Home Blog Page 158

ട്രെയിനിൽ നിന്നും യാത്രക്കാരൻ  തള്ളിയിട്ട  ശ്രീക്കുട്ടിയുടെ  ആരോഗ്യനിലയിൽ  നേരിയപുരോഗതി

തിരുവനന്തപുരം. വർക്കലയിൽ ട്രെയിനിൽ നിന്നും യാത്രക്കാരൻ  തള്ളിയിട്ട നന്ദിയോട് സ്വദേശി ശ്രീക്കുട്ടിയുടെ  ആരോഗ്യനിലയിൽ  നേരിയപുരോഗതി.   വെന്റിലേറ്ററിൽ നിന്നും മാറ്റി. യന്ത്രസഹായമില്ലാതെ ശ്വാസമെടുക്കാൻ തുടങ്ങിയെങ്കിലും പെൺകുട്ടി അബോധാവസ്ഥയിൽ തുടരുകയാണ്.
പനി ബാധിച്ചതും അസ്വസ്ഥപ്പെടുത്തുന്നുണ്ട്. പനി ദേദമാകുന്ന മുറയ്ക്ക്  വാർഡിലേക്ക് മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ. തലച്ചോറിനേറ്റ പരുക്ക് ദേദമാകാൻ സമയം വേണ്ടി വരുമെന്നാണ് വിലയിരുത്തൽ. അതേ സമയം ചെറിയ സഹായമെത്തിച്ചതൊഴിച്ചാൽ കുടുംബത്തിനെ റെയിൽവേ കൈയ്യൊഴിഞ്ഞ നിലയാണ്. ശ്രീക്കുട്ടിയുടെ ചികിത്സയ്ക്കായി അമ്മ പ്രിയദർശിനിക്കും സഹോദരൻ ശ്രീഹരിക്കും ജോലിപോലും ഉപേക്ഷിക്കേണ്ടി വന്നു. സാമ്പത്തികമായ് പ്രയാസപ്പെടുന്ന കുടുംബത്തെ സംസ്ഥാന സർക്കാർ സഹായിക്കണമെന്ന  ആവശ്യവും ശക്തമാണ്. നവംബർ 2നാണ് യാത്രയ്ക്കിടെ പുകവലിച്ചതിനെ ചോദ്യം ചെയ്തതിന് നന്ദിയോട് സ്വദേശി ശ്രീക്കുട്ടിയെ സുരേഷ് കേരള എക്സ്പ്രസിൽ നിന്നും ചവിട്ടി പുറത്തിട്ടത്.

സോഷ്യൽ മീഡിയയിലെ പ്രചാരണം വ്യാജം: ഓച്ചിറയിൽ വിദ്യാർത്ഥി ലഹരി ഉപയോഗിച്ചെന്ന വാർത്ത തെറ്റ്; കുട്ടിക്ക് സംഭവിച്ചത് സോഡിയം കുറവ്

ഓച്ചിറ: ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ വെച്ച് കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥി രാസലഹരി ഉപയോഗിച്ചു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തെറ്റായി ചിത്രീകരിച്ച് പ്രചരിച്ച ഈ വാർത്തയിൽ, ആദ്യം പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പേജായ ‘Ramesan B Three-rp Visuals’  പേജിലാണ് ഈ വ്യാജ വാർത്ത വന്നത്.

സത്യം ഇതാണ്:

സോഡിയം കുറഞ്ഞ അവസ്ഥ (Hyponatremia)
വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് ലഹരിവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് വ്യക്തമായത്. കുട്ടിക്ക് സോഡിയത്തിന്റെ അളവ് കുറയുന്ന (Hyponatremia) ആരോഗ്യപ്രശ്നമാണ് ഉണ്ടായിരുന്നത്. തലകറക്കം, സ്ഥലകാലബോധം നഷ്ടപ്പെടുക, അസ്വഭാവികമായി പെരുമാറുക തുടങ്ങിയ ബുദ്ധിമുട്ടുകൾ ഇദ്ദേഹത്തിന് സ്ഥിരമായി ഉണ്ടാവാറുണ്ട്.
“മുൻപ് പരീക്ഷാ ഹാളിൽ വെച്ചും സോഡിയത്തിന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് ഈ കുട്ടിക്ക് സമാനമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു.

ജമാഅത്തെ ഇസ്ലാമി വിമർശനം മാർക്സിസ്റ്റ് ദാസ്യവേലയാകരുത്, നാസർ ഫൈസി കൂടത്തായി

കോഴിക്കോട് . ജമാഅത്തെ ഇസ്ലാമി വിമർശനം മാർക്സിസ്റ്റ് ദാസ്യവേലയാകരുതെന്ന് SYS നേതാവ് നാസർ ഫൈസി കൂടത്തായി

ജമാഅത്തെ പ്രതിരോധമെന്ന പേരിൽ ചിലർ മാർക്സിസ്റ്റ് പ്രീണനം നടത്തുന്നു

വർഗീയത പച്ചയ്ക്ക് പറയുന്ന വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയും CPIM ഉം ആനയിക്കുന്നു
ജമാഅത്തെ ഇസ്ലാമിയെ ആദർശപരമായി എതിർക്കണം
എതിർപ്പ് മാർക്സിസത്തിന് ദാസ്യവേല ചെയ്താ കരുതെന്നും നാസർ ഫൈസി കൂടത്തായി

ഫേസ്ബുക്ക് കുറിപ്പിലാണ് പ്രതികരണം

പരിശീലനത്തിനിടെ ബാസ്കറ്റ്ബോൾ പോസ്റ്റ് നെഞ്ചിൽ വീണ് ദേശീയ ബാസ്കറ്റ്ബോൾ താരം മരിച്ചു (ഞെട്ടിപ്പിക്കുന്ന വീഡിയോ)

പരിശീലനത്തിനിടെ ബാസ്കറ്റ്ബോൾ പോസ്റ്റ് നെഞ്ചിൽ വീണ് ദേശീയ ബാസ്കറ്റ്ബോൾ താരം മരിച്ചു. 16 വയസുകാരനായ ഹാർദിക് ആണ് മരിച്ചത്. ഹരിയാനയിലെ റോത്തക്കിലെ ലഖാൻ മജ്രയിലെ കോർട്ടിൽ ഇന്നലെ പരിശീലനം നടത്തുന്നതിനിടെയാണ് അപകടം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹാർദിക് ഒറ്റയ്ക്ക് പരിശീലനം നടത്തുന്നതും ബാസ്ക്ക്റ്റിൻറെ റിമ്മിൽ പിടിക്കുമ്പോൾ പോൾ ഒന്നാകെ ഹാർദികിന് മുകളിലേക്ക് മറിഞ്ഞു വീഴുന്നതും വീഡിയോയിൽ കാണാം.


നിരവധി ദേശീയതല ബാസ്കറ്റ്ബോൾ മത്സരങ്ങളിൽ മെഡലുകൾ നേടിയ താരത്തെയാണ് അപകടത്തിലൂടെ നഷ്ടമായത്. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹാർദികിൻറെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറി. രണ്ട് ദിവസം മുമ്പ് ബഹാദൂർഗഡിൽ സമാനമായ ഒരു കേസ് റിപ്പോർട്ട് ചെയ്തിരുന്നു. ബാസ്‌ക്കറ്റ്‌ബോൾ തൂൺ വീണ് പരിക്കേറ്റ 15കാരൻ അമൻ ആണ് മരണപ്പെട്ടത്.

പൊലീസുകാർ പ്രതികളായ മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ കുറ്റപത്രം സമർപ്പിച്ചു

പൊലീസുകാര്‍ ഉള്‍പ്പെടെ പ്രതികളായ  മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ധനസമ്പാദനം ലക്ഷ്യമിട്ട് ലൈംഗികവൃത്തി നടത്തിയെന്നും പൊലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ പങ്കാളികളായെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. 41 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.
കേസിലെ 11, 12 പ്രതികള്‍ പൊലീസ് ഡ്രൈവര്‍മാരാണ്. ഒന്നാംപ്രതിയെ അനാശാസ്യകേന്ദ്രം ചുമതലക്കാരിയായി നിര്‍ത്തിയും രണ്ടും മൂന്നും പ്രതികള്‍ അനാശാസ്യകേന്ദ്രം നടത്തിപ്പിന് സഹായികളായി നിന്ന് ധനം സമ്പാദിച്ചെന്നുമാണ് കേസ്. 11-ഉം 12-ഉം പ്രതികള്‍ ഇടപാടുകാരെ എത്തിക്കുന്നതിന് സഹായം ചെയ്‌തെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരി ബിന്ദു, കെ. സനിത്ത്, കെ. ഷൈജിത്ത് എന്നീ പൊലീസുകാരും ഉള്‍പ്പെടെ പന്ത്രണ്ടുപേരാണ് കേസിലുള്‍പ്പെട്ടിട്ടുള്ളത്. കേസിലെ 10-ാം പ്രതിയും ഒന്നാം പ്രതിയുമായി ഒത്തുചേര്‍ന്ന് കോഴിക്കോട് വേങ്ങേരി നെടുങ്ങോട്ടൂരിലെ മലാപ്പറമ്പ് ഇയ്യപ്പാടി റോഡില്‍ അപ്പാര്‍ട്ട്മെന്റ് വാടകയ്‌ക്കെടുത്ത് അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. കഴിഞ്ഞ ജൂണ്‍ ആറിനാണ് ഫ്‌ളാറ്റില്‍ റെയ്ഡ് നടത്തി പ്രതികളെ പിടികൂടുന്നത്.

ശ്രീകോവില്‍ ശുചീകരണം: ഗുരുവായൂര്‍ ക്ഷേത്രം നട ഇന്ന് നേരത്തെ അടയ്ക്കും

തൃശൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് ക്ഷേത്രം ശ്രീകോവില്‍ ശുചീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ബുധനാഴ്ച) ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനമുണ്ടാകില്ല. ദര്‍ശന നിയന്ത്രണം ഉണ്ടാകും.
ഉച്ചതിരിഞ്ഞ് 3.30ന് ക്ഷേത്രം നട തുറന്ന് പതിവ് പോലെ ദര്‍ശന സൗകര്യം ഉണ്ടാകും. ഭക്തജനങ്ങള്‍ സഹകരിക്കണമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു.

ബാങ്ക് ഓഫ് ഇന്ത്യയില്‍ അവസരം; ഉയർന്ന ശമ്പളം, എന്‍ജിനിയറിങ് ബിരുദമടക്കമുള്ളവർക്ക് അപേക്ഷിക്കാം

മുംബൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

115 ഒഴിവുണ്ട്. എന്‍ജിനിയറിങ് ഉള്‍പ്പെടെയുള്ള ബിരുദം/ബിരുദാനന്തര ബിരുദവും പ്രവൃത്തിപരിചയവുമുള്ളവര്‍ക്കാണ് അവസരം.

തസ്തികകളും ഒഴിവും
ചീഫ് മാനേജര്‍-15, സീനിയര്‍ മാനേജര്‍-54, മാനേജര്‍/ ലോ ഓഫീസര്‍ – 46.

ശമ്പളം
ചീഫ് മാനേജര്‍ക്ക് 1,02,300-1,20,940, സീനിയര്‍ മാനേജര്‍ക്ക് 85,920-1,05,280 രൂപ, മാനേജര്‍/ ലോ ഓഫീസര്‍ 64,820-93,960.

പ്രായം
ചീഫ് മാനേജര്‍ക്ക് 28-40, സീനിയര്‍ മാനേജര്‍ക്ക് 28-37, മാനേജര്‍/ലോ ഓഫീസര്‍ക്ക് 25-32. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

യോഗ്യത, പ്രവൃത്തിപരിചയം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

തിരഞ്ഞെടുപ്പ്
ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയായിരിക്കും തിരഞെഞ്ഞെടുപ്പ്. ഇംഗ്ലീഷ് ലാംഗ്വേജ് (25 മാര്‍ക്ക്) പ്രൊഫഷണല്‍ നോളജ് (100 മാര്‍ക്ക്) എന്നിവയില്‍നിന്നായിരിക്കും ചോദ്യങ്ങള്‍.

അപേക്ഷകരുടെ എണ്ണം പരിഗണിച്ചാണ് ഓണ്‍ലൈന്‍ പരീക്ഷ ആവശ്യമാണോ എന്ന് തീരുമാനിക്കുക. പരീക്ഷ നടത്തുന്ന പക്ഷം തിരുവനന്തപുരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പരീക്ഷാകേന്ദ്രം അനുവദിക്കും.

ഫീസ്
എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 175 രൂപ, മറ്റുള്ളവര്‍ക്ക് 850 രൂപ. ഓണ്‍ലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്.

അപേക്ഷ
ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി: നവംബര്‍ 30. വിശദവിവരങ്ങള്‍ക്ക് https://bankofindia.bank.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ആരോഗ്യം മെച്ചപ്പെടുത്താൻ നിർബന്ധമായും കഴിക്കേണ്ട 5 പഴങ്ങൾ ഇതാണ്

നിരവധി പോഷക ഗുണങ്ങൾ അടങ്ങിയതാണ് പഴവർഗ്ഗങ്ങൾ. ദിവസവും പഴങ്ങൾ കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടാൻ സഹായിക്കുന്നു. എന്നാൽ പ്രതിരോധ ശേഷി ഉണ്ടെങ്കിൽ മാത്രമേ രോഗങ്ങളെ തടയാൻ സാധിക്കുകയുള്ളൂ. പനി, ചുമ തുടങ്ങിയ അസുഖങ്ങൾ ഉണ്ടെങ്കിൽ ഈ പഴങ്ങൾ കഴിക്കൂ. ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

1.മാതളം
മാതളത്തിൽ ആന്റിവൈറൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പനിയേയും മറ്റു അണുബാധകളേയും ചെറുക്കാൻ സഹായിക്കുന്നു.

  1. കിവി
    കിവിയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ ശേഷി കൂട്ടാനും ശ്വാസകോശ അണുബാധയെ നിയന്ത്രിക്കാനും സഹായിക്കുന്നു. ദിവസവും കിവി കഴിക്കുന്നത് ഒരു ശീലമാക്കാം.
  2. നാരങ്ങ

നാരങ്ങയിൽ വിറ്റാമിൻ സിയും ഫ്ലേവോനോയിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്നു. കൂടാതെ ശ്വാസകോശ രോഗങ്ങളെ ചെറുത്തുനിർത്താനും നാരങ്ങ കഴിക്കുന്നതിലൂടെ സാധിക്കും.

  1. പൈനാപ്പിൾ

പൈനാപ്പിളിൽ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശ്വസന പ്രശ്നങ്ങളെ ചെറുത്തുനിർത്താൻ സഹായിക്കുന്നു.

  1. ബെറീസ്

ബെറീസിൽ വിറ്റാമിൻ സിയും ഫ്ലേവോനോയിഡുകളും ധാരാളമുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ശരീരത്തിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു. കൂടാതെ പ്രതിരോധ ശേഷി കൂട്ടാനും ബെറീസ് കഴിക്കുന്നത് നല്ലതാണ്.

കാളി വിഗ്രഹത്തിന് മാറ്റം വരുത്തി, ഉണ്ണിയേശുവിനെ എടുത്ത് നിൽക്കുന്ന മാതാവാക്കി മാറ്റി; ഭക്തർ ഞെട്ടി, അറസ്റ്റിലായത് പൂജാരി

മുംബൈ: മുംബൈയിലെ ചെമ്പൂരിലെ ഒരു കാളീക്ഷേത്രത്തിൽ വിഗ്രഹം മാറ്റം വരുത്തി മാതാവിന്‍റെ രൂപത്തോട് സാമ്യമുള്ള രീതിയിൽ മാറ്റം വരുത്തിയത് ഭക്തരെ ഞെട്ടിച്ചു. സംഭവത്തിൽ ക്ഷേത്ര പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച അനിക് വില്ലേജിലെ ഹിന്ദു ശ്മശാനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന കാളീക്ഷേത്രത്തിലാണ് സംഭവം.

പുറത്തുവന്ന ചിത്രങ്ങളിൽ, പരമ്പരാഗതമായി കറുപ്പ് അല്ലെങ്കിൽ കടുംനീല നിറത്തിലുള്ള ദേവിയുടെ വിഗ്രഹത്തിന് വെള്ള പെയിന്‍റ് അടിച്ച്, സ്വർണ്ണ നിറത്തിലുള്ള വസ്ത്രങ്ങൾ അണിയിച്ച നിലയിലാണ്. വെള്ള അലങ്കാരങ്ങളോടുകൂടിയ വലിയ കിരീടവും അതിനുമുകളിൽ ഒരു സ്വർണ്ണ കുരിശ് വയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ, ദേവി ഒരു കുഞ്ഞിന്‍റെ രൂപം കൈയിൽ പിടിച്ചിരുന്നു, ഇത് ഉണ്ണിയേശുവിനെ പ്രതിനിധീകരിക്കുന്നതായി കരുതുന്നു.

ശ്രീകോവിലിന്‍റെ പശ്ചാത്തലവും മാറ്റിയിരുന്നു. ഒരു വലിയ സ്വർണ കുരിശ് ആലേഖനം ചെയ്ത ചുവന്ന തുണിയാണ് പശ്ചാത്തലമായി ഉപയോഗിച്ചത്. ഇരുവശത്തും അലങ്കാര ലൈറ്റുകളും വെച്ചിരുന്നു. വിഗ്രഹത്തിന് എന്ത് സംഭവിച്ചുവെന്ന് ഭക്തർ ചോദിച്ചപ്പോൾ, സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട ദേവി, മാതാവിന്‍റെ രൂപത്തിൽ അണിയിച്ചൊരുക്കാൻ നിർദ്ദേശിച്ചു എന്നാണ് പൂജാരി അവകാശപ്പെട്ടതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

വിവരം ലഭിച്ച ഉടൻ പൊലീസ് നടപടി സ്വീകരിച്ചു. പ്രദേശത്ത് മറ്റ് പ്രശ്നങ്ങൾ തടയുന്നതിനായി, പൊലീസിന്‍റെ സാന്നിധ്യത്തിൽ കാളീവിഗ്രഹം അതിന്‍റെ യഥാർത്ഥ രൂപത്തിലേക്ക് പുനഃസ്ഥാപിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. അറസ്റ്റ് ചെയ്ത പൂജാരിയെ കോടതിയിൽ ഹാജരാക്കി രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാറ്റത്തിന് പിന്നിലെ കാരണം കണ്ടെത്താനും പൂജാരി ഒറ്റയ്ക്കാണോ പ്രവർത്തിച്ചതെന്നും ചോദ്യം ചെയ്യലിലൂടെ അറിയാനാണ് ശ്രമിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

മതവികാരം വ്രണപ്പെടുത്തുക, ആരാധനാലയം നശിപ്പിക്കുക എന്നിവയുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 299 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഈ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ വിശ്വഹിന്ദു പരിഷത്ത്, ബജ്‌രംഗ് ദൾ ഉൾപ്പെടെയുള്ള വലതുപക്ഷ സംഘടനകൾ അപലപിക്കുകയും, ഇതിന് പിന്നിലുള്ളവരെ കണ്ടെത്തി നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രവർത്തകർ പൊലീസിനോടും സംസ്ഥാന സർക്കാരിനോടും അഭ്യർത്ഥിച്ചു.

ലൈംഗിക ആരോപണത്തിൽ സസ്പെൻഷനിലായ രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച പരാമർശം; കെ സുധാകരനെ തള്ളി കെ മുരളീധരൻ, ‘നേതാക്കളോടൊപ്പം വേദി പങ്കിടാൻ അനുമതിയില്ല’

തിരുവനന്തപുരം: ലൈംഗിക ആരോപണത്തില്‍ സസ്പെൻഷനിലായ രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരനെ തള്ളി കെ മുരളീധരൻ. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ സസ്പെൻഷനിലാണ്. നേതാക്കളോടൊപ്പം വേദി പങ്കിടാന്‍ രാഹുലിന് അനുമതിയില്ലെന്നും കെ മുരളീധരൻ പ്രതികരിച്ചു. പാർട്ടിക്ക് കൂടുതൽ നടപടി ഇപ്പോൾ സ്വീകരിക്കാൻ കഴിയില്ല.

പെൺകുട്ടി ധൈര്യമായി മുന്നോട്ടുവരട്ടെ. നിലവിൽ ചാനലിലെ ശബ്‌ദം മാത്രമേയുള്ളൂ. പെൺകുട്ടി മുന്നോട്ടുവന്നാൽ പൊതുസമൂഹം പിന്തുണ നൽകും. ഓരോ പ്രദേശത്തും ആരൊക്കെ പ്രചരണത്തിനിറങ്ങണമെന്ന് അവിടുത്തെ സ്ഥാനാർത്ഥികൾ തീരുമാനിക്കും. കെ സുധാകരൻ്റെ അനുകൂല പരാമർശത്തിൽ പാർട്ടി അന്വേഷണം നടക്കുകയാണെന്നും മുരളീധരൻ പ്രതികരിച്ചു. ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രികൾ കുറ്റക്കാരാണെന്ന് കരുതുന്നില്ലെന്നും തന്ത്രിമാരെ ചാരി യഥാർത്ഥ പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ മാങ്കൂട്ടത്തിലിനെപിന്തുണച്ച് സുധാകരൻ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച് ഇന്നലെയാണ് മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ കെ സുധാകരൻ പരാമർശം നടത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ സജീവമാകണമെന്ന് പറഞ്ഞ കെ സുധാകരൻ, രാഹുൽ നിരപരാധിയെന്നും അഭിപ്രായപ്പെട്ടു. രാഹുലിനെ അവിശ്വസിച്ചത് തെറ്റായിപ്പോയി എന്നും രാഹുലുമായി താൻ വേദി പങ്കിടുമെന്നും കെ സുധാകരൻ വ്യക്തമാക്കി. രാഹുലിനെ പാർട്ടിയിൽ സജീവമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരാതി നൽകിയാൽ കേസുമായി മുന്നോട്ടുപോകാൻ ക്രൈംബ്രാഞ്ച്

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഗർഭഛിദ്ര ആരോപണത്തിൽ ഇരയായ യുവതി രേഖാമൂലം പരാതി നൽകിയാൽ മാത്രം മുന്നോട്ടുപോകാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. സ്ത്രീകളെ ശല്യം ചെയ്തതിന് സ്വമേധയാ എടുത്ത കേസിൽ പെണ്‍കുട്ടിയുടെ മൊഴിയെടുത്തുവെങ്കിലും രാഹുലിനെതിരെ ഇതുവരെ യുവതി പരാതി ഉന്നയിച്ചില്ല. പുതിയ ശബ്ദരേഖകള്‍ പുറത്തുവന്ന സാഹചര്യത്തിൽ യുവതി പരാതിയുമായി എത്തുമോ എന്നാണ് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ നോക്കുന്നത്.