ന്യൂഡെല്‍ഹി.സംസ്ഥാനത്തിന് കർശന നിർദേശവുമായി സുപ്രീം കോടതി.വിദ്യാഭ്യാസ അവകാശ നിയമം പ്രകാരം സ്‌കൂളുകൾ ഇല്ലാത്തതടുത്ത് സ്‌കൂളുകൾ സ്ഥാപിക്കാൻ നിർദേശം.ഒരു കിലോമീറ്റർ ചുറ്റളവിൽ എൽപി സ്‌കൂളുകൾ ഇല്ലാത്ത ഇടങ്ങളിൽ എൽപി സ്‌കൂളുകളും മൂന്ന് കിലോമീറ്റർ ചുറ്റളവിൽ അപ്പർ പ്രൈമറി സ്‌കൂളുകൾ ഇല്ലെങ്കിൽ അവിടെ യു പി സ്‌കൂളുകളും സ്ഥാപിക്കാൻ നിർദേശം.മഞ്ചേരിയിലെ എളാമ്പ്രയിൽ അടിയന്തിരമായി എൽ പി സ്ക്കൂൾ സ്ഥാപിക്കാനും സുപ്രീം കോടതി.സ്വന്തം കെട്ടിടം ഇല്ലെങ്കിൽ വാടക കെട്ടിടത്തിൽ മൂന്ന് മാസത്തിനുള്ളിൽ നടപടികൾ ആരംഭിക്കണം.എലാമ്പ്രയില്‍ സ്കൂള്‍ സ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് സുപ്രീംകോടതി ഉത്തരവ്.
സൗഹൃദത്തിനൊരു സമർപ്പണം ,പുസ്തക പ്രകാശനം
തിരുവനന്തപുരം. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും ലോക്സഭ അംഗവുമായിരുന്ന വി.പി.നായരുടെ മകനും ഇംഗ്ലണ്ടിൽ ഡോക്ടറുമായിരുന്ന ഡോ.പി.ഹരികുമാറിന്റെ സൗഹൃദത്തിനൊരു സമർപ്പണം എന്ന പുസ്തകത്തിന്റെ പ്രകാശനം 2025 നവംബർ 29 ശനി വൈകുന്നേരം 4.30 ന് ട്രിവാൻഡ്രം ക്ലബ്ബിൽ നടക്കും.
ഏഷ്യാനെറ്റ് മുൻ ചെയർമാൻ ഡോ.റെജി മേനോൻ ഗ്രന്ഥകർത്താവിനെ അനുസ്മരിക്കും. പുസ്തക പ്രകാശനം മുൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ ആദ്യ കോപ്പി ഡോ.ജോർജ് ഓണക്കൂറിന് നല്കി നിർവ്വഹിക്കും. സൈന്ധവ ബുക്സ്. ആണ് പ്രസാധകർ.
സി എസ് സുബ്രഹ്മണ്യൻ പോറ്റി സ്മാരക പ്രഭാഷണവും പെണ്ണൊരുക്കവും, അവാർഡ് സമർപ്പണവും നടത്തി
കരുനാഗപ്പള്ളി. സി.എസ്.സുബ്രഹ്മണ്യൻ പോറ്റി ലൈബ്രറിയുടേയും, ടൗൺ ക്ലബ്ബിൻ്റേയും സംയുക്താഭിമുഖ്യത്തിൽ സി.എസ്.സുബ്രഹ്മണ്യൻ പോറ്റി സ്മാരക പ്രഭാഷണവും പെണ്ണൊരുക്കവും, അവാർഡ് സമർപ്പണവും നടത്തി. കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് അഡ്വ.എൻ.രാജൻ പിള്ള അധ്യക്ഷത വഹിച്ചു.കവി എൻ.എസ്.സുമേഷ് കൃഷ്ണന് സി.എസ്.സുബ്രഹ്മണ്യൻ പോറ്റി പുരസ്ക്കാരം സമർപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ പ്രശസ്തിപത്രം നൽകി. ഇടക്കുളങ്ങര ഗോപൻ പ്രശസ്തിപത്രപാരായണം നടത്തി എസ്.ശിവകുമാർ അവാർഡു ജേതാവിനെയും ജൂറി ചെയർമാൻ പ്രൊഫ.സി.ശശിധരക്കുറുപ്പ് അവാർഡുകൃതിയുംപരിചയപ്പെടുത്തി.
വി.എം.രാജമോഹൻ സി.എസ്.സുബ്രഹ്മണ്യൻ പോറ്റി അനുസ്മരണ പ്രഭാഷണം നടത്തി.അമ്പലപ്പുഴ രാധാകൃഷ്ണൻ
പ്രൊഫ.ആർ.അരുൺകുമാർ, എ.ഷാജഹാൻ, എ.സജീവ്,എം.ടി.ഹരികുമാർ, ബി.ജയചന്ദ്രൻ ,എൻ.എസ്.അജയകുമാർ എന്നിവർ സംസാരിച്ചു.എൻ.എസ്.സുമേഷ് കൃഷ്ണൻ മറുപടി പ്രസംഗം നടത്തി
പെണ്ണൊരുക്കം തൊടിയൂർ വസന്തകുമാരി ഉദ്ഘാടനം ചെയ്തു.സജിത.ബി.നായർ അധ്യക്ഷത വഹിച്ചു. അശ്വതി അജി, രശ്മീദേവി, ശ്രീജഗോപൻ, പ്രിൻസി കൃഷ്ണൻ, സീന രവി, രാജി അജികുമാർ, പൂജ, പൂർണ്ണിമ എന്നിവർ സംസാരിച്ചു.
ശബരിമലയില്‍ അന്നദാനത്തിന് ഇനി സദ്യയുമുണ്ടാകും
ശബരിമലയില്‍ അന്നദാനത്തിന് ഇനി സദ്യയുമുണ്ടാകും. ഉച്ചഭക്ഷണത്തിന് പായസത്തോട് കൂടിയുള്ള സദ്യ നല്‍കാന്‍ തീരുമാനിച്ചതായി ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞു. പന്തളത്തെ അന്നദാനത്തില്‍ കാലക്രമേണ മാറ്റം വരുത്താനും തീരുമാനിച്ചിട്ടുണ്ട്.
നിലവിലെ മെനുവിലുള്‍പ്പെട്ട പുലാവും സാമ്പാറും മാറ്റും. ഉച്ചയ്ക്ക് ഈ മെനുവിന് പകരം പായസവും പപ്പടവും കറികളും ഉള്‍പ്പെടുത്തി സദ്യ ഏര്‍പ്പെടുത്തും. ദേവസ്വം കമീഷണറിന് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കി. രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്നും ജയകുമാര്‍ പറഞ്ഞു.
ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തതായും നിലവില്‍ തിരക്ക് നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ ഒരു ലക്ഷത്തിലേറെ തീര്‍ഥാടകര്‍ സന്നിധാനത്തെത്തിയിരുന്നു. കൃത്യമായ ഏകീകരണത്തിലൂടെ എല്ലാവര്‍ക്കും സുഗമമായ ദര്‍ശനം ഉറപ്പാക്കാന്‍ കഴിഞ്ഞു. എരുമേലിയില്‍ കൂടി സ്‌പോട്ട് ബുക്കിങ് ആരംഭിക്കും.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റര്‍ സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവച്ചതിന് പിന്നില്‍ വരന്‍ പലാഷ് മുച്ചലിന്റെ മറ്റുബന്ധങ്ങളെന്ന് അഭ്യൂഹം
പലാഷ് മുച്ചലുമായുള്ള വിവാഹം മാറ്റിവെച്ചതിന് പിന്നാലെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും തന്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ നിന്ന് നീക്കം ചെയ്ത് ഇന്ത്യന്‍ വനിതാ ക്രിക്കറ്റര്‍ സ്മൃതി മന്ദാന. പിതാവ് ശ്രീനിവാസ് മന്ദാനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചത്. പിന്നാലെ വിവാഹം, വിവാഹനിശ്ചയം എന്നിവയുമായി ബന്ധപ്പെട്ട വീഡിയോയും താരം ഡിലീറ്റ് ചെയ്തു.
അതേസമയം വിവാഹം മാറ്റിവച്ചതിന് പിന്നില്‍ വരന്‍ പലാഷ് മുച്ചലിന്റെ മറ്റുബന്ധങ്ങളെന്ന് അഭ്യൂഹം. പലാഷ് മറ്റൊരു സ്ത്രീമായി നടത്തിയതെന്ന് കരുതുന്ന സ്വകാര്യ സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഓണ്‍ലൈനില്‍ വൈറലായിരുന്നു. ഇതേ തുടര്‍ന്നാണ് സമൂഹമാധ്യമങ്ങളില്‍ ഇത്തരത്തിലൊരഭ്യൂഹം പ്രചരിക്കുന്നത്. ഞായറാഴ്ചയായിരുന്നു സ്മൃതിയും പലാഷുമായുള്ള വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹം മാറ്റിവെച്ചതിന് പിന്നാലെ സ്മൃതി തന്റെ സമൂഹമാധ്യമങ്ങളില്‍ നിന്ന് വിവാഹവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിഡിയോകളും നീക്കം ചെയ്തിരുന്നു.
റെഡ്ഡിറ്റിലും ഇന്‍സ്റ്റാഗ്രാമിലും എക്‌സിലും പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടുകളാണ് വിവാദങ്ങള്‍ക്ക് പിന്നില്‍. മേരി ഡികോത്ത എന്ന യുവതിയോടപ്പമുള്ള വാട്ട്‌സാപ്പ് ചാറ്റുകളാണിതെന്നാണ് കരുതുന്നത്. അവര്‍ തന്നെയാണ് സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവിട്ടതെന്നും കരുതുന്നു. യുവതിയെ ഹോട്ടലിലെ പൂളില്‍ ഒരുമിച്ച് നീന്താന്‍ ക്ഷണിക്കുന്നതും സ്മൃതിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളും പലാഷിന്റെ മറുപടികളുമാണ് ചാറ്റിലുള്ളത്. പ്രണയാതുരമായ സന്ദേശങ്ങളും ചാറ്റുകളിലുണ്ട്. സ്‌ക്രീന്‍ഷോട്ടുകളില്‍ യുവതിയുടെ രൂപഭംഗിയെ പ്രശംസിക്കുകയും ചെയ്യുന്നു. സ്പായിലേക്കും ബീച്ചിലേക്കും അടക്കം ക്ഷണിക്കുന്നതും ചാറ്റുകളിലുണ്ട്.
അതേസമയം, ഇത് പലാഷിന്റെ ചാറ്റുകള്‍ തന്നെയാണ് എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും കാരണമായിട്ടുണ്ട്. പലരും പലാഷിനെ വിമര്‍ശിച്ച് രംഗത്തെത്തി. അതേസമയം, സ്മൃതിയുടെ കുടുംബം സങ്കീര്‍ണമായ സഹാചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മറ്റുചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ വിവാഹം മാറ്റിവച്ചതിന് പിന്നാലെ വിവാഹവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിഡിയോകളും സ്മൃതി നീക്കം ചെയ്തതാണ് ഊഹാപോഹങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്നത്.
വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക് കടന്നതിന് പിന്നാലെയാണ് സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ഥനയ്ക്ക് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. അച്ഛന്‍ അടുത്തില്ലാതെ വിവാഹം നടത്തേണ്ടെന്ന് സ്മൃതി നിലപാടെടുത്തതോടെയാണ് വിവാഹം മാറ്റി വച്ചത്. അതേസമയം, വൈറല്‍ ഇന്‍ഫെക്ഷന്‍, അസിഡിറ്റി എന്നിവയെ തുടര്‍ന്നാണ് പലാഷ് ആശുപത്രിയില്‍ ചികില്‍സ തേടിയിത്. ആശങ്കാജനകമായ സാഹചര്യമില്ലെന്നും ചികില്‍സ നല്‍കി പലാഷിനെ മടക്കി അയച്ചുവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2019ലാണ് സ്മൃതിയും സംഗീത സംവിധായകനായ പലാഷും തമ്മില്‍ പ്രണയത്തിലായത്. 2024 വരെ ഇരുവരും സ്വകാര്യമായി സൂക്ഷിച്ച പ്രണയം കഴിഞ്ഞ വര്‍ഷമാണ് പരസ്യമായത്.
അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന്റെ പൂര്‍ത്തീകരണം അടയാളപ്പെടുത്തി ധ്വജാരോഹണം
അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന്റെ പൂര്‍ത്തീകരണം അടയാളപ്പെടുത്തി ധ്വജാരോഹണം. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്തും ചേര്‍ന്നാണ് പ്രധാന ക്ഷേത്രത്തില്‍ ധ്വജം ഉയര്‍ത്തിയത്. കോടിക്കണക്കിന് രാമഭക്തരുടെ ജന്‍മസാക്ഷാത്കാരമാണ് ക്ഷേത്രമെന്നും നൂറ്റാണ്ടുകളുടെ മുറിവ് ഉണങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും നടന്നു.
അഞ്ചുവര്‍ഷം മുന്‍പ് ആരംഭിച്ച അയോധ്യ ക്ഷേത്രനിര്‍മാണത്തിന് പരിസമാപ്തി. 11. 46 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ചേര്‍ന്ന് ധ്വജം ഉയര്‍ത്തുമ്പോള്‍ വേദമന്ത്രങ്ങള്‍ അന്തരീക്ഷത്തില്‍ മുഴങ്ങി. സൂര്യന് മധ്യത്തില്‍ ഓംകാരവും കോവിദാര മരവും ആലേഖനം ചെയ്താണ് കാവി നിറത്തിലുള്ള പതാക. രാമരാജ്യം പുനഃസ്ഥാപിക്കപ്പെടുകയാണ് എന്ന് അതിഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓരോരുത്തരും ഉള്ളിലെ രാമനെ ഉണര്‍ത്തണം. വ്യക്തിതാല്‍പര്യത്തിന് മുകളില്‍ രാജ്യതാല്‍പര്യം കൊണ്ടുവരാന്‍ അതാണ് മാര്‍ഗം. അധിനിവേശകാലത്തെ അടിമത്ത മനോഭാവത്തില്‍ നിന്ന് പുറത്തുവരണമെന്നും മോദി പറഞ്ഞു. ഐക്യത്തിന്റെയും ധര്‍മത്തിന്റെയും അടയാളമാണ് രാമനെന്നും വെല്ലുവിളികളെ നേരിടാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. പുതിയ പ്രഭാതമെന്ന് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞു. പതാക ഉയര്‍ത്തുന്നതിന് മുന്‍പ് നരേന്ദ്രമോദിയും മോഹന്‍ ഭാഗവതും രാംലല്ലയ്ക്കു മുന്നില്‍ ആരതിയും പ്രത്യേക പൂജനകളും നടത്തി.
സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത് കാമുകന് നല്‍കാന്‍ മകള്‍ അമ്മയെ കൊലപ്പെടുത്തി
അമ്മയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത് കാമുകന് നല്‍കാന്‍ മകള്‍ അമ്മയെ കൊലപ്പെടുത്തി. തൃശൂര്‍ മുണ്ടൂരിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയിട്ടും പോറ്റി വളര്‍ത്തിയ ഏകമകള്‍ തന്നെ ഒടുവില്‍ അമ്മയുടെ ജീവനെടുക്കുകയായിരുന്നു. മുണ്ടൂര്‍ സ്വദേശിനി തങ്കമണി(75) ശനിയാഴ്ചയാണ് കൊല്ലപ്പെട്ടത്. ഉരലില്‍ തലയിടിച്ച് വീണ് അമ്മ മരിച്ചുവെന്നാണ് മകള്‍ സന്ധ്യ ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സന്ധ്യയുടെ ഫോണില്‍ നിന്ന് ലഭിച്ച നിര്‍ണായക വിവരങ്ങളിലൂടെയാണ് കൊലപാതക വിവരം അറിയുന്നത്. തുടര്‍ന്ന് സന്ധ്യ(45)യെയും കാമുകന്‍ നിതിനെയും(27) പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാവിലെ തങ്കമണിയെ കൊലപ്പെടുത്തിയ ശേഷം സന്ധ്യയും നിതിനും ചേര്‍ന്ന് രാത്രിയോടെ മൃതദേഹം പറമ്പില്‍ കൊണ്ടിട്ടു. വിവരം പൊലീസില്‍ അറിയിച്ചു. പേരാമംഗലം പൊലീസെത്തിയപ്പോള്‍ നെറ്റിയിലുള്ള മുറിവ് ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ സമീപത്തുള്ള ഉരലില്‍ ഇടിച്ചതാകാമെന്ന് കരുതി. സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കുടുംബാംഗങ്ങള്‍ പരാതിപ്പെട്ടതുമില്ല. എന്നാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ക്ക് അസ്വാഭാവികത തോന്നി. തങ്കമണി ശ്വാസംമുട്ടി മരിച്ചതിന്റെ അടയാളങ്ങള്‍ കണ്ടെത്തി. ഇതോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
സന്ധ്യയ്ക്ക് ഭര്‍ത്താവും മകനുമുണ്ട്. മകനുമായി നിതിന്‍ സൗഹൃദത്തിലായിരുന്നു. കൊലപാതകത്തിന് ശേഷം ശബരിമലയിലേക്ക് പോയ നിതിന്‍, സന്ധ്യയുടെ മകനെ വിളിച്ച് പൊലീസ് എത്തിയോ, ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ വന്നോ എന്നെല്ലാം നിരന്തരം അന്വേഷിച്ചു. ഇത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ ശബരിമലയില്‍ നിന്നും തിരികെയെത്തിയ നിതിനെ കസ്റ്റഡിയിലെടുത്തു. തുടക്കത്തില്‍ നിതിന്‍ സമ്മതിച്ചില്ല. ഇതിനിടെ സന്ധ്യയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും സന്ധ്യ കുറ്റം സമ്മതിച്ചില്ല. തുടര്‍ന്ന് ഫോണ്‍ പരിശോധിച്ചതോടെ നിതിനുമായി നിരന്തരം സംസാരിച്ചതിന്റെ വിവരങ്ങളും സ്വര്‍ണ്ണവും പണവും കൈമാറിയതിന്റെ വിവരങ്ങളും ലഭിച്ചു.
തെളിവുകള്‍ പൊലീസ് നിരത്തിയതോടെ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. സ്വര്‍ണ്ണാഭരണം കൈക്കലാക്കാന്‍ അമ്മയെ കൊലപ്പെടുത്തിയെന്നും കഴുത്ത് ഞെരിച്ചും ശ്വാസംമുട്ടിച്ചുമാണ് കൊന്നതെന്നും സന്ധ്യ ഏറ്റുപറഞ്ഞു. രണ്ട് കമ്മലും മാലയും സന്ധ്യയും നിതിനുമെടുത്തു. പിടിവലിയില്‍ മാലയുടെ ഒരുഭാഗം നിതിന്റെ പക്കലുമായി. കമ്മലും മാലയുടെ കഷണവും പണയം വച്ച് ഒന്നര ലക്ഷം രൂപ നിതിന്‍ എടുത്തതായും തെളിഞ്ഞു. നിതിന്റെ കടബാധ്യത തീര്‍ക്കുന്നതിനായാണ് ഇങ്ങനെ ചെയ്തതെന്നും സന്ധ്യ പറയുന്നു.
ഐക്യൂഒഒ 15 നാളെ ഇന്ത്യന്‍ വിപണിയില്‍
വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒയുടെ പുതിയ ഫോണായ ഐക്യൂഒഒ 15 നാളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഐക്യൂഒഒ 15 ഇതിനകം ചൈനയില്‍ വില്‍പ്പനയ്ക്കെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ബേസ് മോഡലിന് 72,999 രൂപയും ഉയര്‍ന്ന 16 ജിബി, 512 ജിബി ഓപ്ഷന് 79,999 രൂപയുമാണ് വിലയായി പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ വണ്‍പ്ലസ് 15ന് സമാനമായ വിലയായിരിക്കും ഐക്യൂഒഒ 15നും. വരുംദിവസങ്ങളില്‍ ഇവ തമ്മില്‍ കടുത്ത മത്സരത്തിനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
രണ്ട് വേരിയന്റുകളും ആല്‍ഫ, ലെജന്‍ഡ് എന്നീ രണ്ട് നിറങ്ങളില്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 പ്രോസസറും ഒറിജിന്‍ ഒഎസ് 6ല്‍ നിര്‍മ്മിച്ച പുനര്‍രൂപകല്‍പ്പന ചെയ്ത യൂസര്‍ ഇന്റര്‍ഫേസും ഇതില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഐക്യൂഒഒ 15ന് കരുത്തുപകരുക പുതിയ ഒറിജിന്‍ ഒഎസ് 6 ഇന്റര്‍ഫേസ് ആണ്. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിങ് സിസ്റ്റം ചിത്രങ്ങള്‍ക്ക് കൂടുതല്‍ ചാരുത നല്‍കും. പുനര്‍രൂപകല്‍പ്പന ചെയ്ത ‘ഡൈനാമിക് ഗ്ലോ’ ഇന്റര്‍ഫേസില്‍ ഹോം സ്‌ക്രീന്‍, ലോക്ക് സ്‌ക്രീന്‍, ആപ്പ് ലേഔട്ട് എന്നിവ ക്രമീകരിക്കും.
ആപ്പിളിന്റെ ലിക്വിഡ് ഗ്ലാസ് ലുക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒറിജിന്‍ ഒഎസ് 6 ചൈനയില്‍ അവതരിപ്പിച്ചത്. മെച്ചപ്പെട്ട ദൃശ്യത്തിനായി റിയല്‍-ടൈം, പ്രോഗ്രസീവ് ബ്ലര്‍, സ്റ്റാക്ക്ഡ് നോട്ടിഫിക്കേഷനുകള്‍ തുടങ്ങിയ പുതിയ ഫീച്ചറുകളും ഇതില്‍ ഉണ്ട്. ആപ്പിളിന്റെ ഡൈനാമിക് ഐലന്‍ഡിനെ മാതൃകയാക്കി നിര്‍മ്മിച്ച ‘ആറ്റോമിക് ഐലന്‍ഡ്’ ആണ് മറ്റൊരു സവിശേഷത. സ്‌ക്രീനിന്റെ മുകളില്‍ നിന്ന് നേരിട്ട് സ്റ്റോപ്പ് വാച്ച്, മ്യൂസിക് പ്ലേബാക്ക് പോലുള്ള അലര്‍ട്ടുകളും കണ്‍ട്രോള്‍ ടൂളുകളും പ്രയോജനപ്പെടുത്താന്‍ സാധിക്കും.
2K (1,440 × 3,168 പിക്‌സലുകള്‍) റെസല്യൂഷനോടുകൂടിയ 6.85 ഇഞ്ച് സാംസങ് M14 AMOLED ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 144Hz വരെ പുതുക്കല്‍ നിരക്കും 508 ppi പിക്‌സല്‍ സാന്ദ്രതയും ഇത് വാഗ്ദാനം ചെയ്യുന്നു. ഇത് അഡ്രിനോ 840 GPUയുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 SoCയില്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ 16GB വരെ LPDDR5X അള്‍ട്രാ റാമും 1TB വരെ UFS 4.1 സ്റ്റോറേജും ഉള്‍പ്പെടുന്നു.
ഫോട്ടോഗ്രാഫിക്ക് വിഭാഗത്തില്‍ സ്മാര്‍ട്ട്ഫോണില്‍ 50MP മെയിന്‍ സെന്‍സറുള്ള ട്രിപ്പിള്‍ റിയര്‍ കാമറ സിസ്റ്റം, 100x ഡിജിറ്റല്‍ സൂമുള്ള 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സ്, 50MP അള്‍ട്രാ-വൈഡ് കാമറ എന്നിവയുണ്ട്. സെല്‍ഫികള്‍ക്കും വീഡിയോ കോളിങ്ങിനുമായി 32MP ഫ്രണ്ട് കാമറയും ഇതിലുണ്ട്. 100W വയര്‍ഡ്, 40W വയര്‍ലെസ് ചാര്‍ജിങ് പിന്തുണയുള്ള 7,000mAh ബാറ്ററിയാണ് മറ്റൊരു പ്രത്യേകത.
തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടെ പരിക്ക് പറ്റിയ സ്ഥാനാർത്ഥി വിശ്രമത്തിൽ
കുന്നത്തൂർ: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കാലിന് പരിക്കേറ്റ സ്ഥാനാർത്ഥി വിശ്രമത്തിൽ. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിലെ കുന്നത്തൂർ ഡിവിഷൻ (നമ്പർ 05) ഇടത് മുന്നണി സ്ഥാനാർത്ഥി ബി.ശിവശങ്കരപ്പിള്ളയ്ക്കാണ്
കാൽ സ്ലിപ്പായ് മുട്ടിന്റെ ലിഗ്മെന്റ് വ്യതിയാനം മൂലം തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാൻ കഴിയാതായത്.2005-2010 കാലയളവിൽ കുന്നത്തൂർ ഗ്രാമപഞ്ചായത്തിലെ തുരുത്തിക്കര വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായിരുന്നു ശിവശങ്കരപ്പിള്ള.
സി പി ഐ യുടെ കുന്നത്തൂർ എൽ സി അംഗവും പൊതു പ്രവർത്തകനുമായ ശിവശങ്കരപ്പിള്ള 15 വർഷങ്ങൾക്ക് ശേഷമാണ് പാർട്ടി നിർദ്ദേ പ്രകാരം സ്ഥാനാർത്ഥിയായത്. തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായി തുടരുന്നതിനിടയിലുണ്ടായ ഈ പ്രതിസന്ധി കാരണം സ്ഥാനാർത്ഥി വിശ്രമത്തിലാണ്.14 ദിവസത്തേക്കാണ് ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിട്ടുള്ളത്. കഴിഞ്ഞ തെരഞ്ഞടുപ്പിലും കുന്നത്തൂർ ഡിവിഷനിൽ ഇടത് മുന്നണിക്കായിരുന്നു വിജയം. സ്ഥാനാർത്ഥിയുടെ അഭാവത്തിലും പാർട്ടി പ്രവർത്തകർ ശിവശങ്കരപ്പിള്ളയുടെ വിജയത്തിനായി സജീവമായി രംഗത്ത് ഉണ്ട്.
ബിഎസ്‍സി നഴ്‌സിംഗ്: അവസാനഘട്ട സ്‌പോട്ട് അലോട്ട്‌മെന്റ് നവംബർ 27ന്
തിരുവനന്തപുരം: 2025-26 അധ്യായന വർഷത്തെ ബിഎസ്‍സി നഴ്‌സിംഗ് കോഴ്‌സിന് സർക്കാർ/സ്വാശ്രയ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള അവസാന ഘട്ട സ്‌പോട്ട് അലോട്ട്‌മെന്റ് നവംബർ 27 ന് എൽബിഎസ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ രാവിലെ 10 ന് നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ എൽബിഎസ് ജില്ലാ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ രാവിലെ 10.30 നകം നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം.
മുൻ അലോട്ട്‌മെന്റുകളിലൂടെ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നിരാക്ഷേപപത്രം ഓൺലൈനായി സമർപ്പിക്കണം. ഒഴിവുകളുടെ വിശദാംശങ്ങൾ www.lbscentre.kerala.gov.in ൽ അലോട്ട്‌മെന്റിനു മുൻപ് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവർ അന്നേ ദിവസം ഫീസടയ്ക്കണം. അലോട്ട്‌മെന്റിനുശേഷം കോഴ്‌സ്/കോളേജ് മാറ്റം അനുവദിക്കുന്നതല്ല. പ്രവേശനം നേടുന്നതിനുള്ള അവസാന തീയതി നവംബർ 30 ഞായറാഴ്ച ആയതിനാൽ 29 നകം പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in.








































