ബംഗളുരു.ബഹിരാകാശ മാലിന്യസംസ്കരണത്തില്‍ കുതിപ്പുമായി ഐഎസ്ആർഒ . ബഹിരാകാശത്ത് ഒഴുകി നടക്കുന്ന മാലിന്യങ്ങള്‍ ശേഖരിക്കാനുള്ള യന്ത്രകയ്യുടെ പരീക്ഷണം വിജയകരമാക്കി പൂര്‍ത്തിയാക്കി.
പി.എസ്.എല്‍.വി. സി60 റോക്കറ്റിന്റെ ഉള്‍പെടുത്തിയ റോബോട്ടിക് ആം ബഹിരാകാശത്ത് പ്രവർത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. അത്യാധുനിക സെന്‍സറുകളും ക്യാമറകളും ഉപയോഗിച്ചു ഭ്രമണപഥങ്ങളില്‍ നിയന്ത്രണമില്ലാതെ ഒഴുകി നടക്കുന്ന വസ്തുക്കളെ കണ്ടെത്തി പിടിച്ചെടുക്കുന്ന യന്ത്രക്കൈ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലാണു വികസിപ്പിച്ചത്. പ്രവര്‍ത്തന കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ നിന്നു നീക്കുന്ന ഡീ ഓര്‍ബിറ്റിങ് സാങ്കേതിക വിദ്യയില്‍ ഏറെ നിര്‍ണായകമായ പരീക്ഷണമാണിത്
ബഹിരാകാശ മാലിന്യസംസ്കരണത്തില്‍ കുതിപ്പുമായി ഐഎസ്ആർഒ
എട്ട് പേര്‍ക്ക് പുതുജീവനേകി മലയാളി വിദ്യാര്‍ത്ഥി യാത്രയായി
ബംഗളുരു. പുതുവര്‍ഷദിനം ബാംഗ്ലൂരില്‍ നടന്ന റോഡ് അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച മലയാളി വിദ്യാര്‍ത്ഥി അലന്‍ അനുരാജിന്റെ അവയവങ്ങള്‍ എട്ട് പേരിലൂടെ ജീവിക്കും. ആറ് പ്രധാന അവയവങ്ങളും 2 കണ്ണുകളുമാണ് ദാനം ചെയ്തത്. ഹൃദയം, രണ്ട് വൃക്കകള്‍, പാന്‍ക്രിയാസ്, ശ്വാസകോശം, കരള്‍, നേത്ര പടലം എന്നിവയാണ് ദാനം ചെയ്തത്. അവയവങ്ങള്‍ കര്‍ണാടകയിലെ വിവിധ ആശുപത്രികള്‍ക്ക് കൈമാറി. മരണാനന്തര അവയവദാനത്തിന് നേതൃത്വം നല്‍കുന്ന കര്‍ണാടക സര്‍ക്കാരിന്റെ ‘ജീവസാര്‍ത്ഥകത്തേ’യുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും സ്വീകര്‍ത്താക്കളെ കണ്ടെത്തലും കാര്യക്ഷമമായി നടന്നത്. തീവ്ര ദു:ഖത്തിലും മറ്റൊരു സംസ്ഥാനത്ത് നിന്ന് മരണാനന്തര അവയവദാനത്തിന് തയ്യാറായി എട്ട് പേര്‍ക്ക് പുതു ജീവന്‍ നല്‍കാന്‍ സന്നദ്ധരായ അലന്റെ കുടുംബത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.
എറണാകുളം പുത്തന്‍വേലിക്കര സ്വദേശിയായ അനുരാജ് തോമസിന്റെയും ബിനി അനുരാജിന്റെയും മകനായ അലന്‍ അനുരാജ് (19 വയസ്), ബാംഗ്ലൂര്‍ സപ്തഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ഫിസിയോതെറാപ്പി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. 2025 ജനുവരി ഒന്നിന് ബാംഗ്ലൂരില്‍ വച്ച് നടന്ന ബൈക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റ അലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് യശ്വന്ത്പൂര്‍ സ്പര്‍ശ് ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടര്‍ന്ന്, അലന്റെ കുടുംബം അവയവദാനത്തിന് സമ്മതിക്കുകയായിരുന്നു.
അമല്‍, ആല്‍വിന്‍ എന്നിവര്‍ സഹോദരങ്ങളാണ്. പുത്തന്‍വേലിക്കര മാളവന സെന്റ് ജോര്‍ജ് ദേവാലയത്തില്‍ ജനുവരി അഞ്ച് വൈകീട്ട് നാലിന് അലന്റെ സംസ്‌കാരം നടക്കും.
അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ 18 വര്‍ഷത്തിന് ശേഷം പിടിയില്‍
കൊല്ലം: അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ 18 വര്‍ഷത്തിന് ശേഷം പിടിയില്‍. അഞ്ചല്‍ സ്വദേശി ദിബില്‍ കുമാര്‍, കണ്ണൂര്‍ സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട്ടിലെ പോണ്ടിച്ചേരിയില്‍ നിന്നാണ് സിബിഐ പ്രതികളെ പിടികൂടിയത്.
ഇന്ത്യന്‍ ആര്‍മിയില്‍ ആയിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. സംഭവത്തിന് പിന്നാലെ ഇരുവരും ഒളിവില്‍ പോയി. പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. 2006ലാണ് സംഭവം നടന്നത്. 2021ല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പത്താന്‍കോട്ട് യൂണിറ്റിലായിരുന്നു പ്രതികള്‍ ജോലി ചെയ്തിരുന്നത്.2006 ഫെബ്രുവരി മാസത്തിലാണ് കൊല്ലം അഞ്ചല്‍ സ്വദേശിനിയും അവിവാഹിതയുമായ രഞ്ജിനിയും രണ്ട് പെണ്‍കുട്ടികളും കൊല്ലപ്പെട്ടത്. ഈ കേസില്‍ സൈനികരായ ഇവര്‍ക്ക് പങ്കുണ്ടെന്ന് പൊലീസും സിബിഐയും കണ്ടെത്തിയിരുന്നു. എന്നാല്‍ 2006 മുതല്‍ ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു. സൈന്യത്തിലേക്കും ഇവര്‍ തിരികെ പോയില്ല. ഇവരുവരും രാജ്യത്തിന് പുറത്തേക്ക് പോയെന്നാണ് കരുതിയിരുന്നത്.എന്നാല്‍ കഴിഞ്ഞ ആഴ്ച ഇവരെക്കുറിച്ചുള്ള വിവരം ചെന്നൈ യൂണിറ്റിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മറ്റൊരു വിലാസത്തില്‍ വ്യാജപേരുകളില്‍ വിവാഹം കഴിച്ച് താമസിച്ച് വരികയായിരുന്നു ഇവര്‍. ഇവര്‍ക്ക് കുട്ടികളുമുണ്ട്. ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപം നടത്തിവരികയായിരുന്നു പ്രതികള്‍. ഇവരെ കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കി.ദിബില്‍ കുമാറിന് രഞ്ജിനിയില്‍ രണ്ട് കുഞ്ഞുങ്ങള്‍ ജനിച്ചിരുന്നു. പക്ഷേ ആ കുട്ടികളുടെ പിതൃത്വം സംബന്ധിച്ച് ദിബില്‍ കുമാറിനെതിരെ രഞ്ജിനിയുടെ കുടുംബം പരാതികളുന്നയിച്ചിരുന്നു. കുട്ടികളുടെ ഡിഎന്‍എ അടക്കം പരിശോധിക്കാന്‍ വനിത കമ്മീഷന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് തെളിവുകള്‍ നശിപ്പിക്കാനെന്ന ലക്ഷ്യത്തോടെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയം ദിബില്‍ കുമാറും രാജേഷും അവിടെയെത്തി മൂന്ന് പേരെയും കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് പേരെയും കഴുത്തറുത്താണ് കൊലപ്പെടുത്തിയത്.
കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടി അവതരിപ്പിക്കാൻ അനുമതി നൽകിയത് ജിസിഡിഎ ചെയർമാൻ നേരിട്ട്
കൊച്ചി.കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടി അവതരിപ്പിക്കാൻ അനുമതി നൽകിയത് ജിസിഡിഎ ചെയർമാൻ നേരിട്ട് എന്ന് തെളിവുകൾ.പരിപാടിക്ക് അനുമതി നൽകരുതെന്ന് ഉദ്യോഗസ്ഥർ ഫയലിൽ കുറിച്ചു എങ്കിലും ചെയർമാൻ നേരിട്ടാണ് അനുമതി നൽകിയതെന്ന് തെളിയിക്കുന്ന ജിസിഡിഎയുടെ രേഖകൾ പുറത്തുവന്നു. ഈ ത് വാര്‍ത്തയായതോടെ ജിസിഡിഎ ചെയർമാനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു.ഉമാ തോമസിന് പരിക്കേറ്റ സംഭവത്തിൽ ജിസിഡിഎക്ക് വീഴ്ച സംഭവിച്ചു എന്ന് പ്രതിപക്ഷ നേതാവും ആരോപിച്ചു
കലൂർ സ്റ്റേഡിയത്തിൽ മൃദംഗ വിഷന്റെ പരിപാടിക്ക് അനുമതി നൽകേണ്ട എന്ന് ജിസിഡിഎ എസ്റ്റേറ്റ് വിഭാഗം ഉദ്യോഗസ്ഥർ ഫയലിൽ കുറിച്ചതാണ്.എന്നാൽ കാര്യകാരണങ്ങൾ നിരത്തി ഉദ്യോഗസ്ഥർ അനുമതി നിഷേധിച്ച പരിപാടിക്കാണ് ചെയർമാനിടപ്പെട്ട് പ്രത്യേക അനുമതി നൽകിയത്.
ചെയർമാൻ അനുമതി നൽകിയതിന് പിന്നാലെ മൃദംഗ വിഷൻ GCDAയുടെ അക്കൗണ്ടിൽ 13ലക്ഷം രൂപ അടയ്ക്കുകയും ചെയ്തു.പോലീസിന്റെയോ ഫയർഫോഴ്സിന്റെയോ കൊച്ചി കോർപ്പറേഷന്റെയോ അനുമതി നേടും മുമ്പാണ് ഒറ്റ ദിവസം കൊണ്ട് സംഘാടകർക്ക് ദ്രുതഗതിയിൽ അനുമതി ലഭിച്ചത്.എന്തിനാണ് ഇങ്ങനെ ഒരു അനുമതി നൽകിയതെന്ന് ചോദ്യമാണ് ഉയരുന്നത്.ആരോപണത്തെക്കുറിച്ച് പ്രതികരിക്കാൻ ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള തയ്യാറായില്ല
ജിസിഡിഎ എക്സിക്യൂട്ടീവ് യോഗത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി.ചെയർമാനെ ഉപരോധിക്കുമ്പോഴും കടവന്ത്ര പോലീസ് വിവരം അറിഞ്ഞിരുന്നില്ല.
ഉമാ തോമസിന് പരിക്കേറ്റ സംഭവത്തിൽ ജിസിഡിഎക്ക് വീഴ്ച സംഭവിച്ചു എന്നും കേരളം മുഴുവൻ പറയുന്നത് സുരക്ഷാ വീഴ്ചയെ കുറിച്ച് ആണ് എന്നും പ്രതിപക്ഷ നേതാവും ആരോപിച്ചു.ജിസിഡിഎയുടെ ഭാഗത്തുനിന്ന് തുടർ പരിശോധനകളും നടപടികളും ഉണ്ടാകുമെന്നാണ് ഭരണസമിതിയുടെ വിശദീകരണം
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയെതീരുമാനിക്കുന്നത് ഹൈക്കമാന്‍ഡ് ആണെന്ന് കെ മുരളീധരന്‍
തിരുവനന്തപുരം.കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയെതീരുമാനിക്കുന്നത് ഹൈക്കമാന്‍ഡ് ആണെന്ന് കെ മുരളീധരന്‍, എന്‍എസ്എസ് എല്ലാവർഷവും വിശിഷ്ടാതിഥികളെ പങ്കെടുപ്പിക്കാറുണ്ട് , അതിൽ പങ്കെടുക്കുന്നതിൽ ഏറ്റവും കൂടുതൽ കോൺഗ്രസ് നേതാക്കളാണ്. ബിജെപിക്കാരും സിപിഎമ്മുകാരും അതിൽ പങ്കെടുക്കാറില്ല. അതിന്റെ ഭാഗമായാണ് രമേശ് വന്നത് , അത് ആരെയും തഴഞ്ഞു കൊണ്ടല്ല. ആദ്യം തെരഞ്ഞെടുപ്പിൽ ജയിക്കുക എന്നുള്ള പ്രധാന കാര്യം , മുഖ്യമന്ത്രി തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആണ്. 96 ൽ മാത്രമാണ് എൻഎസ്എസ് ഇടതുപക്ഷത്തെ സഹായിച്ചത്. മറ്റൊരു സമയത്തും കോൺഗ്രസിനെ എൻഎസ്എസ് സഹായിക്കാതിരുന്നിട്ടില്ല
ക്ഷേത്രങ്ങളിൽ ഷർട്ട് വേണ്ടയോ എന്ന കാര്യം തീരുമാനിക്കേണ്ടത് തന്ത്രിമാർ. ഇത് രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കേണ്ട കാര്യമല്ല. ആരും വിചാരിച്ചാലും അടുത്ത തെരഞ്ഞെടുപ്പിൽ പിണറായിയെ രക്ഷിക്കാനാവില്ല
തൃശ്ശൂർ ഡിസിസിക്ക് പ്രസിഡണ്ട് ഉണ്ടായിട്ടും വലിയ കാര്യമില്ല. ഉണ്ടായിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ തോറ്റു. എല്ലാ ഇലക്ഷനും കമ്മീഷൻ വെക്കാറുണ്ട്. തന്റെ ഒപ്പം നിന്നവരിൽ ചിലർ പുറത്താണ് , പക്ഷെ അവർ അകത്ത് വന്നിട്ടും പ്രത്യേകിച്ച് കാര്യമില്ല. അകത്ത് ഒന്നും നടക്കുന്നില്ലല്ലോ എന്നും മുരളീധരന്‍ പരിഹസിച്ചു.
തടാകത്തിലെ ജലചൂഷണം കുറയ്ക്കാനായി ആവിഷ്‌കരിച്ച ഞാങ്കടവ് പദ്ധതി അടിയന്തരമായി പൂര്‍ത്തീകരിച്ച് തടാകത്തിലെ ജലോപഭോഗം കുറയ്ക്കണം,അദാലത്തില്‍ തടാക സംരക്ഷണ സമിതി
ശാസ്താംകോട്ട. തടാകത്തിലെ ജലചൂഷണം കുറയ്ക്കാനായി ആവിഷ്‌കരിച്ച ഞാങ്കടവ് പദ്ധതി അടിയന്തരമായി പൂര്‍ത്തീകരിച്ച് തടാകത്തിലെ ജലോപഭോഗം കുറയ്ക്കണമെന്ന് തടാക സംരക്ഷണ സമിതി അധികൃതരോട് ആവശ്യപ്പെട്ടു. കരുതലും കൈത്താങ്ങും അദാലത്തിലാണ് സമിതി വൈസ് ചെയര്‍മാന്‍ തുണ്ടില്‍ നൗഷാദ് ഈ ആവശ്യവുമായി മന്ത്രി കെ എന്‍ ബാലഗോപാല്‍ അടക്കമുള്ള അധികൃതരെ കണ്ടത്.
2013ല്‍ നിരാഹാരമടക്കമുള്ള സമരങ്ങളിലൂടെ നേടിയെടുത്ത കാര്യമാണ് ബദല്‍ ശുദ്ധജല പദ്ധതി. ആദ്യഘട്ടം അഴിമതിയെത്തുടര്‍ന്ന് അവസാനിപ്പിച്ചു. ഞാങ്കടവ് പദ്ധതി കൊല്ലം നഗരത്തിന്റെ ആവശ്യത്തിന് ഏതാണ്ട് പൂര്‍ണമായും ഉപയോഗപ്പെടുന്ന പദ്ധതിയാണ്.അത് അവസാനഘട്ടത്തിലായി, ബാക്കി പണികള്‍ തീര്‍ത്ത് ഈ വേനലില്‍ തടാകത്തിലെ ജലമെടുപ്പ് പ്രാദേശികം മാത്രമാക്കുമെന്ന പ്രതീക്ഷയാണ് അധികൃതരുടെ അനാസ്ഥമൂലം നടക്കാതെ പോകുന്നത്.
തടാകത്തിന്റെ സംരക്ഷണത്തിന് സ്റ്റാ്റ്റിയൂട്ടറി അതോറിറ്റി രൂപീകരിക്കല്‍ തടാകത്തിന് ഇക്കോടൂറിസം പദ്ധതിയിലൂടെ പ്രാദേശിക വികസനം എന്നിവയും ആവശ്യത്തിലുണ്ട്.
സ്വകാര്യബസ് കാലിലൂടെ കയറിയിറങ്ങി പരിക്കേറ്റ വയോധിക മരിച്ചു
സ്വകാര്യബസ് കാലിലൂടെ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വടക്കാഞ്ചേരി ഒന്നാം കല്ല് സ്വദേശി പുതുവീട്ടില്‍ നബീസ (70) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടുമണിയോടെ ഒന്നാംകല്ല്
വടക്കാഞ്ചേരി ഭാഗത്തുനിന്ന് പട്ടാമ്പി കറവപുത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് വയോധികയുടെ കാലിനു മുകളില്‍ കയറിയിറങ്ങിയത്. കുന്നംകുളത്തേക്ക് പോകാന്‍ ഇറങ്ങിയതായിരുന്നു യാത്രക്കാരി. ബസ് മാറി കയറിയ വയോധിക, ബസില്‍ നിന്നിറങ്ങുന്നതിനിടെ വീഴുകയായിരുന്നു. വീണ വയോധികയുടെ കാലിനു മുകളിലൂടെ ബസിന്റെ പുറകുവശത്തെ ചക്രം കയറിയിറങ്ങി.
ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.








































