Home Blog Page 174

പത്മകുമാറിന്റെ മൊഴി  അതിനിർണായകം, നടൻ ജയറാമിനും കുരുക്ക്

തിരുവനന്തപുരം. ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനെ ഇന്ന് SIT കസ്റ്റഡിയിൽ വാങ്ങും. കേസിൽ പത്മകുമാറിന്റെ മൊഴിയാണ് ഇനി അതിനിർണായകം.

പത്മകുമാറിനൊപ്പം ചോദ്യം ചെയ്യാൻ മുൻ ബോർഡ് അംഗങ്ങളായ ശങ്കർ ദാസിനെയും വിജയകുമാറിനെയും വിളിച്ചുവരുത്തും. ഉണ്ണികൃഷ്ണൻ പോറ്റിയെ  ഒരിക്കൽ കൂടി കസ്റ്റഡിയിൽ വാങ്ങുമെന്നാണ് വിവരം. പത്മകുമാറിനെയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണിത്.

വിദേശയാത്രകളെ കുറിച്ച് അന്വേഷിക്കാൻ പത്മകുമാറിന്റെ പാസ്പോർട്ട് SIT പിടിച്ചെടുത്തിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം പത്മകുമാർ വിദേശയാത്ര നടത്തിയോ എന്നും SIT സംശയിക്കുന്നുണ്ട്. താൻ പ്രസിഡന്റ് ആകുന്നതിനു മുൻപ് തന്നെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ വലിയ സ്വാധീനം ഉണ്ടെന്നാണ് പത്മകുമാറിന്റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെടുത്തുന്ന കത്ത് അന്നത്തെ ദേവസ്വം മന്ത്രിയാണ് തനിക്ക് നൽകിയതെന്നും പത്മകുമാർ മൊഴി നൽകിയതായാണ് വിവരം. ഇതിൽ പത്മകുമാർ എന്തെങ്കിലും തെളിവ് നൽകുമോ എന്നതാണ് നിർണായകം. കേസിൽ നടൻ ജയറാമിന്റെ മൊഴി SIT ഉടൻ രേഖപ്പെടുത്തും.

നടുക്കം, കൊല്ലത്ത് ഭർത്താവ് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി

കൊല്ലം. കരിക്കോട് ഭർത്താവ് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. കരിക്കോട് അപ്പോളോ നഗർ സ്വദേശി കവിത (46) ആണ് മരിച്ചത്.

സംഭവത്തില്‍ പ്രതിയായ മധുസൂദനൻ പിള്ളയെ (54) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത വരികയാണ്. ഇന്നലെ രാത്രി രാത്രി 11 മണിയോടെയായിരുന്നു സംഭവം. എന്നാല്‍ കൊലപാതക കാരണം വ്യക്തമല്ല. മൃതദേഹം പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.

രണ്ടുകോടിയുടെ ഹാഷിഷ് , സംഘത്തിലെ പ്രധാനിക്കുവേണ്ടി തിരച്ചിൽ തുടങ്ങി

കൊച്ചി. എറണാകുളം മട്ടുമ്മലിലെ സ്വകാര്യ ഹോട്ടലിൽ നിന്ന് രണ്ടുകോടിയുടെ ഹാഷിഷ് കണ്ടെടുത്ത സംഭവത്തിൽ സംഘത്തിലെ പ്രധാനിക്കുവേണ്ടി തിരച്ചിൽ തുടങ്ങി  എക്സ്സൈസ് എൻഫോഴ്‌സ്മെന്റ്. രണ്ട് ഒറീസ സ്വദേശികളെയും രണ്ട് മലയാളികളെയും അടക്കം നാല് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് മുൻനിർത്തി ആണോ ലഹരി എത്തിച്ചത് എന്ന് പരിശോധിച്ചു വരികയാണ്. പെരുമ്പടപ്പ് സ്വദേശി അശ്വിൻ ജോയ്. പള്ളുരുത്തി സ്വദേശി ശ്രീരാജ്. ഒറീസ സ്വദേശികളായ സുനമണി സമര മുദ്ലി എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിലൂടെ കേസിലെ പ്രധാനിയിലേക്ക് എത്താനാണ് എക്സൈസിന്റെ ശ്രമം. റെയിൽ മാർഗ്ഗം വന്ന ഒറീസ്സക്കാരിൽ നിന്ന് ഹാഷിഷ് ഓയിൽ വാങ്ങാൻ മലയാളി യുവാക്കൾ ഹോട്ടലിൽ എത്തിയപ്പോഴാണ് രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് എൻഫോഴ്സ്മെന്റ് സംഘം ഇവരെ പിടികൂടിയത്.

Rep Image

  ജസ്റ്റിസ് സൂര്യകാന്ത് ഇന്ന്ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും

ന്യൂഡെൽഹി. സുപ്രീംകോടതിയുടെ  53 മത് ചീഫ് ജസ്റ്റിസായി  ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.രാഷ്‌ട്രപതി ഭവനിൽ വച്ച് നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര മന്ത്രിമാരും മറ്റു സുപ്രീംകോടതി ജഡ്ജിമാർ തുടങ്ങിയവർ പങ്കെടുക്കും. 2027 ഫെബ്രുവരി ഒന്‍പത് വരെയാണ് ചീഫ് ജസ്റ്റിസ്‌ പദവിയില്‍ ജസ്റ്റിസ് സൂര്യകാന്തിന്റെ കാലാവധി.

ആർട്ടിക്കിൾ 370 റദ്ദാക്കൽ ശരിവെച്ചതുള്‍പ്പെടെ ഒട്ടേറെ സുപ്രധാന വിധികള്‍ പറഞ്ഞ ബെഞ്ചുകളിൽ അംഗമായിരുന്നു ജസ്റ്റിസ്‌ സൂര്യകാന്ത്.2019 മെയ് 24നാണ് ജസ്റ്റിസ് സൂര്യകാന്ത് സുപ്രീം കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടത്.ഹരിയാനയിലെ ഹിസാർ ജില്ലയിലെ സാധാരണ കർഷക കുടുംബത്തിലായിരുന്നു ജസ്റ്റിസ്    സൂര്യകാന്തിന്റെ      ജനനം.


ശക്തമായ മഴ തുടരാൻ സാധ്യത

തെക്കൻ കേരളത്തിലും മധ്യകേരളത്തിലും
ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കനത്തേക്കും. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധം ആകാനും സാധ്യതയുള്ളതിനാൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മീൻ പിടുത്തത്തിന് വിലക്കേർപ്പെടുത്തി.

കനത്തമഴയില്‍ കൊച്ചിയില്‍ വെള്ളക്കെട്ട്,7 ജില്ലകൾക്ക് മഴ മുന്നറിയിപ്പ്

കൊച്ചിയിൽ പെയ്ത ശക്തമായ മഴയിൽ എംജി റോഡിലെ കടകളിൽ അടക്കം വെള്ളം കയറി. പലയിടത്തും വൈദ്യുതി മുടങ്ങി. എറണാകുളം ഇലഞ്ഞിയിൽ ഇടിമിന്നലേറ്റ് വീടിനു കേടുപാട്. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ഗതാഗത നിയന്ത്രണം. 7 ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

കൊച്ചിയിൽ കലൂർ കതൃക്കടവ് എംജി റോഡ് ജോസ് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. രൂക്ഷമഴയെ തുടർന്ന് മൂന്നു മണിക്കൂർ കൊച്ചി നഗരം ഓറഞ്ച് അലോട്ടിലായിരുന്നു. മഴ കനത്തതോടെ ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു. വെള്ളക്കെട്ട് രൂപപ്പെട്ടതോടെ മെട്രോയുടെ പണിയടക്കം ദുരിതത്തിൽ ആയി. എംജി റോഡിലെ വെള്ളക്കെട്ട് കുറയുന്നുണ്ടെങ്കിലും ജോസ് ജംഗ്ഷനിൽ വെള്ളക്കെട്ട് ഇപ്പോഴും തുടരുന്നു. എറണാകുളം ഇലഞ്ഞിയിൽ അമ്മയും കുഞ്ഞും മാത്രം ഉണ്ടായിരുന്ന വീടിന് ഇടിമിന്നലേറ്റ് കേടുപാട്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ഓറഞ്ച് അലെർട്ട്. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ഗതാഗത നിയന്ത്രണം. കൂമ്പൻപാറ മേഖലയിൽ മണ്ണിടിച്ചിൽ ഉണ്ടായതോടെ അടിമാലി- കല്ലാർ റോഡ് താൽക്കാലികമായി അടച്ചു. മൂന്നാർ ഭാഗത്തേക്കുള്ള വാഹനങ്ങൾ കല്ലാർകുട്ടി റോഡ് വഴി തിരിച്ചുവിടുന്നു. താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്. രണ്ടര മണിക്കൂറോളം ഗതാഗത കുരുക്കിൽപ്പെട്ട കോഴിക്കോട് സ്വദേശിയായ യാത്രക്കാരി കുഴഞ്ഞുവീണു. കടൽ പ്രക്ഷുബ്ധമാകാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കയപ്പെടുത്തി. മലയോര മേഖലകളിൽ മഴ കനത്തേക്കും. നാളെയും മഴ തുടരാനുള്ള സാധ്യതകൾ നിലനിൽക്കുന്നതിനാൽ ഏഴു ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകി.

മകന്‍ അച്ഛനെ കുത്തി പരുക്കേല്‍പ്പിച്ചു

തൃശൂർ. വരാക്കര കാളക്കല്ല് പുളിഞ്ചോട് മദ്യലഹരിയില്‍ മകന്‍ അച്ഛനെ കുത്തി പരുക്കേല്‍പിച്ചു. ഗുരുതരമായി പരുക്കേറ്റ ചുക്കത്ത് ഗോപാലനെ തൃശൂരിലെ ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ ബിനേഷിനെ വരന്തരപ്പിള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് 6 മണിയോടെയാണ് സംഭവം

ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 51,38, 838 ആയി ഉയർന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം.ഞായറാഴ്ച വൈകിട്ട് 6മണിയോടെ ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 51,38, 838 ആയി ഉയർന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ. ഇത് മൊത്തം വിതരണം ചെയ്ത ഫോമുകളുടെ 18.45% ആണ്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് നല്ല പുരോഗതി ദൃശ്യമാണ്.
നഗരത്തിലെ ചില കളക്ഷൻ ഹബ്ബുകൾ താൻ സന്ദർശിച്ചതായും ബി എൽ ഒ മാർ വളരെ ഉത്സാഹഭരിതരായാണ് തങ്ങളുടെ കർത്തവ്യം നിറവേറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ചയും ജോലിയിൽ വ്യാപൃതരായ ബി എൽ ഒ മാരെയും അവരുടെ കുടുംബാംഗങ്ങളേയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അഭിനന്ദിച്ചു.


വോട്ടർമാർ ഓൺലൈനായി 53,254 ഫോമുകൾ സമർപ്പിച്ചിട്ടുണ്ട്. ഇത് മൊത്തം വോട്ടർമാരുടെ 0.19% വരും.
വോട്ടർമാരെ കണ്ടെത്താൻ കഴിയാത്ത ഫോമുക(Untraceable Forms)ളുടെ എണ്ണം 1,64,631 ആയി ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബി എൽ ഒ മാരും മുഴുവൻ ഡാറ്റയും ഡിജിറ്റൈസ് ചെയ്തിട്ടില്ലെന്നും യഥാർത്ഥ കണക്ക് ഇതിലും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു .
ഫോമുകൾ സ്വീകരിക്കുന്നതിനും അവ അപ്‌ലോഡ് ചെയ്യുന്നതിനുമായി ബൂത്ത് ലെവൽ ഓഫീസർമാർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും ഇലക്ട്രൽ ലിറ്ററസി ക്ലബുകളുടേയും പിന്തുണയോടെ ‘കളക്ഷൻഹബ്ബുകൾ’ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം നാളെയും തുടരുമെന്ന് ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു

പ്രസിഡൻറ് അറിയാതെ ഒരു അജണ്ടയും ബോർഡിലേക്ക് വരാൻ പാടില്ല, കെ ജയകുമാർ

ശബരിമല.പ്രസിഡൻറ് അറിയാതെ ഒരു അജണ്ടയും ബോർഡിലേക്ക് വരാൻ പാടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാർ പറഞ്ഞു. യോഗം നടക്കുമ്പോൾ ഫയലുകൾ കൊണ്ടുവന്ന് തിരുകി കയറ്റുന്നത് സാധ്യമല്ല.ബോർഡ് യോഗങ്ങൾ എങ്ങനെ ചേരണം എന്നുള്ളതിനെപ്പറ്റി ക്രമീകരണം വരുത്തിയിട്ടുണ്ട്. അജണ്ട നേരത്തെ കിട്ടണം.പരിഗണനയ്ക്ക് വരുന്ന വിഷയങ്ങൾ പ്രസിഡൻറ് അറിഞ്ഞിരിക്കണം. യോഗം നടക്കുമ്പോൾ ഫയലുകൾ കൊണ്ടുവന്ന് തിരുകി കയറ്റുന്നത് സാധ്യമല്ല. അങ്ങനെയൊക്കെ ചെയ്തതിന്റെ കുഴപ്പങ്ങളാണ് നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പ്രസിഡൻറ് അറിയാതെ ഒരു അജണ്ടയും ബോർഡിലേക്ക് വരാൻ പാടില്ലെന്ന ഉത്തരവിറക്കിയിട്ടുണ്ട് അദ്ദേഹം പറഞ്ഞു.

70,000 മുതൽ 75,000 വരെ ആളുകളാണ് വരുന്നത്. ഇത്തരത്തിൽ ആളുകൾ എത്തിയാൽ പ്രശ്നമില്ലാതെ മുന്നോട്ടു പോകാൻ കഴിയും. കാര്യങ്ങൾ മെച്ചപ്പെടുത്തി വരുന്നു. ഞങ്ങളും ഭക്തന്മാരും സംതൃപതർ

പോലീസ് ഓഫീസർക്കും എക്സിക്യൂട്ടീവ് ഓഫീസർക്കും അധികാരം നൽകിയിട്ടുണ്ട്. ഒരു ബുക്കിംഗ് ഇല്ലാതെയും വരുന്നവരുണ്ട്. സ്പോട്ട് ബുക്കിംഗ് 5000 അല്ലെങ്കിൽ 7000 ആക്കി നിർത്തിയില്ലെങ്കിൽ നിയന്ത്രിക്കാനാകില്ല. എണ്ണം കൂട്ടുന്നതിലല്ല കാര്യം. വരുന്നവർക്ക് സേവനം നൽകാൻ കഴിയണം. കുറച്ചതുമൂലം ഗുണമുണ്ട്

സ്പോട്ട് ബുക്കിംഗ് 5000 ആക്കി കുറച്ചപ്പോൾ സമ്മർദ്ദമുണ്ട്. അത് പതുക്കെ വർദ്ധിപ്പിച്ചു വരുന്നു. സ്പോട്ട് ബുക്കിംഗ് പതുകെ 10,000 വരെ ആക്കാൻ സാധിക്കും

വടക്കാഞ്ചേരിയിൽ ബസ് അപകടം ;12 പേർക്ക് പരിക്ക്

തൃശ്ശൂർ വടക്കാഞ്ചേരിയിൽ ബസ് അപകടം ;12 പേർക്ക് പരിക്ക്.തൃശ്ശൂർ – ഷോർണൂർ റൂട്ടിൽ സർവീസ് നടത്തുന്ന ചിറയത്ത് ബസ്സാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയത്ത് നിയന്ത്രണം നഷ്ടമായ ബസ് പുളിമരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. യാത്രക്കാരിൽ 12 പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി