ശബരിമല സന്നിധാനത്തേക്ക് തീർഥാടകരുടെ ഒഴുക്ക് തുടരുന്നു. തീർഥാടനത്തിന്റെ പത്താം ദിവസമായ ചൊവ്വാഴ്ച വൈകിട്ട് ഏഴുവരെ ദർശനം നടത്തിയത് 71,071 പേരാണ്. രാവിലെ മുതൽ പമ്പയിൽ നിന്ന് ഇടമുറിയാതെ ജനപ്രവാഹമായിരുന്നു. കൃത്യമായ നിയന്ത്രണങ്ങളിലൂടെ തിക്കും തിരക്കുമില്ലാതെ എല്ലാവർക്കും സന്നിധാനത്തെത്തി സുഗമ ദർശനം നടത്താനായി. രാവിലെ മുതൽ നടപ്പന്തലിലെ മുഴുവൻ വരികളും നിറഞ്ഞെത്തിയ തീർഥാടകർക്ക് ഏറെ നേരം കാത്തു നിൽക്കേണ്ടി വന്നില്ല. ഈ തീര്‍ഥാടനകാലത്ത് ഇതുവരെ 8,48,085 തീർഥാടകരാണ് ദർശനം നടത്തിയത്.
പാക്കിസ്ഥാനിൽ നിന്ന് ഒളിച്ചോടിയെത്തിയ കമിതാക്കളെ അതിർത്തി കടന്ന് ഇന്ത്യയിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ ബിഎസ്എഫ് പിടികൂടി
പാക്കിസ്ഥാനിൽ നിന്ന് ഒളിച്ചോടിയെത്തിയ കമിതാക്കളെ അതിർത്തി കടന്ന് ഇന്ത്യയിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ ബിഎസ്എഫ് പിടികൂടി പൊലീസിന് കൈമാറി. പോപത് കുമാർ (24), ഗൗരി (20) എന്നിവരെയാണ് ബിഎസ്എഫ് പിടികൂടിയത്. രാത്രി മുഴുവൻ നടന്നാണ് ഇവർ അതിർത്തിയിലെത്തിയത്.
അതിർത്തിയിൽ നിന്ന് 8 കിലോമീറ്റർ അകലെയുള്ള മിഥി എന്ന ഗ്രാമത്തിൽ നിന്നുള്ളവരാണ് ഇരുവരും. വീട്ടുകാർ എതിർത്തതിനാലാണ് ഒളിച്ചോടിയതെന്ന് ഇവർ പൊലീസിനോടു പറഞ്ഞു. കൂടുതൽ അന്വേഷണങ്ങൾക്കായി ഇരുവരെയും ഭുജിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് അധികൃതർ പറഞ്ഞു.
ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം വീണ്ടും… ലോകകപ്പിന്റെ ഷെഡ്യൂള്‍ പുറത്തുവിട്ട് ഐസിസി
മുംബൈ: 2026 ഐസിസി ടി20 ലോകകപ്പിന്റെ ഷെഡ്യൂള്‍ പുറത്തുവിട്ട് ഐസിസി. ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ് വരുന്നത്. ഇതോടെ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് റൗണ്ടില്‍ തന്നെ തീപാറും പോരാട്ടത്തിനാണ് കളമൊരുങ്ങിയത്.
കൊളംബോയിലെ ആര്‍. പ്രേമദാസ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാകുക. ടൂര്‍ണമെന്റിന് ആതിഥ്യം വഹിക്കുന്നത് ഇന്ത്യയാണെങ്കിലും പാകിസ്ഥാന്റെ മത്സരങ്ങള്‍ നടക്കുന്നത് ശ്രീലങ്കയിലാണ്.
മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഫെബ്രുവരി ഏഴിന് യുഎഇക്കെതിരെയാകും ഇന്ത്യയുടെ ആദ്യ മത്സരം. ടൂര്‍ണമെന്റിന്റെ ഫൈനല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കും. ഫൈനലില്‍ ഒരു ടീമായി പാകിസ്ഥാന്‍ വന്നാല്‍ കൊളംബോ ആയിരിക്കും വേദി.
യുഎഇ, നെതര്‍ലന്‍ഡ്‌സ്, നമീബിയ ഏന്നീ ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിലാകും ഇന്ത്യയും പാകിസ്താനും. ഓസ്ട്രേലിയ, ശ്രീലങ്ക, സിംബാബ്വെ, അയര്‍ലന്‍ഡ്, ഒമാന്‍ ടീമുകള്‍ ഗ്രൂപ്പ് ബി-യില്‍. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, നേപ്പാള്‍, ഇറ്റലി ടീമുകള്‍ സി-യിലും ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, കാനഡ, യുഎഇ ടീമുകള്‍ ഗ്രൂപ്പ് ഡി-യിലുമാണ്.
ഭീതി വിതച്ച് കൂറ്റൻ അണലി; മൈനാഗപ്പള്ളിയിൽ അജിയുടെ വീട്ടിൽ കണ്ട പാമ്പിനെ വനപാലകർ പിടികൂടി
മൈനാഗപ്പള്ളി: ജനവാസ മേഖലയിൽ നിന്നും അത്യാവശ്യം വലുപ്പമുള്ള ഒരു അണലിയെ (Russell’s Viper) പിടികൂടി. മൈനാഗപ്പള്ളി, കുഴിവിള കിഴക്കതിൽ അജിയുടെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് സംഭവം. വീട്ടുവളപ്പിൽ കാണപ്പെട്ട വിഷപ്പാമ്പിനെ കണ്ട് വീട്ടുകാർ ഉടൻ തന്നെ ഫോറസ്റ്റ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകരുടെ സംഘം ഉടൻ തന്നെ പാമ്പിനെ സുരക്ഷിതമായി പിടികൂടി. അത്യാവശ്യം വലുപ്പമുണ്ടായിരുന്ന അണലി പരിസരവാസികൾക്കിടയിൽ വലിയ ഭീതിയാണ് സൃഷ്ടിച്ചത്. പിടികൂടിയ പാമ്പിനെ വനമേഖലയിലേക്ക് മാറ്റുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
മഴക്കാലം ആരംഭിച്ചതോടെ ഇഴജന്തുക്കൾ പുറത്തേക്ക് വരുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകി.
വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇
https://www.facebook.com/share/r/1GRJemZtE4/
വീഡിയോ ഇൻസ്റ്റാഗ്രാമിൽ കാണാൻ 👇
https://www.instagram.com/reel/DRfIVxKk7yX/?igsh=NXp6eG5hNGZhbjJo
50 ലക്ഷം രൂപയുടെ കാർ വാങ്ങി നല്‍കാത്തതിന് മാതാപിതാക്കളെ ആക്രമിച്ച മകൻ പിതാവിന്റെ അടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ചു
തിരുവനന്തപുരം: 50 ലക്ഷം രൂപയുടെ കാർ വാങ്ങി നല്‍കാത്തതിന് മാതാപിതാക്കളെ ആക്രമിച്ച മകൻ പിതാവിന്റെ അടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ചു.
വഞ്ചിയൂർ കുന്നുംപുറം തോപ്പില്‍ നഗർ പൗർണമിയില്‍ ഹൃദ്ദിക്കാണ് (28) മരിച്ചത്.
കഴിഞ്ഞമാസം ഒമ്ബതിനായിരുന്നു സംഭവം. നേരത്തെ മകന്റെ വാശിയെ തുടർന്ന് വീട്ടുകാർ വായ്പയെടുത്ത് 12 ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി നല്‍കിയിരുന്നു. എന്നാല്‍, തന്റെ ജന്മദിനത്തിനുമുമ്ബ് 50 ലക്ഷത്തിന്റെ കാർ കൂടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഹൃദ്ദിക് മാതാപിതാക്കളോട് തർക്കിച്ചത്.
പണം ആവശ്യപ്പെട്ട് ഹൃദ്ദിക് അച്ഛനെ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇതോടെ വിനയാനന്ദൻ മകനെ കമ്ബിപ്പാരകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് ഇന്നലെ രാവിലെയാണ് മരിച്ചത്. വഞ്ചിയൂരില്‍ കുടുംബം വാടകയ്ക്കാണ് താമസിച്ചിരുന്നത്. പോസ്റ്റ്മോർട്ടത്തിനുശേഷം കാലടിയിലെ കുടുംബവീട്ടില്‍ എത്തിച്ച ഹൃദ്ദിക്കിന്റെ മൃതദേഹം സംസ്കരിച്ചു.
വിനയാനന്ദനെ വഞ്ചിയൂർ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു. വിനയാനന്ദനെതിരെ കൊലക്കുറ്റം ചുമത്തും. കുന്നുംപുറത്ത് കഫെറ്റീരിയ നടത്തുകയാണ് ഇദ്ദേഹം.
ബംഗളൂരുവില്‍ കാറ്ററിംഗ് ടെക്നോളജി പഠിച്ചിറങ്ങിയ ഹൃദ്ദിക് ഏക മകനായിരുന്നു. അമ്മ: അനുപമ. ഹൃദ്ദിക് മാതാപിതാക്കളെ ആക്രമിക്കുന്നത് പതിവായിരുന്നുവെന്നും മാനസികപ്രശ്നം ഉണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. നാണക്കേട് ഭയന്ന് ഇക്കാര്യം വീട്ടുകാർ പുറത്തറിയിക്കുകയോ മതിയായ ചികിത്സ നല്‍കുകയോ ചെയ്തില്ലെന്നാണ് സൂചന
സ്‌കൂള്‍ ബസുകളില്‍ ഉടന്‍ കാമറകള്‍ സ്ഥാപിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി ഗതാഗതമന്ത്രി
സ്‌കൂള്‍ ബസുകളില്‍ ഉടന്‍ കാമറകള്‍ സ്ഥാപിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. സ്‌കൂള്‍ വാഹനങ്ങളില്‍ കാമറ വയ്ക്കണമെന്ന നിര്‍ദേശത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അനുവദിച്ച സമയവും കഴിഞ്ഞിട്ടും ഇപ്പോള്‍ കാമറ ഘടിപ്പിക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
ഇനിയും കാമറ സ്ഥാപിക്കാതെ മുന്നോട്ട് പോകാമെന്ന് കരുതേണ്ടന്ന് മുന്നറിയിപ്പ് നല്‍കിയ മന്ത്രി, രക്ഷിതാക്കളും പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും നാട്ടുകാരും ഉദ്യോഗസ്ഥരും സ്‌കൂള്‍ ബസുകളില്‍ കാമറ സ്ഥാപിച്ചിട്ടുണ്ടോയെന്ന് ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു. ഈ പറയുന്ന കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശമായി കൂടി കണക്കാക്കണം. സ്‌കൂള്‍ വാഹനങ്ങളില്‍ കാമറയുണ്ടോയെന്ന കാര്യത്തില്‍ പരിശോധന ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
വളരെ കര്‍ശനമായ പരിശോധനയായിരിക്കും ഉദ്യോഗസ്ഥര്‍ നടത്തുക. കാമറകള്‍ സ്ഥാപിച്ചിട്ടില്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുത്ത് പിഴ കനത്ത പിഴ ഈടാക്കും. പിന്നീട് കാമറകള്‍ സ്ഥാപിച്ച ശേഷം മാത്രമായിരിക്കും വാഹനങ്ങള്‍ വിട്ടുനല്‍കുകയെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിക്ക് ഒരു നിയമം മറ്റുള്ളവര്‍ക്ക് ഒരു നിയമം എന്ന് പറഞ്ഞ് ആരും വരേണ്ട. ഈ നിര്‍ദേശം വന്നയുടന്‍ തന്നെ ഞാന്‍ മാനേജ്‌മെന്റിന്റെ ചുമതല വഹിക്കുന്ന സ്‌കൂളിലെ എല്ലാ ബസുകളിലും കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2025 ജനുവരി മുതലുള്ള കണക്കുകള്‍ പരിശോധിച്ചതില്‍ നിന്ന് എല്ലാ മാസവും സ്‌കൂള്‍ വാഹനങ്ങള്‍ അപകടത്തില്‍ പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്താനായത്. പല അപകടത്തിലും മരണം പോലുമുണ്ടായിട്ടുണ്ട്. സ്‌കൂള്‍ ബസ് അപകടത്തില്‍ കുഞ്ഞുങ്ങള്‍ മരിക്കുകയെന്നത് അങ്ങേയറ്റം ദുഃഖകരമാണ്. കുഞ്ഞുങ്ങള്‍ക്ക് അപകടമില്ലാത്ത യാത്ര ഉറപ്പാക്കുകയെന്നത് എല്ലാ ജനങ്ങളുടെയും ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.
കൊറ്റനാട് പഞ്ചായത്തില്‍ വനിതപ്പോര് ഇക്കുറി സുനിതപ്പോര്
പത്തനംതിട്ട. കൊറ്റനാട് പഞ്ചായത്തില്‍ ഇക്കുറി സുനിതപ്പയറ്റ്
കൊറ്റനാട് ഗ്രാമപ്പഞ്ചായത്ത് 12-ാം വാര്‍ഡ് ചാന്തോലില്‍ സുനിതമാര്‍ തമ്മിലാണ് മത്സരം. എന്‍.കെ. സുനിത (യുഡിഎഫ്), പി.എ. സുനിത(എല്‍ഡിഎഫ്), എ.കെ. സുനിത (എന്‍..ഡിഎ)
എന്നിവരാണ് മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍. സുനിത എന്നതിനൊപ്പം മൂന്നുപേര്‍ക്കും രണ്ടക്ഷര ഇനീഷ്യല്‍മാത്രം എന്ന പ്രത്യേകതയും ഉണ്ട്. ഇനീഷ്യലിലും സാമ്യമുള്ളത് വീണ്ടും കണ്‍ഫ്യൂഷനാണ്. സ്ഥാനാര്‍ഥികളെ നിശ്ചയിച്ചശേഷമാണ് ഒരേ പേരുകാരാണെന്ന് അറിയുന്നതെന്നാണ് മുന്നണികളുടെ വാദം. ഇടതുപക്ഷത്തെ സുനിത ഭര്‍ത്താവ് അജിത്തിന്‍റെ പേരു ചേര്‍ത്ത് ഒരു മാറ്റത്തിന് വഴിതുറന്നിട്ടുണ്ട്.

മഹിളാ കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റായ എന്‍.കെ. സുനിത അങ്കണവാടി ജീവനക്കാരിയാണ്. മഹിളാ അസോസിയേഷന്‍ പഞ്ചായത്ത് കമ്മിറ്റി അംഗമായ പി.എ. സുനിത പത്തനംതിട
കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസില്‍ അപ്രന്റീസായി ജോലിചെയ്തിരുന്നു. എ.കെ. സുനിത വീട്ടമ്മയാണ്.
കുന്നത്തൂരിൽ 5 വാർഡുകളിലും ബ്ലോക്ക് ഡിവിഷനിലും സിപിഎമ്മിന് തലവേദന സൃഷ്ടിച്ച് വിമതർ
ശാസ്താംകോട്ട:കുന്നത്തൂർ പഞ്ചായത്തിലെ 5 വാർഡുകളിൽ സിപിഎമ്മിന് തലവേദന സൃഷ്ടിച്ച് വിമതർ രംഗത്ത്.അടുത്തിടെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ അൻപതോളം പ്രവർത്തകർ പാർട്ടി വിട്ട പ്രദേശമാണ് കുന്നത്തൂർ.പുത്തനമ്പലം 9-ാം വാർഡിൽ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ സഹോദര പുത്രനും ഡിവൈഎഫ്ഐ നേതാവുമായ ആദർശ് യശോധരനാണ് ഏറ്റവും വലിയ ഭീഷണി സൃഷ്ടിക്കുന്നത്.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനേഷ് ആണ് എൽഡിഎഫിൻ്റെ ഔദ്യോഗിക സ്ഥാനാർത്ഥി.ഭീഷണികൾക്കും പ്രലോഭനങ്ങൾക്കും വഴങ്ങാതെ വാർഡിൽ സജീവ പ്രചരണത്തിലാണ് ആദർശ്.കുന്നത്തൂർ ഒന്നാം വാർഡിൽ സജീവ സിപിഎം പ്രവർത്തകയായ അഡ്വ.ബീന ശക്തമായ പ്രചരണവുമായി കളത്തിലുണ്ട്.സിപിഐയ്ക്ക് നൽകിയിരിക്കുന്ന ഈ സീറ്റിൽ അവരെ പരാജയപ്പെടുത്താൻ പിന്നാമ്പുറത്ത് നിന്ന് സിപിഎം ഇറക്കിയ സ്ഥാനാർത്ഥിയാണ് ഇവരെന്നും പറയപ്പെടുന്നു.രണ്ടാം വാർഡിൽ ആർഎസ്പി (ലെനിനിസ്റ്റ്) പാർട്ടിക്ക് സീറ്റ് നൽകാതിരുന്നതിനെ തുടർന്ന് നിലവിലെ പഞ്ചായത്തംഗത്തിൻ്റെ ഭാര്യ വിമതയായി മത്സരരംഗത്തുണ്ട്.മൂന്നാം വാർഡിൽ ഡിവൈഎഫ്ഐ നേതാവാണ് വിമതനായി കളത്തിൽ നിറഞ്ഞ് നിൽക്കുന്നത്.18-ാം വാർഡിൽ കേരള
കോൺഗ്രസ് (എം)ന് സീറ്റ് നൽകാതിരുന്നതിനെ തുടർന്ന് കുന്നത്തൂർ മണ്ഡലം പ്രസിഡന്റ് ബി.അശ്വനികുമാർ വിമതസ്ഥാനാർത്ഥിയായി മത്സരിക്കുന്നു.ഇതേ പാർട്ടിയുടെ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് തോട്ടം ജയൻ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് കുന്നത്തൂർ ഡിവിഷനിലും സ്വതന്ത്രനായി മത്സരരംഗത്തുണ്ട്.കുന്നത്തൂരിലെ അറിയപ്പെടുന്ന സിപിഎം നേതാവായ പട്ടണത്തുവിള മോഹനൻ സീറ്റ് ലഭിക്കാതിരുന്നതിനെ തുടർന്ന് ബിജെപിയിലേക്ക് ചേക്കേറിയിരുന്നു.തുടർന്ന് ആറ്റുകടവ് 14-ാം വാർഡിൽ ബിജെപി ടിക്കറ്റിൽ സ്ഥാനാർത്ഥിയായ ഇദ്ദേഹം സിപിഎമ്മിന് കടുത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്.കുന്നത്തൂർ പഞ്ചായത്തിൽ മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള വിഭാഗീയതയും വിമശല്യവുമാണ് ഇക്കുറി എൽഡിഎഫ് പ്രത്യേകിച്ച് സിപിഎം നേരിടുന്നത്.
വികസന പ്രശ്നങ്ങളും ജനങ്ങളുടെ ആവശ്യങ്ങളും അറിയിക്കാൻ ക്യൂ.ആർ കോഡുമായി യുഡിഎഫ് സ്ഥാനാർത്ഥി
കുന്നത്തൂർ:നാട്ടിലെ വികസന പ്രശ്നങ്ങളും ജനങ്ങളുടെ ആവശ്യങ്ങളും അറിയിക്കാൻ ക്യൂ.ആർ കോഡുമായി രംഗത്ത് എത്തിയ യുഡിഎഫ് സ്ഥാനാർത്ഥി ശ്രദ്ധേയനാകുന്നു.കുന്നത്തൂർ 15-ാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയും ഐഎൻടിയുസി മണ്ഡലം പ്രസിഡൻ്റുമായ ചെല്ലപ്പൻ ഇരവിയാണ് ന്യൂതന ആശയവുമായി രംഗത്തെത്തിയത്.നാടിന്റെ സമഗ്ര വികസനത്തിനായി,വാർഡിലെ ജനങ്ങളുടെ യഥാർത്ഥ ആവശ്യങ്ങളും നിർദ്ദേശങ്ങളും അറിയുവാനുള്ള അഭിപ്രായ സർവ്വേയാണ് ഇതിലൂടെ അദ്ദേഹം നടത്തുന്നത്.ഇതിനായി ആവിഷ്ക്കരിച്ച ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് രാഷ്ട്രീയ വ്യത്യാസമില്ലാതെ വാർഡിലെ വോട്ടർമാർക്ക് അഭിപ്രായങ്ങൾ അറിയിക്കാം.പോസ്റ്ററുകൾ,ഫ്ലക്സുകൾ,അഭ്യർത്ഥന ഉൾപ്പെടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലായിടത്തും ക്യൂ.ആർ കോഡ് നൽകിയിട്ടുണ്ട്.ഇങ്ങനെ ശേഖരിക്കുന്ന അഭിപ്രായങ്ങൾ ഭാവിയിൽ അധികാരികൾക്ക് സമർപ്പിച്ച് പദ്ധതികളാക്കി മാറ്റുക എന്നതാണ് ലക്ഷ്യം.ഇതിനോടകം നിരവധി നിർദ്ദേശങ്ങളും ആവശ്യങ്ങളും പരാതികളും അഭിപ്രായങ്ങളും ക്യൂ.ആർ കോഡ് വഴി ലഭിച്ചിട്ടുണ്ട്







































