Home Blog Page 1794

15കാരിയുടെ തിരോധാനം,ദുരൂഹത

പട്ടാമ്പി. വല്ലപ്പുഴ സ്വദേശിയായ 15 കാരിയെ കാണാതായിട്ട് 5 ദിവസം പിന്നിടുന്നു. പൊലീസിന് പുതുതായി ഒരു വിവരവും ലഭിച്ചില്ല. കുടുംബവും നാടും ഒരുപോലെ ആശങ്കയിൽ. ഷൊർണൂർ DYSP യുടെ നേതൃത്വത്തിൽ 5 ടീമുകളായി 36 പോലീസുകാരാണ് കേസ് അന്വേഷിക്കുന്നത്. ഡിസംബർ 30 തിങ്കളാഴ്ച കാലത്ത് പതിവുപോലെ ടൂഷന് സെന്ററിൽ പോയതാണ് പട്ടാമ്പി ചൂരക്കോട് സ്വദേശി അബ്ദുൽ കരീമിന്റെ മകൾ 15 വയസ്സുകാരി ഷഹന ഷെറിൻ

ടൂഷൻ കഴിഞ്ഞ് സ്കൂളിൽ എത്തേണ്ട സമയമായിട്ടും കാണാതായതോടെ അധ്യാപകർ അന്വേഷിച്ചപ്പോഴാണ് വീട്ടുകാർ ഷെറിനെ കാണാതായ വിവരം അറിയുന്നത്

പരിശോധനയിൽ ഒമ്പത് മണിയോടെ പട്ടാമ്പി റെയിൽവേ സ്റ്റേഷനിലേക്ക് കയറുന്നതായി ഷെറിന്റെതെന്ന് കരുതുന്ന ദൃശ്യങ്ങൾ പാർക്കിങ്ങിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്

കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കോണ്‍ട്രാക്ടറുടെ സെപ്റ്റിക് ടാങ്കില്‍

റായ്പൂര്‍: ഛത്തീസ്ഗഡില്‍ രണ്ട് ദിവസം മുന്‍പ് കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം റോഡ് കോണ്‍ട്രാക്ടറുടെ സെപ്റ്റിക് ടാങ്കില്‍. എന്‍ഡിടിവിക്ക് വേണ്ടി ബസ്തര്‍ മേഖലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര പത്രപ്രവര്‍ത്തകനായ മുകേഷ് ചന്ദ്രക്കറിന്റെ മൃതദേഹമാണ് ബിജാപൂര്‍ ടൗണിലെ പ്രാദേശിക റോഡ് കോണ്‍ട്രാക്ടറുടെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെത്തിയത്.

റോഡ് കോണ്‍ട്രാക്ടറുടെ സഹോദരന്‍ വിളിച്ചത് പ്രകാരം ജനുവരി ഒന്നിന് അദ്ദേഹത്തെ കാണാനായി പോയതായിരുന്നു 28 കാരനായ മുകേഷ് ചന്ദ്രക്കര്‍. ഫോണ്‍ കോളിനെക്കുറിച്ച് മുകേഷ് റായ്പൂരിലെ ഒരു മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞതായും കരാറുകാരന്റെ സഹോദരന്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞതായും വിവരമുണ്ട്. ജനുവരി ഒന്നിന് പുലര്‍ച്ചെ 12.30ഓടെ മുകേഷിന്റെ ഫോണുകള്‍ സ്വിച്ച് ഓഫായി.

അദ്ദേഹം വീട്ടില്‍ തിരിച്ചെത്തിയതുമില്ല. വളരെ ചെറുപ്പത്തില്‍ നിന്ന് മാതാപിതാക്കളെ നഷ്ടമായ മുകേഷ് ചന്ദ്രക്കറിന് പത്രപ്രവര്‍ത്തകന്‍ കൂടിയായ ഒരു സഹോദരനുണ്ട്. ജനുവരി രണ്ടിനാണ് സഹോദരന്‍ മുകേഷിനെ കാണാനില്ല എന്ന് കാണിച്ച് പൊലീസില്‍ പരാതിപ്പെടുന്നത്. സഹോദരന്റെ പരാതിയെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകനെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.

മുകേഷിന്റെ മൊബൈല്‍ ലോക്കേഷന്‍ വെച്ചുള്ള അന്വേഷണത്തില്‍ കരാറുകരാനായ സുരേഷ് എന്നയാളുടെ സ്ഥലത്ത് വെച്ചാണ് ഫോണ്‍ അവസാനമായി ഓണായത് എന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്ഥലത്ത് കോണ്‍ക്രീറ്റ് ഉപയോഗിച്ച് പുതുതായി അടച്ച സെപ്റ്റിക് ടാങ്ക് പൊലീസ് കണ്ടെത്തി. ഇത് തുറന്ന് നടത്തിയ അന്വേഷണത്തിലാണ് മുകേഷിന്റെ മൃതദേഹം കണ്ടെത്തുന്നത്.

മൃതദേഹത്തില്‍ നിരവധി മുറിവുകള്‍ ഉണ്ട് എന്നാണ് വിവരം. സുരേഷ് ചന്ദ്രക്കറടക്കം നിരവധി പേരെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര യാദവ് പറഞ്ഞു. മുകേഷിന്റെ മരണത്തിന് അടുത്ത കാലത്ത് നടത്തിയ വാര്‍ത്ത ഫീച്ചറുകളുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. സ്വതന്ത്ര പത്രപ്രവര്‍ത്തകനായ ചന്ദ്രക്കര്‍ ബസ്തര്‍ ജംഗ്ഷന്‍ എന്ന യൂട്യൂബ് ചാനലും സ്ഥാപിച്ചിട്ടുണ്ട്.

2021 ല്‍ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയ സിആര്‍പിഎഫ് കോബ്രാ യൂണിറ്റിലെ കമാന്‍ഡോ രാകേശ്വര്‍ സിംഗ് മാന്‍ഹാസിനെ മോചിപ്പിക്കുന്നതില്‍ പൊലീസിനെ സഹായിച്ചയാളാണ് മുകേഷ്. ‘ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍, സത്യം തുറന്നുകാട്ടുന്നതിന് എന്റെ സഹപ്രവര്‍ത്തകന്‍ ആത്യന്തികമായ വില നല്‍കി. പത്രപ്രവര്‍ത്തകര്‍ ദിനംപ്രതി എടുക്കുന്ന അപകടസാധ്യതകളെക്കുറിച്ചുള്ള വ്യക്തമായ ഓര്‍മ്മപ്പെടുത്തലാണ് ഇത്. അദ്ദേഹത്തിന്റെ കുടുംബത്തോട് ഞങ്ങള്‍ ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നു. ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ നിഷ്പക്ഷമായ അന്വേഷണവും ആവശ്യപ്പെടുന്നു,’ എന്‍ഡിടിവി റസിഡന്റ് എഡിറ്റര്‍ അനുരാഗ് ദ്വാരി പറഞ്ഞു. പ്രതികളെ വെറുതെ വിടില്ലെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും മുഖ്യമന്ത്രി വിഷ്ണു ദേവ് സായി പറഞ്ഞു. ”മുകേഷ് ജിയുടെ നഷ്ടം പത്രപ്രവര്‍ത്തന മേഖലയ്ക്കും സമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണ്. ഈ സംഭവത്തിലെ പ്രതികളെ ഒരു കാരണവശാലും വെറുതെ വിടില്ല. പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യാനും കര്‍ശനമായ ശിക്ഷ ഉറപ്പാക്കാനും ഞങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, ”മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകത്തെ ഛത്തീസ്ഗഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ദീപക് ബൈജ് ശക്തമായി അപലപിച്ചു. തലസ്ഥാനത്ത് തുടങ്ങിയ ഭീകരമായ കൊലപാതക പരമ്പര ഇപ്പോള്‍ ബസ്തറില്‍ എത്തിയിരിക്കുന്നു. ബസ്തറില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ജഗദല്‍പൂരില്‍ ഒരു ഡോക്ടറുടെ ഭാര്യ കൊല്ലപ്പെട്ടു. പക്ഷപാതരഹിതമായ റിപ്പോര്‍ട്ടിംഗിന്റെ വിലയാണ് മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ജീവിതംകൊണ്ട് നല്‍കുന്നത് എന്നും ദീപക് പറഞ്ഞു.

സ്കൂളിലെ മാലിന്യക്കുഴിയിൽ വീണ് കുട്ടിമരിച്ച സംഭവം, നഷ്ടപരിഹാരം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ

ചെന്നൈ. വിഴുപ്പുറത്ത് സ്കൂളിലെ മാലിന്യക്കുഴിയിൽ വീണ് കുട്ടിമരിച്ച സംഭവം.3 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ.സംഭവത്തിൽ ദുരൂഹതയാരോപിച്ച് നാട്ടുകാർ. കുട്ടിയെ മാലിന്യക്കുഴിയിൽ നിന്ന് പുറത്തെടുത്തത് സ്കൂൾ ഡ്രൈവർ

മാതാപിതാക്കളെ വിവരമറിയിച്ചത് കുട്ടിയെ തിരക്കി സ്കൂളിൽ എത്തിയപ്പോൾമാത്രം. കുട്ടി മരിച്ച വിവരം മാതാപിതാക്കളെ അറിയിച്ചില്ല. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു

നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചു 47 കാരൻ മരണമടഞ്ഞു

അഞ്ചൽ. ആലഞ്ചേരിയിൽനിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചു 47 കാരൻ മരണമടഞ്ഞു.അഞ്ചൽ കരുകോൺ പാലൂർ വീട്ടിൽ അനിൽകുമാർ ( 47 ) ആണ് മരിച്ചത്.കരുകോണിൽ നിന്നും ആലഞ്ചേരിയിൽക്കു വരുമ്പോൾ ആലഞ്ചേരിക്ക് സമീപമാണ് അപകടം ഉണ്ടായത്. അനിൽകുമാറിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല .

കടുവയെ കണ്ട് പേടിച്ചോടി പരുക്ക് പറ്റിയെന്ന് വീട്ടമ്മ

കോഴിക്കോട്. കൂടരഞ്ഞിയിൽ കടുവയെ കണ്ട് പേടിച്ചോടി പരുക്ക് പറ്റിയെന്ന് വീട്ടമ്മ.ആടിനെ തീറ്റാൻ പോയ പൈക്കാട് ഗ്രേസിക്കാണ് പരിക്കുപറ്റിയത്.പത്താം വാർഡ് കൂരിയോട് ഭാഗത്ത് വെച്ചാണ് കടുവയെ കണ്ടതെന്ന് വീട്ടമ്മ പറയുന്നു.രണ്ടാഴ്ച മുൻപും പ്രദേശത്ത് ആടിനെയും പട്ടിയെയും കടിച്ചു കൊന്നിരുന്നു.കാൽപ്പാടുകൾ കണ്ടു പുലി എന്നായിരുന്നു വനം വകുപ്പ് പറഞ്ഞത്.സിസിടിവി സ്ഥാപിച്ചങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.കടുവയെ കണ്ട വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.

‘പാരസെറ്റമോളിനെക്കുറിച്ച് ഗ്രീഷ്മ സെർച്ച് ചെയ്തത് പനിയായതിനാൽ’; ഷാരോൺ വധക്കേസിൽ വിധി 17ന്

തിരുവനന്തപുരം: കാമുകനെ കളനാശിനി കലർത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി 17നു വിധി പറയും. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായ സാഹചര്യത്തിലാണ് വിധി പറയുന്നത്. കാമുകനായ ഷാരോൺ രാജിനെ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രണയബന്ധത്തിൽനിന്നു പിന്മാറാത്തതാണ് കൊലപാതത്തിൽ കലാശിച്ചത്.

മൂന്നു ദിവസമായി നടന്ന വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് വിധി പറയാനായി കേസ് മാറ്റിയത്. ഗ്രീഷ്‌മയ്‌ക്കെതിരെ വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനുമുള്ള കുറ്റം തെളിഞ്ഞതായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമലകുമാരൻ നായരും തെളിവു നശിപ്പിച്ച കുറ്റം തെളിഞ്ഞതായും പ്രോസിക്യൂട്ടർ പറഞ്ഞു.

ഷാരോണിനെ കൊലപ്പെടുത്തുന്നതിനായി ഗ്രീഷ്മ ജൂസിൽ വിഷം ചേർത്ത് ‘ജൂസ് ചാലഞ്ച്’ നടത്തിയിരുന്നു. അന്ന് ജൂസിന് കയ്പ്പായതിനാൽ ഷാരോൺ പൂർണമായി ഉപയോഗിച്ചില്ല. പിന്നീടാണ് കഷായത്തിൽ വിഷം ചേർത്തത്. ജൂസ് ചാലഞ്ചിനു മുൻപായി പാരസെറ്റമോളിനെക്കുറിച്ച് ഗ്രീഷ്മ ഗൂഗിളിൽ തിരഞ്ഞത് പനി ആയതുകൊണ്ടാണെന്ന് പ്രതിഭാഗം വാദിച്ചു. ആത്മഹത്യാ പ്രവണതയുള്ള ഗ്രീഷ്മ ആത്മഹത്യ ചെയ്യുന്നതിനാണ് വിഷയത്തെക്കുറിച്ച് സെർച്ച് ചെയ്തത്. ഗ്രീഷ്മ മുഖം കഴുകാനായി ശുചിമുറിയിൽ കയറിയ സമയം തിളപ്പിച്ചാറ്റിയ കഷായം ഷാരോൺ രാജ് കുടിച്ച ശേഷം വീട്ടിൽനിന്നു പോയി എന്നാണ് പ്രതിഭാഗം വാദിച്ചത്.

ഈ വാദങ്ങൾ കെട്ടുകഥകൾ ആണെന്നും ഡിജിറ്റൽ തെളിവുകളുടെയും മെഡിക്കൽ തെളിവുകളുടെയും ഫൊറൻസിക് തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെയുള്ള കുറ്റം തെളിയിക്കപ്പെടുന്നതായും പ്രോസിക്യൂഷൻ വാദിച്ചു. 2022 ഒക്ടോബർ പത്തിനാണ് ഷാരോൺ രാജ് വിഷം ഉള്ളിൽചെന്ന് അവശനിലയിലായത്. ഷാരോൺ രാജിനെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തിൽ വിഷം കലർത്തി നൽകിയെന്നാണ് കേസ്.

വിഷത്തിന്റെ പ്രവർത്തനരീതി അന്നു രാവിലെ ഗൂഗിൾ സെർച്ചിലൂടെ ഗ്രീഷ്മ മനസ്സിലാക്കി. 11 ദിവസം കഴിഞ്ഞാണ് മെഡിക്കൽ കോളജ് ഐസിയുവിൽ ഷാരോൺ രാജ് മരിച്ചത്. സാഹചര്യ തെളിവുകളെയാണ് പ്രോസിക്യൂഷൻ ആശ്രയിക്കുന്നത്. ഷാരോണിന്റെ മരണമൊഴിയും, ഗ്രീഷ്മ ചതിച്ചതായി ഷാരോൺ സുഹൃത്ത് റെജിനോട് പറഞ്ഞതും കേസിൽ നിർണായകമായി.

ഇനി ‘സിമ്മർ ഡേറ്റിങ്ങി’ന്റെ കാലം; പ്രണയബന്ധങ്ങളെ പൊളിച്ചെഴുതി പുതുതലമുറ!

ആധുനിക ലോകം ചടുലമാണ്. നിര്‍മിത ബുദ്ധി അടക്കമുള്ളവ മനുഷ്യന്റെ എല്ലാ കാര്യങ്ങളും വേഗതയിലാക്കുന്നു. ഒരു കഥയോ കവിതയോ എഴുതണമെങ്കിൽ പോലും സെക്കൻഡുകൾ കൊണ്ട് സാധ്യമാകുന്ന ലോകം. സാങ്കേതികവിദ്യകളുടെ ഈ വളർച്ച വ്യക്തിബന്ധങ്ങളിൽ പോലും ദൃശ്യമാണ്. സുഹൃദ്ബന്ധമോ പ്രണയബന്ധമോ ഏതുമാകട്ടെ പരസ്പരം കാര്യങ്ങൾ തുറന്നു പറയാനും അടുത്തഘട്ടത്തിലേയ്ക്ക് കടക്കാനും മുന്നിലുള്ള അനന്ത സാങ്കേതിക സാധ്യതകൾ ഉപയോഗിക്കുന്നവരാണ് ജെനറേഷൻ സി. എന്നാൽ ഡേറ്റിങ്ങിന്റെ കാര്യത്തിൽ പുതിയ തലമുറ ഇപ്പോൾ കളം അൽപം മാറ്റുന്നുണ്ടെന്നാണ് വിലയിരുത്തൽ. പങ്കാളിയെ പെട്ടെന്ന് കണ്ടെത്തി ബന്ധം സ്ഥാപിക്കുന്നതിനു പകരം സമയമെടുത്ത് പരസ്പരം മനസ്സിലാക്കി ബന്ധം കെട്ടിപ്പടുക്കുന്നതിന് യുവജനത പ്രാധാന്യം നൽകിത്തുടങ്ങിയിരിക്കുന്നു. ഈ പുതിയ റൊമാൻസ് ട്രെൻഡ് സിമ്മർ ഡേറ്റിങ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഒറ്റ സ്വൈപ്പിൽ ഡേറ്റിങ്ങിലേയ്ക്ക് കടന്ന് പിന്നീട് യോജിച്ച വ്യക്തിയല്ല എന്ന് മണിക്കൂറുകൾക്കുള്ളിലോ ദിവസങ്ങൾക്കുള്ളിലോ മനസ്സിലാക്കി പിന്തിരിയുന്ന പ്രവണതയ്ക്ക് ഇന്ന് പ്രാധാന്യം കുറയുന്നുണ്ട്. അതുപോലെ ഓൺലൈൻ ആപ്പുകൾ അടിസ്ഥാനമാക്കി ഡേറ്റിങ് പങ്കാളിയെ കണ്ടെത്താനും പുതുതലമുറ വിമുഖത പ്രകടിപ്പിക്കുന്നു. ഒപ്പമുള്ള വ്യക്തിയെ ആഴത്തിൽ മനസ്സിലാക്കി ദൃഢമായ ബന്ധം വളർത്താൻ താൽപര്യപ്പെടുന്നവരാണ് ഇന്ന് അധികവും. ശാരീരിക അടുപ്പം സൃഷ്ടിക്കുന്നതിനും അതുവഴി പ്രണയബന്ധത്തിൽ വേഗത്തിൽ കമ്മിറ്റഡാകുന്നതിനും പകരം വൈകാരിക അടുപ്പത്തിനു ജെൻ സി മുൻതൂക്കം നൽകുന്നു. എല്ലാ കാര്യങ്ങളിലും പരസ്പരം എത്രത്തോളം യോജിച്ചു പോകാനാകുന്നു എന്ന് പൂർണമായി മനസ്സിലാക്കാനുള്ള സമയമെടുക്കാൻ ഇവർ തയാറുമാണ്.

പ്രണയ ബന്ധങ്ങളുടെ തകർച്ച പലപ്പോഴും അതിൽ ഉൾപ്പെട്ട ഒരു വ്യക്തിക്കാവും വലിയ ഹൃദയവേദന നൽകുന്നത്. ഇരുകൂട്ടരുടെയും ഭാഗത്തുനിന്നും ഒരേപോലെയുള്ള പ്രതിബദ്ധത ആ ബന്ധത്തിൽ ഇല്ലാത്തതാണ് ഇതിന് കാരണമാകുന്നതും. ഇങ്ങനെ പെട്ടെന്നെടുക്കുന്ന തെറ്റായ തീരുമാനങ്ങളെ തുടർന്ന് ആഴ്ചകളോ മാസങ്ങളോ വിഷമിച്ചു നടക്കാൻ തങ്ങൾ ഒരുക്കമല്ല എന്ന പുതുതലമുറയുടെ നിലപാടാണ് സിമ്മർ ഡേറ്റിങ്ങിലൂടെ പ്രകടമാകുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ നിരാശ ഉണ്ടാവാനുള്ള സാധ്യത പരമാവധി കുറച്ചുകൊണ്ട് ഏറ്റവും ഉചിതമായ തീരുമാനമാണെന്ന് സമയമെടുത്ത് മനസ്സിലാക്കാനുള്ള വൈകാരിക ബുദ്ധി സിമ്മർ ഡേറ്റിങ്ങിനു പ്രാധാന്യം നൽകുന്നവർക്കുണ്ട്.

പരസ്പരം അയയ്ക്കുന്ന ആദ്യ സന്ദേശം മുതൽ അവസാന കണ്ടുമുട്ടൽ വരെയുള്ള ഓരോ കാര്യങ്ങളും വ്യക്തമായി വിശകലനം ചെയ്ത് ഘട്ടം ഘട്ടമായി മാത്രം ആ വ്യക്തിയിലേയ്ക്ക് കൂടുതൽ അടുക്കുന്നതാണ് രീതി. ബാഹ്യസൗന്ദര്യത്തിനും പെരുമാറ്റത്തിനുമപ്പുറം പങ്കാളിയുടെ നെഗറ്റിവിറ്റികൾ മനസ്സിലാക്കാനുള്ള സമയം ഇരുവർക്കും ഇതിലൂടെ ലഭിക്കുന്നു. അതുകൊണ്ടുതന്നെ യാഥാർഥ്യബോധമില്ലാത്ത പ്രതീക്ഷകൾ ബന്ധത്തിൽ വച്ചുപുലർത്തേണ്ടി വരുന്നില്ല. പൊരുത്തക്കേടുകൾ തിരിച്ചറിഞ്ഞാൽ അത് ഹൃദയ തകർച്ചയിലേയ്ക്കെത്തുന്നതിനു മുൻപ് ബന്ധത്തിൽ നിന്നും പിന്തിരിയാനുള്ള അവസരവും ഇത് ഒരുക്കുന്നുണ്ട്.

വ്യക്തിഗത വളർച്ചയിലും ലക്ഷ്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സമയം ലഭിക്കുന്നു എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. പങ്കാളിയെ അറിയുന്നതിനൊപ്പം സ്വയം ബോധവാന്മാരാകാനും മുന്നിൽ വന്നേക്കാവുന്ന വെല്ലുവിളികളെ എത്തരത്തിൽ കൈകാര്യം ചെയ്യണമെന്ന് തിരിച്ചറിയാനും സിമ്മർ ഡേറ്റിങ് പുതുതലമുറയെ പ്രാപ്തരാക്കുന്നുണ്ട്. മനഃശാസ്ത്രപരമായി ചിന്തിക്കുമ്പോൾ സിമ്മർ ഡേറ്റിങ്ങിനു ഗുണഫലങ്ങൾ ഏറെയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

റിഹാബിലിറ്റേഷൻ കൗൺസിലറും സൈക്കോതെറാപ്പിസ്റ്റുമായ സോനാൽ ഘാംഗരോട്ടിന്റെ അഭിപ്രായത്തിൽ പ്രണയബന്ധത്തോടുള്ള ക്രമാനുഗതമായ ഈ സമീപനം പരസ്പര വിശ്വാസം ദൃഢമാക്കുകയും സുരക്ഷിതമായ രീതിയിൽ ബന്ധം വളർത്താനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുന്നുണ്ട്. ഒപ്പമുള്ള ആളുടെ കാഴ്ചപ്പാടുകളും താൽപര്യങ്ങളും പൂർണമായി മനസ്സിലാക്കിയതിനു ശേഷം പ്രതിബദ്ധരാകുന്നത് ഭാവിയിലുള്ള സങ്കീർണതകൾ ഒഴിവാക്കാനും സഹായിക്കും. ആത്യന്തികമായി ഏതു പ്രതിസന്ധിഘട്ടത്തിലും താങ്ങും തണലുമായി ഒപ്പമുണ്ടാകുന്ന ഒരു വ്യക്തിയെ കണ്ടെത്താനാവുന്നതാണ് പ്രണയബന്ധങ്ങളുടെ സൗന്ദര്യം. സിമ്മർ ഡേറ്റിങ് അത്തരത്തിൽ ഓരോ വ്യക്തിക്കും ഏറ്റവും അനുയോജ്യരെന്ന് ഉറപ്പുള്ള പങ്കാളിയെ കണ്ടെത്താനുള്ള മികച്ച അവസരമാണ് തുറന്നു വയ്ക്കുന്നത്. മാനസികാരോഗ്യത്തിനു പുതുതലമുറ എത്രത്തോളം പ്രാധാന്യം നൽകുന്നു എന്നതിന്റെ ഉദാഹരണമായിക്കൂടി ഈ പുതിയ ട്രെൻഡിനെ കാണാം.

പുതുതലമുറയുടെ അഭിപ്രായങ്ങളും താത്പര്യങ്ങളും നിരന്തരം സമൂഹത്തിന്റെ വിമർശനങ്ങൾക്കും സൂക്ഷ്മ പരിശോധനകൾക്കും വിധേയമാകുന്ന ഒരു കാലഘട്ടത്തിൽ സിമ്മർ ഡേറ്റിങ് ഒരു ഗെയിം ചേഞ്ചർ തന്നെയാണ്. ശാരീരികവും വൈകാരികപരവുമായ സുരക്ഷിതത്വത്തിന് ഊന്നൽ നൽകി, തെറ്റും ശരിയും കൃത്യമായി മനസ്സിലാക്കി, പലയാവർത്തി ചിന്തിച്ചെടുക്കുന്ന തീരുമാനങ്ങൾ ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും നിറയ്ക്കും. എന്തെങ്കിലും പ്രേരണയുടെ പേരിൽ കണ്ണുംപൂട്ടി ഒരു പ്രണയബന്ധത്തിൽ അകപ്പെട്ട് വർഷങ്ങൾ ഹോമിച്ചുകളയാതെ സ്വന്തം വികാരങ്ങളെ വിലമതിക്കാനും മൂല്യവത്തെന്ന് ഉറപ്പുള്ള ബന്ധത്തിൽ മാത്രം സമയവും വ്യക്തിത്വവും നിക്ഷേപിക്കാനും സിമ്മർ ഡേറ്റിങ് ട്രെൻഡ് ജെൻ സിയെ സഹായിക്കുന്നുണ്ട്.

ഉമ തോമസ് എംഎൽഎ തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുന്നു, ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ

കൊച്ചി : കലൂരിൽ നൃത്ത പരിപാടിക്കിടെ വീണ്‌ പരിക്കേറ്റ ഉമ തോമസ് എംഎൽഎ തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുന്നു. എംഎൽഎയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. വെന്റിലേറ്റർ തുടരും. ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം മാത്രമേ വെന്റിലേറ്റർ മാറ്റുന്നതിനെ കുറിച്ച് ആലോചിക്കൂ എന്ന നിലപാടിലാണ് ഡോക്ടർമാരുടെ സംഘം. എംഎൽഎയുടെ ആരോഗ്യ സ്ഥിതി വ്യക്തമാക്കി രാവിലെ 10 മണിക്ക് പുതിയ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കും.

ഗിന്നസ് റിക്കാർഡിൻറെ പേരിൽ നടന്ന കൊച്ചിയിലെ നൃത്തപരിപാടിയുടെ സംഘാടകർക്കെതിരെ സാമ്പത്തിക ചൂഷണത്തിന് ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ഉമാ തോമസ് എം എൽ എയ്ക്ക് പരിക്കേൽക്കാനിടയായ പരിപാടി സംഘടിപ്പിച്ച മൃദംഗവിഷൻ മാനേജിങ് ഡയറക്ടർ നിഗോഷ് കുമാറാണ് ഒന്നാം പ്രതി. 390 രൂപയുടെ സാരിയ്ക്ക് 1600 രൂപ വാങ്ങിയത് തങ്ങളറിഞ്ഞല്ലെന്ന് കല്യാൺ സിൽക്സ് പരസ്യമായി പറഞ്ഞതോടെയാണ് സാമ്പത്തിക ചൂഷണത്തിന് പൊലീസിൻറെ നടപടി. പണം നൽകിയ വീട്ടമ്മ തന്നെ പരാതി നൽകിയതോടെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പാലാരിവട്ടം പൊലീസ് കേസെടുത്ത്. അറസ്റ്റിലായ ഒന്നാം പ്രതിക്ക് ഇടക്കാലജാമ്യം ലഭിച്ചു.

റോഡ് കുറുകെ കടക്കുന്നതിനിടെ കാറിടിച്ചു; 15 മാസമായി അബോധാവസ്ഥയിൽ കഴിഞ്ഞ നിയമ വിദ്യാർഥിനി മരിച്ചു

ആലപ്പുഴ: കോളജിലേക്കുള്ള റോഡ് കുറുകെ കടക്കുന്നതിനിടെ കാറിടിച്ചു ഗുരുതരമായ പരുക്കേറ്റു 15 മാസമായി അബോധാവസ്ഥയിൽ കഴിയുകയായിരുന്ന നിയമ വിദ്യാർഥിനി മരിച്ചു. തോണ്ടൻകുളങ്ങര കൃഷ്ണകൃപയിൽ വാണി സോമശേഖരൻ (24) ആണ് മരിച്ചത്. 2023 സെപ്റ്റംബർ 21ന് ഏറ്റുമാനൂർ സിഎസ്ഐ ലോ കോളജിന് മുന്നിലായിരുന്നു അപകടം.

വീഴ്ചയിൽ തലച്ചോറിനു ഗുരുതരമായി പരുക്കേറ്റതിനെത്തുടർന്നു അബോധാവസ്ഥയിലായി. ആദ്യം തെള്ളകത്തെയും പിന്നീടു വെല്ലൂരിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞു. 3 മാസമായി വീട്ടിൽ വെന്റിലേറ്റർ സൗകര്യമൊരുക്കിയാണു പരിചരിച്ചിരുന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. അമ്പലപ്പുഴ മണി ജ്വല്ലറി ഉടമ സോമശേഖരന്റെയും മായയുടെയും മകളാണ്. സഹോദരൻ: വസുദേവ്.

യാത്രക്കാരുടെ ശ്രദ്ധക്ക്, എല്ലാം റെഡി, ഇനി തുടങ്ങിയാൽ മതി, 180 കിമീ വേ​ഗത്തിൽ കുതിച്ച് വന്ദേഭാരത് സ്ലീപ്പർ

ന്യൂഡൽഹി: ഇന്ത്യയുടെ വേഗയാത്രക്ക് നിറം പകർന്ന് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിയ പരീക്ഷണങ്ങളിൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ മണിക്കൂറിൽ 180 കിലോമീറ്റർ വേഗത കൈവരിച്ചതായി റെയിൽവേ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. രാജ്യത്തുടനീളമുള്ള ദീർഘദൂര യാത്രക്ക് മികച്ച സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കുന്നത്. ഈ മാസം അവസാനം വരെ പരീക്ഷണങ്ങൾ തുടരുമെന്ന് റെയിൽവേ മന്ത്രാലയത്തിൻ്റെ പ്രസ്താവനയിൽ പറയുന്നു. കോട്ട ഡിവിഷനിലെ വിജയകരമായ പരീക്ഷണത്തിൻ്റെ വീഡിയോയാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവെച്ചത്.

വ്യാഴാഴ്ച, രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ കോട്ടയ്ക്കും ലബനുമിടയിൽ 30 കിലോമീറ്റർ ദൈർഘ്യമുള്ള ഓട്ടത്തിനിടയിൽ, ട്രെയിൻ മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ എത്തി. റോഹൽ ഖുർദ് മുതൽ കോട്ട വരെയുള്ള 40 കിലോമീറ്റർ ദൈർഘ്യമുള്ള ട്രയൽ റണ്ണിൽ, വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ മണിക്കൂറിൽ 180 കിലോമീറ്റർ എന്ന വേഗതയിലെത്തി. അതേ ദിവസം, കോട്ട-നാഗ്ദ, റോഹൽ ഖുർദ്-ചൗ മഹ്‌ല വിഭാഗങ്ങളിൽ മണിക്കൂറിൽ 170 കിലോമീറ്ററും മണിക്കൂറിൽ 160 കിലോമീറ്ററുമായി ഉയർന്നു. ലഖ്‌നൗവിലെ RDSO യുടെ മേൽനോട്ടത്തിലാണ് പരീക്ഷണം.

പരീക്ഷണങ്ങൾ പൂർത്തിയായാൽ, പരമാവധി വേഗതയിൽ റെയിൽവേ സുരക്ഷാ കമ്മീഷണർ ട്രെയിൻ വിലയിരുത്തും. അവസാന ഘട്ടം കഴിഞ്ഞാൽ മാത്രമേ വന്ദേ ഭാരത് ട്രെയിനുകൾ ഔദ്യോഗികമായി സർവീസിനായി ഇന്ത്യൻ റെയിൽവേയ്ക്ക് കൈമാറുകയുള്ളൂ. കാശ്മീർ മുതൽ കന്യാകുമാരി, ദില്ലി മുതൽ മുംബൈ, ഹൗറ മുതൽ ചെന്നൈ വരെയുള്ള ദൂര യാത്രകളിൽ ലോകോത്തര യാത്രാനുഭവം റെയിൽ യാത്രക്കാർക്ക് പ്രതീക്ഷിക്കാമെന്നും പ്രസ്താവനയിൽ പറയുന്നു.