Home Blog Page 169

ഷെയ്ഖ് ഹസീനയെ കൈമാറണം: ഇന്ത്യയ്ക്ക് വീണ്ടും കത്തയച്ച് ബംഗ്ലാദേശ്

മുൻ ബംഗ്ലാദേശ് പ്രധാന മന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന് ഇന്ത്യയോട് വീണ്ടും ആവശ്യപ്പെട്ട് ബംഗ്ലദേശ്.  വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഹസീനയെ അതിവേഗം കൈമാറണമെന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയത്തിനാണ് ബംഗ്ലദേശ് കത്തയച്ചത്.  ഈ മാസം 17നാണ് ബംഗ്ലദേശിലെ വിദ്യാര്‍ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളില്‍ ഹസീനയെ ബംഗ്ലദേശ് കോടതി വധശിക്ഷ വിധിച്ചത്.
ഇരുരാജ്യങ്ങളും തമ്മില്‍ നിലവിലുള്ള കരാര്‍ പ്രകാരം ഹസീനയെ ഇന്ത്യ ബംഗ്ലദേശിന് കൈമാറേണ്ടതുണ്ട്. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കേസുകള്‍ക്ക് ഇതില്‍ ഒഴിവുണ്ട്. സദുദ്ദേശത്തോടെ അല്ലാത്ത കേസുകളില്‍ കൈമാറ്റ അപേക്ഷ നിരസിക്കാമെന്ന വ്യവസ്ഥ മുന്‍നിര്‍ത്തി ഹസീനയെ ഇന്ത്യ കൈമാറില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ബംഗ്ലദേശ് ജനതയുടെ താല്‍പര്യവും സമാധാനവും കണക്കിലെടുത്തുള്ള നടപടി മാത്രമേ ഇന്ത്യ സ്വീകരിക്കുകയുള്ളൂവെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. 


2024 ഓഗസ്റ്റ്–ജൂലൈ മാസങ്ങളില്‍ ബംഗ്ലദേശില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഉത്തരവിടുകയും ഗൂഢാലോചന നടത്തുകയും ചെയ്തെന്നും അനധികൃത വധശിക്ഷകള്‍ വ്യാപകമായി നടപ്പിലാക്കിയെന്നുമുള്ള കുറ്റങ്ങള്‍ ഹസീനയ്ക്കെതിരെ തെളിഞ്ഞുവെന്നായിരുന്നു ധാക്കയിലെ സ്പെഷല്‍ ട്രൈബ്യൂണലിന്‍റെ കണ്ടെത്തല്‍.

ഹനാൻ ഷായുടെ സംഗീത പരിപാടിയിലെ തിക്കും തിരക്കും… നിവർത്തി ഇല്ലാതെ പോലീസ് ലാത്തി വീശി… സംഘാടകർക്കെതിരെ കേസ്

കാസർകോട്: കാസർകോട്ട് ഗായകനും വ്ലോഗറുമായ ഹനാൻ ഷായുടെ സംഗീത പരിപാടിക്കുണ്ടായ തിക്കിലും തിരക്കിലും സംഘാടകർക്കെതിരെ കേസെടുത്ത് പൊലീസ്. സംഘാടകരായ അഞ്ചുപേർക്കെതിരെയും കമ്മിറ്റി അംഗങ്ങൾക്കെതിരെയുമാണ് കേസടുത്തത്. ഇന്നലെ രാത്രി ഉണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്കേറ്റിരുന്നു. മൂവായിരത്തോളം ആളുകളെ മാത്രമേ പ്രവേശിക്കാവൂ എന്ന് മുന്നറിയിപ്പ് നൽകിയിട്ടും 10000 ആളുകളെ പ്രവേശിപ്പിച്ചു എന്നാണ് എഫ്ഐആറിലുള്ളത്. 

കാസർകോട് പുതിയ ബസ്റ്റാന്റിന് സമീപമുള്ള മൈതാനത്തായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. സംഗീത പരിപാടി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആളുകൾ ഇവിടെ തടിച്ചുകൂടുകയായിരുന്നു. നഗരത്തിൽ ഗതാഗതം സ്തംഭിച്ചു. തിക്കും തിരക്കും കാരണം പൊലീസ് പരിപാടി നിർത്തിവെപ്പിച്ചു. ജില്ലാ പൊലീസ് മേധാവി നേരിട്ട് എത്തിയാണ് പരിപാടി നിർത്തി വെപ്പിച്ചത്. ആളുകളെ പിച്ച വിടാൻ പൊലീസ് ലാത്തി വീശി. തിക്കിലും തിരക്കിലുംപെട്ട്‌ അസ്വസ്ഥത അനുഭവപ്പെട്ട 15 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

സ്കൂളിൽ പിടി പീരീയഡുകളിൽ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന് കര്‍ശനനിര്‍ദേശം

ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ കലാ-കായിക വിദ്യാഭ്യാസത്തിനായി നിശ്ചയിച്ച പീരീയഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന കര്‍ശനനിര്‍ദേശവുമായി സര്‍ക്കാര്‍. ബാലാവകാശ കമ്മിഷന്റെ ഉത്തരവിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചത്.

മറ്റു വിഷയങ്ങള്‍ക്കായി കലാ-കായിക-പ്രവൃത്തിപരിചയ പിരീയഡുകള്‍ മാറ്റിവെക്കുന്നത് പാഠ്യപദ്ധതി സമീപനത്തിന് വിരുദ്ധമാണെന്ന് ബാലാവകാശ കമ്മിഷന്‍ അംഗം ഡോ. എഫ് വിത്സണ്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം.

വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ ഇടിച്ച് ബംഗളൂരുവില്‍ 2 മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

ബംഗളുരു : റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുമ്പോള്‍ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ ഇടിച്ച് ബംഗളൂരുവില്‍ 2 മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം.

കർണാടകയിലെ ചിക്കബനാവറയിലാണ് സംഭവം നടന്നത്. BSC നഴ്സിംഗ് വിദ്യാർത്ഥികളായ 21 വയസ്സുള്ള ജസ്റ്റിൻ ജോസ് (തിരുവല്ല), 19 വയസ്സുള്ള സ്റ്റെറിൻ എൽസ ഷാജി (റാന്നി)എന്നിവരാണ് മരിച്ചത്.  റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുമ്പോല്‍ ആയിരുന്നു അപകടം. ബംഗളുരു ബെലഗാവി വന്ദേഭാരത് എക്സ്പ്രസാണ് ഇവരെ ഇടിച്ചത്.

BSC നഴ്സിംഗ് 2ാം സെമസ്റ്റർ വിദ്യാർത്ഥികള്‍ ആയിരുന്നു ഇരുവരും. ചിക്കബനാവറ സപ്‌തഗിരി നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികളാണ്.

കൊല്ലത്ത് ഭർത്താവ് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം: ഞെട്ടൽ മാറാതെ അപ്പോളോ നഗർ നിവാസികൾ

കരിക്കോട് അപ്പോളോ നഗറിൽ ഭർത്താവ് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടൽ പ്രദേശവാസികൾ. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഇടത്തിങ്കലിൽ വീട്ടിൽ മധുസൂദനൻ പിള്ള (54) ആണ് ഭാര്യ കവിതയെ (46) ഇന്നലെ രാത്രിയിൽ കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരികയാണ്. മൃതദേഹം പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.

പത്മകുമാറിന്റെ മൊഴി  അതിനിർണായകം, നടൻ ജയറാമിനും കുരുക്ക്

തിരുവനന്തപുരം. ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനെ ഇന്ന് SIT കസ്റ്റഡിയിൽ വാങ്ങും. കേസിൽ പത്മകുമാറിന്റെ മൊഴിയാണ് ഇനി അതിനിർണായകം.

പത്മകുമാറിനൊപ്പം ചോദ്യം ചെയ്യാൻ മുൻ ബോർഡ് അംഗങ്ങളായ ശങ്കർ ദാസിനെയും വിജയകുമാറിനെയും വിളിച്ചുവരുത്തും. ഉണ്ണികൃഷ്ണൻ പോറ്റിയെ  ഒരിക്കൽ കൂടി കസ്റ്റഡിയിൽ വാങ്ങുമെന്നാണ് വിവരം. പത്മകുമാറിനെയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണിത്.

വിദേശയാത്രകളെ കുറിച്ച് അന്വേഷിക്കാൻ പത്മകുമാറിന്റെ പാസ്പോർട്ട് SIT പിടിച്ചെടുത്തിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം പത്മകുമാർ വിദേശയാത്ര നടത്തിയോ എന്നും SIT സംശയിക്കുന്നുണ്ട്. താൻ പ്രസിഡന്റ് ആകുന്നതിനു മുൻപ് തന്നെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ വലിയ സ്വാധീനം ഉണ്ടെന്നാണ് പത്മകുമാറിന്റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെടുത്തുന്ന കത്ത് അന്നത്തെ ദേവസ്വം മന്ത്രിയാണ് തനിക്ക് നൽകിയതെന്നും പത്മകുമാർ മൊഴി നൽകിയതായാണ് വിവരം. ഇതിൽ പത്മകുമാർ എന്തെങ്കിലും തെളിവ് നൽകുമോ എന്നതാണ് നിർണായകം. കേസിൽ നടൻ ജയറാമിന്റെ മൊഴി SIT ഉടൻ രേഖപ്പെടുത്തും.

നടുക്കം, കൊല്ലത്ത് ഭർത്താവ് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി

കൊല്ലം. കരിക്കോട് ഭർത്താവ് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. കരിക്കോട് അപ്പോളോ നഗർ സ്വദേശി കവിത (46) ആണ് മരിച്ചത്.

സംഭവത്തില്‍ പ്രതിയായ മധുസൂദനൻ പിള്ളയെ (54) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത വരികയാണ്. ഇന്നലെ രാത്രി രാത്രി 11 മണിയോടെയായിരുന്നു സംഭവം. എന്നാല്‍ കൊലപാതക കാരണം വ്യക്തമല്ല. മൃതദേഹം പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.

രണ്ടുകോടിയുടെ ഹാഷിഷ് , സംഘത്തിലെ പ്രധാനിക്കുവേണ്ടി തിരച്ചിൽ തുടങ്ങി

കൊച്ചി. എറണാകുളം മട്ടുമ്മലിലെ സ്വകാര്യ ഹോട്ടലിൽ നിന്ന് രണ്ടുകോടിയുടെ ഹാഷിഷ് കണ്ടെടുത്ത സംഭവത്തിൽ സംഘത്തിലെ പ്രധാനിക്കുവേണ്ടി തിരച്ചിൽ തുടങ്ങി  എക്സ്സൈസ് എൻഫോഴ്‌സ്മെന്റ്. രണ്ട് ഒറീസ സ്വദേശികളെയും രണ്ട് മലയാളികളെയും അടക്കം നാല് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് മുൻനിർത്തി ആണോ ലഹരി എത്തിച്ചത് എന്ന് പരിശോധിച്ചു വരികയാണ്. പെരുമ്പടപ്പ് സ്വദേശി അശ്വിൻ ജോയ്. പള്ളുരുത്തി സ്വദേശി ശ്രീരാജ്. ഒറീസ സ്വദേശികളായ സുനമണി സമര മുദ്ലി എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിലൂടെ കേസിലെ പ്രധാനിയിലേക്ക് എത്താനാണ് എക്സൈസിന്റെ ശ്രമം. റെയിൽ മാർഗ്ഗം വന്ന ഒറീസ്സക്കാരിൽ നിന്ന് ഹാഷിഷ് ഓയിൽ വാങ്ങാൻ മലയാളി യുവാക്കൾ ഹോട്ടലിൽ എത്തിയപ്പോഴാണ് രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് എൻഫോഴ്സ്മെന്റ് സംഘം ഇവരെ പിടികൂടിയത്.

Rep Image

  ജസ്റ്റിസ് സൂര്യകാന്ത് ഇന്ന്ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും

ന്യൂഡെൽഹി. സുപ്രീംകോടതിയുടെ  53 മത് ചീഫ് ജസ്റ്റിസായി  ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.രാഷ്‌ട്രപതി ഭവനിൽ വച്ച് നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര മന്ത്രിമാരും മറ്റു സുപ്രീംകോടതി ജഡ്ജിമാർ തുടങ്ങിയവർ പങ്കെടുക്കും. 2027 ഫെബ്രുവരി ഒന്‍പത് വരെയാണ് ചീഫ് ജസ്റ്റിസ്‌ പദവിയില്‍ ജസ്റ്റിസ് സൂര്യകാന്തിന്റെ കാലാവധി.

ആർട്ടിക്കിൾ 370 റദ്ദാക്കൽ ശരിവെച്ചതുള്‍പ്പെടെ ഒട്ടേറെ സുപ്രധാന വിധികള്‍ പറഞ്ഞ ബെഞ്ചുകളിൽ അംഗമായിരുന്നു ജസ്റ്റിസ്‌ സൂര്യകാന്ത്.2019 മെയ് 24നാണ് ജസ്റ്റിസ് സൂര്യകാന്ത് സുപ്രീം കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടത്.ഹരിയാനയിലെ ഹിസാർ ജില്ലയിലെ സാധാരണ കർഷക കുടുംബത്തിലായിരുന്നു ജസ്റ്റിസ്    സൂര്യകാന്തിന്റെ      ജനനം.


ശക്തമായ മഴ തുടരാൻ സാധ്യത

തെക്കൻ കേരളത്തിലും മധ്യകേരളത്തിലും
ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കനത്തേക്കും. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധം ആകാനും സാധ്യതയുള്ളതിനാൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മീൻ പിടുത്തത്തിന് വിലക്കേർപ്പെടുത്തി.