേശി സുഹൈബിനാണ് പരിക്കേറ്റത്. കാപ്പ കേസ് പ്രതിയായ ഷാഫിയാണ് 22കാരനായ സുഹൈബിനെ ആക്രമിച്ചത്. സുഹൈബ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. ഷാഫി സഹൃത്തുക്കള്‍ക്കൊപ്പം ബസ് വെയ്റ്റിങ് ഷെഡില്‍ ഇരിക്കുകയായിരുന്നു. ആ സമയത്ത് അതുവഴി വന്ന സുഹൈബ് അവിടെയുള്ള സുഹൃത്തുക്കളോടെല്ലാം പുതുവര്‍ഷാശംസകള്‍ പറഞ്ഞു. എന്നാല്‍ ഷാഫിയോട് മാത്രം ആശംസ പറഞ്ഞിരുന്നില്ല. തന്നോട് മാത്രം ആശംസ പറഞ്ഞില്ലെന്ന കാരണത്താല്‍ ഷാഫി സുഹൈബിനെ ആക്രമിക്കുകയായിരുന്നു.
അക്രമത്തിന് പിന്നാലെ പ്രതി ഒളിവില്‍ പോയി. നിരവധി തവണ കുത്തേറ്റ സുഹൈബിനെ അവിടെയുള്ളവര്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

പുതുവത്സരത്തിന് മലയാളി കുടിച്ചത് 108 കോടിയുടെ മദ്യം

തിരുവനന്തപുരം: പുതുവത്സരത്തിന് മലയാളി കുടിച്ചത് 108 കോടിയുടെ മദ്യം. പുതുവത്സര തലേന്നായ ഇന്നലെ റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 കോടിയുടെ വര്‍ധനവാണുണ്ടായത്. ബെവ്കോ ഔട്ട്ലെറ്റുകള്‍ വഴി വിറ്റത് 96. 42 കോടിയുടെ മദ്യമാണ്. കൂടുതല്‍ മദ്യം വിറ്റത് കൊച്ചി രവിപുരം ഔട്ട്ലെറ്റിലാണ്.
കഴിഞ്ഞ വര്‍ഷം പുതുവര്‍ഷത്തലേന്ന് കേരളം കുടിച്ചത് 95.69 കോടിയുടെ മദ്യമായിരുന്നു. കഴിഞ്ഞവര്‍ഷം ബെവ്കോ ഔട്ട്ലെറ്റുകളിലൂടെ 94.77 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്. ക്രിസ്മസ്-പുതുവത്സര സീസണില്‍ ഇത്തവണ ആകെ വിറ്റത് 712.05 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം ക്രിസ്മസ്-പുതുവത്സര സീസണില്‍ 697.05 കോടിയുടെ മദ്യമാണ് വിറ്റത്.
ഏതാണ്ട് 2.28 കോടിയുടെ അധിക വില്‍പ്പനയാണ് ഇത്തവണയുണ്ടായത്. ഇത്തവണ രവിപുരം ഔട്ട്ലെറ്റില്‍ നിന്നും 92.31 ലക്ഷം രൂപയുടെ മദ്യമാണ് പുതുവത്സരത്തലേന്ന് വിറ്റത്. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഔട്ട്ലെറ്റില്‍ 86.65 ലക്ഷം രൂപയുടെ മദ്യം വില്‍പ്പന നടത്തി. മൂന്നാം സ്ഥാനം കൊച്ചി കടവന്ത്ര ഔട്ട്ലെറ്റിനാണ്. 79.09 ലക്ഷം രൂപയുടെ മദ്യമാണ് കടവന്ത്രയില്‍ വിറ്റത്.

ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം ചലച്ചിത്ര ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മകരവിളക്ക് ദിനത്തില്‍ പുരസ്‌കാരം സമ്മാനിക്കും.
കഴിഞ്ഞവര്‍ഷം തമിഴ് പിന്നണി ഗായകന്‍ പി.കെ. വീരമണി ദാസനായിരുന്നു പുരസ്‌കാരം. 2012ലാണ് സംസ്ഥാന സര്‍ക്കാര്‍ ഹരിവരാസനം അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. നിരവധി അയ്യപ്പ ഭക്തിഗാനങ്ങള്‍ കൈതപ്രം രചിച്ചിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ യുവാവിനെ കുത്തിക്കൊന്ന സംഭവം, പിന്നിൽ നടുക്കുന്ന സംഭവങ്ങള്‍

തൃശ്ശൂർ.പുതുവത്സര രാത്രി തേക്കിൻകാട് മൈതാനത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ യുവാവിനെ കുത്തിക്കൊന്ന സംഭവം. കൊലപാതകത്തിന് പിന്നിൽ ലഹരി ഉപയോഗം. കൊല്ലപ്പെട്ട ലിവിൻ തങ്ങളുടെ പരസ്യമായ കഞ്ചാവ് ഉപയോഗം ചോദ്യം ചെയ്തതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. പതിനാലു വയസുള്ള മുഖ്യപ്രതി സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് സ്കൂളിൽ നിന്നും പുറത്തായതാണ്.

പുതുവത്സര രാത്രിയിൽ തൃശ്ശൂർ നഗരത്തെ ഒന്നാകെ നടുക്കുന്ന സംഭവമാണ് തേക്കിൻകാട് മൈതാനത്ത് നടന്നത്. പതിനാലും പതിനാറും വയസ്സുള്ള വിദ്യാർത്ഥികൾ ചേർന്ന് 30 വയസ്സുകാരനായ ലിവിൻ ഡേവിഡിനെ കുത്തിക്കൊന്നു. പരസ്യമായി കഞ്ചാവ് വലിച്ചത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്. ന്യൂയർ ദിവസം തേക്കിൻകാർഡ് മൈതാനത്ത് മറ്റ് രണ്ട് യുവതികൾക്കൊപ്പം സംസാരിച്ചിരിക്കുകയായിരുന്നു ലിവിൻ. അപ്പോഴാണ് പ്രായപൂർത്തിയാകാത്ത പ്രതികൾ മൈതാനത്തുള്ള മാവിൻ ചുവട്ടിൽ ഇരിപ്പുറപ്പിക്കുന്നത് . കഞ്ചാവ് പുകയും മണവും ഉയർന്നതിനെ തുടർന്ന് ലിവിൻ വിദ്യാർത്ഥികളെ ചോദ്യം ചെയ്തു. തുടർന്ന് കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് 14 വയസ്സുകാരനായ മുഖ്യപ്രതി ലിവിനെ കുത്തുകയായിരുന്നു. കുത്തുകൊണ്ട് ലിവിൻ കത്തിയുമായി പെൺ സുഹൃത്തുക്കൾക്ക് അടുത്തേക്കോടി. ഇതേ തുടർന്ന് നാട്ടുകാർ പ്രതികളെ തടഞ്ഞു വയ്ക്കുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.

ലിവിനെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ചോദ്യം ചെയ്യലിൽ പ്രതികൾ ആദ്യം പറഞ്ഞിരുന്നത് കുത്താൻ ഉപയോഗിച്ച കത്തി ലിവിന്റേത് തന്നെയായിരുന്നു എന്നാണ്. എന്നാൽ അങ്ങനെയല്ല എന്ന് പോലീസിന്റെ വിശദമായ അന്വേഷണത്തിൽ തെളിഞ്ഞു. 14 വയസ്സുള്ള മുഖ്യ പ്രതിക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ട്. സഹപാഠിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി എന്ന കുറ്റത്തിന് ഇയാളെ സ്കൂളിൽ നിന്നും പുറത്താക്കിയിരുന്നു. തൃശ്ശൂർ നഗരത്തിലെ കൊട്ടേഷൻ സംഘങ്ങൾ നടത്തിയ പല പാർട്ടികളിലും പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സാന്നിധ്യം കൂടിവരുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു. എന്നാല്‍ ഇതൊന്നും അദികൃതര്‍മുഖവിലയ്ക്കുപോലും എടുത്തിരുന്നില്ല. കുട്ടിക്കുറ്റവാളികളുടെ പെരുക്കം സൂചിപ്പിക്കുന്നവയാണ് അടുത്തകാലത്തെ പല സിനിമകടെയും അസാധാരണ വിജയം. അപക്വമായ മാന്യതയുടെ ലാഞ്ചനപോലുമില്ലാത്ത പെരുമാറ്റവുമായി ഇത്തരക്കാരെ സ്വാധീനിക്കുന്നത് തെമ്മാടികളായ വ്ളാഗര്‍മാരും ലഹരിക്ക് അടിമകളായ കലാകാരന്മാരുമാണ്.ലഹരിയുമായി പിടിയിലാകുന്നവരില്‍ കുട്ടികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കുട്ടികളുടെ സംരക്ഷമനിയമം ഇവരെ ക്യാരിയര്‍മാരാക്കുവാന്‍ പ്രേരകമായിട്ടുണ്ട്.

സ്കൂളില്‍ ഒരുവിധനിയന്ത്രണവുമില്ലാത്ത ഇവരെ അധ്യാപകര്‍പോലും ഭയക്കുന്നതാണ് സാഹചര്യം. ഇത്തരം പ്രശ്നങ്ങളെ നേരിടാന്‍ പുതിയ നിയമങ്ങള്‍ തന്നെ ഉരുത്തിരിയണമെന്ന് നിയമവിദഗ്ധര്‍ പറയുന്നു.

പത്ത് ലോഡ് മാലിന്യംപൊക്കി, തിരുവനന്തപുരം നഗരസഭയും റെയിൽവേയും തമ്മിൽ പോര്

തിരുവനന്തപുരം. മാലിന്യ വിഷയത്തിൽ വീണ്ടും തിരുവനന്തപുരം നഗരസഭയും റെയിൽവേയും തമ്മിൽ പോര്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ അനുവാദം വാങ്ങാതെ റെയിൽവേ പത്ത് ലോഡ് മാലിന്യം നിക്ഷേപിച്ചെന്ന് പരാതി. മാലിന്യം നിക്ഷേപിച്ച രണ്ട് ലോറികൾ നഗരസഭ പിടിച്ചെടുത്തു.

ശുചീകരണ തൊഴിലാളിയായ ജോയി ആമയിഴഞ്ചാൻ തോട്ടിൽ വീണ് മരിച്ചതിന് പിന്നാലെയാണ് റെയിൽവേയും തിരുവനന്തപുരം നഗരസഭയും തമ്മിലുള്ള പോര് പരസ്യമായത്. നഗരത്തിലെ മാലിന്യങ്ങളുടെ പ്രധാന കാരണക്കാർ റെയിൽവേ എന്നായിരുന്നു നഗരസഭയുടെ ആരോപണം. മാലിന്യ നീക്കത്തിന് നോട്ടീസ് നൽകിയെങ്കിലും റെയിൽവേ കണ്ടഭാവം നടിച്ചില്ല. അതിനിടയാണ് സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ അനുവാദം ഇല്ലാതെ 10 ലോഡ് മാലിന്യം നിക്ഷേപിച്ചെന്ന പരാതി. നഗരസഭയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മാലിന്യം നിക്ഷേപിച്ച രണ്ട് ലോറികൾ നഗരസഭ പിടിച്ചെടുത്തു. മാലിന്യം എടുക്കാൻ റെയിൽവേ കരാർ നൽകിയ ഏജൻസിയുടെ ലോറികളാണ് പിടിച്ചെടുത്തത്. ഇതിന് പിന്നാലെ വിശദീകരണം തേടി റെയിൽവേയ്ക്ക് നോട്ടീസ് നൽകിയെങ്കിലും മറുപടി ഉണ്ടായില്ല എന്ന് മേയർ ആര്യാ രാജേന്ദ്രൻ ആരോപിച്ചു.

നഗരത്തിലെ തോടുകൾ വൃത്തിയാക്കുമ്പോൾ റെയിൽ നീർ കുപ്പികൾ കൂടുതലായി ലഭിക്കുന്നുവെന്നും നഗരസഭ ആരോപിക്കുന്നു. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ നീക്കത്തിലും റെയിൽവേയുടെ ഭാഗത്ത് നിന്ന് നല്ല ഇടപെടൽ ആയിരുന്നില്ല എന്നും ആരോപണമുണ്ട്. നോട്ടീസ് നൽകി വളരെ വൈകിയ ശേഷമാണ് മാലിന്യം മാറ്റിയത്. വീണ്ടും മാലിന്യ നിക്ഷേപം തുടരുന്നു എന്നാണ് പുതിയ പരാതി.

ബൂസ്റ്റ് നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പീഡനം,പ്രതിക്ക് 130 വർഷം കഠിന തടവും പിഴയും

തൃശ്ശൂർ.ബൂസ്റ്റ് നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് 10 വയസ്സുകാരനെ ലൈംഗികമായി പീഢിപ്പിച്ച 52 കാരന് 130 വർഷം കഠിന തടവും, എട്ട് ലക്ഷത്തി 75,000 രൂപ പിഴയും ശിക്ഷ.. ഒരുമനയൂർ മുത്തമ്മാവ് മാങ്ങാടി വീട്ടിൽ സജീവനെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.പിഴ അടക്കാത്ത പക്ഷം 35 മാസം കൂടി അധികതടവ് അനുഭവിക്കണം.

2023 ഏപ്രിലിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത 10 വയസ്സുള്ള ആൺകുട്ടിയെ ബൂസ്റ്റ് തരാം എന്നു പറഞ്ഞാണ് ഇയാൾ വീടിൻ്റെ ടെറസിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയത്.
പിന്നീട് ഒരു പാക്കറ്റ് ബൂസ്റ്റും നൽകി കുട്ടികളെ വീട്ടിൽനിന്നും ഇറക്കിവിടുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
സംഭവം നടന്ന് മാസങ്ങൾക്കു ശേഷം പ്രതിയെക്കുറിച്ച് മോശമായ അഭിപ്രായം കേട്ട കുട്ടിയുടെ അമ്മ കുട്ടിയോട് വിവരങ്ങൾ ചോദിച്ചപ്പോഴാണ് സംഭവമറിഞ്ഞത്. തുടർന്ന് ചാവക്കാട് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ചാവക്കാട് പോലീസ് സ്റ്റേഷനിലെ CPO പ്രസീത കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും
എസ്.ഐ സെസിൽ ക്രിസ്റ്റ്യൻ രാജ് FIR രജിസ്റ്റർ ചെയ്ത് ആദ്യാന്വേഷണം നടത്തുകയും ചെയ്തു.ഇൻസ്പെക്ടർ വിപിൻ കെ വേണുഗോപാലാണ് തുടരന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്
കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 13 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകളും ഹാജരാക്കുകയും ചെയ്തു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വക്കേറ്റ് സി നിഷ എന്നിവർ ഹാജരായി.
സിപിഒ മാരായ സിന്ധു, പ്രസീത എന്നിവർ കോടതി നടപടികൾ ഏകോപിപ്പിക്കുന്നതിനായി പ്രോസിക്യൂഷനെ സഹായിച്ചു.

അതു താനല്ലയോ ഇതെന്ന് വര്‍ണ്യത്തിലാശങ്ക, ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ വിശദീകരണവുമായി പികെ ശശി

പാലക്കാട്. പുതുവത്സരതലേന്ന് പാര്‍ട്ടി നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ചിട്ട ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ വിശദീകരണവുമായി പികെ ശശി,പോസ്റ്റിലൂടെ ലക്ഷ്യമിട്ടത് നേതൃത്വത്തെ വിമര്‍ശിക്കലല്ല,പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തിയവരെയാണ് താന്‍ ലക്ഷ്യമിട്ടത്.പാര്‍ട്ടി ചുമതല ഇപ്പോഴും വഹിക്കുന്നയാളാണ് താനെന്നും പികെ ശശി പറഞ്ഞു,പിടിച്ചുപറിയും കൊള്ളയും നടത്തിയ പണം കൊണ്ട് പലരും പ്രസ്ഥാനത്തെ വെള്ളപുതപ്പിച്ചു തുടങ്ങിയ വിമര്‍ശനങ്ങളാണ് ശശി ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചിരുന്നത്


പുതുവത്സാരംശകള്‍ നേര്‍ന്ന ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ 2024 തന്നെ സംബന്ധിച്ച് പ്രതിസന്ധിയുടെ കാലമെന്നാണ് പികെ ശശി വിശേഷിപ്പിച്ചത്,പിന്നെ നേതൃത്വത്തോടുളള അതൃപ്തി പ്രകടമാക്കുന്നുവെന്ന് തോന്നിപ്പിക്കും വിധം പരോക്ഷ പരാമര്‍ശങ്ങള്‍…ശശിയുടെ വാക്കുകളിങ്ങനെ…
അപ്പൊക്കാണുന്നവനെ അപ്പാ എന്ന് വിളിക്കാനും കാര്യം കാണാന്‍ ഏതവന്റെയും പെട്ടി ചുമക്കാനും മടിയില്ലാത്തവര്‍ക്ക് സുന്ദര കാലമായിരുന്നു. അവരെ കാത്തിരിക്കുന്നത് മഹാ ദുരന്തമായിരിക്കും. മദ്യവും അതിനു മുകളില്‍ കഞ്ചാവുമടിച്ചു ഘോരഘോരം മദ്യത്തിനും മയക്കുമരുന്നിനുമേതിരെ പ്രസംഗിക്കുന്നവരുടെ നല്ല കാലം കഴിയുന്നു. ആയിരങ്ങളുടെ വിയര്‍പ്പുക്കൊണ്ട് കെട്ടിപ്പടുത്ത മഹാസ്ഥാപനം പിടിച്ചു പറിയും കൊള്ളയും നടത്തി വെള്ളപുതപ്പിച്ച്, ആ പണം കൊണ്ട് ഉന്മാദിച്ചവര്‍ക്കും ആഹ്ലാദത്തിന് വക നല്‍കില്ല പുതുവര്‍ഷം.ശത്രുവിന്റെ ആയുധം വേണ്ട, അവരുടെ അലര്‍ച്ചക്കു മുമ്പില്‍ പോലും ഓടിയോളിക്കുന്ന പരാക്രമകാരികളുടെ കാലം അവസാനിക്കും…എന്നാല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിക്കുകയല്ല ലക്ഷ്യമിട്ടതെന്ന് വിശദീകരിക്കുകയാണ് പികെ ശശി,പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയവരേയും അടുത്തിടെ പാര്‍ട്ടി വിട്ടവരെയുമാണ് താന്‍ പരാമര്‍ശിച്ചത്

പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്നും പക്ഷെ താന്‍ അത് പാര്‍ട്ടി ഫോറത്തിലെ നടത്തൂവെന്നും പികെ ശശി ചൂണ്ടിക്കാട്ടി,പാര്‍ട്ടി കമ്മറ്റികളില്‍ നിന്ന് തരംതാഴ്ത്തിയ ശശിയെ കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കൂടി നീക്കണമെന്ന ആവശ്യം ജില്ലാ നേതൃത്വമടക്കം സജീവമായി ഉന്നയിക്കുന്നുണ്ട്

എഞ്ചിനീയറിം​ഗ് കോളേജിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം കോളേജ് ഉടമയുടേത് ?

നെടുമങ്ങാട്‌. പിഎ അസീസ് എഞ്ചിനീയറിം​ഗ് കോളേജിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം കോളേജ് ഉടമ അബ്ദുൾ അസീസ് താഹയുടേത് തന്നെയെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. അബ്ദുൾ അസീസിന്റെ മൊബൈൽ ഫോണിലെ ​ഗാലറിയിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മരണമല്ലാതെ മറ്റൊരു വഴിയില്ലെന്നാണ് കുറിപ്പിൽ പറയുന്നത്. ഇത് നേരത്തെ തയ്യാറാക്കിയ കുറിപ്പാണെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം മൊബൈൽ ഫോണിൽ നിന്ന് മറ്റ് ദൃശ്യങ്ങൾ ഒന്നും കണ്ടെടുക്കാനായില്ല. ഒരാഴ്ചക്കകം ഡിഎൻഎ ഫലമെത്തുമെന്നും കൂടുതൽ വ്യക്തതക്കായി ഡിഎൻഎ ഫലം കാത്തിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു